എനിക്കാണേൽ എന്റെ ഭാര്യാ എന്നുവെച്ചാൽ ജീവനാ, അതോണ്ട് ഞാൻ രണ്ട് ദിവസം ലീവെടുത്തു…

ഡിവോഴ്സിന് ശേഷം…

Story written by Shaan Kabeer

===========

ഡിവോഴ്സ് കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് വളരെ യാദൃശ്ചികമായി മനാഫ് തന്റെ മുൻഭാര്യ ഷാഹിനയെ കാണുന്നത്. അതും ഹോസ്പിറ്റലിൽ വെച്ച്. രണ്ടുപേരും പരസ്പരം കണ്ടുവെങ്കിലും ഒന്ന് നോക്കി ഫോർമാലിറ്റിക്ക് വേണ്ടിയൊന്ന് പുഞ്ചിരിക്കാനോ രണ്ടുപേർക്കും മടി. പക്ഷേ രണ്ടുപേരും ഇടയ്ക്കിടെ നോക്കുന്നും ഉണ്ട്. മനാഫ് കൂളിംഗ് ഗ്ലാസ്‌ ഇട്ടത് കൊണ്ട് തന്നെ അവൻ തന്നെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടോ എന്നൊരു സംശയം ഷാഹിനാക്ക്. മനാഫ് ആണേൽ കൂളിംഗ് ഗ്ലാസ്‌ ഊരുന്നുമില്ല.

മനാഫും ഷാഹിനയും ഡിവോഴ്സ് ആയിട്ട് മൂന്ന് വർഷായി. അവർ ആകെ ഒന്നിച്ച് ജീവിച്ചത് ഒരുമാസം മാത്രമാണ്. അവർ എന്തിനാണ് പിരിഞ്ഞത് എന്ന് ചോദിച്ചാൽ “വാശി”, “മുൻകോപം” ഇത് രണ്ടുമായിരുന്നു അവർക്കിടയിലെ വില്ലന്മാർ.

രണ്ടുപേർക്കും മുടിഞ്ഞ വാശിയായിരുന്നു. ഒന്നാമത്തെ കാര്യം രണ്ടുപേരും വളരെ ചെറുപ്പത്തിലാണ് കല്യാണം എന്ന് പറയുന്ന അത്ഭുത കുഴിയിലേക്ക് എടുത്ത് ചാടുന്നത്. അതിന്റെ എല്ലാവിധ പക്വത കുറവും അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നു.

ഷാഹിന ഒരുകാര്യം പറഞ്ഞാൽ മനാഫ് സമ്മതിക്കില്ല. മനാഫ് എന്തേലും പറഞ്ഞാൽ ഷാഹിന വിട്ട് കൊടുക്കേം ഇല്ല. ചുരുക്കി പറഞ്ഞാൽ എന്നും വഴക്ക്. രണ്ടുപേരുടെ വീട്ടുകാരും അവരുടെ വഴക്ക് തീർത്ത് മടുത്തു. ഇതിനിടയിലാണ് ഷാഹിനയുടെ ബർത്ത് ഡേ സെലിബ്രേഷന്റെ അന്ന് ഡ്രെസ്സിന്റെ പേരിൽ രണ്ടാളും വഴക്ക് കൂടുന്നത്. ഷാഹിനാക്ക് മനാഫ് എടുത്ത ഡ്രസ്സ്‌ ഇഷ്ടായില്ല, അത് മാറ്റിയെടുക്കാൻ പറഞ്ഞപ്പോൾ മനാഫ് മൈൻഡ് ചെയ്തില്ല. ശരിക്കും ദേഷ്യം വന്ന ഷാഹിന ഡ്രെസ്സെടുത്ത് വലിച്ചെറിഞ്ഞു. ഇതുകണ്ട് പെട്ടെന്നുള്ള ദേഷ്യത്തിൽ മനാഫ് ഷാഹിനയുടെ മുഖത്തടിച്ചു. അടി കിട്ടിയ ഷാഹിന പിന്നെ ഒന്നും നോക്കിയില്ല മനാഫിനെ ഓടിച്ചിട്ട് തല്ലി. ഇതൊക്കെ നടക്കുന്നത് വീട്ടുകാരുടേയും വീട്ടിൽ വന്ന ഗസ്റ്റിന്റെയും മുന്നിൽ വെച്ചായിരുന്നു.

അതോടെ അവരുടെ കാര്യത്തിൽ തീരുമാനമായി. ഷാഹിനാന്റെ വീട്ടുകാർ അവളേയും മനാഫിന്റെ വീട്ടുകാർ അവനേയും ന്യായീകരിച്ചു. ചിലർ ഡബിൾ ഗെയിമും കളിച്ച് രണ്ടിനേയും രണ്ട് വഴികാക്കി. ഡിവോഴ്സ് ലെറ്ററിൽ ഒപ്പിടുമ്പോൾ യുദ്ധം ജയിച്ച ചക്രവർത്തിയെപ്പോലെ ആയിരുന്നു രണ്ടുപേരുടേയും മുഖഭാവം.

അന്ന് കോടതിയിൽ വെച്ച് രണ്ടുവഴിക്കായതിന് ശേഷം ഇപ്പോഴാണ് രണ്ടുപേരും പരസ്പരം കാണുന്നത്. ഷാഹിനയുടെ കൂടെ ഭർത്താവും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. മനാഫിന്റെ കൂടെ ഭാര്യയും മോനും. മനാഫിന്റെ ഭാര്യയെ അവൾ നന്നായൊന്ന് നോക്കി, നല്ല അച്ചടക്കമുള്ള സുന്ദരിയായ ഒരു പാവം കുട്ടി.

ഡോക്ടർ ഷാഹിനാന്റെ ടോക്കൺ വിളിച്ചു. അവൾ കാലുകൾ പതുക്കെ എടുത്തുവെച്ച് മെല്ലെ ഭർത്താവിനെ പിടിച്ച് നടന്നുനീങ്ങി. അപ്പോഴാണ് മനാഫ് ശ്രദ്ധിച്ചത് ഷാഹിനയുടെ കാലിന് എന്തോ അപകടം പറ്റിയിട്ടുണ്ട് എന്ന്. എന്തുപറ്റിയതാണ് എന്ന് അവളോട് പോയി ചോദിക്കാൻ മനാഫിന്റെ മനസ്സ് മന്ത്രിച്ചു. പക്ഷേ അവൻ ചോദിച്ചില്ല.

ഷാഹിനയും ഭർത്താവും ഡോക്ടറുടെ മുറിയിലേക്ക് കയറി. വാതിലിന്റെ കുറ്റി കേടായതിനാൽ വാതിൽ മുഴുവനായി അടഞ്ഞിട്ടില്ലായിരുന്നു. ഡോക്ടർ ആണെങ്കിൽ ഉച്ചത്തിൽ സംസാരിക്കുന്ന പ്രകൃതവും. അടുത്ത ടോക്കൺ മനാഫിന്റെ ആയോണ്ട് അവനും ഭാര്യയും കുട്ടിയും വാതിലിന്റെ അടുത്തുപോയി നിന്നു.

ഡോക്ടർ ഷാഹിനയുടെ കാൽ നന്നായി പരിശോധിച്ചു, എന്നിട്ട് അവളെ നോക്കി

“അല്ല, ഇത് എന്തോ കനമുള്ള സാധനത്തിൽ കാലുവെച്ച് ഇടിച്ചത് പോലുണ്ടല്ലോ, എന്താപറ്റിയെ…?”

ഷാഹിന ഒന്നും പറയാതെ ഭർത്താവിനെ നോക്കി പല്ലിളിച്ചു. ഭർത്താവ് ഡോക്ടറെ നോക്കി

“അതൊന്നുല്ല ഡോക്ടറേ, ഇവൾക്ക് ചില സമയത്ത് ഭയങ്കര ദേഷ്യവും വാശിയുമാണ്. രണ്ട് ദിവസം മുന്നേ എന്റെ ബൈക്ക് അറിയാതെ ഒന്ന് ഇവളുടെ ഗാർഡനിലുള്ള ചെടിയിലൊന്ന് തട്ടിയതിന് എന്റെ ബൈക്ക് കാണുമ്പോഴുക്കെ ദേഷ്യത്തോടെ കാലുവെച്ച് തൊഴിക്കായിരുന്നു”

ഒന്ന് നിർത്തിയിട്ട് അയാൾ ഡോക്ടറെ നോക്കി

“എനിക്കാണേൽ എന്റെ ഭാര്യാ എന്നുവെച്ചാൽ ജീവനാ, അതോണ്ട് ഞാൻ രണ്ട് ദിവസം ലീവെടുത്തു, ആ രണ്ട് ദിവസം ഫുഡ്‌ വരെ ഞാൻ ഇവളെക്കൊണ്ട് ഉണ്ടാക്കിക്കാതെ ഹോട്ടലിൽ നിന്നും ഓർഡർ ചെയ്തു. എന്നിട്ട് ന്റെ പൊന്നു ഭാര്യയുടെ ദേഷ്യവും വാശിയും തീരുന്നത് വരെ എന്റെ ബുള്ളറ്റിൽ ചവിട്ടാൻ പറഞ്ഞു. രണ്ട് ദിവസം മുഴുവനായി ന്റെ ഭാര്യ ബുള്ളറ്റിൽ ചവിട്ടിയതിന്റെ പറിക്കാ ഇത്. എന്നാലും ന്റെ മുത്തിന്റെ ദേഷ്യത്തിനും വാശിക്കും നല്ല സമാധാനം ഉണ്ട്”

ഭർത്താവ് ഷാഹിനയെ സ്നേഹത്തോടെ നോക്കി

“അല്ലേ മോളു…”

ഷാഹിന ഭർത്താവിനെ നോക്കി പല്ലിളിച്ചു. പുറത്ത് ഇതെല്ലാം കേട്ട് മനസ്സിൽ ചിരിയോട് ചിരിയായിരുന്നു മനാഫ്. പെട്ടന്ന് മനാഫിന്റെ മോൻ ഡോക്ടറുടെ റൂമിന്റെ വാതിൽ അറിയാതെ തുറന്നു. പുറത്ത് തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന മനാഫിനെ കണ്ടപ്പോൾ ഷാഹിനാക്ക് മനസ്സിലായി, മനാഫ് എല്ലാം കേട്ടു എന്ന്. അവൾ നാണിച്ച് തലതാഴ്ത്തി ഇരുന്നു.

പെട്ടന്ന് ഡോക്ടർ മനാഫിനെ നോക്കി

“എന്തായി കണ്ണ് വേദന കുറവുണ്ടോ…? അതോ ഡ്രസ്സ്‌ സെലക്ഷൻ പോരാഞ്ഞിട്ട് ഭാര്യ വീണ്ടും കണ്ണിലേക്ക് വിരലുകൊണ്ട് കുത്തിയോ…?”

ഷാഹിന മനാഫിനെ നോക്കി ആക്കിയ ഒരു ചിരിച്ചിരിച്ചു, മനാഫ് അവളെ നോക്കി പല്ലിളിച്ചു…

സ്പെഷൽ നോട്ട്: ചേരേണ്ടത് ചേർന്ന് കഴിഞ്ഞാൽ പിന്നെ ഡിവോഴ്സും ഉണ്ടാവില്ല, തെറ്റിപോകലും ഉണ്ടാവില്ല. എല്ലാത്തിനും അപ്പപ്പോൾ ഇങ്ങനെ പരിഹാരം കാണുമല്ലോ…

~ ഷാൻ കബീർ