വെള്ള മുണ്ട് നനഞ്ഞ തോടുകൂടി  അകത്തളത്തിലെ ആശാൻ തൻ്റെ തനി നിറം പുറത്ത് കാണിച്ചു…

എഴുത്ത്: സനൽ SBT (കുരുവി)

============

ഷഡ്ഢി രണ്ടെണ്ണം പത്ത് രണ്ടെണ്ണം പത്ത് എന്ന് ഉറക്കെ  വിളിച്ച് പറഞ്ഞത് കേട്ടാണ് ഞാൻ ആ തെരുവിൻ്റെ നടുവിൽ തന്നെ താളം ചവിട്ട് നിന്നത്. പിന്നെ ആരേലും കണ്ടാൽ മോശമല്ലേ എന്ന് വിചാരിച്ച് കുറച്ച് നേരം അടുത്തുള്ള കടകളിൽ ഒക്കെ ഒന്ന് കറങ്ങി എന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ പതിയെ ഞാൻ കടക്കാരൻ്റെ അടുത്തേക്ക് ചെന്നു.

“എന്താ ചേട്ടാ ഇപ്പോ പറഞ്ഞേ.”

“നല്ല ഉസാറ് സെഡ്ഢി മൊനെ രണ്ടെണ്ണം  പത്തുറുപ്പിയ…”

രണ്ടെണ്ണം പത്ത് എന്ന് കേട്ടപ്പോഴെ മുഖത്ത് ഉണ്ടായിരുന്ന എൻ്റെ കണ്ണ് രണ്ടും ബുൾസൈപോലെ പുറത്ത് ചാടി.

“എവിടെ ചേട്ടാ നോക്കട്ടെ. “

അയാൾ തോളിൽ കിടന്നിരുന്ന ഒരു അഞ്ചാറ് ഷെഡ്ഡി എടുത്ത് മേശപ്പുറത്ത് നിരത്തി. എന്നിട്ട് പറഞ്ഞു

” പച്ച, കിളിപച്ച, തത്തപച്ച, ചാണകപ്പച്ച, നീല, കരിനീല, ആകാശനീല, ചുവപ്പ്, ചെഞ്ചോപ്പ്, ചേമ്പോത്തിൻ്റെ കണ്ണിലെ ചോപ്പ്”

ടേബിളിലേക്ക് ഞാൻ നോക്കിയപ്പോ അത്തപ്പൂക്കളം ഇട്ട പോലെ പല നിറത്തിലുണ്ട് പെടക്കണത് പല സൈസില്. ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്ന് ഒന്നുകൂടി ഉറപ്പ് വരുത്തിക്കൊണ്ട് ഞാൻ വീണ്ടും അയാളോട് ചോദിച്ചു.

“ഈ ചെമ്പകത്തിൻ്റെ കളറിലുള്ള സാധനം ഉണ്ടോ?”

“ഇല്ല മോനെ ചെമ്പരത്തീടെ കളർ ഉള്ളത് ഉണ്ട് എടുക്കട്ടെ. പിന്നെ ദാ പെൻക്വിൻ ഉണ്ട് അതായാലോ? “

“പെൻക്വിനോ ? “

“ആ ഈയിടെ മാർക്കറ്റിൽ ഇറങ്ങിയ പുതിയ ഐറ്റം ഇട്ടാലുണ്ടല്ലോ ഇട്ടൂന്ന് തന്നെ അറിയൂല അജ്ജാതി ഇഞ്ചാക്കുട്ടി സാധനം.”

“എവിടെ നോക്കട്ടെ”

അയാൾ ടേബിളിൻ്റെ അടിയിൽ നിന്നും  സാധനം എടുത്ത് രണ്ട് കൈകൾ കൊണ്ട് മുകളിലേക്ക് ഉയർത്തി. അലാസ്റ്റിക്ക് കൈകൾ കൊണ്ട് വലിച്ച് വിടാൻ തുടങ്ങി ഒരു ബൂമറാങ്ങ് പറന്ന് പോയി തിരിച്ച് വരുന്ന പൊലെ ഷഡ്ഢി വാനിലൂടെ അങ്ങനെ പറക്കാൻ തുടങ്ങി. ആദ്യമായി ബീമാനം കണ്ട ഒരു കൊച്ചു കുട്ടിയെ പൊലെ ഞാൻ മാനത്തേക്ക് അങ്ങനെ നോക്കി നിന്നു ആ തെരുവിൻ്റെ നടുവിൽ.

“മോനെ ഇതിൻ്റെ അലാസ്റ്റിക് എന്ന് പറഞ്ഞാണ്ടല്ലോ ആന പിടിച്ചാൽ പോരൂല കണ്ടില്ലേജ്ജ്. പിന്നെ  ഇയിൻ്റെ തുണി ചൈനേന്ന് നേരിട്ട് എറക്കീട്ട് ബോബൈന്ന് അടിച്ച് ബരണതാ, ഇജ്ജ് ഒന്ന് തോട്ടോക്ക് നല്ല നൈയ് പത്തിരി കണക്കാ ഇരിക്കണത് അതാണ് ഞമ്മള് നേരത്തെ പറഞ്ഞയ് ഇട്ടാ ഇട്ടോനും കൂടി അറിയൂല്ലാ ന്ന്. “

“ന്നാ പിന്നെ ഒരു നാലെണ്ണം അങ്ങ്ട് പൊതിഞ്ഞോ ഇങ്ങള്. “

“അനക്ക് ഏത് കളറാ വാണ്ടത്.”

” പച്ച, നീല, ചോപ്പ്, പിന്നെ ദാ ആ കറുപ്പും”

“ഇന്നാ പിടിച്ചോ വെറും ഇരുവുറുപ്പിയ.”

വീണ്ടും അയാൾ വിളിച്ച് പറയാൻ തുടങ്ങി രണ്ടെണ്ണം പത്ത് രണ്ടണ്ണം പത്ത്

പൊട്ടന് ലോട്ടറി അടിച്ച പോലെ നാല് ഷഡ്ഢികളും ഞാനും വാനിലൂടെ അങ്ങനെ പാറിപ്പറന്ന് വീട്ടിലേക്ക് പോയി . ഷഡ്ഡിയുടെ പൊതി മേശപ്പുറത്ത് വെച്ച് ഞാനൊന്ന് കുളിക്കാൻ കയറി അപ്പോഴേക്കും കഴിക്കാനായി ചിക്കൻ കറിയും രണ്ട് ഒഴിഞ്ഞ പ്ലേറ്റും മേശപ്പുറത്ത് റെഡി .

“അമ്മാ ചോറ് എവിടെ “

“അപ്പോ നിനക്ക് ഇത് വേണ്ടേ. “

“എന്ത് “

“നീ കൊണ്ടുവന്ന പോറോട്ട.”

അമ്മ ഷഡ്ഢി ചുരുട്ടിപ്പൊതിഞ്ഞ് തന്ന പേപ്പറും ആയിട്ട് ഒരേ നിൽപ്പാണ്.

“ആ നിനക്ക് വേണ്ടേൽ വേണ്ട ഞാനൊരെണ്ണം കഴിക്കാൻ പോവ്വാണ്. “

ഒരു വിധത്തിൽ അമ്മയുടെ കൈയിൽ നിന്ന് പൊതി വാങ്ങി ഞാൻ അലമാരയിൽ വെച്ച് പൂട്ടി. എന്നും രാവിലെ കുളി കഴിഞ്ഞ് ഞാൻ വിഷുക്കണി കാണും പോലെ അതൊന്ന് എടുത്ത് നോക്കും. ആ പുത്തൻ മണം ഇനീം വിട്ട് പോയിട്ടില്ല. നാലഞ്ച് തുളയുള്ളതാണെങ്കിലും പഴയ ആ രണ്ട് സൗഹൃദങ്ങളെ ഉപേക്ഷിക്കാനും വയ്യ. അത്രയും വർഷത്തെ ബന്ധമാണേയ് ഞങ്ങൾ തമ്മിൽ ഉള്ളത്. ഏതെങ്കിലും ഒരു വിശേഷം വരട്ടെ, അകത്തളത്തിലെ ആശാനെ അന്ന് എടുത്ത് രംഗ പ്രവേശനം ചെയ്യാം എന്ന് ഞാനും മനസ്സിൽ ഉറപ്പിച്ചു.

കുറച്ചീസം കഴിഞ്ഞപ്പോഴാണ് അമ്മടെ പരാതി വീണ്ടും തുടങ്ങിയത്.

“അതേയ് വയസ്സ് മുപ്പതായി പെണ്ണ് കെട്ടണം എന്ന വല്ല വിചാരോം ഉണ്ടോ…? നിനക്ക് വെച്ച് വിളമ്പി തന്ന് എൻ്റെ ജീവിതം ഏറക്കുറെ തീരാനായി, ഇനി നീ കെട്ടി കൊണ്ടുവരുവോ വിളിച്ചോണ്ട് വരുമോ എന്ത് വേണേലും ആയിക്കോ, എനിക്ക് വയ്യ പോത്ത് പോലെ വളർന്ന നിന്നെ തീറ്റിപ്പോറ്റാൻ.”

“ശ്ശെടാ അമ്മ പറയണത് കേട്ടാൽ തോന്നും ഞാൻ മനപൂർവ്വം വേണ്ടാന്ന് വെച്ചതാന്ന് ഏതെങ്കിലും ഒന്ന് ശെരിയാവണ്ടേ.”

“എങ്ങനെ ശരിയാവും നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു പണ്ട് ഞാൻ ഗുരുവായൂർ നേർന്ന ആ ശയനപ്രദിക്ഷണം ഒന്ന് പോയി ചെയ്യാൻ. അതിൻ്റെയൊക്കെയാ ഈ കിടന്ന് അനുഭവിക്കണേ.”

ങ്ങേ ഇനി ശരിക്കും അതിൻ്റെയാവുമോ, ഏതായാലും ഞായറാഴ്ച ചൊറീം കുത്തിയിരുപ്പല്ലേ ഞായറാഴ്ച പോയ്ക്കളയാം എന്ന് ഞാനും വിചാരിച്ചു. അങ്ങിനെ ഞായറാഴ്ച പുലർച്ചേ കുളിച്ചൊരുങ്ങി കുട്ടപ്പനായി ബ്രാഹ്മമുഹൂർത്തത്തിൽ എൻ്റെ പുതിയ സാരഥിയെ എടുത്ത് അണിഞ്ഞു. ഹാ പൊന്നു സാറെ ഒരു അഞ്ച് മിനിറ്റ് ഞാൻ എയറിൽ തന്നെ ആയിരുന്നു. താഴെ നിലത്ത് ഉറങ്ങി അതിൻ്റെ മുകളിൽ കസവ് കരയുള്ള ഒരു വെള്ള മുണ്ടും എടുത്ത് ഉടുത്ത് നേരെ ഗുരുവായൂർക്ക് വെച്ച് പിടിച്ചു. ആദ്യം അമ്പലത്തിൽ ഒക്കെയൊന്ന് കറങ്ങി കുറച്ച് കിളി പിടുത്തം ആയിട്ട് അങ്ങനെ നടന്നു. ഒന്ന് രണ്ടെണ്ണം സെറ്റാണ്. ചെറിയ രീതിയിൽ ഉള്ള ചിരീം കളീം ഒക്കെയുണ്ട്. അല്പസമയത്തിന് ശേഷമാണ് സെക്വൂരിറ്റി വന്ന് പറഞ്ഞത്

“ശീവേലി കഴിഞ്ഞു ട്ടോ, ഇനി ക്ഷേത്രക്കുളത്തിൽ പോയി മൂന്ന് പ്രാവശ്യം മുങ്ങി നിവർന്ന് ശയന പ്രതിക്ഷിണം തുടങ്ങിക്കോളൂ എന്ന് .”

ഞാൻ നേരെ ക്ഷേത്രക്കുളത്തിലേക്കിറങ്ങി മുങ്ങി നിവർന്ന് കൽപ്പടവിൽ കയറി നിന്നപ്പോഴാണ് പണി പാളിയ കാര്യം ഞാൻ അറിയുന്നത്. വെള്ള മുണ്ട് നനഞ്ഞ തോടുകൂടി  അകത്തളത്തിലെ ആശാൻ തൻ്റെ തനി നിറം പുറത്ത് കാണിച്ചു. ഒരു വിധത്തിൽ ഞാൻ പങ്ങി പരുങ്ങി ക്ഷേത്ര നടയിൽ ചെന്ന് വീണ് ഉരുളാൻ തുടങ്ങി. രണ്ട് റൗണ്ട് കഴിഞ്ഞപ്പോഴേക്കും ഏകദേശം എൻ്റെ ബോധം പോയി. പിന്നെ ഒരു വിധത്തിൽ മൂന്നാമത്തെയും കൂടി ഞെങ്ങി നിരങ്ങി ഞാൻ ഉരുണ്ടു ക്ഷേത്രനടയിൽ വന്ന് പതിയെ എണീറ്റ് രണ്ട് കൈയും കൂപ്പി കൃഷ്ണനെ അങ്ങനെ തൊഴുതു നിൽക്കവേ കാലിൽ ഇറ്റി വീഴുന്ന വെള്ളത്തുള്ളികളിലേക്ക് ഒന്ന് നോക്കി.

ഭഗവാനെ ചോര എന്ന് പറയലും…

പുറകിൽ നിൽക്കുന്ന സ്ത്രീ ജനങ്ങൾ ഒന്നടണം കൂട്ടച്ചിരി തുടങ്ങി.

അപ്പോഴാണ് സംഭവം എനിക്ക് കത്തിയത്.

ചെമ്പരത്തിപ്പൂപൊല്ലുള്ള എൻ്റെ പുതിയ ഷഡ്ഢി കളറ് ഇളകിപ്പോയി ചെമ്പകത്തിൻ്റെ കളറായി മാറിയിരിക്കുന്നു. അതിൻ്റെ ആ ചുവന്ന വെള്ളമാണ് ചോര പൊലെ തുള്ളി തുള്ളിയായ് എൻ്റെ കാലിൽ ചിതറി വീണു കൊണ്ടിരിക്കുന്നത്. മഹാബലിയെ വാമനൻ ഭൂമിയിലേക്ക് ചവിട്ടി താഴ്ത്തിയ പോലെ ഭൂമി പിളർന്ന് അങ്ങോട്ട് പോയാൽ മതിയെന്ന് തോന്നിപ്പോയ നിമിഷം.

വൺ ട്രൂ ത്രീ  മൂന്ന് സെക്കൻ്റ് കൊണ്ട് ഞാൻ കുളക്കടവിൽ തിരിച്ചെത്തി നനഞ്ഞ് മുണ്ട് അഴിച്ച് വെറെ ഒരെണ്ണം മാറ്റിയുടുത്തു. അപ്പോഴാണ് അരയിൽ ഒരു നാര് പൊങ്ങി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത് ചുമ്മാ അതിലൊന്ന് പിടിച്ച് വലിക്കേണ്ട താമസം അലാസ്റ്റിക് മൊത്തം എൻ്റെ കയ്യിൽ പോന്നു. രണ്ടു കാലിൻ്റെയും  ഇടയിലൂടെ ഊർന്നിറങ്ങിയ ഷഡ്ഢി ആ ക്ഷേത്രക്കുളത്തിൻ്റെ കൽപ്പടുവുകളിൽ വെച്ച് എൻ്റെ പാദാരവിന്തങ്ങളെ സാക്ഷ്ടാങ്കം തൊട്ടു തൊഴുതു. ശീവേലി കഴിഞ്ഞ് മടങ്ങിപ്പോകുന്ന ആനയുടെ ചിന്നം വിളി എൻ്റെ കാതുകളിൽ മുഴങ്ങി. അപ്പോഴാണ് ആ ഡയലോഗ് എനിക്ക് ഓർമ്മ വന്നത്.

(ആന പിടിച്ചാൽ പോരൂല്ല ഇതിൻ്റെ അലാസ്റ്റിക് ന്താ സംശയം ഇണ്ടോ അനക്ക്.)

ഹെയ് ഒരു സംശയവും ഇല്ല ഉണ്ടായിരുന്നതൊക്കെ ഇപ്പോ മാറിക്കിട്ടി.

NB : ദയവ് ചെയ്ത്  നിങ്ങൾ ഇനി രണ്ട് കാര്യം ശ്രദ്ധിക്കുക.

1: നമ്മൾ മലയാളികൾ വിലക്കുറവ് എന്ന് കേട്ടാൽ മലന്ന് അടിച്ച് വീഴും. പക്ഷേ ഇനി മുതൽ ഒരു കാര്യം കൂടി ശ്രദ്ധിക്കുക, അതിൻ്റെ ക്വാളിറ്റി കൂടി ഒന്ന് ചെക്ക് ചെയ്യുക.

2: ഓണത്തിന് പൂക്കളം ഇട്ട പോലെ പല നിറത്തിലുള്ളവ വാങ്ങാതിരിക്കുക. അകത്തളത്തിലെ ആശാനല്ലേ ആര് കാണാനാ എന്ന് ചിന്തിക്കരുത്. കാണേണ്ടതെല്ലാം കൃത്യ സമയത്ത് നാട്ടുകാര് കണ്ടോളും.

~ സനൽ SBT (കുരുവി)