പ്രിയപ്പെട്ട ഇക്കാ, ഈ കത്ത് ഇക്ക വായിക്കുമ്പോൾ ഞാൻ കൂടെയുണ്ടാവുമോ എന്നനിക്കറിയില്ല…

ഭാര്യയുടെ അവസാനത്തെ കത്ത്

Story written by Shaan Kabeer

===========

പ്രിയപ്പെട്ട ഇക്കാ, ഈ കത്ത് ഇക്ക വായിക്കുമ്പോൾ ഞാൻ കൂടെയുണ്ടാവുമോ എന്നനിക്കറിയില്ല. ഉണ്ടായാലും ഇല്ലേലും ഈ കത്ത് എന്റേയും ഇക്കയുടേയും ഇണക്കങ്ങളും പിണക്കങ്ങളും കുഞ്ഞു കുഞ്ഞു തല്ല്പിടിത്തങ്ങൾക്കും ഭ്രാന്തമായ പ്രണയങ്ങൾക്കും സാക്ഷിയായ നമ്മുടെ കട്ടിലിൽ കിടന്ന് ഇക്ക വായിക്കണം. കട്ടിലിൽ കിടക്കുമ്പോൾ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് വലിച്ച് തല്ലുകൂടിയിരുന്ന പുതപ്പിനെ ഇക്ക ചേർത്ത് പിടിക്കണം, ദേഷ്യം വരുമ്പോൾ പരസ്പരം എടുത്തെറിഞ്ഞിരുന്ന തലയണകൾ ഇക്കയുടെ നെഞ്ചിൽ വെക്കണം. ഇതൊക്കെ വായിക്കുമ്പോൾ ഇക്ക വിചാരിക്കുന്നുണ്ടാകും ല്ലേ ഈ പെണ്ണിന് മുഴുത്ത വട്ടാണെന്ന്.

അതെ എനിക്ക് വട്ടാണ് നല്ല മുഴുത്ത വട്ട്, ഇങ്ങളെന്നുവെച്ചാൽ എനിക്ക് ജീവനാണ് മനുഷ്യാ. അയ്യേ പൈങ്കിളി എന്നല്ലേ ഇപ്പൊ മനസ്സിൽ കരുതിയെ, സാരല്ല ഞാൻ സഹിച്ചു. ഇങ്ങളോടുള്ള പ്രണയം പൈങ്കിളി തന്നെയാണ്. ആ പിന്നേ, ഞാൻ പോയെന്ന് വെച്ച് ബി യർ കുടിക്കാനും ഏത് സമയവും കൂട്ടുകാരുടെ കൂടെ ചുറ്റാനും നിക്കേണ്ട. ഇങ്ങള് എന്ത്‌ ചെയ്താലും ഞാൻ അറിയും, ആ കേട്ടല്ലോ.

ആ പിന്നേ, ഇങ്ങള് വേറെ കല്യാണം കഴിക്കാതിരിക്കൊന്നും ഇല്ല, എനിക്കറിഞ്ഞൂടെ ഇങ്ങളെ. ഞാൻ എങ്ങനെങ്കിലും ഒഴിവാവാൻ കാത്തിരുന്നതാവും അല്ലേ, ഇപ്പൊ സമാധാനായില്ലേ, ഇനി നല്ലൊരു മൊഞ്ചത്തിയെ കെട്ടിക്കോ, എന്നേക്കാൾ സൗന്ദര്യമുള്ള, എന്നേക്കാൾ ക്ഷമയുള്ള, എന്റെ അത്രേം വഴക്കാളിയല്ലാത്ത ഒരു പാവം കുട്ടിയെ. അവളെ ഒരുപാട് സ്നേഹിക്കണം, എന്നെ സ്നേഹിച്ചപോലെ, അല്ല അതിൽ കൂടുതൽ. നിങ്ങളുടെ ഉടായിപ്പ് സ്വഭാവൊന്നും അവളുടെ മുന്നിൽ എടുക്കരുത് ട്ടോ. എന്നെപ്പോലെ ആവണം എന്നില്ല എല്ലാരും. ബിയർ കുടിയൊക്കെ അവളുടെ മുന്നിൽ നടക്കൂന്ന് എനിക്ക് തോന്നണില്ല. നോക്കിക്കോ ഇങ്ങള് ബി യർ കുടിച്ചാൽ അവളത് അപ്പൊ വീട്ടിൽ പറയും, ഞാനായോണ്ടാ ഇതുവരെ ആരോടും പറയാതിരുന്നേ…പിന്നേ, അവൾ വരുമ്പോഴേ ഇപ്പൊ ഇങ്ങളുടെ നെഞ്ചിലും കയ്യിലുമുള്ള പുതപ്പും തലയണയും മാറ്റണം ട്ടോ, അതിൽ എന്റെ ഓർമകൾ മാത്രം മതി.

അല്ലാഹ്, നഴ്സ് വഴക്ക് പറയുന്നു. ഇങ്ങനെ കുത്തിയിരുന്ന് എഴുതാൻ പാടില്ലത്രേ, ഓഹ് പിന്നേ ഇനിയും ഏറിയാൽ രണ്ട് മൂന്ന് ദിവസം ആയുസ്സുള്ള കാൻസർ രോഗിയായ എനിക്കെന്തിനാ ഈ പ്രൊട്ടക്ഷൻ. ഇക്കാ, നമ്മുടെ മോനേ പൊന്നുപോലെ നോക്കണം ട്ടോ…ഞാനില്ലാത്ത കുറവ് അവൻ അറിയരുത്. ആ പിന്നേ, ഒരുകാര്യം കൂടി, എനിക്ക് ഇങ്ങളെ വിട്ട് പോവാൻ തോന്നണില്ല മനുഷ്യാ, എന്ത് ഇഷ്ടാന്ന് അറിയോ ചെങ്ങായി ഇങ്ങളെ. കൂടുതൽ പറഞ്ഞ് വെറുപ്പിക്കുന്നില്ല.

വാട്സാപ്പും ഫേസ്ബുക്കും സജീവമായ ഈ കാലത്ത് എന്തിനാണ് ഇങ്ങനൊരു കത്ത് എന്ന് ചോദിച്ചാൽ ഒരുത്തരമേ ഒള്ളൂ, ഇങ്ങളെപ്പോഴും പറയാറില്ലേ എനിക്ക് വട്ടാണെന്ന്, അങ്ങനെന്നെ കൂട്ടിക്കോ”

സ്നേഹത്തോടെ ഷാഹിന

കത്ത് വായിച്ച ഉടൻ അവൻ പോയത് അവളുടെ കബറിലേക്കായിരുന്നു. കുറച്ച് സമയം അവരുടെ മനസ്സുകൾ തമ്മിൽ സംസാരിച്ചു. മോന്റെ കയ്യും പിടിച്ച് തന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ തുള്ളികൾ തുടച്ചുമാറ്റി അവൻ മുന്നോട്ട് നടന്നു. പെട്ടന്ന് മോൻ നിന്നിട്ട് അവനെ നോക്കി

“ഉമ്മച്ചി എവിടെ പോയതാ ഉപ്പാ…? ഉമ്മച്ചി ഇനി എന്നാ നമ്മളുടെ അടുത്തേക്ക് വരാ”

തന്റെ മകനെ ചേർത്ത് പിടിച്ച് കരയാനേ ആ പാവത്തിന് സാധിച്ചൊള്ളൂ…

~ഷാൻ കബീർ