കൗമാരത്തിലേക്കു കാലൂന്നിയ അവൾക്ക് ആകാംഷ തലക്കുപിടിച്ചപ്പോളാണ് ഫോണിൽ ഓരോന്നായി സേർച്ച്‌ ചെയ്തു തുടങ്ങിയത്…

വിശപ്പ്‌ കൊന്ന പ്രണയം

Story written by Jolly Shaji

============

ഫേസ്ബുക്ക് പ്രണയം തലയ്ക്കു പിടിച്ചപ്പോൾ അവൾ ലോകം മുഴുവൻ മറക്കുകയായിരുന്നു….തെറ്റുപറയാൻ പറ്റില്ല അവളെ…ആദ്യമായി ആൻഡ്രോയ്ഡ് ഫോൺ കയ്യിൽ കിട്ടിയത് ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ആയിരുന്നു…അതും കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും മകൾക്ക് ഏതോ നല്ല മനസ്സുള്ള സാമൂഹിക പ്രവർത്തകന്റെ സംഭാവന…

കൗമാരത്തിലേക്കു കാലൂന്നിയ അവൾക്ക് ആകാംഷ തലക്കുപിടിച്ചപ്പോളാണ് ഫോണിൽ ഓരോന്നായി സേർച്ച്‌ ചെയ്തു തുടങ്ങിയത്..അങ്ങനെ അവളും എത്തിപ്പെട്ടു ഫേസ്ബുക് എന്ന സ്വപ്ന ലോകത്തിൽ…കാണാൻ അത്ര സുന്ദരി അല്ലാത്ത അവൾ ഏതോ സെലിബ്രറ്റിയുടെ ഫോട്ടോ വെച്ചു ഫേസ്ബുക് അക്കൗണ്ട് തുടങ്ങുകയും ചെയ്തു..

ഇൻബോക്സിൽ അവൾക്ക് ഹായ് ഹലോ ഒരുപാട് ഒഴുകിയെത്തി…വെറുതെ ഒരു ആകാംഷക്ക് പലർക്കും തിരിച്ചും ഹായ് ഹലോ കൊടുത്തു തുടങ്ങിയത് എത്തി നിന്നത് ഊരും പേരും ഒന്നുമറിയാതെ ഏതോ ഒരുത്തനുമായി പ്രണയത്തിൽ ആയപ്പോൾ ആയിരുന്നു..

പഠിത്തം കുറഞ്ഞു, ഓൺലൈൻ ക്ലാസ്സ്‌ ടൈമിലും രാത്രിയിലുമെല്ലാം ചാറ്റിങ് പൊടിപൊടിച്ചു നടന്ന്…ആ ചാറ്റിങ് കാളിംഗ്ലേക്ക് കടന്നു…മധുരമാർന്ന ശബ്‍ദം കേട്ട് കേട്ട് കാണുക എന്ന അവസ്ഥയിൽ എത്തി…

അങ്ങനെ ഓഡിയോ കാൾ വീഡിയോ കാളിൽ എത്തി…ഫ്രീക്കനായ കാമുകന് താടിയും മുടിയുമൊക്കെ നീട്ടി കണ്ടപ്പോൾ പ്രായം തിരിച്ചറിയാൻ ആ കൗമാരക്കാരിക്ക് പറ്റാതായി…

കണ്ട് സംസാരിച്ചു തുടങ്ങിയപ്പോൾ കാൾ കട്ട് ചെയ്യും മുന്നേയുള്ള ചുംബനം നെറ്റിത്തടങ്ങളിൽ നിന്നും വഴിമാറി തുടങ്ങി…പെൺകുട്ടിയിൽ ആകാംഷ ജനിച്ചു…ഉമ്മകൾ വഴിമാറി വെച്ച ഇടങ്ങളിൽ കാമുകന് കാണുവാനുള്ള ആഗ്രഹത്തിന് മുന്നിലും അവൾ മയങ്ങി വീണു…

വസ്ത്രം മെല്ലെ മാറ്റി കാണിച്ച ഭാഗങ്ങൾ പലപ്പോഴും മുഴുവനായി കാണിക്കാനും അവൾ തയ്യാറായി…പെണ്ണിൽ കാ മം ജനിപ്പിക്കാൻ അവന് വാക്കുകൾ കൊണ്ട് കഴിഞ്ഞപ്പോൾ അവൾ ആംഗ്യങ്ങളാൽ അവനെ മുഴുവനായും അവളിലേക്ക്‌ ആവാഹിച്ച് കഴിഞ്ഞു…

പരീക്ഷ പോലും എഴുതാൻ പറ്റാത്ത ആ കുട്ടി പഠനം ഉപേക്ഷിച്ചു..

ദിവസങ്ങൾ മാസങ്ങളായപ്പോൾ കണ്ടത് വീണ്ടും വീണ്ടും കണ്ട് അവന് മടുപ്പായി…അവൻ മെല്ലെ അടുത്ത ഇരയെ തേടി അലഞ്ഞു തുടങ്ങിയപ്പോൾ അവളിൽ നിന്നും വഴുതി മാറി പോവുകയായിരുന്നു..

അവൾക്ക് പക്ഷെ ആദ്യമായി തന്നിൽ കാ മം ഉണർത്തിയവനെ കണ്ടെത്തുക തന്നെ വേണമായിരുന്നു..

അവൻ പറഞ്ഞ അറിവുകൾ വെച്ചു വീട്ടുകാർ അറിയാതെ ഒരു ദിവസം അവൾ വീടുവിട്ട് ഇറങ്ങി അവനെ തിരക്കി…

അവൻ പറഞ്ഞ പേരും അഡ്രസ്സും തിരക്കി ചെന്ന അവൾക്ക് നിരാശ ആയിരുന്നു ഫലം…അങ്ങനെ ഒരാൾ ആ നാട്ടിലെ ഇല്ല…

പറ്റിക്കപ്പെട്ട പെൺകുട്ടി ടൗണിലേക്ക് വണ്ടി കയറി…ബസ്റ്റോപ്പിന് അടുത്തുള്ള വലിയ കെട്ടിടത്തിന് മുന്നിൽ ധാരാളം സ്ത്രീകൾ കൂടി നിന്നിടത്തു ഇനി എങ്ങോട് എന്ന് ചിന്തിച്ചു അവൾ നിന്നു…രോഗിയായ കൂലി പണിക്കാരായ അച്ഛന്റെയും അമ്മയുടെയും മുഖത്ത് ഇനി എങ്ങനെ നോക്കും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ഒരാൾ ചോദിക്കുന്നത്…

“കുട്ടി ഇന്റർവ്യൂനു വന്നതാണെങ്കിൽ അകത്തേക്ക് കയറിക്കോളു..”

കേൾക്കേണ്ട താമസം ആ സ്ത്രീകൾക്കൊപ്പം അവളും ഉള്ളിലേക്ക് കയറി…വലിയൊരു കശുവണ്ടി ഫാക്ടറിയിലേക്ക് ആളുകളെ കയറ്റിവിടുന്ന ഏജൻസി ആയിരുന്നു അത്…

വയർ കത്തികാളുന്ന അവളും ആ കമ്പനിയിൽ ജോലിക്കാരി ആയി..

“എല്ലാവരും പുറത്ത് വെയിറ്റ് ചെയ്യുക നിങ്ങളെ കമ്പനി താമസഥലത്തു എത്തിക്കും നാളെ നിങ്ങൾക്ക് ജോലിക്ക് കയറാം…ഭക്ഷണവും താമസവും ഫ്രീ…”

അതുകേട്ട അവൾ വേഗം പുറത്തിറങ്ങി അടുത്ത വീട്ടിലെ ലാൻഡ് ഫോണിലേക്കു വിളിച്ചു…

“ലീലാമ്മ ചേച്ചി ഞാൻ സ്വപ്നയാണ്..”

“നീയെവിടെ മോളെ ഇവിടെ അച്ഛനും അമ്മയുമൊക്കെ നിന്നെ കാണാതെ വിഷമിക്കുന്നു…”

“ചേച്ചി ഞാൻ ടൗണിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ ഉണ്ടെന്നു അറിഞ്ഞു വന്നത്…വീട്ടിൽ പറഞ്ഞാൽ അച്ഛൻ വിടില്ല…അതോണ്ട് പറയാതെ പോന്നത്…അച്ഛനോടും അമ്മയോടും പറയണേ ചേച്ചി ഞാൻ ജോലിക്ക് കയറുവാണ് സാലറി കിട്ടിയാൽ അന്ന് തന്നെ വരാമെന്നു…ഇനി എന്റെ അച്ഛനെയും അമ്മയെയും ഞാൻ നോക്കിക്കോളാം..”

ഫോൺ കട്ട് ചെയ്തപ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകി….പ്രണയത്തേക്കാൾ വലിയ വികാരം വിശപ്പാണെന്നു അവൾ തിരിച്ചറിഞ്ഞ നിമിഷങ്ങൾ…

~ ജോളി ഷാജി