നിങ്ങള് ചുമ്മാ വല്ലവരും പറയുന്ന കേട്ട് അവളെക്കുറിച്ച് ഇല്ലാവചനം പറയരുത് കേട്ടോ….

മായാ മനസ്സ്…

Story written by Mini George

==========

“എടീ ആ മായക്ക് ചിട്ടിക്കാരൻ സേതുവുമായി എന്തോ ചുറ്റികളി ഉണ്ടെത്രെ”

രാവിലെ കെട്ടിയവൻ പ്രാതൽ കഴിച്ചെണീറ്റു വാ കഴുകുമ്പോൾ ബേസിനിൽ വെള്ളത്തോടൊപ്പം തെറിച്ചു വീണ വാക്കുകൾ..

“നിങ്ങള് ചുമ്മാ വല്ലവരും പറയുന്ന കേട്ട് അവളെക്കുറിച്ച് ഇല്ലാവചനം പറയരുത് കേട്ടോ..”

“ഇതിപ്പോ നന്നായി.. അപ്പോൾ ഇതേപറ്റി അറിയാൻ നീയും അവളും മാത്രേ ബാക്കിയുള്ളൂ.”

ഇതും പറഞ്ഞു അങ്ങേരു ജോലി സ്ഥലത്തേക്ക് പോയി. അതോടെ ആ സംസാരം അവസാനിച്ചു എങ്കിലും ചിതറി വീണ വാക്കുകൾ എന്റെ മനസ്സിനെ അലട്ടാൻ തുടങ്ങി..

മായ.. ഉറങ്ങുന്ന നേരത്തല്ലാതെ മായ വെറുതെ ഇരിക്കാറില്ല. സൊസൈറ്റിയിലെ ജോലി, ഇടയിൽ L.I.C, പഞ്ചായത്ത് കണക്ക്, കുട്ടികൾക്ക് ട്യൂഷൻ അങ്ങനെ നൂറുകൂട്ടം കാര്യങ്ങളാണ് അവൾ  ചെയ്യുന്നത്..

ഇതിനിടയിൽ ഇവൾകിതെന്ത് പറ്റി..!!

അത്യാവശ്യം പൊന്നും കൊണ്ടാണ് അവൾ കല്യാണം കഴിഞ്ഞ് വന്നത്…അത് മുഴുവൻ നാത്തൂൻ്റെ വിവാഹ ദിവസം ദേഹത്തിടുവിച്ച് അമ്മായിയമ്മ അവളുടെ സന്തോഷത്തെ പടി കടത്തി.

അന്നുമുതൽ തുടങ്ങിയതാണ് അവളുടെ കഷ്ടപ്പാട്. കെട്ടിയവൻ ഗൾഫിൽ പോയി. അവിടുത്തെ പൈസ അവനു തന്നെ തികയുന്നില്ല, പിന്നെ വീട് നടത്താൻ അവൾക്ക് ജോലി അന്വേഷിക്കേണ്ടി വന്നു.

പണ്ടത്തെ ആഢ്യത്വം പറഞ്ഞു കെട്ടിയവൻ്റെ അച്ഛനും അമ്മയും പുറത്തിറങ്ങില്ല, കയ്യിൽ കിട്ടുന്നതും ബന്ധുസഹായവും ഒക്കെ മാസാമാസം സ്വന്തംമോൾടെ കയ്യിൽ കൊടുക്കും..അവിടെ ആ പെണ്ണ് ചക്രശ്വാസം വലിച്ചു പാടുപെട്ടു അവറ്റകൾക്കു തിന്നാൻ കൊടുക്കും. ഇറച്ചിയും മീനും ഒക്കെ ഇല്ലാതെ അവർക്കൊന്നും ഇറങ്ങില്ല എന്നൊക്കെ മായ സങ്കടം പറയുന്ന കൂട്ടത്തിൽ പറയാറുണ്ട്.

ആദ്യമൊക്കെ അവളൊരു പാവമായിരുന്നു. പിന്നീട് ജീവിതം പഠിച്ചു കുറച്ചു തൻ്റേടമോക്കെ വന്നു. അവർക്ക് രണ്ടു പെൺകുട്ടികളാണ് രണ്ടിന്റേയും വിവാഹവും കഴിഞ്ഞു.

ഇതൊക്കെ മായയുടെ ഒറ്റ പരിശ്രമവും കഠിനാധ്വാനവും കൊണ്ടാണെന്ന് അറിയാം. കെട്ടിയവൻ ഇതിനിടയിൽ ഗൾഫ് വിട്ടു നാട്ടിൽ വന്ന് വെറുതെ ഇരിപ്പായി. അതവൾക്ക് കൂടുതൽ ബുദ്ധിമുട്ടായി. അയാളുടെ ചിലവിനുള്ളത് കൂടി കണ്ടെത്തണം പുറമെ അഛൻ്റെം അമ്മെടെം വാക്ക് കേട്ട് അവളുടെ മെക്കട്ട് കയറും… ഒരിക്കൽ വീട്ടിൽ തിരിച്ചു എത്താൻ വൈകി എന്ന കാരണം പറഞ്ഞു അയാൾ അവളെ അടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എന്നാലും അവളിപ്പോ…ഇങ്ങിനെയൊക്കെ..ഉള്ളിൽ എന്തൊക്കെയോ ഒരു..എന്തുണ്ടെങ്കിലും അവള് എന്നോടാണ് അതൊക്കെ പറഞ്ഞു സങ്കടം ഇറക്കി വെക്കാറ്..അവളെ കണ്ടു സത്യമറിയണം. ഞാൻ മനസ്സിലുറപ്പിച്ചു..

ഉച്ചയായപ്പോൾ അവൾ പടിക്കൽ കൂടി പോകുന്നതു കണ്ടു.

മായേ..ഞാൻ നീട്ടി വിളിച്ചു…

മായ ചിരിച്ചു കൊണ്ട് കയറി വന്നു. വെള്ളം ചോദിച്ചപ്പോൾ നാരങ്ങ പിഴിഞ്ഞു ഒരു ഗ്ലാസ്സ് വെള്ളം കൊടുത്തു..ചോദിക്കേണ്ട വിഷയം ഇതായതു കൊണ്ട് എങ്ങിനെ തുടങ്ങണം എന്നോർത്ത് ഞാൻ മടിച്ചു നിന്നു..

എന്താടീ..നിൻ്റെ മുഖത്തൊരു വല്ലായ്മ..? എന്റെ പരുങ്ങൽ കണ്ട് മായ ഇങ്ങോട്ട് ചോദിച്ചു.

അത് ഞാൻ…പിന്നെ…ഒരു കാര്യം കേട്ടു, സത്യമാണോന്നു ചോദിക്കാൻ ആയിരുന്നു.”

നീ ചോദിയ്ക്ക്..

അങ്ങനൊന്നും ഇല്ലെന്ന് എനിക്കറിയാം എന്നാലും കേൾക്കുമ്പോൾ ഒരു വിഷമം. നിനക്ക് ആ സേതുവുമായി … ഞാനൊരു വിധം ധൈര്യം സംഭരിച്ചു ചോദ്യം പാതിയിൽ നിറുത്തി

അതാരുന്നോ…സംശയിക്കേണ്ട ബന്ധം ഉണ്ട്.

പെട്ടെന്ന് എൻ്റെ അടിവയറ്റിൽ നിന്നും ഒരു തീഗോളം ഉയർന്ന് തൊണ്ടയിൽ വന്നുപൊട്ടി…ഇവൾ…ശരിയാണെന്ന്…

ശെരിയാണ്, നിനക്കറിയാലോ എൻ്റെ കാര്യം…അഞ്ച് പൈസ വരുമാനമില്ലാത്ത ഭർത്താവ്, കിട്ടുന്നതെല്ലാം മകൾക്ക് കൊടുക്കുന്ന അച്ഛനും അമ്മേം. രണ്ടു പെൺകുട്ട്യോൾടെ പഠിപ്പ്, കല്യാണം, വിരുന്ന് കാര്യങ്ങൾ, തുടരെ തുടരെ ആവശ്യങ്ങൾ ഇതിനെല്ലാം പണമെവിടുന്ന..? കടം വാങ്ങി ഞാൻ മടുത്തു. തിരിച്ചു കൊടുക്കാൻ വഴിയില്ലാതെ ആരും തരാതെ ആയി..

“അപ്പൊൾ നിങ്ങളൊക്കെ ചോദിക്കും, എന്തിനിങ്ങനെ സഹിക്കുന്നു, എവിടെയെങ്കിലും മാറി താമസിച്ചു കൂടെ എന്ന്. രണ്ടും ഒരേ പോലത്തെ പെൺപിള്ളേരേം കൊണ്ട് ഒറ്റക്ക് താമസിക്കുവാൻ പറ്റുമോ..? അഥവാ താമസിച്ചാൽ അതിനൊക്കെ കഥ വേറെ ഉണ്ടാക്കും. വാടക കൊടുക്കാൻ കാശെവിടെ… ഇയാൾ അവിടെ വന്നു ബഹളം വക്കില്ലെ.. സ്വസ്ഥത കിട്ടോ..?

മക്കൾക്ക് വരെ അവരുടെ ആവശ്യങ്ങൾക്ക് കാശു മതി. എന്നാൽ ഈ കടമൊക്കെ ഒന്ന് വീട്ടാൻ ആ ആധാരം ഒന്ന് വെയ്ക്കട്ടെ എന്ന് ചോദിച്ചപ്പോൾ കൊന്നില്ല എന്നെ ഉള്ളൂ. അത് അവരുടെ മോൾടേം കൂടി ആണ്. ഞാൻ അടവ് നേരാം വണ്ണം അടച്ചില്ലേൽ അവൾക്ക് കൊടുക്കാൻ പറ്റുമോ നഷ്ടപെട്ടു പോകില്ലേ സ്ഥലം.

എന്തും സഹിക്കാം.. ഒരു വാക്ക് മതി സാരമില്ല നമുക്ക് വീട്ടാം ഞാനുണ്ടല്ലോ കൂടെ..അത് ഇത് വരെ കിട്ടിയില്ല..എന്ന് മാത്രമല്ല അച്ഛൻ്റെം അമ്മേടേം കൂടെ കൂടി എന്നും വഴക്കും..മനസ്സ് വല്ലാതെ കൊതിച്ചു പോകാറുണ്ട് ഒരു തണലിന്…

സേതു..

അയാളുടെ നോട്ടവും ചില നേരത്തെ സംസാരവും അത്ര ശരിയല്ല എന്നെനിക്ക് അറിയാമായിരുന്നു..അവധി പറഞ്ഞു കാശ് കടം വാങ്ങിയ ആളുകളുടെ ചീത്തകേട്ട് മടുത്തു. കെട്ടിയവനോ വീട്ടുകാർക്കോ യാതൊരു കുലുക്കവുമില്ല. ഇതൊക്കെ ഞാൻ വരുത്തി വച്ചത് ആണെന്ന മട്ട്..ഒടുവിൽ ഗത്യന്തരമില്ലാതെ ആ സേതുവിനോട് തന്നെ ഞാൻ പലിശക്ക് പൈസ കടം ചോദിച്ചു. അയാള് തരികയും ചെയ്തു..

സേതുവിനോട് വാങ്ങിയ പൈസ കൊണ്ട് കടങ്ങൾ വീട്ടി. അതോടെ സേതുവിനോട് ആദ്യം തോന്നിയിരുന്ന ഇഷ്ടക്കേട് കുറേശ്ശെ കുറഞ്ഞു വന്നു, എല്ലാവരും കൈവിട്ടപ്പോൾ പലിശക്ക് ആണെങ്കിലും സേതുവാണ് സഹായമായത്, അയാളുടെ ചുഴിഞ്ഞുള്ള നോട്ടവും സ്പർശനവും അതെല്ലാം ഞാനും ആസ്വദിച്ചു തുടങ്ങി. പക്ഷേ അതിനു ശേഷം ഒന്നെനിക്ക് മനസ്സിലായി, പെണ്ണിൻ്റെ മനസ്സിന് ഒരു പുരുഷൻ്റെ സ്നേഹംകൊണ്ട് പല പരിവർത്തനവും വരുത്താമെന്ന്. ഇത് വരെ കിട്ടാത്ത സ്നേഹം അതെനിക്കിപ്പോൾ കിട്ടുന്നുണ്ട്, ഒരു താങ്ങ്, അതിൻ്റെ സുഖം അതെനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്. ഇപ്പൊൾ എനിക്ക് ആരോടും ദേഷ്യമോ സങ്കടമോ ഒന്നും തോന്നാറില്ല,.

മനസ്സിൽ ഞാനിന്നു ജീവിതം ആസ്വദിക്കുന്നു..

അയാളെ ഞാൻ സ്നേഹിക്കുന്നുണ്ട് എന്നേയും സ്നേഹിക്കുന്നുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു..

ഇത്രയും പറഞ്ഞു ഇനി ഞാൻ പോകട്ടെ എന്നും പറഞ്ഞു മായ പടിയിറങ്ങി. തിരിച്ചൊന്നും പറയാനാവാതെ ഞാനവൾ പോകുന്നതും നോക്കി മരവിച്ചങ്ങിനെ നിന്നു..

പടി ഇറങ്ങിയ മായ തിരിഞ്ഞു നിന്ന് ചോദിച്ചു.

ഇപ്പൊൾ നിനക്ക് മനസ്സിലായോ ഒരു പെണ്ണിന്റെ മനസ്സെങ്ങിനാ കൈവിട്ടു പോകുന്നതെന്ന്.. ? സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നു നമ്മുടെ വേണ്ടപ്പെട്ടവർ ഒഴിഞ്ഞു മാറി ഉറക്കം നടിച്ചു കിടക്കില്ലേ…അവരൊക്കെ മിടുക്കരാണെന്നാ അവരുടെ വിചാരം.. മിടുക്കരല്ല ഒന്നിനും കൊള്ളാത്തവർ ആയതു കൊണ്ടാ അവരിങ്ങിനെ ആയത് എന്നു അറിയാൻ പെണ്ണിനു ഒരു പാടൊന്നും പഠിക്കേണ്ടതില്ല..ജീവിതം എന്ന തോണി ഒറ്റക്ക് ഇത്തിരി തുഴഞ്ഞാൽ മതി..കാറ്റിലും കോളിലും മനസ്സ് ഉലയും..ഇത്തിരി സ്നേഹം അംഗീകാരം ഇതൊക്കെ ആഗ്രഹിക്കാത്ത ആരാ ഉള്ളത്..തെറ്റിനെ ന്യായീകരിക്കുകയല്ല എനിക്ക് ജീവിക്കണം അതിനൊരു താങ്ങ് വേണം..

നീ തുറന്നു ചോദിച്ചതിൽ സന്തോഷം ഉണ്ട്..ഇതെല്ലാം നിന്നോട് പറയണം എന്നു ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നതാണ്..എന്റെ സങ്കടങ്ങൾ ഇറക്കി വെക്കുന്നത് ഇവിടെ അല്ലേ…എന്റെ സന്തോഷങ്ങളും വേറെ ആരോടാ ഞാൻ പറയാ..

അകന്ന് പോകുന്ന അവളെ നോക്കി നിന്നു..എന്തിനോ……ഞാൻ കരയുകയായിരുന്നു…

ശുഭം