ഞാനും നിങ്ങളും കൂടെ എങ്ങാനും അപ്പുറത്തെ തട്ട് കടയിൽ പോയാൽ മതി, അപ്പോ തുടങ്ങും അമ്മയുടെ പിറുപിറുക്കൽ….

അമ്മായിഅമ്മ അല്ല അമ്മ

Story written by Shaan Kabeer

=============

“നിങ്ങളുടെ പെങ്ങളും ഭർത്താവും പുറത്ത് പോയി ഫുഡ്‌ കഴിച്ചാലോ, സിനിമക്ക് പോയാലോ, ടൂർ പോയാലോ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷം ഉണ്ടല്ലോ…ഹോ!!! അവര് കണ്ട സിനിമയുടെ കഥ മോളോട് ചോദിച്ചറിയാനും, കഴിച്ച ഫുഡിന്റെ രുചിയെ കുറിച്ച് മോള് വാ തോരാതെ സംസാരിക്കുന്നത് കേട്ട് നിൽക്കാനും, പോയ സ്ഥലങ്ങളിലെ കാഴ്ചകളെ കുറിച്ച് മോളും മരുമോനും വർണിക്കുന്നത് എത്ര നേരം വേണമെങ്കിലും കേട്ടുനിൽക്കാനും നിങ്ങളുടെ അമ്മക്ക് ഒരു കുഴപ്പോം ഇല്ല”

ഒന്ന് നിറുത്തിയിട്ട് രമ്യ തന്റെ ഉണ്ടക്കണ്ണുരുട്ടി ഹരിയെ നോക്കി തുടർന്നു

“ഞാനും നിങ്ങളും കൂടെ എങ്ങാനും അപ്പുറത്തെ തട്ട് കടയിൽ പോയാൽ മതി, അപ്പോ തുടങ്ങും അമ്മയുടെ പിറുപിറുക്കൽ. നമ്മളൊന്ന് മനസ്സമാധാനത്തോടെ പുറത്ത് പോയിട്ട്, അതൊക്കെ പോട്ടെ ഒരു സിനിമക്ക് പോയിട്ട് എത്രകാലം ആയി എന്ന് ഹരിയേട്ടന് അറിയോ…?”

ഹരി ആലോചിക്കാൻ തുടങ്ങിയപ്പോഴേക്കും രമ്യ അവനെ നോക്കി

“കൂടുതൽ ആലോചിച്ച് ബുദ്ധിമുട്ടേണ്ട, മാസങ്ങളായി. അതെങ്ങനെയാ നമ്മൾ പുറത്തേക്ക് പോവാൻ തുടങ്ങുന്ന ആ സമയം വെച്ച് അമ്മക്ക് വരാത്ത അസുഖങ്ങൾ ഇല്ല. കാൽ വേദന, തലവേദന, ശരീരം ആസകലം വേദന അങ്ങനെ പലതരം വേദനകളാണ് അമ്മക്ക്. എന്നാലോ മോളും മരുമോനും വന്നാൽ ഓടിനടന്ന് അവർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വെച്ച് വിളമ്പി കൊടുക്കുന്ന നേരത്ത് അമ്മക്ക് ഒരു അസുഖവും ഉണ്ടാവില്ല”

ഭാര്യ രമ്യ സ്ഥിരം പല്ലവി പാടാൻ തുടങ്ങിയപ്പോൾ ഹരി വിഷയം മാറ്റാൻ ശ്രമിച്ചു

“രാവിലെ തന്നെ നല്ല ചൂടിലാണല്ലോ ന്റെ ഭാര്യ, വിശന്നിട്ട് വയ്യ നീ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെക്ക്”

തന്റെ വാക്കിന് ഒരു വിലയും കൽപ്പിക്കാതെയുള്ള ഹരിയുടെ ഒഴിഞ്ഞുമാറൽ കണ്ടപ്പോൾ രമ്യക്ക് ദേഷ്യം ഇരട്ടിച്ചു

“ഹരിയേട്ടൻ എന്നെ കളിയാക്കാണോ…?സ്വന്തം ഭാര്യയുടെ മനസ്സ് പോലും മനസ്സിലാക്കാൻ പറ്റാത്ത ഇങ്ങനെയൊര് ഭർത്താവിനെ ആണല്ലോ ന്റെ ഈശ്വരാ നീ എന്റെ തലയിൽ കെട്ടിവെച്ചത്”

രമ്യ ആ പറഞ്ഞത് ഹരിക്ക് ശരിക്കും കൊണ്ടു

“എന്റെ രമ്യാ, കല്യാണം കഴിഞ്ഞ അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് നിന്റെ ഈ പരാതിയും പരിഭവവും പറച്ചിലും. ഞാനിപ്പോ ഇതിനൊക്കെ എന്ത് മറുപടിയാ പറയാ”

രമ്യക്ക് കാലിന്റെ പെരുവിരലിൽ നിന്നും എന്തോ ഒന്ന് തലയിലേക്ക് അരിച്ച് കയറുന്നപോലെ തോന്നി

“നിങ്ങളെന്നെ കല്യാണം കഴിച്ച് കൊണ്ടു വന്നിരിക്കുന്നത് ഈ വീട്ടിൽ ഇങ്ങനെ അടച്ചിട്ട് വളർത്താൻ ആണോ…?എനിക്കും ഉണ്ടാകില്ലേ ആഗ്രഹങ്ങളൊക്കെ…? എന്റെ ആഗ്രഹങ്ങളൊക്കെ ഞാൻ നിങ്ങളോടല്ലാതെ പിന്നെ ആരോടാ പറയാ…”

ഒന്ന് നിറുത്തിയിട്ട് രമ്യ ഹരിയെ ദയനീയമായി നോക്കി

“അതല്ല, ഞാനൊരു പെണ്ണായി ജനിച്ചത് കൊണ്ട് എന്റെ ആഗ്രഹങ്ങളൊക്കെ മൂടിവെച്ച് ഈ നാല് ചുവരുകൾക്കുള്ളിൽ ഇങ്ങനെ മരിക്കുന്ന വരെ ജീവിക്കണം എന്നാണോ…? ഞാനും ഒരു മനുഷ്യ സ്ത്രീ അല്ലേ ഹരിയേട്ടാ”

ഹരി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു

“ന്റെ പൊന്നു രമ്യാ, വയസ്സായോരല്ലേ നമ്മൾ വേണ്ടേ അതൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ. എന്തായാലും ഇന്ന് നമ്മൾ ഒരു സിനിമക്ക് പോവുന്നു. നീ പെട്ടന്ന് റെഡി ആയിക്കോ”

രമ്യക്ക് വല്ലാത്ത സന്തോഷം തോന്നി, സിനിമക്ക് പോവുന്നതിനേക്കാൾ അവൾക്ക് സന്തോഷം നൽകിയത് തന്റെ ഭർത്താവിനോടൊപ്പം ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ഓർത്തിട്ടാണ്. അവൾ പെട്ടന്ന് ഡ്രെസ്സൊക്കെ മാറി റെഡിയായി റൂമിൽ നിന്നും പുറത്തിറങ്ങി. അപ്പോൾ ഹരി ടീവി സീരിയൽ കണ്ടോണ്ടിരിക്കുന്ന അമ്മയോട് പുറത്ത് പോവാനുള്ള സമ്മതം ചോദിക്കുകയായിരുന്നു. ഹരി കാര്യം പറഞ്ഞതും അതുവരെ നല്ല ആരോഗ്യത്തോടെ ഇരുന്ന അമ്മ പെട്ടന്ന് ക്ഷീണിതയായി

“മോനേ, ഞാൻ രാവിലെ തൊട്ട് പറയണം എന്ന് കരുതിയതാണ്. അമ്മക്ക് നടക്കാൻ പോലും പറ്റുന്നില്ല, കാൽ മുട്ട് വല്ലാത്ത വേദന. പിന്നെ തല പൊട്ടിത്തെറിക്കുന്ന പോലെത്തെ കിരുകിരുപ്പും, ന്റെ മോൻ പെട്ടന്ന് പോയി അമ്മക്കുള്ള മരുന്ന് വാങ്ങിട്ട് വാ. ഈ ഒരു അവസ്ഥയിൽ ഈ വയസ്സായ അമ്മയെ ഒറ്റക്കാക്കി നിങ്ങൾ പുറത്തൊന്നും പോവല്ലേ, നിങ്ങൾക്ക് മറ്റൊരു ദിവസം പോവാം”

ഹരി രമ്യയെ നിസ്സഹായനായി നോക്കി, രമ്യ ഒന്നും മിണ്ടാതെ റൂമിൽ കയറി ഡ്രസ്സ്‌ മാറ്റിയുടുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഹരി അമ്മക്കുള്ള മരുന്ന് വാങ്ങാൻ പുറത്തേക്ക് പോയി. രമ്യ മുറിയിൽ തന്നെ കതകടച്ചിരുന്നു. കുറച്ച് സമയത്തിന് ശേഷം അമ്മ കതകിൽ മുട്ടിയപ്പോൾ അവൾ വാതിൽ തുറന്നു. അമ്മയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം കണ്ടു അവൾ

“മോളേ, നീ പെട്ടെന്ന് അടുക്കളയിലേക്ക് വാ. മോളും മരുമോനും വിരുന്ന് വരുന്നുണ്ട്. ഞാൻ നമ്മുടെ കോഴിയെ പിടിച്ച് കൊന്നിട്ട് വരാം”

ഇതും പറഞ്ഞ് കോഴിയുടെ പിറകെ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിൽ ഓടുന്ന അമ്മയെ അവൾ കൗതുകത്തോടെ നോക്കി നിന്നു.

~ ഷാൻ കബീർ