സംസാരശേഷിയില്ലാത്ത അയാൾ കൈകൂപ്പി അവരോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്…

പുരുഷന്മാരുടെ മാനം

Story written by PRAVEEN CHANDRAN

“പ്ഫ! നാ-യി-ന്റെ മോനേ.. നിനക്കൊന്നും അമ്മേം പെങ്ങന്മാരുമില്ലേടാ?”

ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു സ്ത്രീയുടെ അലർച്ച കേട്ടാണ് എന്റെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്..

ഏതോ ഞരമ്പന്മാരെ കൈകാര്യം ചെയ്യുന്നതാവും എന്നാണ് ഞാൻ ആദ്യം കരുതിയത്..

പക്ഷെ മനോവൈകല്ല്യമുളള ഒരാളായിരുന്നു അത്..

സംസാരശേഷിയില്ലാത്ത അയാൾ കൈകൂപ്പി അവരോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്..പക്ഷെ അതൊന്നും അവർ ശ്രദ്ധിക്കുന്നേയില്ലായിരുന്നു..

നല്ല കടുകട്ടി ഭാഷയിൽ തെറിവിളിച്ചുകൊണ്ടി രിക്കുകയായിരുന്നു അവർ..

പോരാത്തതിന് കയ്യിലുളള കൊടകൊണ്ട് അയാളെ അടിക്കുന്നുമുണ്ട്..

വേദന സഹിക്കാൻ വയ്യാതെ അയാൾ കരയാൻ തുടങ്ങി..

അത് കണ്ടു നിന്ന ആരും തന്നെ ഇടപെടാൻ തയ്യാറായതുമില്ല…

അപ്പോഴാണ് എവിടെ നിന്നോ ഒരു പ്രായമായ സ്ത്രീ അവിടേക്ക് കടന്നു വന്നത്..

“അടിക്കല്ലേ മോളേ.. അതെന്റെ മകനാണ്.. അവന് സുഖമില്ല.. തിരക്കിനിടയിൽ കൂട്ടം തെറ്റിപോയതാണ് …”

ആ അമ്മയുടെ അപേക്ഷയ്ക്ക് പോലും ആ സ്ത്രീ കാതുകൊടുത്തില്ല..

“സുഖമില്ലാത്ത പിള്ളേരാണെങ്കിൽ വീട്ടിലിരുത്തണം..അല്ലാതെ എഴുന്നളളിച്ച് നടന്നാ ഇങ്ങനെ ഒക്കെ കിട്ടും..ഇവനൊക്കെ നല്ല അടീടെ കുറവാ..”

എന്താണ് അവൻ ചെയ്തതെന്നറിയാൻ ആംഗ്യഭാവത്തിൽ ആ അമ്മ അവനോട് എന്തോ ചോദിച്ചു..

അവൻ കരഞ്ഞുകൊണ്ട് എന്തോ തിരിച്ചു പറഞ്ഞു..

അതിനുശേഷം വിഷമത്തോടെ അവർ ആ സ്ത്രീയോട് പറഞ്ഞു..

“ക്ഷമിക്കണം മോളേ.. തിരക്കിൽ എന്നെ കാണാതെ വിഷമിച്ച അവൻ ഞാനാണെന്ന് കരുതിയാണ് നിങ്ങളുടെ സാരിത്തുമ്പിൽ പിടിച്ചത്..”

അപ്പോഴാണ് അവിടെ കൂടി നിന്നവർക്ക് കാര്യം പിടികിട്ടിയത്..

അവരിൽ പലരും മുന്നോട്ട് വന്ന് ആ സ്ത്രീയുടെ പ്രവർത്തിയെ അപലപിച്ചു…

“എന്താ ചേച്ചി ഇത്.. അവൻ അറിയാതെ പറ്റിയതല്ലേ? ഇതിലെന്ത് അപമര്യാദയാ ഉളളത്?” കൂട്ടത്തിലുളള ഒരാൾ ചോദിച്ചു..

പക്ഷെ അവർ അവരോടും തട്ടിക്കയറി..

അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന പ്രായമായൊരാൾ പറഞ്ഞു.

“പെങ്ങളെ.. ഒരാൾ നിങ്ങളുടെ ദേഹത്ത് തൊട്ടാൽ പ്രതികരിക്കാൻ നിങ്ങൾക്കവകാശമുണ്ട്.. പക്ഷെ അത് ഏതു തരത്തിലുളളതാണെന്ന് മനസ്സിലാക്കാനുളള സാമാന്യ ബു ദ്ധിയെങ്കിലും വേണമെന്ന് മാത്രം..പരസ്യമായി ഒരാണിനെ ഒരു സ്ത്രീ ചീത്തവിളിക്കുമ്പോൾ സ്ത്രീകളുടെ കൂടെ പുരുഷന്മാർ നിൽക്കുന്നത് നിങ്ങളോടുളള ബഹുമാനം കൊണ്ടാണ്…ആ ബഹുമാനമാണ് നിങ്ങളെ പ്പോലെയുളള ചിലർ കളഞ്ഞുപുളിക്കുന്നത്.. “

അത്കേട്ട് ലജ്ഞയോടെ തലതാഴ്ത്തി അവർ എന്തോ പിറുപിറുത്തുകൊണ്ട് അവിടന്ന് സ്ഥലം വിട്ടു…

അയാൾ പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി.. ചിലപ്പോഴൊക്കെ നിരപരാധികളായ പലരും ഇത് പോലെ പെട്ടുപോകാറുണ്ട്.. ആരും അവർ പറയുന്നത് കേൾക്കാനും തയ്യാറാവില്ല..

അറിയാതെ ഒന്ന് ദേഹത്ത് മുട്ടിയാൽ ക്ഷമ ചോദിക്കുന്ന പുരുഷന്മാരോട് പോലും തട്ടിക്കയറുന്ന ചില സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്.. അവരൊരിക്കലും ബഹുമാനം അർഹിക്കുന്നില്ല… എല്ലാ പുരുഷന്മാരേയും ഒരേ കണ്ണിൽ കാണുന്നത് കൊണ്ടായിരിക്കാം അത്..

പക്ഷെ അത് കൊണ്ട് അയാൾക്ക് നഷ്ടമാകുന്നത് അയാളുടെ മാനാഭിമാനമാണ്…പുരുഷന്മാരും മാനത്തിൽ വിലകൽപ്പിക്കുന്നവർ തന്നെയാണ്..

നാളെ മറ്റൊരു പരുഷനിൽ നിന്ന് നിങ്ങൾക്കൊരാപത്ത് വന്നാലും രക്ഷക്കെത്തുന്നത് ഞങ്ങൾ പുരുഷന്മാർ തന്നെയെന്ന് ഓർക്കണം… പ്രതികരിക്കും മുമ്പ് അറിയുക പുരുഷനെ.