എന്ത് കൊണ്ടാണ് അമ്മ ഇത്രയും കാലം എന്നോടും ചേട്ടനോടും ഇത് പറയാഞ്ഞത്…

വല്യമ്മ

Story written by Mini George

::::::::::::::::::::::::::::::::::

ഈ ഇടക്കാണ് ഞാൻ അറിഞ്ഞത് എൻ്റെ അച്ഛൻ ആദ്യം ഒരു സ്ത്രീയെ കല്യാണം കഴിച്ചിരുന്നു എന്ന്. അതും യാദൃശ്ചികമായി.

ജോലി കിട്ടിയത് കുറച്ചു ഉള്ളിലേക്കുള്ള സ്ഥലത്തേക്ക് ആയിരുന്നത് കൊണ്ട്, വീട്ടിൽ പോകാത്ത ഞായറാഴ്ചകളിൽ, മടുപ്പ് ഉണ്ടാക്കുന്ന നിമിഷങ്ങളെ തള്ളി വിടാൻ അമ്മയുടെ ഒരു അകന്ന ബന്ധുവിനെ ഫോണിൽ വിളിച്ചപ്പോഴാണ് ഇക്കാര്യം ഞാൻ അറിയുന്നത്.

അന്നുമുതൽ എനിക്ക് ഇത് തന്നെ ആയി ചിന്ത. എന്ത് കൊണ്ടാണ് അമ്മ ഇത്രയും കാലം എന്നോടും ചേട്ടനോടും ഇത് പറയാഞ്ഞത്..?

വരുംദിവസങ്ങളിൽ ഇടക്കും തലക്കും ഈ ചിന്ത തന്നെ മനസ്സിൽ ഒളിച്ചു കളിച്ചു.

ഏതായാലും അമ്മയോട് ഒന്ന് ചോദിക്കാം… ശരിയാണോ എന്ന് അറിയണമല്ലോ..

ആഴ്ചയവസാനം പതിവു പോലെ വീട്ടിലെത്തി, കുളി കഴിഞ്ഞു അടുക്കളയിലേക്ക് കടന്ന് ദോശ ഉണ്ടാക്കി കൊണ്ടിരുന്ന അമ്മയുടെ അടുത്ത് കൂടി.

അമ്മേ.. അച്ഛൻ അമ്മക്ക് മുൻപ് ആരെയോ കല്യാണം കഴിച്ചിരുന്നോ..?

പ്ലേറ്റിൽ ദോശയും ചമ്മന്തിയും പകർത്തി കൊണ്ടിരുന്ന അമ്മയൊന്ന് ഞെട്ടിയോ..?

“നിന്നോടാരാ ഇപ്പൊ ഇത് പറഞ്ഞത്..?”

ആരേലും ആകട്ടെ സത്യമാണോ..?

എൻ്റെ മുഖത്തേക്കു ഒന്ന് തറപ്പിച്ചു നോക്കി, പിന്നെ താഴേയ്ക്കു നോക്കി പറഞ്ഞു..

“ഉവ്വ്, കഴിച്ചിരുന്നു, അതിൽ കുട്ടികളില്ലാത്ത കൊണ്ട് വീട്ടുകാരുടെയും കൂട്ടുകാരുടേയും നിർബന്ധത്തിന് വഴങ്ങി ആണ് നിൻ്റെ അച്ഛൻ പിന്നെ എന്നെ കല്യാണം കഴിച്ചത്..”

അവരിപ്പോൾ എവിടെയാണ്..?

അമ്മ അവരുടെ വീടിരിക്കുന്ന സ്ഥലം പറഞ്ഞു തന്നു…ഞാൻ അവരെ ഒന്ന് കാണാൻ പോയാൽ അമ്മക്ക് വിഷമം തോന്നുമോ..?

അമ്മ ഒന്നു ഞെട്ടി എന്നു തോന്നി. പിന്നെ അടുത്ത് വന്നു പറഞ്ഞു.

“ഇല്ല മോള് പോകണം, അവരെ കാണണം.”

പെട്ടെന്നുണ്ടായ സന്തോഷത്തിന് അമ്മക്കൊരു ഉമ്മയും കൊടുത്തു പുറത്തിറങ്ങി..

“നിൽക്ക്, ഞാൻ പറയുന്നതു മുഴുവൻ കേട്ടിട്ടു പോ..”

“കുട്ടികൾ ഇല്ലാത്തത് കൊണ്ട് മാത്രം അല്ല, അവരുടെ അഛനും അമ്മയും അവരുടെ പേരിലാണ് സ്വത്ത് എഴുതി വച്ചത്. അതറിഞ്ഞ അവരുടെ സഹോദരൻ നിന്റെ അഛനോട് വഴക്കുണ്ടാക്കി കൊണ്ടു പോയതാണ്… നിൻറെ അഛൻ മരിക്കുന്നതിനു മുൻപ് ഞങ്ങൾ രണ്ടുവട്ടം അവിടെ പോയിട്ടുണ്ട്..”

അമ്മ പറഞ്ഞു നിർത്തിയപ്പോൾ അത്ഭുതത്തോടെ ഞാൻ അമ്മയെ നോക്കി..

“നിൻെറ അഛനെ വളരെ സ്നേഹമായിരുന്നു, അവർക്ക്..”

അടുത്ത ഒഴിവ് ദിവസം, കുറച്ചു പഴങ്ങളും ഒരു നേര്യേതും ഒക്കെആയി ഞാൻ ആ അമ്മയെ കാണാൻ പുറപ്പെട്ടു..

ബസ്സിൽ ഇരിക്കുമ്പോൾ, അവർ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്നൊരു പേടി തോന്നി.. സാരമില്ല പോയി നോക്കാം.. കേട്ടിടത്തോളം പാവമാണെന്ന് തോന്നുന്നു..

ഒടുവിൽ ഞാനാ വീട്ടിലെത്തി,.. ഇരുണ്ട ഒരു തൊടി നിറയെ പ്ലാവും മാവും. അടിച്ചൊതുക്കാൻ ആളില്ലാത്ത കുറവ് തൊടിയിൽ കാണാം.. പായൽ പിടിച്ച ചവിട്ടു പടികൾ. പണ്ടെന്നോ വരിയായി നട്ട ചെമ്പരത്തിയും മന്ദാരവും നന്ദ്യാർവട്ടവും ഒന്നും വെട്ടിയൊതുക്കാതെ കാട്പിടിച്ചു കിടക്കുന്നു..

അതിനുള്ളിൽ പഴയൊരു വീട്. നിറംമങ്ങിയ ചുവരുകളും തൂണുകളും.. വാതിലിൽ ഒന്ന് തട്ടി നോക്കി, ചുമയോട് കൂടി തളർന്ന ഒരു ശബ്ദം.. “അകത്തേക്ക് വന്നോളൂ”

വാതിൽ ഒരു കര കര ശബ്ദത്തോടെ തുറന്നു.. നടുത്തളത്തിൽ ഒരു പഴയ കട്ടിലിൽ ചാരി അവർ… വല്യമ്മ ഇരിക്കുന്നുണ്ടായിരുന്നു.. ക്ഷീണിച്ചു അവശയായ രൂപം മുഷിഞ്ഞ തുണി. നീളമുള്ള പാറിപ്പറന്ന മുടി..

ഞാൻ അവരുടെ കട്ടിലിൻ്റെ അടുത്തേക്ക് ചെന്നു..

“ആരാ, മനസ്സിലായില്ലല്ലോ..”

അതിനു മറുപടി ആയി ഞാനാ കട്ടിലിൻ്റെ വക്കത്തിരുന്ന് അവരുടെ കൈ പിടിച്ചു കൊണ്ടുചോദിച്ചു.. “വല്യമ്മക്കെന്നെ മനസ്സിലായോ..?”

ഒരു പാട് ഭാവങ്ങൾ ആ മുഖത്ത് മിന്നി മറയുന്നത് കണ്ടൂ..

കണ്ണ് നിറഞ്ഞൊഴുകി കൊണ്ടു അവർ എന്നെ കെട്ടിപ്പിടിച്ചു.. “ഉണ്ണിയേട്ടൻറെ മോളാണല്ലെ.. വലിയ കുട്ടിയായിട്ടോ….”

“വല്യമ്മ തനിച്ചേ ഉള്ളോ..?”

“അതെ മോളെ, അച്ഛനും അമ്മേം മരിച്ചപ്പോൾ ഒറ്റക്കായി. കൂടപ്പിറപ്പൊരെണ്ണം അടുത്തു താമസിക്കുന്നുണ്ട്…”

“അപ്പോൾ വല്യമ്മേടെ കാരൃങ്ങൾ ഒക്കെ..?”

“അതൊക്കെ നാട്ടുകാരുടെ സഹായത്തോടെ അങ്ങനെ പോകുന്നു. ഒറ്റത്തടിയല്ലേ മോളേ..,”

അവരുടെ കണ്ണ് നിറഞൊഴുകുന്നുണ്ടായിരുന്നു

“അവർക്കെന്നെ നോക്കാൻ വയ്യ., സ്വത്ത് വേണംതാനും കൊടുക്കാമെന്നു പറയുമ്പോൾ ഞാൻ ബാധ്യത ആകുമോ എന്ന ഭയവും..”

“വല്യമ്മക്കു എൻെറ കൂടെ വരാമോ..?”

അവർ അവിശ്വസനീയമായി എന്നെ നോക്കി.

ഞാൻ ഫോൺ എടുത്തു അമ്മയെ വിളിച്ചു.. എൻറെ ശബ്ദവൃത്യാസം കേട്ടാവാം, “എന്തുപറ്റി മോളേ, നീ ഒറ്റയ്കു പോയതുകൊണ്ട് വല്ല പ്രശ്നവും..?”

“അല്ല അമ്മേ, ഇവിടെ വലൃമ്മ ഒറ്റയ്ക്ക്..”

“നീയിങ്ങു കൊണ്ടു പോരൂ…”

“ശരിയമ്മേ”

“വല്യമ്മ ഇനി ഒറ്റയ്ക്കു താമസിക്കണ്ട..നമ്മുക്കു വീട്ടിലേക്കു പോകാം..”

നിറഞ്ഞ കണ്ണുകളോടെ ഞാൻ അവരെ പിടിച്ചെണീപ്പിച്ചു..

അയൽവക്കത്തെ വീട്ടുകാരുടെ സഹാത്തോടെ ഒരു ടാക്സി പിടിച്ചു. അവരോടു യാത്ര പറഞ്ഞപ്പോൾ വലൃമ്മ കരയുന്നുണ്ടായിരുന്നു.

വീട്ടിലെത്തിയപ്പോൾ ഇരുട്ടായി. അമ്മ പടിക്കൽ കാത്തു നിന്നിരുന്നു. വല്യമ്മയെ അമ്മ ഏടത്തി എന്നു വിളിച്ചു കെട്ടിപ്പിടിച്ചു..

സന്തോഷത്തോടെ അന്നത്തെ രാത്രി കഴിഞ്ഞു.

പിറ്റേന്ന് ഞാൻ ജോലിക്കു പോകാനായി ഇറങ്ങുമ്പോൾ ഒരു കാറ് പടിയ്കൽ വന്നു നിന്നു.. അതിൽ നിന്നും മൂന്നാലു പേർ ഇറങ്ങി വന്നു.. കൂട്ടത്തിൽ പ്രായംചെന്ന ആൾ മുന്നോട്ടു കേറിവന്നു, ദേഷൃം കൊണ്ട് വിറളി പിടിച്ചെന്ന വണ്ണം എന്നോടു ആക്രോശിച്ചു..

“എടീ,. ആളില്ലാത്ത നേരത്ത് വീട്ടിൽ വന്ന് പോക്രിത്തരം ചെയ്യുന്നോ.. പുന്നാരം പറഞ്ഞ് മയക്കി സ്വത്ത് അടിച്ചുമാറ്റാൻ കൊണ്ടു വന്നതാണല്ലേ. ഇറക്കി വിടെടീ എൻെറ ചേച്ചിയെ..”

ശബ്ദം കേട്ട് അമ്മയും വല്യമ്മയും ഇറങ്ങി വന്നൂ. വല്യമ്മയെ കണ്ടതും, അയാൾ കുരച്ചു ചാടി..

“ഒരുത്തി വന്നപ്പോൾ ചാടി എറങ്ങിപ്പോന്നുല്ലേ, സ്വത്തും മുതലും പഴയ ചാർച്ചക്കാരന്റെ മോൾക്ക് കൊടുക്കാം എന്നുള്ള ചിന്തയൊക്കെ മനസ്സിൽ വച്ചാ മതി..”

ഓ.. അപ്പാൾ ഇതാണ് വല്യമ്മേടെ സഹോദരൻ.

“എനിക്കു സ്വത്തും മുതലും ഒന്നുംവേണ്ട, ഇത്തിരി സ്വൈര്യം തരോ… കൊല്ലം എത്രയായി തുടങ്ങീട്ടു…. നീയോ മക്കളോ എന്നെ തിരിഞ്ഞു നോക്കാറുണ്ടോ..?”

പെട്ടന്നാണു എന്നെ അതിശയിപ്പിച്ച് അമ്മ മുന്നോട്ടു വന്നതു..

“അതേയ്, എനിക്കോ എൻറെ മോൾക്കോ നിങ്ങടെ ഒന്നും വേണ്ട, ഏടത്തിയെ ഞങ്ങളിനി അങ്ങോട്ടു വിടുന്നില്ല. നിങ്ങളു സ്വത്തിന്റെ രേഖകൾ കൊണ്ട് വന്നോളൂ, ഏടത്തി ഒപ്പിട്ടു തരും. ഏടത്തീനെ കൊണ്ട് നിങ്ങൾക്കു ബുദ്ധിമുട്ടും ഉണ്ടാവില്ല..”

അതു ബോധിച്ചതു കൊണ്ടാവാം, വന്നവർ വണ്ടിയിൽ കയറിപ്പോയി. അമ്മേടെ കൈപിടിച്ച് വല്യമ്മ കുറേ കരഞ്ഞു..

പിറ്റത്തെ ആഴ്ച അവർ രേഖകളുമായി എത്തി. ഒപ്പിടാൻ മടിപിടിച്ച വല്യമ്മയോടു ഞാൻ പറഞ്ഞു. വലൃമ്മ ധൈരൃമായി ഒപ്പിട്ടോളൂ, സ്വത്തില്ല എന്നു പറഞ്ഞു ഞങ്ങൾ വല്യമ്മയെ ഉപേക്ഷിക്കില്ല. എനിക്കെന്റെ അമ്മയും വല്യമ്മയും ഒരേപോലെ തന്നെയാണ്.”

അവർ പോയപ്പോൾ അമ്മയും വല്യമ്മയും ഒരുപോലെ കണ്ണടച്ചു നിൽക്കുന്നതു കണ്ടു..

രണ്ടാളും അച്ഛനെ സ്മരിച്ചതാവാം..ആൾ മുകളിലിരുന്ന് ഒക്കെ നോക്കി കാണുന്നുണ്ടാവും..