ഭാര്യയ്ക്ക് മുന്നിൽ ഒന്നുമില്ലാത്തവനാക്കി അമ്മയും അച്ഛനും വാക്ക് കൊണ്ട് താഴ്ത്തിക്കെട്ടുമ്പോൾ ഇറങ്ങിപ്പോരാൻ തോന്നിയിട്ടുണ്ട്….

എഴുത്ത്: മഹാ ദേവൻ

=========

“ഇറങ്ങിപ്പോടാ ഈ വീട്ടിൽ നിന്ന്. ഇത്‌ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടാ. ഇവിടെ ഞാൻ പറയുന്നത് കേട്ട് നിൽക്കാൻ പറ്റുന്നവർ നിന്നാൽ മതി. എന്നെ അനുസരിക്കാൻ ബുദ്ധിമുട്ട് ഉള്ളവർ എവിടെക്കാച്ചാ പോക്കോളണം….”

അച്ഛൻ ഇടയ്ക്കിടെ പറയുന്നത് ഒന്നും മിണ്ടാതെ കേട്ടു നിന്നിട്ടുണ്ട് പലപ്പോഴും.

“സാരമില്ലന്നെ, അച്ഛനല്ലേ ” എന്നും പറഞ്ഞ് ആശ്വസിപ്പിക്കുന്ന ഭാര്യയെ നോക്കി ചിരിക്കാൻ ശ്രമിക്കുമ്പോൾ മനസ്സിൽ ഓർക്കാറുണ്ട് “കയ്യിൽ കാശില്ലാത്തവന്റെ ഗതികേട് ” എന്ന്….

ഭാര്യയ്ക്ക് മുന്നിൽ ഒന്നുമില്ലാത്തവനാക്കി അമ്മയും അച്ഛനും വാക്ക് കൊണ്ട് താഴ്ത്തിക്കെട്ടുമ്പോൾ ഇറങ്ങിപ്പോരാൻ തോന്നിയിട്ടുണ്ട്. പക്ഷേ, കൂടെ തന്നെ വിശ്വസിച്ചു ഇറങ്ങി വന്നവൾക്കൊരു കുറവും ഉണ്ടാകാതിരിക്കാൻ ഉള്ള വഴി കണ്ടെത്താതെ എടുത്തുചാടിയാൽ….

ദിവസക്കൂലിക്ക് പണിയെടുക്കുന്നവൻ ഇനി വാടയ്ക്ക് കൂടി പോയാലുള്ള അവസ്ഥ കൂടി ചിന്തിക്കുമ്പോൾ  ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു.

വഴക്കിടുമ്പോൾ അമ്മ ആദ്യം പറയുന്നത് “എല്ലാം അവള്  കാരണമാ, പണി കഴിഞ്ഞ് വരുമ്പോഴേക്കും ഓരോന്ന് ഓതിക്കൊടുത്തു പ്രശ്നം ഉണ്ടാക്കുന്നത് അവളാ…” എന്ന്.

സഹിക്കെട്ടപ്പോൾ ഒരു ദിവസം ഞാൻ ചോദിച്ചതാ “അവൾ അങ്ങനെ ചെയ്തെങ്കിൽ അത് തന്നെ അല്ലേ അമ്മയും ചെയ്യുന്നത്.  അമ്മ അച്ഛനോട് ഓരോന്ന് പറഞ്ഞുകൊടുത്തല്ലേ ഇത്രേം പ്രശ്നം വഷളാകുന്നത്…” എന്ന്.

“ഞങ്ങൾ പലതും സംസാരിക്കും ഇവിടെ. നിന്റ തന്തേം തള്ളേം ആണ് ഞങ്ങൾ. ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട്ടിൽ ഇനി സംസാരിക്കാൻ പോലും നിന്റെ അനുവാദം വേണോ…അവളുടെ മൂടും താങ്ങി വന്നിരിക്കുന്നു അവൻ എന്നെ ചോദ്യം ചെയ്യാൻ “

സത്യത്തിൽ സങ്കടമല്ല,  ചിരിയാണ് വന്നത്. അച്ഛനും അമ്മയ്ക്കും സംസാരിക്കാം. ഞങ്ങൾ ഭാര്യാഭർത്താക്കന്മാർക്ക് സംസാരിക്കാൻ പാടില്ല..ഇവരും ഭാര്യാഭർത്താക്കന്മാരല്ലേ ,പിന്നെ അച്ഛൻ അമ്മ എന്ന സംബോധനയാണോ ഇതിനൊക്കെ ഉള്ള ലൈസൻസ്…ആഹ്..എനിക്കൊന്നുമറിയില്ലേ….

അതിനിടയ്ക്ക് വീട്ടിൽ രണ്ട് വെപ്പിനുള്ള ഒരുക്കം കൂടിയായപ്പോൾ ഒരു കാര്യം മനസ്സിലായി. വീട്ടിൽ നിന്ന് പോകാൻ സമയമായെന്ന്. ഭാര്യയെയും പിഞ്ചുകുഞ്ഞിനേയും സംരക്ഷിക്കണമല്ലോ.

ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ കാര്യവും കാരണവുമില്ലാതെ ഉണ്ടായിത്തുടങ്ങിയപ്പോൾ ഉള്ള സ്ഥലത്തു നിന്ന് അഞ്ചു സെന്റ് വീട് വെക്കാൻ തന്നാൽ ഞാൻ മാറിക്കോളാ എന്ന് പറഞ്ഞപ്പോൾ അച്ഛൻ പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു “ഇരക്കാൻ നിൽക്കാതെ സ്വന്തമായി ഉണ്ടാക്കെടാ. ഞാനൊക്കെ അങ്ങനെ ഉണ്ടാക്കിയതാ. എന്റെ തന്തയുടെ അടുത്ത് ഇരന്നല്ലേ ഞാൻ ഉണ്ടാക്കിയത്. തന്തയോടും തള്ളയോടും കാണിക്കുന്ന വാശി ഇതിനും കൂടി കാണിക്ക്. ഞങ്ങൾ ചാവോളം ഈ സ്ഥലത്തു നീ മണിമാളിക കെട്ടിപ്പൊക്കാമെന്ന് കരുതണ്ട..”

എന്റെ മുഖത്തപ്പോൾ വിഷാദചിരി ആയിരുന്നു.

മണിമാളിക….ഉള്ള കാശിനു ചെറിയ ഒരു കൂര തട്ടിക്കൂട്ടി പെണ്ണിനേം കുട്ടിയേയും സംരക്ഷിക്കണമെന്നേ ആഗ്രഹം ഉണ്ടായിരുന്നു. അതാണ് മണിമാളിക.

പിന്നീട് ഒരു ദിവസം അച്ഛന്റെ വായിൽ നിന്ന് തന്നെ അറിഞ്ഞു സ്ഥലം തരാൻ അച്ഛനെക്കാൾ കൂടുതൽ എതിർപ്പ് അമ്മയ്ക്ക് ആണെന്ന്..

“അങ്ങനെ എന്നെ അനുസരിക്കാതെ, എന്നോട് വാശി കാണിച്ചു ഒരുത്തനും അങ്ങനെ വീട് കെട്ടി ഇരിക്കണ്ടെന്ന്…”

അപ്പോഴും മൗനം പാലിച്ചു. പെട്ടന്ന് ഇറങ്ങിപ്പോന്നാൽ നാളെ മറ്റുള്ളവർ പറയുന്നത് “ആ അച്ഛനേം അമ്മേം ഒറ്റയ്ക്കാക്കി അവൻ അവന്റെ സുഖം തേടി പോയതല്ലേ…” എന്നാകും. അങ്ങനെ ഒരു വാക്ക് കേൾക്കാൻ വയ്യാത്തത് കൊണ്ട്  എല്ലാം ചിരിയിലൊതുക്കി.

പക്ഷേ, പോരേണ്ടിവന്നു ഒരു ദിവസം….

ഇച്ചിരി പനി പിടിച്ച് കിടക്കുന്ന ദിവസം, അടുക്കളയിൽ കേറി കെട്യോൾ എല്ലാവർക്കുമുള്ള ഭക്ഷണം വെച്ചിട്ട് കറിക്കരിയുമ്പോൾ  ഇടയ്ക്ക് കേറി വേറെ കറി വെക്കാൻ കേറി വന്ന അമ്മയോട് ഇവിടെ വെക്കുന്നുണ്ടല്ലോ എന്ന് പറയുമ്പോൾ അച്ഛൻ കേൾക്കാനെന്നോണം ഉറക്കെ അമ്മ പറയുന്നുണ്ടായിരുന്നു “നിങ്ങൾക്ക് മാത്രം ഉള്ളതല്ലേ അവളു വെക്കൂ..ഞങ്ങൾക്ക് വല്ലതും കഴിക്കണ്ടേ ” എന്ന്.

അതൊരു തിരി കൊളുത്തൽ ആയിരുന്നു. അച്ഛനും മകനും തമ്മിലുള്ള വാഗ്‌വാദങ്ങൾക്കുള്ള പടുതിരി.

അമ്മ അതും പറഞ്ഞ് ഒന്ന് കണ്ണുകൂടി തുടയ്ച്ചപ്പോൾ അച്ഛൻ അടുക്കളയിലേക്ക് വന്നത് കത്തുന്ന കണ്ണുകളോടെ ആയിരുന്നു.

കാര്യമെന്തെന്ന് പോലും തിരക്കാതെ അമ്മയുടെ മൂക്ക് വലി കണ്ട് തുള്ളിവന്ന അച്ഛൻ കറിക്കരിഞ്ഞ പച്ചക്കറി എടുത്ത് “ഇവിടെ ഇനി ആരും ഒന്നും വെക്കേണ്ട. അങ്ങനെ നീ വാങ്ങികൊണ്ടുവന്നത് ഇവിടെ വേണ്ട…” എന്നും പറഞ്ഞ് പുറത്തേക്കെറിയാൻ തുടങ്ങിയപ്പോൾ സത്യത്തിൽ എന്റെ മനസ്സിന്റെയും നിയന്ത്രണം വിട്ടുപോയിരുന്നു.

“ആര് കൊണ്ട്വന്നു എന്നല്ല, കഴിക്കാൻ വാങ്ങിയതാണ്. അത് അമ്മേടെ വാക്കും കേട്ട് എടുത്ത് കളയാൻ ആണെങ്കിൽ ഇവിടെ ഇനി ആരും ഒന്നും വെക്കില്ല. ഒക്കെ ഞാൻ എടുത്ത് പുറത്തേക്കിടും. വാശി ആണെങ്കി ഇനി അങ്ങനെ തന്നെ. ആരും ഒന്നും കഴിക്കണ്ട….” പിന്നെ അതൊരു യുദ്ധക്കളമായി. 

തല്ലാൻ ഓങ്ങിയ അച്ഛനോട്  “എന്നെ തല്ലാൻ ഞാൻ സമ്മതിക്കില്ല, അങ്ങനെ തല്ല് കൊണ്ടു നിൽക്കുന്ന കാലമൊക്കെ പത്തുപതിനഞ്ചു കൊല്ലം  മുന്നേ കഴിഞ്ഞ് ” എന്ന് പറയുമ്പോൾ നിങ്ങളിങ്ങോട്ട് പോരിൻ എന്ന് പറഞ്ഞ് പ്രശ്നം തീർക്കേണ്ട അമ്മ ഒന്നുകൂടി മൂർച്ചകൂട്ടുന്നത് കണ്ടപ്പോൾ വല്ലാത്ത നോവ് തോന്നി, ഇവര് അമ്മയല്ലേ എന്നോർത്ത്.

ആ അമ്മ ഭാര്യയ്ക്ക് നെരെ കൈ ഓങ്ങിയപ്പോഴും മുന്നിൽ നിന്ന് ഒന്നേ പറഞ്ഞുള്ളൂ “അവളെ തല്ലാൻ നിങ്ങൾക്ക് എന്ത് അധികാരം. എന്റെ ഭാര്യ ആണവൾ. പണ്ടത്തെ കാലമല്ല ഇത്‌, നൂറ്റാണ്ട് മാറി.”

അവസാനം ഇനി ഇവൻ ഈ വീട്ടിൽ നിന്നിറങ്ങാതെ ഞങ്ങൾ ഈ പടി കയറില്ലെന്ന് പറഞ്ഞ് സമരം ചെയ്ത അച്ഛനെയും അമ്മയോടും ആ വീടിനോടും ഗുഡ്ബൈ പറഞ്ഞ് കൂടെ വന്നവളുടെ കയ്യും പിടിച്ചിറങ്ങി.

ഒന്നുമില്ലാത്തവന് വീട്ടിലും പുല്ല് വിലയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വല്ലാതെ ഉള്ള് വിങ്ങിയിട്ടുണ്ട്.

മാസങ്ങൾ കടന്ന് പോയി. കുത്ത്വാക്കുകൾ ഇല്ലാതെ സമാധാനത്തോടെ ഉറങ്ങാൻ പറ്റുന്നു എന്നതിൽപ്പരം എന്തുണ്ട്.

ഇനി സ്വപ്നം പോലെ ഒരു വീട് വെക്കണം. കൈ പിടിച്ചു കൂടെ വന്നവളെയും ഞങ്ങൾക്ക് കൂട്ടായി വന്ന കണ്മണിയേയും ചേർത്ത് പിടിച്ചാ ഉമ്മറത്തു ങ്ങനെ ഇരിക്കണം.  ആരോടുമുള്ള വാശിയോ അഹങ്കാരമോ അല്ല, തോൽക്കില്ലെന്നുള്ള  ദൃഡനിശ്ചയമാണ്. 

പിന്നിലിങ്ങനെ തോൽപ്പിക്കാൻ ആളുകൾ ഉള്ളപ്പോൾ ആണല്ലോ ജയിക്കാനോക്കെ ഒരു ആവേശം.

സ്വപ്നങ്ങൾക്കൊപ്പം എത്തിപ്പെടാൻ ഒരു ആഗ്രഹം…!!!

✍️ദേവൻ