സാക്ഷിയുടെ സംസാരത്തിലെ മാറ്റം കണ്ടാവണം എന്തെങ്കിലും പ്രശ്നമുണ്ടോ എന്നവൾ ആവർത്തിച്ചു ചോദിച്ചു…

സൗഹൃദം

എഴുത്ത്: മിഥിലാത്മജ മൈഥിലി

===========

“ഇനിയും എനിക്ക് വയ്യമ്മാ ഇവിടെ നിൽക്കാൻ. ഇനിയും ഇവിടെ നിന്നാൽ ഒരുപക്ഷെ അയാളെന്നെ കൊല്ലും. എനിക്ക് ജീവിക്കണം അമ്മാ എന്റെ മോൾക്ക് വേണ്ടി, എന്നെ ഈ നരകത്തിൽ നിന്നും ഒന്ന് രക്ഷിക്ക് അമ്മാ…”

“നമ്മൾ പെണ്ണുങ്ങൾ കുറെയൊക്കെ കണ്ടില്ലെന്ന് നടിക്കണം മോളെ, മുഴുകുടിയനായ നിന്റെ അച്ഛന്റെയൊപ്പം ഞാൻ ജീവിച്ചില്ലേ. പിന്നെ നിനക്കറിയാലോ ഇവിടുത്തെ അവസ്ഥ നീയും കൂടി ഇവിടെ വന്നാൽ……”

ബാക്കി പൂർത്തീകരിക്കാനാവാതെ ആ അമ്മ ഫോൺ കട്ട്‌ ചെയ്തു. മകളുടെ അവസ്ഥയോർത്തു ആ ഹൃദയം പിടയുമ്പോഴും മകന്റെയും മരുമകളുടെയും ചിലവിൽ കഴിയുന്ന ആ അമ്മ തീർത്തും നിസ്സഹായആയിരുന്നു.

???

ഭർത്താവിന്റെയും വീട്ടുകാരുടെയും ശാരീരിക മാനസിക പീ ഡനങ്ങൾ കാരണം പലവട്ടം മരിക്കാൻ ആഗ്രഹിച്ചു സാക്ഷി, അപ്പോഴൊക്കെയും കുഞ്ഞരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന തന്റെ മകൾ അനാഥമാകുമെന്ന ചിന്ത അവളെ അതിൽനിന്നും പുറകിലേക്ക് വലിച്ചു.

ഒരുദിവസം അപ്രതീക്ഷിതമായാണ് തന്റെ ബാല്യകാല സുഹൃത്ത് നിമിഷയുടെ ഫോൺ അവളെത്തേടിയെത്തിയത്.

സാക്ഷിയുടെ സംസാരത്തിലെ മാറ്റം കണ്ടാവണം എന്തെങ്കിലും പ്രശ്നമുണ്ടോ എന്നവൾ ആവർത്തിച്ചു ചോദിച്ചു. ആദ്യമൊക്കെ ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും നിമിഷയുടെ നിർബന്ധം കൊണ്ടു എല്ലാം തുറന്നു പറയേണ്ടി വന്നു.

“ഇങ്ങനെയൊരു ഭർത്താവിനെ നിനക്ക് വേണോ സച്ചു?”

“വേണ്ട….”

നിമിഷയുടെ ചോദ്യത്തിന് മറുപടി പറയാൻ സാക്ഷിക്ക് ഒരുനിമിഷം പോലും വേണ്ടിവന്നില്ല.

“പിന്നെന്തുകൊണ്ടാണ് നീയയാളുമായുള്ള വിവാഹമോചനത്തിന് ശ്രമിക്കാത്തത്?”

“ആഗ്രഹമില്ലാഞ്ഞിട്ടല്ല, പക്ഷെ ഞാൻ എങ്ങനെ….എനിക്കൊരു ജോലിയില്ല, മാത്രവുമല്ല ഇവിടെ നിന്നും ഞാൻ എങ്ങോട്ട് പോകും?”

“നിന്റെ വീട്ടിലേക്ക് പൊയ്ക്കൂടേ?”

“എന്റെ വീടോ എനിക്ക് സ്വന്തമെന്ന് പറയാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഇന്ന് ഞാൻ ഇതൊക്കെ അനുഭവിക്കണോ. അമ്മയോട് കരഞ്ഞു പറഞ്ഞു എന്നെയിവിടുന്ന് കൊണ്ടുപോകാൻ, പക്ഷെ അവിടെ അനിയന്റെ ഭാര്യയുടെ ചിലവിൽ കഴിയുന്ന അമ്മ……..”

പലയിടത്തും സാക്ഷിയുടെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.

“സാരമില്ലെടോ നമുക്ക് എന്തെങ്കിലും പരിഹാരമുണ്ടാക്കാം.”

“എന്ത് പരിഹാരം, ഒന്നുമില്ല ഞാനും എന്റെ മോളും ഇവിടെ കിടന്നു നരകിച്ചു തീരും, അല്ലെങ്കിൽ അയാളെന്നെ കൊല്ലും .”

സാക്ഷിയുടെ വാക്കുകൾ നിമിഷയുടെ കണ്ണുകളെ ഈറനണിയിച്ചു. അല്പനേരത്തെ നിശബ്‍ദതയ്ക്കൊടുവിൽ ,

“ആദ്യം നീ അവിടെനിന്നും ഇറങ്ങണം. നിനക്കും കുഞ്ഞിനും ആവശ്യമുള്ളത് കുറച്ചെന്തെങ്കിലും എടുത്തോ, പിന്നെ നിന്റെ സെർടിഫിക്കറ്റുകൾ മറക്കണ്ട.”

“എങ്ങോട്ട്, എനിക്കൊന്നും മനസിലാകുന്നില്ല.”

“ഇപ്പോൾ നീ കൂടുതലൊന്നും മനസിലാക്കേണ്ട, ഇവിടെ നിന്നും ഒരു ഒന്നര മണിക്കൂർ കൊണ്ടു ഞാൻ നിന്റെ വീട്ടിലെത്തും. അപ്പോഴേക്കും റെഡി ആയിരിക്കണം. ബാക്കിയെല്ലാം പിന്നെ തീരുമാനിക്കാം.”

“നീയെന്തൊക്കെയാ ഈ പറയുന്നത് ഇങ്ങോട്ട് വരുന്നെന്നോ അത് വേണോ? നിനക്ക് ബുദ്ധിമുട്ടാകും പിന്നെയത്.”

“ഞാൻ പറഞ്ഞത് ഇപ്പോൾ നീയനുസരിക്ക്. എനിക്ക് ബുദ്ധിമുട്ടാകുമ്പോഴല്ലേ അതപ്പോൾ നോക്കാം.”

ഒരല്പം ദേഷ്യത്തോടെ അത്രയും പറഞ്ഞു നിമിഷ ഫോൺ കട്ട്‌ ചെയ്തു. രക്ഷപെടാനുള്ള വഴിതെളിഞ്ഞ സന്തോഷം ഉണ്ടെങ്കിലും നിമിഷയ്ക്ക് ബുദ്ധിമുട്ടായാലോ എന്ന ചിന്ത അവളെ അലട്ടി കൊണ്ടിരുന്നു. യാന്ത്രികമായി കുറച്ചു വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും ഒരു ബാഗിലേക്ക് എടുത്തു വെച്ചു. ഉള്ളതിൽ വെച്ച് നല്ലതെന്നു തോന്നിയ ഉടുപ്പെടുത്തു മോളെ ധരിപ്പിച്ച ശേഷം നിറം മങ്ങിതുടങ്ങിയ ഒരു സാരി അവളും ഉടുത്തു.

പറഞ്ഞ സമയത്തിനകംതന്നെ നിമിഷ അവിടെയെത്തി, വാതിൽ തുറന്ന സാക്ഷിയെ കണ്ട് റെഡിയല്ലേ ഇറങ്ങിയാലോ എന്ന എന്ന് ചോദിച്ചപ്പോൾ പോകാം എന്നർത്ഥത്തിൽ തലയാട്ടികൊണ്ടു ബാഗ് എടുക്കാനായി മുറിയിലേക്ക് പോയി. ഇതുകണ്ടുകൊണ്ട് അകത്തുനിന്നും മിന്നുന്ന സാരിയും ആവശ്യത്തിലധികം ആഭരണങ്ങളും ധരിച്ച ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു.

“നീയെതാടി കൊച്ചേ, ഈ നശിച്ചവളെയും കൊണ്ടു എങ്ങോട്ടാ? ഇവൾ കേറുന്നിടം മുടിയും അതാണ് സ്ഥിതി ”

അവരുടെ സംസാരം കേട്ടപ്പോൾതന്നെ അത് സാക്ഷിയുടെ ഭർത്താവിന്റെ അമ്മയാണെന്ന് നിമിഷയ്ക്ക് മനസിലായി. അവളൊരു മറുപടിയും പറയാതെ സാക്ഷി വരുന്നത് നോക്കി നിന്നു. അപ്പോഴേക്കും ഒരു കൈയ്യിൽ കുഞ്ഞും മറുകയ്യിൽ ഒരു ബാഗുമായി സാക്ഷിയെത്തി. അവളുടെ കൈയിൽ നിന്നും ബാഗ് വാങ്ങി രണ്ടുപേരും നടന്നു. അതുകണ്ട് ദേഷ്യത്തോടെ ആ സ്ത്രീ തുടർന്നു ,

“നിൽക്ക്, ഞാൻ ചോദിച്ചത് കേട്ടില്ലേ നീയാരാ? ഈ നശിച്ചവളെയും കൊണ്ടു എങ്ങോട്ടാ പോകുന്നെ?ഇവളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്റെ മകൻ അതായത് ഇവളുടെ ഭർത്താവാണ്…”

അത്രയും കേട്ടത്തോടെ നിമിഷയുടെ സകലനിയന്ത്രണം വിട്ടു. മറ്റെന്തോ പറയാൻ തുടങ്ങിയ അവർക്കു നേരെ കൈകൾ ഉയർത്തി.

“ദേ തള്ളേ ഞാൻ ഒന്നും മിണ്ടാത്തെ നിൽക്കുന്നു എന്നുകരുതി ഇനിയും നിന്ന് പ്രസംഗിച്ചാൽ എന്റെ കൈയ്യിന്റെ ചൂടറിയും നിങ്ങൾ. ഭർത്താവോ മൂക്കിന് താഴേ മീശയുള്ളതുകൊണ്ടോ അല്ലെങ്കിൽ ഇവളുടെ കഴുത്തിൽ ഒരു താലി കെട്ടി കൊച്ചുണ്ടാക്കി കൊടുത്തു എന്നത് കൊണ്ടോ ആരും ഭർത്താവാകില്ല. അതിന് താലികെട്ടിയവളുടെ മനസ്സറിയാൻ കഴിയണം, അവളെ സ്നേഹിക്കണം. അത് ചെയ്തിട്ടുണ്ടോ ഇന്നുവരെ, പിന്നെ അയാളെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം നിങ്ങളെപ്പോലൊരു പൂ തനയുടെ മകനല്ലേ…..”

നിമിഷ ഇനിയും നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കണ്ടു സാക്ഷി മതിയെന്ന രീതിയിൽ അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു കണ്ണുകൾ കൊണ്ടു ആംഗ്യം കാണിച്ചു. അതുകണ്ട് നിമിഷ പിന്നെയൊന്നും മിണ്ടാതെ സാക്ഷിയെയും കൊണ്ടു തിരിഞ്ഞു നടന്നു.

സാക്ഷിയെയും കൊണ്ടു വീട്ടിലെത്തിയതും നിമിഷയുടെ അമ്മായിയമ്മ സ്നേഹത്തോടെ സാക്ഷിയുടെ തലയിലൊന്നു തടവിയ ശേഷം കുഞ്ഞിനെ വാങ്ങി. അത്ഭുതത്തോടെ അത് നോക്കിനിന്ന സാക്ഷിയോടായി അവർ പറഞ്ഞു…

“എന്താ മോൾ ഇങ്ങനെ നോക്കുന്നത്, നിമിഷ എല്ലാം ഞങ്ങളോട് പറഞ്ഞിരുന്നു. ഞങ്ങളുടെ സമ്മതത്തോടെയാണ് മോളെ അവൾ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്. മോൾ വിഷമിക്കണ്ട ട്ടൊ ഞങ്ങൾ എല്ലാവരും കൂടെയുണ്ട്.”

ആ അമ്മയിലൂടെ ഒരു അമ്മയുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിയുകയായിരുന്നു സാക്ഷി അപ്പോൾ. തനിക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ അവളിലുണ്ടായി സന്തോഷത്താൽ രണ്ടുത്തുള്ളി കണ്ണുനീർ അവളിൽ നിന്നും ഊർന്നുവീണു.

നിമിഷയുടെ രണ്ടുമക്കളും അമ്മായിഅമ്മയും, അമ്മായിഅച്ഛനും ആണ് അവിടെയുള്ളതെന്നും ഭർത്താവ്  പുറത്താണെന്നും സാക്ഷി മനസിലാക്കി.

സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ നിമിഷ രാവിലെ ജോലിക്കും മക്കൾ സ്കൂളിലേക്കും പോയികഴിഞ്ഞാൽ പിന്നെയുള്ള സമയമൊക്കെയും അവൾ ആ അമ്മയ്‌ക്കൊപ്പം വാർത്തമാനവുമൊക്കെയായി സന്തോഷവതിയായിരുന്നു.

ദിവസങ്ങൾ കടന്നുപോയി. തന്റെ അമ്മയെ ഒരിക്കൽ പോലും അവൾ വിളിചില്ല. ഭർത്താവോ ആരും അവളെ പിന്നെ അന്വേഷിച്ചില്ല എന്നത് സാക്ഷിയ്ക്ക് ഒരല്പം ആശ്വാസം പകരുന്നതായിരുന്നു. നിമിഷയുടെ സഹായത്തോടെ അതെ കമ്പനിയിൽ സാക്ഷിയും ജോലിക്ക് കയറി. ആദ്യമാസത്തെ ശമ്പളം കിട്ടിയപ്പോൾ എല്ലാവർക്കും വസ്ത്രം എടുത്ത കൂട്ടത്തിൽ തന്റെ അമ്മയ്ക്കും ഒരു സാരി എടുത്തിരുന്നു അവൾ.

“സാക്ഷി നിന്നോടെനിക്കൊരു കാര്യം പറയാനുണ്ട്?”

മുഖവുരയോടെയുള്ള നിമിഷയുടെ വാക്കുകൾകേട്ട് പറയ് എന്നർത്ഥത്തിൽ സാക്ഷി നോക്കി. അതുകണ്ട് നിമിഷ പറഞ്ഞുതുടങ്ങി ,

“അന്ന് നീയെന്നോട് പറഞ്ഞത് നീ ഓർക്കുന്നുണ്ടോ നിനക്കാരുമില്ലെന്നു പോകാൻ ഒരിടമില്ലെന്നു “

അതുകേട്ട് സാക്ഷി ഒന്നുംപറയാതെ നിന്നത് കണ്ട് നിമിഷ തുടർന്നു ,

“ഇന്ന് നിനക്ക് ഞങ്ങൾ എല്ലാവരും ഉണ്ട്, മാത്രമല്ല ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ നിനക്കിന്നു നല്ലൊരു ജോലിയും ഉണ്ട്. ഇനിയും ആ വൃത്തികെട്ടവന്റെ താലി നിനക്ക് വേണോ?”

കുറച്ചു നേരത്തെ ആലോചനയ്ക്കൊടുവിൽ വിവാഹമോചനം വേണമെന്നവൾ തീരുമാനിച്ചു.

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു വിവാഹമോചനത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അധികം വൈകാതെ കോടതി വിവാഹമോചനം അനുവദിച്ചു. അന്നാ കോടതിവരാന്തയിൽ നിന്നും പുറത്തേക്ക് വരുമ്പോൾ കണ്ണുകൾ നിറച്ചുകൊണ്ട് നിൽക്കുന്ന തന്റെ അമ്മയെ കണ്ടവൾ ഒരുനിമിഷം തറഞ്ഞു നിന്നു. പെട്ടെന്നുതന്നെ സ്ഥലകാലബോധം വീണ്ടെടുത്ത അവൾ അമ്മയെ കാണാത്ത ഭാവം നടിച്ചു നടക്കാൻ തുടങ്ങി. അതുകണ്ട് നിമിഷ അവളുടെ കൈകളിൽ ബലമായി പിടിച്ചു.

❤️❤️❤️

മകളുടെ അവസ്ഥയിൽ മനംനൊന്ത് എങ്ങനെയെങ്കിലും അവളെ അവിടെനിന്നും രക്ഷിക്കണമെന്നവർ കണക്ക് കൂട്ടി. പക്ഷെ മരുമകളുടെ ഭരണമുള്ള വീട്ടിൽ താൻപോലും അധികപറ്റാണെന്ന ചിന്ത അവരെ അതിൽ നിന്നു പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും മറ്റെന്തെങ്കിലും വഴിയുണ്ടോ എന്നവർ ആലോചിച്ചു. അപ്പോഴാണ് പഠിക്കുന്ന സമയത്തെ സാക്ഷിയുടെ കൂട്ടുകാരി നിമിഷയെ അവർക്ക് ഓർമവന്നത്. വല്ലപ്പോഴുമൊരിക്കൽ നിമിഷ തന്നെ വിളിക്കുന്നതവർ ഓർത്തു. അടുത്ത ദിവസം തന്നെ ഫോണിൽ നിന്നും നമ്പർ എടുത്ത് നിമിഷയേ വിളിച്ച് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നവർ പറഞ്ഞു. അവരുടെ കണ്ണീർ കണ്ട് എന്തെകിലും ചെയ്യാമെന്ന് പറഞ്ഞു അവരെ അശ്വസിപ്പിച്ച ശേഷം സാക്ഷിയുടെ നമ്പർ വാങ്ങി അവളെ നിമിഷ വിളിച്ചു.

???

കാര്യങ്ങളെല്ലാം കേട്ട് സാക്ഷിക്ക് കരച്ചിൽ അടക്കാനായില്ല. വിവാഹശേഷം ഒരിക്കൽ പോലും വിളിക്കാത്ത കൂട്ടുകാരി എങ്ങനെ തന്റെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു എന്ന ഇത്രയും നാളത്തെ ചോദ്യത്തിന് ഉത്തരം ലഭിച്ചതോടൊപ്പം അമ്മയെ ഒരിക്കൽ പോലും വിളിക്കാതിരുന്നതിൽ കുറ്റബോധവും അമ്മയുടെ സ്നേഹവും തിരിച്ചറിഞ്ഞു സാക്ഷി പരിസരം പോലും മറന്നു കണ്ണീരോടെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു അവരെ കെട്ടിപിടിച്ചു. പരാതികളും പരിഭവങ്ങളും പറഞ്ഞുതീർത്ത് അവർ അവിടെനിന്നു പിരിഞ്ഞു.

ഒരാഴ്ച കൊണ്ട്തന്നെ നിമിഷയുടെ വീടിനടുത്തു ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്ത് തന്റെ അമ്മയെയും വിളിച്ചുകൊണ്ടുവന്നു സാക്ഷിയും അമ്മയും കുഞ്ഞും താമസം ആരംഭിച്ചു. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതിയിടത്തു നിന്ന് ഒരു പുതിയജീവിതം തനിക്കായി വെച്ചുനീട്ടിയ നിമിഷയോട് നന്ദി പറഞ്ഞു കൊണ്ട് പുതിയൊരു ജീവിതവുമായി സാക്ഷി മുന്നോട്ട്….

അവസാനിച്ചു

“ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട” കാലതീതമായ വാക്കുകൾ. ജീവിതത്തിൽ ആണെന്നോ പെണ്ണെന്നോ, ജാതിയൊ മതമോ, നിറമോ സാമ്പത്തികമൊ നോക്കാതെ മനസിന്റെ നന്മമാത്രം നോക്കി നല്ലൊരു സുഹൃത്തിനെ സാമ്പാദിക്കാനായാൽ ആ സൗഹൃദമാണ് മനുഷ്യന്റെ ഏറ്റവും വലിയ സൗഭാഗ്യം.

സ്നേഹപൂർവ്വം ✍️