ആദ്യമായി എൻ്റെ ചോദ്യത്തിന് മറുപടി തരാതെ എൻ്റെ പെണ്ണ് നിശബ്ദയായി, അതെന്നെ വല്ലാതെ നോവിച്ചു…

പരസ്പരം

എഴുത്ത്: രാജു പി കെ കോടനാട്

==========

ആദ്യമായി കിട്ടിയ ശമ്പളവുമായി നേരെ തുണിക്കടയിലേക്ക് കയറി സാമാന്യം നല്ല തിരക്ക് സാറിനോട് പറഞ്ഞ് അല്പം നേരത്തെ ഇറങ്ങിയത് ഭാഗ്യം. ആദ്യം നന്ദേട്ടന് ഏറ്റവും ഇഷ്ടമുള്ള വലിയ കസവുമുണ്ടെടുത്തു അതിന് ചേരുന്ന ഷർട്ടും മീനുവിന് ഉടുപ്പും അച്ചുവിന് ഏറെ ഇഷ്ടമുള്ള ഇളം നീല ടീഷർട്ടും പാൻ്റും വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് ഓർത്തത് എല്ലാവർക്കും വാങ്ങിയപ്പോൾ എനിക്ക് മാത്രം ഒന്നും വാങ്ങിയില്ലല്ലോ എന്ന്.

ഇനിയും വാങ്ങാമല്ലോ ഏട്ടൻ ഒന്നിനും ഒരു കുറവ് വരുത്തിയിട്ടില്ലല്ലോ നാളിതുവരെ എനിക്കും മക്കൾക്കും. തൊട്ടടുത്ത ബേക്കറിയിൽ നിന്നും മിഠായിയും മധുര പലഹാരങ്ങളും വാങ്ങി. പതിവിലും വൈകി വിട്ടിലെത്തുമ്പോൾ ഏട്ടനും മക്കളും ചേർന്ന് ഉമ്മറത്ത് വിളക്ക് കൊളുത്തി നാമജപത്തിലാണ് മീനു എന്നെക്കണ്ടതും അച്ഛൻ്റെ മടിയിൽ നിന്നും ഓടിയിറങ്ങി കൈയിലിരുന്ന കവറുകളിൽ നിന്നും ഒന്ന് പിടിച്ച് വാങ്ങി അകത്തേക്ക് ഓടി കൈകാലുകൾ കഴുകി അകത്ത് കയറിയതും ഏട്ടൻ പുറകിൽ നിന്നും ചേർത്ത് പിടിച്ചു അച്ഛൻ വിളിച്ചിരുന്നു വീട്ടിൽ നിന്നും നീ അവിടന്ന് തിരിച്ചു എന്ന് പറയാൻ അവർക്ക് പോക്കറ്റ് മണിയും കൊടുത്തെന്ന് പറഞ്ഞു.കിട്ടിയത് മൊത്തം തീർന്നോ..

“എന്ത് കിട്ടി ആദ്യത്തെ ശമ്പളം.” എന്ന ഏട്ടൻ്റെ ചോദ്യം കേൾക്കാത്തതു പോലെ നിന്നു.

വാങ്ങിയ സാദനങ്ങൾ ഏട്ടനും മക്കൾക്കും എടുത്ത് നൽകുമ്പോൾ മനസ്സുനിറയെ സന്തോഷമായിരുന്നു.

“നിനക്കൊന്നും വാങ്ങിയില്ലേ” എന്ന ഏട്ടൻ്റെ ചോദ്യമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

“എല്ലാവർക്കും വാങ്ങിയതിരക്കിൽ ഞാൻ മറന്നു ഇനിയും വാങ്ങാല്ലോ സമയമുണ്ടല്ലോ ഏട്ടാ”

പെട്ടന്ന് അകത്തേക്ക് പോയ ഏട്ടൻ ഒരു കവറുമായി തിരികെ വന്നു.

” വരുന്ന വഴി വാങ്ങിയതാണ് നൈറ്റിയാണ് കണ്ടപ്പോൾ എനിക്ക് ഇഷ്ടായി മൂന്നെണ്ണം വാങ്ങി.”

സന്തോഷത്തോടെ കൈ നീട്ടി വാങ്ങുമ്പോൾ ഓർത്തു ഒരിക്കലും ഇതൊന്നും ആവശ്യപ്പെടേണ്ടി വന്നിട്ടില്ല.

കുളിയും ഭക്ഷണവും കഴിഞ്ഞ് കിടക്കാൻ നേരം ഏട്ടൻ പറഞ്ഞു.

“നമ്മുടെ വിവാഹ ശേഷമാണ് എനിക്ക് അദ്ധ്യാപകനായി ജോലി കിട്ടിയത് എൻ്റെ ശമ്പളത്തിൽ നിന്നും ഒരു വിഹിതം ഞാൻ ഇന്നും എൻ്റെ അച്ഛനും അമ്മയ്ക്കും കൊടുക്കുന്നുണ്ട്. നിൻ്റെ അച്ഛനോ അമ്മയ്ക്കോ ഇന്നുവരെ നൂറു രൂപ പോലും ഞാൻ കൊടുത്തിട്ടില്ല നീയോ കിട്ടിയ ആദ്യ ശമ്പളത്തിൻ്റെ ഒരു ഭാഗം അന്നു തന്നെ നമ്മുടെ രണ്ടു പേരുടേയും അച്ഛനമ്മമാർക്കു നൽകി
പലവട്ടം എൻ്റെ ശബളത്തെപ്പറ്റി നീ തിരക്കി യിട്ടും നാളിതുവരെ ഞാൻ പറയാൻ കൂട്ടാക്കിയില്ല.”

“ഞാൻ ഒരു പാട് വിഷമിപ്പിച്ചു അല്ലേ ചാരു ഇന്ന് നിൻ്റെ ആദ്യ ശമ്പളത്തെ പറ്റി ഞാൻ തിരക്കിയപ്പോൾ ആദ്യമായി എൻ്റെ ചോദ്യത്തിന് മറുപടി തരാതെ എൻ്റെ പെണ്ണ് നിശബ്ദയായി അതെന്നെ വല്ലാതെ നോവിച്ചു നിനക്ക് ചോദിച്ചൂടlയിരുന്നോ എൻ്റെ ശമ്പത്തെപ്പറ്റി ഏട്ടൻ എന്തിനാ അറിയണേന്ന് നിറഞ്ഞ കണ്ണുകളോടെ ഏട്ടൻ എന്നെ ചേർത്ത് പിടിച്ചപ്പോൾ എൻ്റെയും കണ്ണുകൾ നിറഞ്ഞു.”

“ഞാൻ ചെയ്ത തെറ്റിൻ്റെ വലിപ്പം മനസ്സിലാക്കാൻ എനിക്ക് ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നല്ലോ..”

നിറഞ്ഞ് തുളുമ്പിയ ഏട്ടൻ്റെ കണ്ണുകളെ ഞാൻ ചുണ്ടോട് ചേർത്തു.

“എൻ്റെ ഏട്ടൻ കരയല്ലേ എനിക്കത് സഹിക്കില്ല.”

“നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ അച്ഛനമ്മമാരേക്കൂടി ചേർത്തു പിടിക്കുമ്പോൾ അവർക്കത് വലിയ സന്തോഷങ്ങളാണ് ഏട്ടാ അതറിയാൻ നമ്മൾ അവരുടെ മനസ്സറിയണമെന്ന് മാത്രം.”

“അതെ അവരുടെയും എൻ്റെ പെണ്ണിൻ്റേയും മനസ്സറിയാൽ എനിക്ക് ഈ ദിവസം വരെ കാത്തിരിക്കേണ്ടി വന്നു.”

“ഇന്നു മുതൽ എൻ്റെ മനസ്സിൽ എൻ്റെയും നിൻ്റെയും എന്നൊന്നില്ല. ഇനി എല്ലാം നമ്മുടെയാണ്.”

“ഏട്ടാ പരസ്പര സ്നേഹവും വിശ്വാസവും അതിനോളം വരില്ല ജീവിതത്തിൽ മറ്റൊന്നും പണത്തിനു പുറകിലുള്ള ഓട്ടത്തിനിടയിൽ ഇതൊന്നും ആരും ഓർക്കാറില്ലെന്ന് മാത്രം.”