ഹർഷമായി ~ ഭാഗം 01, എഴുത്ത്: ഗൗതമി ഗീതു

“എടോ ഇച്ചായ…. എനിക്ക് തന്നോട് വല്ലാത്ത പ്രേമം തോന്നുന്നുണ്ടെടോ….”

കോളേജ് ഗ്രൗണ്ടിന് നടുമദ്ധ്യത്തിൽ തിങ്ങി കൂടിയ നൂറിലധികം വിദ്യാർത്ഥികളെ വകഞ്ഞ് മാറ്റി മുന്നോട്ട് വന്ന് തന്റെ കൈകളിൽ കൈചേർത്ത് വെച്ച് അവളത് പറഞ്ഞ് നിർത്തുമ്പോൾ അന്നാദ്യമായി അവന്റെ ഹൃദയം താളം മറന്ന് പിടഞ്ഞു പോയി. ചുറ്റും പറക്കുന്ന പൊടി പടലങ്ങൾക്കിടയിലും ഇമ ചിമ്മാതെ തന്നെ മാത്രം വീക്ഷിക്കുന്ന ആ കണ്ണുകളിൽ ഒരായിരം താരകങ്ങൾ കളി പറയുന്നുണ്ട്… വിടർന്ന് നിൽക്കുന്ന കൺപീലികൾക്ക് കുറുകെയായ് നീളത്തിൽ വരച്ച് വെച്ച കറുപ്പ് രേഖകൾ സ്ഥാനം പിഴച്ച് അങ്ങിങായ് പടർന്ന് പിടിച്ചിട്ടുണ്ട്… മൂക്കിൻ തുമ്പിൽ പൊടിഞ്ഞ വിയർപ്പു കണങ്ങൾ സൂര്യ കിരണത്താൽ മാണിക്യം പോൽ മിന്നി തിളങ്ങുന്നുണ്ട്…

മിഴികളിൽ കുസൃതി ഒളിപ്പിച്ച്, ചുണ്ടുകളിൽ ആരെയും മയക്കുന്ന പുഞ്ചിരി നിറച്ച് കാലുകളിൽ ഉയർന്നു പൊങ്ങി അവൾ തന്റെ മീശ മുകളിലേക്ക് പിരിച്ച് വെക്കുമ്പോൾ ഒറ്റ നിമിഷം കൊണ്ട് കോളേജ് ഗ്രൗണ്ട് നിശബ്ദമായി തീർന്നിരുന്നു. ഒരു നിശ്വാസത്തിനപ്പുറം തന്റെ ഹൃദയപാളികളെ ഇത്രമേൽ വാചലമാക്കുന്ന അവളിലെ നോട്ടങ്ങളെ തികഞ്ഞ കൗതുകത്തോടെ അവൻ ഏറ്റുവാങ്ങി.

“എടാ ടെൽവിനെ…. പണിപാളി…. പ്രിൻസി വരുന്നുണ്ടെടാ….”

ദൂരെ നിന്നും ആരോ വിളിച്ച് പറഞ്ഞതും തിങ്ങി നിന്നിരുന്ന കുട്ടികൾ എല്ലാം ചിന്നി ചിതറി തട്ടി മാറ്റി ഓടിയപ്പോഴും അവളുടെ കണ്ണുകളിൽ അതെ കുസൃതി തന്നെ…. ചുറ്റുമൊന്ന് കണ്ണോടിച്ച് ജാള്യത നിറഞ്ഞ മുഖഭാവത്തോടെ കുലുങ്ങി ചിരിച്ചവൾ ഓടി മറയുമ്പോൾ കൈകളിൽ നിന്നും ഊർന്ന് പോയ ഹോക്കി സ്റ്റിക്കിന്റെ ശബ്‌ദവും നെറ്റിയിൽ ഏറ്റ ശക്തമായ പ്രഹരത്തിന്റെ വേദനയും മാത്രം അവശേഷിച്ചിരുന്നു.

☘️☘️☘️☘️☘️☘️

“ഡീ…. നീ എന്താ അവിടെ കാട്ടി കൂട്ടിയത്?”

മുന്നോട്ട് ആടിപാടി പോകാൻ നിന്നവളെ കൈയിൽ പിടിച്ച് നിർത്തികൊണ്ട് ഫാത്തിമ ചോദിച്ചു.

“എന്താ പാത്തു?”

“എന്താന്നോ ? പൊന്ന് മോളെ അവൻ ആരാന്ന് അറിയോ നിനക്ക്?”

“ആരായാലും എനിക്കെന്താ? പ്രേമം തോന്നി ഞാനത് പറഞ്ഞു. അത്രേ ഉള്ളൂ.”

“ന്റെ പടച്ചോനെ….. ഓനെ കണ്ടിട്ട് നേരം 10 മിനിറ്റ് പോലും ആകണില്ല… അയ്ൻ മുന്നേ ന്ത് കോപ്പിലെ പ്രേമം ആണെടി? ഒക്കെ പോട്ടെ… അനക്ക് ഓന്റെ പേരെങ്കിലും അറിയോ?”

“അറിയാലോ….ഇച്ചായൻ…. ന്റെ ഇച്ചായൻ”

കൈ വിടർത്തിപിടിച്ച് തല ഉയർത്തി വട്ടം കറങ്ങിക്കൊണ്ട് അവളത് പറയുമ്പോൾ മുന്നോട്ട് നടന്ന് നീങ്ങുന്ന മറ്റ് കുട്ടികൾ എല്ലാം അതിശയത്തോടെ നോക്കി നിന്നു. അത് കണ്ട് ഫാത്തിമ എല്ലാവരെയും നോക്കി ഇളിച്ച് കൊടുത്ത് അവളുടെ കൈയും പിടിച്ച് ധൃതിയിൽ മുന്നോട്ട് നടന്നു.

“എടി അവനാണ് ടെൽവിൻ. ടെൽവിൻ തോമസ്. അവന്റെ അപ്പൻ എക്സ് മിലിറ്ററി ആണ്. ഒരു ചേച്ചി ഉള്ളത് ഇപ്പോ കേട്ടൊക്കെ കഴിഞ്ഞ് കാനഡയിൽ ആണ്. നീ കരുതുന്ന പോലെ ആള് പൈങ്കിളി അല്ല. തെറ്റ് കണ്ടാൽ വെട്ടൊന്ന് മുറി രണ്ട്. ഒരു സഹോദരൻ എന്ന രീതിയിൽ മാത്രമേ എല്ലാവരും അവനോട് അടുക്കാറുള്ളു. ദേഷ്യക്കാരൻ ഒന്നുമല്ല ട്ടോ… എല്ലാരോടും സ്നേഹത്തോടെ പെരുമാറാറുള്ളു. എന്നാലും പുള്ളിയെ എന്തോ ഒരു ബഹുമാനവും ആരാധനയും ഒക്കെയാണ് എല്ലാവർക്കും. ഇതൊക്കെ ന്റെ ഇക്കാക്ക പറഞ്ഞ് അറിഞ്ഞതാട്ടോ. ഓര് രണ്ടാളും ഭയങ്കര കൂട്ടാണ്.”

ഫാത്തിമയുടെ നീണ്ട പ്രഭാഷണം കേട്ട് ഇവിടെ ഒരുത്തി കോട്ടുവാ വിടാൻ തുടങ്ങി.

“ഓഹ്… ഇങ്ങനെയൊരു പോത്ത്… അന്നോടല്ലേ ഞാനിതൊക്കെ പറയണത്…”

“അയ്ൻ നിന്നോട് ഞാനിപ്പോ വല്ലതും ചോദിച്ചോ ന്റെ പാത്തു….”

“യാ റബ്ബി…. ഇങ്ങനെ ഒന്നിനെ ആണല്ലോ ഇക്ക് കൂട്ടായി നീ ഇവിടെ കാത്ത് വെച്ചത്…. നടക്കങ്ങോട്ട്. ഓഡിറ്റോറിയത്തിക്ക് പോവാം. അവിടെ പരിപാടി തുടങ്ങിക്കണ്.”

പാത്തുവിന്റെ പിറകെ കളിയും പറഞ്ഞ് ആടിപാടി അവൾ മുന്നോട്ട് നടന്നു.

☘️☘️☘️☘️☘️☘️

ടെൽവിൻ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റൽ മുറിയിൽ ആയിരുന്നു. ഒരു വശത്തായി ആപ്പിളും ഓറഞ്ചും മാറി മാറി തട്ടി വിടുന്ന കൂട്ടുകാരെ കണ്ടപ്പോൾ ആണ് സ്ഥലകാല ബോധം വരുന്നത്.

“എന്നാലും ആരായിരിക്കുമെടാ അവൾ?”

ഓറഞ്ചിന്റെ അല്ലി വായിലിട്ട് കുരു ദൂരേക്ക് നീട്ടി തുപ്പികൊണ്ട് അഭി ചോദിച്ചു.

“ആരായാലും കൊച്ച് കൊള്ളാം…. ആ തല്ല് നടക്കുന്നതിനിടയിൽ തന്നെ ലവൾക്ക് പ്രേമം പൊട്ടി മുളച്ച്… ഫസ്റ്റ് ഇയർ ആണ്. ഇവനെ പറ്റി ഒരു കുന്തവും ലവൾക്ക് അറിയാൻ വഴിയില്ല.”

അക്കു ആപ്പിൾ രണ്ട് കഷ്ണമാക്കികൊണ്ട് അഭിക്ക് മറുപടി കൊടുത്തു. അപ്പോഴാണ് ബെഡ്‌ഡിൽ നിന്നും തലയും താങ്ങി എഴുനേൽക്കുന്ന ടെൽവിനെ അവർ കാണുന്നത്.

“ഡേയ്…. അടങ്ങി കിടക്ക്…. എങ്ങോട്ടാണ് തുള്ളി ചാടി…. ഒരു പെണ്ണ് വന്ന് മുന്നിൽ നിന്നപ്പോഴേക്കും അവൻ ദേവലോകത്ത് നിന്നും ഭൂമി വിസിറ്റ് ചെയ്യാൻ വന്ന ഗന്ധർവ്വനെ പോലെ ഇളിച്ച് നിന്ന് തല്ലും വാങ്ങി വന്നേക്കുന്നു…. മറ്റവന്മാർ എന്തോ കരുതിക്കാണും… ശ്ശെ…ഞാൻ മനസ്സിൽ കണ്ട കിനാശ്ശേരി ഇങ്ങനെയൊന്നുമല്ല…”

അഭി പറയുന്നത് കേട്ട് അക്കു അവന്റെ കാലിൽ ചവിട്ടി മിണ്ടാതിരിക്കാൻ പറഞ്ഞു.

“എടാ ടെൽവി…. സാരമില്ലെടാ…. അവന്മാർക്കിട്ട് രണ്ട് പൊട്ടിക്കാൻ പാറ്റാത്ത സങ്കടം ആണ് നിനക്കെന്ന് ഞങ്ങൾക്കറിയാം… നീ പേടിക്കണ്ട… ഇവിടെ നിന്നും ഇറങ്ങിയാൽ ഉടനെ നമ്മൾ അവനെ പുറത്തിട്ട് പൂട്ടുന്നു. പിന്നെ മുന്നും പിന്നും നോക്കാതെ എടുത്തിട്ട് തലങ്ങും വിലങ്ങും അടിക്കാം. എപ്പിടി?”

“നിങ്ങളെ രണ്ടിനേം പിടിച്ച് പുറത്താക്കണ്ടെങ്കിൽ വാ അടച്ച് വെക്കാൻ നോക്ക്.”

അകത്തേക്ക് കയറി വന്ന് ശരത്, രണ്ട് പേരെയും കണ്ണ് കൂർപ്പിച്ച് നോക്കി.

“ഓഹ്… സമാധാനത്തിന്റെ വെള്ളരിപ്രാവ് വന്ന്…”

അക്കു പിറുപിറുത്തു.

“നീയൊക്കെ കൂടിയാണ് ഇവനെ ഇങ്ങനെയാക്കുന്നത്. പല പ്രാവശ്യം ഞാൻ പറഞ്ഞു, സംസാരിച് കാര്യങ്ങൾ തീർപ്പാക്കാൻ നോക്കാൻ… അപ്പോഴൊക്കെ നിങ്ങൾക്ക് വാളെടുത്തില്ലേൽ കൈ തരിക്കും… ഇപ്പോ എന്തായി?”

“അല്ലേടാ ശരത്തെ…. ഈ ഗാന്ധി അപ്പൂപ്പൻ നിന്റെ ആരാന്നാ പറഞ്ഞെ?”

“എന്റെ അമ്മായിയപ്പൻ ആണെടാ തെണ്ടി….”

“അതെങ്ങനെ ശരിയാവും…. അങ്ങേര് ബ്രഹ്മചാരി അല്ലേ…. അല്ലേടാ അക്കു?”

അഭി നിഷ്കളങ്കമായി ചോദിച്ചതും ശരത്തിന്റെ മുഖം മാറി. ശരത് ഒച്ചയെടുത്തതും രണ്ടെണ്ണവും അട്ടം നോക്കി കഥകളി കളിക്കാൻ തുടങ്ങി. ശരത് രണ്ടുപേരെയും തള്ളി മാറ്റി ടെൽവിന്റെ അടുത്തേക്ക് ഇരുന്നു. അവൻ ആപ്പോഴും ബെഡ്‌ഡിൽ കണ്ണുകൾ അടച്ച് തലക്ക് താങ്ങ് കൊടുത്ത് ഇരിപ്പാണ്.

“ടെൽവി…. വേദനിക്കുന്നുണ്ടോടാ?”

ശരത് അവന്റെ നെറുകിൽ കൈച്ചേർത്തു വെച്ച് ചോദിച്ചു.

“അവളെവിടെ?”

കണ്ണുകൾ ഉയർത്തി ടെൽവിൻ ചോദിച്ച ചോദ്യം കേട്ട് മൂന്നും ഞെട്ടി.

“ഏ… ഏതവള്?”

അഭി വിക്കികൊണ്ട് ചോദിച്ചു.

“ഗ്രൗണ്ടിൽ വെച്ച് സംസാരിച ആ കുട്ടി… എനിക്ക്… എനിക്കവളെ കാണണം.”

“ന്തോന്ന്?”

അക്കു അരുതാത്തതെന്തോ കേട്ട കണക്ക് കണ്ണും തള്ളി നിന്നു. ടെൽവി ആരെയും മൈൻഡ് ചെയ്യാതെ കൈയ്യിൽ കുത്തിയ ഡ്രിപ് വലിച്ചൂരി മുന്നോട്ട് നടക്കാൻ തുടങ്ങി.

“ഡാ… എന്ത് ഭ്രാന്താ നീ കാണിക്കുന്നേ?”

ശരത്ത് ടെൽവിന്റെ കൈയിൽ പിടിച്ച് തടഞ്ഞ് നിർത്താൻ ശ്രമം നടത്തി.

“വിടെടാ…. എനിക്കവളെ കാണണം.”

“എടാ വൈകിട്ട് പോയാൽ മതിയെന്ന ഡോക്ടർ പറഞ്ഞേക്കുന്നെ.”

“എനിക്കതൊന്നും അറിയണ്ട. ജസ്റ്റ്‌ ലീവ് മി….”

അത്രയും പറഞ്ഞ് ശരത്തിന്റെ കൈ തട്ടി മാറ്റിയവൻ പുറത്തേക്ക് പോയി. അവന്റെ പ്രവർത്തിയിൽ അതിശയിച്ച് തന്നെയാണ് മൂന്ന് പേരുടെയും നിൽപ്.

ബൈക്ക് എടുത്ത് വേഗത്തിൽ കോളേജ് ലക്ഷ്യം വെച്ച് നീങ്ങുമ്പോഴും പുഞ്ചിരി തൂകുന്ന ആ കണ്ണുകൾ ഒരു മഴപോൽ അവനിൽ പെയ്തുകൊണ്ടിരുന്നു. വെറും നിമിഷങ്ങളുടെ ബലത്തിൽ താനൊരു ചിത്രക്കാരനായും ഹൃദയമൊരു ക്യാൻവാസുമായിതീർന്നിരിക്കുന്നു…. അവിടം കുസൃതി നിറഞ്ഞൊരാ കണ്ണുകൾക്ക്, താരകങ്ങൾ കളി പറയുന്ന കണ്ണുകൾക്ക്, കറുപ്പ് രേഖകൾ അതിർത്തി തീർത്തോരാ കണ്ണുകൾക്ക്, അവൻ പ്രണയം ചാലിച്ച ചായങ്ങൾ പകർന്നുകൊണ്ടിരുന്നു….. ഒരിക്കലും മായാത്തൊരു മനോഹര ചിത്രംപോൽ…

വണ്ടി പാർക്ക്‌ ചെയ്ത് ഓരോ ചുവട് മുന്നോട്ട് നടക്കുമ്പോഴും ഹൃദയം ഒരായിരം കഥകൾ രചിക്കുകയായിരുന്നു…. ആർക്കോ വേണ്ടി…. ആരെയോ പ്രതീക്ഷിച്ച്….മൈതാനത്തിന് നടുവിൽ നിന്ന് ചുറ്റും കണ്ണോടിച്ചു. ആരെയും കാണുന്നില്ല. തീർത്തും ശൂന്യത. പക്ഷെ കാതുകളിൽ കുളിർമഴയായി ആ മധുരഗീതം ഒഴുകിയെത്തി. കണ്ണുകൾ നിലക്കാതെ പരതുന്നത് അവൾക്ക് വേണ്ടിയായിരുന്നു. ഹൃദയം പിടഞ്ഞതും അതിന്റെ ഇണക്കായ് മാത്രമായിരുന്നു…. ഓടി പിടഞ്ഞ് പ്രോഗാം നടക്കുന്ന ഹാളിന്റെ കാവടത്തിന് മുന്നിൽ ശ്വാസം അടക്കിപ്പിടിച്ചവൻ നിന്നു….ഉയരുന്ന കിതപ്പുകളേ അടക്കി നിർത്തി ആ സ്വരമാധുര്യത്തിൽ സർവ്വം വിസ്മൃതിയിലാഴ്ത്തി നിൽകുമ്പോൾ ആൾക്കൂട്ടത്തിനിടയിലും താൻ ഏകനെന്ന് തോന്നിയവന്….

“?ഹർഷമായ്…വർഷമായ്…വിണ്ണിലെ വെണ്ണിലാ തൂവലായ് നാം…ഒരു തുടം നീർ
തെളിയിലൂടെ പാർന്നു നമ്മൾ നമ്മെ…. മെല്ലേ… മെല്ലേ….പലനിറപ്പൂ വിടർന്ന പോൽ നിൻ പുഞ്ചിരി നിറഞ്ഞോ രാവിൻ….ചുണ്ടിൽ… മെല്ലേ….മിഴിയിൽ നിന്നും മിഴിയിലെക്ക്
തോണി തുഴഞ്ഞേ പോയീ….നമ്മൾ… മെല്ലേ….?”

നിറഞ്ഞ പുഞ്ചിരിയോടെ വേദിയിൽ നിന്ന് ഇമകൾ പൂട്ടി സർവ്വം മറന്ന് പാടുന്നവളെ കണ്ണെടുക്കാതെ അവൻ നോക്കി നിന്നു. സിരകളിൽ പടർന്ന് കയറുന്ന ലഹരിപോലെയായിരുന്നു അവളുടെ ശബ്‌ദം. ഒരിക്കലും നിലക്കാതെ അത് തന്നിൽ അനന്ദമായ് പടർന്നിരുന്നെങ്കിൽ എന്നവൻ അറിയാതെയെങ്കിലും കൊതിച്ച് പോയി.

“?തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഈണമായ് നമ്മിൽ….മെല്ലേ…. മായാ… നദി…മായാ…. നദീ…?”

ചുറ്റും ഉയർന്ന കരഘോഷങ്ങളിൽ സമനില വീണ്ടെടുക്കുമ്പോൾ തനിക്ക് തൊട്ട് മുന്നിൽ അവൾ ചിരിയോടെ നിൽപ്പുണ്ട് എന്നത് അവനിൽ തെല്ലൊരു ജാള്യത നിറച്ചു. ഒന്നും പറയാനാവാതെ അവൻ അവളെ നോക്കി നിന്നു. അകന്ന് മാറാതെ അവളിൽ തന്നെ തറഞ്ഞ് നിൽക്കുവാൻ ഹൃദയം വാശി പിടിക്കുന്ന പോലെ…. മുന്നിൽ നിന്നും അവളുടെ രൂപത്തെ പറിച്ച് മാറ്റരുതേയെന്ന് മിഴികൾ പലയാവർത്തി കേണപേക്ഷിക്കും പോലെ…

” ഇച്ചായൻ ന്താ എന്നെ ഇങ്ങനെ നോക്കുന്നെ?”

കുസൃതിയാൽ തന്റെ തോളിലേക്ക് തോൾ മുട്ടിച്ചുകൊണ്ട് ചോദിക്കുമ്പോൾ ആ പുഞ്ചിരി എന്നിലേക്കും പടർന്ന് കയറിയിരുന്നു.

“എന്നതാ കൊച്ചേ നിന്റെ പേര്?”

കൈകെട്ടി നിന്ന് പുഞ്ചിരി വിടാതെ തന്നെ അവൻ അവളോടായി ചോദിച്ചു.

“എന്റെ പേര്….”

പറയാതെ എന്തോ ചിന്തിക്കുന്ന പോലെ അവൾ താടിയിൽ ചൂണ്ടുവിരൽ ചേർത്തു.

“പ്രതീക്ഷ…”

പിന്നിൽ നിന്നും കൂട്ടുകാരിയുടെ വിളി കേട്ടതും അവൾ മറുപടി പറയാതെ തിരിഞ്ഞ് നടന്നു. പക്ഷെ കണ്ണിൽ നിന്നും മറയും മുന്നേ അവൻ പ്രതീക്ഷിച്ച പോലെ അവൾ തിരിഞ്ഞ് നോക്കിയിരുന്നു..

“പാച്ചുന്നാ ന്റെ പേര്.”

പൊട്ടി ചിരിച്ചുകൊണ്ട് കൂട്ടുകാരികൾക്കൊപ്പം അവൾ ദൂരേക്ക് മറയുമ്പോൾ ഹൃദയം ഏതോ ഒരു മൂക സ്വപ്നത്തിൽ എന്ന പോൽ ദിശയറിയാതെ പറക്കുകയായിരുന്നു. ഒരിക്കലും ഉണരുവാൻ കൊതിക്കാതെ ആ സ്വപ്നം വഹിക്കുന്ന നിദ്രയിൽ ഇമകൾ പൂട്ടി ശയിക്കുവാൻ അവന്റെ ഉള്ളം തുടികൊട്ടി. അവൾ പോയ വഴിയേ നോക്കി പുഞ്ചിരിയോടെ നെഞ്ചിൽ കൈവെച്ച് വാതിൽ ചാരിയവൻ നിന്നു.

☘️☘️☘️☘️☘️☘️

“ടെൽവിൻ…. താൻ ഒന്നും മിണ്ടാതെ നിന്നാൽ എങ്ങനാ? നിങ്ങളെ കണ്ടല്ലേ ഇവിടെ ഉള്ള ജൂനിയർസ് പഠിക്കുന്നത്? നിങ്ങളെല്ലാം ഇങ്ങനെ തുടങ്ങിയാൽ ഞാൻ എന്ത് ചെയ്യും?”

“മിസ്സ്‌…. അങ്ങനെ ഞങ്ങളെ മാത്രം അടച്ചാക്ഷേപിക്കരുത്… അവന്മാരോട് കൂടെ ചോദിക്ക് എന്താ ചെയ്ത് വെച്ചതെന്ന്.”

“അവരോട് ഞാൻ സംസാരിച്ചതിന് ശേഷമാണ് ടെൽവിൻ നിന്നെ വിളിപ്പിച്ചത്.”

“മിസ്സ്‌ എന്ത് സംസാരിച്ചെന്ന? അവന്മാരുടെ ഫോൺ ഒന്നെടുത്ത് നോക്ക്. ഈ കോളേജിലെ എത്ര പെൺകുട്ടികളെയാണ് അവൻ ശല്യപെടുത്തുന്നത് എന്നറിയുവോ? ദേ… ഈ ദീപമിസ്സിന്റെ വരെ പിക്സ് അവൻ ക്ലാസ്സ്‌ ടൈമിൽ എടുത്തിട്ടുണ്ട്. ചോദിച്ച് നോക്ക് ടീച്ചർ.”

അത് കേട്ട് ദീപ ഒന്നും പറയാതെ തലതാഴ്ത്തി.

“ഫ്രഷേഴ്‌സ്നോട്‌ മര്യാദക്ക് പെരുമാറാൻ മിസ്സ്‌ തന്നെയല്ലേ ഓർഡർ തന്നത്. യാതൊരു വിധ ബുദ്ധിമുട്ടുകളും അവർക്ക് ഉണ്ടാകരുതെന്ന് പറഞ്ഞിട്ട് അവൻ ചെയ്ത ചെറ്റത്തരം…”

“ടെൽവിൻ….”

പ്രിൻസിപ്പൽ ശാസനയോടെ വിളിച്ചു.

“നോക്ക്…. നീ ഈ കോളേജിലെ കാലിബർ ഉള്ള സ്റ്റുഡന്റസിൽ ഒരാളാണ്. ആ ഒരു കൺസെഷൻ കാരണമാണ് ഞാൻ ആക്ഷൻ എടുക്കാത്തത്. I know…. അവരുടെ ഭാഗത്ത് തന്നെയാണ് തെറ്റ്…. എന്നു കരുതി തല്ലാനും പിടിക്കാനും ഇറങ്ങി മാനേജ്മെന്റിൽ നിന്നും എന്നിക്ക് പഴി കേൾപ്പിക്കരുത്.”

അപ്പോഴാണ് പാതി തുറന്ന വാതിൽ വഴി ഒരാൾ ഓഫീസ് റൂമിലേക്ക് തലയിട്ട് നോക്കുന്നത് കണ്ടത്. പ്രിൻസി അങ്ങോട്ട് സൂക്ഷിച് നോക്കി പിന്നെ ചിരിച്ചുകൊണ്ട് അവളെ കൈ മാടി വിളിച്ചു .

“പാച്ചു ഇങ് വന്നേ…”

പെട്ടന്ന് ആ പേര് കേട്ടതും ടെൽവിയുടെ ഉള്ളം തുടികൊട്ടി. അകത്തേക്ക് തുള്ളി ചാടി വരുന്ന പ്രതീക്ഷയെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു.

“എന്താടി നീ ഒളിഞ്ഞ് നോക്കുന്നെ?”

പ്രിൻസി കണ്ണട മൂക്കിൽ നിന്നും ഉയർത്തി വെച്ച് ഗൗരവത്തോടെ അവളോട് ചോദിച്ചു.

“അതിന് ആരാ കിളവി നിങ്ങളെ നോക്കിയത്? ഞാനെന്റെ ഇച്ചായനെയാ നോക്കിയത്..”

അതെ കള്ള ചിരിയോടെ മുന്നിൽ ഇരിക്കുന്ന ടെൽവിനെ ചൂണ്ടി അവളത് പറഞ്ഞതും അവൻ അന്തം വിട്ടിരുന്നുപോയി.

“എങ്ങനെ എങ്ങനെ? ഇച്ചായനോ?”

പ്രിൻസി അവളുടെ കൈയിൽ പിടിച്ച് ചോദിച്ചു.

“അതെ… ഇച്ചായന… ന്റെ ഇച്ചായൻ…”

ഒരു കൂസലും ഇല്ലാത്ത അവളുടെ സംസാരത്തിൽ നിന്നും അവർ തമ്മിൽ നേരത്തെ പരിചയം ഉണ്ടെന്നവന് മനസ്സിലായി.

“എടിയെടി കാന്താരി…. പഠിക്കാൻ വന്നാൽ പഠിക്കാൻ നോക്ക്… അല്ലാണ്ട് പ്രേമിക്കാൻ നടക്കല്ലേ…”

“ആ… ചെവി വിട്… വിട്… വിടാൻ.”

പാച്ചു വിട്ട് നിന്ന് കണ്ണ് കൂർപ്പിച്ചു.

“ന്തിനാ ന്നെ വിളിച്ചേ?”

“മോൾക്ക് കോളേജ് ഇഷ്ടായോന്ന് ചോദിക്കാൻ..”

“പിന്നെ ഇഷ്ടാവാതെ… പ്രത്യേകിച്ച് ഈ ഇച്ചായനെ… നിക്ക് ഇഷ്ടായി.”

അവളുടെ സംസാരം കേട്ട് പ്രിൻസി ചിരിയോടെ അവളെ ചേർത്ത് നിർത്തി.

“ന്ത്‌ ബുദ്ധിമുട്ട് ഉണ്ടേലും പറഞ്ഞേക്കണം കേട്ടല്ലോ…”

“ഓഹ്… കേട്ടു മിസ്സേ… ഇനി ഞാൻ പൊക്കോട്ടെ.”

“ഹ… ചെല്ല്.”

ടെൽവിയെ നോക്കി പുഞ്ചിരിച്ച് തുള്ളി ചാടി അവൾ പുറത്തേക്ക് പോയി. അവളുടെ പോക്ക് കണ്ട് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരിച്ചു വിരിഞ്ഞിരുന്നു.

☘️☘️☘️☘️☘️☘️

“എന്തിനാടി പ്രിൻസി വിളിച്ചത്?”

“അത്… ഹ… സബ്‌മിറ്റ് ചെയ്ത സർട്ടിഫിക്കറ്റിലെ ഒരു കാര്യം ചോദിക്കാൻ. അത് വിട്… നീ പരിചയപെട്ടോ ഇവളെ?”

അടുത്ത് വന്നിരുന്ന കുട്ടിയെ നോക്കി പാത്തുവിനോട് ചോദിച്ചു.

“അവളൊന്നും മിണ്ടുന്നില്ല… ജാഡയാണെടി. വിട്ടേരെ.”

പാത്തു പറയുന്നത് കേട്ട് പ്രതീക്ഷ അടുത്തിരിക്കുന്നവളെ നെറ്റി ചുളിച്ച് നോക്കി.

“ഹേയ്… ഞാൻ പ്രതീക്ഷ… ഇത് ഫാത്തിമ… ഇയാളുടെ പേരെന്താ?”

ആവേശത്തോടെ തങ്ങളുടെ ബെഞ്ചിന് ഒരു വശം ഒതുങ്ങി കൂടിയിരിക്കുന്ന കുട്ടിയോട് അവൾ ചോദിച്ചെങ്കിലും മൗനമായിരുന്നു മറുപടി. ഇത് കണ്ട് ഫാത്തിമ വാ പൊത്തി ചിരിച്ചു.

“നിന്നോട് ഞാൻ പറഞ്ഞതല്ലെടി…”

പ്രതീക്ഷ എന്തോ മറുപടി പറയാൻ വന്നെങ്കിലും അതിന് മുന്നേ ടീച്ചർ ക്ലാസ്സിലേക്ക് കയറി. ഫസ്റ്റ് ഡേ ആയത്കൊണ്ട് തന്നെ ക്ലാസ്സ്‌ എടുക്കാതെ എല്ലാവരെയും പരിചയപ്പെടാൻ തുടങ്ങി. ഇംഗ്ലീഷിൽ പറയാൻ പറഞ്ഞതുകൊണ്ട് തന്നെ എല്ലാവർക്കും ചെറിയൊരു പരുങ്ങൽ ഉണ്ടായിരുന്നെങ്കിലും അറിയാവുന്ന പോലെ തട്ടി കൂട്ടി പറഞ്ഞു. ഏറ്റവും പിറകിലെ ബെഞ്ചിൽ ആയിരുന്നു അവർ ഇരുന്നത്. ഓരോ ബെഞ്ച് കഴിയുമ്പോഴും അടുത്തിരിക്കുന്ന കുട്ടിയുടെ പരവേശവും വെപ്രാളവും പ്രതീക്ഷ സൂഷ്മമായി വീക്ഷിക്കുകയായിരുന്നു. ആ കുട്ടിയുടെ ഊഴം എത്തിയതും വിറച്ചുകൊണ്ടവൾ എഴുനേൽക്കുന്നതും ഒരക്ഷരം പോലും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്നതും കണ്ട് ക്ലാസ്സിൽ മുറുമുറുപ്പുകൾ ഉയർന്നു. ടീച്ചർ എത്ര ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല. വിയർപ്പു തുള്ളികൾ നേറികിലൂടെ ചാലുകൾ തീർത്ത് ഒഴുകുന്നത് പ്രതീക്ഷ നോക്കിയിരുന്നു. ഒടുക്കം ടീച്ചർ അവളോട് ഇരിക്കാൻ പറഞ്ഞ് ബാക്കി എല്ലാവരോടും സംസാരിച്ചു. കുറച്ച് നേരം എന്തോ ചിന്തിച്ചിരുന്ന ശേഷം പ്രതീക്ഷ വീണ്ടും ആ കുട്ടിക്ക് നേരെ തിരിഞ്ഞു.

“നിനക്ക് വിക്കുണ്ടല്ലേ…”

പൊട്ടി ചിരിച്ചുകൊണ്ട് പ്രതീക്ഷ അവളോട് ചോദിച്ചതും പിടിച്ചു കെട്ടിയ കണ്ണുനീർ ഒഴുകിയിറങ്ങി. ആരെയും നോക്കാതെ അവൾ കരഞ്ഞുകൊണ്ട് ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഓടി. എന്നിട്ടും ചിരിയോടെ ഇരിക്കുന്ന പ്രതീക്ഷയെ കണ്ട് ഫാത്തിമക്ക് ദേഷ്യം നുരഞ്ഞ് പൊന്തി.

“എടി…. നീയിത് എന്ത് പണിയ കാട്ടിയെ? അവളെ എന്തിനാ കളിയാക്കിയത്?”

“കരയാൻ….!”

“ങ്ങേ….കരയാനോ? നിനക്കെന്താ വട്ടാണോ?”

“എടി പാത്തുമ്മ…. അവൾക്ക് കരയണം എന്നുണ്ട്. ബട്ട്‌ ക്ലാസ്സ്‌ റൂം ആണ്, ടീച്ചർ ഉണ്ട്… കുട്ടികൾ കാണും… ഇതൊക്കെ കരുതി അവൾ പിടിച്ച് വെച്ച് നിൽകുവാ. ഇപ്പോൾ ഞാനങ്ങനെ പറഞ്ഞോണ്ട് അവൾ നന്നായി കരയും. നീ നോക്കിക്കോ. ഒരു പത്ത് മിനിറ്റ്. അതിനുള്ളിൽ അവൾ ഇവിടെ വന്നിരിക്കും. കരയാൻ ഉള്ളതാണേൽ കരഞ്ഞ് തീർക്കണം. അല്ലാണ്ട് ചുമ്മ കേട്ടി പൊതിഞ്ഞ് വെച്ചിട്ടെന്തിനാ”

അതും പറഞ്ഞ് അവൾ ടീച്ചറിലേക്ക് ശ്രദ്ധ തിരിച്ചു. പ്രതീക്ഷ പറഞ്ഞ പോലെ തന്നെ പത്ത് മിനുറ്റ് കഴിഞ്ഞതും അവൾ തിരികെ വന്നിരുന്നു. നന്നായി കരഞ്ഞിട്ടുണ്ടെന്ന് ആ കണ്ണ് കണ്ടാൽ അറിയാം. എങ്കിലും ഇപ്പോൾ ശ്രദ്ധ ക്ലാസ്സിൽ മാത്രമാണ്. ഫാത്തിമ്മ അതിശയത്തോടെ പ്രതീക്ഷയെ നോക്കി. അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ച് ക്ലാസ്സിൽ ശ്രദ്ധിച്ചു. ടീച്ചർ കോളേജ് റൂൾസും കാര്യങ്ങളും പറഞ്ഞ് കൊടുത്ത ശേഷം ക്ലാസ്സിൽ നിന്നും പോയി. ബാഗ് എടുത്ത് പുറത്തോട്ട് പോകാൻ നിന്ന ആ പെൺകുട്ടി എന്തോ ഓർത്ത പോലെ പ്രതീക്ഷയുടെ അടുത്തേക്ക് വന്നു.

“I.. Insulting some… Someone just b..by lo…looking their de… demerits is.. is not a big th… thing….!”

ഇടാറുന്ന വാക്കുകളോടെ അവളത്രയും പറഞ്ഞ് ദേഷ്യത്തിൽ വെട്ടി തിരിഞ്ഞ് പുറത്തേക്ക് പോയപ്പോൾ ഫാത്തിമ അന്തം വിട്ട് വായും പൊളിച്ച് നിന്നു പോയിരുന്നു.

“എടി അവൾക്ക് ശരിക്കും വിക്കുണ്ട്.”

ഫാത്തിമ പറയുന്നത് കേട്ട് പ്രതീക്ഷക്ക് ചിരി പൊട്ടി. അവൾ ചിരിച്ച് കൊണ്ട് മുന്നോട്ട് പോയ ആ പെൺകുട്ടിയുടെ കൈയിൽ പിടിച്ച് തടഞ്ഞ് വെച്ചു.

തുടരും…