പണ്ട് ഞങ്ങളൊക്കെ കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ അമ്പിളിയമ്മാവനെ കാണിച്ചു തരാം എന്ന് പറഞ്ഞിരുന്നത്…

എഴുത്ത്: മഹാ ദേവൻ

===========

“എന്തിനാടി നീ ആ ചെക്കനെ ഇങ്ങനെ തല്ലുന്നത്. ഒന്നുല്ലെങ്കിൽ നിന്റെ കുഞ്ഞ് തന്നെ അല്ലെ അത്. ഇങ്ങനെ വലിച്ചുവാരി തല്ലി അതിനെന്തെങ്കിലും പറ്റിയാൽ..? ഒന്നല്ലെങ്കിൽ അവർ കുട്ടികൾ ആണെന്ന ബോധം എങ്കിലും വേണ്ടേ “

കുട്ടിയെ പൊതിരെ തല്ലുന്ന അനിലയെ കണ്ട് കൊണ്ട് വന്ന സരസ്വതി അവൾക്ക് നേരെ കയർക്കുമ്പോൾ തല്ലുന്നതിനിടയിൽ തന്നെ അവൾ പറയുന്നുണ്ടായിരുന്നു,

“പിന്നെ..കുട്ടികൾക്ക് ഇത്ര വാശി പാടുണ്ടോ…? നിങ്ങൾ കണ്ടില്ലേ ഈ കിടക്കുന്നത്. ഇവൻ വലിച്ചുവാരിയിട്ടു പൊട്ടിച്ചതാണ്. ഇപ്പഴേ ഇവൻ ഇങ്ങനെ ആയാൽ നാളെ ഈ തല തെറിച്ചവനെ പിടിച്ചാൽ കിട്ടില്ലല്ലോ ” എന്ന്.

അതും പറഞ്ഞ് അനില മകനെ വീണ്ടും തല്ലാൻ കൈ ഓങ്ങിയപ്പോൾ അവൾക്കിടയിൽ കയറി നിന്നു സരസ്വതി.

അത് കണ്ട് ദേഷ്യത്തോടെ അവരുടെ മുഖത്തേക്ക് നോക്കികൊണ്ട് അവൾ കലിതുള്ളുന്നുണ്ടായിരുന്നു

“അമ്മക്ക് ഇത് എന്തിന്റെ കേടാണ്. ഇവനെ ഇങ്ങനെ ചെയ്യുന്ന ഓരോ കുരുത്തക്കേടിനും സപ്പോർട്ട് ചെയ്ത് വളം വെച്ചു കൊടുക്കുന്നത് അമ്മയൊക്കെ തന്നെയാ..ഇപ്പോൾ അവനു തന്നെ അവന് മൊബൈൽ വേണമത്രേ..വയസ്സ് ഏഴ് ആയതെ ഉളളൂ…അപ്പോഴേക്കും മൊബൈൽ..ഇപ്പോൾ അത് വാങ്ങിത്തരില്ല എന്ന് പറഞ്ഞതിനാണ് ഈ കോലാഹലങ്ങൾ..ഇത്രേം കുരുത്തക്കേട് കാട്ടിയ ഇവനെ പിന്നെ ഞാൻ എന്ത് ചെയ്യണം..അവന്റ ഓരോ വികൃതിയും സപ്പോർട്ട് ചെയ്യാൻ നിങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് ചെക്കന് ആരെയും പേടിയില്ലാത്തത്”

അവൾ സരസ്വതിക്ക് മുന്നിൽ കലിതുള്ളുമ്പോൾ അതേ ചോദ്യം തന്നെ ആയിരുന്നു സരസ്വതി തിരുച്ചു ചോദിച്ചതും,

“ഞാൻ അല്ല, നീയും എന്റെ മോനും ഒക്കെ തന്നെയാ ഈ കുട്ടിയെ വഷളാക്കിയത്. പിന്നെ നിങ്ങള് ചെയ്ത തെറ്റ് അവൻ ആവർത്തിക്കുന്നതിന്റെ പേരിൽ എന്റെ മുന്നിലിട്ട് ഈ കുട്ടിയെ ഇങ്ങനെ തല്ലാൻ ഞാൻ സമ്മതിക്കില്ല..ഈ കുട്ടി മൊബൈൽ ചോദിച്ചെങ്കിൽ അതിന് കാരണം നീയും നിന്റെ കെട്ടിയോനും തന്നെ ആണ്….

പണ്ട് ഞങ്ങളൊക്കെ കുട്ടികൾ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ അമ്പിളിയമ്മാവനെ കാണിച്ചു തരാം എന്ന് പറഞ്ഞിരുന്നത് നീയൊക്കെ തിരുത്തി കളിക്കാൻ മൊബൈൽ തരാം എന്നാക്കിയില്ലേ. കുട്ടി അടങ്ങിയിരിക്കാൻ മൊബൈൽ…കുട്ടി പുറത്തേക്കിറങ്ങാതിരിക്കാൻ മൊബൈൽ…നിനക്ക്  ആരെയെങ്കിലും വിളിക്കണമെങ്കിൽ അതിന് മകൻ ശല്യം ചെയാതിരിക്കാൻ ആദ്യം ഇട്ടുകൊടുക്കുന്നത് മൊബൈൽ ഗെയിം…അങ്ങനെ എന്തിനും ഏതിനും ഈ വളർന്നു തുടങ്ങുന്ന പ്രായത്തിൽ തന്നെ മൊബൈൽ നൽകി ശീലിപ്പിച്ചത് നീ അല്ലെ….

ഇനി അച്ഛൻ വന്നാലോ…അവൻ വാർത്ത കാണുമ്പോൾ മകന് അടുത്തു വന്നിരുന്നാൽ ശല്യം ചെയ്യാതിരിക്കാൻ അപ്പൊ കൊടുക്കും മൊബൈൽ…

ഭക്ഷണം കഴിക്കുമ്പോൾ അവൻ ഏത് സമയവും മൊബൈലിൽ…ഒഴിവുസമയം കിട്ടിയാൽ നീയും ഏത് സമയവും മൊബൈലിൽ…

ഇതൊക്കെ കണ്ട് വളരുന്ന കുട്ടികൾ ആവശ്യപ്പെടുന്നതാണ് തെറ്റ്…അല്ലാതെ നീയൊക്കെ അവരെ അതിലേക്ക് എത്തിക്കുന്നതിൽ ഒരു തെറ്റുമില്ല…

കാലങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങള ഒക്കെ അംഗീകരിക്കാം..പക്ഷേ, എല്ലാത്തിനും ഒരു ലിമിറ്റ് വേണം. ഇതൊന്നും ഇല്ലാത്ത കാലത്തും ആളുകൾ ജീവിച്ചിട്ടുണ്ട്. പക്ഷേ, ഞങ്ങൾ അതൊക്കെ പറഞ്ഞാൽ പഴഞ്ചൻ ആയി..പിന്നെ ആ കാലമല്ല ഈ കാലം എന്ന് ഒരു ന്യായവും….

അതേ, ശരിയാണ്..ആ കാലമല്ല..ഈ കാലം..പക്ഷേ, ചിലത് നമ്മൾ സ്വയം നിയന്ത്രിക്കണം. മകൾക്ക് മാതൃക കാണിക്കേണ്ട നിങ്ങൾ കാണിച്ച് കൊടുക്കുന്നത് തന്നെ ആണ് ഇപ്പോൾ അവർ ആവശ്യപ്പെടുന്നതും. നിങ്ങൾ അവർക്ക് മുന്നിൽ കാണിച്ച മാതൃക ശരിയാണെങ്കിൽ പിന്നെ ഈ തല്ലുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്..

അതല്ല, അത് ശരിയല്ല എന്നാണെങ്കിൽ ആദ്യം മാറേണ്ടത് നിങ്ങൾ തന്നെ ആണ്. എന്നിട്ട് ശിക്ഷിക്ക് മക്കളെ..

തെറ്റുകൾ കൊണ്ടല്ല മാതൃക ആകേണ്ടത്..സ്വയം തിരുത്തണം..അപ്പൊ പിന്നെ ഇതുപ്പോലെ കുട്ടികളെ തിരുത്തേണ്ട ആവശ്യം വരില്ല… “

എന്നും പറഞ്ഞ് സരസ്വതി കുട്ടിയേയും ചേർത്തുപിടിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുകയായിരുന്നു അനില….

അമ്മ പറഞ്ഞതിലെ ശരികൾ അപ്പോഴും അംഗീകരിക്കാൻ മടിയുള്ളപോലെ….

അല്ലെങ്കിലും ചിലർ അങ്ങനെ ആണല്ലോ..തെറ്റുകൾ ചെയ്താലും അത് തെറ്റാണെന്ന് അംഗീകരിക്കാൻ ഇച്ചിരി പാടാ..!

✍️ദേവൻ