ഹർഷമായ് ~ ഭാഗം 04, എഴുത്ത്: ഗൗതമി ഗീതു

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഇവളിത് എവിടെ പോയി….”

രാവിലെ ക്ലാസ്സ്‌ ടൈം തുടങ്ങിയിട്ടും ഒറ്റൊരെണ്ണവും ക്ലാസ്സിൽ കയറാതെ പാച്ചു പറഞ്ഞ സർപ്രൈസിംനേം നോക്കി കാത്ത് കുത്തിയിരിപ്പാണ്. വിച്ചു ഇടക്കിടക്ക് ഒളിക്കണ്ണിട്ട് ശരത്തിനെ നോക്കും അവൻ തിരിച്ച് നോക്കുമ്പോ വേഗം നോട്ടം മാറ്റി കളയും. കുറെ നേരമായി ഈ കളി തുടങ്ങിയിട്ട്. അവൻ ചിരിച്ചുകൊണ്ട് ടെൽവിന്റെ അരികിൽ നിന്നും എഴുനേറ്റ് വിചുവിന്റെ അരികിലേക്ക് ചെന്നു. അവൻ വരുന്നത് കണ്ട് മാറിയിരിക്കാൻ നിന്നെങ്കിലും അവൻ വിടാതെ കൈയിൽ പിടിച്ചിരുത്തി.

“എന്താ വിച്ചു നിന്റെ പ്രശ്നം?”

അത് കേട്ട് അവൾ കണ്ണ് കൂർപ്പിച്ച് അവനെ നോക്കി. അവൻ ചിരി കടിച്ച് പിടിച്ചിരിപ്പാണ്.

“നീ വാ തുറന്ന് വലതും പറ പെണ്ണേ.”

മരത്തിലേക്ക് ചാരി ഇരുന്ന് കൈകൾ പിണച്ച് കെട്ടി അവൻ പറഞ്ഞു. അവൾക്ക് വല്ലാത്ത പരവേശം തോന്നിയിരുന്നു. നെറ്റിയിൽ വിയർപ്പ് പൊടിയുന്നയത് അവൻ കൗതുകത്തോടെ നോക്കിയിരുന്നു.

“നിനക്ക് കൊലുസ് വേണ്ടേ വിച്ചു?”

അവൾ വേണം എന്ന രീതിയിൽ തലയാട്ടി. അവൻ ചിരിയോടെ അത് പോക്കറ്റിൽ നിന്നും എടുത്തു.

“താനെന്തിനാ എന്റെ വിച്ചു സംസാരിക്കാൻ ഇങ്ങനെ പേടിക്കണേ? ഏഹ്?”

അവൾ ഒന്നും മിണ്ടിയില്ല.

“എടൊ…. വിക്കുണ്ട് എന്നത് ഇത്രേം വലിയ കുറവാണോ? ഇനിയിപ്പോ ആണെങ്കിൽ തന്നെ എനിക്കതൊരു വിഷയം അല്ല കേട്ടോ….”

കള്ള ചിരിയോടെ ശരത് പറയുന്നത് കേട്ട് വിച്ചു നെറ്റി ചുളിച്ച് അവനെ നോക്കി.

“എ… എന്താ?”

അവൾ ഒന്നും മനസ്സിലാവാതെ ചോദിച്ചു.

“ഹാവൂ…. ഒന്ന് മിണ്ടിയല്ലോ. ദാ പിടിച്ചോ നിന്റെ കൊലുസ്. പിന്നെ…. ഇനി ഇങ്ങനെ ഞാൻ അടുത്ത് വന്നാൽ മിണ്ടാതിരിക്കരുത്. എനിക്കത് ഇഷ്ടപെടുന്നില്ല. ബാക്കി എല്ലാവരോടും നീ സംസാരിക്കുന്നുണ്ടല്ലോ…, എന്നോട് മാത്രം എന്താ മിണ്ടാതിരിക്കുന്നെ?”

ആ ചോദ്യത്തിന് മുന്നിൽ അവളൊന്ന് പരുങ്ങി. അവളുടെ മുഖത്തെ ഓരോ ഭാവവും അവൻ കൃത്യമായി നോക്കി കാണുന്നുണ്ട്.

“വ… വൈ ആർ യൂ ആ… ആ.. ആൽവേസ് ലു.. ലൂക്കിംഗ് ലൈക്ക് ദി.. ദിസ്‌?”

കണ്ണുരുട്ടികൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് അവന് ചിരി പൊട്ടി.

“Because i like you….”

കള്ള ചിരിയോടെ അവൻ പറയുന്നത് കേട്ട് വിച്ചു വെപ്രാളത്തോടെ മുഖം തിരിച്ചു. ഒന്നും മിണ്ടാതെ മറ്റെങ്ങോ നോക്കിയിരുന്നു. അപ്പോഴാണ് പ്രിൻസിയുടെ കാർ കോമ്പൗണ്ട് കടന്ന് വരുന്നത് കണ്ട്.

“യോ പണി പാളി. ജീവൻ വേണേൽ രക്ഷപെട്ടോ മക്കളേ.”

അതും പറഞ്ഞ് ഓടാൻ നിന്ന അഭിയെ ടെൽവിൻ മരത്തിന് പിറകിലേക്ക് വലിച്ച് നിർത്തി. മിസ്സ്‌ പോണ വരെ എല്ലാരും മരത്തിന്റെ മറവിലേക്ക് നീങ്ങിയിരുന്നു.

“ടാങ്റ്റാടാ….”

പെട്ടന്ന് മുന്നിലേക്ക് ചാടി പാച്ചു ഒച്ച വെച്ചതും എല്ലാരും അവളെ കണ്ട് ഞെട്ടി തരിച്ച് പോയി.

“യാ റബ്ബി….”

പാത്തുമ്മ അവളുടെ കോലം കണ്ട് നെഞ്ചത്ത് കൈ വെച്ചു.

“എങ്ങനെണ്ട് എങ്ങനെണ്ട്?”

പുരികം നിർത്താതെ പൊക്കി അവൾ എല്ലാവരെയും മാറി മാറി നോക്കി.

“തെങ്ങിന്റെ മണ്ടേൽ ജെറി പഴം പൂത്ത പോലെയുണ്ട്….. ഹുയ്യോ….. ഇമ്മാതിരി കോമഡി….”

അഭി കിടന്ന് ചിരിക്കാൻ തുടങ്ങി. അത് കണ്ട് പാച്ചു കണ്ണ് കൂർപ്പിച്ചു. അക്കു അവൾക്കരികിലേക്ക് ഇറങ്ങി ആകെ മൊത്തം ഒന്ന് വീക്ഷിച്ചു.

“ചുരിദാർ ഷാൾ ജിമിക്കി കമ്മൽ നെറ്റിയിൽ ചന്ദനം എന്നിട്ട് ബോയ് കട്ട്‌…കൊള്ളാം കുഞ്ഞേ….”

അവൻ അവളെ നോക്കി സ്വയം തലക്കടിച്ചു.

“ഹും…. ഏട്ടായി പറ… കൊള്ളില്ലേ?”

അവൾ ശരത്തിന്റെ കൈയിൽ തൂങ്ങി.

“നീ സുന്ദരി അല്ലെ പെണ്ണേ…. അല്ല എന്തിനാ ഇപ്പോ മുടി മുറിച്ചെ?”

“ഡോണറ്റ് ചെയ്തതാ….”

ഇളിച്ചുകൊണ്ട് അവൾ പറയുന്നത് കേട്ട് പാത്തുമ്മയും വിച്ചുവും മുന്നോട്ട് വന്നു.

“അ… അല്ലാതെ നീ… ശ്… ശ്.. ശ്…”

“ശ്രുതി”

പറയാതെ തപ്പി കളിക്കുന്ന വിച്ചുവിനെ കണ്ട് പാത്തുമ്മ പറഞ്ഞു.

“ഹ… ശ്രുതിയെ കണ്ട് ചെ… ചെ.. ചെയ്തതല്ല…”

വിച്ചു അവളെ നോക്കി കണ്ണുരുട്ടി.

“അത് പിന്നെ…. കൗതുകം ലേശം കൂടുതൽ ആയതുകൊണ്ട്… അവൾ ചെയ്താൽ ആഹാ…. ഞാൻ ചെയ്താൽ ഏഹേ…. ഇതെന്ത് കൂത്തപ്പാ”

പാച്ചു പിണക്കത്തോടെ തിരിഞ്ഞ് നിന്നു. അപ്പോഴാണ് അവളെ ചിരിയോടെ നോക്കി നിൽക്കുന്ന ടെൽവിനെ കാണുന്നത്. അവൾ അവനരികിലേക്ക് ചെന്ന് കൈയിലെ ഇലച്ചീന്തിൽ നിന്ന് ഒരു നുള്ള് ചന്ദനം അവന്റെ നെറുകിൽ തൊട്ട് കൊടുത്തു. അവൻ ചിരിയോടെ അത് ഏറ്റ്വാങ്ങി.

“അതേയ്…. നമ്മുക്ക് ഇന്ന് പുറത്തൊക്കെ ഒന്ന് ചുറ്റാൻ പോവാം?”

ടെൽവിന്റെ കൈയിൽ തൂങ്ങി അവൾ എല്ലാവരോടുമായി ചോദിച്ചു.

“യോ…. അതൊന്നും വേണ്ട, പ്രിൻസി അറിഞ്ഞാൽ പണിയാകും.”

“നീയൊന്ന് പോ പാത്തുമ്മ….. ഇന്നെന്റെ പിറനാൾ ആണ്. ഗിഫ്‌റ്റോ നിങ്ങളൊന്നും കൊണ്ട് വന്നില്ല…. ഒരു ഔട്ടിങ് എങ്കിലും.”

അത് കേട്ട് എല്ലാവരും ഞെട്ടി.

“എടി… നീ…. നിന്റെ ബര്ത്ഡേ ആണോ? എന്താടി ഊളെ നേരത്തെ പറയാഞ്ഞേ?”

പത്തുമ്മ അവളുടെ തലയിൽ കൊട്ടികൊണ്ട് ചോദിച്ചു.

“ചുമ്മാ…. ഒരു രസം. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. കൊണ്ട് പോവില്ലേ ഇച്ചായ?”

അവൾ ടെൽവിന്റെ കണ്ണുകളിലേക്ക് നോക്കി. അവൻ ചിരിയോടെ തലയാട്ടി. സമയം കളയാതെ അവരെല്ലാം ടെൽവിന്റെ ജിപ്സിയിൽ കയറി.

“അല്ല മാഡം, എങ്ങോട്ടാണ് പോവേണ്ടത്?”

മുന്നിൽ ഇരുന്ന് ശരത് ചോദിച്ചു.

“അതൊക്കെ ഉണ്ട്… അതും സർപ്രൈസ് ആണ്. ഇച്ചായ ബസ് സ്റ്റാൻഡിലോട്ട് പോട്ടെ.”

അത് കേട്ട് ടെൽവിൻ ഒന്ന് തിരിഞ്ഞ് നോക്കി.

“ബസ് സ്റ്റാന്റോ?”

അഭി അന്തം വിട്ട് ചോദിച്ചു.

“Yes…. കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും വേണ്ട. അവിടെ നമ്മളെ കാത്ത് കുറച്ച് പേരുണ്ട്. ഇന്നത്തെ ലെഞ്ച് അവരുടെ കൂടെ.”

ആർക്കും സംഭവം മനസ്സിലായില്ലെങ്കിലും എല്ലാവരും തലയാട്ടി. ബസ് സ്റ്റാൻഡിൽ എത്തിയതും പാച്ചു ആദ്യം ചാടിയിറങ്ങി. അവളിത് എങ്ങോട്ടാ പോകുന്നത് എന്ന് നോക്കി നിൽപ്പാണ് എല്ലാവരും.

“അല്ല… അവിടെ തന്നെ വായും പൊളിച്ച് നിൽക്കുവാണോ…. ഇങ് വാ.”

പാച്ചു ഓടിവന്ന് ടെൽവിന്റെ കൈയിൽ പിടിച്ച് വലിച്ചു. സ്റ്റാൻഡിന്റെ ഒരു വശത്തായി കുടിലുകൾ കെട്ടി താമസിക്കുന്ന ഒരു കൂട്ടം ആളുകൾ. കുട്ടികൾ, വൃദ്ധർ, ഗർഭിണിമാർ അങ്ങനെ ഒരുപാട് പേർ. നല്ല വസ്ത്രമില്ല, അടച്ചുറപുള്ള വീടില്ല, ആവശ്യത്തിന് ഭക്ഷണമില്ല എങ്കിലും അവരുടെ മുഖത്തെല്ലാം നിറഞ്ഞ പുഞ്ചിരി മാത്രം. അതിൽ ആരോടൊക്കെയോ അവൾ കളി പറയുന്നുണ്ട്, കൊച്ചു കുട്ടികൾ അവൾക്ക് ചുറ്റും വട്ടം കൂടിയതും അവൾ അവരെ ചേർത്ത് പിടിച്ച് മുത്തം നൽകുന്നുണ്ട്, അടുത്ത് പുഞ്ചിരിയോടെ അവളെ നോക്കി നിൽക്കുന്ന സ്ത്രീയുടെ നിറവയറിൽ കാത് ചേർത്ത് വിശേഷം ചോദിക്കുന്നുണ്ട്….. എന്തുകൊണ്ടോ എല്ലാവരുടെയും കണ്ണുകൾ ഈറൻ അണിഞ്ഞു. തിരക്കുപിടിച്ച ജീവിതങ്ങളിൽ നമ്മൾ തിരിഞ്ഞ് നോക്കാതെ മറികടന്ന് പോകുന്നത് എത്രയെത്ര കാഴ്ചകളാണ്….

കുറച്ച് കഴിഞ്ഞതും അടുത്തുള്ളൊരു കടയിൽ നിന്നും വയസ്സായോരാൾ ഒരു പെട്ടിയുമായി വന്നു.

“ഒക്കെ സെറ്റ് അല്ലെ ഉപ്പുപ്പാ?”

“പിന്നല്ലേ…. എല്ലാം ഉണ്ട്. ഇനി മോള് തന്നെ എല്ലാർക്കും കൊടുത്തോ”

“നിങ്ങൾ ന്ത്‌ നോക്കി നിക്കുവാ? വാ. ഇത് കണ്ടോ, ഉപ്പുപ്പന്റെ കടയിലെ അടിപൊളി കോഴി ബിരിയാണിയാണ്. ഇന്നത്തെ ലഞ്ച് ഇത്. അതും ഇവരുടെ കൂടെ. എല്ലാരും എടുക്ക്. അവർക്കും കൊടുക്കണം.”

ആവേശത്തോടെ അവൾ പറഞ്ഞതും എല്ലാവരും അവൾക്കരികിലേക്ക് ചെന്നു. എല്ലാവരുടെ കണ്ണിലും അതിശയമായിരുന്നു പ്രതീക്ഷയെന്ന പെൺകുട്ടിയിൽ. എങ്ങനെയാണ് ഒരാൾക്ക് ജീവത്തെ ഇത്രമേൽ ലളിതമായും മനോഹരമായും കാണാൻ കഴിയുന്നത്?

ഭക്ഷണം കഴിക്കുന്നതിനിടയുലും എല്ലാവരുടെയും കണ്ണുകൽ അവളിൽ തറഞ്ഞ് നിന്നു. എല്ലാവരോടും വാ തോരാതെ സംസാരിക്കുകയാണ് അവൾ. കുട്ടികളുടെ കൂടെ ഇരുന്ന് കളിതമാശകൾ പറയുമ്പോൾ അവളോളം സന്തോഷവതി മാറ്റാരുമില്ലെന്ന് തോന്നി പോവും. കഴിച്ച് കഴിഞ്ഞ് കൈ കഴുകി തിരിഞ്ഞതും അവൾ ഇപ്പോൾ വരാമെന്നും പറഞ്ഞ് അടുത്തുള്ളൊരു കടയിലേക്ക് കയറി.

“മക്കള് പാച്ചു മോളുടെ കൂട്ടുകാരാണ് ലെ?”

ആ വയസായ വ്യക്തി അവർക്കരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു.

“അതെ ഉപ്പുപ്പാ.”

ടെൽവിൻ ചിരിയോടെ പറഞ്ഞു.

“പടച്ചോന്റെ അനുഗ്രഹം ഇങ്ങളിൽ എന്നും ഉണ്ട് മക്കളെ. അതോണ്ടാണ് മോളെ പോലെ ഒരു കൂട്ട് നിങ്ങക്ക് കിട്ടയത്. ദിവസം എത്രയോ പേരെ ഞാൻ കാണുന്നുണ്ട്. ഒരാൾ പോലും ഈ പാവങ്ങളിലേക്ക് അറിയാതെ പോലും നോട്ടം കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇനി നോക്കിയാൽ തന്നെ സഹതാപത്തോടെ അവർ കടന്ന് പോവും. എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഉണ്ടാക്കിയതിൽ പകുതി ഇവറ്റകൾക്ക് കൂടെ കൊടുത്താലോ എന്നൊക്കെ… പിന്നെ വീട്ടിലെ കഷ്ടപ്പാട് ഓർത്ത് ഞാനും കണ്ടില്ലെന്ന് നടിക്കും.”

എല്ലാവരും അയാളുടെ വാക്കുകൾ മൗനമായി കേട്ടിരുന്നു.

“പാച്ചു മോള് ഇവിടെ വരാൻ തുടങ്ങിയിട്ട് ഒരാഴ്ച മാത്രേ ആയിട്ടുള്ളു. പക്ഷെ പടച്ചോന്റെ കൈയൊപ്പ് പതിഞ്ഞ മനസ്സാണ് അതിന്. ആയിരത്തിൽ ഒരാൾക്ക് മാത്രം കിട്ടുന്നത്.”

കൂടുതൽ പറയും മുന്നേ പാച്ചു കുട്ടികളുടെ കൂടെ വന്നിരുന്നു. അവർക്കെല്ലാം കൈനിറയെ മിട്ടായി വാങ്ങി കൊടുത്ത് എല്ലാവരോടും യാത്രപറഞ്ഞാണ് ഇറങ്ങിയത്.

“എന്താ എല്ലാരും മിണ്ടാതിരിക്കണേ?”സർപ്രൈസ് ഇഷ്ടായില്ലേ?”

എല്ലാവരുടെയും മൗനം കണ്ട് അവൾ ചോദിച്ചു.

“എടി പാച്ചു…. വല്ലാത്ത അസൂയ തോന്നുന്നേടി നിന്നോട്.”

പാത്തു പറയുന്നയത് കേട്ട് അവൾ പൊട്ടി ചിരിച്ചു.

“ഇച്ചായ…. ഇനി ബീച്ചിലേക്ക് പോയാലോ? ഒരു സൺസറ്റ് കൂടെ കണ്ട് നമ്മക്ക് മടങ്ങാം. ന്ത്‌ പറയുന്നു.”

എല്ലാവരും ചിരിയോടെ സമ്മതം മൂളി. ബീച്ചിൽ എത്തിയതും പാച്ചു പാത്തുവിനെയും വിച്ചുവിനെയും പിടിച്ച് വലിച്ച് വെള്ളത്തിലേക്ക് ഇറങ്ങി. അത് കണ്ട് പിറകെ തന്നെ അഭിയും അക്കവും ചെന്നു. ശരത്തും ടെൽവിനും മണൽ പരപ്പിൽ ഇരുന്ന് അവരുടെ കാളികളെല്ലാം ആസ്വദിച്ചു.

“ലൈഫിൽ ഈ ദിവസം നമ്മൾ ഒരിക്കലും മറക്കില്ല… അല്ലേടാ ടെൽവി?”

“എങ്ങനെ മറക്കാൻ ആണെടാ? അവൾ കൂടെ ഉള്ള ഒരു നിമിഷങ്ങളും ഓരോ പുതിയ കാഴ്ചകൾ പോലെയാണ്. ഇത് വരെ നമ്മളൊന്നും അറിയാത്തൊരു ലോകം അവൾക്ക് ചുറ്റും ഉണ്ട്. സന്തോഷം മാത്രം കാണുന്നൊരു പെണ്ണ്.”

ടെൽവിന്റെ കണ്ണുകൾ അവളിൽ മാത്രമായി തങ്ങി നിന്നിരുന്നു. അവളിലെ പുഞ്ചിരി അവനിലേക്കും പടർന്ന് കയറി. കൗതുകത്തോടെ അവളുടെ മുഖത്തേക്ക് തന്നെ അവൻ ഉറ്റ് നോക്കി.

“ശരിയാണെടാ…. She is very special.”

ചിരിയോടെ ശരത്ത് പറഞ്ഞു. ടെൽവിന്റെ കണ്ണുകൾ അവളിൽ മാത്രമായി തങ്ങി നിൽക്കുന്നത് കണ്ടതും ശരത്ത് ചിരിയോടെ എഴുനേറ്റ് പാച്ചുവിനരികിൽ ചെന്നു. സൂത്രത്തിൽ അവളെ ടെൽവിന്റെ അരികിലേക്ക് പറഞ്ഞ് വിട്ട് അവർക്കായ് മാത്രം കുറച്ച് സമയം അവൻ നൽകി.

“ഇച്ചായ….”

മണൽ പരപ്പിൽ അവനോട് ചേർന്ന് അവൾ ഇരുന്നു.

“മ്മ്…”

അവൻ അവളിലേക്ക് തന്നെ ഉറ്റ് നോക്കികൊണ്ട് വിളി കേട്ടു.

“എന്നെ വിഷ് ചെയ്തില്ലല്ലോ ഇച്ചായൻ?”

ചുണ്ട് പിളർത്തി അവൾ പറയുന്നത് കേട്ട് അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു.

“പോ… ഞാൻ പിണക്കവ.”

മറ്റെങ്ങോ നോക്കി അവൾ പരിഭവത്തോടെ നീങ്ങി ഇരുന്നു.

“വല്ലാത്ത പ്രണയം തോനുന്നെടി പെണ്ണേ നിന്നോടെനിക്ക്.”

ഒരു കാറ്റ് പോലെ അവന്റെ നിശ്വാസം കാതിൽ പതിഞ്ഞതും അവളുടെ കണ്ണുകൾ വല്ലാതെ പിടഞ്ഞു പോയി. വിടർന്ന കണ്ണുകളോടെ അവൻ അവളെ നോക്കിയിരുന്നു. ഏറെ നേരം അവർക്കിടയിൽ മൗനം നിറഞ്ഞ് നിന്നു.

“അത് വേണ്ട ഇച്ചായ.”

ഉറച്ചതായിരുന്നു അവളുടെ ശബ്‌ദം. അവന്റെ ഉള്ളിൽ എന്തെന്നില്ലാത്ത നിരാശ വന്ന് നിറഞ്ഞു.

“എന്തുകൊണ്ട പാച്ചു? ഞാനൊരു കൃസ്ത്യാനി ആയതാണോ? നിന്റെ വീട്ടുകാർ നമ്മളെ അംഗീകരിക്കില്ല എന്ന് തോന്നിയോ?”

അത് കേട്ട് അവൾ പൊട്ടി ചിരിച്ചു.

“അതിന് ഞാൻ ഹിന്ദു ആണെന്ന് ഇച്ചായനോട് ആര് പറഞ്ഞു.”

അത് കേട്ട് അവൻ നെറ്റി ചുളിച്ചു.

“പിന്നെ…. നീയിന്ന് അമ്പലത്തിൽ പോയതോ?”

“എന്റെ ഇച്ചായ…. എന്നും രാവിലെ ഹോസ്റ്റലിലേക്ക് അമ്പലത്തിൽ നിന്നും പാട്ട് കേൾക്കാറുണ്ട്. അപ്പോൾ വാർഡനോട് ചോദിച്ച് പോയി. അമ്പലത്തിൽ ചെന്നപ്പോൾ അവിടെ ആരും എന്നോട് ഹിന്ദു ആണോ മുസ്ലിം ആണോ എന്നൊന്നും ചോദിച്ചില്ല. സൊ ഞാൻ കേറി തൊഴുതു പൊന്നു. അത്രേ ഉള്ളൂ…. മതത്തിൽ വിശ്വാസം ഇല്ലാഞ്ഞിട്ട എനിക്കെന്റെ വീട്ടുകാർ പ്രതീക്ഷ എന്ന പേര് ഇട്ടത് തന്നെ. സൊ എപ്പോ എവിടെ വേണേലും എനിക്ക് പോവാം. ഈ മതമൊക്കെ നമ്മുടെ മൈൻഡ് റിഫ്രഷിങ്ന് വേണ്ടി അല്ലെ ഇച്ചായ. പരാതികൾ പറയാതെ നമ്മളെ കേൾക്കുവാൻ നമ്മൾ തന്നെ സൃഷ്ടിച്ചെടുത്തൊരു മാർഗം.”

അവൾ ചിരിയോടെ പറഞ്ഞ് നിർത്തി.

“പിന്നെ എന്തുകൊണ്ട നീ എപ്പോഴും നമ്മുക്കിടയിൽ ഒരു മറ തീർക്കുന്നത്?”

അവന്റെ ചോദ്യത്തിൽ തികഞ്ഞ നിരാശയുണ്ടായിരുന്നു, വിരഹത്തിന്റെ നോവുകൾ ഉണ്ടായിരുന്നു, അപേക്ഷയുടെ ചിലമ്പലുകൾ ഉണ്ടായിരുന്നു. പക്ഷെ അവയെല്ലാം തന്റെ മനസ്സിൽ വെറുമൊരു ജല്പനങ്ങൾ മാത്രമായ് തീർന്നതും അവളുടെ ചുണ്ടുകളിൽ അർദ്ധശൂന്യമായൊരു ചിരി വിരിഞ്ഞു.

“”ഈ കടലിനെ കാണുന്നില്ലേ ഇച്ചായൻ….ആർത്തിരമ്പി അവ കരയെ ചുംബിക്കുന്നത് കാണുന്നില്ലേ? തിരമാലകളായ് വന്ന് അവളെ അവൻ തന്റെ മാറോട് ചേർക്കുന്നത് കാണുന്നില്ലേ? പക്ഷെ എന്നെങ്കിലും കടലിന് കരയെ പൂർണമായി അറിയാൻ കഴിയുന്നുണ്ടോ? അവളിലെ ഓരോ അണുവിനെയും തന്റേത് മാത്രമാക്കാൻ കഴിയുന്നുണ്ടോ? പലയാവർത്തി കരയെ ഭ്രാന്തമായി പുൽകുമ്പോഴും അവളെ പൂർണയാക്കാൻ കഴിയാതെ അവ നിരാശയോടെ മടങ്ങി പോകുന്നുണ്ട്….അവിടെ വിരഹം ജനിക്കുന്നുണ്ട്….,അവളിൽ കണ്ണുനീർ പൊടിയുന്നുണ്ട്….ഒരുപക്ഷെ കടൽ തന്റെ പ്രണയിനിയെ പൂർണമായും സ്വന്തമാക്കിയാൽ ഉള്ള അവസ്ഥ ഇച്ചായനോന്ന് ചിന്തിച്ച് നോക്കിയേ. അതോടെ അവൾ ഇല്ലാതാവും. അവരുടെ പ്രണയവും നാമമാത്രമായ് തീരും. അവരുടെ പ്രണയം അങ്ങനെയാണ് ഇച്ചായ. എന്നെങ്കിലും ഒരിക്കൽ കരയെ പൂർണമായും തന്റെത് മാത്രമാക്കാൻ കഴിയുമെന്ന് പ്രതീക്ഷയിൽ അലയടിക്കുന്ന തിരമാലകൾ. അവൻ പകരുന്ന നനവിനാൽ അവനായി മാത്രം കാത്തിരിക്കുന്ന കരയും.””

അവളൊന്ന് നിർത്തികൊണ്ട് അവനെ നോക്കി.

“”ചില പ്രണയങ്ങൾക്ക് അതിന്റെ അപൂർണതയിൽ മാത്രമേ മനോഹരമാകാൻ സാധിക്കുള്ളു ഇച്ചായ..!””

അവൻ മറുപടി ഒന്നും പറഞ്ഞില്ല. ചക്രവാളത്തിൽ പടർന്ന് കയറുന്ന കുങ്കുമ വർണ്ണത്തിലേക്ക് അവർ രണ്ട് പേരും മിഴി പായിച്ചു. കുറച്ച് കഴിഞ്ഞതും ശരത്ത് അവർക്കരികിലേക്ക് വന്നു.

“എന്താണ് രണ്ടെണ്ണവും മിണ്ടാതെ നിൽക്കുന്നത്? പോണ്ടേ? ഇന്ന് പൂരം ആണ് അമ്പലത്തിൽ. ഞാൻ ചെന്നില്ലെങ്കിൽ അവിടെയുള്ളവന്മാരെല്ലാം കൂടെ എന്നെ പഞ്ഞിക്കിടും.”

“പൂരം ആണോ?”

വിടർന്ന കണ്ണുകളോടെ പാച്ചു ശരത്തിനെ നോക്കി.

“അതേല്ലോ പച്ചൂസെ.”

“ശരിക്ക് പറ…. എന്തൊക്കെ ഉണ്ടാവും?”

“വെടിക്കെട്ട്, തായംഭക, നായാടിഭൂതം, ചാലിയൻകുതിര, കാള കളി, അങ്ങനെ അങ്ങനെ…. കൊയ്ത്ത് കഴിഞ്ഞ പാടത്താണ് പൂരം നടക്കുന്നത്. (എന്റെ നാട്ടിലെ പൂരം വെച്ചാണ് ഞാൻ പറയുന്നത് ???, ഇവിടെ ഇങ്ങനെയൊക്കെ ഉണ്ട്) പിന്നെ കുപ്പിവള, ചാന്ത്, മാല, കമ്മൽ, കളിപ്പാട്ടങ്ങൾ….എന്താ മോളെ? പോരുന്നോ?”

അതിനവൾ ഒന്ന് ചിരിച്ചതെ ഉള്ളൂ.

“ഓരോ ഐസ്ക്രീം കൂടെ വാങ്ങി തന്നാൽ നമ്മുക്ക് പോവാം.”

ശരത്തിന്റെ കൈയിൽ തൂങ്ങിക്കൊണ്ട് അവൾ പറഞ്ഞു. എല്ലാവർക്കും ഓരോ ഐസ് ക്രീംമും വാങ്ങി കൊടുത്ത് അവർ അവിടെ നിന്നും തിരികെ പൊന്നു. പാച്ചുവിനെ അവളുടെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്ത്. പോകാൻ നേരം ടെൽവിന്റെ നമ്പർ വെടിച്ച് രാത്രി വിളിക്കാം എന്നും പറഞ്ഞാണ് അവൾ മടങ്ങിയത്.

തുടരും