മിഴികളിൽ ~ ഭാഗം 22, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“”ഋഷി ക്ക് മാറ്റമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയാൻ പറ്റും… പക്ഷെ ചെയ്ത തെറ്റുകൾ തിരിച്ചറിഞ്ഞു വരുമ്പോൾ ഒരു തരം വിഭ്രാന്തി മനസിനെ പൊതിയും …… ഇപ്പോഴുള്ള മൂകതയും അത് കൊണ്ടാവാം…….എങ്കിലും പേടിക്കണ്ട നമുക്ക് കുറച്ച് നാൾ കൂടി നോക്കാം…. “””

ഡോക്ടറുടെ വാക്കുകൾ പ്രതീക്ഷ ഉറ്റു നോക്കുവാനെ ദാസ്ന് കഴിയുന്നുണ്ടായിരുന്നുള്ളു…..അവന്റെ വരും മാറ്റങ്ങളെ കുറിച്ചോർത്ത്‌ ആധി അപ്പോഴും പടർന്നു കയറുന്നുണ്ടായിരുന്നു….

????????

അയാൾ ഡോക്ടറേ കണ്ട് തിരികെ വന്നതും ഒന്നുകൂടി ഋഷിയേ ചെന്ന് നോക്കി…. ജനൽ കമ്പികളിൽ കൈ പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരിപ്പായിരുന്നു അവൻ…. കൂടെ നളിനിയും ഉണ്ടായിരുന്നു…

“”മോനെ…. ഒരു തവണ ഒന്ന് മിണ്ടെടാ….. നിനക്ക് എന്താ വേണ്ടേ ന്ന് വച്ചാൽ ഈ അമ്മ ചെയ്ത് തരാം…. കുഞ്ഞുങ്ങളെ നിന്റേത് മാത്രമാക്കി തരാം….എന്തിനാ എന്നോട് ഇത്രേം ദേഷ്യം….? നിന്നെ ഇവിടെ കൊണ്ടിട്ടത്തിൽ ഞാനെത്ര ഉരുകുന്നുണ്ടെന്നറിയോ…. എല്ലാം ദാസേട്ടന്റെ തീരുമാനങ്ങളായിരുന്നു ഋഷി… ഞാനെന്ത് ചെയ്യാനാ… “””

നളിനി വീണ്ടും അനുനയിപ്പിക്കലുകളുടെ ചരടുകളഴിച്ചു വിട്ടു…..

“”അമ്മയ്ക്ക് പോകാം…… “””

അത്ര നേരവും മൗനമായ് നിന്നവൻ അത് മാത്രം പറഞ്ഞു…..

“”ഋഷി…… “””

“”പോകാൻ പറഞ്ഞാൽ പൊയ്ക്കോണം…. ഇടയ്ക്കിടെ ഇങ്ങനെ കാണാൻ വരണംന്നും ഇല്ലാ…… “””

കേട്ടപ്പോൾ നളിനിയമ്മ തറഞ്ഞു നിന്നു പോയി……

“”പറഞ്ഞത് മനസിലായില്ലേ അമ്മയ്ക്ക്… പോ…… “””

ഋഷിയുടെ സ്വരം കടുത്തതും നളിനിയമ്മ പിന്നൊന്നും പറയാൻ നിന്നില്ല… അവിടെ നിന്നും ഇറങ്ങി മാറി….. ദാസഛനും ഋഷിയോട് ഒന്നും സംസാരിച്ചിട്ടുണ്ടായിരുന്നില്ല….. ഇറങ്ങാൻ നേരം ഒരു തവണ അവനെ നോക്കിയപ്പോൾ അതേ നിൽപ്പായിരുന്നു കണ്ടത്…..അത് കൊണ്ട് തന്നെ അവനെ ശല്യപ്പെടുത്തേണ്ടെന്ന് ഓർത്ത് ഒന്നും മിണ്ടാതെ നടന്നു നീങ്ങി….. പക്ഷെ അദ്ദേഹം പോകുമ്പോൾ ഋഷി ദാസഛനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ….

?????????

കണ്ടത് മുതലേ ഇഷ്ടാണ് കൃഷ്ണയേ… പക്ഷെ അത് ഹൃതികയേ പോലെ ഒരനുജത്തിയോടുള്ള സ്നേഹാണൊ… അതോ…… മറ്റെന്തെങ്കിലും…?

മുറ്റത്തൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ട് ആലോചിക്കുകയായിരുന്നു ഹൃതേഷ്………

“”അയ്യേ… ഞാനെന്തൊരു ഊളയാ…. കെട്ട് കഴിഞ്ഞ് രണ്ട് പിള്ളേരും ഭർത്താവുമുള്ള പെണ്ണിനെയാ ഓർത്തോണ്ടു നിൽക്കുന്നെ…”

അവന് സ്വയം ലജ്ജ തോന്നി… എങ്കിലും കൃഷ്ണയുടെ മുഖം അപ്പോഴും മറയാതെ അവന്റെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു…..

??????????

“”ഇത്രേം ദിവസം ചേച്ചിക്ക് ഒരു കുഴപ്പോം ഉണ്ടായിരുന്നില്ലല്ലോ….. ഇന്നെന്നാ പറ്റി…. മുഖം വാടി കുത്തി ഇരിപ്പാണല്ലോ…. മ്മ്മ്മ്????””

മാളു കിടക്കയിലേക്ക് വന്നിരുന്നു കൊണ്ട് പുരികങ്ങളുയർത്തി കൃഷ്ണയോട് ചോദിച്ചു…….

“”മ്മ്… മ്… ഒന്നുല്ല…. “””

“”അല്ല എന്തോ ഉണ്ട്…. എനിക്ക് ചേച്ചിടെ സ്വഭാവം തീരെ പിടിക്കുന്നില്ലാട്ടോ… എപ്പോ നോക്കിയാലും ഇങ്ങനെ ഇരിക്കാനും അറിയാം…. കരഞ്ഞു മുഖം ചുവപ്പിക്കാനും അറിയാം…. ഇതെന്തൊന്നിത്… അല്ലേ പിള്ളേരെ…. നിങ്ങടെ അമ്മയ്ക്ക് വട്ടാ ല്ലെ…””

അവള് പറയുന്നത് കേട്ടപ്പോൾ കുട്ടി കുറുമ്പികൾ മോണ കാട്ടി ചിരിച്ചു.

“” ദേ… ചിരിക്കുന്ന കണ്ടില്ലേ…. … ഇവര് സമ്മതിച്ചു ചേച്ചിക്ക് വട്ടാണെന്ന്……. “””

“”മതി മാളൂസേ എന്നെ കളിയാക്കിയത് “”

മനസിലുള്ളതൊക്കെയും ഒരു കണ്ണീരായി മാറുന്നത് കണ്ടപ്പോൾ മാളുവിന്‌ എന്തോപോലെയായ്…….

“”ന്താ… പ്രിയേച്ചി ഇത്……. ശെരിക്കും എന്താ ണ്ടായത്….. അമ്മയോട് ഞാൻ ചോദിക്കാറുണ്ട് ചേച്ചിയേ കുറിച് ഓരോന്നു…. പക്ഷെ എന്നെ വിരട്ടി ഓടിക്കും…. വിരോധം ഇല്ലേൽ കാര്യങ്ങളൊക്കെ എന്നോട് പറയുവോ…..””

അവളുടെ വാക്കുകൾക്കായി മാളു കാതോർത്തു…

“”എവിടേം കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ സംഭവിച്ചു പോയത് മാളു….ന്നിട്ടും ചാവാതെ പിടിച്ചു നിന്നത് ഇവർക്ക് വേണ്ടി മാത്രാ……””

ഓർമ്മകളുടെ താളുകൾ വീണ്ടും തുറന്നു വച്ചു.. കൃഷ്ണയുടെ മുഖ ഭാവങ്ങളിൽ പല തരം വികാരങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു… ജീവിതത്തിൽ കാത്തിരുന്ന പ്രതീക്ഷികളുടെയും…. സ്നേഹ ബന്ധങ്ങളുടെയും…. നൊമ്പരങ്ങളായി മാറിയ തീരാ നോവുകളുടെയും ചിതലരിച്ച ഓർമ്മകൾക്ക് ഒരു തവണ കൂടി ജീവൻ വച്ചു..

അതൊക്കെ കേൾക്കുമ്പോൾ മാളു നിശബ്ദയായ് പോയി ……. എല്ലാമറിഞ്ഞു കഴിഞ്ഞപ്പോൾ കൃഷ്ണ നടന്ന് നീങ്ങിയ മാനസികവസ്ഥയേ കുറിച് ഒന്ന് ചിന്തിച്ചു നോക്കി അവൾ .എല്ലാം ഇപ്പോഴും സഹിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ നോവിനാൽ മനം അത്രമേൽ വേദനിക്കുന്നുണ്ടായിരുന്നു ….ഇടയ്ക്കിടെ ആ ഇരട്ട കുട്ടികളുടെ മുഖത്തേക്ക് കൂടി കണ്ണുകൾ തേടുമ്പോൾ സങ്കടം ഇരട്ടിക്കുന്നുണ്ടായിരുന്നു അവൾക്ക്.

“””അപ്പൊ… അയാൾക്കിനി ഈ മക്കളെ വേണ്ടേ ചേച്ചി……. “””

കിടക്കയിൽ കുഞ്ഞുങ്ങളുടെ അരികിലായി പതിയെ ചാഞ്ഞു കൊണ്ടായിരുന്നു മാളു ചോദിച്ചത്.

“”വേണ്ടി വരില്ലായിരിക്കും … അതോണ്ടാണല്ലോ ഞാൻ ഹോസ്പിറ്റലിലായത് മുതൽ ഒന്ന് കാണാൻ പോലും ആ മനുഷ്യൻ വരാതിരുന്നത്….ഒന്നും അത്ര പെട്ടെന്ന് മനസ്സിന്ന് മായുന്നില്ല മാളു ..അതാ എന്നും ഞാൻ ഇങ്ങനെ… “”

“”എന്ത് മായുന്നില്ലെന്നാ . .ഓ… പിന്നെ നിങ്ങളെ വേണ്ടാത്തയാളെ ഇനി നിങ്ങൾക്കും വേണ്ട…അല്ല പിന്നെ… “”

ഇതൊന്നും അത്ര വലിയ കാര്യങ്ങളല്ലെന്ന് കാണിക്കാൻ മാളു കപട ഗൗരവം നിറച് പറഞ്ഞു……

“” ഞങ്ങളൊക്കെയില്ലേ….കഴിഞ്ഞത് കഴിഞ്ഞെന്ന് വച്ച് സമാധാനിക്ക് ….. അയാള് ഒരു ദിവസം എന്തായാലും വരും..എന്ത് വേണം ന്ന് അപ്പോ ആലോചിക്കാം… ഒക്കെ…? “

മാളു എഴുന്നേറ്റിരുന്ന് കൃഷ്ണയേ അടുത്തേക്ക് കയ്യാൽ മാടി വിളിച്ചു …

“”ചേച്ചി.. ഞാനിതൊക്കെ അറിഞ്ഞുന്ന് അമ്മയോട് പറയണ്ടാട്ടോ…..എനിക്ക് തല്ല് കിട്ടും ”'”

സ്വകാര്യമായി ആയിരുന്നു അവൾ മൊഴിഞ്ഞത്.

“”അതെന്താ… “”

“”വേണ്ടെന്നേ…. അമ്മ അങ്ങനെയാ… ഞങ്ങളറിയണം എന്നു തോന്നുന്ന കാര്യങ്ങളൊക്കെ പെട്ടെന്ന് തുറന്ന് പറയും…അല്ലാത്തതൊക്കെ മൂടി വെക്കും…ഇനി കുഴി കുത്തി അതൊക്കെ മാന്താൻ ഞങ്ങൾ പോയാൽ നല്ലത് തരികേം ചെയ്യും… “””

സംസാരം കഴിഞ്ഞപ്പോ അവർ രണ്ട് പേരും പൊട്ടി ചിരിക്കുന്നുണ്ടായിരുന്നു…..

“”കണ്ടോ… ഇത്രേ ഉള്ളു ന്റെ പ്രിയേച്ചി…. മനസിനെ ഒന്ന് ഫ്രീ ആയി വിട്… അപ്പോ ല്ലാം ശെരിയാകും…നിറഞ്ഞു ചിരിക്കാൻ പറ്റും “”

കൃഷ്ണയും ഒരു നിമിഷം അവളെ കുറിച്ച് ചിന്തിച്ചു…. ശെരിയാണ്‌… എന്തിനാണ് ഓരൊ നോവുകളോർത്തു സ്വയം വേദനിക്കുന്നത്…. ആർക്കും വേണ്ടാത്തവളയായെന്ന് തോന്നുമ്പോൾ ഇവരെ കുറിച്ചൊക്കെ ഓർത്താൽ പോരെ… അയാൾക്ക് മാത്രേ വേണ്ടാതായിട്ടുള്ളു ന്ന് ചിന്തിച്ചാൽ പോരെ..

അവളൊന്ന് എല്ലാം മറക്കണമെന്ന പോലെ നെടുവീര്പ്പിട്ടു… അന്ന് മാളുവും കൃഷ്ണയുടെ മുറിയിലായിരുന്നു ഉറങ്ങിയത്….ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞ് തുടങ്ങി…. ദേവമ്മയും മാളുവും മീനുവുമെല്ലാം അത്രയും പരിചിതമായ ബന്ധങ്ങളായി കൃഷ്ണയുടെ ജീവിതത്തിൽ ചേക്കേറുന്നുണ്ടായിരുന്നു……..പുതിയ പുതിയ ബന്ധങ്ങളിൽ അവള് പഴയതിനെയൊക്കെ മറക്കാൻ ശ്രമിച്ചു….. അതിലും ഒരു നൊമ്പരമായി തോന്നിയത് അച്ഛമ്മയെ കൂടി കാണണം എന്നോർത്തു കൊണ്ട് മാത്രമായിരുന്നു…..

?????????

✍️കാണണം മാളു… എത്ര നാളെന്നു വച്ചാ ഇങ്ങനെ ഒളിച്ചും പതിഞ്ഞും….ഞാൻ ഒന്നുകൂടി അമ്മേം കൂട്ടി പെണ്ണ് ചോദിക്കട്ടെ……മ്മ്..? പറ… ✍️

കയ്യിൽ കിട്ടിയ കടലാസ് നിവർത്തി നോക്കി വായിച്ചു കൊണ്ട് പിടയുന്ന മിഴിയാലേ മാളു ചുറ്റുമൊന്നു നോക്കി…… ആരും കണ്ടില്ലെന്ന് ഉറപ്പ് വന്നതും അകത്തേക്ക് പോയി മറുപടി എഴുതി…. ശേഷം ചുരുട്ടി പിടിച്ച ആ കടലാസ്‌ പാൽകാരൻ പയ്യനെ ഏൽപ്പിച്ചു……അപ്പോഴും അവളെ ആരും ശ്രദ്ധിക്കുന്നില്ലല്ലോയെന്ന് ഒന്ന് കൂടി ഉറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു ….

“”മ്മ്മ്… മ്മ്… വേം പൊക്കോ…. “””

“”എന്റെ മാളുച്യേ…. പുലി കുട്ടിയാണെന്ന് പറയുന്ന ചേച്ചിയാണോ ഇപ്പോ എലിയേ പോലെ പതുങ്ങുന്നേ….. പ്രേമിക്കാൻ ധൈര്യം ഒട്ടുല്ലാല്ലെ….. “””

ആ പയ്യന്റെ സംസാരം കേട്ടപ്പോഴേക്കും അവൾ മുഖം ചൊടിച്ചു.

“”പോടാ ചെക്കാ…. വേഗം കൊണ്ട് പോയി ഗിരിയേട്ടന് കൊടുത്തോണം.. അങ്ങേരവിടെ കാത്തിരിക്ക്യ… മ്മ്… പോ… പോ…. “””

മറുപടിക്ക് കാത്തിരിക്കാതെ അടുക്കള പുറത്തു നിന്നും അകത്തേക്ക് ഓടുകയായിരുന്നു അവൾ…… മുറിയിൽ കയറി വാതിലടച്ചതും ശ്വാസമൊന്നു നേരെ വീണു…… ഗിരി അയച്ച ആ സന്ദേശത്തെ ഒന്നുകൂടി വായിക്കാനായി തിരഞ്ഞപ്പോഴാണ് അത് കാണുന്നില്ലല്ലോയെന്ന വസ്തുത ഒരു ഭാരം പോലെ അവളുടെ മനസ്സിൽ തറഞ്ഞു നിന്നത്….

“”ഭഗവനെ…. അതെവിടെ പോയി… ഇത്തിരി പോരുന്ന ഒരു കടലാസാ… പക്ഷെ അമ്മ എങ്ങാനം വായിച്ചാൽ ഈ മാളുന്റെ തല പോയത് തന്നെ……””

മേശമേൽ അവൾ ഒന്നുകൂടി തിരഞ്ഞു നോക്കി…..

പിന്നെ നിലത്തേക്കും കിടക്കയ്ക്കടിയിലേക്കുമെല്ലാം നോക്കി ….

“”യ്യൊ ….ഇല്ലാ… കാണുന്നില്ല…. “””

സങ്കടത്തോടെയും അതിലുപരി നെഞ്ചിടിപ്പോടെയും മുറി വാതിലും തുറന്ന് പുറത്തേക്കിറങ്ങിയതും ദേ നിൽക്കുന്നു ആ കടലാസും നിവർത്തി പിടിച് കൊണ്ട് കൃഷ്ണ….

“”ന്താടി… ഇത്….. മ്മ്മ്..?? “””

കൃഷ്ണ ചോദിച്ചു കഴിഞ്ഞതും മാളു ആാാ കടലാസ് ഒറ്റ നിൽപ്പിൽ തട്ടി പറച്ചു….

“”ഒന്നുല്ല…. “”

“”ഏയ്.. അങ്ങനെ പറയല്ലേ.. എന്തോ ഉണ്ട്…… ഇവിടെ വന്നപ്പോ മുതൽ ഞാൻ കാണുന്നതാ എപ്പോഴും പാൽ കാരൻ പയ്യൻ വരുമ്പോ പാലെടുത്തു കൊടുക്കാൻ രാവിലെയും വൈകുന്നേരവുമായുള്ള നിന്റെ നെട്ടോട്ടം …അത് ഇതിനായിരുന്നല്ലേ.. അവനൊരു കുഞ്ഞു പയ്യനല്ലേ എന്ന് വച്ച് ഞാൻ അത്രക്കങ് കടന്ന് ചിന്തിച്ചില്ല… ഇപ്പോഴല്ലേ മനസിലായത് അവനാണ് നിങ്ങൾക്കിടയിലെ അരയന്നമെന്ന്……മ്മ്.. പറ… കേൾക്കട്ടെ””””

കൃഷ്ണയുടെ കയ്യിൽ കിട്ടിയത് ഭാഗ്യമെന്നോർത്തു മാളു….. ചെറിയൊരു ആശ്വാസം തോന്നി നെടുവീർപ്പിട്ടു….

“”അത്… ഗിരിയേട്ടൻ…..ഇവിടെ അടുത്ത് പാൽ സൊസൈറ്റിക്കടുത്താ വീട്…… കൂലി പണിക്കാരനാ….. പിന്നെ….. പിന്നെ… എന്നെ ഒരുപാടിഷ്ടാ… എനിക്കും…. ഒരു തവണ പെണ്ണ് ചോദിച്ചു വന്നു…കുറച്ചൊക്കെ ഗിരിയേട്ടന് വേണ്ടി ഞാൻ വാദിച്ചു… പക്ഷെ……….. “”””

അവൾ കൃഷ്ണയുടെ നെഞ്ചോട് ചേർന്ന് പൊട്ടി പൊട്ടി കരയുവാൻ തുടങ്ങി….

“”എനിക്കിഷ്ടാ…. പ്രിയേച്ചി… ഒരുപാടിഷ്ടാ…””

“”അയ്യേ… മാളു കരയുന്നോ…..ദേ.. ഡി.. പറ…. ബാക്കി കൂടെ…. കേൾക്കട്ടെ…. “””

“”കൂലിപ്പണി ആയത് കൊണ്ട് ഇവിടുന്ന് സമ്മതിച്ചില്ല .. ഗിരിയേട്ടനെ കുറേ മറക്കാൻ നോക്കി, വെറുക്കാൻ നോക്കി… പക്ഷെ…അതിനും പറ്റുന്നില്ല പ്രിയേച്ചി…… ഫോണിലൂടെ വിളിയോ മെസേജോ ഒന്നുംതന്നെയില്ല… അപ്പോ ഇത്പോലെ എന്തേലും എഴുതി വിടും…ഏട്ടനും, ദേവമ്മേം എല്ലാത്തിനും വിലക്ക് നൽകിയിരിക്കയാ….”””

മുഖമുയർത്തി മാളു കൃഷ്ണയേ തന്നെ നോക്കുകയായിരുന്നു….. അവളുടെ മുഖ ഭാവത്താകട്ടേ ഒരു സങ്കോചം നിറഞ്ഞു നിന്നു….

“”ഏട്ടനോ…..ഏതേട്ടൻ…..??? “””

“””വല്യഛന്റെ മോനാ ….. അനു ഏട്ടൻ….ഞങ്ങളെ കൈ വെള്ളയിൽ വച്ചാ കൊണ്ട് നടന്നത്… അത്രയ്ക്ക് സ്നേഹാ ന്നോടും മീനുവോടും… പക്ഷെ ഞാൻ ഗിരിയേട്ടനെ സ്നേഹിക്കുന്നതിൽ എതിർപ്പാ ..എന്റെ ഫോണിന്ന് ഗിരിയേട്ടന്റെ നമ്പരൊക്കെ ഡിലീറ്റാക്കി… എനിക്കാണേൽ എല്ലാരേം വേണം….എന്റെ വീട്ടുകാരേം ഗിരിയെട്ടനേം…….ല്ലാരേം

അവളൊന്ന് നിർത്തി……പിന്നെ തികട്ടി വന്ന ഏങ്ങലടക്കിയ ശേഷം വീണ്ടും തുടർന്നു .

“‘അനുവേട്ടനെ തോൽപ്പിക്കാൻ വയ്യെന്നോർത്ത്‌ നമ്പർ പിന്നെ ഞാൻ സേവ് ആക്കിയില്ല….എന്ന് വച്ച് ഗിരിയേട്ടനെ മറക്കാനും പറ്റിയില്ല….അതാ ഈ കടലാസ് തുണ്ടുകളുടെ പൊരുൾ …….. ചേച്ചി ഇതോന്നും ആരോടും പറയല്ലേ …. പ്ലീസ്…. “””

തേങ്ങി പിടിച്ചു കരയുന്നവളുടെ മുഖത്തേക്ക് കൃഷ്ണ ഒന്നുകൂടി നോക്കി….മാളുവിന്റെ പ്രണയത്തെ അറിഞ്ഞപ്പോൾ കൃഷ്ണയ്ക്ക് പുതിയൊരു അനുഭൂതിയായിരുന്നു കിട്ടിയത് …അവൾ ചെറുതായൊരു പുഞ്ചിരി നൽകി കൊണ്ട് മാളുവിനെ ചേർത്ത് പിടിച്ചു .

തുടരും