ഹർഷമായ് ~ ഭാഗം 03, എഴുത്ത്: ഗൗതമി ഗീതു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“എന്താടി വിച്ചു…. നീ ന്തിനാ കരയണേ?”

പാച്ചു വിചുവിന്റെ താടി തുമ്പിൽ കൈചേർത്ത് വെച്ച് ചോദിച്ചു. അവൾ കരയുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല.

“എടി പാത്തുമ്മ…. നീയെങ്കിലും പറ.”

പാത്തു ആണേൽ വായും പൊളിച്ച് വിച്ചുവിനെ തന്നെ നോക്കി നിൽക്കുന്നു. പാച്ചു ശരത്തിനെ ഒന്ന് തല ചെരിച്ചു നോക്കി. തൂവെള്ള ഷർട്ട്‌ ചായയിൽ മുക്കിയെടുത്ത പോലെയുണ്ട്.

“നീ കരയാതെ കാര്യം പറ വിച്ചു.”

“പ… പ… പാച്ചു ഞാൻ ച.. ചായ ഇയാൾടെ മുഖത്ത് ഒ.. ഒ.. ഒഴിച്ചു.”

അതും പറഞ്ഞ് അവള് പിന്നേം കരയാൻ തുടങ്ങി. ഇപ്പോ പാച്ചുവിന്റെയും പിന്നിൽ നിൽക്കുന്ന ടെൽവിയുടെയും കിളികൾ പാറി പോയി. പാച്ചു തല ചൊറിഞ്ഞ് ശരത്തിനേം വിച്ചുവിനെയും മാറി മാറി നോക്കി.

“പ്ഫ… നിർത്തേടി പു ല്ലേ… കൊറേ നേരമായി….. നീയല്ലെടി ഇങ്ങേരെ മുഖത്തേക്ക് ചായ കോരി ഒഴിച്ചത്…. എന്നിട്ട് അതും പറഞ്ഞ് നീ തന്നെ കരയുന്നത് ഏത് കോപ്പിലെ പരിപാടിയ… ശരത്തേട്ടൻ അല്ലെ കരയേണ്ടത്? അല്ലെന്ന്… എന്നിട്ട് ശരത്തേട്ടൻ കരയാതെ നീ കരയുന്നോ?”

ടേബിളിൽ ആഞ്ഞ് അടിച്ചുകൊണ്ട് പാത്തുമ്മ ഒച്ചയെടുത്തതും ഇതൊന്നും അറിയാതെ ഫോണിൽ നോക്കി ചായ കുടിക്കുന്ന അഭിയുടെ തരിപ്പിൽ കയറി കുരാക്കാൻ തുടങ്ങി.

“എടി… ഇവൻ കരയാത്തത് ആണോ നിന്റെ പ്രശ്നം?”

അക്കു കണ്ണുരുട്ടി ചോദിച്ചു.

“അല്ല..അത് പിന്നെ…കാര്യങ്ങളുടെ കിടപ്പ് വശം വെച്ച് ഞാൻ പറഞ്ഞതാ.”

“എടാ ശരത്തെ, ന്താ പ്രശനം?”

ടെൽവിൻ കസേര നീക്കി ശരത്തിനടുത്തേക്കിരുന്നു. അത് കേട്ട് ശരത്തിന്റെ മുഖത്തൊരു കള്ള ചിരി വിരിഞ്ഞു. അവൻ ഒളിക്കണ്ണിട്ട് വിച്ചുവിനെ നോക്കി.

“ഞാൻ അ… അ.. അപ്പോഴത്തെ ദേ.. ദേഷ്യത്തിൽ… അറിയുതെ.. സൊ… സൊ… സോറി.”

ശരത്ത് കൈയും കെട്ടി വിച്ചുവിനെ തന്നെ നോക്കി നിന്നു.

“തിരിച്ച് തരാൻ തന്നെയാണ് വന്നത്. ഇനിയിപ്പോ എന്തായാലും എന്റെ കൈയിൽ തന്നെ ഇരിക്കട്ടെ അത് . തത്കാലം തരാൻ ഉദ്ദേശിക്കുന്നില്ല.”

ബാക്കിയുള്ളവർ ഒന്നും മനസ്സിലാവാതെ അവരെ തന്നെ നോക്കി നിന്നു.

“ന്റെ ഏട്ടൻ ത… ത… തന്നതാ. തി തിരിച്ച് താ. “

വിച്ചു നിറഞ്ഞ കണ്ണുകളോടെ അവനോട് ചോദിച്ചു. പക്ഷെ അവൻ അത് കേൾക്കാത്ത പോലെ ഇരുന്നതെ ഉള്ളൂ. വിച്ചു ദേഷ്യത്തോടെ അവിടെനിന്നും പുറത്തേക്ക് നടന്ന് പോയി.

“ഏട്ടായി…. ന്താ സംഭവം?”

പാച്ചു മുന്നോട്ട് നീങ്ങി സ്വകാര്യം പോലെ ചോദിച്ചു. ശരത്തും അതുപോലെ അവൾക്കരികിലേക്ക് നീങ്ങിയിരുന്ന് പോക്കറ്റിൽ നിന്ന് ഒരു വെള്ളി കൊലുസ് എടുത്ത് കാണിച്ചു.

“അവളുടെയാണ്. ഇത് കൊടുക്കാഞ്ഞിട്ട് പിണങ്ങി പോയതാ.”

“ആഹാ…. ഒരു പെങ്കൊച്ചിന്റെ വെള്ളികൊലുസ് അടിച്ച് മാറ്റി വന്നിരിക്കുവാ ലെ… ചുമ്മാതല്ല അവള് ചായ കോരി ഒഴിച്ചത്.”

പാത്തുമ്മ വാപൊത്തി ചിരിച്ചു.

“ഏയ്‌… അടിച്ച് മാറ്റിയതൊന്നും അല്ല. ഇന്നലെ അവളെ കുറച്ച് സീനിയർസ് വിരട്ടുന്നത് കണ്ട് ഞാൻ ചെന്നതാ. പക്ഷെ എത്തുന്നതിനു മുന്നേ അവള് കരഞ്ഞോണ്ട് ഓടി പോകുന്നത് കണ്ടു. അപ്പോഴാണ് ഇത് താഴെ വീണ് കിടക്കുന്നത് കണ്ടത്. ഇന്ന് രാവിലെ വന്നപ്പോൾ ഞാൻ ഇത് കൊടുക്കാൻ അടുത്തേക്ക് ചെന്നു. പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും അവള് മിണ്ടുന്നില്ല. അപ്പോൾ ഒരു കളിക്ക് വേണ്ടി കൊടുക്കാതെ വെച്ചത. ഇവിടെ വന്ന് അവള് കൈ നീട്ടിയപ്പോഴും സംസാരിച്ചാൽ തരാം ന്ന് പറഞ്ഞത് മാത്രേ ഓർമ്മയുള്ളൂ. ചായ എടുത്ത് മുഖത്തോട്ട് ഒഴിച്ച് അവളിരുന്ന് ഒറ്റ കരച്ചിൽ. ഇപ്പൊ മനസ്സിലായി കക്ഷി എന്താ സംസാരിക്കാൻ മടി കാണിച്ചേ എന്ന്.”

ശരത് ഒരു ചിരിയോടെ പറഞ്ഞു.

“എടാ ഇതങ്ങ് കൊടുത്തേക്ക്. അവളെ ചുമ്മാ വിഷമിപ്പിക്കണ്ട.”

ടെൽവിൻ പറഞ്ഞപ്പോൾ അവൻ കൈയിലെ കൊലുസ് പാച്ചുവിനെ ഏല്പിച്ചു. പാച്ചു ചിരിയോടെ അത് അവന് തന്നെ തിരികെ നൽകി.

“അവള് തന്നെ വന്ന് വാങ്ങട്ടെ…. ഇങ്ങനെ മടിച്ചിരുന്നാൽ ശരിയാവില്ലല്ലോ. ഏട്ടായി അവളുടെ കൈയിലേക്ക് നേരിട്ട് തന്നെ കൊടുത്താൽ മതി.”

ശരത് ചിരിയോടെ തലയാട്ടി കൊലുസ് പോക്കറ്റിൽ ഇട്ടു. കുറച്ച് നേരം എല്ലാവരും സംസാരിച്ചിരുന്ന് ബ്രേക്ക്‌ ടൈം കഴിഞ്ഞപ്പോൾ തിരികെ ക്ലാസ്സിലേക്ക് തന്നെ മടങ്ങി.

☘️☘️☘️☘️☘️☘️☘️☘️

“എടി…. ഇങ്ങേരിത് എന്ത് തേങ്ങയ പറയുന്നേ?”

ക്ലാസ്സ്‌ എടുക്കുന്ന ഹരിലാൽ മാഷിനെ നോക്കി തടിക്കും കൈ കൊടുത്ത് പാത്തു ചോദിച്ചു.

“ആവോ… പറയുന്നത് എല്ലാം തെറ്റാണ്.”

പാച്ചുവും ഹരിലാൽ മാഷിനെ നോക്കികൊണ്ട് പറഞ്ഞു. ക്ലാസ്സ്‌ ടൈമിൽ സർ കൂടെ കൂടെ തെറ്റുകൾ ആവർത്തിച്ചതും ഫ്രണ്ട് ബെഞ്ചിൽ ഒരു കുട്ടി സാറിനോട് എന്ത് പറ്റിയെന്ന് ചോദിക്കുന്നത് കേട്ടു. സർ ഒന്നും മിണ്ടാതെ ബുക്കിലെ ഒരു വർക്ക്‌ തന്നിട്ട് എല്ലാവരോടും ചെയ്യാൻ പറഞ്ഞു. ചെയറിൽ ഇരിക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ച വിഷാദ ഭാവം പാച്ചു കണ്ടിരുന്നു. കുറച്ച് നേരം എന്തോ ചിന്തിച്ചിരുന്ന് പിന്നെ ഫോണിലേക്ക് കണ്ണുകൾ പായിക്കുന്നതും അവൾ ശ്രദ്ധിച്ചു. എന്നാൽ പാത്തു ശ്രദ്ധിച്ചത് അടുത്തിരിക്കുന്ന വിച്ചുവിനെയാണ്.

“എടി വിച്ചു…. ശരത്തേട്ടൻ പാവം ആണ്. നീ വൈകിട്ട് മൂപ്പരോട് ചെന്ന് ചോദിച്ചാൽ മതി. തരും.”

കൂർപ്പിച്ചൊരു നോട്ടമായിരുന്നു അവളുടെ മറുപടി. അത് കണ്ട് പാച്ചു പതുങ്ങി ചിരിച്ചു.

“എടി… നീയിത് എന്തിനാ പേടിച്ച് നിൽക്കണേ? ഏട്ടായിയെ നമുക്കെല്ലാം അറിയാം….He is cool…. നീ ജസ്റ്റ്‌ ചെന്ന് കാര്യം പറ. “

“ഞാൻ പോ… പോണോ?”

“നിനക്ക് അത് വേണമെങ്കിൽ ചെന്ന് ചോദിക്ക്. അല്ല പിന്നെ.”

കുറച്ച് കഴിഞ്ഞതും ക്ലാസ്സിൽ ഒരു കുട്ടി വന്ന് സർനെയും കൂട്ടി പ്രിൻസിയുടെ റൂമിലേക്ക് പോയി. അത് കണ്ടതും പാച്ചു എഴുനേറ്റ് സർ ഇരുന്ന ടേബിളിന് അരികിലേക്ക് നടന്നു.

“നീ ഇതെവിടെ പോകുവാടി?”

പാത്തു ചോദിച്ചതും അവള് ഒന്ന് കണ്ണിറുക്കി കാണിച്ച് ടേബിളിൽ വെച്ചിരുന്ന സറിന്റെ ഫോൺ കൈയിൽ എടുത്തു. ലോക്ക് ഇല്ലാത്തത്കൊണ്ട് ഫോൺ തുറന്നപ്പോൾ ആദ്യം തന്നെ കാണുന്നത് ഹരിലാൽ സർന്റെ ഫാമിലി ഫോട്ടോയാണ്. അതിൽ പുഞ്ചിരിയോടെ നിൽക്കുന്ന കൊച്ചു സുന്ദരിയിലേക്ക് അവളുടെ കണ്ണുകൾ ഉടക്കി. പാച്ചുവിന്റെ ചുണ്ടിൽ മനോഹരമായൊരു ചിരി വിരിഞ്ഞു. അവൾ വാട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ പിൻ ചെയ്ത് വെച്ചിരിക്കുന്ന ‘സൗമ്യ❤️’ എന്ന അക്കൗണ്ടിൽ കയറി. പ്രൊഫൈൽ പിക് നേരത്തെ കണ്ട അതെ വാൾപേപ്പർ. ഒന്നും നോക്കാതെ അവൾ ഒരു ‘sorry’ ടൈപ്പ് ചെയ്ത് അയച്ചു. നിമിഷങ്ങൾകൊണ്ട് തന്നെ തെളിഞ്ഞ് വന്ന നീല ടിക്കിൽ അവളുടെ കണ്ണുകൾ കുസൃതിയാൽ തിളങ്ങി. ദൂരെ നിന്നും ക്ലാസ്സിലേക്ക് വരുന്ന സർനെ കണ്ടതും വേഗം കോൺടാക്ട് ലിസ്റ്റിൽ കയറി ‘സൗമ്യ❤️’ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു. ഇവൾ ചെയുന്ന കോപ്രയിതരം കണ്ട് ക്ലാസ്സ്‌ മൊത്തം അന്തം വിട്ട് നിൽപ്പാണ്.

“പ്രതീക്ഷ….”

ദേഷ്യം നിറഞ്ഞ ഗനഗംഭീരമായ ശബ്ദം കേട്ട് ക്ലാസ്സ്‌ മൊത്തം വിറക്കാൻ തുടങ്ങി. ഇന്നിവിടെ ഒരു യുദ്ധം നടക്കും എന്ന കണക്ക് എല്ലാരും കണ്ണും മിഴിച്ച് അവരെ നോക്കിയിരുന്നു. പാച്ചു ഒന്ന് തിരിഞ്ഞ് നോക്കി ഇളിച്ച്കൊണ്ട് ഓടിച്ചെന്ന് ഫോൺ സർന്റെ ചെവിയോട് ചേർത്തു. അപ്പുറത്ത് നിന്നും കാതിൽ പതിച്ച പ്രിയതമയുടെ തേങ്ങലുകൾ അയാളുടെ ഉള്ളം ഒന്ന് ഉലച്ചു.

“സൗമ്യേ…”

ആ ഒരു വിളിയിൽ തന്നെ പരിഭവങ്ങൾ അലിഞ്ഞില്ലാതാവുകയായിരുന്നു. പാച്ചു ചിരിയോടെ തിരികെ സീറ്റിൽ തന്നെ വന്നിരുന്നു. രണ്ട് സൈഡിൽ നിന്നും ചൂഴ്ന്നുള്ള നോട്ടം കണ്ട് അവൾ പുരികം ചുളിച്ചു.

“എന്തായിരുന്നു അവിടെ?”

“അ.. അതെ എ.. എ.. എന്തായിരുന്നു അവിടെ?”

“എടി, സറിന്റെ വൈഫ്‌ പിണങ്ങി പോയി. അതാണ് മൂപര് സെന്റി അടിച്ച് നിൽക്കുന്നത്.”

“അത് നിനക്കെങ്ങനെ മനസ്സിലായി?”

“ഇത്രേം നേരം കൈയിലെ റിങ്ങിൽ നോക്കിയിരിക്കുന്നത് കണ്ടു. പിന്നെ നേരത്തെ ടെസ്റ്റിലെ ആ കഥയിലെ കാരക്റ്റർ മാറ്റിയാണ് സർ വായിച്ചത്. സ്‌മൃതി സൗമ്യ ആയി. പിന്നെ ഫോണിലേക്ക് കണ്ണും നട്ടുള്ള ഇരിപ്പും. ചുമ്മാ ഒന്ന് കൺഫോം ചെയ്യാൻ ചെന്ന് നോക്കിയതാ. സംഭവം അത് തന്നെ. ഞാൻ വാട്സ്ആപ്പ് എടുത്ത് ഒരു സോറി ടൈപ്പ് ചെയ്ത് വിട്ട് കാൾ ചെയ്ത് സർന് കൊടുത്തു. അതോടെ പ്രശ്നം സോൾവ്.”

വിച്ചുവും പാത്തുവും അവളെ തന്നെ നോക്കിയിരിപ്പാണ്.

“എന്താടി?”

അവരുടെ നോട്ടം കണ്ട് അവൾ നെറ്റി ചുളിച്ചു.

“നിനക്ക് എങ്ങനെ സാധിക്കുന്നു പാച്ചു ഇതൊക്കെ?”

അതിനവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. വരാന്തയിൽ ജനലിലൂടെ തന്നെ നോക്കി നിൽക്കുന്ന ഹരിലാൽ സാറിനെ കണ്ട് അവളുടെ ഉള്ളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നു. എങ്ങാനും ചീത്ത പറഞ്ഞാലോ. സർ അവളെ കൈ മാടി വിളിച്ചു. മടിച്ചു മടിച്ചാണെങ്കിലും അവൾ അടുത്തേക്ക് ചെന്നു.

“ഒരു മാസമായി ഞാനെന്റെ മോളെ കണ്ടിട്ട്. അവളുടെ അച്ഛാ എന്നുള്ള വിളി കേട്ടിട്ട്. വീട്ടുകാരെല്ലാം കൂടെ ഡിവോഴ്സിന് വേണ്ട വഴികൾ നോക്കുവായിരുന്നു എന്ന് ഇന്നാണറിഞ്ഞത്. എന്തുകൊണ്ടോ അങ്ങോട്ട് പോയി വിളിക്കാൻ ഉള്ളിൽ ഒരു മടി. തെറ്റ് എന്റെ ഭാഗത്ത് തന്നെയാണ്. എങ്കിലും ഈഗോ അതിന് സമ്മതിച്ചില്ല.”

പറയുമ്പോൾ സാറിന്റെ കണ്ണിൽ ചെറിയൊരു നീർതിളക്കം അവൾ കണ്ടിരുന്നു.

“താങ്ക്സ് മോളെ.”

അവളുടെ നെറുകിൽ തലോടിക്കൊണ്ട് അയാൾ പറഞ്ഞു.

“സർ… ഒരു പുഞ്ചിരികൊണ്ട് തീരാവുന്ന പ്രശ്നങ്ങളെ മൗനംകൊണ്ട് വലുതാകുന്നത് എന്തിനാ? ചില വിട്ടുകൊടുകലുകൾ തുറന്ന് പറച്ചിലുകൾ…. ഇതൊന്നും ഒരിക്കലും മോശപ്പെട്ട കാര്യമല്ല. ബന്ധങ്ങൾ അകറ്റി മാറ്റൻ വളരെ എളുപ്പമാണ് ചേർത്ത് നിർത്താനാണ് പ്രയാസം എന്നതൊക്കെ പറയുന്നത് വെറുതെയ. ഒരുപക്ഷെ കൈയൊന്നുയർത്തി ചേർത്തു പിടിച്ചാൽ, സ്നേഹം നിറച്ച് ഒരു നോട്ടം നോക്കിയാൽ അവിടെ തീരും എല്ലാ പിണക്കവും. ഒന്ന് ഓർത്ത് നോക്കിയേ, ദേഷ്യം വാശി അവഗണ ഇതിനേക്കാൾ എല്ലാം എത്ര സുന്ദരമാണ് സ്നേഹം എന്ന വാക്ക്…. ഇന്ന് കാണുന്നവരൊന്നും നാളെ നേരം വെളുക്കുമ്പോൾ നമ്മുടെ കൂടെ ഉണ്ടാവണം എന്നില്ല സർ….. ഉള്ള നിമിഷങ്ങളിൽ ഉള്ള് നിറഞ്ഞ് ജീവിക്കാൻ നോക്കിയാൽ എല്ലാ പ്രശ്നവും തീരും.”

അയാൾ പാച്ചുവിന്റെ ഓരോ വാക്കുകളെയും കേൾക്കുകയായിരുന്നു. വിടർന്ന കണ്ണുകളോടെ അയാൾ അവളെ എത്രയോ നേരം തന്നെ നോക്കി നിന്നു.

“ഞാൻ ഓവർ ആക്കിയോ?”

ചമ്മിയ ചിരിയോടെ അവൾ ഹരിലാലിനെ നോക്കി തല ചൊറിഞ്ഞു.

“ഏയ്‌… ഞാൻ ഓർക്കുവായിരുന്നു. ഇത്രേം അറിവുള്ള ഒരു വിദ്യാർത്ഥിയെ ആണല്ലോ ഞാൻ പഠിപ്പിക്കുന്നതെന്ന്.”

ചിരിയോടെ ഹരിലാൽ സർ പറഞ്ഞതും പാച്ചുവും പൊട്ടി ചിരിച്ചു. അപ്പോഴൊക്കെയും ഒരു ജനലിനപ്പുറം, അവളുടെ കളിചിരികൾ എല്ലാം ഉള്ളിൽ പകർത്തി പുഞ്ചിരിയോടെ ഇച്ചായനും ഇരിപ്പുണ്ടായിരുന്നു.

☘️☘️☘️☘️☘️☘️☘️☘️

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് പതിവ് പോലെ പാത്തുമ്മയും പാച്ചുവും കളിച് ചിരിച്ച് മരച്ചുവട്ടിൽ അവരോടൊപ്പം ഇരുന്നു. പാച്ചു ചോദിക്കുന്നതെല്ലാം പാത്തുവിന്റെയും അഭിയുടെയും വീട്ടിലെ വിശേങ്ങൾ മാത്രമാണ്. അച്ഛനൻ അമ്മ അനിയത്തിമാര്…. ഇവരെ പറ്റിയെല്ലാം അവൾ ആവേശത്തോടെ കെട്ടിരിക്കുന്നുണ്ട്. അഭി കുഞ്ഞിലേ ഒപ്പിച്ച കുറുമ്പുകളെ പറ്റിയും അവന്റെ അച്ഛൻ ചുള്ളി കമ്പ് കൊണ്ട് കാലിൽ തല്ലിയതും, പാത്തുമ്മയുടെ ഉമ്മച്ചി ഉണ്ടാക്കുന്ന ഇറച്ചി പത്തിരിയുടെ രുചിയും അങ്ങനെ അങ്ങനെ, ഒന്ന് വിടാതെ എല്ലാം അവൾ കേട്ടിരുന്നു.

“ഇവരെ പറ്റി പറയുന്നത് അല്ലാതെ നിന്നെ പറ്റി പറ പാച്ചൂസേ.”

ശരത്ത് പറഞ്ഞതും അവൾ പുഞ്ചിരിച്ചു.

“എന്നെ പറ്റി…. എന്റെ വീട്ടിലും ഒരുപാട് പേരുണ്ട്…. അച്ഛൻ അമ്മ അനിയത്തിമാര് അനിയന്മാര് അമ്മുമ്മ അപ്പൂപ്പൻ…. എപ്പോഴും ഹാപ്പി.”

“ഇവിടെ അടുത്താണെന്ന് പറഞ്ഞിട്ട്? ഞങളേം കൊണ്ട് പോ പച്ചൂസെ നിന്റെ വീട്ടിലേക്ക്.”

അക്കു പറഞ്ഞതും അവൾ പറ്റില്ലെന്ന് തലയാട്ടി.

“ഞാൻ ഇവിടെ ഹോസ്റ്റലിൽ ആണ്. എന്റെ വീട്ടിലേക്ക് ഒരു ഒന്നൊന്നാര മണിക്കൂർ ഉണ്ട്.”

അത് കേട്ടതും എല്ലാവരും നെറ്റി ചുളിച്ചു.

“നിന്റെ നാട്ടിൽ കോളേജ് ഒന്നും ഇല്ലാഞ്ഞിട്ടാണോ ഡി കുരുപ്പേ ഇത്രേം ദൂരേക്ക് വന്നത്?”

അത് കെട്ടവൾ പൊട്ടി ചിരിച്ചു.

“നമ്മടെ പ്രിൻസി ഞങ്ങടെ ഫാമിലി ഫ്രണ്ട് ആണ്. അങ്ങനെ ഇങ്ങോട്ട് വന്നതാ.”

“എടി ദുഷ്ടേ എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ.”

അവൾ ഒരു കള്ള ചിരിയോടെ ഒന്ന് ചിരിച്ചു.

“എന്റെ വീട്ടിലേക്ക് വൈകാതെ തന്നെ ഞാൻ നിങ്ങളെയൊക്കെ വിളിക്കും. അപ്പോൾ കാണാം. പിന്നെ നിങ്ങൾക്ക് അവിടെ നിന്നും പോരാൻ തന്നെ തോന്നില്ല. അത്രേം രസാണ്.”

അത് കേട്ട് അവരെല്ലാം ചിരിച്ചു. അപ്പോഴാണ് തന്നെ മാത്രം നോക്കിയിരിക്കുന്ന ടെൽവിനെ അവൾ ശ്രദ്ധിക്കുന്നത്.

“എന്നതാ ഇച്ചായ? എന്നോട് പ്രേമം തോന്നുന്നുണ്ടോ?”

അവന് മാത്രം കേൾക്കാൻ പാകത്തിന് അവൾ ചോദിച്ചു.

“നിന്റെ കണ്ണുകൾ ഓരോ നിമിഷവും എന്നോട് പ്രണയിക്കാൻ പറയുന്ന പോലെ തോന്നുവാണെടോ.”

അത് കേട്ട് അവൾ സൗമ്യമായി ഒന്ന് പുഞ്ചിരി തൂകി.

“”എന്റെ കണ്ണുകളിലേക്ക് ഒരുപാട് നേരം നോക്കി നിൽക്കരുതേ ഇച്ചായ. ഇരുട്ടാണ് ഉള്ളം നിറയെ….. വെളിച്ചം തേടി എത്ര നടന്നാലും ദിശയറിയാതെ സ്വയം അകപ്പെട്ട് പോവുകയെ ഉള്ളൂ.””

അവൻ ഒന്നും മനസ്സിലാവാതെ അവളെ തന്നെ നോക്കി നിന്നു.

“എന്നതാ പാച്ചു നീ പറയുന്നത്?”

“ഒന്നുമില്ല ഇച്ചായ…. ഈ പ്രണയം.. അത് എനിക്ക് മാത്രം ആസ്വദിക്കാൻ ഉള്ളതാണ്. എന്റേത് മാത്രം…. എന്നിൽ തുടങ്ങി എന്നിൽ തന്നെ ശമിക്കുന്നത്. അവിടേക്ക് ഇച്ചായൻ പോലും എത്തി നോക്കരുത്. അതെനിക്ക് ഇഷ്ടമല്ല.”

“എന്തുകൊണ്ട്?”

പതിവില്ലാത്ത ഗൗരവം അവന്റെ സംസാരത്തിൽ വന്ന് നിറഞ്ഞു.

“ഒരുനാൾ ഞാൻ ഇച്ചായനെ തേച്ചിട്ട് പോകും അത് തന്നെ.”

പൊട്ടി ചിരിച്ച് അവൾ പറഞ്ഞ വാക്കുകളിൽ അവന്റെ ഉള്ളൊന്ന് പിടഞ്ഞു.

“എങ്കിൽ ശരി മക്കളെ…. ഞാനങ്ങു പോയേക്കുവാ.”

സംസാരത്തിനിടയിൽ പാച്ചു ചാടിക്കേറി പറഞ്ഞു. തന്നിൽ നിന്നും മനഃപൂർവം ഒഴിഞ്ഞ് മാറുന്ന പാച്ചുവിനെ കണ്ട് ടെൽവിനിൽ പരിഭവം നിറഞ്ഞു. കുറച്ച് മുന്നോട്ട് നടന്ന് അവൾ എല്ലാവരെയും തിരിഞ്ഞ് നോക്കി.

“പിന്നേയ് നാളെ ഒരു സർപ്രൈസ് ഉണ്ടേ എല്ലാവർക്കും. അപ്പോൾ രാവിലെ കാണാം.”

അതും പറഞ്ഞ് അവൾ തുള്ളി ചാടി നടന്ന് നീങ്ങി. അവൾ പോയ വഴിയേ തന്നെ അഭിയും അക്കവും പാത്തുമ്മയും ഇറങ്ങി.

“എടാ…. ഞാൻ ഒത്തിരി ഹാപ്പിയാണെടാ… പാച്ചു വന്നതിൽ പിന്നെ… നഷ്ടപെട്ടത് എന്തൊക്കെയോ കൈയിൽ കിട്ടിയ പോലെ. എങ്ങനെയാട അവൾക്കെപ്പോഴും ഇങ്ങനെ കളിച്ച് ചിരിച്ച് നടക്കാൻ കഴിയുന്നത്… ശരിക്കും അസൂയ തോന്നി പോകുവാ അവളോട്.”

ശരത്ത് പറയുന്നത് കേട്ട് ടെൽവിൻ ഒന്ന് മൂളിയാതെ ഉള്ളു.

“എന്താടാ? എന്ത് പറ്റി?”

ടെൽവിന്റെ മൗനം കണ്ട് ശരത്ത് ചോദിച്ചു.

“എടാ… അവൾ…. അവളെ മനസ്സിലാവുന്നില്ലല്ലോടാ. ആ കണ്ണിൽ ഓരോ നിമിഷവും എന്നോടുള്ള സ്നേഹം മാത്രമാണ്. പക്ഷെ… എന്തുകൊണ്ടോ എനിക്കങ്ങോട്ട് എത്തിപ്പെടാൻ കഴിയാത്ത പോലെ. അവൾ അടുത്തുള്ള ഓരോ നിമിഷവും ഞാൻ അവളിൽ അടിമപ്പെട്ടു പോവുകയാണ്. അവളില്ലാത്ത ഓരോ നിമിഷവും യുഗം പോലെയാണ് തോന്നുന്നത്. ഉള്ള് നിറയെ പ്രണയം മാത്രമായിട്ടും ഒരു മറ അവൾ തന്നെ തീർക്കുന്ന പോലെ….”

ശരത് അവൻ പറയുന്നത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.

“പോടാ…. നിനക്ക് തോന്നുന്നതാണ്. അവളെ നമ്മുക്ക് അറിയാലോ…., എപ്പോഴും ആടിപാടി നടക്കുന്ന ഒരു കൊച്ചു ചിത്രശലഭം പോലെയാണ് അവൾ. അതുകൊണ്ട് നിനക്ക് തോന്നുന്നതാവും.”

ശരത്ത് അവനെ സമാധാനിപ്പിക്കാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവന്റെ ഉള്ളിൽ എന്തുകൊണ്ടോ അവളെ കുറിച്ചുള്ള ആകുലതകൾ നുരഞ്ഞു പൊങ്ങി.

തുടരും…