ചിരിച്ചുകൊണ്ട് തന്റെയടുത്തു നിന്ന് നടന്നകലുന്ന അമ്മൂന്റെ അടുത്തേക്ക് നിമ തിടുക്കപ്പെട്ടു ചെന്നൂ…

നാത്തൂൻ

Story written by Aparna Nandhini Ashokan

============

“ഏട്ടന് പിറന്നാൾ സമ്മാനം വാങ്ങിച്ചോ ഏട്ടത്തി”

“ഇല്ല മോളെ..ഇന്നു പോയി വാങ്ങിക്കണം”

അമ്മൂന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാനാവാതെ നിമ പരുങ്ങി

“എന്താ വാങ്ങിച്ചു കൊടുക്കണേ..?ഏട്ടത്തി എന്തേലും കണ്ടുവെച്ചിട്ടുണ്ടോ”

“ഏയ്.. ഇല്ല്യടാ ടൗണിൽ പോയി നോക്കട്ടെ”

“എന്നാ ഞാൻ ഇറങ്ങട്ടെ. ബസിന് സമയം ആയി..പിന്നെ, ഏട്ടത്തീടെ പേഴ്സിൽ ഞാൻ അയ്യായിരം രൂപ വെച്ചിട്ടുണ്ട്.ഇന്നുതന്നെ ഏട്ടന് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങിച്ചേക്ക്. നിങ്ങളുടെ വിവാഹം കഴിഞ്ഞ് ആദ്യത്തെ പിറന്നാളായീട്ട് കെട്ട്യോന് എന്തേലും വാങ്ങികൊടുക്കാതിരുന്നാല് അമ്മായിഅമ്മ, അതായത് എന്റെ അമ്മ ഏട്ടത്തിക്ക് പിന്നെ കുറച്ചീസത്തിന് സമാധാനം തരൂല്ലലോ”

ചിരിച്ചുകൊണ്ട് തന്റെയടുത്തു നിന്ന് നടന്നകലുന്ന അമ്മൂന്റെ അടുത്തേക്ക് നിമ തിടുക്കപ്പെട്ടു ചെന്നൂ

“അമ്മുവേ എന്റെടുത്ത് പൈസയൊന്നും ഇല്ലെന്ന് മോളെങ്ങനെയാ അറിഞ്ഞത്. നിന്റെ കൈയിൽ എവിടെ നിന്നാ ഇത്രേം രൂപ..”

“എന്റെ ആങ്ങള തന്നെയല്ലേ ഏട്ടത്തിയുടെ ഭർത്താവ്. ഏട്ടൻ പണിയെടുത്തു കിട്ടുന്ന കാശു മുഴുവനായും അമ്മയുടെ കൈയിൽ ഏൽപിക്കുന്നത് ഈ വീട്ടിലെ പതിവു കാഴ്ചയല്ലേ. ഏട്ടത്തിയുടെ കൈയിൽ അത്യാവശ്യത്തിനു പോലും കുറച്ച് കാശ് തരാറില്ല.ഏട്ടത്തിയ്ക്ക് എന്തേങ്കിലും വരുമാനം കിട്ടിക്കോട്ടെന്നു വിചാരിച്ചാൽ ജോലിക്ക് പോകാനും എന്റെ അമ്മ വിടൂല്ല. പിന്നെ എവിടെ നിന്നാണ് എന്റെ നിമമോളുടെ കൈയിൽ കാശുണ്ടാവുന്നത്. അതു മനസിലാക്കാൻ അത്ര ബുദ്ധിയൊന്നും വേണ്ടേ..”

തന്റെ താടിത്തുമ്പിൽ പിടിച്ച് കൊഞ്ചലോടെ സംസാരിക്കുന്ന അമ്മൂനെ നോക്കിയപ്പോൾ നിമയുടെ കണ്ണുകൾ നിറഞ്ഞു.

“ഇങ്ങനെ കണ്ണുനിറച്ചു നിൽക്കുന്നതു കണ്ടിട്ട് ഞാനെങ്ങനെയാ പോവാ. ഏട്ടത്തി കരയാതിരുന്നേ. വേഗം പണിയൊക്കെ തീർത്തിട്ട് ടൗണിൽ പോയി ഏട്ടന് നല്ലൊരു ഗിഫ്റ്റ് വാങ്ങിച്ചിട്ട് വാ.. എന്റെ അമ്മയ്ക്ക് അതുകണ്ട് സന്തോഷമാവട്ടെ”

” ഈ കാശ് എവിടെന്നാണെന്ന് അമ്മ ചോദിച്ചാൽ ഞാനെന്താ പറയാ മോളെ”

“കഴിഞ്ഞ മാസം ഏട്ടത്തീടെ വീട്ടിൽ പോയപ്പോൾ ഏട്ടന്റെ പിറന്നാളിന് സമ്മാനം വാങ്ങിക്കാൻ തന്നതാണെന്ന് പറഞ്ഞാൽ മതി. ഏട്ടത്തി വിഷമിക്കണ്ട. ഏട്ടൻ സ്നേഹമില്ലാത്തവൻ അല്ലെന്ന് നമുക്കറിയാലോ..ഞങ്ങൾ ചെറിയ കുഞ്ഞുങ്ങളായിരിക്കുമ്പോൾ അച്ഛൻ മരിച്ചു പോയതല്ലേ.അന്ന് മുതൽ അമ്മ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് ഞങ്ങളെ വളർത്താൻ. അമ്മയോട് അതിന്റെ സ്നേഹകൂടുതലും കടപ്പാടും എന്നേക്കാളും പത്തിരട്ടി ഏട്ടനാണ് ഉള്ളത്. അതുകൊണ്ടാണ് അമ്മ എന്തു പറഞ്ഞാലും ഏട്ടൻ അതേപടി അനുസരിക്കണേ. അല്ലാതെ ഏട്ടത്തിയോട് സ്നേഹമില്ലാതെയല്ലന്നേ..”

“എനിക്കറിയാം മോളെ..ഞാനൊരു പരാതിയും പറയാറില്ലാലോ”

“പരാതികളില്ലെങ്കിലും ഏട്ടത്തിയ്ക്ക് ഇവിടെ അമ്മ സമാധാനം തരുന്നില്ലെന്ന് എനിക്ക് അറിയാം. അമ്മയെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഏട്ടൻ എന്നെ വഴക്കു പറയാണ് ചെയ്യാറ്. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഏട്ടത്തീടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഈ വീട് ഉപേക്ഷിച്ച് പോയേനേന്ന്. അനിയത്തിമാരുടെ ഭാവിയെ പറ്റിയുള്ള ഏട്ടത്തിയുടെ  അച്ഛന്റെ ആകുലതകൾ അറിയാവുന്നതു കാരണം ഈ വീട് ഉപേക്ഷിച്ച് ഏട്ടത്തി പോകില്ല.അതു നന്നായി മനസിലാക്കിയതു കൊണ്ടാണ് അമ്മ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്..”

“സാരമില്ല മോളെ.ഒരു ദിവസം എല്ലാം ശരിയാകും. അതുപോട്ടെ, നിനക്ക് എവിടെന്നാ ഇത്ര രൂപ കിട്ടിയത്..”

“ഏട്ടത്തീടെ ബാഗും പേഴ്സും ഇന്നലെ എടുത്തു നോക്കിയപ്പോൾ അതിലൊന്നും ഇല്ലെന്ന് എനിക്ക് മനസിലായി. എന്റെ കൈയിലൊരു പൊട്ടിയ കമ്മൽ ഉണ്ടായിരുന്നൂ. കൂട്ടുക്കാരിയെ കൊണ്ട് അത് പണയം വെപ്പിച്ചു. ഉപയോഗിക്കാതെ വെച്ചിട്ട് കുറേകാലം ആയീല്ലേ അതുകൊണ്ട് അമ്മ അന്വേഷിക്കാനൊന്നും വരില്ല.ഏട്ടത്തി പേടിക്കണ്ട. നമുക്ക് ഉടനെ അതെടുക്കാം. ഇനി കത്തിയടിച്ചു നിന്നാൽ ബസ് പോകും. ജോലിയ്ക്ക് കയറീട്ട്  അധികമായീല്ലാലോ. വൈകി ചെന്നാൽ നല്ല പണി കിട്ടും മോളെ. അതുകൊണ്ട് ഞാൻ പോകാണേ…”

ഗൈറ്റ് കടന്ന് ധൃതിയിൽ പോകുന്ന അമ്മൂനെ നിറകണ്ണുകളോടെ അവൾ നോക്കിനിന്നൂ. ഈ വീട്ടിൽ തനിക്ക് കിട്ടിയ അനുഗ്രഹമാണ് അമ്മൂ. തന്നേക്കാൾ നാല് വയസ്സിന് താഴെയാണെങ്കിലും പക്വതയോടെയുള്ള സംസാരവും നിലപാടുകളും കാരണം വിവാഹം കഴിഞ്ഞു വന്ന നാളുകളിൽ അവളെ കാണുമ്പോൾ ചെറിയൊരു അകൽച തോന്നാറുണ്ടായിരുന്നൂ. പക്ഷേ അവൾ തന്നോട് ഇങ്ങോട്ട് വന്ന് പെട്ടന്ന് അടുപ്പമായി…

വിവാഹം കഴിഞ്ഞ് ആറുമാസം തികയുന്നതിനു മുൻപേ നിസ്സാരമൊരു കാര്യത്തെ ചൊല്ലി അമ്മയുടെ വാക്കുകേട്ട് തന്റെ മുഖത്തടിക്കാൻ ശ്രമിച്ച സജിയേട്ടന്റെ കൈകളിൽ കടന്നു പിടിച്ച് തനിക്ക് വേണ്ടി അദ്ദേഹത്തോട് കയർത്തു സംസാരിക്കുന്നത് കണ്ടപ്പോഴാണ് ആദ്യമായി എന്റെ നാത്തൂന്റെ സ്നേഹം ഞാൻ തിരിച്ചറിയുന്നത്. അന്നു മുതൽ അവളന്റെ കൂടെപ്പിറപ്പായി മാറുകയായിരുന്നൂ.

അത്രമേൽ വിഷമിച്ച് പോകുന്ന സമയങ്ങളിൽ തനിക്ക് ഓടിചെന്ന് സങ്കടം പറയാനുള്ളൊരു തണലായി അവൾ മാറി. ഓരോന്നു ഓർത്തു കൊണ്ട് നിമ അകത്തേക്കു കയറിയപ്പോൾ മൂടിക്കെട്ടിയ മുഖത്തോടെ അമ്മ സോഫയിലിരിക്കുന്നുണ്ട്

“എന്താടീ രണ്ടും കൂടെ മുറ്റത്തു നിന്ന് പിറുപിറുത്തിരുന്നത്..എന്റെ മോളെ നീ കണ്ണീര് കാണിച്ച് മയക്കിയെടുത്തു. അവളിപ്പോ നിനക്ക് വേണ്ടി സ്വന്തം അമ്മയോട് വഴക്കിടാനും തുടങ്ങിയില്ലേ. ഇനിയെന്നാണാവോ എന്റെ മോനെ നീ എന്റെടുത്തു നിന്ന് തെറ്റിച്ചെടുക്കുന്നത്..”

“ഞാനൊന്നിനും വരില്ല അമ്മേ. അടുത്ത ദിവസം സജിയേട്ടന്റെ പിറന്നാളല്ലേ ഗിഫ്റ്റൊന്നും വാങ്ങികൊടുക്കുന്നില്ലേന്ന് എന്നോട് ചോദിക്കായിരുന്നൂ അമ്മൂ.”

“അവന് നീയെന്തു വാങ്ങികൊടുക്കാനാ. കല്ല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ഓണത്തിന് പോലും കാര്യമായീട്ട് എന്തേലും കൊണ്ടു വന്നോ നിന്റെ അച്ഛൻ..

വടക്കേലെ നളിനീടെ മരുമോള് ഓണം കഴിഞ്ഞു വീട്ടിൽ നിന്നു വരുമ്പോൾ ഒരു കാറ് നിറയെ പലഹാരങ്ങളും, പഴകുലയും പോരാത്തതിന് ഒരു ഫ്രിഡ്ജും കൊണ്ടാണ് വന്നത്. നിന്റെ വീട്ടിൽ നിന്ന് ഇങ്ങോട്ട് , മൂവായിരം രൂപയും ഒരു പ്ലാസ്റ്റിക്ക് കവറിൽ കൊറച്ച് ബേക്കറി സാധനങ്ങളും കൊണ്ടല്ലേ നീ വന്നത്. അങ്ങനത്തെ ദരിദ്രവാസി കുടുംബത്തിൽ നിന്ന് എന്റെ മോന് കാര്യമായി എന്തു പിറന്നാൾ സമ്മാനം കിട്ടാനാ..”

അവർ പരിഹാസചിരിയോടെ പറഞ്ഞു നിർത്തി.

“ഞങ്ങളെ കൊണ്ട് ആവുന്ന വിധം ചെയ്യും അമ്മേ..കഴിഞ്ഞതവണ വീട്ടിൽ പോയപ്പോൾ അയ്യായിരം രൂപ എനിക്ക് തന്നിട്ടുണ്ട്. സജിയേട്ടന് പിറന്നാൾ സമ്മാനം വാങ്ങിക്കാൻ”

പണത്തിന്റെ കാര്യം കേട്ടപ്പോൾ മുഖം തെളിഞ്ഞു വന്നെങ്കിലും അതു പുറത്തു കാണിക്കാതെ അവർ മുറിയിലേക്കു കയറിപോയി.

അടുത്ത ദിവസം പിറന്നാൾ ആഘോഷം ചെറിയരീതിയിൽ നടത്തി. പിന്നീട് വലിയ കുഴപ്പങ്ങളില്ലാതെ ഏതാനും മാസങ്ങൾ കടന്നു പോകുകയും ചെയ്തൂ.

**********************

“കൈയിൽ ഒരുപാട് കവറുകളുണ്ടെല്ലോ. ഇന്നെന്താ പ്രത്യേകത അമ്മൂസേ..”

“അതൊക്കെയുണ്ട്..എന്റെ ഏട്ടത്തി ആദ്യം അടുക്കളയിൽ പോയി കഴിക്കാനുള്ള പാത്രം എടുത്ത് വായോ ഒരു സാധനം വാങ്ങിച്ചിട്ടുണ്ട് ഞാൻ”

“എന്താടീ ശമ്പളം കിട്ടിയതൊക്കെ ഇന്നൊരു ദിവസം കൊണ്ടു തീർത്തമട്ടുണ്ടല്ലോ. എന്താ ഈ കവറുകളിലെല്ലാം”

“എന്റെ അമ്മയെ സമ്മതിച്ചു തന്നിരിക്കുന്നൂ എനിക്ക് സാലറി ഇന്ന് കിട്ടുമെന്ന് ഓർത്തു വെച്ചിരിക്കാണല്ലേ..അമ്മയുടെ ഊഹം ശരിയാണ് ട്ടോ.. സാലറി കിട്ടിയിട്ടുണ്ട്. പുതിയ കമ്പനിയിൽ പോയി തുടങ്ങിയിട്ട് ആദ്യത്തെ സാലറിയല്ലേ അതുകൊണ്ട് കുറച്ചധികം സാധനങ്ങൾ വാങ്ങിച്ചൂ”

“മിച്ചം എന്തേങ്കിലും ഉണ്ടെങ്കിൽ ബസ്സിനുള്ള കാശ്ശ് എടുത്തിട്ട് ബാക്കി അമ്മയെ ഏൽപിച്ചേക്കു അമ്മൂസേ..”

“കിട്ടുന്ന കാശ്ശെല്ലാം ഒരുരൂപ കുറയാതെ അമ്മയെ ഏൽപ്പിക്കാൻ ഏട്ടനില്ലേ ഇവിടെ. ഈ അമ്മൂനെ അതിന് കിട്ടൂല്ല. അടുത്ത മാസം മുതൽ സാലറി ചിലവാക്കാതെ ഞാൻ ബാങ്കിലിടാം. എന്റെ കല്ല്യാണം ആകുമ്പോൾ എടുക്കാലോ”

“അല്ലെങ്കിലും എന്റെ മോന് മാത്രം എന്നോടു സ്നേഹം ഉള്ളൂ.നിനക്ക് നിന്റെ ഏട്ടത്തിയോടല്ലേ സ്നേഹം..” അമ്മ സങ്കടഭാവത്തോടെ സോഫയിൽ ചാഞ്ഞിരുന്നൂ.

“അമ്മയിനി വഴക്കിടാൻ തുടങ്ങല്ലേ..ഞാൻ എല്ലാവർക്കും കഴിക്കാൻ ബിരിയാണി വാങ്ങിച്ചിട്ടുണ്ട്..അമ്മ വന്നേ നമുക്ക് കഴിക്കാം..”

“ഏട്ടത്തി പാത്രം എടുത്തു വെച്ചില്ലേ..”

അമ്മു അടുക്കളയിലേക്ക് നടന്നു പോയി.

ബിരിയാണിയെന്നു കേട്ടപ്പോൾ സജിയും നിമയും മുഖത്തോടു മുഖം നോക്കി നിന്നൂ.

“ഏട്ടത്തിയെ നോക്കി ദഹിപ്പിക്കണ്ട ഏട്ടാ.. ബിരിയാണി കഴിക്കാനൊരു പൂതി തോന്നുന്നുണ്ടെന്നും വാങ്ങികൊണ്ടു വരുമോയെന്നും  ഏട്ടത്തി ഇന്നലെ ഏട്ടനോട് ചോദിക്കുന്നത് ഞാൻ കേട്ടിരുന്നൂ. എന്റെ ഓർമ്മയിൽ ആദ്യായീട്ടാണ് ഏട്ടത്തിയൊരു ആഗ്രഹം പറയണേ. അതിന്റെ കണക്കും അമ്മയോട് ബോധിപ്പിക്കേണ്ടു വരുമെന്ന കാരണംകൊണ്ട് ഏട്ടൻ വാങ്ങിച്ചു വരില്ലെന്ന് എനിക്കറിഞ്ഞൂടെ അതുകൊണ്ടാണ് ഞാൻ വാങ്ങിച്ചു കൊണ്ടുവന്നത്..”

നിമയുടെ കണ്ണുകൾ നിറഞ്ഞു. അവൾ സന്തോഷത്താൽ അമ്മൂന്റെ കൈകളിൽ കൈകളമർത്തി പിടിച്ചൂ.

“ഞാനെന്റെ ഏട്ടന്റെ കുഞ്ഞിനു കൂടി വേണ്ടിയാണ് വാങ്ങികൊണ്ടു വന്നത്. ഗർഭിണിയായിരിക്കുന്ന ഈ സമയത്തെങ്കിലും ഏട്ടത്തിയോട്, ഏട്ടനും അമ്മയും അൽപം പരിഗണനയും സനേഹവും കാണിക്കണം”

അമ്മുവിന്റെ ശബ്ദം ഇടറി..

അമ്മുവിന്റെ സംസാരം നിശബ്ദനായി കേട്ടു നിൽക്കാനെ സജിയ്ക്കായുള്ളൂ. അമ്മയുടെ മകനെന്ന നിലയിൽ താനൊരു വിജയമാണെങ്കിലും നിമയുടെ ഭർത്താവെന്ന നിലയിൽ താൻ പരാജയമാണെന്ന് അയാൾക്കറിയാമായിരുന്നൂ.രംഗം കൂടുതൽ വഷളാകാതെയിരിക്കാനായി താൻ കൊണ്ടു വന്ന കവറുകളോരോന്നായി എടുത്തു കൊണ്ടു വന്ന് അമ്മു സോഫയിൽ വെച്ചൂ.

“ഈ കവറുകളിൽ എനിക്കുള്ള കുറച്ച് സാധനങ്ങളാണ്. ഞാനത് മുറിയിൽ വെച്ചിട്ട് വരാട്ടോ. ഇതിൽ അമ്മയ്ക്കും ഏട്ടത്തിക്കും സാരിയാണ്. ഏട്ടന് മുണ്ടും ഷർട്ടും ഉണ്ട്. നല്ലതാണോയെന്നു എടുത്തു നോക്കിയെ അമ്മേ..”

തനിക്ക് വാങ്ങിച്ച സാരിയുടെ പകുതി വിലപോലുമില്ലാത്ത സാരിയാണ് മരുമോൾക്ക് അമ്മു വാങ്ങിച്ചിരിക്കുന്നതെന്നു കണ്ടപ്പോൾ അമ്മയുടെ മനസ്സ് നിറഞ്ഞൂ. അവർ സന്തോഷത്തോടെ എണീറ്റു പോയി ബിരിയാണി കഴിക്കാനാരംഭിച്ചൂ.

***********************

“ഏട്ടത്തി ഇത്രവേഗം കിടന്നോ..”

അമ്മു കൈയിലൊരു കവറുമായി നിമയുടെ മുറിയിലേക്കു കടന്നുവന്നൂ.

“ഇല്ല അമ്മൂസേ..കാലിൽ നീരു വന്നിട്ടുണ്ട്. ചെറിയ വേദനയും ഉണ്ട്.അതുകാരണം കിടന്നതാണ്. നിന്റെ ഏട്ടൻ വന്നിട്ടേ ഉറങ്ങുള്ളൂ..”

“ഏട്ടൻ അമ്മയുടെ മുറിയിലിരുന്നു കണക്കെഴുതുന്നതു കണ്ടിട്ടാ ഞാനിങ്ങോട്ട് വന്നത്. അത് അടുത്ത നേരത്തൊന്നും കഴിയാൻ സാധ്യതയില്ല. ഏട്ടത്തി ഉറങ്ങാൻ നോക്കിക്കോ. ഞാൻ കാലിൽ തടവി തരാം..”

“അതൊന്നും വേണ്ട മോളെ നീയെന്തിനാ വന്നത്.. ഈ കവറിലെന്താടാ..”

“ഇതിൽ രണ്ടു സാരിയും ചുരിദാറും ഉണ്ട്. അമ്മയുടെ മുന്നിൽ വെച്ച് ഇത് തന്നാലുണ്ടാകുന്ന പ്രശ്നങ്ങൾ ഞാൻ പറയാതെ തന്നെ ഏട്ടത്തിക്ക് അറിഞ്ഞൂടെ. അതുകൊണ്ടാണ് അപ്പോൾ തരാതിരുന്നത്..”

“എനിക്കെന്തിനാ മോളെ ഇത്രയധികം സാരിയെല്ലാം..”

“ഏഴാംമാസം വീട്ടിലേക്ക് കൂട്ടികൊണ്ടു പോകൽ ചടങ്ങിന് ഇനിയധികം ദിവസങ്ങളില്ലാലോ. വിവാഹശേഷം ഒന്നോ രണ്ടോ തവണയല്ലേ ഏട്ടത്തിക്ക് പുതിയതെന്തേങ്കിലും ഏട്ടൻ വാങ്ങി തന്നിട്ടുള്ളൂ.അതാണെങ്കിൽ നരച്ചു തുടങ്ങി. വീട്ടിൽ പോയീട്ട് ഇതുപോലത്തെ നരച്ചതും നൂലുപൊന്തിയതൊന്നും എന്റെ ഏട്ടത്തി ഇടാൻ പാടില്ല. അതുകൊണ്ടാണ് ഇപ്പോ കുറച്ചധികം ഡ്രസ്സ് വാങ്ങിച്ചത്.അമ്മ കാണാതെ ഇതെല്ലാം പെട്ടിയിൽ എടുത്തു വെക്കണേ..”

നിമയുടെ ഹൃദയത്തിൽ നിന്നൊരു കരച്ചിൽ ഉയർന്നു വരികയുണ്ടായി.. അവളുടെ കണ്ണുകൾ നിറഞ്ഞ് കണ്ണീർ നിർത്താതെ ഒഴുകികൊണ്ടിരുന്നൂ.

“എന്തിനാ ഏട്ടത്തി കരയണേ.കാലു വേദന കൂടുന്നുണ്ടല്ലേ.. ഇപ്പോഴാ ഞാൻ ഓർത്തത്. കാല് വേദനക്ക് പുരട്ടാനുള്ള മരുന്ന് വാങ്ങി ബാഗിൽ വെച്ചിരുന്നൂ. ഞാനിപ്പോ എടുത്തിട്ടു വരാം..”

പുറത്തേക്ക് നടന്നു പോകുന്ന അമ്മൂനെ നോക്കിയിരിക്കുമ്പോൾ നിമയുടെ മനസ്സ് നിറയുന്നുണ്ടായിരുന്നൂ. തന്റെ സഹോദരങ്ങളോ, ഭർത്താവോ ചെയ്യേണ്ട കാര്യങ്ങൾ അവരെക്കാൾ മനോഹരമായി അവൾ ചെയ്യുമ്പോൾ മനസ്സ് എങ്ങനെ നിറയാതിരിക്കും.

പുണ്യമാണ് ഇങ്ങനെയൊരു നാത്തൂൻ…അല്ല, നാത്തൂനല്ല അവളെന്റെ അനുജത്തി തന്നെയാണ്..!!

Aparna Nandhini Ashokan ❤