അമ്മ വരില്ല, എനിക്കറിയാം…തലതാഴ്ത്തികൊണ്ടു സങ്കടത്തോടെ അവൾ അതു പറഞ്ഞു അടുക്കളയിലേക്ക് നടന്നു.

പ്രിയപ്പെട്ടവൾ

Story written by Murali Ramachandran

================

കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഞാൻ ആദ്യം തിരഞ്ഞത് അവളെയാണ്, എന്റെ ആമിയെ..! അവൾ എവിടെയെന്ന ചോദ്യം മനസ്സിൽ ഉയർന്നു.

അടുക്കളയിലെ പാത്രങ്ങളുടെ ശബ്ദം എനിക്കൊരു ആശ്വാസമേകി, അവൾ അവിടെ ഉണ്ടാവും. ഇന്നലെ അവൾ ഒറ്റക്ക് കിടക്കാൻ പേടിയാണെന്നു പറഞ്ഞപ്പോൾ ഞാൻ ഇവിടെ കിടത്തി. പണ്ടത്തെപ്പോലെ കഥകൾ പറഞ്ഞു കൊടുക്കാൻ നിർബന്ധിച്ചു. പിന്നെ എപ്പോളാണ് ഞാൻ ഉറങ്ങിയത്..? അറിയില്ല, ഒരുപാടു വൈകിയിരുന്നു.

രാത്രിയിൽ ഞാൻ മാറ്റിവെച്ച ആ സിഗരറ്റിന്റെ പാക്കറ്റ് മേശമേൽ ഇരിപ്പുണ്ടായിരുന്നു. പതിവ് തെറ്റിക്കാതെ അതിൽ ഒരെണ്ണം എടുത്തു ചുണ്ടിൽ വെച്ചു കത്തിച്ചു. നീട്ടി വലിച്ചൊരു പുക ഉള്ളിലേക്ക് എടുക്കുമ്പോൾ പതിവില്ലാതെ ഒരു ചുമ അനുഭവപ്പെട്ടു. ചൂടുള്ള പുക വരണ്ട ഈ ശരീരത്തിനുള്ളിൽ രാവിലെ തന്നെ കടന്നാൽ ചുമ വരുന്നതിൽ അതിശയമൊന്നുമില്ല. വീണ്ടും വീണ്ടും ഞാൻ ഉറക്കെ ചുമച്ചു.

“അച്ഛനെന്താ രാവിലെ തന്നെ വലി തുടങ്ങിയോ..?” കൈയിൽ കാപ്പിയുമായി ആമി മുറിയിലേക്ക് വന്നു. അതു മേശമേൽ വെച്ചിട്ട് എന്നോട് പറഞ്ഞു.

“അച്ഛാ, ഇത് ചുക്കു കാപ്പിയാ.. ചൂടോടെ കുടിക്കു, ചുമയ്ക്ക് നല്ലതാ..” ഞാൻ ആ സിഗരറ്റ് കെടുത്തി താഴത്തേക്ക് ഇട്ടു. കാപ്പി എടുത്തു ഞാൻ കുടിക്കാൻ തുടങ്ങിയതും..

“അച്ഛാ.. അമ്മ ഇന്ന് വരുമോ..?” നിസ്സഹായത്തോടെ ഞാൻ അവളെ ഒന്നു നോക്കി.

“അമ്മ വരില്ല, എനിക്കറിയാം.” തലതാഴ്ത്തികൊണ്ടു സങ്കടത്തോടെ അവൾ അതു പറഞ്ഞു അടുക്കളയിലേക്ക് നടന്നു.

ഞാൻ അവളോട്‌ എന്താണ്‌ പറയേണ്ടത്..? വരുമെന്നോ..? അവൾ വരില്ല, വന്നാലും ഞാൻ ഇനി സ്വീകരിക്കില്ല. അവൾക്ക് ഞങ്ങളെക്കാൾ വലുത് ആ മൊബൈൽ വഴി പരിചയപ്പെട്ടവനെയാണ്. അവൾ ജീവിക്കട്ടെ, അവളുടെ പ്രിയപ്പെട്ടവനൊപ്പം. എന്നാൽ, ഞാൻ ജീവിക്കുന്നത് എന്റെ കുഞ്ഞിന് വേണ്ടിയാണ്, എന്റെ ആമിക്ക് വേണ്ടി..!

© ✍? മുരളി. ആർ