ടീ വിലേക്ക് നോക്കി കൊണ്ടിരുന്ന അവൻ പന്തിയില്ലാതെ രാധികയെ നോക്കി മെല്ലെ എഴുന്നേറ്റു പുറത്തേക്ക് നടന്നു..

ചോറ്

എഴുത്ത്: മനു തൃശ്ശൂർ

==========

“ഡാ അപ്പു…നിന്നെ നിൻ്റെ അമ്മ വിളിക്കുന്നത് നിനക്കെന്ത ചെക്കാ ചെവി കേട്ടൂക്കൂടെ..??”

ടീ വിലേക്ക് നോക്കി കൊണ്ടിരുന്ന അവൻ പന്തിയില്ലാതെ രാധികയെ നോക്കി മെല്ലെ എഴുന്നേറ്റു പുറത്തേക്ക് നടന്നു..

“എന്തിന രാധികെ അവനെ പറഞ്ഞു വിട്ടെ അവനെ ആരും വിളിച്ചില്ലല്ലോ ??”

“അവൻ്റെ അമ്മ അവിടെ ഇല്ലെന്ന് നിനക്കറിയില്ലെ, വെറുതെ കള്ളം പറഞ്ഞു ആ കുട്ടിയുടെ മനസ്സിൽ വെറുപ്പിൻ്റാശം നിറക്കണോ..

“അമ്മ എന്തറിഞ്ഞിട്ട രാവിലെ വന്നിരിക്കാൻ തുടങ്ങിയത ചെക്കൻ ടീ വിക്ക് മുൻപിൽ. നേരം എന്തായീന്ന വിചാരം ??”

“എൻ്റെ മക്കൾക്ക് ചോറു കൊടുക്കണം..അവനു തിന്നിം കുടിച്ചും ഇല്ലേലും കുഴപ്പൊന്നും ഇല്ലായിരിക്കും അതുപോലെ ആണോ എനിക്കെൻ്റെ മക്കൾ..!!”

“അവർക്ക് നേരത്തിന് ചോറു കൊടുക്കേണ്ടത, അവനിവിടെ നോക്കിയിരുന്ന എനിക്ക് എൻ്റെ മക്കൾക്ക് ചോറുക്കൊടുക്കാൻ പറ്റില്ല..”

“വെള്ളമിറക്കും അസത്ത്. രാവിലെ തന്നെ അങ്ങ് കയറി വന്നേക്കുന്നു. ആട്ടിയോടിച്ചാലും പോവില്ല..!!”

എന്താ രാധികെ നീ ഇങ്ങനെ, അവനിവിടെ ഇരുന്നോട്ടെ വച്ചു ഒന്നും സംഭവിക്കില്ലല്ലോ, അവനും നിൻ്റെ മക്കളെ പോലേ കൊച്ചു കുട്ടിയല്ലെ, അവർക്ക് ഒപ്പമിരുത്തി അവനിത്തിരി ചോറു കൊടുത്താ പോരായിരുന്നോ..??”

“പാവം അവൻ്റെ അമ്മ പണിക്കു പോയേക്കുവല്ലെ, അവൾ വന്നിട്ടാവും അവനെന്തെങ്കിലും തിന്നാൻ കിട്ടാ..”

“പിന്നെ വന്നു കയറുന്നവർക്ക് കൊടുക്കാൻ ആണല്ലോ എൻ്റെ മക്കളുടെ അച്ഛൻ ഇവിടെ അരി വാങ്ങുന്നെ..??”

“അമ്മയൊന്നു മിണ്ടാതെ ഇരിന്നെ അവിടെ ചോറൊക്കെ വച്ചു കാണും അവനത് കഴിച്ചും കാണും. അല്ലേലും അവനു വിശപ്പൊന്നും ഇല്ലല്ലോ വെയ്ലും കൊണ്ട് നടക്കുവല്ലെ…”

ദേവയാനി മെല്ലെ ഉമ്മറത്തേക്ക് നടന്നു  ഉമ്മറ തിണ്ണയിൽ ഇരുകൈകളുന്നി വഴിയിലേക്ക് നോക്കി

അപ്പോഴേക്കും അപ്പു പടികൾ കടന്നു പോയിരുന്നു

*************

തലകുനിച്ചു കൊണ്ട അവൻ വീട്ടിലേക്ക് ചെന്ന്

വീട് അപ്പോഴും അടഞ്ഞു കിടക്കുക തന്നെ ആയിരുന്നു. അമ്മ വിളിച്ചിട്ടില്ലെന്ന്  അറിയായിരുന്നു..

പലപ്പോഴും രാധിക്കേടത്തി തന്നെ പറഞ്ഞുവിടാൻ അമ്മ വിളിക്കുന്നെന്ന് കള്ളം പറഞ്ഞു പറ്റിക്കാറുണ്ട്.. ..

ഒരുദിവസം അമ്മ വിളിച്ചു പറഞ്ഞു രാധികേടത്തി ഇറക്കി വിട്ട് വീട്ടിൽ വന്നപ്പോഴ രാധിക്കേടത്തി തന്നെ പറ്റിച്ചതാന്ന് അറിഞ്ഞു തിരികെ കയറി ചെല്ലാൻ അന്ന് തോന്നിയില്ല

വീണ്ടും അവഗണിച്ചതോർത്ത് അവൻ്റെ കുഞ്ഞുമുഖം വാടി. വിശന്നിട്ടാവണം  ഇരുകൈകളും വയറിൽ അമർത്തി തടവി ഒരിക്കൽ കൂടെ രാധിക്കയുടെ വീട്ടിലേക്ക് നോക്കി

അവൻ മെല്ലെ തിരിഞ്ഞു വന്നു തണൽ പറ്റിയ തിണ്ണയിലേക്ക് കയറി ഇരുന്നു. ഓലമേഞ്ഞ ഇറയത്ത് നോക്കി മെല്ലെ ചാഞ്ഞു അങ്ങനെ കിടന്നു…

ഒടുവിൽ വിശന്നു വയറുവാടി കരഞ്ഞപ്പോൾ തിണ്ണയിൽ കിടന്നിരുന്ന അവൻ തിരിഞ്ഞു മറഞ്ഞു കിടന്നു വയറിൽ അമർത്തി.

മെല്ലെ എഴുന്നേറ്റു വാതിൽ തുറന്നു  അടുക്കളയിലേക്ക് നടന്നു. വീഥനയിൽ കമത്തിവച്ച പാത്രങ്ങൾ അവൻ്റെ വീശപ്പ് കൂട്ടി ഉറക്കെ പരിഹസിച്ച് ചിരിക്കുമ്പോൾ

നനഞ്ഞ വെണ്ണീർ മണക്കുന്ന അടുപ്പിൻമേൽ ഇരിക്കുന്ന മൺകലത്തിനു അരികിലേക്ക് അവൻ ചെന്നു..

പതിയെ തുറന്നു നോക്കുമ്പോൾ ഇന്നലെ ബാക്കിയായ ചോറിൽ വെള്ളം മൊഴിച്ചു പുളിച്ചു തുടങ്ങിരുന്നു. ഒരൽപ്പം നേരം അവനതിലേക്ക് നോക്കി വല്ലാത്തൊരു  നാറ്റം..

അതിനിടയിൽ വിശപ്പ് അവനെ തളർത്തുന്നുണ്ട്. അറിഞ്ഞു മെല്ലെ തിരിഞ്ഞു പുറത്തേക്കിറങ്ങി രാധികയുടെ വീട്ടിലേക്ക് നടന്നു..

കയറി ചെല്ലുമ്പോൾ കണ്ണനും ഉണ്ണിമോളും ചോറു തിന്നുത് അവൻ കണ്ടു

പുറത്തെ കാൽപ്പെരുമാറ്റം അറിഞ്ഞു രാധിക പുറത്തേക്ക് വന്നു. അപ്പുവിനെ കണ്ടതും എന്തെന്ന ഭാവത്തിൽ നോക്കി..

“അമ്മ വന്നിട്ടൊന്നുമില്ല രാധിക്കേടത്തി..!!”

“അതിനെന്താട ഇങ്ങോട്ട് തന്നെ പോന്ന്.  നിൻ്റെ വീട് ഇതാണോ, പോയി വല്ലതും കഴിക്കു ചെക്ക. അവർ ചോറു തിന്നുവ. നിന്നെ പോലെ അവിടിം ഇവിടെം വലിഞ്ഞു കയറി ചെല്ലാനുള്ളതല്ല..”

ശബ്ദം കേട്ട് മുറിയിൽ നിന്നും പുറത്തേക്ക് വന്ന ദേവയാനി രാധികയെ നോക്കി

“എന്താ രാധികെ ഇത് കുട്ടിക്കളോട് ഇങ്ങനെ ഒക്കെ പറയെരുത്. ആ കുഞ്ഞിന് വിശപ്പ് കാണു വല്ലതും കൊടുക്കല്ലെ വേണ്ടു ഇല്ലേൽ ദൈവം പോലും പൊറുക്കൂല നിന്നോട്…”

ഉമ്മറപ്പടിയിൽ ഊരിയിട്ട ചെരുപ്പിൽ നിന്നും അകത്തേക്ക് വച്ച കാൽ പിൻവലിച്ചു അപ്പു ചെരിപ്പിലേക്ക് തന്നെ കയറ്റി കണ്ണനേയും ഉണ്ണിമോളേയും ദയനീയമായി നോക്കി മെല്ലെ തിരിഞ്ഞു നടന്നു..

അവിടേക്ക് കയറി ചെല്ലുമ്പോൾ ഒരിത്തിരി ചോറു കഴിക്കാൻ അവൻ്റെ വയറ്റിൽ എരിയുന്ന വിശപ്പ് അവനിൽ ആശ പടർത്തിയിരുന്നു..

അപമാനം കൊണ്ട് തലതാഴ്ത്തി തിരിഞ്ഞു നടക്കുന്ന അപ്പുവിനെ നോക്കി ദേവയാനി പുറത്തേക്ക് വന്നു..

“അപ്പു നീയിങ്ങു തിരികെ വന്നെ മുത്തശ്ശി ചോറു തരണ്ട്…”

അവൻ മെല്ലെ നിന്ന് മുഖം തിരിച്ചു നോക്കി വെയിൽ കൊണ്ട് വാടിയ കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ ചാലുകൾ തീർത്തിരുന്നു..

“എനിക്ക് വേണ്ട മുത്തശ്ശി .!!വിശപ്പില്ല..!!”

അതു പറഞ്ഞ് തൻ്റെ ചുണ്ടുകൾക്ക് ഇടയിൽ അവശേഷിച്ചിരുന്ന ഉമിനീരിറക്കി കൊണ്ട് അവൻ തിരിഞ്ഞു മുന്നോട്ടു നടന്നു..

വീട്ടിലേക്ക് കയറി വരുമ്പോൾ വിശപ്പ് അതിൻ്റെ കഠിനമായ വേലിയിറക്കം സ്രിഷ്ടിച്ച് കുടലുകൾ ഉൾവലിഞ്ഞു ശരീരത്തെ ഒന്നുമല്ലാതാക്കി കഴിഞ്ഞിരുന്നു .

അടുക്കളയിലെ വീഥനയിൽ കമത്തിവച്ച വക്കുപ്പൊട്ടിയ അവൻ്റെ കിണ്ണമെടുത്ത കഞ്ഞികലം പിടിച്ചു ചെരിഞ്ഞു

കിണ്ണത്തിൽ വന്നു പതിഞ്ഞ പഴംകഞ്ഞിൽ അവൻ്റെ കുഞ്ഞു വിരലുകൾ മുക്കി കോരിയെടുക്കുമ്പോൾ അവൻ്റെ കണ്ണുനീരിൻ്റ ഉപ്പുരസം ആ വറ്റുകളിൽ രുചി കലർത്തിയിരുന്നു..

ഒടുവിൽ ശേക്ഷിച്ച കഞ്ഞിവെള്ളം ആർത്തിയോടെ മോന്തിക്കുടിക്കുമ്പോൾ വരണ്ടുണങ്ങിയ കുടലിൻ്റെ നിലവിളിയെ ആ ഉപ്പുവെള്ളത്തിൽ മുക്കി നനവ് പടർത്തുമ്പോൾ…

ബാക്കിയെന്നോണം ശേക്ഷിച്ചു പോയ ആ കഞ്ഞിവെള്ളം വക്കുപ്പൊട്ടിയ വിടവിലൂടെ വരണ്ടുണങ്ങിയ ചുണ്ടിനേയും നനച്ച് കൊണ്ട് ഒറ്റിയൊറ്റി വിഴുന്നുണ്ടായിരുന്നു…

~മനു തൃശ്ശൂർ