മീര ദയവായി നീ എന്നെ പിന്‍തുടരരുത്‌. എന്നെ ജീവിക്കാന്‍ അനുവദിക്കണം. നിന്റെ കൂടെ ഒരു ജീവിതം എനിക്ക് സാധിക്കില്ല…

മിഥ്യ

Story written by Deepthy Praveen

:::::::::::::::::::::::::::::::::::

” മീര ദയവായി നീ എന്നെ പിന്‍തുടരരുത്‌.. എന്നെ ജീവിക്കാന്‍ അനുവദിക്കണം… നിന്റെ കൂടെ ഒരു ജീവിതം എനിക്ക് സാധിക്കില്ല… അതുകൊണ്ട് ഞാന്‍ പോകുന്നു.. ‘,

വാട്ട്സാപ്പില്‍ വന്ന മെസേജ് മീര വീണ്ടും വീണ്ടും വായിച്ചു.. ഗോപന് എങ്ങനെ കഴിയുന്നു….

മൂന്നരവയസ്സുകാരി മാളൂ രണ്ടു ദിവസമായി അച്ഛനെ തിരക്കുന്നു.. അച്ഛന്‍ സ്വന്തം സുഖം തേടി പോയെന്നു എങ്ങനെ പറയും… ഗോപന്റെ കൈ പിടിച്ചു പോരുമ്പോള്‍ അമ്മ മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളു.. അമ്മയും തന്നെ ഈ ലോകത്ത് തനിച്ചാക്കി…ഇപ്പോള്‍ ഗോപനും.. ഏഴു വയസ്സുകാരന്‍ ഗോകുലും ആകെ ആശങ്കയില്‍ ആയിരുന്നെങ്കിലും എന്റെ കണ്ണീര് കണ്ടായിരിക്കണം ഒന്നും ചോദിക്കാന്‍ മുതിര്‍ന്നില്ല… നിശബ്ദമായി അവിടെയും ഇവിടെയുമൊക്കെ ,അവന്റെ സ്വാധീനം അറിയിച്ചു നിന്നു…

ഇനിയും രണ്ടാഴ്ചയിലേക്കുള്ള സാധനങ്ങള്‍ അവശേഷിക്കുന്നുണ്ടായിരിക്കാം…അതിന് ശേഷം….?

ആലോചനയോടെ അവള്‍ ഇരുന്നു…

ഏഴെട്ടു മാസത്തോളമായി ഗോപന് ആകെയൊരു മാറ്റം വന്നു തുടങ്ങിയിട്ട്… ജോലി കൂടൂതല്‍ കൊണ്ടായിരിക്കുമെന്നു കരുതി താനും ബുദ്ധിമുട്ടിച്ചില്ല.. പക്ഷെ ഓഫീസില്‍ നിന്നും വന്നു കഴിഞ്ഞാലും ഫോണ്‍ താഴെ വെയ്ക്കാതെ കൊണ്ടു നടക്കുകയും പലപ്പോഴും അടക്കിപിടിച്ച ഫോണ്‍ വിളികളും കാരണമാണ് സംശയം തോന്നിയത്….

ഒരു ദിവസം ഉറങ്ങി കിടന്ന ഗോപന്റെ ഫോണില്‍ ജോണ്‍ എന്ന പേരില്‍ വന്ന കോള് തുടരെ തുടരെ ബെല്ലടിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.. മറ്റൊരിക്കല്‍ ഗോപന്റെ ഫോണ്‍ കൈയ്യില്‍ കിട്ടിയപ്പോഴാണ് ആ പേരിലെ ചാറ്റുകള്‍ ശ്രദ്ധിച്ചത്…,അപ്പോഴാണ് അത് ജോണ്‍ അല്ലെന്നും ജീജ ആണെന്നും മനസ്സിലായത്…

താന്‍ ആ ചാറ്റുകള്‍,,കണ്ടൂന്നു മനസ്സിലായപ്പോള്‍ ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും പിന്നീട് ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ ഫോണ്‍ വാങ്ങി കൊണ്ടു പോയ ഗോപനെ നോക്കി നിന്നപ്പോള്‍ തന്റെ ഉള്ളില്‍ തോന്നിയ വികാരം എന്തായിരുന്നു ..

ദേഷ്യമോ.. സങ്കടമോ അതോ തന്നോട് തന്നെ സഹതാപവും പുച്ഛവുമോ…

അറിയില്ല..

,ഒരു ദിവസം ഇതേപറ്റി ചോദിക്കാന്‍ തുനിഞ്ഞപ്പോഴേക്കും ഇങ്ങോട്ടു പറഞ്ഞു..എല്ലാം..

കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടി ആണ്‌… പരസ്പരം മറക്കാന്‍ കഴിയില്ല… നിനക്ക് എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ കഴിയില്ല.. എന്റെ സങ്കല്‍പത്തിലുള്ള പെണ്ണേയല്ല നീ… ഞാന്‍ സ്വപ്നം കണ്ടിട്ടുള്ളത് ജീജയെ പോലെ ഒരു പെണ്ണിനെയാണ്…

വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ നിന്നെ കെട്ടേണ്ടി വന്നതാണ്…. നമ്മള്‍ എന്തിനാണ് പരസ്പരം ഒത്തുപോകാന്‍ കഴിയാതെ ഒരു വീട്ടില്‍ കഴിയുന്നത്… കുഞ്ഞുങ്ങള്‍ക്ക് വേണ്ടത് ഞാന്‍ തന്നോളാം… ”

കുറ്റപെടുത്തലും ഉപദേശങ്ങളുമായി സ്വന്തം തെറ്റുകളെ ന്യായീകരിച്ചു കൊണ്ടേയിരുന്നു … മറുപടി ഒന്നും പറഞ്ഞില്ല… മറുപടി ഇല്ലായിരുന്നു എന്നതാണ് സത്യം.. ഇത്രയും നാളും കൂടെ കഴിഞ്ഞ മനുഷ്യനാണ് അന്യ ഒരുത്തിയുമായി താരതമ്യം ചെയ്യുന്നത്… തന്നെ ഒഴിവാക്കാന്‍ കാരണങ്ങള്‍ ചികയുന്നത്..

പിന്നെയും രണ്ടുമാസം പരസ്പരം മിണ്ടാതെ കടന്നു പോയി.. ഒരു ദിവസം ജോലിക്ക് പോയശേഷം വന്നത് ഈ മെസേജ് ആണ്…

ശൂന്യതയാണ് തോന്നിയത്…. ഇഷ്ടമില്ലാത്തവരുടെ പിന്നാലെ പോയി കൊണ്ടു വന്നിട്ടു കാര്യമില്ലെന്നു അറിയാമെങ്കിലും മനസ് വേദനിച്ചു കൊണ്ടേയിരുന്നു ….

ജീവിതം ഇനി എങ്ങനെ മുന്നോട്ട് പോകുമെന്നു ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല….

ഒരു ജോലി സംഘടിപ്പിച്ചേ പറ്റൂ.. പത്രത്തിലെ ജോലി പരസ്യങ്ങളെല്ലാം തേടി കണ്ടു പിടിച്ചു ജോലിക്ക് അപേക്ഷിക്കുകയാണ് ഇപ്പോള്‍ ഒരാഴ്ചയായി പണി…

പത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് കാമുകന്റെയൊപ്പം പോകാന്‍ കുഞ്ഞിനെ കൊന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്.. അതു വായിച്ചപ്പോള്‍ നെഞ്ചോന്ന് പിടച്ചു… ആലോചനയോടെ കസേരയിലേക്ക് ചാഞ്ഞപ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്…

ഫോണില്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അടക്കാനാവാത്ത സന്തോഷം തോന്നി… കഴിഞ്ഞ ദിവസം പോയ ഒരു ജോലിയുടെ ഇന്‍റര്‍വ്യൂയില്‍ തന്നെ സെലക്ട് ചെയ്തിരിക്കുന്നു… നഗരത്തിലെ അറിയപെടുന്ന കമ്പനിയാണ്…..

അന്ന് അവള്‍ സമാധാനമായി ഉറങ്ങി.. മറ്റേന്നാള്‍ ജോയിന്‍ ചെയ്യണം…

അടുത്ത ദിവസം അവള്‍ ഗോപന്റെ കൂട്ടുകാരന്‍ വിഷ്ണുവിനെ വിളിച്ചു ഗോപനെ പറ്റി അന്വേഷിച്ചു… ഗോപന്‍ ജീജയോടൊപ്പം വീടെടുത്ത് താമസിക്കുക ആണെന്നും ജീജ മുന്‍പ് വിവാഹം കഴിച്ചതല്ലെന്നും മീര ഡിവോഴ്സ് നോട്ടീസില്‍ ഒപ്പിട്ടു കൊടുത്തോ എന്നും മറ്റും ചോദിക്കുകയും പറയുകയും ചെയ്തു.. വിഷ്ണുവിനോട് നന്ദി പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു ഗോകുലിനെ അടുത്തു വിളിച്ചു സംസാരിച്ചു…

വൈകുന്നേരത്തോടെ ഒരു ഓട്ടോ വിളിച്ചു ഗോപന്‍ താമസിക്കുന്നിടത്തേക്ക് പോയി.. വിഷ്ണു പറഞ്ഞ ഊഹം വെച്ചാണ് പോയതെങ്കിലും വീട് കണ്ടെത്താന്‍ അധികം ബുദ്ധിമുട്ടിയില്ല…

ബെല്ലടിച്ചു കാത്തു നില്‍ക്കുമ്പോഴേക്കും മാളു ചുണുങ്ങാന്‍ തുടങ്ങിയിരുന്നു .. ഉച്ചയുറക്കം ശരിയാകാത്തതിന്റെ ദേഷ്യമാണ്… ബെല്ലടിച്ചിട്ടും ആരെയും കാണാത്തതിനാല്‍ ഒന്നു കൂടി ബെല്ലടിക്കാന്‍ തുടങ്ങിയപ്പോഴാണ് ധൃതിയില്‍ ഗോപന്‍ അങ്ങോട്ടു വന്നത്‌..

അപ്രതീക്ഷിതമായി മീരയെ കണ്ട ഞെട്ടല്‍ മുഖത്ത് പ്രകടമായെങ്കിലും സമര്‍ത്ഥമായി അതു മറച്ചു ..

” മീര നിന്നോട് ഞാന്‍ പറഞ്ഞതല്ലേ എന്റെ പിന്നാലെ വരരുതെന്ന്… ഒരാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ എന്തിനാ പുറകെ വരുന്നത്..

നോക്കൂ…. ഞാനും ജീജയും ഒരുമിച്ചു താമസം തുടങ്ങി..ഇനി അവളെ ഉപേക്ഷിക്കാന്‍ കഴിയില്ല… ഇവിടെ നിന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ പോകൂ..”

സ്വന്തം ഭാര്യയെയും മക്കളെയും പുല്ലു പോലെ വലിച്ചെറിഞ്ഞ മനുഷ്യനാണ് ഒരാഴ്ചയായി കൂടെ കഴിഞ്ഞവളെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നു വേവലാതിപെടുന്നത്… മീരയ്ക്ക് ചിരി വന്നു..

”ഞാന്‍ നിങ്ങളെ തിരിച്ചു വിളിക്കാനോ തമ്മില്‍ പിരിയ്ക്കാനോ വന്നതല്ല…” പുച്ഛത്തോടെ അവള്‍ പറഞ്ഞു..

ആശ്വാസത്തോടെ അവളെ നോക്കുമ്പോഴും അയാളുടെ മുഖത്ത് ചോദ്യഭാവം ഉണ്ടായിരുന്നു…

” എനിക്കു ഒരു ജോലി കിട്ടി.. നാളെ മുതല്‍ ജോലിക്ക് പോകണം…വീട്ടില്‍ കുട്ടികളെ നോക്കാന്‍ ആരൂമില്ല.. അവരെ ഇവിടെ ഏല്‍പിച്ചു പോകാന്‍ വന്നതാണ് …. അവരുടെ ചിലവിനുള്ള പൈസ ഞാന്‍ ഇവിടെ എത്തിച്ചോളാം.. ”

മീരയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയാതെ ഗോപന്‍ അന്തംവിട്ടു അവളെ നോക്കി..

” അതെങ്ങനെയാ ശരിയാകുക.. ഇവിടെ നിര്‍ത്താന്‍ പറ്റില്ല.. എനിക്കു ജോലിക്ക് പോകേണ്ടേ.. ” ഗോപന്‍ ദുര്‍ബല ശബ്ദത്തില്‍ എതിര്‍ത്തു…

” അതെന്താ ശരിയാകാത്തത്… എനിക്കും ജോലിക്ക് പോകണം… നിങ്ങള്‍ ഇവര്‍ക്ക് ചിലവീന് തരാമെന്നു പറഞ്ഞ പൈസയല്ലെ ഞാനും തരാമെന്നു പറഞ്ഞത്…

എനിക്കും അധികം പ്രായമൊന്നും ആയില്ലല്ലോ…എനിക്കും ഒരു ജീവിതം വേണ്ടേ…?നിങ്ങളുടെ മക്കളെ വളര്‍ത്തി ജീവിച്ചാല്‍ മതിയോ..? മക്കളുടെ കാര്യത്തില്‍ അച്ഛനും അമ്മയ്ക്കും തുല്യ ഉത്തരവാദിത്വം ആണ്‌.. ”

ഇത്രയും പറഞ്ഞു ചുണുങ്ങി കൊണ്ടിരുന്ന മാളുവിനെ ഗോപന്റെ കൈകളില്‍ പിടിച്ചേല്‍പിച്ചു തിരിഞ്ഞു നടക്കുമ്പോള്‍ മാളുവിന്റെ കരച്ചില് ഉച്ചത്തിലാകുകയും ആ നിലവിളി അവളുടെ നെഞ്ചു തകര്‍ക്കുകയും ചെയ്തു… എന്നിട്ടും അവള്‍ മുന്നോട്ട് തന്നെ നടന്നു..

” എന്താ ഗോപാ അവിടെ ബഹളം ” എന്ന പെണ്‍ശബ്ദം കേട്ടിട്ടും തിരിഞ്ഞു നോക്കിയില്ല…..

അടുത്ത രണ്ടുദിവസങ്ങള്‍ മീരയ്ക്ക് വളരെ ദുഃസഹം ആയിരുന്നു… മക്കളെ കാണാത്ത സങ്കടവും അവര്‍ അവിടെ എങ്ങനെ കഴിയുന്നു എന്ന ആശങ്കയും അലട്ടി.. തന്നോടുള്ള മനോഭാവം എന്തായാലും മക്കളെ ഗോപന് ജീവനാണ് ആ വിശ്വാസത്തിലാണ് മക്കളെ അവിടെയാക്കിയത്…

തീരെ ഇരിപ്പുറയ്ക്കാതെ വന്നപ്പോള്‍ വിഷ്ണുവിനെ വിളിച്ചു… ഗോപന്‍ രണ്ടു ദിവസം കൊണ്ട് ലീവാണെന്നും കുട്ടികളെ നോക്കി വീട്ടില്‍ ഇരിപ്പാണെന്നും പറഞ്ഞപ്പോള്‍ ലേശം ആശ്വാസമായി…

ഇടയ്ക്കിടെ ഗോപന്റെ വീടിന്റെ മുന്നില്‍ പോയി നിന്നു കുട്ടികളെ കണ്ടു പോരുന്നു..ജോലിയുമായി മറ്റുമായി തിരക്കായപ്പോള്‍ വിഷമിച്ചിരിക്കാന്‍ സമയം കിട്ടിയില്ല..

രണ്ടാഴ്ച കഴിഞ്ഞ ഒരു വൈകുന്നേരം ജോലി കഴിഞ്ഞു വന്നു അടുക്കളയിലെ തിരക്കിലാണ് പുറത്ത് ബെല്ലടിക്കുന്ന ശബ്ദം കേട്ടത്… ഗ്യാസ് ഓഫാക്കി മുന്‍വശത്തേക്ക് ചെന്നപ്പോള്‍ ഗോപന്‍ മക്കളെയും കൊണ്ടു നില്‍ക്കുന്നു..

കുട്ടികളെ മടക്കിയേല്‍പിക്കാന്‍ വന്നത് ആയിരിക്കുമോ…

മീര വാതില്‍ തുറന്നു..

മാളൂ ആകെ ക്ഷീണിച്ചു പോയതു കണ്ട് അവള്‍ക്ക് സങ്കടം വന്നെങ്കിലും അവള്‍ ഗോപന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി..

” ങ്ഹ്. .. എന്താ… ”

ഗൗരവത്തോടെ അവള്‍ തിരക്കി..

” മീര… കുഞ്ഞുങ്ങള്‍ ആകെ വല്ലാതെ ആയി.. ”

”അതെന്താ .. നിങ്ങള്‍ നന്നായി നോക്കിയില്ലേ.. ” അവള്‍ പുച്ഛത്തോടെ ചിരിച്ചു…

” മീര , തെറ്റ് എന്റെ ഭാഗത്താണ്… നീ മാപ്പ് തരണം… തെറ്റു പറ്റിപ്പോയി.. ” .അതു പറയുമ്പോള്‍ ഗോപന്റെ കണ്ണുകളില്‍ നീര്‍ത്തിളക്കം…

” എന്തുപറ്റി ഇത്രപെട്ടെന്ന് മടുത്തു പോയോ… നിങ്ങള്‍ പറഞ്ഞ കുറവുകളൊക്കെ ഇപ്പോഴും എനിക്കുണ്ട്.. നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനോ നിങ്ങളുടെ സങ്കല്‍പത്തിലെ പെണ്ണാകാനോ എനിക്കു കഴിയണമെന്നില്ല…. ” മീര വിട്ടുകൊടുത്തില്ല..

”നീ എനിക്കു മാപ്പ് തരണം… ” തല കുനിച്ചു നില്‍ക്കുന്ന ഗോപനെ കൂടുതല്‍ ചവിട്ടി താഴ്ത്താന്‍ തോന്നിയില്ല..

” എന്റെ മക്കളെ ഓര്‍ത്തു അവര്‍ക്ക് വേണ്ടി മാത്രം ഞാന്‍ ക്ഷമിക്കാം.. അവര്‍ക്കു അച്ഛനെ മാത്രം മതി..എനിക്കു ഭര്‍ത്താവിനെ ആവശ്യമില്ല.. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് ഇന്ന് എനിക്കുണ്ട്…. ഞാന്‍ കാരണം എന്റെ മക്കള്‍ക്ക് അച്ഛന്‍ നഷ്ടമാകേണ്ട..”

മാളുനെയും എടുത്ത് ഗോകുലിനെ ചേര്‍ത്തു പിടിച്ചു അവള്‍ അകത്തേക്ക് നടക്കുമ്പോള്‍ തല കുനിച്ച് ഗോപനും അകത്തൂ കടന്നു…

മാളുനെ കുളിപ്പിച്ചു ആഹാരം കൊടുത്ത് ഉറക്കുമ്പോഴൊക്കെയും തങ്ങളുടെ പേരും പറഞ്ഞു അച്ഛനും ജീജയാന്‍റിയും വഴക്കിട്ടതും ജിജയാന്‍റീ വീട് വിട്ടു പോയതും ഗോകുല് പറഞ്ഞു കൊണ്ടേയിരുന്നു .. അതൊക്കെ കേട്ടപ്പോള്‍ മീരയുടെ ചുണ്ടിലൊരു ചിരി വിടര്‍ന്നു.. വിജയിയുടെ ചിരി..