നാണയകുടുക്കയിലെ പണത്തിന്റെ അളവ് കൂട്ടാനായി അവൻ കൊണ്ടു വന്ന അഞ്ഞൂറു രൂപ ചൂണ്ടി കാണിച്ചു കൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു…

അർഹത

Story written by Arun Karthik

============

“സത്യം പറ, നിനക്ക് എവിടുന്നു കിട്ടി ഈ പണം?

അമ്മയും മകനും തമ്മിലുള്ള ചോദ്യശരങ്ങൾ എന്താണെന്നറിയാൻ പതിയെ ചാരുകസേരയിൽ നിന്നും കയ്യിലിരുന്ന പത്രം ഒരു വശത്തേക്ക് മടക്കി പിടിച്ച് ഞാനാ ഭാഗത്തേക്ക് നോക്കി.

ദേഷ്യം കൊണ്ട് ചുവന്ന നേത്രങ്ങളാൽ ചൂരൽവടി ഓങ്ങിനിൽക്കുന്ന അമ്മയ്ക്ക് മുന്നിൽ ഒട്ടും പതറാതെ നിൽക്കുന്ന എന്റെ മകനെ ഞാൻ കണ്ടു.

അവൻ പലപ്പോഴും അങ്ങനെയാണ്, അവന്റെ ഭാഗത്ത്‌ ന്യായമുണ്ടെന്നു തോന്നിയാൽപിന്നെ ആരെയും ഭയപ്പെടാറില്ല..

നാണയകുടുക്കയിലെ പണത്തിന്റെ അളവ് കൂട്ടാനായി അവൻ കൊണ്ടു വന്ന അഞ്ഞൂറു രൂപ ചൂണ്ടി കാണിച്ചു കൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു.

“ഈ പണം നീ ആരിൽ നിന്നും മോഷ്ടിച്ചതാണെന്ന് “

“ഞാൻ ആരിൽ നിന്നും മോഷ്ടിച്ചതല്ല “

പിന്നെ?

“സ്കൂൾ വിട്ടു നടന്നു വരുമ്പോൾ വഴിയിൽ കിടന്നു കിട്ടിയതാ. ഇപ്പോൾ ഇത് എന്റെ പണമാണ്”

ഉറച്ച സ്വരത്തിൽ അവൻ പറഞ്ഞു.

“അതെങ്ങനെ നിന്റെ പണമാവും? ആരുടെയോ കയ്യിൽ നിന്ന് കളഞ്ഞു പോയതാവും ഈശ്വര ;

അവൾ നെടുവീർപ്പെട്ടു.

“എനിക്ക് പണം ലഭിക്കുമ്പോൾ ആ റോഡിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. അതവിടെനിന്നെടുത്ത് നനഞ്ഞു പോകാതെ കീറിപോവാതെ സൂക്ഷിച്ചുകൊണ്ടുവന്നത് ഞാനല്ലേ. അപ്പോൾ അത് എന്റെ പണമല്ലേ”

അവൻ അവന്റെ പ്രെവൃത്തിയെ വീണ്ടും ന്യായികരിച്ചു.

“മോനേ, സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കുന്ന പണമേ ജീവിതത്തിൽ പ്രേയോജനപ്പെടുകയുള്ളു. അതുകൊണ്ട് ആ പണം എന്റെ കയ്യിൽ തന്നോളൂവെന്ന് പറഞ്ഞ് അവൾ പണത്തിനായി കൈനീട്ടി.

പണത്തിനു നീട്ടിയ എന്റെ പത്നിയുടെ കൈവെള്ള പതിയെ തിരിച്ചുമടക്കി കൊണ്ട് അവൻ തിരിച്ചെറിഞ്ഞത് വീണ്ടും കുറച്ചു ചോദ്യങ്ങൾ ആയിരുന്നു.

അമ്പലത്തിൽ നേർച്ച ഇടുന്ന പണത്തിനെല്ലാം ഭഗവാനല്ലേ അർഹത. പിന്നെ എങ്ങനെ അത് കമ്മിറ്റിക്കാരൻഅനന്തേട്ടൻ ചിലവഴിക്കും.?

കൊത്തിപുഴയിലൂടെ ഒഴുകി വരുന്ന മരത്തടി അയലത്തെ വേലായുധേട്ടൻ എത്രയോ തവണ വിറ്റു കാശാക്കുന്നു. ശരിക്കും അത് സ്ഥലമുടമയുടെ അവകാശമല്ലേ?

അവന്റെ ചോദ്യങ്ങൾ കേട്ട് താടിയ്ക്ക് കയ്യും കൊടുത്തിരുന്ന് എന്റെ പ്രിയപത്നി എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് പറഞ്ഞു.

“അല്ലേലും മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ”

ഞാനെന്റെ മകനെ നോക്കിയൊന്ന് മന്ദഹസിച്ചിട്ട് വീണ്ടും പത്രത്തിലേക്ക് മിഴികൾ അർപ്പിച്ചു.

ഒരു നിമിഷം ഞാനെന്റെ പഴയ കുട്ടിക്കാലത്തേക്ക് പതിയെ തിരിച്ചു പോയിരുന്നു.

ജീവിതം ദാനശീലമാക്കിയ കർണ്ണനും സത്യം ഉരുവിടുന്നത് ജീവിതവ്രതമാക്കി മാറ്റിയ ഹരിശ്ചന്ദ്രനും അങ്ങനെ പല ജീവിതചര്യകളും ഒരു കഥയിലൂടെയെന്നെ പഠിപ്പിച്ചു തന്ന അച്ഛന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ടായിരുന്നു.

സന്ധ്യസമയത്തെ നാമജപം കഴിഞ്ഞു നിലാവെളിച്ചം തൂകി നിൽക്കുന്ന ചന്ദ്രനെ നോക്കിയിരുന്നപ്പോൾ അവൻ എന്റെ അരികിലേക്ക് നടന്നു വന്നു.

പല രാത്രികളിലും കഥകൾ കേൾക്കാൻ ഇമ്പമുണ്ടായിരുന്ന അവന്റെ ആ ബാല്യം എന്നിലേക്ക്‌ നടന്നടുത്തപ്പോൾ എനിക്ക് അറിയാമായിരുന്നു..ഇന്നും പുതിയൊരു കഥയ്ക്കു വേണ്ടിയാണ് ആ വരവെന്ന്…

എന്റെ വലതുവശത്തായി പുതിയ കഥയ്ക്കായ് അവൻ ഇരുപ്പുറപ്പിക്കുമ്പോഴും അവന്റെ മനസ്സിലെ സംശയങ്ങൾ വിട്ടുമാറിയിട്ടുണ്ടാവില്ലെന്നു എനിക്ക് അറിയാമായിരുന്നു.

വലതു കവിളിൽ തലോടി കണ്ണ് ചിമ്മികൊണ്ട് ഞാനവനെ ചേർത്തു പിടിച്ചിട്ടു എന്റെ പഴയ കുട്ടിക്കാലത്തെ ഓർമ്മകൾ കഥയായി അവനോടു പറഞ്ഞു തുടങ്ങി.

കുട്ടിക്കാലത്തു ഞാൻ കളിച്ചു കൊണ്ടിരുന്ന സ്ഥലത്തെ പ്ലാവിൽ നിന്നും ഒരു വരിക്കചക്ക വീണുകിട്ടി. സ്ഥലമുടമ ഇല്ലാത്ത പറമ്പ് ആയത് കൊണ്ട് ഞാനും കൂട്ടുകാരനും അത് വീതിച്ചു കൊണ്ടു പോയി വീട്ടിൽ കൊടുത്തു.

കൂട്ടുകാരൻ അത് വീട്ടിൽ കൊണ്ടുപോയി കൊടുത്തപ്പോൾ അവന്റെ അമ്മ അത് വെട്ടി തേങ്ങയും മുളകും ഉപ്പുമെല്ലാം ചേർത്തു നന്നായി വേവിച്ചു നല്ല രുചിയോടെ മക്കൾക്ക്‌ വിളമ്പികൊടുത്തു . എന്നാൽ…

എന്നാൽ?

എന്നാൽ എന്റെ വീട്ടിലെ അമ്മയത് പാചകം ചെയ്യുമ്പോൾ അതിലേക്കു നല്ല കയ്പുള്ള കാഞ്ഞിരത്തിന്റെ ഇലകൾ നന്നായി കൂട്ടി അരച്ച് ചേർത്തു വേവിച്ചു വിളമ്പി.

ഭക്ഷണത്തിലെന്താ കയ്പ് അനുഭവപ്പെടുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ആ അമ്മ പറഞ്ഞു.

“നീ അറിഞ്ഞോ അറിയാതെയോ ഇന്ന് കൊണ്ടുവന്നത് ഒരു കളവ്മുതലാണ്. സ്വയം അധ്വാനിച്ചു ലഭിക്കാതെ കിട്ടുന്നതൊന്നും നമുക്ക് അർഹതപെട്ടതല്ല മോനേ, അർഹത ഇല്ലാത്ത ഒന്നും, അത് ഭക്ഷണമോ, പണമോ മറ്റെന്തു തന്നെആയാലും ഇതുപോലെ കയ്പ് നിറഞ്ഞത് ആയിരിക്കും.”

ഞാൻ കഥ പറഞ്ഞു അവസാനിപ്പിക്കുമ്പോൾ ഒന്നുമുരിയാടാതെ അവനാ
മുറിയിലേക്ക് നടന്നു നീങ്ങി.

രാവിലെ അമ്മയോട് ക്ഷമ പറഞ്ഞ്കൊണ്ട് സ്കൂളിലേക്ക് നടന്നു നീങ്ങുന്ന അവന്റെ കൈവെള്ളയ്ക്കുള്ളിൽ തലേ ദിവസം ഈർക്കിലിയിൽ കുടുക്കയ്ക്കുള്ളിൽ നിന്നും കുത്തിയെടുത്ത ആ അഞ്ഞൂറ് രൂപ ചുരുട്ടി പിടിച്ചിട്ടുണ്ടായിരുന്നു.

എന്റെ മിഴികളിലേക്ക് നോക്കിയവൻ നടന്നു നീങ്ങുമ്പോൾ അവന്റെയാ കുഞ്ഞികണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ടായിരുന്നു മനസ്സിലെ സംശയങ്ങൾക്കെല്ലാമുള്ള ഉത്തരം.

വീണുകിട്ടിയ റോഡരികിനു സമീപമുള്ള കടയിൽ കളഞ്ഞു പോയ പണം അന്വേഷിച്ചു വരുന്നയാൾക്കു കൊടുക്കാനായ് അവനാ പണം വച്ചു നീട്ടുമ്പോൾ, അവന്റെ മനസ്സും പറയുന്നുണ്ടാവണം “അർഹത ഇല്ലാത്തത് ആഗ്രെഹിക്കരുതെന്ന് “

“ആ പണം ഇനി ഉടമയുടെ കയ്യിൽതന്നെ ചെല്ലുമോ ആവോ”ന്ന് ആക്കിയ ചിരിയോടെ സൈഡ് ബെഞ്ചിൽ ഇരുന്ന് ചായ കുടിക്കുന്ന ഒരാൾ കളിയാക്കി ചോദിച്ചപ്പോൾ കടക്കാരൻ ഗോപാലേട്ടൻ പറയുന്നുണ്ടായിരുന്നു..

ഇത് ഉടമയുടെ കയ്യിൽ കൊടുത്തില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല. പക്ഷെ ഇത് കൊണ്ടു തന്ന ആ പത്തുവയസ്സുകാരൻ പയ്യനു പോലും മനസ്സിലായി,അർഹത ഉള്ളത് മാത്രമേ നിലനിൽക്കുവെന്ന്.

എന്നിട്ടും…. അത്ര വിവരം പോലും ഇല്ലാതായി പോയല്ലോടോ പത്തറുപതുകൊല്ലം ഈ ഭൂമിയിൽ ജീവിച്ചിട്ടും തനിക്കൊക്കെ…

ഈ സമയം “തെറ്റ് തിരുത്തി വീട്ടിൽ വന്നു കയറുന്ന എന്റെ മോനു പറഞ്ഞുകൊടുക്കാൻ വേണ്ടി എന്റെ മനസ്സിൽ ഞാൻ സൂക്ഷിച്ചു വച്ചിരുന്നു കുറെയേറെ കഥകൾ. ഇനിയൊരു തെറ്റ് ഉണ്ടാവാതിരിക്കാൻ കുറെ നന്മയുള്ള കഥകൾ…..

നാലു തല്ലിനേക്കാൾ ഗുണം ചെയ്യും നാലു നല്ല വാക്കുകൾ എന്നല്ലേ………

കടപ്പാട് : കേട്ടറിവ്.