മേശപ്പുറത്ത് അലസമായി കിടക്കുന്ന കവർ കണ്ടതും ആ കുട്ടിയെ ഒന്ന് കാണാൻ തോന്നി…

എഴുത്ത്: ദേവാംശി ദേവ

അഞ്ച് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വീട്ടിലേക്ക് വന്നപ്പോൾ ഉമ്മറത്ത് തന്നെ നിറപുഞ്ചിരിയുമായി പ്രിയപ്പെട്ടവരെല്ലാവരും ഉണ്ടായിരുന്നു..

എന്നെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി അമ്മ..

അനിയത്തിയും അനിയനും കണ്ണ് തുടക്കുന്നുണ്ട്..

അനിയത്തിയുടെ ഭർത്താവിനും അനിയന്റെ ഭാര്യക്കും അപരിചിതത്വം മാറിയിട്ടില്ല..

വീഡിയോ കോളിലൂടെ മാത്രമേ കണ്ടിട്ടുള്ളു..വിവാഹത്തിന് പോലും പങ്കെടുക്കാൻ പറ്റിയില്ല.

ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം അതൊക്കെ സാധാരണയാണ്..

ഞാൻ ചുറ്റുമൊന്ന് നോക്കി..പഴകി പൊളിഞ്ഞ വീട് പുതുക്കി പണിതിരിക്കുന്നു…മുറ്റത്ത് കാർ..അമ്മയുടെയും അനിയത്തിയുടെയും ശരീരത്തിൽ സ്വർണാഭരണങ്ങൾ. അഞ്ച് വർഷം കഷ്ട്ടപ്പെട്ടെങ്കിലും ഇപ്പൊ മനസിനൊരു സുഖം..ഊണിന് ഇഷ്ടപ്പെട്ട വിഭവങ്ങൾ എല്ലാം അമ്മ ഒരുക്കിയിരുന്നു.വർഷങ്ങൾക്ക് ശേഷം മനസ്സറിഞ്ഞ് ആഹാരം കഴിച്ചു.

“ഇനി എത്രയും വേഗം നിന്റെ വിവാഹം നടത്തണം .”അമ്മ പറഞ്ഞപ്പോൾ എതിര് പറയാൻ നാവെടുത്തതാണ്..

അപ്പോഴേക്കും അമ്മ തടഞ്ഞു..

“എതിരൊന്നും പറയണ്ട കണ്ണാ..മരിക്കും മുൻപ് നിന്റെ വിവാഹം നടന്ന് കാണണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്..”

കണ്ണ് തുടച്ച് എഴുന്നേറ്റ് പോയി..

“വിവാഹം എന്ന് കേൾക്കുമ്പോൾ തന്നെ ഒരുതരം മരവിപ്പ് ആണ്..തനിക്ക് എന്ത് യോഗ്യതയാണ് ഉള്ളത്..

ഒരിക്കലും അങ്ങനെ ഒന്ന് എന്റെ ജീവിതത്തിൽ ഉണ്ടാകില്ല..അമ്മയുടെ കണ്ണീരിന് പോലും എന്റെ മനസ്സ് മാറ്റാൻ കഴിയില്ല അമ്മ.” മനസ്സ് ഒരായിരം തവണ ഉറക്കെ വിളിച്ച് പറയുന്നുണ്ട്…ആരും കേൾക്കുന്നില്ലെന്ന് മാത്രം.

രാത്രി എല്ലാവരോടും സംസാരിച്ചിരുന്ന് ഒരുപാട് വൈകി..

ഉറങ്ങാനായി റൂമിലേക്ക് പോകും മുന്നേ അമ്മ അരികിലേക്ക് വന്ന് ഒരു കവർ കൈയ്യിൽ വെച്ചു തന്നു.

“നിനക്കു വേണ്ടി അമ്മ കണ്ടുപിടിച്ച പെണ്ണാണ്..സ്വാതി..നല്ല വിദ്യാഭ്യാസം നല്ല കുടുംബം കാണാനും സുന്ദരി..നല്ല പൊരുത്തവും ഉണ്ട്..

ഞായറാഴ്ച തന്നെ മോൻ പോയി കാണണം..

എത്രയും വേഗം ഇത് നടക്കണം എങ്കിലേ അമ്മക്കൊരു സമാധാനം ഉള്ളു..”

അമ്മ തിരികെ പോയതും ഫോട്ടോയുടെ കവർ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. ഭ്രാന്ത് പിടിക്കുന്ന ഓർമകൾ വലിഞ്ഞു മുറുകി ശ്വാസം മുട്ടിച്ചപ്പോൾ പതിവ് പോലെ ഉറക്ക ഗുളികയിൽ അഭയം തേടി..

രാവിലെ വൈകി ആണ് എഴുന്നേറ്റത്. കുറിയൊക്കെ കഴിഞ്ഞ് താഴേക്ക് ചെന്നതും എല്ലാവരുടെയും മുഖത്ത് എന്തോ വിഷമം പോലെ..

ആരും ഒന്നും പറയുന്നതും ഇല്ല..

ഒടുവിൽ അമ്മയെ പിടിച്ചു നിർത്തി കാര്യം ചോദിച്ചു..

“നീ ആ ഫോട്ടോ കണ്ടായിരുന്നോ..”

“പിന്നെ പാതിരാത്രി അല്ലെ ഫോട്ടോ കാണുന്നെ..പിന്നെ നോക്കാം.”

“ഇനി നീ അത് നോക്കേണ്ട..അത് നടക്കില്ല..”

സങ്കടത്തോടെ ആണ് അമ്മ അത് പറഞ്ഞതെങ്കിലും എനിക്കത് വലിയ ആശ്വാസമാണ് നൽകിയത്..

“ആ കൊച്ചിന് തലക്ക് സ്ഥിരത ഇല്ലത്രേ..അത് ഒളിച്ചു വെച്ച് അതിന്റെ വീട്ടുകാര് നമ്മളെ പറ്റിക്കാൻ നോക്കിയതാ..ബ്രോക്കർ പുഷ്പൻ എങ്ങനെയോ വിവരം അറിഞ്ഞു..ഉടനെ എന്നെ വിളിച്ചു പറയുകയായിരുന്നു..”

ഞാൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു..വിവാഹം മുടങ്ങിയതിൽ സന്തോഷം ആണ് തോന്നിയതെങ്കിലും ആ പെൺകുട്ടിയുടെ അവസ്ഥയിൽ ദുഃഖം തോന്നി..

മേശപ്പുറത്ത് അലസമായി കിടക്കുന്ന കവർ കണ്ടതും ആ കുട്ടിയെ ഒന്ന് കാണാൻ തോന്നി..

ആ കവറിൽ നിന്നും ഫോട്ടോ കൈയ്യിലെടുത്തു..

ഒന്നേ നോക്കിയോളു..തലയാകെ ചുറ്റും പോലെ..ശരീരം തളരുന്നു.

നിറഞ്ഞൊഴുകുന്ന രണ്ട് കണ്ണുകളും എന്തൊക്കെയോ പറയുന്ന അധരങ്ങളും ഓർമയിലേക്ക് എത്തി..

അടുത്തിരിന്ന് ജഗിൽ നിന്ന് അല്പം വെള്ളം കുടിക്കാൻ ശ്രമിച്ചെങ്കിലും കൈയുടെ വിറയൽ കാരണം ജഗ്ഗ് താഴെ വീണു പൊട്ടി..

എങ്ങനെയക്കെയോ ബെഡിലേക്ക് കിടന്നു…സുഖമില്ലെന്ന് കള്ളം പറഞ്ഞ് അന്ന് മുഴുവൻ അവിടെ കിടന്നു..

ഒടുവിൽ ഉറച്ചൊരു തീരുമാനവുമായി പുറത്തേക്ക് ഇറങ്ങി..

“ഞാൻ സ്വാതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു..”

ഞെട്ടലോടെ ആണ് എല്ലാവരും ആ വാർത്ത കേട്ടത്..

അമ്മ ശക്തമായി തന്നെ എതിർത്തു..കണ്ണീര്, നിരാഹാരം എല്ലാ മുറകളും എടുത്തു.ഞാനെന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.

ഒടുവിൽ സ്വാതിയെ ഞാൻ താലി ചാർത്തി..

കുട്ടികളെ പോലെ ആയിരുന്നു സ്വാതി..ചോക്ലേറ്റും കാർട്ടൂണും ആയിരുന്നു പ്രിയം..എപ്പോഴും അവളോടൊത്ത് കുഞ്ഞുങ്ങളെ പോലെ കളിച്ചു നടക്കണം ..അവളുടെ വാശികൾക്കും കുറുമ്പിനും മുന്നിൽ ഞാൻ എന്നും തോറ്റ് കൊടുക്കുമായിരുന്നു..വീട്ടിലെല്ലാവർക്കും അവളൊരു തലവേദന ആയിരുന്നെങ്കിലും എന്നെ കരുതി ആരും അവളെ വെറുത്തില്ല..

പതിയെ പതിയെ മാറ്റങ്ങൾ സംഭവിച്ചു..

എപ്പോഴും അനിയന്റെ റൂമിലേക്ക് ഓടി കയറുന്ന സ്വാതി അവന്റെ ഭാര്യക്ക് ഒരു ശല്യമായി തുടങ്ങി..

പ്രൈവസി നഷ്ടമാകുന്നു എന്ന അവന്റെ ഭാര്യയുടെ പരാതി അവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതോടെ അമ്മ തന്നെ നിർബന്ധിച്ച് അവരെ വീട് മാറ്റി..

അനിയത്തി ഗർഭിണിയായപ്പോൾ ഡോക്ടർ റെസ്റ്റ് പറഞ്ഞു..

വാവയുള്ളത് കൊണ്ടാണ് അവളോട് കളിക്കാൻ പോകാത്തതെന്ന് പറഞ്ഞ് അവളുടെ വയറ്റിൽ സ്വാതി അടിച്ചു..അതോടെ അളിയൻ അവളെയും കൂട്ടി വീട്ടിലേക്ക് പോയി..

ചോറുണ്ണാൻ നിർബന്ധിച്ചതിന്റെ പേരിൽ അമ്മയെ വാതിൽ പടിയിൽ നിന്ന് സ്വാതി തള്ളിയിട്ടു..

അത് അറിഞ്ഞ് അനിയത്തിയും ഭർത്താവും വന്നു..

“പ്രസവം അവിടെ മതിയെന്നാണ് ഏട്ടൻ പറയുന്നത്..അപ്പൊ അമ്മ അങ്ങോട്ടേക്ക് വരണല്ലോ..എന്ന പിന്നെ ഇപ്പൊ തന്നെ വന്നാൽ എനിക്കതൊരു സഹായമായേനെ..”

എന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാവും അവൾ അങ്ങനെ പറഞ്ഞത്..

അമ്മ പോയതോടെ ഞാനും സ്വാതിയും മാത്രമായി..

ഞാൻ അവൾക്ക് അമ്മയായി ടീച്ചറായി,കൂട്ടുകാരനായി,മകനായി..

ദിവസങ്ങൾ പോയി മറഞ്ഞു..

ഇടക്ക് fb യിൽ ആണ് ഞാൻ ഒരു ഡോക്ടറെകുറിച്ച് അറിഞ്ഞത്..മനോനില തെറ്റിയവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ മിടുക്കൻ ആണത്രേ..

ഞാൻ സ്വതിയെയും കൂട്ടി അദ്ദേഹത്തെ പോയി കണ്ടു..

മാസങ്ങളോളം നീണ്ടുനിന്ന ചികിത്സ..

ഒരു ദിവസം രാവിലെ ഞാൻ ഉണരുമ്പോൾ എന്നെയും നോക്കി ഇരിക്കുന്ന സ്വാതിയെ ആണ് കാണുന്നെ..

അവലുടെ നോട്ടത്തിന് മുന്നിൽ ഞാൻ പതറി..

“സ്വാതി..” അവളുടെ തോളിൽ സ്പർശിച്ച എന്റെ കൈ അവൾ ദേഷ്യത്തോടെ തട്ടി എറിഞ്ഞു..

“നിങ്ങളാണോ …നിങ്ങളാണോ ഇത് എന്റെ കഴുത്തിൽ കെട്ടിയത്..”

അറപ്പോടും വെറുപ്പോടും കൂടി സ്വാതി അവളുടെ കഴുത്തിലെ താലി ഉയർത്തി ചോദിച്ചു..

“ങും..”

“എന്തിനാ.. എന്തിനാ നിങ്ങളത് ചെയ്‌തത്‌.”

“സ്വാതി..നിനക്ക് എന്നോട് ദേഷ്യം കാണുമെന്ന് അറിയാം..ഒന്നും അറിഞ്ഞുകൊണ്ട് ആയിരുന്നില്ല. ദുബായിലേക്ക് പോകുന്നതിന്റെ പാർട്ടി നടത്തുവായിരുന്നു അന്ന് ഞാൻ കൂട്ടുകാർക്ക്..മ ദ്യപിച്ച് ബോധം പോയ എന്റെ മുന്നിലേക്ക് അവരിലാരോ ആണ് നിന്നെ കൊണ്ട് നിർത്തിയത്..

ബോധമില്ലാത്ത അവസ്ഥയിൽ പറ്റി പോയതായിരുന്നു.

പിറ്റേന്ന് നേരം വെളുത്തപ്പോൾ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് നിന്നെ ഞാൻ അന്വേഷിച്ചതായിരുന്നു..

ആർക്കും അറിയില്ലായിരുന്നു..

നിന്നെ തിരക്കി കണ്ടു പിടിക്കണം എന്നുണ്ടായിരുന്നു..അതിനുള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ..ആ ജോലി നഷ്ടപ്പെട്ടാൽ എന്റെ കുടുംബം കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടി വന്നേനെ..”

നിറഞ്ഞൊഴുകിയ കണ്ണുകൾ ഞാൻ അമർത്തി തുടച്ചു..

“അന്നത്തെ രാത്രിക്ക് ശേഷം ഞാൻ ഉറങ്ങിയിട്ടില്ല..സമാധാനം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല..

ദൈവമാണ് നിന്നെ എന്റെ മുന്നിലെത്തിച്ചത്..ഇങ്ങനെ അല്ലാതെ ഞാൻ എങ്ങനെയാണ് നിന്നോട് പ്രായശ്ചിത്തം ചെയ്യുന്നത്.”

“ഓഹോ..അപ്പൊ ഇത് പ്രായശ്ചിത്തം ആയിരുന്നോ..

നാലഞ്ചുപേർ ചേർന്ന് ഒരു പെൺകുട്ടിയെ തട്ടി കൊണ്ട് വന്ന് ക്രൂരമായി പീ ഡിപ്പിക്കുക.ആവശ്യം കഴിഞ്ഞ് അവളെ വീടിന് മുന്നിൽ ഉപേക്ഷിക്കുക…

വർഷങ്ങൾക്ക് ശേഷം അത് തെറ്റെന്ന് തോന്നുമ്പോൾ ഒരു താലി കെട്ടി പ്രായശ്ചിത്തം ചെയ്യുക..

കൊള്ളാം.. നന്നായിട്ടുണ്ട്..

ഇത്രയും വർഷം നിങ്ങൾ ഉറങ്ങിയില്ല..അപ്പോൾ എന്റെ വീട്ടുകാരോ..എന്റെ അച്ഛൻ അമ്മ കൂടപ്പിറപ്പ്..അവർ അനുഭവിച്ച വേദന..സമൂഹത്തിന് മുന്നിൽ അഭമാനരായി നിന്ന നിമിഷങ്ങൾ..

അതിനൊക്കെ നിങ്ങൾ എന്ത് പ്രായശ്ചിത്തം ആണ് ചെയ്യാൻ പോകുന്നത്..

മ ദ്യപിച്ച് ബോധം പോയപ്പോൾ പറ്റി പോയ തെറ്റ്..ആ സമയത്ത് നിങ്ങളുടെ അമ്മയോ പെങ്ങളോ ആണ് മുന്നിൽ നിന്നതെങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റുമോ..”

“സ്വാതി…”

“അതുപറഞ്ഞപ്പോൾ പൊള്ളുന്നുണ്ടല്ലേ..അവരെ പോലൊരു പെണ്ണ് തന്നെയാ ഞാനും..പിന്നെ നിങ്ങൾ പറഞ്ഞില്ലേ എനിക്ക് നിങ്ങളോട് ദേഷ്യം ആണെന്ന്. ഒരിക്കലും ഇല്ല..എനിക്ക് നിങ്ങളോട് വെറുപ്പാണ്..അറപ്പാണ്. ഈ ജന്മത്ത് എനിക്ക് നിങ്ങളോട് ക്ഷമിക്കാൻ പറ്റില്ല..ഒരു താലി കെട്ടി,ഒരു ജീവിതം കാണിച്ച് തിരുത്താൻ ആവുന്ന തെറ്റല്ല നിങ്ങൾ ചെയ്തത്..നിങ്ങളുടെ ഭാര്യയിയി ജീവിക്കുന്നതിലും നല്ലത് എന്റെ മരണമാണ്..”

കഴുത്തിലെ താലി പൊട്ടിച്ച് എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് വീട്ടിൽ നിന്നും അവൾ ഇറങ്ങി പോകുമ്പോൾ നിറകണ്ണുകളോടെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു….

വീണ്ടും ഓർമകൾ എന്നെ ശ്വാസം മുട്ടിച്ചു തുടങ്ങി..ചെയ്തുപോയ തെറ്റിന്റെ ഫലമായി മരണം സ്വയം ഞാൻ സ്വീകരിക്കാൻ തീരുമാനിച്ചു..

എന്നാൽ ഒന്ന് അനങ്ങാൻ പോലും ആകാതെ നരകിച്ച് തീരാൻ ആയിരുന്നു ദൈവത്തിന്റെ കോടതി വിധിച്ചത്..