മിഴികളിൽ ~ ഭാഗം 27, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…..

വീണ്ടും അവന്റെ മനസിലേക്കുള്ള വിഷ വിത്തുകൾ പാകിയപ്പോൾ നളിനിക്ക് ഏതാണ്ട് സന്തോഷമായി….. ഋഷി ആ പറഞ്ഞതിനെ പറ്റിയൊക്കെ ആലോചിക്കുന്നത് കാണെ അവർ മനസ്സിൽ ചിരിച്ചു…..

??????????

“” ഋഷി… നമ്മൾ എത്താറായി… നളിനി പറഞ്ഞത് പോലെ കൃഷ്ണയോട് മോശമായൊന്നും സംസാരിക്കാൻ നി നിക്കരുത്…. അച്ഛൻ പറയുന്നത് മനസിലാവുന്നുണ്ടല്ലോ “

യാത്രക്കിടെ പറഞ്ഞപ്പോൾ ഋഷി ഒന്നു മൂളുക മാത്രം ചെയ്തു….അപ്പോഴേക്കും അവന്റെ ഹൃദയമിടിപ്പ് കൂടുവാൻ തുടങ്ങിയിരുന്നു…… ഒരു തരം ആവേശം കലർന്നു നിന്ന് ശരീരം ജ്വലിച്ചു…….

ഗേറ്റും കടന്ന് വണ്ടി ആ വീടിന്റെ മുറ്റത്ത്‌ എത്തിയപ്പോഴും അങ്ങനെ തന്നെ.. വണ്ടിയിൽ നിന്നും ഇറങ്ങിയവൻ ചുറ്റും നോക്കി….അവളുടെ സാമീപ്യം അവിടുള്ള പോലെ തോന്നി…എങ്കിലും മനസ് അത്ര സ്വസ്‌ത്ഥമായിരുന്നില്ല.

എന്തിനാണീ പേടി എന്തിനാണീ വിറയൽ…

അവൻ വെറുതെ മനസ്സിൽ ചോദിച്ചു കൊണ്ടിരുന്നു…….അപ്പോഴും ദാസ് കൂടെയുള്ളതായിരുന്നു അവന് ആശ്വാസമായ് തോന്നിയിട്ടുണ്ടായിരുന്നത്……

ഒരു വേള നോക്കിയപ്പോൾ ഋഷി കണ്ടത് കുഞ്ഞിനെയും എടുത്ത് നടക്കുന്ന ആനന്ദിനേയായിരുന്നു…… ഒരു ചോദ്യമെന്ന പോലെ അവൻ ദാസഛനേ നോക്കിയെങ്കിലും അദ്ദേഹം ഒന്നും പറയാതെ വീട്ടിനകത്തേക്ക് കയറി… പിന്നാലെ അവനും .

അവരെ രണ്ട് പേരെയും കണ്ടപ്പോൾ ആനന്ദിനു അത്ര വലിയ മതിപ്പൊന്നും തോന്നിയില്ല… എങ്കിലും തന്റെ സുഹൃത്തണെന്ന പരിഗണന ഋഷിക്ക് കൊടുത്ത് കൊണ്ട് ചിരിക്കാൻ ശ്രമിച്ചു…

ആാാ നേരമത്രയും ഋഷിയുടെ കണ്ണുകൾ പതിച്ചു നിന്നത് കുഞ്ഞിലേക്കായിരുന്നു….

“”തന്റെ മകൾ… “”

കുഞ്ഞിളം കൈ വായിലിട്ടു നുണയുന്ന വാവയെ ആനന്ദിന്റെ കയ്യിൽ നിന്നും വാങ്ങി ഞെഞ്ചോടടുപ്പിച്ചു…. എത്ര വട്ടമെന്നറിയാതെ തുരു തുരെ ഉമ്മ വച്ചു….ആ സ്നേഹത്താൽ ഋഷിയുടെ മിഴികൾ നിറഞ്ഞു തുടങ്ങി…

“”മോളെ… “”

വിളിച്ചു കഴിഞ്ഞ് ചുറ്റും നോക്കിയതും കണ്ണിലുടക്കിയത് അവന്റെ പെണ്ണിന്റെ മുഖമായിരുന്നു…കണ്ടപ്പൊൾ ഋഷിയുടെ മുഖത്തു ചിരി വിടർന്നെങ്കിലും കൃഷ്ണ ഞെട്ടി തരിച്ചു നിൽപ്പായിരുന്നു.

“”ഋഷി…. നളിനിയമ്മ പറഞ്ഞത് പോലെ തേടി വന്നതാവോ ഇനി… “”

എന്തോ ഓർത്തെന്ന പോലെ അവളുടെ ചുണ്ടുകൾ വിറച്ചു……..പക്ഷെ എതിരെ നിന്ന ദാസഛനേ കണ്ടപ്പോൾ മനസിലെ ഭയം എങ്ങോട്ടാ ഓടി ഒളിക്കുകയായിരുന്നു…

“””കൃഷ്ണ…….. “””

ഋഷി അവളുടെ അടുത്തേക്ക് ചെന്നു… ഒന്നു ചേർത്ത് പിടിക്കാൻ ശ്രമിച്ചു…..അപ്പോഴും നളിനി അന്ന് വന്ന് പറഞ്ഞ് പോയ വാക്കുകളുടെ ധ്വനികളായിരുന്നു അവളുടെ കാതോരം മുഴങ്ങിയിട്ടുണ്ടായിരുന്നത്…..കൃഷ്ണയെ ചേർത്ത് പിടിക്കാനുള്ള അവന്റ ശ്രമം അവൾക്ക് അസ്വസ്ഥമായ് തോന്നിയതും ദേഷ്യം വന്ന് കൊണ്ട് ഒഴിഞ്ഞു മാറി…

“”മാപ്പ്…. “”

ആ കണ്ണിൽ നോക്കിയവൻ പറഞ്ഞു.

“”എന്തിനാ ഇപ്പോ വന്നത്…… എന്റെ മക്കളെ കൊണ്ട് പോകാനാണേൽ എന്നെ കൊന്നിട്ട് കൊണ്ട് പൊക്കോ…… അല്ലാതെ ഒന്നു തൊടാൻ പോലും ഞാൻ സമ്മതിക്കില്ല”‘

ഉടനെ തന്നെ അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങിച്ചിരുന്നു അവൾ…..

“”എന്താ…നീയ്യ് ഇങ്ങനൊക്കെ…? “”

പറഞ്ഞു കൊണ്ടവൻ ഒന്നുകൂടി അടുത്തേക്ക് ചേർന്ന് നിന്നു.

“”വേണ്ട..നോവിക്കരുത്…. പ്ലീസ്… നിങ്ങടെ ചതിയൊന്നും ഞാൻ മറന്നിട്ടില്ല..വീണ്ടും നല്ല പിള്ള ചമഞ്ഞു എന്റെ കുഞ്ഞുങ്ങളെ സ്വന്തമാക്കാനാണ് ഈ വരവെങ്കിൽ നിങ്ങൾക്ക് പോകാം …. “””

“”അച്ഛാ… ഇവളെ പറഞ്ഞോന്നു മനസിലാക്ക്…. വീണ്ടും തിരിച്ചു വിളിക്കാൻ വന്നതാണ് എന്ന് പറ…സ്നേഹത്തോടെ വന്നതാണെന്ന് പറ.. അച്ഛൻ പറഞ്ഞാലിവൾ വിശ്വസിക്കും… “””

ഋഷി ഒരു വേള ദാസഛനേ നോക്കി……. ആനന്ദിനാണേൽ അവരുടെ കാര്യത്തിൽ ഇടപെടാൻ താല്പര്യം തോന്നിയില്ല…. പെട്ടെന്ന് തന്നെ ഒന്നും പറയാതെ അകത്തേക്ക് കയറി പോയി…..

“”മോളെ…… ഇവൻ…. ഇവൻ ഇത്രേം കാലം മെന്റൽ ഹോസ്പിറ്റലിലായിരുന്നു…അതാണ് കുഞ്ഞുങ്ങളെ കാണാൻ വരാതിരുന്നത്..നിനക്ക് വിഷമാകും എന്ന് കരുതി ഒന്നും അറിയിക്കാതിരുന്നതാ… ഹൃതികയുടെ മരണം അത്രമേൽ തളർത്തിയപ്പോൾ ഋഷിയുടെ മനസ് സ്വയം കൈ വിട്ട് പോയി……. ഇപ്പോ എല്ലാം തിരിച്ചറിഞ്ഞു വന്നിരിക്കുകയല്ലെ…. ഒന്നു ക്ഷമിച്ചൂടെ ഇവനോട്…. ആാാ മക്കൾക്ക് അച്ഛന്റേം അമ്മേടേം സ്നേഹം ഒരുമിച്ച് കിട്ടാനുള്ള വഴി തുറന്ന് കൊടുത്തൂടെ..””

“”പറഞ്ഞു പറഞ്ഞു വീണ്ടും നോവിക്കല്ലേ അച്ഛാ…. എന്റെ വിഷമങ്ങൾക്ക് വിലയില്ലാതായി പോകും… ഞാൻ അനുഭവച്ചതിനൊക്കെയും നോവ് കുറവാണെന്നു തോന്നി പോകും “””

അവളുടെ മിഴികളിൽ എന്നോ നഷ്ടപ്പെട്ടു പോയ പ്രണയത്തിലെ വേദന കലർന്നു….

“” എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു…മോളെ.. നിങ്ങൾ സംസാരിക്ക്… “””

അവരൊന്ന് സംസാരിച്ചു തീർക്കട്ടെയെന്ന് കരുതി അദ്ദേഹവും ഒഴിഞ്ഞു മാറി…..കൃഷ്ണയ്ക്ക് അപ്പോഴും വലിയ ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ല…..

“”‘കൃഷ്ണ…. “”

ഋഷിയുടെ ആ വിളിയിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതവൾ കണ്ടു…

“””മനഃപൂർവമല്ലടോ.. പ്രേമിച്ച പെണ്ണിന്റെ ആഗ്രഹം…. അവളുടെ നിസഹായാവസ്ഥ.. അതൊക്കെ ഒരുപാട് പിടിച്ചു കുലുക്കിയപ്പോ നിന്നെ ഇരയാക്കേണ്ടി വന്നു….. നിന്നെ ഓരൊ തവണ തൊടുമ്പോഴും എത്ര തവണ മാപ്പിരന്നിട്ടുണ്ടെന്ന് അറിയോ ഞാൻ….പിന്നെയും അറിഞ്ഞോ അറിയാതെയോ നോവിക്കുക മാത്രം ചെയ്തിട്ടേയുള്ളൂ അറിയാം..എന്നാലും …..അതിനൊക്കെ പശ്ചാതപിക്കാൻ ഒരവസരം… ഒരൊറ്റവസരം കൂടെ നി തരണം.. “

കുറച്ചു സമയമവൾ മൗനയായ് നിന്നു…

“കഴിഞ്ഞോ പറയാനുള്ളതൊക്കെയും….. ഞാനും മനുഷ്യ സ്ത്രീയാണ്‌..നിങ്ങളാരും അത് ഓർക്കതെന്താ ..നിങ്ങൾക്ക് ഞാൻ ഒരു തവണ മാപ്പ് നൽകിയതാ…. ഇനി വീണ്ടും ഒരു പരീക്ഷണത്തിനു ഞാൻ ഇല്ലാ…. നിങ്ങൾക്ക് ഭ്രാന്ത് വന്നെന്ന് പറഞ്ഞല്ലോ… എപ്പോഴാ വന്നത്… എന്നെ ഓർത്ത് നീറി നീറിയണോ…എന്നെ ചതിച്ചതോർത്താണോ… അല്ലല്ലോ….””

ഒരിക്കലും ഒരാളെയും നോവിക്കാത്തവൾ ഋഷിയെ വാക്കുകളാൽ കീറി മുറിച്ചു കൊണ്ടിരുന്നു……

“”ഞാൻ ഗർഭിണി ആണെന്ന് പറഞ്ഞ ദിവസം മുതൽ മനസമാധാനം എനിക്ക് കിട്ടിയിട്ടില്ല… ഒരു കരുണയും കൂടാതെ എല്ലാത്തിനുമുള്ള ഉപകരണമാണ് നീയെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട് നിങ്ങൾ……ആ നിങ്ങളെ ഇനിയും സ്നേഹിക്കാൻ എനിക്ക് വയ്യാ….നിങ്ങളെ ഞാൻ മതി മറന്നു സ്നേഹിച്ചിരുന്നു… പക്ഷെ ഇപോഴാ സ്നേഹമൊക്കെയും വറ്റി വരണ്ടുന്ന് കൂട്ടിക്കോ ….. “””

??????????

“”ആര് നളിനിയോ…?? “””

ദേവമ്മ പറഞ്ഞത് കേട്ടപ്പോൾ ദാസ് ഒന്നു ഞെട്ടി….

“”അതേ…. പണവും കൊണ്ട് അവര് കുറച്ച് ദിവസം മുന്നേ ഇവിടെ വന്നായിരുന്നു…. കുഞ്ഞുങ്ങളെ വേണം ഋഷി ചോദിക്കാൻ വരും എന്നൊക്കെ പറഞ്ഞു . പക്ഷെ കൃഷ്ണ നല്ലത് പോലെ കൊടുത്ത് ഇറക്കി വിട്ടു….. “”””

“” സ്വന്തം മകന്റെ ജീവിതം കൊളം തോണ്ടാൻ നിക്കുന്ന ഒരുത്തി ഇവളെ കാണു….. ഋഷിയെ കരുവാക്കി കളിച്ചു…. ശ്ശേ… നളിനിടെ വിചാരം എല്ലാം കൃഷ്ണ വന്നതിനു ശേഷം സംഭവിച്ച വിപത്തുകളാണെന്ന………പക്ഷെ സത്യമെന്തെന്നാൽ ഋഷി തന്നെയാണ്‌ അവന് കിട്ടിയ നല്ലൊരു ജീവിതത്തെ നശിപ്പിച്ചത്…. ഇത്രയും വേദനാജനകമാക്കിയതും അവൻ തന്നെയാ .”””

ഒന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന പോലെ അയാളൊന്ന് നിർത്തി… ഒപ്പം നളിനിയോടുള്ള ദേഷ്യവും മുഖത്തു കലർന്നു…

“” അവള് വരും ന്ന് തോന്നുന്നില്ല ദാസേട്ട… അത്രക്ക് മടുത്തു കാണും… വന്നാലും നളിനി ഇല്ലെ അവിടെ…. കൃഷ്ണക്ക് മനസമാധാനം കൊടുക്കും ന്ന് തോന്നുന്നുണ്ടോ…… ആദ്യമൊക്കെ ഞാനും കരുതുവായിരുന്നു അവർ ഒന്നിക്കണം ന്ന്… പക്ഷെ ഇപ്പോ വേണ്ടന്ന് തോന്നുവാ….””

“”ഇളയമ്മ പറഞ്ഞ അഭിപ്രായം തന്നെയാ എനിക്കും… പിന്നെ കുഞ്ഞുങ്ങളെയോർത്തു ഒന്നിലും ഇടപെട്ട് അഭിപ്രായം പറയുന്നില്ലെന്ന് മാത്രം..മുൻപ് ഞാൻ ഋഷിയെ കാണാൻ വന്നപ്പോഴും അവനോട് പറഞ്ഞതാ ആ പെണ്ണിനെ ചതിക്കാൻ നിക്കരുത് ന്ന്… ഇപ്പോ അതിനുള്ള ഫലം അവൻ അനുഭവിക്കുന്നു അത്ര തന്നെ…. “”

ആനന്ദ് അവന്റെ ഭാഗം കൂടി പറഞ്ഞു..

?????????

കൃഷ്ണയുടെ സംസാരം കേട്ടപ്പോൾ ഒന്നും പറയാതെ നിന്നു ഋഷി…. വല്ലാത്ത നൊമ്പരം മനസ്സിൽ നിറഞ്ഞു കവിഞ്ഞപ്പോളും അവൻ പ്രതീക്ഷ കൈ വെടിഞ്ഞില്ല…….

“”ഒന്ന് മറ്റേ കുഞ്ഞിനെ കൂടി കാട്ടി താ…കൊണ്ട് പോവത്തില്ല എങ്ങും… നിൻറെ സമ്മതമില്ലാതെ ഒന്നും ഇനി ഞാൻ ചെയ്യില്ല “

കെഞ്ചി പറയുന്നവനെ ഇറ്റു നോക്കിയവൾ കയ്യിലെ കുഞ്ഞിനെ ഒന്ന് കൂടി മുറുകേ പിടിച്ചു…..

“”ഇങ്ങനെ തളർത്തല്ലേ കൃഷ്ണ നീയ്.. “””

ആ വാക്കുകൾ കേട്ടപ്പോഴും കുറച്ചു സമയം അങ്ങനെ തന്നെ നിൽക്കുകയായിരുന്നു അവൾ… ഒന്ന് കൊടുത്തൂടെ…. കുറച്ച് നേരെങ്കിലും എന്റെ മക്കൾക്ക് അവരുടെ അച്ഛന്റെ ചൂട് കൊടുക്കണ്ടേ……. ഓർത്തു കൊണ്ടവൾ കയ്യിലെ കുഞ്ഞിനെ അവന് കൊടുത്തു…….ഒരഛന്റെ സ്നേഹത്താൽ അവൻ പൊതിഞ്ഞു പിടിക്കുമ്പോൾ കൃഷ്ണയ്ക്കും ഒരു തരം അനുഭൂതിയായിരുന്നു……. പെട്ടെന്ന് തന്നെയവൾ അകത്തേക്ക് പോയി മറ്റേ കുഞ്ഞിനെ കൂടി എടുത്തു കൊണ്ട് വന്നു…..

“”കാണാം… ഇവിടെ വച്ച് എടുക്കാം….. മറ്റൊന്നും പ്രതീക്ഷിക്കരുത് നിങ്ങൾ…..നാളെ ഇവർ വലുതായി കഴിഞ്ഞ് കഥകളൊക്കെ അറിയുമ്പോൾ അച്ഛൻ വന്നിട്ടും ഒന്ന് ഞങ്ങളെ തൊടാൻ പോലും വിട്ടില്ലല്ലോയെന്ന് എന്റെ മക്കൾ പറയരുത്.. അതോണ്ട് മാത്രം….. “

“”താനെന്താടോ ഇങ്ങനെ…… “””

അവൻ ചോദിച്ചപ്പോൾ മറുത്തു പറയാനവൾ നിന്നില്ല……

“”മ്മ്മ്…. “”

ലച്ചുനെ കൂടെ അവൾ അവന്റെ കയ്യിൽ കൊടുത്തു. അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ ഒന്ന് കരയാതെ പറ്റി പിടിച്ചു ചേർന്ന് കിടക്കുന്നത് കണ്ടു….. അവന് അതൊക്കെ കാൺകെ കണ്ണുനീർ പൊട്ടി ഒഴുകി….. അച്ഛനെന്ന വല്ലാത്തൊരു അനുഭൂതിയെ നശിപ്പിച്ചതിൽ മനസ്‌ വല്ലാതെ വിങ്ങി…അവിടെ അഛനും അമ്മയും മക്കളും മാത്രമായി……എല്ലാവരും ഏറെ സന്തോഷിക്കുന്ന നിമിഷം…പക്ഷെ കൃഷ്ണയ്ക്ക് പിന്നെയും നോവുന്നതല്ലാതെ മറ്റൊന്നും തോന്നുന്നുണ്ടായിരുന്നില്ല……

??????????

“”മോള് ഇനി വരുന്നില്ലെന്ന് തീരുമാനിച്ചോ…””

അവസാനമായി ദാസ് ഒന്നുകൂടി ചോദിച്ചു….

“”ഉവ്വ്…. എനിക്കിനീം വയ്യാ ദാസഛ….. വീണ്ടുമൊരു ചതി കൂടി താങ്ങാൻ…. “””

“”ഋഷി മാറി മോളെ… പഴേ പോലല്ല…. ആ കാര്യത്തിൽ ദാസഛൻ ഉറപ്പ് തരാം….. “””

കൃഷ്ണ ഒരു വേള കുഞ്ഞുങ്ങളെ നോക്കി..പിന്നെ മനസ്സിൽ തോന്നിയ കാര്യം തുറന്ന് പറഞ്ഞു.

“”അയാൾ എപ്പോ വേണേലും കുഞ്ഞുങ്ങളെ വന്ന് കണ്ടോട്ടെ……പക്ഷെ ആ ജീവിതത്തിലേക്ക് കയറാനുള്ള ധൈര്യം എനിക്കില്ല…..എന്റെ മനസ് അനുവദിക്കുന്നില്ല…… “”‘

അവളുടെ അവസാന ഉത്തരം കൂടി കേട്ട് കഴിഞ്ഞതോടെ കൃഷ്ണ കൂടെ വരില്ലെന്ന് ദാസഛൻ ഉറപ്പിച്ചു……

“”എങ്കി ഞങ്ങൾ ഇറങ്ങുവാ “””

“”മ്മ്മ്….. “””

ഒന്ന് മൂളിയെങ്കിലും വല്ലാത്ത സങ്കടം…മിഴികളിൽ പിന്നെയും കണ്ണ് നീര്….

“”മക്കൾ പിണങ്ങിയോ….. തീരുമാനം തെറ്റായി പോയോ… “”(ആത്മ )

ദാസഛന്റെ വരവ് കണ്ടപ്പോൾ തന്നെ കൃഷ്ണ ക്ഷമിക്കാൻ തയ്യാറായില്ല എന്ന് ഋഷിക്ക് മനസിലായിട്ടുണ്ടായിരുന്നു…… എല്ലാം സ്വയം വരുത്തി വച്ച വിനകളാണ്…. എന്നാലും അവൾക്കൊന്ന് ക്ഷമിക്കാമായിരുന്നു……… മക്കളെ ഓർത്തെങ്കിലും കൂടെ വരാമായിരുന്നു….

“”പോകാം… വാ…. “”

അവർ ഇറങ്ങി പോകെ കൃഷ്ണ ഒഴിച്ച് ബാക്കിയെല്ലാവരും ഉമ്മറത്തേക്ക് വന്നു… ഋഷി ഒരു തവണ കൂടി തിരിഞ്ഞു നോക്കി… അവളില്ലയെന്ന് തിരിച്ചറിഞ്ഞതും കറി കയറി………

അവനൊന്നു പൊട്ടി കരയണമെന്ന് തോന്നുണ്ടായിരുന്നു…. നളിനിയമ്മ നടത്തിയ നാടകത്തിന്റെ കഥ മുഴുവൻ ദാസഛൻ വഴി അറിഞ്ഞതോടെ സ്വയം മടുപ്പും വെറുപ്പും തോന്നി……. അവർ വീട്ടിലെത്തിയപ്പോഴേക്കും കൃഷ്ണ കൂടെ ഇല്ലാത്തതിന്റെ ആഹ്ലാദത്തിലായിരുന്നു നളിനി…….

“”ഇപ്പോ എന്തായി… ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചില്ലെ….. “”

എത്താൻ നേരമില്ലെന്ന പോലെ ഋഷിയോട് പോയി പറഞ്ഞപ്പോൾ അവനൊന്നു ജ്വലിച്ചു നിന്നു…….. അമ്മയല്ലേ എന്നോർത്തു ദേഷ്യത്തെ നിയന്ത്രിച്ചു കൊണ്ട് ഒന്നും പറയാതെ അകത്തേക്ക് പോയി…മുകളിലേ മുറിയിലേക്കുള്ള പടികൾ കയറവെ അത്ര നേരവും ഒതുക്കി വച്ചിരുന്ന കണ്ണ് നീര് പുറത്തേക്ക് ചാടി……

“””മ്മ്മ്… പോയിട്ടു നാണം കെട്ടുള്ള വരവ് കണ്ടില്ലേ…. അതൊക്കെ പോട്ടെ…കുഞ്ഞുങ്ങളുടെ കാര്യത്തിൽ എന്താ തീരുമാനം ആയത് ? “””

“”നാക്ക് അടക്കി വച്ചോണം മൂധേവി “”

ഒട്ടും സമയം പാഴാക്കാതെ തന്നെ രണ്ടെണ്ണം നളിനിയുടെ കവിളിൽ പൊട്ടിച്ചപ്പോഴായിരുന്നു ദാസഛന് ആശ്വാസമായത്…… പിന്നെ വേദന കൊണ്ട് പുളയുന്ന അവരെ തറപ്പിച്ചു നോക്കി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…

??????????

“”ആര് ഋഷി…. അവനോ…. ദൈവമേ “”

അന്ന് വൈകുന്നേരം തന്നെ ദേവമ്മയുടെ ആധി മൂത്ത ഫോൺ വിളി സംസാരം കേട്ടായിരുന്നു കൃഷ്ണ അരികിലേക്ക് ചെന്നത് …….

“എ.. എ . ന്താ…. ദേവമ്മേ….. “”

“”ഋഷി… അവൻ ആത്മഹത്യക്ക് ശ്രമിച്ചുന്ന്… കുറച്ചു സീരിയസ്… ആ….. കുട്യോളേം കൂട്ടി വരുവോ ന്ന് ചോദിച്ചു… ദാസേട്ടൻ….. “”

കേട്ടപ്പോൾ ഒരു മിന്നൽ കൃഷ്ണയുടെ നെഞ്ചിലൂടെ കടന്ന് പോയി…..നെഞ്ചിൽ ഒരു ഭാരം കടത്തി വച്ചത് പോലെ…

“”മ്.. മരിക്കാൻ നോക്കീന്നോ…. അതിനും ഇനീ ഈ കൃഷ്ണയാവും കുറ്റക്കാരി… വീണ്ടുമെന്തിനാ ഇയാളിങ്ങനെ തോൽപ്പിക്കുന്നെ ദേവമ്മേ “””

ഒരു വെളയവൾ തലയിൽ കൈ വച്ചു…. പിന്നെ ചുമരോട് ചേർന്ന് കൈ പൊത്തി കരഞ്ഞതും ….. ഉള്ളിലെ വിങ്ങൽ ഖണ്ഡം ഭേദിച്ചു പുറത്തേക്ക് വന്നതും….വീണ്ടുമൊരു തോൽവി ഏറ്റ് വാങ്ങാൻ തയ്യാറെന്ന പോലെ നീറി വെന്തതും……….

???????

ഒരു പന്ത് വന്ന് ദേഹത്തു തട്ടിയപ്പോഴായിരുന്നു അവൾ ഓർമകളിൽ നിന്നും ഞെട്ടിയത്…എല്ലാം കഴിഞ്ഞിട്ട് ഏഴു വർഷം പിന്നിട്ടിരിക്കുന്നു. കൃഷ്ണ ചുറ്റുമൊന്ന് നോക്കി.പിന്നെ കടൽ തീരത്തെ കാറ്റിനാൽ പാറി പറക്കുന്ന മുടികളൊതുക്കി വച്ചു മക്കളെ തിരഞ്ഞു .

“” ആമി… നി അമ്മേടെ ദേഹത്താണോടി..എറിയുന്നെ “

“”സോറി മ്മാ …. “”

കൃഷ്ണയുടെ അടുത്ത് നിന്നു പന്തുമെടുത്തു ഓടി പാഞ്ഞു പെണ്ണ്…….

“”അച്ഛാ…….. ദ പിടിച്ചോ “”

തുടരും…