എന്റെ ഭാര്യയെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ഒരുവനെ ഒന്ന് താക്കീത് ചെയ്യാനാണ് ഞാൻ പോയത്…

ആർദ്രം

Story written by AMMU SANTHOSH

::::::::::::::::::::::::::::::

ജയിലിൽ നിന്നിറങ്ങുമ്പോൾ എന്നെ സ്വീകരിക്കാനാരും വന്നില്ല. ഞാൻ ആർക്ക് വേണ്ടിയാണോ ജയിലിൽ പോയത് അവൾ പോലും. എന്റെ കുഞ്ഞ്.. അവന്റെ ഓർമ്മയിൽ എന്റെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. എന്റെ കുഞ്ഞിനെ ഞാൻ കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. അവനിപ്പോൾ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞിട്ടുണ്ടാകും.

എന്റെ ഭാര്യയെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്ന ഒരുവനെ ഒന്ന് താക്കീത് ചെയ്യാനാണ് ഞാൻ പോയത്. അത് ഒരു അടിപിടി ആകുമെന്നോ അവനെന്നെ കത്തികൊണ്ട് കുത്താൻ വരുമെന്നോ ഞാൻ ഒട്ടും വിചാരിച്ചില്ല. മനഃപൂർവം അല്ലെങ്കിലും കത്തി അവന്റെ നെഞ്ചിൽ തന്നെ തുളഞ്ഞു കയറി അവൻ മരിച്ചു. ഞാൻ ജയിലിലായി..

ഞാൻ വീട്ടിൽ ചെന്നു. ഊഹിക്കാമല്ലോ ആരുമേന്നെ എവിടെയാഗ്രഹിച്ചില്ല. സ്വന്തം അമ്മ ഒഴികെ. പക്ഷെ അമ്മ നിസ്സഹായയിരുന്നു. അനിയത്തിയുടെ ഭർത്താവിന്റെ മുഖം മാറിയപ്പോൾ ഞാൻ അവിടെ നിന്നിറങ്ങി.

“മോനെ.. എവിടെയെങ്കിലും ഒരു കൊച്ചു വീട് വാടകക്ക് നോക്കിയിട്ട് വന്നു വിളിക്ക് അമ്മ നിന്റെ കൂടെ വരും.. ആരുമില്ലെങ്കിലും അമ്മയുണ്ടാകും എന്റെ മോന് “

ഞാൻ അമ്മയെ ചേർത്ത് പിടിച്ചു

ഇത് പോരെ? ഈ വാക്കുകൾ?

“മോൻ അവളെയന്വേഷിച്ചു പോകരുത്. അവൾടെ വിവാഹം കഴിഞ്ഞു ഇപ്പൊ ഒരു കുഞ്ഞ് കൂടിയുണ്ട്. നല്ല ജീവിതമാ നീ വന്നാൽ അങ്ങോട്ട് ചെല്ലരുത് എന്ന് അവൾ ഫോൺ വിളിച്ചു പറഞ്ഞു “

എന്റെ നെഞ്ച് പൊട്ടിപ്പോയി എത്ര ശ്രമിച്ചിട്ടും ഞാൻ കരഞ്ഞു പോയി. ആർക്ക് വേണ്ടിയാണോ ഞാൻ ഈ കാലമത്രയും…

“എന്റെ മോൻ?”

“അവൻ ബോർഡിങ് സ്കൂളിൽ ആയിരുന്നു. ഞാൻ പിന്നെ കണ്ടിട്ടില്ല. ഇപ്പൊ കോളേജിലായിരിക്കും.ചിലപ്പോൾ ജോലിയായിട്ടുണ്ടാവും .”

“അവനെയൊന്നു കാണാൻ…”

“നീ എന്താ കുഞ്ഞേ പറയുന്നേ? നീയിപ്പോ ആരാ? അവൻ എന്തെങ്കിലും പറഞ്ഞാലോ നാണക്കേട് ആണെന്നോ മറ്റൊ.. വേണ്ട കുഞ്ഞേ..”

ഞാൻ തകർന്നു പോയ ഹൃദയത്തോടെ നടന്നു തുടങ്ങി

എനിക്ക് അവളെ കാണണ്ട..പക്ഷെ എന്റെ മോൻ ദൂരെ നിന്നെങ്കിലും കാണണം.. അവനെന്നെ കാണണ്ട..

ഞാൻ പലരോടും അന്വേഷിച്ചു

ഒടുവിൽ അറിഞ്ഞു. എന്റെ മോൻ ഡോക്ടർ ആണ്. ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ.

ഒരു ഓപി ടികെറ്റ് എടുത്തു അവനെ കാണാൻ കാത്തിരിക്കുമ്പോൾ നെഞ്ചിടിച്ചു കൊണ്ടിരുന്നു. കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

“എന്താ അസ്വസ്ഥത?”

തന്റെ മകൻ

“ങ്ങേ “

അവൻ പെട്ടെന്ന് തന്നെ ഒന്നുടെ നോക്കുന്നത് ഞാൻ കണ്ടു. അവന് മനസിലായിട്ടുണ്ടോ?

“നെഞ്ചിൽ വേദന “ഞാൻ മെല്ലെ പറഞ്ഞു

സ്റ്റെത സ്കോപ് പിടിച്ചിരിക്കുന്ന കൈകൾ വിറയ്ക്കുന്നത് കണ്ടു ഞാൻ അവനെ ശ്രദ്ധിച്ചു. അവന്റെ കണ്ണുകൾ നിറയുന്നുണ്ട് ആ മുഖം ചുവന്നു കഴിഞ്ഞു. എനിക്ക് അത് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ വേഗം എഴുനേറ്റു നടന്നു. വരാന്തയിലൂടെ അതിവേഗം നടന്നു പോരുമ്പോൾ പിന്നിലാരോ ഓടിയെടുക്കുന്നതും എന്നെ തോളിൽ തൊടുന്നതും ഞാൻ അറിഞ്ഞു.

“അച്ഛൻ.. എന്റെ അച്ഛനല്ലേ?”

എന്റെ കണ്ണ് നിറഞ്ഞൊഴുകി

“അച്ഛൻ എന്നാ വന്നത്? എവിടെയാ താമസിക്കുന്നത്?”

“കുറച്ചു ദൂരെയാണ്.. മോനെ ഒന്ന് കാണാൻ… കുറെ നാളായില്ലേ? മിടുക്കനായി “ഞാൻ ആ മുഖത്ത് തൊട്ടു

“അമ്മ അനുവദിച്ചിട്ടില്ല ഒരിക്കലും അച്ഛനെ വന്നു കാണാൻ. എന്നിട്ടും ഞാൻ രണ്ടു തവണ വന്നു. അച്ഛൻ കാണണ്ട എന്ന് പറഞ്ഞെന്ന് പോലീസ് പറഞ്ഞു “

ഞാൻ അമ്പരന്ന് പോയി. ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. ചിലപ്പോൾ അവൾ തന്നെ അവിടെ പറഞ്ഞെല്പിച്ചിട്ടുണ്ടാകും. “പോട്ടെ “ഞാൻ എന്റെ കുഞ്ഞിന്റെ കൈ രണ്ടും മുഖത്ത് ചേർത്ത് വെച്ചു

“അച്ഛൻ എവിടെയാ താമസിക്കുന്നത്? അത് പറഞ്ഞിട്ട് പോ..”

ഞാൻ പുഞ്ചിരിച്ചു.. പിന്നെ നടന്നു..

എന്റെ മോനെന്നെ സ്നേഹിക്കുന്നു.. ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയാൻ തോന്നിയെനിക്ക്. എനിക്കൊരു മോനുണ്ട്… ഞാൻ കൊലപാതകിയാണെങ്കിലും എന്നെ സ്നേഹിക്കുന്ന ഒരു മകൻ.. ഞാൻ പുണ്യം ചെയ്തവനാണ്..സത്യം.