ആറുവർഷം പൊന്നുപോലെ പ്രണയിച്ച ഗൗരിയെ മറക്കണമെന്നമ്മ പറഞ്ഞപ്പോൾ രണ്ടടി പോലും ഇടയില്ലാത്ത…

ഇമ്പം

Story written by Arun Karthik

===============

വല്ല പെണ്ണിനേയും മോഹിച്ചു പോയിട്ടുണ്ടെങ്കിൽ എന്റെ മോനതങ്ങു മറന്നേരെ, ഞാൻ തീരുമാനിക്കുന്ന പെണ്ണിനെയേ നീ കെട്ടുവെന്ന് അമ്മ പറഞ്ഞത് കേട്ട് ഞാനാ ഉമ്മറകോലായിൽ തല താഴ്ത്തി ഇരുന്നു.

ഉറഞ്ഞുതുള്ളിയാ ഭദ്രകാളിയേ പോലെ അമ്മ പോയി കഴിഞ്ഞപ്പോൾ നെറ്റിപ്പട്ടം കെട്ടിയ ആനയുടെ തലയെടുപ്പോടെ ടൗണിലെ ഗോൾഡ്കടയിലേക്ക് പോകാനിറങ്ങിയ അച്ഛൻ വരുന്നത് കണ്ടു ഞാൻ അല്പം മാറിയിരുന്നു..

അച്ഛനും പോയികഴിഞ്ഞപ്പോൾ എന്റെ നോട്ടം പതിയെ ഇറയത്തു ഹുക്കിൽ കെട്ടിതൂക്കിയിട്ടിരുന്ന ലവ്ബേർഡ്‌സ്ന്റെ കൂടിനുള്ളിലേക്കായിരുന്നു..

ആറുവർഷം പൊന്നുപോലെ പ്രണയിച്ച ഗൗരിയെ മറക്കണമെന്നമ്മ പറഞ്ഞപ്പോൾ രണ്ടടി പോലും ഇടയില്ലാത്ത കൂട്ടിൽ കൊക്കുരുമ്മി മതിവരാതെ പ്രണയിക്കുന്ന ലവ്ബേർഡ്സിനോട് എനിക്ക് വല്ലാത്ത അസൂയയാണ് തോന്നിയത്..

മുറ്റത്തൂകൂടെ പിടയെ ഓടിച്ചു വരുന്ന പൂവൻകോഴിയെ കണ്ടപ്പോഴും നിന്നെപ്പോലെ പുറകെ നിന്ന് ഓടിച്ചില്ലെങ്കിലും മഴകാത്ത് കിടക്കുന്ന വേഴാമ്പലിനെ പോലെ ഞാനും ഗൗരിയേയും കാത്ത് ആ കോളേജ് ബസ്റ്റോപ്പിൽ പലവുരു നോക്കി നില്പുണ്ടായിരുന്നുവെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.

രണ്ടുവർഷത്തെ ചെരുപ്പ് തേച്ചുതീർക്കേണ്ടി വന്നു അവളോട്‌ ഒന്ന് മിണ്ടിതുടങ്ങാൻ…പയ്യെതിന്നാൽ പനയും തിന്നാമെന്ന് പഴമക്കാർ പറഞ്ഞപ്പോൾ പിന്നെയും ഒരു വർഷമെടുത്തു നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുക്കാൻ..

ആദ്യ മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഞാനെന്റെ പ്രണയം ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് പേടിയോടെ തുറന്നു പറയുമ്പോഴും റെയിൽവേ ജീവനക്കാരന്റെ പച്ചകൊടിയ്ക്കൊപ്പം അവളും സമ്മതം മൂളുകയായിരുന്നു…

ഒരുപാട് കാലം ഒന്നിച്ചു ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ടായിരിക്കും ഞാനും അവളും പ്രെണയത്തിനു ഒരു മറയൊക്ക സൃഷ്ടിചെടുത്തത്.

പരുക്കനായ അച്ഛനേ കാണണോ ചന്ദ്രികസോപ്പ് പോലെ അലിയുന്ന അമ്മയെ കൂട്ടുപിടിക്കണോ എന്ന് വ്യക്തത വരാത്തത് കൊണ്ടാവാം അല്പം തൊട്ടിതരമൊക്കെ കയ്യിലുള്ള പെങ്ങളെ കൂട്ട് പിടിച്ചത്..

പക്ഷേ അവൾ ഭൂലോകപാരയായി മാറുമെന്ന് ഫോണിലെ ഗൗരിയുടെ ഫോട്ടോഅടക്കമുള്ള തെളിവുകൾ കണ്ടു പ്രെകോപിതയായി രാവിലെ അമ്മ തിരുവചനങ്ങൾ മൊഴിഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായത്.

വീട്ടിലവതരിപ്പിച്ചോ നമ്മുടെ കാര്യമൊക്കെ, എപ്പോഴാ എന്നെ പെണ്ണ്കാണാൻ വരുന്നതെന്നുമുള്ള പ്രിയതമയുടെ കിളിനാദം കൂടി ഫോണിലൂടെ കേട്ടപ്പോൾ അമ്മയുടെ ശകാരം അനുഭവിച്ച എനിക്കു മുറ്റത്തെ ചെടിചട്ടി ചവിട്ടി തെറിപ്പിക്കാനാണ് തോന്നിയത്..

പക്ഷേ, ചെടിച്ചട്ടി കാശ് കൊടുത്തു മേടിച്ചാലും കാലിന്റെ പിന്നീടുള്ള ദയനീയാവസ്‌ഥ മനസ്സിൽ തെളിഞ്ഞത് കൊണ്ടു ഞാനാ ഉദ്യമം പാടെ വേണ്ടെന്നു വച്ചു.

കാൾ കട്ടാക്കി തിരിച്ചു വീടിനകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് അയലത്തെ വീട്ടിലെവിടെയോ അനാശാസ്യത്തിന് പോയിട്ട് വന്ന പുപ്പിപൂച്ച ജനലിനിടയിലൂടെ അകത്തേക്ക് കയറുന്ന കാഴ്ച്ച കണ്ടത്.

ഒരു മുത്തം പോലും നൽകാതെ ഞാനും ഗൗരിയും ഞങ്ങളുടെ ദിവ്യപ്രെണയത്തിനു പരിശുദ്ധി കാത്തുസൂക്ഷിച്ചു വീട്ടുകാരുടെ അനുവാദത്തിനു കാത്തു നിൽക്കുമ്പോഴാണ് പുപ്പിപൂച്ചയുടെ ഈ പരാക്രമം….

അല്ലെങ്കിലും ഈ ഭൂമിയിൽ മനുഷ്യർക്ക്‌ മാത്രമല്ലെ പ്രേണയിക്കാനും ഒരുമിക്കാനും വിലക്കുള്ളുവെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനെന്റെ ഫോണിലെ ഗൗരിയുടെ മുഖമുള്ള വോൾപേപ്പർ നെഞ്ചിലേക്ക് വച്ച്കൊണ്ട് നിദ്രയിലേക്ക് വഴുതി വീണു.

പിറ്റേന്ന് അമ്മയുടെ കടുംപിടുത്തം വീണ്ടും മുറുകിയപ്പോളും അച്ഛന്റെ മുഖത്തു നിന്നും ഒരു ചോദ്യം പോലും ഉയരാത്തതും എന്നെ വിഷമത്തിലാഴ്ത്തികൊണ്ടിരിക്കുന്നുണ്ടായിരുന്നു…

കൗമാരത്തിലെപ്പോഴോ സംസാരങ്ങൾക്കു പിശുക്ക് കാണിക്കാൻ തുടങ്ങിയ അച്ഛനോട് പ്രണയം പറയാൻ പോയാൽ എടുത്തു കാർക്കിച്ചു തുപ്പുമെന്ന് നല്ലവണ്ണം അറിയാവുന്നത് കൊണ്ട് എന്റെയും ഗൗരിയുടെയും പ്രണയം വെറും സ്വപ്നമായി തന്നെ അവശേഷിക്കുമോ എന്നെനിക്കും തോന്നിത്തുടങ്ങി..

നാളെയെങ്കിലും വന്നു കാര്യങ്ങൾ അവതരിപ്പിച്ചില്ലെങ്കിൽ ഇപ്പോൾ അർത്ഥസമ്മതം മൂളിനിൽക്കുന്ന ഗൗരിയുടെ വീട്ടുകാർ തന്നെ ഈ ആലോചന കൈ വിട്ടുകളയുമെന്ന് ഗൗരി പറഞ്ഞത് കേട്ട് എന്റെ വീട്ടിലെ വന്മരങ്ങളെ എങ്ങനെ കടപുഴക്കി വീഴിക്കുമെന്നറിയാതെ ചിന്തയിലാണ്ടിരുന്നു ഞാൻ..

അമ്പിനും വില്ലിനും അമ്മ അടുക്കില്ലെന്നു വന്നപ്പോഴും അവസാനപിടിവള്ളിയെന്നോണം അച്ഛന്റെ മുറിയുടെ വാതിൽ പതിയെ തുറന്നു ഞാനകത്തേക്ക് കയറുമ്പോൾ അച്ഛൻ നിദ്രാദേവിയ്ക്കടിമപ്പെട്ടു കഴിഞ്ഞിരുന്നു..

ആ ദേഹത്ത് തട്ടി വിളിച്ചുണർത്തി പറയാനുള്ള ധൈര്യമൊന്നുമില്ലാത്തതുകൊണ്ട് പറയാനുള്ളതെല്ലാം ഉമിനീരിനൊപ്പം വിഴുങ്ങി കളഞ്ഞിട്ടു രണ്ടിറ്റു കണ്ണുനീർ ആ പാദത്തിൽ അറിയാതെ വീഴ്ത്തി ഞാൻ തിരികെ പുറത്തേക്കു നടന്നു നീങ്ങി..

അടുത്ത ദിവസം രാവിലെ ടൗണിലെ കടയിലേക്ക് അച്ഛൻ പതിവില്ലാതെ വിളിച്ചു കൊണ്ടു പോയപ്പോൾ അവധിദിവസത്തെ എന്റെ ഫോൺ വിളി കട്ടാക്കാനുള്ള അമ്മയുടെ തന്ത്രമായിട്ടേ എനിക്ക് തോന്നിയുള്ളൂ..

അത്പക്ഷേ, ഗൗരിയുടെ വീട്ടിൽ പെണ്ണ്കാണൽ ചടങ്ങ് കൂട്ടിയുറപ്പിക്കാനുള്ള
യാത്രആയിരുന്നുവെന്ന് അവളുടെ വീടെത്തുംവരെ എനിക്കു അറിയില്ലായിരുന്നു.

ഗൗരിയുടെ കണ്ണുകളിൽ പ്രെണയത്തിന്റെ ആനന്ദം വന്നും നിറയുമ്പോഴും എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാനെന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോൾ ആ വലതു കയ്യിൽ എന്റെ ഉള്ളം കൈ ചേർത്ത് പിടിച്ചിരുന്നു..

തിരിച്ചു യാത്ര പറഞ്ഞു ഞാൻ ആ കാറിൽ കയറിയിരിക്കുമ്പോൾ എന്റെ മനസ്സിൽ അച്ഛനോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ടായിരുന്നു..

അതിനെല്ലാം ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ അച്ഛന്റെ കയ്യിൽ..

ഭൂരിഭാഗം ആൺമക്കളും ഒരു കാലം കഴിഞ്ഞാൽ അമ്മമാരുടെ മകൻ ആയി തീരും. അത് പക്ഷെ അച്ഛനോട് സ്നേഹം ഇല്ലാത്തതു കൊണ്ടോ അവർക്ക് തിരിച്ചു സ്നേഹം ഇല്ലാത്ത കൊണ്ടോ അല്ല. അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനം തോന്നിതുടങ്ങുമ്പോഴാണ്. നിന്റെ കണ്ണീർ കണ്ടില്ലെങ്കിൽ പിന്നെ ഞാൻ എന്ത് അപ്പനാടാ.. പക്ഷേ നീ ചങ്ക്‌സിനോട് പറയാറുള്ളത് പോലെ എന്റെ ഹീറോ എന്റെ അപ്പൻ തന്നെയാ അത്പെണ്ണിനെ പ്രേമിക്കാനാണേലും കൂടെയുള്ളവരെ ചങ്ക് പറിച്ചു സ്നേഹിക്കനാണേലും…..

~കാർത്തിക്