വീട്ടിലെത്തിയപ്പോ പതിവുപോലെ പടിവാതിൽക്കൽ അവളെ കണ്ടീല. മോളോട് ചോയ്ച്ചപ്പോ പറയാ…

Story written by Ezra Pound

============

കെട്യോൾക്ക് വാക്സിനെടുത്തു….

അതിനെന്താണെന്നല്ലേ..പറയാം.

ഞാനുമെടുത്താരുന്നു വാക്‌സിൻ. പക്ഷെ പറഞ്ഞിട്ടെന്താ അതിന്റെതായ യാതൊന്നും ഫീൽ ചെയ്തീല. പതിവുപൊലെ തന്നെ ജോലിക്ക് പോയി.. തിരികെ വന്നു.

അവൾക്കെടുത്തപ്പോഴും അങ്ങനൊക്കെയാണെന്ന് കരുതിയതിൽ തെറ്റുണ്ടോ.

അതോണ്ടന്നെ മാർക്കറ്റിൽ നിന്നു മടങ്ങുംവഴി ലേശം മീനും വാങ്ങിച്ചു. മീനെന്ന് വെച്ചാ നല്ല പെടക്കണ മത്തി. ചെലര് ചാള ന്നും പറയും. കിലോക്ക് നൂറെന്ന് കേട്ടപ്പോ രണ്ടുകിലോ എടുത്തോളീന്നും പറഞ്ഞു. വല്ലപ്പോഴുമല്ലേ ഇങ്ങനൊക്കെ കിട്ടുള്ളൂ.

വീട്ടിലെത്തിയപ്പോ പതിവുപോലെ പടിവാതിൽക്കൽ അവളെ കണ്ടീല. മോളോട് ചോയ്ച്ചപ്പോ പറയാ ഉമ്മ കിടക്കാണെന്ന്..അതെന്ത് കിടപ്പാ..പോവുമ്പോ ഒരു കുഴപ്പോമില്ലാരുന്നു.

ഇനിപ്പോ ഇത്രേം മീൻ ആരു വൃത്തിയാക്കും..കയ്യും മുഖോമൊക്കെ കഴുകി ഓടിച്ചെന്നു നോക്കി.. എന്തു പറ്റിയതാണെന്നറിയാൻ. അപ്പഴല്ലേ കാര്യറിഞ്ഞേ..വാക്സിനെടുത്തതിന്റെ ക്ഷീണമാണ് പോലും.

അതെങ്ങനെ ശരിയാവും. എനിക്കുണ്ടായിട്ടില്ലല്ലോ.

‘നിങ്ങക്കില്ലെന്ന് വെച്ചു എനിക്ക്‌ വന്നൂടന്നില്ലല്ലോ..’ അപ്പൊതന്നെ മറുപടിയും വന്നു.

വല്ലാത്ത ചെയ്ത്തായിപ്പോയി. മീന്റെ കാര്യം ഓർത്തപ്പോ തന്നെ തല പെരുക്കുന്നപോലെ തോന്നി.

ഫ്രിഡ്ജില് വെക്കാനും പറ്റില്ല..പിന്നെ എടുത്തു ക്ളീൻ ചെയ്യാൻ ബുദ്ധിമുട്ടാവും. അതോണ്ടന്നെ ഒന്നിച്ചു വൃത്തിയാക്കി വെവ്വേറെ പാത്രങ്ങളിൽ ഇട്ടുവെക്കാറാണ് പതിവ്. ഒപ്പം ലേശം വെള്ളവുമൊഴിക്കും. അങ്ങനെ ചെയ്‌താൽ മീന്റെ ഫ്രഷ്‌നെസ്സ് പോവില്ലത്രെ..ശരിയെരിക്കും.

‘നിങ്ങള്‌ വിഷമിക്കണ്ടാന്നെ..ഇതൊക്കെ മാറും. എന്റെ ആലോചന കണ്ടിട്ടാവണം അവള് പറഞ്ഞു.

‘അതല്ലാടീ..ലേശം മീൻ വാങ്ങിച്ചാരുന്നു..അതെങ്ങനെ വൃത്തിയാക്കുമെന്നോർത്താ സങ്കടം.’

‘ഓഹോ എന്നെക്കാളും വലുത് ഇങ്ങക്ക് മത്തിയാണല്ലേ..’

പടച്ചോനെ ഇവളിതെന്ത് ഭാവിച്ചാ..ഇനിയിവിടെ നിന്നാൽ ശരിയാവൂല. നേരേ അടുക്കളയിലേക്കു ചെന്നു.

അവൾക്കു വയ്യാത്ത സ്ഥിതിക്ക് ഇനീപ്പോ ഒറ്റക്ക് ചെയ്തല്ലേ പറ്റൂ.

വയ്യാത്തോണ്ടാവും കഴിക്കാനും ഒന്നുമുണ്ടാക്കീട്ടില്ല. എന്താ ചെയ്യാ..വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.

ചോറുണ്ടാക്കാനായി വെള്ളംവെച്ചു. അരികഴുകിയിട്ടു. ശേഷം മീനുമായി മുറ്റത്തേക്കിറങ്ങി.

മീൻ വൃത്തിയാക്കുന്നതിനായി അടുക്കള ഭാഗത്തെ മതിലിനോട് ചേർന്നൊരു പൈപ്പുണ്ട്.

അതിനപ്പുറത്ത് ഗ്രൗണ്ടാണ്. അവിടാണെങ്കിൽ ഏതുനേരവും കളിയാണ്. ഊണും ഉറക്കൊമില്ലാത്ത പിള്ളേര്‌. ഇടക്കിടെ പന്ത് വീടിന്റെ ചുവരിലേക്കടിച്ചു തെറിപ്പിക്കുന്നതൊഴിച്ചാൽ അവരെക്കൊണ്ടു വേറേ ശല്യങ്ങളൊന്നുമില്ല.

മതിൽ പണിയുന്ന സമയത്ത് നേരെ എതിർവശത്തുള്ള വീടും എന്റെ തലയും ഒരു പോലായിരുന്നു..ആൾത്താമസമില്ലാതെ അനാഥമായങ്ങനെ.

ഈയടുത്താണ് അവിടൊരു കൂട്ടർ താമസമാക്കിയത്. ഞങ്ങളെപ്പോലെ വഴക്കും വക്കാണങ്ങളും ഒന്നുമില്ലാത്തൊരു കൺട്രി ഫാമിലി.

അതോണ്ടന്നെ എനിക്കവരെ കണ്ണെടുത്താൽ കണ്ടൂടാ. മാത്രല്ല ഭാര്യയെ ഇടയ്ക്കിടെ ഡിയർ ഡാർലിംഗ് എന്നൊക്കെ വിളിക്കണ  കേക്കാം..ആരെ കാണിക്കാനാവോ.

ഞങ്ങടെ ‘ടീ..’ ഇവളെ ന്നൊക്കെ വിളിക്കുന്ന സുഖോന്നും ഒരു ഡാർലിങ്ങിനും കിട്ടൂലാന്ന്.

കാര്യങ്ങളിങ്ങനെ ഒക്കെയാണേലും കെട്യോക്ക് അവരെ വല്യ കാര്യമാണ്..എന്നും രണ്ടുപേരും മതിലിന് അപ്രത്തും ഇപ്രത്തും നിന്നോണ്ട് ഇന്ത്യ ചൈന ചർച്ച പോലെ കാര്യമായി സംസാരിക്കുന്ന കാണാറുണ്ട്.

അതും പോരാഞ്ഞു അവിടെ നടക്കുന്ന സകല കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ എന്നെ പറഞ്ഞു കേൾപ്പിക്കേം ചെയ്യും. അവര് തമ്മിലുള്ള സ്നേഹവും ഒത്തൊരുമയും അങ്ങനെന്തൊക്കെയോ.

പോരാത്തതിന് സ്നേഹം കൂടുമ്പോ അയാൾ അവളെ എടുത്തു പൊക്കുമത്രേ..അയാൾക്കൊക്കെ എന്തിന്റെകേടാ.

മീൻ പാത്രം കിടങ്ങിന്റെ മോളിൽ വെച്ച് ചുറ്റിനും നോക്കി..ആരേലും കണ്ടാൽ മോശമല്ലേ.

അപ്പോ പെണ്ണുങ്ങൾക്ക് മാനാഭിമാനം ഒന്നുമില്ലല്ലോ..ഏതു നേരവും മീൻ വെട്ടാം. മനസ്സിൽ നിന്നാരോ ചോദിച്ച പോലെ..

അതുപിന്നെ ഓരോരോ നാട്ടു നടപ്പാവുമ്പൊ..

സത്യം പറയാലോ..മുളകിട്ട് കറിവെച്ചും കുരുമുളകിട്ട് വറുത്തും കഴിക്കുന്ന സുഖമൊന്നും ഈ സാധനം വൃത്തിയാക്കുമ്പോ കിട്ടില്ല..വല്ലാത്തൊരു മെനകെട്ട പണിയാണ്.

വെറുതെയല്ല വൈന്നേരമൊക്കെ മീൻകൊണ്ടന്നാൽ വീട്ടിലിരിക്കുന്ന സ്ത്രീകൾ വഴക്ക് പറയുന്നെ. ആരായാലും പറഞ്ഞോവും.

ഇടക്ക് പന്തെടുക്കാൻ വന്ന ചെക്കൻ മീൻ വൃത്തിയാക്കുന്ന എന്നെക്കണ്ടപ്പോ ഒരു ചിരി. ആക്കി ചിരിച്ചതാവോ..ഏയ് ആരിക്കില്ല.

അതിനിടയിലാണ് അടുപ്പത്തു വെച്ച അരിയുടെ കാര്യോർമ്മ വന്നേ. പടച്ചോനെ അതിലിനി ശർക്കരയിട്ട് പായസമാക്കേണ്ടി വരോ. ചെന്നു നോക്കുമ്പൊ അരിയോടുള്ള സ്‌നേഹം കൊണ്ടാവണം..വെള്ളം തിളച്ചങ്ങനെ തുളുമ്പി മറിയാണ്.

അരി  വെന്തോന്ന് നോക്കാൻ ഒന്നുരണ്ടെണ്ണമെടുത്തു വായിലേക്കിട്ടു.. നാക്കുപൊള്ളിപ്പോയി. വെന്തിട്ടില്ല.

സ്റ്റോവിന്റെ തീ കുറച്ചുവെച്ചു തുളുമ്പി  മറിഞ്ഞതൊക്കെ തുടച് വൃത്തിയാക്കി പുറത്തേക്ക് നടന്നപ്പോഴേക്കും ചട്ടീലിണ്ടാരുന്ന മീനിൽ നിന്ന് ഒന്നു രണ്ടെണ്ണം കാക്കകള് കൊണ്ടോയിരുന്നു.

ഇവറ്റകളൊക്കെ എപ്പോ എവിടുന്നു വന്നു..ഒരു പിടിയുമില്ല. പോട്ടേ സാരോല്ല അവരും ഭൂമിയുടെ അവകാശികളല്ലേ.

മതിലിനോടു ചേർന്ന മൂവാണ്ടൻ മാവിന്റെ കൊമ്പിലിരുന്നോണ്ട് കാക്കകൾ മീൻ പങ്കു വെച്ചു കഴിക്കുന്നത് വെറുതെ നോക്കിനിന്നു.

കാലോണ്ടു അമർത്തിപ്പിടിച്ചു കൊക്കൊണ്ടു കഷ്ണിച്ചു മീൻ പങ്കിട്ടു  കൊടുക്കുന്നത് ആൺ കാക്കയാവണം. എന്തൊരു ഒരുമയാണ് അവര് തമ്മിൽ….സ്നേഹവും.

ഞാനാണെൽ ഇന്നേവരെ എന്റെ കൈകൊണ്ട് കെട്യോൾക്ക് വാരിക്കൊടുത്തിട്ടില്ല. സ്നേഹത്തോടെ സംസാരിക്കുന്നത് പോലും അപൂർവമായിരുന്നു. ചില ശീലങ്ങളും രീതികളും മാറ്റേണ്ടതുണ്ട്.

ബാക്കിയുള്ളതും കൂടി ക്‌ളീൻ ചെയ്തു അടുക്കളയിലേക്കു നടക്കുമ്പോൾ മനസ്സിൽ മുഴുവനും അത് തന്നെയായിരുന്നു ചിന്ത.

കറിവെക്കാനും വറുക്കാനുമുള്ളത് മാറ്റിവെച്ചു ബാക്കി കുഞ് പാത്രങ്ങളിലാക്കി ഫ്രീസറിലെക്ക് മാറ്റി..അങ്ങനെ അവൾ ചെയ്യുന്നത്  കണ്ടിട്ടുണ്ട്.

വറുക്കാനുള്ളത് മുളകൊക്കെ പെരട്ടി വെച്ചു.

ഇടക്കവളുടെ അടുത്തേക്കു ചെന്നുനോക്കി. പാവം നല്ല ഉറക്കാ. ചിലപ്പോ ക്ഷീണം കാണും. ഉണർത്തേണ്ട. പതിയെ വാതിൽ ചാരി തിരികെ അടുക്കളയിലേക്ക് നടന്നു.

ചോറ് വാർക്കാൻ അറിയാത്തൊണ്ടു അരിപ്പയിലേക്കൊഴിച്ചു. അറിയാവുന്ന പോലെ കറിയുണ്ടാക്കി. മീനും വറുത്ത്‌ വെച്ചതിന് ശേഷം അവളെ വിളിച്ചുണർത്തി. മോളെയും ഒപ്പമിരുത്തി.

പാത്രത്തിലേക്ക് ചോറ് വിളമ്പി കറിയൊഴിച്ചു കുഴച്ചു ഉരുളകളാക്കി രണ്ടുപേരുടെയും വായിലേക്കിട്ട് കൊടുക്കുമ്പോ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു..ഇതെന്ത് പറ്റിയെന്നുള്ള മട്ടിൽ എന്നെത്തന്നെ നോക്കി നിപ്പാണ് രണ്ടുപേരും. ഒരു ചേഞ്ച് ആർക്കാ ഇഷ്ടല്ലാതെ.

പുറത്തപ്പോഴും കാക്കകളുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. കരച്ചിലായിരിക്കില്ല അവർ തമ്മിലുള്ള പരിഭവം പറച്ചിലുകളായിരിക്കും ചിലപ്പോ…സ്നേഹത്തിന് മാത്രം മനസിലാവുന്ന ഭാഷയിൽ.