അതൊരു സന്തോഷം ആയിരുന്നു. അവളുടെ കിലുങ്ങുന്ന വാക്കുകൾക്ക് ചെവികൊടുത്ത്‌ അവളുടെ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും…

എഴുത്ത്: മഹാ ദേവൻ

==========

ജോലി കഴിഞ്ഞു വരുമ്പോൾ ഉമ്മറത്ത് തന്നെ കാത്തുനിൽക്കാറുള്ള അവൾ എന്നും നെഞ്ചിലേക്ക് പറ്റിച്ചേരുമ്പോൾ പറയുമായിരുന്നു…

“ഏട്ടന്റെ ഈ വിയർപ്പ്മണവും ആസ്വദിച്ചിങ്ങനെ കെട്ടിപിടിച്ച് നിൽക്കാൻ ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹം…” എന്ന്.

വിയർപ്പും പൊടിയും കലർന്ന് ഇഴുകിയ നെഞ്ചിലേക്ക് ചുണ്ടുകൾ ചേർക്കുമ്പോൾ അവൾ പറയും,

“ഏട്ടന്റെ നെഞ്ചിൽ പൊടിഞ്ഞ വിയർപ്പുതുള്ളിക്ക് വല്ലാത്തൊരു രുചിയാണ് ” എന്ന്.

വിയർപ്പിനെന്ത് രുചിയുണ്ടാകും എന്ന് അറിയാമെങ്കിലും അവളത് പറയുമ്പോൾ  അവളുടെ സ്നേഹത്തിന്റെ ആഴമാണെന്ന് അറിയാവുന്നത് കൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്തുപിടിക്കും രവി. പിന്നെ നെറുകയിൽ ഒരു ഉമ്മയും നൽകികൊണ്ട് പറയും, “എന്റെ പെണ്ണെ,  മണ്ണിൽ പണിയെടുക്കുന്നവന്റെ വിയർപ്പിന് സ്നേഹത്തിന്റെ മണമാണ്. പക്ഷേ, അത് ആസ്വദിക്കാൻ എല്ലാവർക്കും കഴിയില്ലെന്ന് മാത്രം. ആ വിയർപ്പിനെ ആസ്വദിക്കാൻ കഴിയുന്ന ഒരു ഭാര്യയെ കിട്ടിയത് ആണ് എന്റെ സന്തോഷം ” എന്ന്.

അത് കേൾക്കുമ്പോൾ അവൾ അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി പറ്റിച്ചേരും.

പിന്നെ അകത്തേക്ക് പോയി എണ്ണയുമായി വന്ന്  അവന്റ തലയിൽ തേച്ചു പിടിപ്പിക്കും..

കുളി കഴിഞ്ഞിറങ്ങുന്ന അവനെ കാത്ത് പുറത്ത് തന്നെ ഉണ്ടാകും അവൾ.

ഇറങ്ങി വരുമ്പോൾ തന്നെ കയ്യിൽ കരുതുന്ന രാസ്നാദിപൊടി രവിയുടെ നിറുകയിൽ തേച്ചു പിടിപ്പിക്കുമ്പോൾ അവൾ പറയും,

“അന്തിയോളം വിയർത്തിട്ട് തണുത്ത വെള്ളത്തിൽ ഉളള കുളിയല്ലേ, തുമ്മലും ജലദോഷവും ഒന്നും വരണ്ട” എന്ന്.

ഭക്ഷണം കഴിക്കുമ്പോൾ അരികിൽ ഇരുന്ന് ഊട്ടുന്നവൾ… ! ഇടക്ക് ഭർത്താവിന്റെ കൈകൊണ്ട് കൊടുക്കുന്ന ഉരുളയ്ക്ക് വേണ്ടി ചിരിയോടെ വാ തുറന്നു പിടിക്കുന്നവൾ..

കിടക്കുമ്പോൾ നെഞ്ചിൽ പറ്റിച്ചർന്ന് വാ തോരാതെ സംസാരിക്കും….

പലപ്പോഴും തോന്നിയിട്ടുണ്ട് ഇവൾക്ക് ഇങ്ങനെ വാ തോരാതെ സംസാരിക്കാൻ മാത്രം ഇത്രയേറെ ഓർമ്മകൾ ഉണ്ടോ എന്ന്.

പക്ഷേ, അതൊരു സന്തോഷം ആയിരുന്നു. അവളുടെ കിലുങ്ങുന്ന വാക്കുകൾക്ക് ചെവികൊടുത്ത്‌ അവളുടെ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഓർമ്മകൾക്കും ഒപ്പം സഞ്ചരിക്കുമ്പോൾ…

അന്നൊരു ഓണകാലത്ത്‌ ആഘോഷങ്ങളെ കൂടുതൽ സുന്ദരമാക്കികൊണ്ട് നാട്ടിൽ നടത്തിയ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ പത്തായിരം രൂപയുടെ സ്മാർട്ട്‌ഫോൺ കിട്ടുമ്പോൾ എല്ലാവരും പറഞ്ഞു വന്ന് കേറിയ പെണ്ണിന്റ ഭാഗ്യം ആണെന്ന്. അത് ശരിയാണെന്ന് രവിക്കും തോന്നി.

അല്ലെങ്കിലും തന്റെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം ആണല്ലോ അവൾ എന്നോർതുകൊണ്ട് വീട്ടിൽ എത്തുമ്പോൾ ഓണസദ്യയും ഒരുക്കി കാത്തിരിക്കുന്നുണ്ടായിരുന്നു അവൾ….

അവൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ  അവൻ പറയുന്നുണ്ടായിരുന്നു,

“നീ എന്റെ ഭാഗ്യം ആണെന്നാടി നാട്ടുകാർ പറയുന്നത്. ഇത് കണ്ടോ നീ ഈ ബോക്സ്. ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാംസമ്മാനം എനിക്കാണ്. പത്തായിരം രൂപയുടെ ഫോൺ ആണ്.”

അവൻ ആവേശത്തോടെ അത് പറയുമ്പോൾ അവളുടെ മുഖത്തും വല്ലാത്ത അത്ഭുതമായിരുന്നു.

“എന്തായാലും പാടത്തു പണിക്ക് പോകുന്ന എനിക്കെന്തിനാ ഈ ഫോൺ. വെറുതെ ചെളിയിൽ ഇട്ടു നശിപ്പിക്കാൻ. അതുകൊണ്ട് നമുക്കിത് വിൽക്കാം, പത്തായിരം കയ്യിൽ കിട്ടുമല്ലോ ” എന്ന് രവി ചിരിയോടെ പറയുമ്പോൾ അവൾ അവന്റെ കയ്യിൽ നിന്നും ഒരു പിടി ചോറ് വായിൽ വാങ്ങിക്കൊണ്ട് പറഞ്ഞു,

“ന്റെ രവിയേട്ടാ..വീട്ടിൽ കേറി വന്ന ഭാഗ്യദേവത അല്ലെ. അതിനെ കൊണ്ടുപോയി വിൽക്കണോ…വേണ്ടാട്ടോ…അതിവിടെ ഇരുന്നോട്ടെ…ഒന്നുല്ലെങ്കിൽ എനിക്ക് വീട്ടുകാരെ ഒക്കെ ഇടക്കിടെ വിളിക്കാലോ ” എന്ന്.

അവളത് പറഞ്ഞപ്പോൾ ആണ് അവനും അത് ശരിയാണല്ലോ എന്ന് തോന്നിയത്.

“എന്തായാലും ഇതുപോലെ ഒരു ഫോൺ തൽക്കാലം വാങ്ങലുണ്ടാവില്ല. ന്നാ പിന്നെ വെറുതെ കിട്ടിയ ഭാഗ്യത്തെ എന്തിനാണ് കടയിൽ കൊണ്ട് പോയി വിൽക്കുന്നത് ” എന്ന്.

അങ്ങനെ ആ ഫോൺ തന്റെ ഭാഗ്യദേവതക്ക് കൈമാറുമ്പോൾ അവൻ അറിഞ്ഞില്ലായിരുന്നു കൈമാറുന്ന ഭാഗ്യം നാളത്തെ കുരിശായി മാറുമെന്ന്.!

ആ ഫോണിലേക്ക് ഒരു സിമ്മും നെറ്റും എടുത്തു കൊടുത്തതോടു കൂടി എല്ലാം ശുഭം.

അത് വരെ ഉപയോഗിക്കാത്ത സ്മാർട്ട്‌ഫോൺ കയ്യിൽ കൂട്ടിയപ്പോൾ അതിന്റ മുക്കും മൂലയും മനസ്സിലാക്കാൻ ഉളള ഉദ്യോഗമായിരുന്നു ആദ്യം അവൾക്ക്. മനസ്സിലായപ്പോഴോ അതിൽ തന്നെ പെറ്റിരിക്കാനുള്ള ആവേശവും….

ഇത്രയൊക്കെ ഈ ഫോൺ കൊണ്ട് കഴിയുമെന്ന് അറിഞ്ഞത് മുതൽ  അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി.

ഇതൊന്നും ഇത്ര നാൾ മനസ്സിലാക്കാനുള്ള ബോധം തനിക്ക് ഉണ്ടായില്ലല്ലോ എന്നോർത്ത്‌…

ഫേസ്ബുക്ക്‌, വാട്സ്അപ്പ്‌ വീഡിയോകാൾ. അങ്ങനെ നീട്ടുപോകുന്ന അത്ഭുതങ്ങൾക്ക് നടുവിൽ മിഴിച്ചിരിക്കുമ്പോൾ പെണ്ണിന്റ പേരിനു മുകളിൽ വട്ടമിട്ടു പറക്കുന്ന ആങ്ങളകുമാരന്മാർ എത്തിയിരുന്നു അവിടെയും…

അങ്ങനെ അവളും മാറിത്തുടങ്ങി.

ഇപ്പോൾ അവൻ വന്ന് കയറുമ്പോൾ പതിവ് പോലെ കെട്ടിപിടുത്തമില്ല. വിയർപ്പ് മണത്തേക്കാൾ അവൾ ആസ്വദിച്ചത് ഫേസ്ബുക്കിലെ ആങ്ങളമാരുടെ ഇക്കിളിചാറ്റിംഗ് ആയിരുന്നു..

നെഞ്ചിലെ ഉപ്പുരസത്തെക്കാൾ അവൾക്ക് രുചി സ്വന്തം ഫോട്ടോയ്ക്ക് കിട്ടുന്ന ലൈക്കിനും കമന്റിനും ആയിരുന്നു…

അവന്റെ വരവിനായി കാത്തിനിന്നവൾ ഇപ്പോൾ റൂമിലേക്ക് മാത്രമായി ഒതുങ്ങി….

അവൻ വന്ന് കേറുന്നത് പോലും അറിയാതെ ഒറ്റയ്ക്ക് ചിരിക്കാനും സംസാരിക്കാനും തുടങ്ങി.

കുളിക്കാൻ എണ്ണ ചോദിക്കുമ്പോൾ  “അടുക്കളയിൽ ഉണ്ട്, ഞാൻ എവിടേം പൂട്ടി വെച്ചിട്ടൊന്നും ഇല്ല. ഒന്ന് എടുത്തു തേചൂടെ രവിയേട്ടാ, എല്ലാത്തിനും ഞാൻ വേണോ ” എന്ന് ദേഷ്യപ്പെടാൻ തുടങ്ങി.

അവളുടെ ആ നിമിഷങ്ങളെ ശല്യപ്പെടുത്തിയതിന്റെ നീരസം അവളുടെ വാക്കുകളിൽ പ്രധിധ്വനിക്കാൻ തുടങ്ങി….

കുളി കഴിഞ്ഞ് രാസ്നാദിപൊടി ചോദിക്കുമ്പോൾ “ഒരു ദിവസം അത് ഇട്ടില്ലെന്ന് വെച്ച്  നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല.” എന്നായി കാര്യങ്ങൾ….

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ  അവന്റെ കയ്യിൽ നിന്നും ഒരു പിടി വാങ്ങുവാൻ അവളുടെ വായ് തുറന്നില്ലായിരുന്നു. അതേ സമയം ഫേസ്ബുക്കിൽ ഊട്ടുന്ന ആങ്ങളയുടെ അദൃശ്യമായ ഉരുളയ്ക്ക് വായ് പൊളിക്കുകയായിരുന്നു അവൾ…

രാത്രി കിടക്കാൻ നേരം നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കാൻ അവൾക്ക് മൊബൈൽ ഉണ്ടായിരുന്നു. അതിനപ്പുറത്തു വാഗ്ധാനങ്ങളും മനം മയക്കുന്ന ചിരിയും വശ്യതയാർന്ന സംസാരവും പുളകം കൊള്ളിക്കുന്ന കാഴച്ചകൾക്കൊണ്ടും വിരുന്നൊരുക്കിയ ഇതുവരെ കാണാത്ത ഏതോ ഒരു കാമുകനും..

ജീവിതം അങ്ങനെ എങ്ങോട്ടോ വഴിതെറ്റി പോകുമ്പോൾ  അടുത്ത ഓണവും വന്നിരുന്നു.

ആ വർഷവും സമ്മാനക്കൂപ്പണുമായി മുന്നിൽ വന്നവനോട് അവൻ പറയുന്നുണ്ടായിരുന്നു,

“ഇനി ഇല്ല മോനെ ഒരു പരീക്ഷണത്തിന്. കഴിഞ്ഞ വർഷം വന്ന ഭാഗ്യദേവത വീട്ടിലേക്ക് കൊണ്ട് വന്നത് കുരിശാ…അതിൽ നിന്നൊന്ന് ഊരട്ടെ ആദ്യം. എന്നിട്ടാകാം അടുത്ത പരീക്ഷണം ” എന്ന്.

~ ️ദേവൻ