ഞാൻ കൂടുതൽ ഒന്നും ചിന്തിച്ചില്ല മോനെ, മക്കളെ കാണാൻ ഉള്ള അടങ്ങാത്ത ആഗ്രഹം മാത്രമേ എനിക്ക് തോന്നിയുള്ളൂ…

പണത്തെ സ്നേഹിക്കും മക്കൾ

Story written by Jolly Shaji

=========

“അല്ലെങ്കിലും ഇതാ പറയുന്നത് പെണ്ണുങ്ങൾക്ക്‌ ബോധം ഇല്ലെന്ന്…”

“ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല മോനെ അതാണ് അവർ നാട്ടിൽ പോണെങ്കിൽ പൊയ്ക്കോ എന്ന് പറഞ്ഞപ്പോൾ വേഗം സമ്മതിച്ചത്..”

“അല്ലെങ്കിലും അമ്മച്ചി ഒന്നും ചിന്തിക്കല്ലല്ലോ…അമ്മച്ചി രണ്ട് മാസം നാട്ടിൽ വന്നു നിന്നാൽ ചിട്ടി അടവൊക്കെ എങ്ങനെ നടക്കും…ലോൺ അടക്കേണ്ടേ..അവര് ടിക്കറ്റ് അല്ലേ തരൂ രണ്ടുമാസത്തെ ശമ്പളം തരില്ലല്ലോ…”

“മോനെ മൂന്നു വർഷം കഴിഞ്ഞില്ലേ അമ്മച്ചി നാട്ടിൽ വന്നിട്ട്…ലിസി കൊച്ചിന്റെ രണ്ടാമത്തെ കുഞ്ഞിനെ ഒന്ന് കണ്ടില്ല..പിന്നെ നിന്റെ പെണ്ണിനേയും നേരിൽ കാണാൻ അമ്മച്ചിക്ക് ഭാഗ്യം ഉണ്ടായില്ലല്ലോ…അതിലൊക്കെ പ്രാധാന്യം എന്റെ മത്തായിച്ചന്റെ തലക്കൽ ഒരു മെഴുകുതിരി കത്തിക്കണ്ടെടാ…”

മേരിക്കുട്ടി പറഞ്ഞു തീരും മുന്നേ പൊട്ടിക്കരഞ്ഞു…

“അമ്മച്ചി കരയാൻ അല്ല പറഞ്ഞത്…അമ്മച്ചിക്ക് അറിയാല്ലോ ഈ കൊറോണ കാരണം എന്റെ കമ്പനി പൂട്ടിയത്….അപ്പനെ ചികിത്സിച്ച കടം വേറെ…ലിസിയുടെ കല്യാണത്തിന്റെ കടം പോലും തീർന്നിട്ടില്ല ഇതുവരെ..”

“ഞാൻ കൂടുതൽ ഒന്നും ചിന്തിച്ചില്ല മോനെ…മക്കളെ കാണാൻ ഉള്ള അടങ്ങാത്ത ആഗ്രഹം മാത്രമേ എനിക്ക് തോന്നിയുള്ളൂ…”

“ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ട് അമ്മച്ചിക്ക് തിരിച്ചു് പോവാൻ പറ്റുമോ എന്ന് പോലും അറിയില്ല…അമ്മച്ചിയുടെ ശമ്പളം കൊണ്ടാണ് ചിട്ടിയും കടങ്ങളുമൊക്കെ വീട്ടി പോകുന്നത്….എന്റെയും അവസ്ഥ വളരെ മോശം ആണ്…”

ജോബി മോൻ ഫോൺ വേഗം കട്ട് ചെയ്തു….അപ്പോൾ തന്നെ ലിസ്സിയുടെ കാൾ വന്നു…

“അമ്മേ..ജോബി വിളിച്ചു…അമ്മക്ക് ലീവ് കിട്ടിയെന്നു പറഞ്ഞ്… “

“ഇപ്പോൾ കൊറോണ സിറ്റിവേഷൻ വല്യ കുഴപ്പമില്ലല്ലോ മോളെ.,..അപ്പോൾ നാട്ടിൽ ഒന്ന് വന്നാൽ എല്ലാരേയും കാണാമല്ലോ എന്നോർത്തു…ജോബിക്ക് എന്തോ ഇഷ്ടക്കേട് പോലെയാ പെരുമാറിയത്…മോൾക്ക്‌ അമ്മയെ മനസ്സിലാകുമല്ലോ…”

“അമ്മക്ക് ഒന്ന് ആലോചിച്ചിട്ട് തീരുമാനിച്ചാൽ പോരായിരുന്നോ….ഇവിടെ ആണെങ്കിൽ കുഞ്ഞിക്കുട്ടികൾ ഒക്കേ ഉള്ളതല്ലേ..അതുമല്ല സിനിമോളെ കെട്ടിക്കണ്ടേ…ഇപ്പോൾ തന്നെ വീടിന്റെ ലോണും എന്റെ കല്യാണത്തിന് വിളിച്ച കെ. എസ്. എഫ്. ഇ ചിട്ടിയും തീരാറായിട്ടുപോലും ഇല്ല…”

“രണ്ടുമാസം ജോബിക്ക് അത് അഡ്ജസ്റ്റ് ചെയ്ത് അടച്ചുകൂടെ മോളെ..നീ അവനെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കു…”

“അമ്മേ അവനും ഒരു കുടുംബം ആയില്ലേ…അവന്റെ പെണ്ണിന് വിശേഷം ഉണ്ടോ എന്നൊരു സംശയം കൂടി ഉണ്ട്‌…”

“എന്നിട്ട് അവൻ അത് പറഞ്ഞില്ലല്ലോ..”

“അവൻ വിട്ടുപോയി കാണും…പിന്നെ അമ്മച്ചി വന്നാലും നേരെ തറവാട്ടിലേക്ക് പോയാൽ മതി…അവിടുത്തെ വാടകക്കാരോട് പറഞ്ഞ് ചായ്പ്പ് വൃത്തിയാക്കി ഇട്ടേക്കാം…പിന്നെ എന്റെ വീട്ടിലേക്കു തത്കാലം വരേണ്ടട്ടോ…ഇവിടുത്തെ അപ്പച്ചന് നല്ല സുഖമില്ലാത്തതാണ് എന്തേലും വന്നുപോയാൽ പിന്നെ അതിന്റെ പഴി ഞാൻ കേൾക്കണം…”

“കുഞ്ഞുങ്ങളെ കാണാനുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് മോളെ ഞാൻ വരുന്നത് എന്നിട്ട് നീ ഇങ്ങനൊക്കെ പറഞ്ഞാൽ… “

“പിള്ളേരെ മിക്കവാറും വീഡിയോ കാൾ വിളിച്ചു കാണുന്നതല്ലേ…പിന്നെരു കാര്യം അവരോടു ഒരു മാസത്തെ ലീവ് മതിയെന്ന് പറയു…ജോബിക്ക് അത്രേം ആശ്വാസം ആയല്ലോ….പിന്നേ വരുമ്പോൾ എനിക്കൊരു ഫോൺ കൂടി വാങ്ങിക്കോ എന്റെ ഫോൺ ചെറിയ കംപ്ലയിന്റ് ഒക്കെ കാണിക്കുന്നു…”

മേരി ഫോൺ കട്ട് ചെയ്തു…മേരിക്കുട്ടി പഴയ ഓർമ്മകളിലേക്ക് പോയി…

മത്തായിച്ചൻ തന്നെ കല്യാണം കഴിക്കുമ്പോൾ അദ്ദേഹം ഒരു ലോറി ഡ്രൈവർ ആയിരുന്നു….നല്ല സ്നേഹമുള്ള മനുഷ്യൻ…തന്നെയും കുട്ടികളെയും പൊന്നുപോലെ നോക്കി…മൂത്തമോൾ ലിസിക്ക് എട്ട് വയസ്സും സിനിമോൾക്ക് രണ്ടുവയസ്സും ഉള്ളപ്പോൾ ആണ് മത്തായിച്ചൻ ഓടിച്ചിരുന്ന ലോറി അപകടത്തിൽ പെട്ടത്…ലോറിയിൽ നിന്നും തെറിച്ചു പോയ മത്തായിച്ചന്റെ അരക്കു കീഴ്പോട്ട് തളർന്നു പോയിരുന്നു…

ഉള്ള സ്ഥലമൊക്കെ വിറ്റു ചികിൽസിച്ചു…പക്ഷെ അദ്ദേഹം പിന്നെ എണീറ്റ്‌ നടന്നില്ല…നാട്ടിൽ കൂലിപ്പണിക്ക് പോയാണ് മക്കളെയും അദ്ദേഹത്തെയും നോക്കിയിരുന്നത്…ലിസ്സിമോൾക്ക് പതിനാറു വയസ്സ് ഉള്ളപ്പോളാണ് ഒരു ഏജൻസി മുഖേന ഗൾഫിൽ ഗദ്ദാമ ആയി എത്തുന്നത്…പഠിക്കാൻ വല്യ മിടുക്കൊന്നും ഇല്ലാത്ത ലിസ്സിയെ ഡിഗ്രി വരെ പഠിപ്പിച്ചു….അവൾത്തന്നെ കണ്ടെത്തിയ ആൾക്ക് അവളെ വിവാഹം ചെയ്തു കൊടുത്തു…ജോബിയും അവന്റെ ഇഷ്ടപ്രകാരം പഠിക്കണമെന്ന് പറഞ്ഞ കോഴ്സ് പഠിപ്പിച്ചു..പഠിക്കാൻ വലിയ തെറ്റില്ലാതിരുന്ന അവന് ക്യാമ്പസ് സെലെക്ഷൻ കിട്ടിയപ്പോൾ മനസ്സുകൊണ്ട് ഒരുപാട് സന്തോഷം തോന്നി…ഇപ്പോൾ ദേ അവനും ഇഷ്ടപെട്ട പെണ്ണിനെ വിവാഹം ചെയ്തു…താൻ വരും വരെ ക്ഷമിക്കാൻ ഉള്ള മനസ്സ് പോലും അവൻ കാണിച്ചില്ല…തന്റെ ശമ്പളം ഒരു ദിവസം വൈകിയാൽ ടെൻഷൻ ജോബിക്കാണ്…

എല്ലാത്തിനും ഇടയിൽ പെട്ടു പാവം സിനിമോൾ..പഠിക്കാൻ മിടുക്കി ആയിരുന്നു അവൾ പക്ഷെ ദൈവം അവളെ തനിക്കു തരുമ്പോൾ തന്നെ ഒരു കാലിനു സ്വാധീനക്കുറവ് ഉണ്ടായിരുന്നു…എങ്കിലും അവൾ തന്റെ കുറവുകൾ മാറ്റിവെച്ച് പഠിച്ചു പി ജി എടുത്തു…ഇപ്പോൾ ഒരു കമ്പനിയുടെ കീഴിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നു…

താൻ ഗൾഫിനു പോന്നതിൽ പിന്നെ അപ്പച്ചനെ ശുശ്രൂഷിച്ച്പൊന്നുപോലെ നോക്കിയത് സിനിമോൾ ആയിരുന്നു..അപ്പൻ പോയതോടെ അവളും ആകെ മൂകയായി…എന്നും തന്നെ വിളിക്കുന്നതും തന്റെ കടങ്ങൾ തീർക്കൻ ആശ്വാസം ആകുന്നതുമൊക്കെ അവളാണ്..

പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത്..മേരിക്കുട്ടി ഫോൺ എടുത്തു…സിനിമോൾ ആണ്…

“ഹലോ മോളെ..”

“അമ്മച്ചി, അമ്മച്ചി എന്ന വരുന്നത്..”

“ഞാൻ ഉറപ്പിച്ചില്ല മോളെ വരണോ എന്ന്…”

“അമ്മച്ചി എന്ത് വർത്താനം ആണ് പറയുന്നത്..മൂന്നാല് കൊല്ലം ആയി അമ്മച്ചിയെ കണ്ടിട്ട്…അമ്മച്ചി എത്രേം പെട്ടെന്ന് ഇങ്ങ് വായോ…”

“മോളെ ജോബിയും ലിസ്സിയും എതിർപ്പാണ് വരുന്ന കാര്യം പറഞ്ഞിട്ട്..”

“അവര് പറയുന്നത് ഇനി അമ്മച്ചി കേൾക്കേണ്ട…അമ്മച്ചിയുടെ ആഗ്രഹം പോലെ ആണോ അവർ ചെയ്തു കൂട്ടിയതൊക്കെ…എനിക്ക് എന്റെ അമ്മച്ചി ഇങ്ങ് വന്നാൽ മതി..”

“അവര് പറഞ്ഞതാണ് മോളെ സത്യം…ഞാൻ നാട്ടിൽ വന്നുനിൽക്കുമ്പോൾ ചിട്ടിയും ലോണുമൊക്കെ മുടങ്ങി പോവില്ലേ…”

“ഇനി വന്നാലും എന്റമ്മച്ചിയെ ഞാൻ വിടില്ല…ഞാൻ വല്ല ലോണും എടുത്തു കടങ്ങൾ തീർത്തോളാം..ഇനിയെങ്കിലും എന്റെ അമ്മച്ചി എന്റെ കൂടെ വേണം…”

“നിന്റെ കാര്യം കൂടി നോക്കേണ്ടേ മോളെ….നിനക്ക് ഒരു കൂട്ട് കൂടി ആയാൽ മാത്രമേ അമ്മച്ചിക്ക് സമാധാനം ആവു….അത് വരെ എനിക്ക് ജോലി ചെയ്തെ പറ്റു..”

“എനിക്ക് കൂട്ട് എന്റമ്മച്ചി മതി…ഈ ചട്ടുകാലി പെണ്ണിനെ ആര് അംഗീകരിക്കാൻ ആണ്…സഹതാപം കൊണ്ട് ആരെങ്കിലും കെട്ടിയാലും അത് കുറച്ചു നാൾ കഴിയുമ്പോൾ മാറും…അതുകൊണ്ട് തത്കാലം ഞാനും എന്റെ മേരിക്കുട്ടിയും കൂടി ഇങ്ങനെ അങ്ങ് ജീവിക്കാൻ ആണ് എന്റെ തീരുമാനം…”

“മോളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിനക്ക് ആരുണ്ടാവും…”

“അമ്മച്ചി അതൊന്നും ഓർത്തു വിഷമിക്കേണ്ട….അതൊക്ക സംഭവിക്കും പോലെ നടക്കട്ടെ…തത്കാലം വേഗം എന്റെ അമ്മക്കുട്ടീപോരുന്ന കാര്യങ്ങൾ റെഡിയാക്ക്…”

“ശെരി മോളെ ഇപ്പോൾ ആണ് അമ്മച്ചിക്ക് സമാധാനം ആയത്…അമ്മച്ചി വേഗം വരാൻ നോക്കാം..”

മേരിക്കുട്ടി ഫോൺ കട്ട് ചെയ്തു സമാധാനത്തോടെ ഉറങ്ങാൻ കിടന്നു..

~ ജോളി ഷാജി…