ചെറിയൊരു ഭയം എന്നിൽ മുളപൊട്ടുന്നത് ഞാൻ  വേദനയോടെ അറിഞ്ഞു. പിന്നീട് അങ്ങോട്ട് എല്ലാ ദിവസവും അയാൾ….

മിഴിയോരം

Story written by Anu Kalyani

============

“ഒരിക്കൽ കൂടി ചിന്തിച്ചിട്ട് പോയാൽ പോരെ മോളെ”

ഗെയ്റ്റിന് പുറത്ത് കാർ നിർത്തി വിഷമത്തോടെ ചോദിക്കുന്ന ശേഖരേട്ടനെ നോക്കി ഞാൻ ചിരിച്ചു. പുറത്തിറങ്ങി ഗെയ്റ്റ് തുറന്നു. മൂന്ന് വർഷത്തെ ജയിൽ വാസത്തിന് ശേഷം വീണ്ടും ഞാനെന്റെ വീട്ടിൽ എത്തിയിരിക്കുന്നു. അച്ഛന്റെ മരണശേഷം ആരും ജയിലിൽ  എന്നെ കാണാൻ വന്നിട്ടില്ല. ഒന്നരവർഷം മുമ്പാണ് അവസാനമായി ഏട്ടനും ഏട്ടത്തിയും ജയിലിൽ വന്നത്.

ഇറയത്ത് കയറി ബെല്ലടിച്ചു, അപ്പോഴും ശേഖരേട്ടന്റെ കാറ് അവിടെ തന്നെ ഉണ്ടായിരുന്നു, പൊയ്ക്കോളൂ എന്നർത്ഥത്തിൽ ഞാൻ കൈ വീശി കാണിച്ചപ്പോൾ കാറ് നീങ്ങി. ഡോറ് തുറന്നുകൊണ്ട് പുറത്തേക്ക് വന്ന ഏട്ടത്തിയുടെ മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു.

“എന്താ ഏട്ടത്തി ഇങ്ങനെ നോക്കുന്നത്, ഇത് ഞാൻ തന്നെയാണ് നിങ്ങളുടെ മായ” പാതി തുറന്നിരുന്ന വാതിൽ മുഴുവനായി തുറന്ന് കൊണ്ട് ഞാൻ അകത്തേക്ക് കയറി. സെൻട്രൽഹാളിൽ മാലയിട്ട് വച്ചിരുന്ന അച്ഛന്റെയും അമ്മയുടെയും ചിരിക്കുന്ന മുഖത്തേക്ക് കുറച്ച് സമയം നോക്കി നിന്നു.

“ഏട്ടൻ എവിടെ പോയി” ഫോട്ടോയിൽ നിന്നും കണ്ണെടുക്കാതെ തന്നെ ചോദിച്ചു.

“മനു ഏട്ടൻ ഓഫീസിൽ പോയി” ഒട്ടും താല്പര്യമില്ലാത്ത പോലെയുള്ള സംസാരം കേട്ട് ഞാൻ ഏട്ടത്തിയെ തിരിഞ്ഞു നോക്കി. എന്നെ ഒന്ന് ഉഴിഞ്ഞുനോക്കി വാതിൽ ശക്തിയോടെ അടച്ച് അടുക്കളയിലേക്ക് നടന്നു.

പതിയെ ഞാൻ സ്റ്റപ്പ് കയറി മുകളിലെ എന്റെ മുറിയിലേക്ക് പോയി. ആ മുറിയിൽ നിന്നായിരുന്നു എല്ലാത്തിനും തുടക്കം. മൂന്ന് വർഷങ്ങൾക്ക് മുൻപ് അച്ഛന്റെ റിട്ടയേർമെന്റ് പാർട്ടിയുടെ അന്ന്, അച്ഛന്റെ ഓഫീസിലെ സുഹൃത്ത് ബോധം ഇല്ലാതെ എന്റെ മുറിയിൽ കയറി എന്റെ ദേഹത്ത് തൊട്ടപ്പോൾ അടുത്തുണ്ടായിരുന്ന ഫ്ലവർ സ്റ്റാന്റ് എടുത്ത് അയാളുടെ തലയിൽ തല്ലി, പെട്ടെന്ന് ഉണ്ടായ പ്രവർത്തിയിൽ അയാൾ വേച്ച് വേച്ച് ബാൽക്കണിയിലൂടെ താഴേക്ക് വീണു. ചോരവാർന്ന് കിടക്കുന്ന അയാളെ ഞാൻ ഒരു പിടപ്പോടെ നോക്കി. അപ്പോഴും എന്റെ വാക്കുകൾ ആരും വിശ്വസിച്ചിരുന്നില്ല, പകൽ മാന്യനായ ആ വ്യക്തിയെ യായിരുന്നു എല്ലാവരും ന്യായീകരിച്ചത്. അതിലുപരി ഞാൻ അയാളെ എന്റെ മുറിയിൽ വിളിച്ച് കയറ്റിയതാണെന്ന് വരെ പലരും അടക്കം പറയുന്നത് കേട്ടു.

കാറിന്റെ ശബ്ദം ആയിരുന്നു ഓർമ്മകളിൽ നിന്നും ഉണർത്തിയത്, ഏട്ടൻ ആയിരുന്നു അത്. ഞാൻ താഴേക്ക് ചെന്നു. എന്നെ കണ്ടപ്പോൾ ഒട്ടും താല്പര്യമില്ലാതെ നോക്കി. ഒന്നും പറയാതെ മുറിയിലേക്ക് പോയി തിരിച്ചു വന്ന് കയ്യിൽ ഉണ്ടായിരുന്ന കവർ എനിക്ക് നേരെ നീട്ടി.

“എന്താ ഇത്” തെല്ല് നേരത്തെ സംശയത്തോടെ ഞാൻ അത് വാങ്ങി.

“നമ്മുടെ പഴയ വീട്, നിന്റെ പേരിൽ അച്ഛൻ എഴുതി വച്ചിട്ടുണ്ട്……” പറഞ്ഞു കൊണ്ട് താക്കോൽ എന്റെ കയ്യിൽ വച്ച് തന്നു.

“അവിടെ ചുറ്റിലും ഒരുപാട് വീടുണ്ട്, അതുകൊണ്ട് ഒറ്റയ്ക്ക് നിൽക്കാൻ പേടിക്കേണ്ട…പിന്നെ കൊലപാതക കേസിലെ പ്രതിയുടെ വീട്ടിൽ വരാൻ ആർക്കാണെങ്കിലും കുറച്ച് പേടി ഉണ്ടാകും”

അവിടെ നിന്നും ഇറങ്ങി പോകണം എന്ന് ഏട്ടൻ പറയാതെ പറഞ്ഞപ്പോൾ ഒരു തരി പോലും വേദന തോന്നിയില്ല.

“മോള് എന്റെ വീട്ടിലേക്ക് വരുന്നോ” വീണ്ടും ശേഖരേട്ടന്റെ ചോദ്യം കേട്ട് ഞാൻ ഒന്ന് ചിരിച്ചു. അച്ഛന്റെ ഓഫീസിലെ സ്റ്റാഫ് ആയിരുന്നു ശേഖരേട്ടൻ, അച്ഛന്റെ മരണശേഷവും എന്നെ കാണാൻ വരുമായിരുന്നു അദ്ദേഹം. ടൗണിലെ ഒരു സൂപ്പർ മാർക്കറ്റിൽ ശേഖരേട്ടൻ എനിക്ക് ജോലി ശരിയാക്കി തന്നു.

സൂപ്പർ മാർക്കറ്റിൽ നിന്ന് ഒരാളുടെ സാധനങ്ങൾ എല്ലാം സ്കാൻ ചെയ്ത്  ബില്ല് കൊടുത്തിട്ടും പണം തന്നില്ല. കുറച്ച് സമയം കഴിഞ്ഞിട്ടും പണം തരാതെ ആയപ്പോൾ ആണ് ഞാൻ തലയുയർത്തി നോക്കിയത്. ഒരാൾ എന്നെ തന്നെ നോക്കി നിൽക്കുന്നു. അയാളുടെ മുഖത്തിന് നേരെ ബില്ല് ഉയർത്തിപ്പിടിച്ചപ്പോൾ കണ്ണുകൾ പിൻവലിക്കാതെ തന്നെ അയാൾ എനിക്ക് പണം തന്നു. ബാക്കി കൊടുത്തിട്ടും അയാൾ പോകാതെ അവിടെ തന്നെ നിന്നു.

“ഇനി എന്തെങ്കിലും വേണോ” അയാളുടെ രൂക്ഷമായുള്ള നോട്ടം അസഹ്യമായപ്പോൾ ഞാൻ ചോദിച്ചു. ഒന്നും വേണ്ട എന്നർത്ഥത്തിൽ തലയാട്ടി അയാൾ പുറത്തേക്ക് പോയി.

വീട്ടിലേക്ക് പോകാൻ ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആണ് വീണ്ടും അയാളെ ഞാൻ കണ്ടത്. ബേങ്കിൽ നിന്നും ഇറങ്ങി വരികയായിരുന്നു അയാൾ. അപ്പോഴും അയാളുടെ കണ്ണുകൾ എന്നിൽ തന്നെ ആയിരുന്നു. വീടിന്റെ ഗെയ്റ്റ് തുറക്കുമ്പോൾ ബൈക്കിന്റെ ശബ്ദം കേട്ടു, തിരിഞ്ഞു നോക്കുമ്പോൾ അയാൾ ആയിരുന്നു.

ചെറിയൊരു ഭയം എന്നിൽ മുളപൊട്ടുന്നത് ഞാൻ  വേദനയോടെ അറിഞ്ഞു. പിന്നീട് അങ്ങോട്ട് എല്ലാ ദിവസവും അയാൾ കടയിൽ വരാൻ തുടങ്ങി, വഴിവക്കിലും ബസ്സ് സ്റ്റോപ്പിലും ഒക്കെ ആയി എന്നും അയാളെ കാണാറുണ്ടായിരുന്നു. ഒന്നും സംസാരിക്കാതെ എന്തോ ഒരു ഭാവത്തിൽ എന്നും നോക്കി നിൽക്കും.

ഒരു ലീവ് ദിവസം വീട്ടിൽ ഇരിക്കുമ്പോൾ ആയിരുന്നു മുറ്റത്തേക്ക്  കാർ വന്നത്. അതിൽ നിന്നും ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു, കൂടെ അയാളും ഉണ്ടായിരുന്നു. പിന്നാലെ ശേഖരേട്ടന്റെ കാറും കണ്ടപ്പോൾ നേരിയ ഒരാശ്വാസം തോന്നി, എങ്കിലും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

“മായ എന്നല്ലേ പേര്” എന്റെ തലയിൽ തലോടി കൊണ്ട് ആ സ്ത്രീ ചോദിച്ചു.

“മോളെ, ഇവർ വന്നത് മോൾക്ക് കല്ല്യാണാലോചനയും ആയിട്ടാണ്”

ശേഖരേട്ടന്റെ സംസാരം കേട്ട് ഞാൻ ഒരു ഞെട്ടലോടെ അവരെ നോക്കി.

പതിവിന് വിപരീതമായി, ഒരു ചിരിയോടെ അയാൾ ഇപ്പോഴും എന്നെ നോക്കി നിൽക്കുകയാണ്.

“ഇത് ജിതിൻ, ബേങ്കിലാണ് ജോലി…ഇവനാണ് പയ്യൻ….” അയാളെ ചേർത്ത് നിർത്തി കൊണ്ട് ശേഖരേട്ടൻ പറഞ്ഞു.

എന്ത് പറയണമെന്ന് എനിക്ക് അറിയില്ലാമായിരുന്നു, ഒന്നും പറയാതെ ഞാൻ അകത്തേക്ക് കയറി.

“മോളെ,അവർ നല്ലവരാണ്, മോളുടെ നല്ലതിന് വേണ്ടിയാണ് ഞാൻ പറയുന്നത്…കുറച്ച് കഴിഞ്ഞാൽ മോൾക്ക് അത് മനസ്സിലാക്കാകും”.

“ഒരു കല്യാണത്തിന് ഉള്ള മാനസികാവസ്ഥയിൽ അല്ല ഞാനിപ്പോൾ…ഞാൻ…..”

“സമ്മതിക്കണം…മോളുടെ അച്ഛന് വേണ്ടിയെങ്കിലും…ഇതുപോലെ ഒരു അവസരം ഇനി കിട്ടില്ല….”

പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ആ സ്ത്രീ അകത്തേക്ക് വന്നു. വിഷാദം നിറഞ്ഞ കണ്ണുകൾ ആയിരുന്നു അവരുടേത്….ഒരുപാട് വിഷമങ്ങൾ അവർ അനുഭവിക്കുന്നുണ്ടെന്ന് ആ മുഖത്ത് നിന്നും അറിയാം.

എന്റെ മറുപടി കേൾക്കാതെ തന്നെ ശേഖരേട്ടൻ അവരോട് സമ്മതം അറിയിച്ചു. അവർ പോയിട്ടും എന്തെന്നില്ലാത്ത ഒരു അസ്വസ്ഥ എന്നെ പൊതിയുന്നു എന്തായിരുന്നു.

വാതിലിൽ ശക്തമായി അടിക്കുന്ന ശബ്ദം കേട്ട് തുറന്നപ്പോൾ മുന്നിൽ നിന്നവരെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു.

“ഏട്ടനോ, അകത്തേക്ക് വാ….” ദേഷ്യം നിറഞ്ഞു നിന്നിരുന്നു മുഖത്ത്.

“എന്താ നിന്റെ ഉദ്ദേശം…”

“എന്ത് ഉദ്ദേശം?” എന്നെ രൂക്ഷമായി നോക്കി അകത്തേക്ക് കയറി.

“ഒരാളെ തലയ്ക്കടിച്ച് കൊന്നിട്ട് അയാളുടെ മകനെ തന്നെ കെട്ടാൻ നിനക്ക് പ്രാന്തുണ്ടോ” ഏട്ടൻ പറഞ്ഞത് കേട്ട് ശ്വാസം എടുക്കാൻ പോലും കഴിയാതെ സ്തംഭിച്ചു നിന്നു പോയി ഞാൻ.

“സത്യം ആണോ… ഈ പറഞ്ഞത്”

“കള്ളം പറയാൻ എനിക്ക് വട്ടൊന്നും ഇല്ല” പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചപ്പോൾ ശബ്ദം ഉയർത്തി ഏട്ടൻ മറുപടി പറഞ്ഞു.

“അല്ലെങ്കിലേ നീ കാരണം നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയാണ്….ഇനി ഇതും കൂടി ചെയ്ത് നാറ്റിക്കരുത്”

പരിഹാസത്തോടെ ആണെങ്കിൽ പോലും ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ ഒരു വാക്ക് പോലും എനിക്ക് തിരികെ പറയാൻ ഉണ്ടായിരുന്നില്ല.

ശേഖരേട്ടനെ വിളിച്ച് കാര്യം തിരക്കിയപ്പോൾ, എല്ലാം അറിഞ്ഞിട്ട് ആണ് ആലോചനയുമായി വന്നതെന്ന് പറഞ്ഞു. പറയാനുള്ളത് എന്താണെന്ന് പോലും ചോദിക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു.

ഗെയ്റ്റിന് വെളിയിൽ നിർത്തിയ ബൈക്കിൽ ചാരി നിന്ന് വീട്ടിലേക്ക് നോക്കി നിൽക്കുന്ന ജിതിനെ ഞാൻ ജനലിലൂടെ കണ്ടു. എന്തായിരിക്കും അയാളുടെ ഉദ്ദേശ്യം, ചിലപ്പോൾ അച്ഛനെ കൊന്നവരോടുള്ള പ്രതികാരം ആയിരിക്കും…അല്ലാതെ സ്വന്തം അച്ഛനെ കൊന്നവളെ കെട്ടാൻ അയാൾക്ക് പ്രാന്ത് ഉണ്ടോ…ആ കണ്ണുകൾ എന്റെ മുഖത്തേക്ക് നീണ്ടതും ഞാൻ അവിടെ നിന്നും മാറി.

പിറ്റേന്ന് സൂപ്പർ മാർക്കറ്റിൽ നിന്നും വരുമ്പോൾ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു  ജിതിൻ. മറികടന്ന് പോകാൻ തുടങ്ങുമ്പോഴാണ് വീണ്ടും കുറുകെ വന്ന് നിന്നത്.

“എനിക്ക് കുറച്ച് സംസാരിക്കണം..”

എന്നും ഉണ്ടാവാറുള്ള നോട്ടം ആയിരുന്നില്ല ആ മുഖത്ത്..ചെറിയ നിരാശ കലർന്നിരുന്നു വാക്കുകളിലും…

“എന്താ നിങ്ങൾക്ക് വേണ്ടത്, അച്ഛനെ കൊന്നവരോടുള്ള പ്രതികാരം ആണെങ്കിൽ അതിന് വിവാഹത്തിന്റെ ആവശ്യം ഇല്ല, ഇപ്പോൾ തന്നെ നിങ്ങൾക്ക് എന്നെ കൊല്ലാം…ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ടാണ് ജീവിക്കുന്നത്…തന്റെ അച്ഛനെ ഞാൻ കൊന്നത്, എന്നെ കയറി പിടിച്ചിട്ടാണ്….മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ച അയാളെ കൊന്നതിൽ എനിക്ക് ഈ നിമിഷം വരെ കുറ്റബോധം തോന്നുന്നില്ല…ഇനി മകനും അച്ഛന്റെ അതേ സ്വഭാവം തന്നെ ആണോ……..”

അങ്ങനെ ഞാൻ അയാൾക്ക് മുന്നിൽ നിന്നും ചോദിക്കുമ്പോൾ, കുറുകിയ കണ്ണുകളുമായി എന്റെ അരികിലേക്ക് വന്നു.

“കൊല്ലാൻ തന്നെയാണ് പ്ലാൻ…അതിന് നീ സമ്മതം അറിയിച്ച സ്ഥിതിക്ക്, ഇപ്പോൾ തന്നെ അത് ചെയ്തേക്കാം…ഭർത്താവിന്റെയും അച്ഛന്റെയും മരണത്തിൽ വിഷമിച്ച് കഴിയുന്ന രണ്ട് ആത്മാക്കൾ ഉണ്ട് എന്റെ വീട്ടിൽ, അവരുടെ മുന്നിൽ വച്ചാണ് കോല്ലേണ്ടത്…..” രോക്ഷം നിറഞ്ഞ ശബ്ദം കേട്ട് ഞാൻ അവിടെ തറഞ്ഞു നിന്നു.

“എന്തേയ് വരുന്നില്ലേ…..” കാറിന്റെ ഡോറ് തുറന്ന് എന്നെ നോക്കി ചോദിച്ചു.

എന്തിനാണ് ഞാൻ ഭയക്കുന്നത്, ആർക്കും വേണ്ടാതെ ജീവിക്കുന്നതിനെക്കാൾ നല്ലത് മരിക്കുന്നത് തന്നെയാണ്…ഉറച്ച ചുവടുകളോടെ തലയുയർത്തി ഞാൻ കാറിൽ കയറി ഇരുന്നു. എന്റെ പ്രവർത്തി കണ്ട് കുറച്ച് സമയം നോക്കി ഇരുന്നതിന് ശേഷം കാറ് നീങ്ങി തുടങ്ങി.

ചെങ്കല്ല് കൊണ്ടുണ്ടാക്കിയ വീടിന് മുന്നിൽ ചെന്ന് നിർത്തി. ആ സ്ത്രീ മുറ്റത്ത് ഉണ്ടായിരുന്നു….തന്നെ വിധവ ആക്കിയവളോടുള്ള ദേഷ്യം ഒന്നും പക്ഷേ ആ മുഖത്ത് ഇല്ലായിരുന്നു…എന്തോ ചോദിക്കാനായി അടുത്തേക്ക് വരുമ്പോഴേക്കും ജിതിൻ എന്റെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് അകത്തേക്ക് കയറി…കോണിപ്പടികളിലൂടെ വലിച്ച് മുകളിലേക്ക് കയറുന്തോറും കയ്യിലെ പിടി മുറുകി വരുന്നുണ്ടായിരുന്നു…ഒരു മുറിയിൽ കയറി കയ്യിലെ പിടി വിട്ടു. മുഴുവൻ അലങ്കോലമായി കിടക്കുന്ന മുറിയിൽ അങ്ങിങ്ങായി മഞ്ചാടി മണികൾ ചിതറികിടക്കുന്നു…കണ്ണുകൾ മുറിയുടെ ഒരു കോണിൽ എത്തിയപ്പോൾ കണ്ട കാഴ്ച അറിയാതെ തന്നെ എന്റെ കാലുകളെ പിറകോട്ട് ചലിപ്പിച്ചു….

മൂലയിൽ പതുങ്ങി ഇരിക്കുന്ന പെൺകുട്ടി, വിരലുകൾ കൊണ്ട് അലസമായി കിടക്കുന്ന തലമുടിയിൽ വലിച്ചുകൊണ്ടിരിക്കുന്നു ഞങ്ങളുടെ സാമീപ്യം പോലും അവൾ തിരിച്ചറിഞ്ഞില്ലെന്ന് തോന്നുന്നു.

“എന്റെ അനിയത്തി ആണ്, മകളെ റേ പ്പ് ചെയ്യുന്ന അച്ഛനെ കുറിച്ച് പേപ്പറിൽ ഒക്കെ കുറേ വായിച്ചിട്ടുണ്ട്…പക്ഷേ, സ്വന്തം വീട്ടിൽ അങ്ങനെ ഒരു അനുഭവം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല”

ഇടറിയ ശബ്ദത്തിൽ അവനത് പറയുമ്പോൾ, ഞാൻ പതിയെ അവളുടെ അരികിലേക്ക് ചെന്നിരുന്നു…എന്റെ സാമീപ്യം അറിഞ്ഞവൾ തലയുയർത്തി നോക്കി, എന്റെ ഷാളിന്റെ തുമ്പത്ത് പിടിച്ച് പിന്നിയ നൂലിൽ വലിച്ച് കൊണ്ടിരുന്നു….

“ഞങ്ങൾ ചെയ്യാൻ വിചാരിച്ചിരുന്ന കാര്യം ആണ് നീ ചെയ്തത്…ഞങ്ങൾ അയാളെ കൊല്ലാൻ വൈകിയത് കൊണ്ടാണ് നിനക്ക് അത് ചെയ്യേണ്ടി വന്നത്…നിന്നെ കുറിച്ച് ഒരുപാട് അന്വേഷിച്ചു…പിന്നീട് ആണ് ശേഖരേട്ടനെ കാണുന്നത്..”

ഞങ്ങളുടെ സംസാരം കേട്ട് അമ്മ മുറിയിൽ വന്നു. എന്നെയും ആ കുട്ടിയെയും അടുത്ത് കണ്ടപ്പോൾ അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു…..

“ഇപ്പോൾ നല്ല മാറ്റമുണ്ട്, ആദ്യമൊക്കെ എല്ലാവരെയും കണ്ടാൽ നിലവിളിക്കുമായിരുന്നു…” ഞങ്ങളുടെ അരികിൽ ഇരുന്ന് അമ്മ പറഞ്ഞു. പതിയെ ജിതിനും അടുത്ത് വന്നിരുന്നു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു….

തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല, ഗെയ്റ്റിന് പുറത്ത് കാർ നിർത്തി, ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി. എന്നെയും നോക്കി അതേ നില്പ് ആണ്, കൂടെ ഒരു ചിരിയും. അന്നാദ്യമായി ഞാൻ തിരിച്ചും ഒന്ന് ചിരിച്ചു, അത് കണ്ടിട്ടാവണം തുറന്നചിരിയോടെ കാറെടുത്ത് പോയി……

അകത്ത് കയറുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി എന്നെ മൂടുന്നുണ്ടായിരുന്നു…ആത്മസംതൃതിയോടെ അന്ന് ഞാൻ ഉറങ്ങി…വരാൻ പോകുന്ന സന്തോഷദിവസങ്ങളെ ഓർത്ത്…..