ചോദ്യങ്ങൾക്ക് മറുപടി നൽകാതെ എന്നെന്നേക്കുമായി അവളാ പടിയിറങ്ങി. മനസ്സിൽ ഉറച്ച ഒരുപിടി തീരുമാനങ്ങളുമായി…

ആത്മഹത്യ…

Story written by Aswathy Raj

=========

ടീ ഒരുമ്പെട്ടോലെ നിനക്ക് നാണമില്ലേ സ്വന്തം തെറ്റ് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ?…..വായിൽ നാക്കുണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാമെന്നായോ..ഇനി നിന്റെ തോന്നിവാസം ഈ വീട്ടിൽ നടക്കില്ല, ഇന്നിറങ്ങിക്കോണം ഇവിടെ നിന്ന്…ഇനി എനിക്ക് നിന്നെ പോലെ ഒരുത്തിയെ വേണ്ട..

രാഹുൽ താൻ എന്തൊക്കെയാ ഈ പറയുന്നേ? ഞാൻ എന്ത് തെറ്റ് ചെയ്തു?

ഛീ വാ അടയ്ക്കടി പി ഴച്ചവളെ…കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്നിട്ട് അത് മുഴുവൻ ഈ വീട്ടിലുള്ളവരുടെ മേൽ കൊണ്ട് വക്കുന്നോ?

‘കവിളത്തു കിട്ടിയ അടിയേക്കാൾ വീണക്ക് വേദനിച്ചത് സ്വന്തം ഭർത്താവായ രാഹുലിന്റെ വാക്കുകളാണ്’

രാഹുൽ താൻ ഒന്നും അറിയാതെ എന്നെ തെറ്റുകാരിയാക്കരുത്…ഞാൻ തെറ്റു ചെയ്തിട്ടില്ല…

പിന്നെ ആരാടി തെറ്റുകാരി എന്റെ പെങ്ങളോ?

രാഹുൽ, ലച്ചു (രാഹുലിന്റെ പെങ്ങൾ ) തെറ്റുകാരി ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല, ഞാൻ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ മാത്രമാണ് ഞാൻ പറഞ്ഞത്….

നിർത്തടി…നീ പറയുന്നതൊന്നും ഇനി എനിക്ക് കേൾക്കണ്ട…എനിക്കറിയാം നീ നിന്റെ തെറ്റ് മറക്കാൻ എന്റെ പെങ്ങളെ കരുവാക്കുവാണെന്ന്

ലച്ചുവിനെ തെറ്റുകാരിയാക്കിയിട്ട് എനിക്ക് എന്ത് നേട്ടമാണ് രാഹുൽ ഉള്ളത്?

എന്നെയും എന്റെ വീട്ടുകാരെയും മോശക്കാരാക്കി നല്ല പിള്ള ചമയാൻ നോക്കണ്ട നീ….നിന്നെ പോലെ ഒരുവളെ എനിക്കിനി വേണ്ട…നീ എന്ന് എന്റെ ജീവിതത്തിൽ വന്നോ അന്ന് തുടങ്ങി എന്റെ നാശം….ദയവു ചെയ്തു നീ എന്റെ ജീവിതത്തിൽ നിന്നും ഒന്നൊഴിഞ്ഞു പോ….ഇനിയും കടിച്ചു തൂങ്ങാതെ എവിടേലും പോയി ചാകടി ശവമേ….

‘കീറി മുറിക്കുന്ന വാക്കുകൾക്കൊപ്പം വീണയെ പിടിച്ചു റൂമിന് പുറത്തേക്ക് തള്ളി രാഹുൽ ഇറങ്ങി പോയി…നിഗൂഢമായ ചിരിയോടെ ഇതെല്ലാം കണ്ടു കൊണ്ട് ലെച്ചുവും അവളുടെ അമ്മയും വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു’

ഇനിയെങ്കിലും ഒഴിഞ്ഞു പൊക്കൂടെടി അവന്റ ജീവിതത്തിൽ നിന്നു…രണ്ടു കൊല്ലമായി എന്റെ മോൻ ഈ നശിച്ചവളെ ചുമക്കുന്നു…പലതവണ അവൻ പറഞ്ഞു കഴിഞ്ഞു നിന്നെ വേണ്ടെന്ന്…പിന്നെയും എന്തിനാടി ഞങ്ങളെ ഇങ്ങനെ ശല്യം ചെയ്യുന്നത്?

മൂന്നു നേരം നല്ല ആഹാരം കഴിച്ചു…വെറുതെ ഇരുന്നു സുഖിച്ചു കാണും അമ്മേ ഇവൾക്ക്…പെട്ടെന്ന് ഇതൊക്കെ ഇട്ടെറിഞ്ഞു ഇവൾ എങ്ങനെ പോകും….പോയാലും എങ്ങോട്ട് പോകും… ‘അവസരത്തിനനുസരിച്ചു വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ലെച്ചുവും മറന്നില്ല ‘

പിന്നെയും നെഞ്ച് കീറുന്ന വാക്കുകൾ പറഞ്ഞു അവരും പോയി,

‘ഒത്തിരി നേരം കരഞ്ഞു കൊണ്ട് വീണ അതെ കിടപ്പ് കിടന്നു…എന്തോ ചിന്തിച്ചുറപ്പിച്ചു അവൾ റൂമിലേക്കു പോയി വാതിൽ കുറ്റിയിട്ടു…അവളെ നിരീക്ഷിച്ചു കൊണ്ടിരുന്ന ലെച്ചു വേഗം അമ്മക്കരികിലേക്ക് ചെന്നു’

അമ്മേ ആ നാശം പിടിച്ചവൾ റൂമിൽ കേറി കതകടച്ചു…ഇവിടെ വച്ച് അവൾ വല്ലതും ചെയ്താൽ നമ്മൾ പെടും…അമ്മ ഒന്ന് അങ്ങോട്ട്‌ ചെന്നേ…

എന്റെ ദൈവമേ ഇവളൊരുത്തി കാരണം ഇവിടെ സ്വസ്ഥത ഇല്ലല്ലോ…ലെച്ചു നീയും കൂടി വാ…

ടീ നാശമേ കതകടച്ചു നീ അവിടെ എന്ത് ചെയ്യുവാ?ചാകണം എങ്കിൽ വേറെ എവിടേലും പോയി ചാകടി….ഇതിനകത്ത് നീ ചത്തു കിടന്നാൽ നിന്റെ മരണശേഷം പോലും ഞങ്ങൾക്ക് മനസ്സമാധാനം കിട്ടില്ല

‘വാക്കുകൾ കൂരമ്പുകളായി വീണ്ടും അവളെ കുത്തി മുറിച്ചു….. മരണം പോലും അവളെ കളിയാക്കുന്ന പോലെ വീണക്കു തോന്നി…ഫാനിൽ തൂങ്ങിയാടുന്ന സാരി അവളെ കൊഞ്ഞനം കുത്തി….ഒരുനിമിഷം അവൾ തളർന്നു…കതകിലെ തുടർച്ചയായുള്ള കൊട്ട് അവളെ ബോധത്തലത്തിലെത്തിച്ചു…പെട്ടെന്ന് ഫാനിൽ നിന്നും സാരിയഴിച്ചു മാറ്റി…ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു അവൾ വാതിൽ തുറന്നു….

എന്തെടുക്കുവായിരുന്നെടി???

ചോദ്യങ്ങൾക്ക് മറുപടി നൽകാതെ എന്നെന്നേക്കുമായി അവളാ പടിയിറങ്ങി…മനസ്സിൽ ഉറച്ച ഒരുപിടി തീരുമാനങ്ങളുമായി…

============

ആഹാ ഇതാരാ വീണയോ….കേറി വാടാ…അമ്മേ ദേ വീണ വന്നിരിക്കുന്നു

ചേട്ടൻ ഇല്ലേ നാത്തൂനേ?

ഇല്ലെടാ….എറണാകുളം വരെ പോയതാ നാളെ രാവിലെ വരും…..

മോളെ വീണേ എത്ര നാളായെടി നിന്നെ കണ്ടിട്ട്…ഞാൻ ചത്തോ ഉണ്ടോന്നു പോലും നീ ഇപ്പോ തിരക്കാറില്ലല്ലോ

അമ്മക്കറിയാല്ലോ അമ്മേ അവിടെ ഞാനില്ലാതെ പറ്റില്ല…മനപ്പൂർവം അല്ല അമ്മേ വിളിക്കാത്തെ ഒന്നിനും സമയം കിട്ടാറില്ല

ഓ…നിനക്ക് എപ്പോഴും തിരക്കല്ലേ…അവനെവിടെ മോളെ?

രാഹുൽ വന്നില്ല അമ്മേ….പുതിയ പ്രൊജക്ട്ന്റെ തിരക്കില..

മം സാരമില്ല…നീ ഒരാഴ്ച കഴിഞ്ഞു പോയ മതി

ഞാൻ നാളെ ഇവിടെ കാണും അമ്മേ…ചേട്ടനെ കൂടെ കണ്ടിട്ട് മറ്റന്നാൾ രാവിലെ പോകും..

അതെന്തു പോക്കാണ് നാത്തൂനേ ??? രണ്ടു ദിവസം എങ്കിലും നിന്നിട്ട് പോകാന്നെ…

ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല….പോയെ പറ്റു അതാ….

വീണയുടെ വാക്കുകൾ ഉറപ്പുള്ളതായിരുന്നു….പോകണം എന്ന് അവൾ ഉറപ്പിച്ചു കഴിഞ്ഞു

അമ്മേ ഞാൻ ഒന്ന് കുളിക്കട്ടെ…നല്ല യാത്ര ഷീണം ഉണ്ട്

മം കുളിച്ചിട്ട് വാ ഊണ് കഴിക്കാം

ശരി….

ദേഹത്തു വീഴുന്ന വെള്ളത്തുള്ളികൾക്കുപോലും അവളെ തണുപ്പിക്കാനായില്ല…മടുത്തു ഈ ജീവിതം ഒരു തെറ്റും ചെയ്യാതെ തെറ്റുകാരിയായി…രാപ്പകൽ ഇല്ലാതെ ആ വീടിനും വീട്ടുകാർക്കും വേണ്ടി പണിയെടുത്തു….എല്ലാവരെയും ജീവനായി കണ്ടു…പക്ഷേ ഈ ജീവൻ ആണ് അവർക്ക് വേണ്ടതെന്നു ഞാൻ അറിയാതെ പോയി……

നടന്ന ഓരോ സംഭവങ്ങളും വീണയുടെ മനസ്സിലൂടെ ഒഴുകിയിറങ്ങി….എം ബി എ കാരി ആയിരുന്ന വീണക്കു അതെ പ്രൊഫഷനിൽ നിന്നും വന്ന പ്രപ്പോസൽ ആയിരുന്നു രാഹുലിന്റെതു….കാണാൻ സുന്ദരൻ…നല്ല ജോലി നല്ല കുടുംബം…ശ്രീധനം ഒന്നും വേണ്ട പെണ്ണിനെ മാത്രം മതി…ഇതിലൊക്കെ ഉപരി വീണയുടെ കുറവുകൾ അവർക്ക് പ്രശ്നം അല്ലായിരുന്നു…കുട്ടിക്കാലത്തു വീണക്കു രണ്ടു തവണ അപസ്മാരം വന്നിരുന്നു…ഈ ഒറ്റകാരണം കൊണ്ട് നല്ല ചില ആലോചനകൾ മുടങ്ങിയ നേരത്താണ് രാഹുലിന്റെ ആലോചന വന്നത്…എന്തുകൊണ്ടും നല്ല ആലോചന ആയതുകൊണ്ട് രാഹുലിനെ തിരഞ്ഞെടുക്കാൻ അതികം ചിന്തിക്കേണ്ടി വന്നില്ല….

വിവാഹം വരെ വീണ ബാംഗ്ലൂരിൽ ജോലിക്ക് പോയിരുന്നു…വിവാഹശേഷം ജോലിക്ക് വിടാം എന്ന് പറഞ്ഞെങ്കിലും….അമ്മക്കരികിൽ ആരും ഇല്ല എന്ന് പറഞ്ഞു അവളുടെ ജോലി ആദ്യം ഇല്ലാതാക്കി…ആദ്യം ഒക്കെ എല്ലാവരും നല്ല സ്നേഹത്തിലായിരുന്നു..പതിയെ പതിയെ അത് മാറി…അമ്മ തനി അമ്മായി അമ്മയായി…കെട്ടിച്ചു വിട്ട നാത്തൂൻ വീട്ടിൽ സ്ഥിരതാമസം ആക്കിയതോടു കൂടെ നാത്തൂൻ പോരും തുടങ്ങി…

പക്ഷേ രാഹുൽ…അവന്റെ സ്നേഹം ഒന്ന് കൊണ്ടാണ് വീണ പിടിച്ചു നിന്നത്…ഒരേ സ്വഭാവം ഉള്ള സോൾ മേറ്റ്സ് ആയിരുന്നു അവർ…പരസ്പരം പറയാതെ അറിഞ്ഞവർ…അവന്റെ സ്നേഹം അവളെ പതിയെ പതിയെ അവന്റെ അടിമയാക്കി…ഒപ്പം തന്നെ വീട്ടിലെ പ്രശ്നങ്ങൾ കൂടി വന്നു…അമ്മായി അമ്മയും നാത്തൂനും എന്നും ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി അത് വീണയുടെ തലയിൽ വക്കുക പതിവാക്കി…നല്ലൊരു ജീവിതത്തിന് ക്ഷമ അത്യാവശ്യം ആണെന്ന അവളുടെ അമ്മയുടെ വാക്കുകൾ ഓർത്തു അവളെല്ലാം സഹിച്ചു…ഒന്നും സ്വന്തം വീട്ടിൽ പോലും പറയാതെ അവൾ ഉള്ളിലൊതുക്കി…….

പക്ഷേ കാലം രാഹുലിനെയും മാറ്റി…ദിനം പ്രതി അവർ തമ്മിൽ അകലാൻ തുടങ്ങി…വീട്ടുകാർ അകറ്റി എന്ന് പറയുന്നതാകും ശരി…ശ്രീധനം വേണ്ടെന്നു പറഞ്ഞ രാഹുൽ അതിനെ പറ്റി ചോദ്യം ചെയ്തു…എന്റെ കുറവുകളെ ചൂണ്ടിക്കാട്ടി ഞങ്ങൾ അവരെ പറ്റിച്ചു എന്നൊക്കെ പറഞ്ഞു ദിവസവും വഴക്കായി…വഴക്കുകൾ എല്ലാം ദേഹോപദ്രവത്തിൽ കലാശിച്ചു…എല്ലാം സഹിച്ചു ഒരു വേലക്കാരിയെ പോലെ അവൾ അവിടെ ജീവിച്ചു…ഇതിനിടയിൽ പലതും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു…പക്ഷേ രാഹുലിനോടുള്ള അമിത സ്നേഹത്താലും…സ്വന്തം വീട്ടുകാർക്ക് താങ്ങേണ്ടി വരുന്ന അപമാനത്താലും അവൾ അവിടെ കടിച്ചു തൂങ്ങി….

പക്ഷേ ഈ അവസാന ദിവസം ലെച്ചുവിന്റെ മൂന്നു വയസ്സുള്ള മകൻ മുറ്റത്തെ കല്ലിൽ തലയിടിച്ചു വീണു മുറിഞ്ഞപ്പോൾ വീണ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു…കുഞ്ഞിനേയും എടുത്തു ഹോസ്പിറ്റലിൽ പോകാൻ നേരം ഒത്തിരി തവണ അവൾ ലച്ചുവിനെ ഫോണിൽ വിളിച്ചെങ്കിലും കാൾ അറ്റൻഡ് ചെയ്തില്ല…രാഹുൽ പുതിയ പ്രൊജക്റ്റ്‌ന്റെ കാര്യത്തിന് ഓടി നടക്കുന്ന ടൈം ആയതു കൊണ്ട് ഫോൺ വിളിച്ചിട്ടും കാര്യം ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ ഒരു ഓട്ടോ വിളിച്ചു കുഞ്ഞിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി….ഹോസ്പിറ്റലിൽ പോകുന്ന വഴി റോഡു സൈഡ്ലെ ഒരു കോഫി ഷോപ്പിൽ അവൾ ലച്ചുവിനെ കണ്ടു…അപ്പോ തന്നെ അവളെ ഫോൺ വിളിച്ചെങ്കിലും അവൾ വീണയുടെ കാൾ അറ്റൻഡ് ചെയ്തില്ല..

ഹോസ്പിറ്റലിൽ നിന്ന് വീണ തിരികെ വന്നപ്പോഴും വീട്ടിൽ അമ്മായിഅമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു…കുട്ടി മറിഞ്ഞു വീണത് എന്റെ ശ്രദ്ധകുറവാണെന്നു സ്ഥാപിക്കാൻ വ്യഗ്രത കൊള്ളുന്ന അവരോട് ഒന്നും പറയാതെ അവൾ വീട്ടിലെ ബാക്കി ജോലികൾ ചെയ്തു തീർത്തു…വഴിയിൽ വച്ചു ലച്ചുവിനോപ്പം കണ്ട പയ്യനുമായുള്ള ലച്ചുവിന്റെ ഫോട്ടോകൾ വീണ മുന്നേ കണ്ടിരുന്നു…വളരെ ക്ലോസ് ആയിട്ടുള്ള അവരുടെ ഫോട്ടോകൾ അന്നേ സംശയം ഉണ്ടാക്കിയെങ്കിലും അവൾ ആരോടും ഒന്നും പറഞ്ഞില്ല

ലെച്ചു വന്നപ്പോഴേക്കും കുറച്ചു വൈകിയിരുന്നു…ഫോൺ വിളിച്ചതിനെ പറ്റി ചോദിച്ചപ്പോ അവൾ ഒഴിഞ്ഞു മാറിയത് വീണയുടെ സംശയത്തിന് ആഴം കൂട്ടി….പിറ്റേന്ന് രാഹുലിനോട് വീണ തന്റെ സംശയങ്ങൾ പറഞ്ഞു എങ്കിലും പ്രതികരണം വിചാരിച്ചതിലും അപ്പുറം ആയിരുന്നു…രാഹുൽ അപ്പൊ തന്നെ ലെച്ചുവിനോട് ഇതൊക്കെ പറഞ്ഞു….മൂവരും ചേർന്ന് വീണയെ കുറ്റക്കാരിയാക്കി

************

ഇനിയും മുന്നോട്ടു പോകുന്നതിൽ അർത്ഥമില്ല…എന്റെ വീട്ടുകാർക്കു ഒന്നും അറിയില്ല…അവർക്കൊരു ബാധ്യത ആയി ഇവിടെ തുടരാനാകില്ല…രാഹുലിന്റെ വീട്ടിൽ നിൽക്കാനുമാകില്ല…സ്വന്തം ആയി ഒരു ജോലിയില്ല…ബന്ധം പിരിഞ്ഞു ഞാൻ ഇവിടെ നിന്നാൽ വീട്ടുകാർക്ക് ഞാൻ വലിയ നാണക്കേടാകും…ജീവിതത്തിൽ തോറ്റവളാണ് ഞാൻ…അന്ധമായി ഒരാളെ സ്നേഹിച്ചു തോറ്റു പോയവൾ…ഞാൻ മരിക്കണം മരിച്ചേ പറ്റു…..

രാത്രി ചേട്ടനൊപ്പം ഇരുന്നു ആഹാരം കഴിച്ചപ്പോ വീണക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി….കാലങ്ങൾക്ക് ശേഷം വയറിനൊപ്പം മനസ്സും നിറഞ്ഞു…

കുറച്ചു നേരം വർത്താനം പറഞ്ഞിരുന്ന ശേഷം അവൾ റൂമിലേക്കു പോയി….റൂമിൽ എത്തും വരെ മുഖത്തെ ചിരി അവൾ മായാതെ സൂക്ഷിച്ചു….ഉള്ളു നീറിയുള്ള ചെറു പുഞ്ചിരി….

“ജീവിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല…മരിച്ചേ മതിയാകു” മരണകുറിപ്പിൽ ഇത്രമാത്രം എഴുതി അവൾ പേഴ്സിൽ വച്ചു..എന്റെ മരണം വരെ എന്റെ വീട്ടുകാർ ഒന്നും അറിയരുത്…അവരെങ്കിലും സന്തോഷം ആയി ജീവിച്ചോട്ടെ…നാളെ ഒരു ദിവസം എനിക്ക് ജീവിക്കണം…എനിക്ക് മാത്രമായി…….

എന്നോ സ്വന്തം ഇഷ്ട്ടങ്ങൾ മറന്നു പോയ അവൾ അവയൊരൊന്നും ഓർത്തെടുക്കാൻ ശ്രമിച്ചു…പണ്ടും ഒന്നിനോടും അമിത ഭ്രമം ഉണ്ടായിരുന്നില്ല അവൾക്…എന്തോ അക്ഷരങ്ങളോട് മാത്രം അടങ്ങാത്ത പ്രണയം ആയിരുന്നു അവൾക്….തീപ്പൊരി പാറുന്ന വരികൾ മുഖപുസ്തകത്തിൽ കുറിച്ചിരുന്ന അവളിലെ എഴുത്തുകാരിയെ ഇഷ്ട്ടമായിരുന്നു എല്ലാവർക്കും…ശക്തയായ സ്ത്രീ കഥാപാത്രങ്ങളെ വരികളിൽ മാത്രം നിറക്കാനേ വീണക്കായുള്ളു…….

മരണത്തിനു മുൻപ് അവസമായി ഒരു രചന കൂടെ എന്നിൽ നിന്നും ഉണ്ടാകണം…വിഷയങ്ങൾ ഇല്ലാതായ എന്നിൽ ഇനി അവശേഷിക്കുന്നത് എന്റെ ജീവിത കഥ ആണ്…നാളുകൾക്കു ശേഷം വീണ്ടും അവളെഴുതി…അവളുടെ കഥ….

ആത്മഹത്യ…….

കഥക്കൊടുവിൽ സ്വയം മരണത്തെ പ്രണയിച്ചു നായിക ആത്മഹത്യ ചെയ്യുന്നു….കഥ പോസ്റ്റ്‌ ചെയ്തു അവൾ ഉറങ്ങി…ഒത്തിരി നാളുകൾക്കു ശേഷം മനസ്സമാധാനത്തോടെ…..

============

പിറ്റേന്ന് വെളുപ്പിനെ തന്നെ വീണ ഉണർന്നു…ഇനിയൊരു ഉദയം കാണാൻ താനില്ല എന്ന് ഉറപ്പിച്ചു കൊണ്ട് തന്നെ…രാവിലെ കുളിച്ചു അമ്പലത്തിൽ പോയി…തിരികെ വന്നു ഏറ്റവും ഇഷ്ട്ടമുള്ള അമ്മയുടെ ഇഡലി ചൂടോടെ അടുക്കളയിൽ ഇരുന്നു തന്നെ കഴിച്ചു…വീടിനു ചുറ്റും പൂക്കൾ നിറഞ്ഞിരിക്കുന്നത് കണ്ടു എന്തോ വല്ലാതെ സന്തോഷം തോന്നി അവൾക്…ഇഷ്ട്ടമുള്ള പാട്ടുകൾ കേട്ടു…നാത്തൂനോട് വർത്തമാനം പറഞ്ഞുo ഉച്ചയായതറിഞ്ഞില്ല…

എല്ലാവരും ഒത്തിരുന്നു ഊണ് കഴിച്ചു ഒപ്പം അവൾക്കേറെ പ്രിയപ്പെട്ട പാൽപ്പായസവും…ഊണു കഴിഞ്ഞു അവൾ അമ്മയുടെ മടിയിൽ തലവച്ചു കുറെ നേരം കിടന്നു…ഇനി ഒരിക്കലും ഇങ്ങനെ കിടക്കാനാകില്ലല്ലോ….

ഇടക്ക് അവൾ ഫോണിൽ തന്റെ കഥയുടെ അഭിപ്രായങ്ങൾ തിരഞ്ഞു…കഥ 2k ലൈക്‌ അടിച്ചിരിക്കുന്നു ഒരുപാട് കമന്റ്സും…ഓരോ കമന്റും വീണയെ കുത്തി നോവിച്ചു…മരണം ആണോ പരിഹാരം???മരണശേഷം അവളുടെ വീട്ടുകാരുടെ വേദന അവളോർത്തോ,???മരണത്തിനു നൂറു കാരണങ്ങൾ മെനയുന്ന നമ്മുടെ ആളുകൾ അവളുടെ മരണത്തെ പോലും ആഘോഷം ആക്കില്ലേ?? മരിക്കേണ്ടത് അവനല്ലേ??? മരിക്കാൻ കാണിച്ചതിന്റെ പകുതി ധൈര്യം പോരായിരുന്നോ ജീവിക്കാൻ???

ഓരോ കമെന്റും അവൾക്കുള്ള ചോദ്യങ്ങളായിരുന്നു…അവൾ അവളോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു…ശരിയാണ് മരണത്തോടെ ഞാൻ രക്ഷ പെടും പക്ഷേ എന്റെ വീട്ടുകാർ…എന്നെ ഒത്തിരി സ്നേഹിക്കുന്ന അമ്മേടെ നെഞ്ച് പൊട്ടിപ്പോകില്ലേ….അച്ഛൻ മരിച്ചപ്പോ മുതൽ ആ സ്ഥാനം കൂടെ ഏറ്റെടുത്ത എന്റെ ചേട്ടന് സഹിക്കാൻ പറ്റുമോ…എല്ലാ തെറ്റും ചെയ്തവർ നല്ല പിള്ള ചമഞ്ഞു എന്റെ മരണം വരെ തെറ്റാക്കി മാറ്റില്ലേ…മൊബൈലിലെ നോട്ടിഫിക്കേഷൻ സൗണ്ട് അവളെ ചിന്തകളിൽ നിന്നുണർത്തി….

“”വിഷ്ണു കമന്റ്ഡ് ഓൺ യുവർ പോസ്റ്റ്‌ “””!!!!!

ആത്മഹത്യയെ പറ്റി ചിന്തിക്കും മുന്നേ തുറന്നു പറയാമായിരുന്നു സ്വന്തം കൂടപ്പിറപ്പിനോടെങ്കിലും….

അതെ എന്റെ സ്വന്തം കൂടപ്പിറപ്പ് ഞാൻ പറയാതെ എല്ലാം അറിഞ്ഞിരിക്കുന്നു…എന്റെ മനസ്സ് വായിച്ചു…

ഇല്ല അത്രമേൽ എന്നെ സ്നേഹിക്കുവരെ വിട്ട് ഇത്രയും നല്ല ഭൂമി വിട്ട് പോകാൻ എനിക്ക് വയ്യ….ജീവിക്കണം എനിക്ക് എന്റെ അമ്മേടെ മകളായി…ഏട്ടന്റെ കുഞ്ഞനുജത്തിയായി….ആത്മഹത്യ കുറിപ്പിനെ രണ്ടായി കീറി എറിയുമ്പോൾ പുതിയൊരു വീണ പിറക്കുകയായിരുന്നു….

****നല്ലതും മോശവും ആയ ഒരുപാട് കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ട്…ചിലരുടെയെങ്കിലും ചില നല്ല വാക്കുകൾ പലപ്പോഴും പലരെയും ജീവിവിതത്തിലേക് മടക്കി കൊണ്ട് വരാറുണ്ട്…അത്തരം നല്ല വാക്കുകളുടെ ഉടമകൾക്കായി****

Nb: ആത്മഹത്യ ചെയ്യുന്നത് ഒരു വ്യക്തി ആകാം, പക്ഷെ അവരുടെ മരണം കൊന്നുകളയുന്നത് അവരെ ഒരുപാട് സ്നേഹിക്കുന്ന നല്ല ഹൃദയങ്ങളെ ആകാം…..

~ അശ്വതി രാജ്