മാറ്റം
എഴുത്ത്: അനു സാദ്
::::::::::::::::::::::::::::::::::
“റസിയ… നിർത്താറായില്ലേ അനക്ക്.. അന്റെ ഈ പോക്ക്???
റസിയ ഹോസ്പിറ്റലിൽ പോവാൻ തിരക്കിട്ടു ഒരുങ്ങുമ്പോഴാണ് ശരീഫിന്റെ ആ ചോദ്യം…
ശരീഫിനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി അവൾ വീണ്ടും ഒരുക്കം തുടർന്നു….
“ഞാൻ ചോദിച്ചത് നീ കേട്ടില്ലേ റസിയാ?? നീ ഇതെന്തിനുള്ള പുറപ്പാടാ??നിനക്കറിയാലോ നിക്കും ഉമ്മക്കും ഉപ്പക്കും ഈ പൊരേല് ആർക്കും ഇയ്യ് ജോലിക്ക് പോണത് ഇഷ്ടല്ലാന്ന്..!! നാണാവണില്ലേ അനക്ക്…?? എന്നും ഇന്നെ കൊണ്ടിത് പറയിക്കണോ ഇയ്യ്??
“അതന്നെ നിക്കും ചോദിക്കാനുള്ളത്?? നിങ്ങൾക്കുള്ള മറുപടി ഞാൻ പണ്ടേക്കു പണ്ടേ തന്നതാ..ഇപ്പൊ പതം വന്നു.. വീണ്ടും വീണ്ടും അത് പറയിക്കണോ?? പിന്നെ നാണം വരാൻ കണ്ട വൃത്തിക്കെട്ട പണിക്കൊന്നും അല്ല ഞാൻ പോണത്… നല്ല അന്തസ്സുള്ള ജോലിക്കാ…
ഇങ്ങൾ ഇന്നെ സ്നേഹിക്കണ കാലം തൊട്ടേ ഇങ്ങക്കറിയാ.. ഞാൻ പഠിക്കാൻ പോവുംന്നും അത് കഴിഞ്ഞ് ജോലിക്ക് പോവുംന്നും…അന്ന് മാറാത്ത തീരുമാനം ഒന്നും കെട്ട് കഴിഞ്ഞിച്ചിട്ട് മാറാൻ പോണില്ല!!
അപ്പൊ നിക്കും ന്റെ പൊരക്കാർക്കും ഒരു വെലയും തരില്ലേ ഇയ്യ്??
ഞാൻ ജോലിക്ക് പോണോണ്ട് ഇങ്ങക്കൊരു വെലകേടും ണ്ടാവാൻ പോണില്ല…ഇനി ണ്ടങ്കിൽ തന്നെ അത് സ്വയം തോന്നുന്നതാ..അതിനു ഞാൻ ഉത്തരവാദിയല്ല… ഇങ്ങള് ന്റെ മെക്കിട്ട് കേറാൻ വന്നിട്ട് യാതൊരു കാര്യുല്ല്യ… ഞാൻ ജോലിക്ക് പോയിരിക്കും!!!
റസിയ ബാഗും എടുത്തോണ്ട് ഹാൾ ലേക്ക് നടന്നു..
ഓഓ… കെട്ടിയൊരുങ്ങി ഇറങ്യോ??… പതിവ് ചോദ്യവുമായി കെട്ടിയോന്റെ വാപ്പയും എത്തി….
“ഹോ… അടുത്ത പട…എന്നും ഈ വക്കാണം സ്ഥിരാണ്… ഇവർക്കൊന്നും വേറെ പണിയില്ലേ?? റസിയ മനസ്സിൽ കരുതി…
“ഷരീഫെ…അന്റെ കെട്ടിയോൾക്കെന്താ ഈ പൊരേൽത്തെ ചിട്ടാവട്ടങ്ങളൊന്നും തിരിയില്ലാന്നുണ്ടോ?? കണ്ട ആൾകാരുടെ ചോര മ് മൂ ത്രം പ ഴുപ്പും ഒക്കെ നോക്കിണ്ടാക്കുന്ന നാണംകെട്ട പണിക്ക് ഓള് പോണോ??? അതും ഈ വീട്ടീന്ന്!!…ഇവിടെ ഈ രീതികളൊന്നും വാഴില്ലാന്ന് എത്രേം പെട്ടെന്ന് ഓളെ പറഞ് മനസ്സിലാക്കിക്കോ!!… ല്ലെങ്കി അന്റെ പെണ്ണ് ഓളെ വീട്ടിലിരിക്കും!!..””
വാപ്പാ… ഇങ്ങള് ന്നെ ഭീഷണിപ്പെടുത്തുവാണോ?? അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്യുന്നത്?? എന്റെ ജോലിക്കെന്താ നാണക്കെട്?? ഇങ്ങൾക്കൊക്കെ അസുഖം വന്നാലും ഈ പറഞ്ഞ സാധനങ്ങൾ ഒക്കെ തന്നെയാ ടെസ്റ്റ് ചെയ്യുന്നത്….പോരാത്തതിന് മാസാ മാസം പ്രഷർ മ് ഷുഗർ മ് കൊളെസ്ട്രോൾ മ് ഒക്കെ വേറെ മ്… അതിനൊന്നും ആരും ഒരു മൊടക്കും വരുത്തുണില്ലലോ??? ഇന്നെ പോലുള്ളൊരു തന്നെ ഇതൊക്കെ ചെയ്യ്ണതും…!!!
റസിയ ക്ക് ദേഷ്യം മൂർച്ഛിച്ചു വന്നു
“ഷരീഫെ.. ഈ പൊരേല് അന്റെ പെണ്ണുങ്ങൾ മാത്ര ന്നോട് തർക്കുത്തരം പറയണത്…അത് ഓളെ നെലക്കുനിർത്താൻ അനക്ക് കഴിവില്ലാഞ്ഞിട്ടല്ലെടാ??!!!
വാപ്പാ വിടാൻ ഒരുക്കല്ല്യ… കത്തി കേറാണ്
ശരീഫ്ക്കാ ഇന്നൊന്നു തുറിച്ച് നോക്കി…
ഞാൻ ഒരു തർക്കുത്തരോം പറഞ്ഞില്ല വാപ്പ.. എന്റെ ഭാഗത്തെ ശരിയാണ് പറഞ്ഞത്… മാനാഭിമാനം നിക്കും ണ്ട്… പെണ്ണായോണ്ട് മുണ്ടാട്ടം മുട്ടി നിക്കാനൊന്നും ന്നെ കിട്ടുല്ല്യ….
ഹ്ഹ്മ്മ്… നമ്മടെ കൗമിൽ പെട്ട പെണ്ണുങ്ങള് കല്യാണം കഴിഞ്ഞാൽ കെട്ട്യോനേം പെരക്കാരേം നോക്കി വീട്ടിലെ പണിയോളും ചെയ്ത് നേരത്തിനും കാലത്തിനും വെച്ചുണ്ടാക്കി മക്കളീം നോക്കി നിസ്കാരും ഓത്തും ആയ്ട്ട് കുടീലിരിക്ക്യ വേണ്ടത്….!!! അല്ലാതെ നേരം വെളുത്തു അന്തി വരെ കണ്ടോട്ത് തെണ്ടി തിരിഞ് നിക്കല്ലാ..,,!!
“ഞാനേ പടച്ചോൻക് പൊരുത്തല്ലാത്ത ഒരു പണിയും എടുക്കുന്നില്ലാന്ന് എനിക്ക് നന്നായിട്ട് അറിയാ.. അതിന് നിക്ക് ആര്ടേം സർട്ടിഫിക്കറ്റ് വേണ്ട…ന്റെ വാപ്പ ന്നെ ഇല്ലാത്ത മൊതല് ണ്ടാക്കി കഷ്ടപ്പെട്ട് പഠിപ്പിച്ചതും ഞാൻ കഷ്ടപ്പെട്ട് പഠിച്ചതും ഞാൻ ഒരു നല്ല നെലേൽ എത്തി കാണാൻ വേണ്ടീട്ടാ…വാപ്പാടെ മോനെ കെട്ടി ന്ന് വെച്ചിട്ട് ന്റെ പ്പാന്റേം മ്മാന്റേം അധ്വാനത്തിന് ഞാൻ ഒരു വെലയും കൊടുക്കാതിരിക്കുല്ല്യ.. അത് ഞാൻ അവരോട് ചെയ്യുന്ന നെറികേടാണ്…അതിനു ഞാൻ പടച്ചോനോട് ഉത്തരം പറയേണ്ടി വരും…
അന്റെ കെട്ട്യോനോടും ണ്ടല്ലോ അനക്ക് കടമ?? അത് ഇയ്യ് ചെയ്യ്ണ്ടോ??
കൃത്യായി ചെയ്യ്ണ്ട്… ഒന്നുല്ലേലും ന്റെ ഒരാവശ്യത്തിനും ഇക്ക് ന്റെ കെട്ട്യോനോട് എരക്കണ്ടല്ലോ?!! ഇവിടെ ഉമ്മേം താത്തേമ് ചെയ്യുന്ന പോലെ പിന്നാലെ നടക്കണ്ടല്ലോ??!! നൂറ് ചോദിച്ചു നടന്ന അമ്പത് കിട്ടിയാലായി..!!””
ഹ്ഹ്മ്മമ്… വാപ്പ അർത്ഥം വെച്ചൊരു മൂളൽ
പിന്നേ ഞാൻ ഈ വീട്ടിൽന്നു ഇറങ്ങുമ്പഴേക്കും ഈ വീട്ടിലെ സകലമാന പണിയും തീർത്തിട്ടാ പോണത്.. അല്ലാതെ എല്ലാതും കൂടി ഉമ്മാടേം താത്താടേം തലേൽക്ക് വെച്ചോട്ത്ട്ടല്ല…ഇനി പ്രാർത്ഥന ടെ കാര്യം.. അത് അതിന്റെ മുറക്ക് ഞാൻ ചെയ്യുന്നുണ്ട്…അത് ഞാനും പടച്ചോനും തമ്മിലുള്ള കണക്കാ.. അത് ഞങ്ങളായിക്കോണ്ട്..!!!
ഷരീഫെ… അന്റെ തന്നിഷ്ടത്തിന് കെട്ടിയതിന്റെ കൊണം ഇപ്പോ കാണാല്ല്യേ???പെണ്ണായാ.. ആണ് പറയണ വരുതിക്കാ നിക്കണ്ടത്..ല്ലങ്കി തലേ കേറി നെരങ്ങും!! ഇപ്പൊ കണ്ടില്ലേ???
റസിയ…!!! ഇയ്യ് വാപ്പാട് ഇനി ഒരക്ഷരം മർത്തുപറഞ്ഞാ ന്റെ കയ്യിടെ ചൂട് ഇയ്യ് അറിയും..!!!
ശരീഫ്ക്കാ ന്റെ വക….
“”കൊള്ളാം… നന്നായിട്ടുണ്ട് ഭാര്യയെ തല്ലാൻ ഇങ്ങക്ക് അധികാരണ്ട്.. അത് കാര്യള്ളതിനാ..അല്ലാതെ തൊട്ടതിനും പിടിച്ചേനും അല്ല…ഇന്റെ വാപ്പാടെ വിയർപ്പാണ് ഈ നിക്ക്ണ ഞാൻ…ആ വിയർപ്പ് ഒതുങ്ങി ആവത് ല്ലാണ്ടാവ്ണ ഒരു കാലം വരും…എല്ലാർക്കും… അന്ന് ഒരു തുണയാവാൻ ആ പാവം ഒത്തിരി കിനാവ് കാണുണ്ടാവും,,, ഓർക്ക് വേണ്ടി മാത്രല്ല എല്ലാര്ക്ക് വേണ്ടിയും… അത് കണ്ടില്ലാന്നു നടിക്കാൻ ന്നെ കൊണ്ട് പറ്റൂല!!…
അന്റെ കയ്യിന്ന് കിട്ടീട്ട് വേണ്ട ഇവടെ ചെലവ് കയ്യാൻ””!! അങ്ങനെ ഒന്ന് വന്നാ അന്ന് ഞങ്ങളൊക്കെ പട്ടിണി കെടന്നോണ്ട്””!!!
വാപ്പ രണ്ടും കല്പിച്ചാണ്,,,,,
വാപ്പ… അങ്ങനെ ഒരു അവസ്ഥ ഇങ്ങക് ഇല്ലാതിരിക്കട്ടെ.,,, കാരണം ജന്മം കൊണ്ടല്ലങ്കിലും ഇങ്ങളും ന്റെ സ്വന്തം വാപ്പാനെ പോലെന്നെ… ആ ഇങ്ങള് ന്റെ മുന്നിൽ താഴ്ണത് ഇക്ക് സഹിക്കൂല!!!
അന്നത്തെ തല്ലിന് അന്ത്യം കൊടുത്ത് റസിയ പോവാനെറങ്ങി….
വൈകുന്നേരം വന്ന് കേറിയപ്പോ ശരീഫ്ക്കാ മുഖം വീർപ്പിച്ചിരിപ്പുണ്ട്…രാവിലെ കാര്യമായിട്ടൊരു ചർച്ച പിന്നേം നടന്നുക്ണ് ന്ന് ബോധ്യായി…
ഒന്നും വകവെക്കാതെ അടുത്ത് പോയിരുന്നു.. കുശലം പറഞ്ഞു..
ചായ എടുക്കട്ടെ ശരീഫ്ക്കാ???
ഹ്ഹ്മ്മ്…. പെടഞ്ഞങ് നീറ്റു…
കത്തുന്ന ഒരു നോട്ടം…എന്നോടുള്ള ഈറ മേശയിൽ അടിച്ച തീർത്തത്..
അനക്ക് ഞാനാണോ വലുത്?? അതോ ഈ ജോലിയോ???
രണ്ടും… “” റസിയ നേർക്ക് നിന്ന് പറഞ്ഞു
റസിയ… ഏതെങ്കിലും ഒന്നേ ണ്ടാവൂ… നിക്കും ഈ കുടീലൊരു മതിപ്പുണ്ട്… അനക്ക് ഇവടെ ന്തിന്റെ കുറവാ…? ഇവടെ ഉമ്മേ ന്റെ പെങ്ങളോ ഇക്കാകന്റെ പെണ്ണുങ്ങളോ ആരും തന്നെ പഠിച്ചിട്ടുല്ല്യ ജോലിക്കും പോയിട്ടില്ല….
“അത് അവർക്ക് കഴിവില്ലാഞ്ഞിട്ട..””
കുടുംബത്തിൽ പെറന്ന പെണ്ണുങ്ങൾ അങ്ങനാടി… ആണിന്റെ ചൊല്പടിക്ക് നിക്കും””!!
ഹ്മ്മ്… പെണ്ണുങ്ങളും മജ്ജയും മാംസവും ഉള്ളവര.. കല്ലോണ്ട് ണ്ടാക്കിയതല്ല!!!
ഏത് കിതാബിലാടി ആണിനോട് തറുതല പറയാൻ പറഞ്ഞിട്ടുള്ളത്? ഇങ്ങനേണെങ്കിൽ അന്നെ ഞാൻ കെട്ടൂലേയിരുന്നു.. “”””
പെണ്ണിന്റെ കണ്ണികണ്ട ഫോട്ടോ ചോദിക്കാനും കണ്ടാസ്വതിക്കാനും ഏത് കിതാബില പറഞ്ഞിട്ടുള്ളത്..?? ന്റെ ബുദ്ധികേട് കൊണ്ട് അതൊക്കെ ഞാൻ ഇങ്ങക്ക് അയച്ചുതന്നു…ഇഷ്ടപ്പെടുന്ന ആള് പോവരുത് വിചാരിച്ചു… ആ ഒരു തെറ്റാ ന്നെ ഇങ്ങളെ മുന്നിൽ കൊണ്ടെത്തിച്ചത്…
“അത് അന്റെ വാപ്പ അന്നേ ഇക്ക് തരൂല പറഞ്ഞപ്പോ.. മൂപ്പരെ പേടിപ്പിക്കാൻ… അന്നെ കിട്ടാനുള്ള പൂതിയോണ്ട് ചെയ്തതാ….! അന്നോടുള്ള ഇഷ്ടം കൊണ്ട്… അങ്ങനെ ഒന്ന് അനക്ക് ന്നോട് ണ്ടായിർന്നെങ്കിൽ ഇയ്യ് ന്നോട് ഇമ്മാതിരി ചെയ്യോ???
റസിയ ഒന്നും മിണ്ടാതെ തലതിരിച്ചു
അനക്ക് മക്കള് വേണംന്നോ പ്രസവിക്കണംന്നോ വല്ല വിചാരണ്ടോ??
ഇക്കാ… കുട്ടി വേണ്ടന്ന് വെച്ച് ഞാനിതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ..??ജോലിടെ പേരിൽ കുട്ടിനെ ഒഴിവാക്കാൻ ഞാൻ ഒന്നും ചെയ്യൂല.. കാരണം നിക്കറിയാ നമ്മൾ ആഗ്രഹിക്കുമ്പഴല്ല.. പടച്ചോൻ തരുമ്പോ സ്വീകരിക്കണം…സമയം ആവട്ടെ.. പടച്ചോൻ തരും ഞാൻ സ്വീകരിക്കും ചെയ്യും!!!
അന്റെ വീട്ടിൽക്ക് ചെലവിനുള്ളത് ന്താന്ന് വെച്ച ഞാൻ തരാ മാസാ മാസം ന്നാലെങ്കിലും ഇയ്യ് ഇതൊന്ന് നിർത്ത്…
“””ഇക്കാ… ഇങ്ങള് അവര്ടെ മോൻ തന്നേണ്… പക്ഷെ ജനിപ്പിച്ചതും വളർത്തിയതും ന്നേണ്… ആ ഞാൻ കൊടുക്കുമ്പളാ അവർക്ക് അഭിമാനം.. അതാണ് ഇക്ക് വേണ്ടത്””!!!
റസിയ ഒന്ന് ഇരുത്തി നോക്കി അടുക്കളേൽക് നടന്നു
ദിവസങ്ങൾ പിന്നേം പോയി…തട്ടാതേം മുട്ടാതേം റസിയ സ്വന്തം നിലപാടിൽ ഉറച്ചു നിന്നു
മാസം ഒന്ന് കഴിഞ്ഞപ്പോ റസിയക്ക് കുളി തെറ്റി. വിശേഷം അറിയിച്ചു…ജോലി തുടർന്നെങ്കിലും മൂന്നാം മാസം തൊട്ട് ശരിക്ക് റസ്റ്റ് പറഞ്ഞു… ജോലി നിർത്തി… അത് എല്ലാവരെയും കുറച്ചൊന്നു സന്തോഷിപ്പിച്ചു..
റസിയയെ സ്വന്തം വീട്ടിൽക്ക് വിടാൻ വാപ്പ സമ്മതിച്ചില്ല.. അന്നാട്ടിലെ ആശുപത്രീല് മാത്രേ നമ്മടെ കൗമിൽ പെട്ട പെണ്ണ് ഡോക്ടർ ഉള്ളു ന്ന് വാപ്പാടെ കണ്ടുപിടുത്തം..!!””””
ഡോക്ടർ പെണ്ണാവും വേണം.. നമ്മടെ കൗമായ അത്രേം നല്ലത് ന്ന് ഒരു പിടിവാശി…റസിയ ടെ നാട്ടിൽ വീടിന് അടുത്ത് അങ്ങനൊന്നു ഇല്ലത്രേ!!”””” അതോണ്ട് വേണെങ്കിൽ പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടോയിക്കോളാൻ “””
ഗർഭകാലം സുന്ദരമായി കഴിഞ്ഞുകൂടി.. ആരും ഒരു കുറവും അറിയിച്ചില്ല.. വീട്ടുകാർ ഇടക്കും തലക്കും കാണാൻ വന്നു…
അവസാനം അഡ്മിറ്റ് ആവാൻ ഇനി ഒരാഴ്ച്ച കൂടിയുണ്ട് ന്ന് പറഞ്ഞിരിക്കുമ്പഴാണ് പെട്ടെന്ന് ഒരു ദിവസം പുലർച്ചെക്ക് വേദന വന്നത്..ആശുപത്രീലെത്തുമ്പഴക്കും വേദന കൂടി വന്നു..
അപ്പഴാണ് അറിയുന്നത്.. റസിയ നെ സ്ഥിരം നോക്കുന്ന സഫിയ ഡോക്ടർ ലീവാണ്..മോൾടെ നികാഹ് ആണത്രേ…ഇനി ആകെയുള്ള ഷൈലജ ഡോക്ടർ മ് പുറത്താണ്.. എമർജൻസി ഉണ്ടെങ്കിൽ വിളിച്ചാൽ വരും!!”” പിന്നെയുള്ളത് ഒരു ആണ് ഡോക്ടർ ആണ്..,,!
വാപ്പ അപ്പഴേ നട്ടം തിരിച്ചൽ തുടങ്ങി… പിറുപിറുത്ത് ആശുപത്രിക്കാരോട് ചൂടായി..ന്തൊക്കെയോ ഒച്ചപ്പാട് കൂട്ടുന്നുണ്ട്…
പ്രസവം വരുന്നത് ആരെങ്കിലും അറിയിച്ചിട്ടാണോ??? എന്തൊരു കഷ്ടാണ്….?? ഇത്ര വിവരം ല്ലാണ്ടായ ന്താ ചെയ്യാ??? റസിയ ക്ക് വേദനയേക്കാൾ ഉപരി ദേഷ്യം കൊണ്ട് എരിപിരി കയറി…..ശരീഫ് നെ നോക്കി പല്ലിറുമ്മി…ഇനി വേറൊരിടത്തേയ്ക്ക് മാറ്റാനും പറ്റില്ല.. വേദന കലശലായിരുന്നു..
അവസാനം ഷൈലജ ഡോക്ടർ വന്നു പ്രസവം എടുത്തു…
പെറ്റുകിടക്കുമ്പോഴും ശരീഫ് മോളെ എടുത്ത് പുന്നരിക്കുമ്പോഴും റസിയക് അരിശം തീർന്നിരുന്നില്ല…
“””വേദന കൊണ്ട് പുളയുമ്പോ പെണ്ണ് ഇല്ലാ… നമ്മടെ മതത്തിൽ ഉള്ള ഡോക്ടർ ഇല്ലാന്നും പറഞ്..നിങ്ങൾ എന്നേം കുഞ്ഞിനേം കൊല്ലാൻ ഒരുങ്ങിയിരുന്നോ??? ന്നും ചോദിച്ചു റസിയ അവനോടും വീട്ടുകാരോടും പൊട്ടിത്തെറിച്ചു…!!””” പിന്നെയും കലി തീരാതെ അവൾ എന്തൊക്കെയോ അലമുറയിട്ടു…
ആരും ഒരു മറുപടിയും പറയാനില്ലാതെ തല കുമ്പിട്ടു നിന്നു.. അവളുടെ ദേഷ്യം എല്ലാവരെയും കുറച്ചൊന്നു പേടിപ്പിച്ചു…
റസിയ മോളെയും നോക്കി വീട്ടിൽ ഒതുങ്ങി കൂടി…
രണ്ടു വർഷം കഴിഞ്ഞ് മോളുടെ പാലുകുടി പൂർണമായി നിർത്തിയപ്പോ അവൾ വീണ്ടും ജോലിക്കായി ഒരുങ്ങി..അതറിഞ്ഞതും ശരീഫ് പിന്നേം വാളെടുക്കാൻ തുടങ്ങി..
റസിയ… ഇനി മോളെ കൂടി വേണ്ടന്ന് വെച്ച് പോവാണോ ഇയ്യ്… അനക്കെന്താ എത്ര പറഞ്ഞിട്ടും മനസ്സിലാവാത്തത്??? ഇച്ചിരി തലക്ക് വെളിവുണ്ടോ അനക്ക്???
എന്നെ ന്റെ മോൾക്ക് ഈ രണ്ടു കൊല്ലും പൂർണമായി വേണായിരുന്നു.. ഇനിയും വേണം.. അതെന്തായാലും ഉണ്ടാവും കാരണം അവൾ ന്റെ മോളല്ലേ..?? പക്ഷെ ഇപ്പൊ അവൾ കളിച്ചു നടക്കാനായി.. എന്ത് ഭക്ഷണും കഴിക്കാനായി.. ഇനി അവൾക്ക് ഞാൻ തന്നെ അടുത്ത് വേണം എന്നില്ല..
എന്റെ ഉമ്മ അവളെ നോകാം എന്ന് പറഞ്ഞല്ലോ?? അത് നിങ്ങക്ക് പറ്റില്ല.. അപ്പോ ഇനി ഇവിടള്ളോരു നോക്കട്ടെ.. കൂടെ എന്റെ ജോലിയും നടക്കും…
ഞാൻ വീണ്ടും പോവാൻ ഇറങ്ങിയത് കണ്ടാവണം എല്ലാരും ഒന്ന് അന്തിച്ചു..പരസ്പരം നോക്കി പിറുപിറുക്ക്ണ്ട്””
ഷരീഫെ.. ഒരു കുട്ടി ആയപ്പോ ഇവൾക്ക് കൊറച്ചു വകതിരിവ് വന്നെന്നാ കരുതിയത്…പിന്നേമ് ഇതാ എറങ്ങീക്ക്ണ്?? ഇവള്ടെ മേല് ഇതെന്തോ ജിന്നാണ്…
ഇനിപ്പോ ഇവൾക്ക് ഈ കുട്ടിനിം നോക്കി പൊരേല് ഇരുന്ന പോരെ?? ഇവള് പോയ കുട്ടിനെ ആര് നോക്കും?? അനക്ക് പണിക്കൊന്നും പോണ്ടേ??? ഈ പൈതൽ നെ ഇട്ടിട്ടു പോവാൻ ഇവൾക്ക് തോന്നുണ്ടല്ലോ??? ഇത് നല്ല കഥ…!!”””ഹ്ഹ്മ്മ്…
കുട്ടി ന്റെ മാത്രം അല്ലല്ലോ വാപ്പ.. എല്ലാരുടേം അല്ലേ??? ഇങ്ങള് ഒക്കെയൊന്ന് നോക്ക്…ഇപ്പോ പേരക്കുട്ടിയോളീം നോക്കിരിക്കാൻ നല്ല രസാ…
ഇനി അത്രക്ക് ബുദ്ധിമുട്ടാണെങ്കി ന്റെ മോളെ ന്റെ പെരക്കാര് നോക്കിക്കോളും ഞങ്ങൾ അവടെ നിന്നോളാം…
അന്റെ അഹങ്കാരത്തിന് ഇപ്പളും ഒരു കുറവൂല്ല്യ ല്ലേ??? ആണിന്റെ തല്ല് കൊള്ളാത്തതിന്റെ കുത്തികഴപ്പ അനക്ക് “”!!!
പെണ്ണിനെ തല്ലാൻ മാത്രം കഴിവ്ണ്ടായ പോരാ ആണിന്,,, അവളെ മനസ്സിലാക്കാനും കൂടി വേണം “”!!!
“നിക്ക് പേറ് ആയപ്പോ ഇങ്ങള് എല്ലാരും കൂടി പെണ്ണ് ഡോക്ടറെ തപ്പി നടന്നിരുന്നല്ലോ..?? പെണ്ണ് വേണം.. നമ്മടെ കൗമ് വേണം.. വേറെ മതക്കാര് പറ്റൂല..ആണ് ഡോക്ടർ തൊടാൻ പറ്റൂല ന്നൊക്കെയര്ന്നല്ലോ??? അതെന്താ???
വാപ്പ… ഈ ജനനും മരണും ഒക്കെ പറയാതെ വരുന്നതാ.. അപ്പോ ആര് വേണം വേണ്ടാന്നൊക്കെ നമ്മൾ കണക്ക് കൂട്ടിയ നടക്കുല്ല്യ!!!!”””
പിന്നെ.. പെൺകുട്ട്യോളെ പഠിക്കാൻ വിടാതെ ജോലിക്ക് വിടാതെ വയസ്സറിയിക്കുമ്പോ പിടിച്ചു കെട്ടിച് കുടീല് ഇരുത്തി അവസാനം പെറാൻ നേരത്ത് ഓടിനടന്നാല് ഇത്പോലെ പെണ്ണ് ഡോക്ടർ മാരൊന്നും പൊട്ടിമുളച് ഉണ്ടാവുല്ല്യ…!!!
ഏത് പണിക്കും ആണും വേണം പെണ്ണും വേണം… എല്ലാ മേഖലയിലും.. കാരണം പെണ്ണിന് രക്ഷ അധികും പെണ്ണ് തന്നേണ്…അതിന് പെൺകുട്ട്യോൾക്ക് മൂക്ക് കയറ് ഇടുവല്ല വേണ്ടത്.. അവരുടെ ആഗ്രഹങ്ങൾക്കൊത് അവരെ വളർത്തണം..ആഗ്രഹങ്ങളെ നേടിയെടുപ്പിക്കണം…അടക്കവും ഒതുക്കവും സൂക്ഷിച്ചാല് പെണ്ണ് എന്നും പെണ്ണ് തന്നേണ്… നല്ല ചൊറുക്കുള്ള പെണ്ണ്…
അത്രയും പറഞ് റസിയ വീണ്ടും പടിക്കെട്ടിറങ്ങി പോയി..അപ്പോഴാ കുടുംബത്തിൽ ഓരോരുത്തരുടെ മുഖത്തും ഒരു പുഞ്ചിരി തത്തികളിച്ചു.. മാറ്റത്തിന്റെ പുഞ്ചിരി..!!”””,,,