മക്കളുടെ ഭാവി ഭദ്രമാക്കാൻ ഓടി നടന്നതുക്കൊണ്ടായിരിയ്ക്കാം അച്ഛന്റെ സമ്പാദ്യത്തിൽ നീക്കിയിരിപ്പു ഇല്ലാതെ പോയത്.

Story written by Shefi Subair

===============

ഒരച്ഛനും, അമ്മയും മക്കളെ ഇതുപ്പോലെ സ്നേഹിച്ചു കാണില്ല. പക്ഷേ, ആ സ്നേഹം തിരിച്ചു കൊടുക്കാൻ കഴിയാതെപ്പോയ മക്കളായിരുന്നു ഞങ്ങൾ.

ഞങ്ങളുടെ അമ്മയും രാവിലെ പൊതിച്ചോറു കെട്ടുമായിരുന്നു. വാട്ടിയ വാഴയിലയിൽ തേങ്ങാ ചമ്മന്തിയും, വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും, ആരും കാണാതെ ഒളിച്ചു വെച്ച മുട്ടപൊരിച്ചതും ആ പൊതിച്ചോറിൽ സ്ഥാനം പിടിച്ചിരുന്നു. അപ്പോഴും തലേന്നത്തെ അധികം വന്ന ചോറിൽ വെള്ളമൊഴിച്ചായിരുന്നു അമ്മ കഴിച്ചത്.

അച്ഛൻ മൂന്നു നേരം ഭക്ഷണം കഴിച്ചോയെന്നു ഒരിയ്‌ക്കൽപ്പോലും ഞങ്ങൾ മക്കൾ തിരക്കിയിരുന്നില്ല. പക്ഷേ, എന്നും രാത്രി ജോലി കഴിഞ്ഞു വരുന്ന അച്ഛൻ അമ്മയോട് തിരക്കുമായിരുന്നു, പിള്ളാര് വല്ലതും കഴിച്ചിട്ടാണോ ഉറങ്ങിയതെന്ന്.

ദേ, ഈ ഷർട്ടിന്റെ കോളറു പിഞ്ചി തുടങ്ങിയെന്നു അലക്കു കല്ലിന്റെ അടുത്തു നിന്നു അമ്മ അച്ഛനോട് വിളിച്ചു പറഞ്ഞു. അടുത്ത ആഴ്ച ഇൻസ്റ്റാൾമെന്റുക്കാരൻ വരുമ്പോൾ ഒരു ഷർട്ടിന്റെ തുണിയെടുക്കാമെന്നും അമ്മ പറഞ്ഞപ്പോൾ, ഇനിയിപ്പോൾ സ്കൂള് തുറക്കുമ്പോൾ കുട്ടികൾക്ക് യൂണിഫോമെടുക്കുന്ന കൂട്ടത്തിൽ എടുക്കാമെന്ന് അച്ഛൻ മറുപടി പറയുമായിരുന്നു.

ശ്രീയെന്നെഴുതി അച്ഛൻ ഒപ്പിടുന്ന പരീക്ഷ പേപ്പറുകളും, പ്രോഗ്രസ്സ് കാർഡും സഹപാഠികളെ കാണിയ്ക്കുന്നതുപ്പോലും ഞങ്ങൾ മക്കൾക്ക് കുറച്ചിലായിരുന്നു.

നിറം മങ്ങിയ കോട്ടൻ സാരിയുടുത്ത അമ്മ ഞങ്ങളുടെ വസ്ത്രങ്ങൾ ചിരട്ട തേപ്പുപ്പെട്ടി വെച്ചു ഒരു ചുളിവുപ്പോലുമില്ലാതെ ഇസ്തിരിയിടുമായിരുന്നു.

ഇടയ്ക്കിടെ ബാറൂരിപ്പോകുന്ന റബ്ബർ ചെരിപ്പിടുന്ന അച്ഛൻ, മക്കളുടെ വില കൂടിയ ചെരിപ്പുകൾ പൊടി പിടിയ്ക്കാതെയും, അഴുക്കാകാതെയും കട്ടിലിന്റെ കീഴിൽ ഭദ്രമായി സൂക്ഷിച്ചു.

മക്കളുടെ ഭാവി ഭദ്രമാക്കാൻ ഓടി നടന്നതുക്കൊണ്ടായിരിയ്ക്കാം അച്ഛന്റെ സമ്പാദ്യത്തിൽ നീക്കിയിരിപ്പു ഇല്ലാതെ പോയത്.

അവസാനം ഉള്ള വസ്തുവിലും, പുരയിടത്തിലും ചങ്ങല പിടിച്ചു കുറ്റിയടിച്ചു മക്കൾക്ക് ഭാഗം വെച്ചപ്പോൾ, കിട്ടിയ മുതലിൽ അളവും തൂക്കവും തീരെ കുറഞ്ഞു പോയപ്പോൾ ഞങ്ങൾ മക്കളും ചോദിച്ചു. ഇത്രയും കാലമായിട്ടു ഞങ്ങക്ക് വേണ്ടി എന്തു സമ്പാദിച്ചുവെന്ന്.

അപ്പോഴും അച്ഛന്റെ മുഖത്തൊരു ചിരി മാത്രമായിരുന്നു. എന്റെ മക്കളായിരുന്നു എന്റെ സമ്പാദ്യമെന്നു ആ മനസ്സു പറയുന്നത് പക്ഷേ, ഞങ്ങൾ മക്കൾ കേട്ടിരുന്നില്ല.

അവസാനം അച്ഛനെയും, അമ്മയെയും ആരു സംരക്ഷിയ്ക്കുമെന്നു ഞങ്ങൾ മക്കൾ തർക്കിക്കേണ്ടി വന്നതും നിറ കണ്ണുകളോടെ അച്ഛനും അമ്മയും നോക്കി നിന്നു.

പ്രതീക്ഷയോടെ ഓരോ മക്കളുടെ മുഖത്തേക്ക് നോക്കുന്ന അച്ഛന്റെ കൈകൾ അമ്മയുടെ കൈകളിൽ ചേർത്തു പിടിയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ പിടുത്തത്തിനു പഴയ ബലമില്ലായിരുന്നു.

എന്നാലും ഇനിയുള്ള കാലം എന്റെ കണ്ണടഞ്ഞു കഴിഞ്ഞാൽ ഇവളുടെ കാര്യം ഈശ്വരന്മാര് നോക്കി കൊള്ളുമെന്നു ആ വൃദ്ധ ഹൃദയം പ്രാർത്ഥിയ്ക്കുന്നുണ്ടായിരുന്നു… !

~ ഷെഫി സുബൈർ