അവസാനപ്രതീക്ഷയും നഷ്ടപ്പെട്ട് കരഞ്ഞു കലങ്ങിയ മിഴികളുമായി ആ സ്ത്രീ അവിടെ നിന്നും തിരിഞ്ഞു നടന്നു…

(ഈ കഥ തികച്ചും സാങ്കല്പികം മാത്രം)

ദുർവിധി

Story written by Arun Karthik

==========

സർക്കാർ ഓഫീസിനു മുന്നിൽ എൻ ഓ സി സെർട്ടിഫിക്കറ്റ് മേടിക്കാൻ അപേക്ഷ നൽകാനായി ക്യു നിൽക്കുമ്പോഴാണ് പുറത്തു ശക്തമായി മഴ തിമിർത്തു പെയ്യാൻ തുടങ്ങിയത്.

അങ്ങിങ്ങായി ചെറിയ സുഷിരങ്ങളുള്ള കുടയും പിടിച്ചുവരുന്ന ഒരു സ്ത്രീ ആ വരാന്തയിലേക്ക് ഓടികയറുമ്പോഴേക്കും ഉടുത്തിരുന്ന സാരിയുടെ പാതിഭാഗം മഴയിൽ കുതിർന്നിരുന്നു.

വീതികുറഞ്ഞ ആ വരാന്തയുടെ ഒരു മൂലയിൽ കുട മടക്കിവച്ച് കയ്യിലുള്ള ചെറിയൊരു പ്ലാസ്റ്റിക് കവറിൽ നിന്നും ഏതെല്ലാമോ സർട്ടിഫിക്കറ്റ് തിരയുകയായിരുന്നു അവർ. ഇടയ്ക്ക് മിഴികൾ ഉയർത്തി ചുറ്റുമുള്ളവരെയെല്ലാം നിരീക്ഷിക്കുന്നുമുണ്ട്.

എൻ ഓ സി യ്ക്കുള്ള പൂരിപ്പിച്ച അപേക്ഷ ഉദ്യോഗസ്ഥന് നൽകി അവിടെയുള്ള സീറ്റിൽ ഞാൻ ഇരിപ്പുറപ്പിക്കുമ്പോൾ എന്റെ തൊട്ടു മുൻപിലുള്ള കൗണ്ടറിലേക്ക് ആ സ്ത്രീ നടന്നുവരുന്നുണ്ടായിരുന്നു.

കടൽക്ഷോഭത്തിൽപെട്ട് മാസങ്ങളായി കാണാതായ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് മേടിക്കാൻ, പല തവണകളായി അവിടെ കയറിയിറങ്ങുന്ന സ്ത്രീയാണതെന്ന് അവർക്കിടയിലെ സംസാരത്തിൽ നിന്നും പിന്നിലിരുന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.

മിസ്സിംഗ്‌ കേസ് ഡെത്ത്കേസായി മാറ്റികൊണ്ടുള്ള നടപടി മേലധികാരികളിൽ നിന്നും ഓർഡറായി വന്നിട്ടും എന്തുകൊണ്ടാണ് തനിക്കിത് അനുവദിക്കാത്തതെന്നു ആ സ്ത്രീ ചോദിക്കുമ്പോൾ അവരുടെ മിഴികൾ നിറഞ്ഞിരുന്നു.

മുന്നിലെ ഗ്ലാസ്സിനിടയിലൂടെ നനഞ്ഞൊട്ടികിടക്കുന്ന അടിവയറിൽ വികാരതീഷ്ണതയോടെ നോക്കികൊണ്ട് ആ ഉദ്യോഗസ്ഥൻ ശബ്ദം താഴ്ത്തി ആ സ്ത്രീയോട് പറഞ്ഞു.

“ഒരു പിയേഴ്സ് സോപ്പിട്ടു കുളിച്ചു നിന്നാൽ മതി, ചെറിയ മീൻനാറ്റമൊക്കെ അതിൽ മാറിക്കോളും, ചിലവിനുള്ള പണം ഞാൻ തന്നാൽ മതിയോ..”

ഉദ്യോഗസ്ഥന്റെ വാക്കുകൾകേട്ട് ദേഹമാസകലം വിറച്ചുകൊണ്ട് ഞാൻ എഴുന്നേറ്റപ്പോഴേക്കും ആ സ്ത്രീ കാർക്കിച്ചൊരു തുപ്പായിരുന്നു അയാളുടെ മുഖത്തു. കൂടെ ഒരു വാക്കും “പെണ്ണെന്നാൽ മാംസകഷ്ണം എന്നല്ല”

അവസാനപ്രതീക്ഷയും നഷ്ടപ്പെട്ട് കരഞ്ഞു കലങ്ങിയ മിഴികളുമായി ആ സ്ത്രീ അവിടെ നിന്നും തിരിഞ്ഞു നടന്നു.

കുടയെടുത്തു നടന്നു നീങ്ങുന്ന ആ സ്ത്രീയുടെ വീട്ടിൽ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന രണ്ടുകുട്ടികൾ ഉണ്ടായിരുന്നു.

ജീവശ്ചവം പോലെ നടന്നുനീങ്ങുന്ന ആ സ്ത്രീയുടെ അവസ്ഥ കണ്ടപ്പോൾ എന്റെ പെരുവിരൽ തൊട്ട് ഉച്ചിവരെ ദേഷ്യം അരിച്ചുകയറി.

ഭരണകൂടത്തിനെതിരെ പ്രതികരിക്കണോ അതോ സ്ത്രീയെ മാംസകഷ്‌ണമായി കാണുന്ന നെറികെട്ട ഉദ്യോഗസ്ഥനെതിരെ പ്രേതികരിക്കണോന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു.

ഉള്ളിലെ അമർഷം കടിച്ചമർത്താൻ കഴിയാതെ വന്നപ്പോൾ ആ ഉദ്യോഗസ്ഥന്റെ അടുത്ത്ചെന്ന് സംസ്കാരം നന്നാവണമെങ്കിൽ പറയാൻ കൊള്ളാവുന്ന ഒരു പിൻതലമുറ എങ്കിലും വേണമെന്ന് പറഞ്ഞ് പുച്ഛഭാവത്തിൽ ഞാൻ പുറത്തേക്കു നടന്നു. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ എന്റെ മനസ്സാക്ഷി എനിക്ക് മാപ്പ് തരില്ലായിരുന്നു.

പുറത്തേക്കിറങ്ങി ഞാൻ നേരെ നടന്നു ചെന്നത് ആ സ്ത്രീയുടെ മുന്നിലേക്കായിരുന്നു. അപ്പോളും കണ്ണീർവറ്റാത്ത മുഖവുമായി നടന്നു നീങ്ങുന്ന ആ സ്ത്രീയുടെ കൈ പിടിച്ച് ഞാനെന്റെ വീടിനുള്ളിലേക്ക് അവരെ കൂട്ടി കൊണ്ടു വന്നു.

വീട്ടിലെത്തിയ സ്ത്രീയ്‌ക്ക് ഇടത്തേക്ക് ഇലയിട്ട് അമ്മയുടെ കൈകൊണ്ട് ഒരുപിടി ചോറ് വിളമ്പുമ്പോൾ അതിലേക്കു കണ്ണും നട്ടിരുന്ന ആ സ്ത്രീ പറയുന്നുണ്ടായിരുന്നു. “എന്റെ മക്കൾ പട്ടിണിയാ..അവർ ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്നു…”

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞാ പരിസരത്തെ മതവെറിയില്ലാത്ത നാലു കൂട്ടുകാരെയും കൂട്ടി പണപ്പിരിവിന് ഇറങ്ങുമ്പോൾ ഞാനൊന്നേ അന്നാട്ടുകാരോട് ആവശ്യപ്പെട്ടുള്ളു..

മരണത്തിന്റെ വക്കിൽ നിന്ന് കൈ പിടിച്ചു കയറ്റിയ ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും നീതി കിട്ടാതെ ഒരു വശത്തു ദുരിതം അനുഭവിക്കുന്നു, അവർക്ക് ഒരുപിടി അന്നത്തിനുള്ള സഹായം…

ചോദിച്ചതിലും ഇരട്ടി അവർ എന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ ഞാനവിടെ കാണുന്നുണ്ടായിരുന്നു പച്ചയായ മനുഷ്യരെ..ഫയൽ പഠിച്ചു തെളിവ് നിരത്തി മരിച്ചു മണ്ണടിയുമ്പോൾ അനുവദിച്ചു തരുന്ന ധന സഹായത്തേക്കാൾ പച്ചയായ ജീവിതം കണ്ട മനുഷ്യരുടെ അലിവ്…

സ്വരൂപിച്ച പണം മുഴുവനായി ആ സ്ത്രീയുടെ കൈകളിൽ എത്തിക്കുമ്പോൾ തൊഴുകയ്യാലെ വിറങ്ങലിച്ചു നിന്ന അവരോട് ഞാനടക്കമുള്ള ജനം പറയുന്നുണ്ടായിരുന്നു..

തൊഴേണ്ടത് ഞങ്ങളാണ്… നിങ്ങളെയോർത്ത്‌.. ആ പിന്തുണയ്‌ക്ക്…

ചിരിക്കുന്ന രണ്ടു പൈതലുകളുടെയും ആ അമ്മയുടെയും മുഖത്തെ സന്തോഷം കൺകുളിരെ കണ്ട് തിരിച്ചു നടക്കുമ്പോൾ എന്റെ ഉള്ളിലെ “പൗരൻ” ഇങ്ങനെ പറഞ്ഞു

അതെ. ഇത് കേരളമാണ്.. ഇവിടെ ഇങ്ങനാണ്. ജനാധിപത്യഭരണം പോലും..ജനങ്ങളുടെ അടിയന്തിരപ്രശ്നങ്ങൾക്ക്‌ പോലും തീർപ്പു കൽപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഈ വ്യവസ്ഥിതി?

ഒരു പാർട്ടിയെയും അനുകൂലിക്കുന്നില്ല വെറും മനുഷ്യനായി ഒന്ന് ചോദിച്ചോട്ടെ…

അല്ല എന്ത് ചോദിക്കാൻ… ഇവിടുത്തെ ഇടതനും വലതനും നടുവനും ശ്രെമിച്ചിട്ട് രക്ഷപെടുത്താൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ അത് വോട്ടു ചെയ്ത വിജയിപ്പിച്ച നമ്മുടെ കുറ്റം തന്നെയാണല്ലോ അല്ലേ !…………..

~ അരുൺ കാർത്തിക്