ഇനി ആരെയും പേടിക്കാതെ ഉണ്ണിയേട്ടൻറെ കൂടെ എവിടെയും പോകാം.ആരും ഒന്നും പറയില്ല…

അവൾ

രചന: പ്രകാശ് മൊകേരി

::::::::::::::::::::::::::::::

അഞ്ച് വർഷത്തെ പ്രണയ സാഫല്യത്തിനിന്ന് തിരശ്ശീലവീണു.ഇനി ആരെയും പേടിക്കാതെ ഉണ്ണിയേട്ടൻറെ കൂടെ എവിടെയും പോകാം.ആരും ഒന്നും പറയില്ല.കാരണം ഞങ്ങൾ വിവാഹിതരായി.മായ നെടുവീർപ്പിട്ടു.എൻറെ ബന്ധുക്കൾക്കാർക്കും ഇഷ്ടപ്പെട്ടില്ലേലും ഒടുവിൽ എൻറെ വാശിക്കുമുന്നിൽ അവർ തോറ്റു തന്നു.ഇനി എന്ത് സംഭവിച്ചാലും അതെൻറെ വിധിയായി കരുതിക്കോളാം.

ഇന്നേക്ക് ഒരു മാസമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്.ഇതുവരെ സന്തോഷം തന്നെ…എൻറെ ഉണ്ണിയേട്ടന് ഒരു സ്നേഹക്കുറവുമില്ല.പഴയ ആ ഉണ്ണിയേട്ടൻ തന്നേ.കൂലിപണിക്കാരനാണേലും എനിക്കൊരു കുറവുമില്ലാതെ ഉണ്ണിയേട്ടൻ നോക്കുന്നുണ്ട്.

മായേടച്ഛൻ ഒരു സ്കൂളിലെ പ്യൂൺ ആണ്.മായക്ക് ഒരേട്ടൻ കൂടിയുണ്ട്.പേര് പവിത്രൻ.അദ്ദേഹം ബേങ്ക് മാനേജർആണ്.അയാളുടെ ഭാര്യ മാലതി. ഹൈസ്ക്കൂൾ അദ്ധ്യാപികയാണ്.പവിത്രൻ ഒരുപാട് എതിർത്തതാണ് മായയും ഉണ്ണിയും തമ്മിലുള്ള വിവാഹത്തിന്.സർക്കാർ ജോലിക്കാരനെയായിരുന്നു അയാൾക്കിഷ്ടം.മാലതിയും മായയെ ഈ വിവാഹത്തിൽ നിന്നും പിൻമാറാൻ ഉപദേശിച്ചു.ഒരു രക്ഷയുമില്ല.ഒടുവിൽ ഞങ്ങൾ ഈ വിവാഹത്തിന് പങ്കെടുക്കത്തില്ലെന്നു തീർത്ത് പറഞ്ഞു.എന്നിട്ടും മായ കുലുങ്ങിയില്ല.അച്ഛൻ ആദ്യമെൊക്കെ വഴക്ക് പറഞ്ഞെങ്കിലും പിന്നേ മെല്ലെ പിൻമാറുകയായിരുന്നു.അമ്മ ദേവകി മകളുടെ പക്ഷം ചേർന്ന് നിന്നു.കാരണം അവളെന്തേലും ചെയ്താലൊ എന്നുള്ള ആധിയായിരുന്നു ആ അമ്മയ്ക്ക് .ഭാസ്ക്കരനമ്മാവൻ ആദ്യം എതിർത്തെങ്കിലും അയാളുടെ രണ്ട് മക്കളും പ്രണയവിവാഹമായിരുന്നതുകൊണ്ടും ഈ വിഷയത്തിൽ നിന്നും മെല്ലെ പിൻ വാങ്ങി.

ഉണ്ണിയുടെ അച്ഛൻ കേശവൻ,അമ്മ കല്ല്യാണി.ഉണ്ണിയുടെ രണ്ട് അനുജൻമാർ. സുരേഷും സുകേഷും.ഇവർ രണ്ടുപേരും ഗൾഫിലാണ്.ഉണ്ണിക്ക് നാടുവിട്ടുപോകാൻ താല്‍പര്യമില്ലാത്തോണ്ട്.ഉണ്ണി അനുജൻമാർ രണ്ടുപേരെയും ഗൾഫിലേക്കയച്ചു. സന്തോഷം നിറഞ്ഞ ജീവിതം തന്നെയായിരുന്നു ഉണ്ണിയുടെ കുടുംബത്തിൻറെത്.

ദിവസങ്ങളും മാസങ്ങളും കടന്നുപോയി.അങ്ങനെ ആ സുദിനം വന്നെത്തി. മായേടെം,ഉണ്ണീടെം വിവാഹവാർഷികം.ജൂലായ് പന്ത്രണ്ടിന്.പക്ഷെ മായക്കും ഉണ്ണിക്കും വലിയ സന്തോഷമില്ല.കാരണം ഒരു കുഞ്ഞുണ്ടായില്ല.ഉണ്ണിക്കാണ് പ്രശ്നം . അവൻ മരുന്നു കഴിക്കുന്നുണ്ട്.അത് അവർക്ക് രണ്ടുപേർക്ക് മാത്രമെ അറിയൂ..പക്ഷെ പുറത്തുള്ള സംസ്സാരം മായയ്ക്കാണ് പ്രശ്നമെന്ന്.പക്ഷെ മായയുടെ അമ്മയോട് മായ എല്ലാം തുറന്നു പറഞ്ഞിരുന്നു.

ഉണ്ണിയുടെ അയൽവീട്ടിലെ നാണിത്തള്ള ഉണ്ണിയുടെ വീട്ടിലെ നിത്യ സന്ദർശകയായിരുന്നു. അമ്മ കല്ല്യാണിയുടെ ഉറ്റ ചങ്ങായി.അവർതമ്മിൽ പലതും പറയണകൂട്ടത്തിൽ ഒരു ദിവസം പറയുന്നത് മായ കേട്ടു.” അല്ല കല്ല്യാണി ഇഞ്ചെ മരുമോൾ മച്ചിയാണൊ..എന്തേ വിശേഷമൊന്നുമില്ലാലൊ..കൊല്ലം ഒന്നായല്ലോ മങ്ങലം കയിഞ്ഞിട്ട്.”മായ വല്ലാണ്ടായി.എന്താ അവരിങ്ങനെ പറയുന്നെ..അവർക്കുമില്ലേ രണ്ടുപെൺമക്കൾ.

ഉണ്ണി അല്പം താമസിച്ചാണ് വീട്ടിൽ വന്നത്. കാരണം ഒരു തീർക്കേണ്ട പണിയുണ്ടായിരുന്നു. വീട്ടിൽ കയറിപ്പൊൾ തന്നേ അവന് മനസ്സിലായി .എന്തൊ സംഭവിച്ചിട്ടുണ്ട്.കാരണം മായ അത്ര സന്തോഷവതിയായിരുന്നില്ല.”എന്തു പറ്റി എൻറെ മായക്കുട്ടിക്ക് ”ഉണ്ണി തമാശരൂപേണെ പറഞ്ഞു.മായ ഒന്നും പറയാതെ മുറിയിലേക്ക് പോയി.പിറകെ ഉണ്ണിയും.

”എന്തുപറ്റി മായാ..എന്നോട് പറ.” അവൾ ഉണ്ണിയെ കെട്ടിപിടിച്ച് പൊട്ടികരഞ്ഞു. അവൾ എല്ലാ കാര്യവും അവനോട് പറഞ്ഞു.” നീ കരയേണ്ട..നമ്മുക്കറിയാലൊ കാര്യങ്ങള്‍ …നീ അവരോടൊന്നും പറയാൻ പോകേണ്ടാ..’;എന്നാലും മച്ചിയെന്ന് പറഞ്ഞില്ലേ..മായ സങ്കടത്തോടെ പറഞ്ഞു.എന്തിനാ അങ്ങനെയൊക്കെ പറേണത്..ആണുങ്ങൾക്കാ കുഴപ്പമെങ്കിൽ ഇവരിങ്ങനെ പറയുമൊ…?

സുരേഷും സുകേഷും ഇന്നെത്തുകയാണ്.ഉണ്ണിയാണ് അവരെ കൊണ്ട് വരാൻ എയർപോട്ടിലേക്ക് പോയത്.രാത്രി പതിനൊന്നരയ്ക്ക് അവർ വീട്ടിലെത്തി.

നേരം പുലരും മുൻപ് തന്നെ ഉണ്ണിയുടെ വീട്ടിൽ ആൾക്കാരുടെ ബഹളം.അവരുടെ സുഹൃത്തുക്കളായിരുന്നു. അവർക്കൊന്നേ പറയാനുള്ളൂ…രണ്ടുപേരുടെയും കല്ല്യാണം . നാണിതള്ളയും മുന്നിലുണ്ട്. നാണിതള്ളയ്ക്ക് എത്രയും വേഗം ഒരു കുഞ്ഞിക്കാല് ആ വീട്ടിൽ വരണം.ആദ്യം രണ്ടുപേരും അടുത്ത വരവിന് മതിയെന്ന് വാദിച്ചു. ഒടുവിൽ എല്ലാവരുടെയും നിർബ്ബന്ധനത്തിന് വഴങ്ങേണ്ടി വന്നു..കൊറോണകാലമായതോണ്ട് ചെറിയ ഒരു ചടങ്ങ് മാത്രം.ആർഭാടമൊന്നുമില്ലാതെ അവരുടെ വിവാഹം കഴിഞ്ഞു.

സ്വപ്നയും സന്ധ്യയും..സുരേഷിൻറെയും സുകേഷിൻറെയും ഭാര്യമാർ.അവർ രണ്ടുപേരും ബെഡ്റൂംവിട്ട് പുറത്തിറങ്ങില്ല.അടുക്കള പണി മായയും.

ഇന്നേക്ക് ഒരു മാസമായി ….രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ട്. അതുപോലെതന്നെ ആ വീട്ടിൽ സന്തോഷകരമായ വാർത്തയും വന്നു.സ്വപ്നയ്ക്കും സന്ധ്യയ്ക്കും വിശേഷം.കല്ല്യാണിയമ്മ ആ വാർത്ത ആദ്യമെത്തിച്ചത് നാണിതള്ളയെയായിരുന്നു.അവരുടനെ ആ വീട്ടിൽ വന്ന് രണ്ടുപെരെയും അഭിനന്ദിച്ചു.പിന്നേ മായയെ നോക്കി പരിഹാസചിരിയോടെ ഇങ്ങനേ പറഞ്ഞു. ”ഇനി ഇവരെ കൊണ്ടു പണിയൊന്നും എടുപ്പിക്കരുത്.എല്ലാം നീ നോക്കണം.ഇതിനൊന്നും അസൂയപ്പെട്ടിട്ട് കാര്യോല്യാ..എല്ലാത്തിനും ഒരു യോഗം വേണം.”അപ്പൊ ഈ വീട്ടിൽ ഒരു മച്ചിയെ യള്ളൂ..”കല്ല്യാണിയമ്മയുടെ മുനവെച്ചുള്ള സംസ്സാരം കേട്ട് മായയാകെ പരിഭ്രാന്തിയായി…നെഞ്ച് തകരുന്നപോലെ തോന്നി.ഇതിനുമാത്രം ഞാനെന്ത് തെറ്റാ ചെയ്തെ.അവൾ മുറിയിൽ കയറി വാതിലടച്ച് പൊട്ടിക്കരഞ്ഞു.

ഉണ്ണിയുടെ ശബ്ദം കേട്ടാണ് മായ വാതിൽ തുറന്നത്.ഉണ്ണി അകത്തേക്ക് കയറി

“ഉണ്ണിയേട്ടാ ഞാൻ വീട്ടിലേക്ക് പോകുന്നു.ഇനി ഞാനിവിടെ നിന്നാൽ എന്തേലും ചെയ്തു പോകും. അമ്മയാകാത്ത എന്നെ ആർക്കും വേണ്ട.ഒരു പരിഹാസകഥാപാത്രമായി ഈ വീട്ടിൽ ജീവിക്കാൻ എനിക്ക് താൽപര്യമില്ല.എൻറെ ഉണ്ണിയേട്ടൻ എൻറെ ജീവനാണ്.നിങ്ങളുടെ അമ്മയുടെ മനസ്സിൽ ഒരു മച്ചിയുടെ സ്ഥാനമാണ് എനിക്കുള്ളത്. അത് മാറ്റണ്ടാ..മച്ചിയും ഒരുപെണ്ണാണ്. അതവർക്കറിയില്ല. പക്ഷെ ആൾക്കൂട്ടത്തിൽ വച്ച് അപമാനിക്കാൻ മാത്രം ഞാനൊരു തെറ്റും ചെയ്തിട്ടില്ല.ഉണ്ണിയേട്ടൻ എന്നെ വെറുക്കരുത്.എനിക്കും ആഗ്രഹമുണ്ട് ഒരമ്മയാകാൻ….ഉണ്ണിയെ കെട്ടിപിടിച്ചവൾ പൊട്ടിക്കരഞ്ഞു

”നീ പേടിക്കേണ്ടാ ഞാൻ നിന്നെ കൊണ്ടുവിടാം..ആരെന്തു പറഞ്ഞാലും നീ എന്നെ ഉപേക്ഷിക്കരുത്.എനിക്ക് നിന്നെ വേണം. എൻറെ മരണം വരെ…”

ഉണ്ണിയും ഏങ്ങലടിച്ചു കരഞ്ഞു.

ആത്മാർത്ഥസ്നേഹത്തിന് മുന്നിൽ വിധിപോലും ചിലപ്പൊൾ തോറ്റുപോകും…അത് പ്രകൃതി സത്യം.അപ്പൊൾ പുറത്ത് മഴ തിമിർത്ത് പെയ്യുകയായിരുന്നു.

ശുഭം