ആ മുഖം വ്യക്തമായി കാണാനായി അരികിലേക്ക് നടന്നടുക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു അതെന്റെ അമ്മ തന്നെയാണെന്ന്….

നിർഭാഗ്യജാതകം

Story written by Arun Karthik

===============

“സ്വന്തം അമ്മയെ പതിനഞ്ചു വർഷം പിരിഞ്ഞിരുന്ന മകനെ അറിയുമോ “”?

തൃശൂർ പൂരമെന്ന് കേട്ടപ്പോഴേ അമ്മയ്ക്കും അമ്മാവനുമൊപ്പമെത്ര ആവേശത്തോടെയാ ഞാനാ പടിവാതിൽ ഇറങ്ങി പുറപ്പെട്ടത്…

കുടമാറ്റവും ചമയവുമെല്ലാം എന്റെ കണ്ണുകളിൽ ആനന്ദ നൃത്തം പെയ്യിക്കുന്നതിനിടയിൽ ഗജരാജന്റെ ആനവാലിൽ കൗതുകത്തോടെ ഞാനൊന്നു നോക്കിയിരുന്നു..

അവിടേക്ക് നടന്നെത്തുന്നതിനു മുൻപായി വഴക്കിട്ടമ്മയോടൊരു കളർ ബലൂൺ മേടിച്ചു കയ്യിൽ പിടിക്കുമ്പോൾ സന്തോഷം കൊണ്ട് ഞാൻ തുള്ളിചാടുന്നുണ്ടായിരുന്നു

അമ്മയുടെ സാരിത്തുമ്പിൽ പറ്റി നിന്ന എന്റെ കയ്യിൽ നിന്നും അറിയാതെ വഴുതിയാ കളർ ബലൂൺ സമീപത്തുള്ള ആനയുടെ കാൽചുവട്ടിലേക്ക് പറന്നു പോകുന്നത് എത്ര നിരാശയോടെയാണ് ഞാൻ നോക്കി നിന്നത്

കണ്ണന്റെ കരച്ചിലടക്കാൻ പുതിയൊരെണ്ണം മേടിച്ചു തരാമെന്ന് പറഞ്ഞു അമ്മ ആശ്വസിപ്പിക്കുമ്പോഴും എന്റെ കുഞ്ഞികണ്ണുകൾ തിരഞ്ഞത് ഗജരാജന്റെ സമീപത്തു വീണു കിടക്കുന്ന ആ കളർബലൂണിൽ തന്നെയായിരുന്നു…

അമ്മയറിയാതെയാ സാരി തുമ്പിലെ പിടി അയച്ചു ഞാനിറങ്ങി കളർ ബലൂണിനരികിലേക്കു നടന്നടുത്തപ്പോഴാണ് അത് സംഭവിച്ചത്…

“ആന വിരണ്ടു”ന്നൊരു ഉച്ചത്തിലുള്ള നിലവിളിയും കൂട്ടം തെറ്റിയുള്ള ആളുകളുടെ ഓട്ടവും ക്ഷണനേരം കൊണ്ടല്ലേ സംഭവിച്ചത്….

അമ്മയുടെ അടുത്ത്നിന്നുള്ള അവസാന ഇറങ്ങി പോക്കായിരുന്നുവതെന്ന സത്യം അപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല…

കൂട്ടം തെറ്റിയോടുമ്പോഴും കണ്ണാ ന്നുള്ള വിളിക്കായി ഞാൻ കാതോർക്കുകയും മിഴികൾ അമ്മയ്ക്കായി തിരച്ചിൽ നടത്തുകയും ചെയ്യുന്നത് പാവമെന്റെ അമ്മ അറിയാതെ പോയല്ലോ….

ഇതിനിടയിലാരോ എന്നെ തോളിലേറ്റി അവിടെയുള്ള ഒരു വാഹനത്തിൽ കയറ്റി ഡോറടക്കുമ്പോൾ ഇരുളിൽ എന്ത് ചെയ്യണമെന്നറിയാതെ ചുറ്റിനും ഞാൻ പരതുന്നുണ്ടായിരുന്നു

രെക്ഷപെടുത്തി കൊണ്ടു കയറ്റിയതല്ല കുട്ടികളെ തട്ടികൊണ്ടു പോവുന്ന കവർച്ച സങ്കത്തിൽ ആണ് താൻ വന്നു പെട്ടതെന്ന സത്യം വളരെ വൈകിയാണ് ഞാൻ മനസ്സിലാക്കിയത്..

അപ്പോഴും” അമ്മാ എന്നേ കൂട്ടികൊണ്ടു പോ”ന്നുള്ള എന്റെ നിലവിളിയേ പിന്നിലിരുന്നാരോ അടക്കി പിടിച്ചിരുന്നു…

പിന്നീടുള്ള ഏഴു വർഷങ്ങൾ ആധ്രയിലെ ഭിക്ഷാടനം നടത്തി വന്ന ഏതോ ഒരു തെരുവിന്റെ മൂലയിൽ കഴിച്ചുകൂട്ടേണ്ടി വരുമ്പോഴും അമ്മയെ പിരിഞ്ഞുള്ള ആ സമയം ഏഴു യുഗങ്ങൾ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്…

പലപ്പോഴും പട്ടിണി കിടക്കുമ്പോഴും വഴിയരികിലെ പൈപ്പിൻ ചുവട്ടിൽ വെള്ളം കുടിച്ചു ദാഹം അകറ്റുമ്പോഴും അമ്മയുടെ കയ്യാൽ ഉരുട്ടി തരുന്ന ചോറുരുളകളെ ഓർത്ത് ഞാൻ മനസ്സിൽ പൊട്ടി കരയുന്നുണ്ടായിരുന്നു .

കടതിണ്ണയിൽ തുണ്ടുപേപ്പർ വിരിച്ചു ചണച്ചാക്കിൽ പാതി പുതയ്ക്കുമ്പോഴും കണ്ണനെ ഉറക്ക് പാട്ടു പാടിഉറക്കാറുള്ള അമ്മയുടെ നാദം മാത്രം ആയിരുന്നു എന്റെ മനസ്സിൽ…

അച്ഛനെ നഷ്‌ടമായ അമ്മയെ നോക്കി അമ്മാവൻ ” നിനക്കൊരു പുനർവിവാഹം കഴിച്ചു കൂടെന്നു ചോദിക്കുമ്പോഴെക്കെ എന്റെ കണ്ണനുള്ളപ്പോൾ മറ്റാരും അമ്മയ്ക്ക് കൂട്ട് വേണ്ട.. എന്റെ കണ്ണൻ മാത്രം മതി എന്നെ ഇട്ടേച്ചു പോവത്തില്ല കണ്ണൻ ” യെന്ന് പറഞ്ഞ് എന്റെ കവിളിൽ അമ്മ അമർത്തി ചുംബിച്ചതോർത്തു എന്റെ കണ്ണുനീർപരന്ന് ഒഴുകുമ്പോൾ ആ ചണചാക്ക് അതെല്ലാം ഒപ്പിയെടുക്കുന്നുണ്ടായിരുന്നു..

രക്ഷപെടാൻ തക്കം പാർത്തിരുന്ന എനിക്ക് അവിടെ എത്തിയ ഒരു ലോഡ് വണ്ടിയിൽ കയറി ഒളിച്ചിരിക്കാൻ തോന്നിയത് ചിലപ്പോൾ ആ അമ്മയുടെ പ്രാർത്ഥനയൊന്നു കൊണ്ടു മാത്രമാവാം

കേരളത്തിൽ എവിടെയോ നിർത്തിയ വണ്ടിയിൽ നിന്നും ഇറങ്ങി ഞാൻ ഓടിചെന്നെത്തിയത് ഒരു വണ്ടിവർക്ക്‌ ഷോപ്പിൽ ആയിരുന്നു.

വെള്ളം വെള്ളമെന്ന് പറഞ്ഞു കിതച്ചു കൊണ്ടുകരയുന്ന എന്റെ മുന്നിലേക്ക് ആശാനെന്നു വിളിക്കുന്ന പ്രായമുള്ള ഒരാൾ വച്ചു നീട്ടിയ വെള്ളകപ്പ് പിടിച്ചു ഞാനെന്റെ വായിലേക്ക് കമഴ്ത്തുമ്പോൾ വിക്കി വിക്കിയ വെള്ളമെല്ലാം പുറത്തേക്കു തെറിക്കുന്നുണ്ടായിരുന്നു

തോളിൽ തട്ടി ആശ്വസിപ്പിച്ചു, കഴിക്കാൻ ഭക്ഷണവും കിടക്കാൻ ഇടവും തന്ന ആ മനുഷ്യൻ പിറ്റേന്ന് കയ്യിൽ കുറച്ചു പൈസയും വച്ച് നീട്ടി “പോയി അമ്മയെ കാണു”വെന്നു പറഞ്ഞപ്പോൾ ഏഴു വർഷത്തെ എന്റെ കാത്തിരിപ്പ്, എന്റെ അമ്മയെ കാണാനായി എന്റെ മനസ്സിൽ ആവേശം അലതല്ലുന്നുണ്ടായിരുന്നു.

കണ്ണാ ന്ന് വിളിച്ചു മാറോടണയ്ക്കുന്ന അമ്മയുടെ മുഖം മനസ്സിൽ ഓടിയെത്തിയപ്പഴേക്കും ഞാനെന്റെ ജന്മനാട്ടിൽ എത്തി ചേർന്നിരുന്നു..

ആ പഴയ ചാവടിവീട് അകലെ നിന്ന് കാണുമ്പോഴേ ഉമ്മറ വരാന്തയിൽ കണ്ണ് നട്ടിരിക്കുന്ന അമ്മയുടെ അടുത്തേക്ക് എത്താനായി കിതച്ചു കൊണ്ട് ഞാൻഅവിടേക്ക് ഓടിചെന്നു … പക്ഷേ….

നര വീണു തുടങ്ങിയ താടിയുമായി ആ ചാരുബഞ്ചിലിരുന്ന എന്റെ അമ്മാവനെ കാണുമ്പോഴും എന്റെ കണ്ണുകൾ പരതിയത് അമ്മയെയായിരുന്നു …

എന്റെ കാതുകൾ സ്രെവിച്ചതു കണ്ണാ ന്നുള്ള വിളിക്കു വേണ്ടിയായിരുന്നു…

എന്റെ ചുണ്ടുകൾ മന്ത്രിച്ചത്‌ എവിടെയാണ് എന്റെ അമ്മയെന്നായിരുന്നു….. .

എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയെന്നോണം തോളത്തെ തോർത്തു മുണ്ടിനാൽ ഒഴുകി വന്ന കണ്ണുനീർ ഒപ്പിക്കൊണ്ട് അമ്മാവൻ എന്നോടായി പറഞ്ഞു.

കണ്ണാ, നിന്നെ തിരഞ്ഞു അമ്മയും ഞാനും പോവാത്ത സ്ഥലമില്ല.. പരാതിയുമായി പല തവണ സ്റ്റേഷനിൽ കയറിയിറങ്ങി. നിന്റെ വരവിനായി ചെയ്യാത്ത വഴിപാടുകളില്ല ഒടുവിൽ നിന്നെ പിരിയാൻ വയ്യാതെ നിന്റെ അമ്മ ചെയ്‍തത്….

മൂന്നു വർഷത്തിന് മുൻപ് എന്റെ കണ്ണനെയും കൊണ്ടേ തിരിച്ചു വരുമെന്ന് നിന്റെയമ്മ വെള്ളപേപ്പറിൽ കോറിയിട്ടു ഒരു പാതിരാവിൽ നാട് വിടുമ്പോൾ എനിക്ക് നഷ്ടമായത് നിങ്ങളെ രണ്ടാളെയുമാ….

നടുക്കത്തോടെയാ വാർത്ത കേട്ട് ഒരു നിമിഷം മനസ്സ് മരവിച്ചു പോയെങ്കിലും എന്റെഅമ്മയില്ലാതെ ഞാൻ തിരിച്ചു വരില്ല ന്നു പറഞ്ഞു ആ പടിയിറങ്ങുമ്പോൾ അമ്മയെ എവിടെ തിരയൺമെന്ന് എനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല…

പഴയ വണ്ടി വർക്ക്‌ ഷോപ്പിൽ ആശാനേ കൂട്ട് പിടിച്ചു ഒരു ലോഡ് വണ്ടിയിൽ വളയം പിടിക്കാൻ ഇറങ്ങുമ്പോൾ മനസ്സിലൊരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എന്റെ അമ്മ… ഈ ലോകത്തു എവിടെ ആണേലും കണ്ടെത്തണം…

പല സ്ഥലങ്ങളും കയറിയിറങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും ഞാൻ തളർന്നിരുന്നില്ല… “കണ്ണാ നീ എന്താ അമ്മയുടെ അടുത്തേക്ക് വരാത്തത്” ന്നുള്ള അമ്മയുടെ മനം നൊന്ത വിളി സ്വപ്നത്തിൽ പലവുരു കേട്ട് ഞാൻ ഞെട്ടിയുണരുന്നുണ്ടായിരുന്നു…

അമ്മയെ പിരിഞ്ഞിട്ട് ഇന്നുവരെ ഈശ്വരന്റെ മുന്നിൽ മുഖം തിരിച്ചുനടന്നിരുന്ന എനിക്ക് പക്ഷേ അന്ന് ലോഡ് വണ്ടിയിൽ കയറുന്നതിനു മുൻപ് തൃശ്ശിവപേരൂരിലെ അതേ മൂർത്തിക്ക് മുന്നിൽ കാണിയ്ക്ക അർപ്പിക്കുമ്പോൾ എന്നിൽ നിന്നും അമ്മയെ അകറ്റിയ ദൈവമേ അമ്മ ജീവനോടെ ഉണ്ടെന്നെങ്കിലും അറിഞ്ഞാൽ മതിയെന്ന് ഉള്ളുരുകി പറയുന്നുണ്ടായിരുന്നു ഞാൻ…..

വണ്ടിയുടെ പുറത്തേക്കു നോക്കുമ്പോൾ വഴിയരികിലൂടെ നടന്നു നീങ്ങുന്ന ഓരോ അമ്മമാരുടെയും മുഖത്തു ഞാൻ എന്റെ അമ്മയുടെ മുഖമാണൊ അവർക്കെന്നു തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു…

ഒടുവിൽ ഒരു തടിമില്ലിന് സമീപം ആയി വണ്ടി കൊണ്ട് നിർത്തുമ്പോൾ ഒരു ഉരുളൻ തടി മറിച്ചു വാളിനരികിലേക്ക് തള്ളിയിടുന്ന ഒരു പ്രായമേറിയ സ്ത്രീയേ ഞാൻ കണ്ടു…

ആ മുഖം വ്യക്തമായി കാണാനായി അരികിലേക്ക് നടന്നടുക്കുമ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു അതെന്റെ അമ്മ തന്നെയാണെന്ന്…

മുഖത്തെ ചെറിയ ചുളിവുകൾക്കുള്ളിലും അറക്കപൊടി പാറി വീണ നരച്ചു തുടങ്ങിയ മുടിയിഴകൾക്കുള്ളിലും അരികിലുള്ള ആളെ നോക്കി പുഞ്ചിരിക്കുമ്പോൾ ഞാൻ കണ്ടു കണ്ണാന്ന് വിളിച്ചു നിലാചന്ദ്രനെ കാട്ടി ഉരുളകൾ വച്ചു തരുമ്പോൾ ചിരിക്കാറുള്ള എന്റെ അമ്മയുടെ അതേ പുഞ്ചിരി….

അരികിലെത്തി ചുണ്ടുകൾ ഇടറി കൊണ്ട് ഞാൻ വിളിച്ചു… അമ്മേ….

അമ്മേ ന്ന് ഒരു വിളിക്കായ് കാലങ്ങളായി കാത്തിരുന്ന അമ്മയുടെ കാതിൽ അതെത്തിയ നേരം തലയുയർത്തി അമ്മ എന്നെ നോക്കി…

കണ്ണാ ന്ന് വിളിച്ചു കൊണ്ടെന്നരികിലേക്കു നടന്നടുത്ത അമ്മയുടെ വിണ്ടുകീറിയ പാദങ്ങളിലൊന്നാ ഒരു മരക്കബിൽ തട്ടി അമ്മ വീഴാനാഞ്ഞതും എന്റെ കരങ്ങളിൽ അമ്മയെ ഞാൻ താങ്ങി പിടിച്ചു ..

കണ്ണനരികിലുള്ളപ്പോൾ എന്റെ അമ്മ വീഴില്ലന്ന് പറഞ്ഞു ഞാനമ്മയുടെ ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.. “ഇനിയും കരയരുത് അമ്മേ ഒരായുസ്സിൽ അമ്മ എനിക്ക് വേണ്ടിയും ഞാൻ അമ്മയ്ക്ക് വേണ്ടിയും കരഞ്ഞു തീർത്തു”..

“തിരികെ നമ്മുടെ വീട്ടുവരാന്തയിൽ ഈ മടിയിൽ തലവെച്ചു കിടക്കാനും ആ നീര് വച്ച പാദങ്ങളിൽ കുഴമ്പ് പുരട്ടി തിരുമ്മാനും തല്ലാനും തലോടാനും ഉപദേശിക്കാനും വഴക്ക് പറയാനും പിണങ്ങാനും ഇണങ്ങാനും കൊതി തീരുവോളം എനിക്ക് എന്റെ അമ്മയെ വേണമെന്ന് പറയുമ്പോൾ അമ്മയുടെ കണ്ണിൽ നിന്നും ഇനിയും വറ്റാത്ത കണ്ണുനീർ ഉതിർന്നു കൊണ്ടേയിരുന്നു……

ശുഭം

(കാർത്തിക് )