പുള്ളിക്കാരൻ വലിഞ്ഞുമുറുകിയ മുഖത്തോടെ അവിടെ നിന്നെഴുന്നേറ്റു. പാഴ്സൽ ആയി എടുക്കാൻ പറഞ്ഞ സാധനവുമെടുത്ത് ഞാനും പുറകെ നടന്നു…

അൽഫാം ചിക്കൻ പൊല്ലാപ്പ്…

Written by Megha Mayuri

==========

“കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും  വിളിക്കാമായിരുന്നു…ഇതതുമില്ല…” കെട്ടിയോൻ അരിശത്തോടെ കൈകൾ കൂട്ടിത്തിരുമ്മി..

“അതേയ്…നിങ്ങളീ പറയുന്ന മന്ദബുദ്ധി അല്ലെങ്കിൽ Moron ൻ്റെ IQ ലെവൽ 50 മുതൽ 74 വരെയാണ്…അതിലും താഴ്ന്ന ബുദ്ധിയുള്ളവരും ഉണ്ട്….25 മുതൽ 49 വരെയാണെങ്കിൽ lmbeciles, 0 മുതൽ 24 വരെയാണെങ്കിൽ  Idiots, – 1 ഉം അതിൽ താഴെയുമാണെങ്കിൽ Boomers…ഇങ്ങനെയൊക്കെയുണ്ട്…”

ഞാനവിടെയിരുന്ന്  Intelligence Quotient നെക്കുറിച്ചും Mental Age നെക്കുറിച്ചും Chronological Age നെക്കുറിച്ചും IQ  കണ്ടു പിടിക്കുന്ന വിധത്തെ കുറിച്ചും ഒരു അഞ്ചു  മിനിറ്റ് ക്ലാസ്സെടുത്തപ്പോഴേക്കും കെട്ടിയോൻ കണ്ണും തള്ളി വായും തുറന്നിരിപ്പായി….സപ്ലയർ ഡോർ തുറന്ന്  ബില്ലുമായി അടുത്തെത്തിയതും  അങ്ങേര് തുറന്നു വച്ച വായ അടച്ചു…

അയാൾ പോയപ്പോഴാണ് വീണ്ടും അങ്ങേര് വായ തുറന്നത്….

“ഇത്രേമൊക്കെ അറിഞ്ഞിട്ടാണോ നീ വായിൽ കൊള്ളാത്ത  എന്തെങ്കിലുമൊക്കെ ഓർഡർ ചെയ്യുന്നത്  ?എന്നാൽ കൊണ്ടുവന്ന സാധനം കഴിക്കുമോ…അതുമില്ല..മനുഷ്യനെ ബുദ്ധിമുട്ടിക്കാനായിട്ട്…..കഴിക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാണ് ഇതൊക്കെ കൊണ്ടുവരാൻ  പറയുന്നത്…എന്നിട്ട് അതിൻ്റെ വിലയോ ? 400 രൂപ…എത്രാമത്തെ പ്രാവശ്യമാണ് നീയിങ്ങനെ ആരും കേൾക്കാത്ത ഓരോന്ന് ഓർഡർ ചെയ്ത് അത് വെറുതെ കളയുന്നത്. നിനക്ക് മനുഷ്യന്മാര് കഴിക്കുന്നതൊന്നും വാങ്ങിയാൽ പോരേ വൈഗേ…..”

“അതിലൊരു ത്രില്ലില്ല…എനിക്ക് സിമ്പിൾ ഫുഡൊന്നും വേണ്ട…കോംപ്ലിക്കേറ്റഡ് ഫുഡാണ് ഇഷ്ടം…ഇതൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിച്ചു നോക്കണ്ടേ…പിന്നെ കഴിച്ചില്ലെങ്കിലും…” ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു..

“എന്നിട്ട് നീ ആ കോംപ്ലിക്കേറ്റഡ് ഫുഡ് കഴിച്ചോ? ഇല്ലല്ലോ?കഴിക്കാനായിട്ട്  പിന്നെ വേറെ ബിരിയാണി വാങ്ങേണ്ടി വന്നില്ലേ?”

“അതു പിന്നെ…ഈ സാധനം കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നില്ല…. “

“പിന്നെ എന്തു കണ്ടിട്ടാണ് ഇമ്മാതിരി ഓരോന്നും വേണമെന്ന് പറയുന്നത്? ഒരു സാധനം മര്യാദയ്ക്ക് കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല…ഒക്കെ കിള്ളിപ്പറിച്ചു കൊണ്ടിരിക്കും…എന്നിട്ട് മുക്കാൽ ഭാഗവും അവിടെ വേസ്റ്റാക്കി കളയും..വൈഗേ…പല തവണയായി ഞാൻ പറയുന്നു…നീ എന്തോ ഓർഡർ ചെയ്യ്…കൊണ്ടു വരുന്ന സാധനം  കഴിക്കാതിരിക്കുമ്പോഴാണ് എനിക്കു ദേഷ്യം വരുന്നത്…ഭക്ഷണം വേസ്റ്റാക്കി കളയുന്നത് നല്ല സ്വഭാവമല്ല……”

പുള്ളിക്കാരൻ വലിഞ്ഞുമുറുകിയ മുഖത്തോടെ അവിടെ നിന്നെഴുന്നേറ്റു…പാഴ്സൽ ആയി എടുക്കാൻ പറഞ്ഞ സാധനവുമെടുത്ത് ഞാനും പുറകെ നടന്നു…വീട്ടിൽ ചെന്നിട്ട് ഇതിനെ വേറെ എന്തെങ്കിലുമൊക്കെ ആക്കി മാറ്റാം എന്നോർത്തു..

ഏതു ഹോട്ടലിലായാലും റെസ്റ്റോറൻ്റിലായാലും ഭക്ഷണം കഴിക്കാൻ കേറിയാൽ അവിടത്തെ മെനുവിലെ ആരും കേൾക്കാത്ത ഐറ്റം ഓർഡർ ചെയ്യുക എന്നത് എൻ്റെയൊരു ശീലമായിപ്പോയി..എന്നും വീട്ടിലുണ്ടാക്കുന്ന ചോറും കറികളും ചപ്പാത്തിയും ചായയും ഇഡ്ഡലിയും ദോശയും ജ്യൂസും പുട്ടും കടലയും പൂരി മസാലയും ഒക്കെ കഴിക്കാനായി ഹോട്ടലിൽ പോകണമോ? അതൊക്കെ വീട്ടിൽ തന്നെ ഉണ്ടാക്കി കഴിച്ചൂടെ? എന്നാണ് എൻ്റെയൊരിത്…നല്ല ഹോട്ടലിലൊക്കെ പോകുമ്പോൾ സ്വല്പം വെറൈറ്റി പിടിച്ചാൽ തന്നെ എന്താണതിലൊരു തെറ്റ്?

അന്നത്തെ പ്രശ്നം അൽഫാം ചിക്കനാണ്…അറേബ്യൻ ഫുഡ് കേരളത്തിൽ കോമൺ ആവുന്നതിനു മുമ്പാണ്….പാലക്കാട് നൂർജഹാൻ ഹോട്ടലിൽ അതിനു മുമ്പ് കയറിയപ്പോഴൊന്നും ഇതൊന്നും കണ്ടിട്ടില്ല…മെനു കാർഡ് നോക്കിയപ്പോൾ കെട്ടിയോൻ്റെ മുഖത്തെ അസ്വസ്ഥത കണ്ടെങ്കിലും ഞാനത് കാര്യമാക്കാതെ വേഗം തന്നെ ഒരു അൽഫാം ചിക്കനും ഖുബൂസും ഓർഡർ ചെയ്തു…പുതിയ ഒരു ഐറ്റമല്ലേ…അങ്ങേർക്ക് ചപ്പാത്തിയും മുട്ടക്കറിയും മതി പോലും..ചപ്പാത്തിയും കറിയും പെട്ടെന്നെത്തി..ഞാൻ എനിക്കുള്ള ഭക്ഷണത്തിനായി കാത്തിരിക്കുമ്പോഴുണ്ട്..ദേ…വരുന്നൂ…അൽഫാം ചിക്കൻ…ശ്യോ…ഇതാണോ…അൽഫാം ചിക്കൻ…

സപ്ലയർ അതു കൊണ്ടു വരുമ്പോൾ എനിക്കു തോന്നിയത് ഒരു പോക്കാച്ചി തവളയെ  പ്പേറ്റിൽ കമിഴ്ത്തിയിട്ട് കൊണ്ടു വരുന്നു എന്നാണ്…ചപ്പാത്തിയും കറിയും ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്ന കെട്ടിയോനെ ഞാൻ ദയനീയമായി നോക്കി…സപ്ലയർ വിശിഷ്ട വിഭവം ടേബിളിൽ വച്ചിട്ട് പോയി…

ഇതെങ്ങനെ ഞാൻ കഴിക്കും? ശരിക്കും തവള കിടക്കുന്നതു പോലെ തന്നെ തോന്നുന്നു..തവളയെ പിടിച്ചു ചുട്ടതു പോലുണ്ട്…കാണുമ്പോൾ തന്നെ ഓക്കാനം വരുന്നു…

“മര്യാദയ്ക്കു കഴിച്ചോ….” എന്നു ധ്വനിപ്പിക്കുന്ന കെട്ടിയോൻ്റെ കണ്ണുരുട്ടൽ കണ്ടതും ഞാൻ മനസില്ലാ മനസ്സോടെ കഴിക്കാൻ തുടങ്ങി…ഒട്ടും കഴിക്കാൻ പറ്റുന്നില്ല..ചിക്കൻ്റെ ചെറിയ ഒരു കഷണം വായിൽ വച്ചതും മുഖം ചുളിഞ്ഞു…ഖുബൂസും കഴിക്കാൻ വയ്യ….

“അതേയ്…എനിക്കിതു വേണ്ട…ഒട്ടും കഴിക്കാൻ പറ്റുന്നില്ല…” പ്ലേറ്റു നീക്കിക്കൊണ്ട് ഞാൻ മെല്ലെ പറഞ്ഞു..

നല്ല ചീത്തയായിരുന്നു പിന്നങ്ങോട്ട്…വീടല്ലാത്തതു കൊണ്ടും ചുറ്റുപാടുമൊക്കെയുള്ളവർ ശ്രദ്ധിക്കുമോ എന്ന തോന്നലുള്ളതുകൊണ്ടും ചീത്തവിളിക്ക് ചെറുതായൊരു മയമുണ്ട്…ഒടുവിൽ എനിക്കു കഴിക്കാൻ ബിരിയാണി കൊണ്ടു വരാനും അൽഫാം ചിക്കൻ പാഴ്സലാക്കി എടുക്കാനും പറഞ്ഞു..ഖുബൂസ് മുട്ടക്കറി കൂട്ടി അങ്ങേരു തന്നെ കഴിച്ചു തീർത്തു…

ബൈക്കിൽ കയറി വണ്ടി എടുത്തതും വീണ്ടും അങ്ങേരു ഹോട്ടലിൽ വച്ച് തൽക്കാലം നിർത്തിയ ചീത്ത വിളിയും വഴക്കും തുടർന്നു….ഇനി വീടെത്തുന്നതു വരെ ഇതു തന്നെ..പുള്ളിക്കാരനാണെങ്കിൽ എന്നെ വഴക്കു പറയാൻ ഒരവസരം കിട്ടിയത് മാക്സിമം മുതലാക്കുന്നുണ്ട്..കാരണം നോക്കിയിരിപ്പാണെന്നു തോന്നുന്നു..വഴക്കു പറയാൻ എന്തൊരുത്സാഹം?എന്നാൽ  സ്നേഹത്തോടെ  ഇരിക്കുമ്പോൾ രണ്ടു വാക്കു തികച്ചു പറയാൻ മടിക്കുന്നയാളാണ്…

ഹോ…ബൈക്കിലായതു വല്ലാത്ത കഷ്ടമായിപ്പോയി…ഇതു മുഴുവൻ കേട്ടോണ്ടിരിക്കണ്ടേ?ഇങ്ങേരെ വണ്ടീന്നു പിടിച്ചൊരു തള്ളു തള്ളിയാലോ? അങ്ങേരു മാത്രമല്ലല്ലോ…അങ്ങേരുടെയൊപ്പം ഞാനും ഉരുണ്ടുപിരണ്ട് റോഡിലേക്കു വീഴുമല്ലോ എന്നു കരുതിയപ്പോൾ അതു വേണ്ട എന്നു വച്ചു…വണ്ടികൾ തലങ്ങും വിലങ്ങും പായുന്നുണ്ട്..വീണാൽ സംഭവിക്കാവുന്ന പല കാര്യങ്ങളും മനസിൽ വന്നു…ഒന്ന്, ചിലപ്പോൾ ഞാനും അങ്ങേരും ചാകാൻ സാധ്യതയുണ്ട്…രണ്ട്, അങ്ങേരു ചാകുകയും ഞാൻ ജീവിക്കുകയും ചെയ്താലുള്ള അവസ്ഥ…ഭീകരം തന്നെ…മൂന്ന്, അങ്ങേർക്ക് വല്ല കയ്യോ കാലോ ഒടിയുകയും എനിക്ക് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽപിന്നെ ആശുപത്രിയിൽ കയറിയിറങ്ങി ഞാൻ കഷ്ടപ്പെട്ടു പോകും…നാല്, ഞാൻ തട്ടിപ്പോകുകയോ എൻ്റെ കയ്യോ കാലോ ഒടിയുകയോ ചെയ്ത് ഞാൻ കിടപ്പാകുകയോ ചെയ്താൽ പിന്നെ അങ്ങേർക്ക് അതും പറഞ്ഞ്  എന്നെ ഉപേക്ഷിച്ച് മുൻ കാമുകിയെ കെട്ടാം…പുള്ളിക്കാരി ഭർത്താവ് മരിച്ച് വീട്ടിൽ വന്ന് നിൽപ്പായതിൽ പിന്നെ ഇങ്ങേർക്ക് അങ്ങോട്ടോരു ചായ് വുണ്ടോ എന്ന് കുറച്ചു കാലമായി സംശയമുണ്ട്…അല്ലെങ്കിലേ പുള്ളിക്കാരിയെ കാണുമ്പോൾ തന്നെ ഇങ്ങേർക്ക്  ഒരിളക്കമുണ്ട്…ഞാനിതൊന്നും അറിയുന്നില്ലെന്നാ വിചാരം…അപ്പോൾ പിന്നെ  ”അച്ഛൻ ചാകാനും കട്ടിലൊഴിയാനും ” എന്ന മട്ടിലാകും കാര്യങ്ങൾ…ആദ്യത്തെ മൂന്നെണ്ണം പിന്നെയും സഹിക്കാം…നാലാമത്തെ സാധ്യത ആലോചിച്ചപ്പോൾ തന്നെ ഒന്നും ചെയ്യണ്ട, പറയാനുള്ളത് പറഞ്ഞ് തീർത്ത് വായ് കടയുമ്പോൾ തനിയേ നിർത്തുമല്ലോ എന്നു കരുതി മാക്സിമം അകലത്തിൽ ഇരുന്നു…വഴിയേ പോകുന്നവരെയൊക്കെ വായിനോക്കിക്കൊണ്ടിരുന്നു…

വീട്ടിൽ ചെന്ന് അമ്മയോടു കെട്ടിയോൻ പൊടിപ്പും തൊങ്ങലുമൊക്കെ വച്ച് അന്നത്തെ കാര്യങ്ങളൊക്കെ വിസ്തരിച്ചു പറയുന്നതും രണ്ടു പേരും കൂടി എന്നെ കളിയാക്കിക്കൊണ്ടിരിക്കുന്നതും ചിരിക്കുന്നതും ഒക്കെ കാണുമ്പോൾ തന്നെ എനിക്കു ദേഷ്യം വന്നെങ്കിലും ഞാൻ കടിച്ചു പിടിച്ച് ഇരുന്നു…അമ്മ പിന്നീട് അൽഫാം ചിക്കനെയൊക്കെ  കഷണം കഷണമാക്കി ഉപ്പും മുളകും മസാലയുമൊക്കെ പിടിപ്പിച്ച് തൽക്കാലത്തേക്ക് ഒരു ചിക്കൻ കറിയുണ്ടാക്കി രാത്രിയിലത്തെ ഭക്ഷണത്തിനായി മാറ്റി വച്ചു…

പിന്നീട് ഹോട്ടലിൽ പോകുമ്പോഴൊക്കെ മെനു കാർഡ്  കെട്ടിയോനെടുത്തു കൈയിൽ പിടിക്കും..എന്നാലും ഞാൻ വിട്ടു കൊടുക്കില്ല..ഭിത്തികളിലോ മുൻവശത്തെ ഫുഡ്‌ ചാർട്ടിലോ ഒക്കെ Today’s Special എന്ന് കാണുന്നത് നോക്കി ഞാൻ എന്തെങ്കിലുമൊക്കെ  ഓർഡർ ചെയ്യും..ഹും…നമ്മളോടാ..കളി…

കുറച്ചു ദിവസം കഴിഞ്ഞ് ഓഫീസിൽ നിന്ന് കൂട്ടുകാരികളുമായി ഓഫീസിനടുത്ത് പുതിയ ഒരു റെസ്റ്റോറൻ്റ് തുടങ്ങിയിട്ടുണ്ട് എന്നറിഞ്ഞ് അവിടെപ്പോയി..എൻ്റെ കണ്ണിൽ പെട്ട പുതിയ രണ്ടു മൂന്ന് ഐറ്റങ്ങൾ…ഗാലക്സി, കമ്പ്യൂട്ടർ, ഡിസ്കോ…ഇടിവെട്ട് പേരുകൾ..മൂന്നു പേർക്കും മൂന്നു തരത്തിലുള്ളത് പറഞ്ഞു. എൻ്റെ ഇഷ്ടത്തിനായിക്കോട്ടെ എന്ന് പറഞ്ഞ് ശ്വേതയും അഞ്ജലിയും അത് സമ്മതിച്ചു…ഐറ്റങ്ങൾ വന്നു കഴിഞ്ഞപ്പോൾ  കണ്ണു മിഴിഞ്ഞ് ബ്ലിങ്കസ്യാ…എന്നായിപ്പോയി…രണ്ടു പേരും കൂടി  എന്നെ കൊന്നില്ല എന്നേയുള്ളൂ….

മാംഗോ പൾപ്പ്, ബനാനാ പൾപ്പ്, പേരക്കാ പൾപ്പ് ,പൈനാപ്പിൾ പൾപ്പ്, പപ്പായ പൾപ്പ്..അങ്ങനെ  ഏതൊക്കെയോ പഴങ്ങളുടെ പൾപ്പുകൾ തിരിച്ചും മറിച്ചും ബൗളുകളിലാക്കി വച്ച് കൊണ്ടു തന്നിരിക്കുകയാണ്….എന്തൊക്കെ പേരുകളാ ? മനുഷ്യനെ പറ്റിക്കാനായിട്ട്…നാട്ടിലില്ലാത്ത വിലയും…കഴിച്ചു  കഴിഞ്ഞ്  ഓഫീസിൽ ചെന്നിട്ടും ഇവളുമാര് മറ്റുള്ളവരോട് ഇതും പറഞ്ഞു എന്നെ കളിയാക്കി കൊന്നു കൊണ്ടിരുന്നു…അവരുടെ  കളിയാക്കലൊന്നും നമ്മുടെ രോമത്തിൽ പോലും ഏശില്ല എന്നതു വേറൊരു കാര്യം…

വീണ്ടുമൊരു നാൾ ഒരു റെസ്റ്റോറൻ്റിൽ പോയപ്പോൾ കുടിക്കാനായി കെട്ടിയോനൊരു ചായ പറഞ്ഞു..പുളളിയുടെ കയ്യിൽ നിന്നും മെനു കാർഡ് തട്ടിപ്പറിച്ചെടുത്ത് ഞാൻ മൊത്തം കണ്ണോടിച്ചു നോക്കി…പുള്ളിയുടെ കണ്ണുരുട്ടലൊന്നും ഞാൻ വകവച്ചില്ല….ജ്യൂസ്, ഷെയ്ക്ക്, ഫലൂഡ, സ്മൂത്തീസ് ,ഐസ്ക്രീം, ഫ്രൂട്ട് സലാഡുകൾ ,പല തരത്തിലുള്ള ചായ, കാപ്പി ഇവയൊക്കെയുണ്ടെങ്കിലും എൻ്റെ കണ്ണ് ചെന്നെത്തിയത് Mojitos ലാണ്…. Mint, Passion Fruit, Blue Berry, Black Berry, Kiwi, Lemon , Guava , Pomegranate…ഇതൊക്കെയുണ്ട്….വളരെ സന്തോഷത്തോടെ ഞാൻ പറഞ്ഞു…

“ഒരു ലെമൺ മൊജിറ്റോ…”

ഞാനിങ്ങനെ എന്തു കനിയാണോ ഇത് എന്ന് ആലോചിച്ച് കാടുകയറിയപ്പോഴേക്കും  ലെമൺ മൊജിറ്റോ മുമ്പിലെത്തി….ങ്ഹേ….ഇതാണോ അത്?  അതാണോ ഇത്?  ഒരു സോഡയിൽ രണ്ടു കഷണം നാരങ്ങയും മുറിച്ചിട്ട്  കുറച്ച് എന്താണ്ടൊക്കെ ചപ്പും ചവറും വലിച്ച് ഇട്ടാൽ അത് ലെമൺ മൊജിറ്റോ ആവുമോ? എന്നിട്ട് അതിൻ്റെ വിലയോ 100 രൂപയും…കെട്ടിയോൻ്റെ ചായക്ക് 10 രൂപയും…

അങ്ങേരുടെ  മുഖത്തുണ്ടായ പരിഹാസച്ചിരി ഞാൻ കണ്ടില്ലെന്നു നടിച്ചു….എനിക്കിത് വേണ്ട…ഞാനിത് കുടിക്കില്ല..ഞാനിതല്ല ഉദ്ദേശിച്ചത്…എൻ്റെ മൊജിറ്റോ ഇങ്ങനെയല്ല….എന്നൊക്കെ ഞാൻ മനസ്സിൽ പറയുന്നുണ്ട്…അതൊന്നും പുറത്തേക്ക് വന്നില്ല….

കൊണ്ടു തന്ന കുന്ത്രാണ്ടം കുടിച്ചില്ലെങ്കിൽ പുള്ളിക്കാരനിൽ നിന്നും കേൾക്കാനിടയുള്ള ചീത്തവിളി ആലോചിച്ചപ്പോൾ ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല…എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത സോഡ മൊജിറ്റോ എന്ന പേരിൽ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് ഞാൻ കുടിച്ചിറക്കി..ഏതാണ്ടൊരു വൈക്ലബ്യം..എന്നാലും  ഇതു കൊണ്ടൊന്നും രാമൻകുട്ടി തളരൂല്ലാ…

“പട്ടീടെ വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നിവരില്ലല്ലോ…” റെസ്റ്റോറൻ്റിൽ നിന്നും ഇറങ്ങാൻ നേരത്ത്  പുള്ളിക്കാരൻ്റെ കമൻ്റ്….

എന്തു ചെയ്യാനാ? കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത  സാധനങ്ങൾ കണ്ണും പൂട്ടി  ഓർഡർ  ചെയ്യൽ നമ്മുടെ ഒരു വീക്ക്നെസ്സായിപ്പോയി…….

~മേഘ മയൂരി