ഇല്ല സാറെ രാത്രി പത്ത് മണിക്ക് ശേഷം ആരും വരാറില്ല. ഇവൻ മാത്രമേ ഉണ്ടാകാറുള്ളു…ദാസൻ പറഞ്ഞു.

വേലക്കാരൻ ബംഗാളി

Story written by Swaraj Raj

===========

“സത്യം പറടാ നീയല്ലേ ഹോട്ടലിൽ നിന്നും കാശ് എടുത്തത്…”

എസ് ഐ വർമ്മ മുജീബിന്റെ കോളറയ്ക്ക് പിടിച്ചു കൊണ്ട് ചോദിച്ചു

“സത്യമായിട്ടും ഞാനല്ല സാറെ, ഞാൻ എന്റെ ജീവിതത്തിലിതുവരെ മോഷ്ടിച്ചിട്ടില്ല” മുജീബ് കൈ കൂപ്പി കൊണ്ട് പറഞ്ഞു

“ഹോട്ടലിലെ അന്നത്തെ വരുമാനം എണ്ണി വച്ച് നിന്റെ മുതലാളി പുറത്ത് പോകുമ്പോൾ നീ മാത്രമേ ഹോട്ടലിൽ ഉണ്ടായിരുന്നു എന്നാണ് നിന്റെ മുതലാളി ദാസൻ പറയുന്നത് “

“ശരിയാ സാറെ മുതലാളി പുറത്ത് പോകുമ്പോൾ ഞാൻ മാത്രമേ ഹോട്ടലിൽ ഉണ്ടായിരുന്നുള്ളു, ആ സമയത്ത് ഞാൻ പാചകപുര ക്ലീൻ ചെയ്യുകയായിരുന്നു. മുതലാളി സത്യമാണ് ഞാൻ പറയുന്നത് ” കസേയിൽ ഇരിക്കുന്ന മുതലാളിയെ നോക്കി കൈ കൂപ്പി കൊണ്ട് പറഞ്ഞു

“ദാസാ വേറെ ആരെങ്കിലും ഹോട്ടലിൽ വന്നിരുന്നോ ” വർമ്മ ദാസനോടായി ചോദിച്ചു

“ഇല്ല സാറെ രാത്രി പത്ത് മണിക്ക് ശേഷം ആരും വരാറില്ല. ഇവൻ മാത്രമേ ഉണ്ടാകാറുള്ളു” ദാസൻ പറഞ്ഞു

“അത് പോട്ടെ ഹോട്ടലിൽ സിസി ടിവി ഉണ്ടോ “

“ഇല്ല സാർ”

“താൻ എന്തുട്ട് മണ്ടനാടോ, ഇക്കാലത്തോക്കെ സി സി ടി വി വെയ്ക്കണ്ടെ എങ്ങനെയൊക്കെയാ മോഷണം നടത്തുക എന്ന് ദൈവത്തിനെ അറിയൂ, അത് പോട്ടെ ഇവനെ സംശയിക്കാനുള്ള കാരണമെന്താ ” വർമ്മ ചോദിച്ചു

“ആ സമയത്ത് ഇവൻ മാത്രമേ ഹോട്ടലിൽ ഉണ്ടായിരുന്നുള്ളു, മാത്രമല്ലേ ഇവൻ നാളെ ലീവിൽ പോകുകയുമാണ് ” ദാസൻ പറഞ്ഞു

“ഞാൻ അന്യസംസ്ഥാനക്കാരനായത് കൊണ്ടല്ലേ നിങ്ങളെന്നെ സംശയിക്കുന്നത് ” മുജീബ് ചോദിച്ചു

“അപ്പോ നീ മലയാളിയല്ലേ ” വർമ്മ സംശയത്തോടെ ചോദിച്ചു

“അല്ല ബംഗാളിയാണ്” ദാസനാണ് മറുപടി പറഞ്ഞത്

“പിന്നെ നീയെങ്ങനെ ഇത്ര നല്ലണം മലയാളം സംസാരിക്കുന്നു” വർമ്മയ്ക്ക് വീണ്ടും സംശയം

“സാറെ ഞാൻ കഴിഞ്ഞ 12 വർഷമായി കേരളത്തിലെ പലയിടങ്ങളിലായി പണിയെടുക്കുന്നു. അത് കൊണ്ട് എനിക്ക് മലയാളം ഭാഷയും കേരളത്തിലെ സ്ഥലങ്ങളും പരിചിതമാണ് പക്ഷേ ഇത്തരം അനുഭവം ആദ്യമായിട്ടാണ് ” മുജീബ് പറഞ്ഞു

“അപ്പോ കാശുമെടുത്ത് നാട്ടിൽ മുങ്ങാനായിരുന്നു പ്ലാൻ അല്ലേ ” വർമ്മ ചോദിച്ചു

“അല്ല സാർ ഞാനെടുത്തിട്ടില്ല. എന്നെ വെറുതെ വിടണം നാളെ എനിക്ക് നാട്ടിൽ പോകണം” മുജീബ് കേണപേക്ഷിച്ചു

“നിന്നെ ദാസന്റെ പരാതി പ്രകാരം കസ്റ്റഡിയിൽ എടുത്തിരിക്കുന്നു. ആരെങ്കിലും ജാമ്യവുമായി വന്നാൽ നിന്നെ വിടാം” വർമ്മയുടെ നിർദ്ദേശ പ്രകാരം  പോലിസുകാർ അറസ്റ്റ് ചെയതു കൊണ്ടുപോയി

“സാർ ഞാൻ പറയുന്നത് കേൾക്കു എനിക്ക് നാളെ നാട്ടിൽ പോകണം എന്നെ വെറുതെ വിടൂ പ്ലീസ് മുതലാളീ ” മുജീബ് പോകുമ്പോൾ വിളിച്ചു പറഞ്ഞു. പക്ഷേ വർമ്മയും ദാസനും അത് കേൾക്കാത്ത പോലെ  നിന്നു

************

രണ്ട് ദിവസമായി മുജീബ് ലോക്കപ്പിൽ…ജാമ്യമെടുക്കാൻ ആരും വന്നില്ല. മുന്നാം നാൾ ദാസൻ വേറെയൊരാളെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി

“വർമ്മ സാറെ ക്ഷമിക്കണം മുജീബ് നിരപാധിയാണ്. കാശെടുത്തത് അവനല്ല ഇവനാണ് ” ദാസൻ കൂടെ വന്ന ചെറുപ്പക്കാരനെ കാണിച്ചു കൊണ്ട് പറഞ്ഞു

“ഇതാരാണ്” വർമ്മ ചോദിച്ചു

“ഇത് എന്റെ മോനാണ്. അവന് അന്ന് തിരുവനന്തപുരത്ത് എന്തോ കാര്യത്തിന് പോകേണ്ടി വന്നു. അതിന് ഞാൻ കാശ് കൊടുക്കാം എന്ന് പറഞ്ഞിരുന്നു. അന്ന് രാത്രി ഹോട്ടലിൽ വന്നപ്പോൾ എന്നെ കണ്ടില്ല അപ്പോൾ അവൻ എടുത്ത് പോയതാ” ദാസൻ പറഞ്ഞു

“കൊള്ളാല്ലോ അപ്പന്റെയും മോന്റെയും കളി. അവനെ ഇങ്ങ് വിളി” വർമ്മ പോലിസുകാരനോട് പറഞ്ഞു. മുജീബ് അവർക്ക് മുന്നിലെത്തി

“നീ തെറ്റ് കാരനല്ലെന്ന് തെളിഞ്ഞിരിക്കുന്നു. നിന്നക്ക് പോകാം, ഇവനെ ഇവന്റെ താമസസ്ഥലത്ത് എത്തിക്കു ” വർമ്മ പോലീസുകാരനോട് പറഞ്ഞു

മുജീബ് എല്ലാവരെയും നോക്കി കൈ കൂപ്പി തിരിഞ്ഞു നടന്നു

“എന്നാ ഞങ്ങളിങ്ങട്ടെ ” ദാസൻ വർമ്മയോടായി ചോദിച്ചു

“അങ്ങനെയങ്ങ് പോയാലോ. താൻ പോയിക്കോ തന്റെ മകൻ ഇവിടെ ഇരിക്കട്ടെ. ഇവനെ വേണമെങ്കിൽ വക്കീലിനെയും കൂട്ടി വന്ന് കൊണ്ട് പോയിക്കോ” വർമ്മ പറഞ്ഞത് കേട്ട് ദാസൻ ഞെട്ടി

“എന്താ സാർ അങ്ങനെ”

“എടോ താൻ പരാതി തന്നത് ഒരു നിരപാധിക്കെതിരെയാ. തെറ്റ് കാരൻ ആരാ നിന്റെ മോനും…എടോ തനിക്കറിയോ ആ പാവം ഒന്നും ഇവിടുന്ന് കഴിച്ചില്ല. ഞങ്ങൾ ഏറെ നിർബന്ധിച്ചാണ് കഴിപ്പിക്കുന്നത്. താനെന്താടോ എന്നെ കുറിച്ച് കരുതിയത്. അറിയാവുന്ന ആളുകളെയൊക്കെ സഹായിക്കുമെന്നോ…അതിനെന്നെ കിട്ടില്ല, ഞാനെ നട്ടെല്ലുള്ള ആണാ മുഖം നോക്കാതെ നടപടി എടുക്കും. അത് കൊണ്ട് മോനെ വേണമെങ്കിൽ വേഗം വക്കീലിനെയും കൂട്ടി വന്നോ ഇല്ലങ്കിൽ ഇവൻ ഇവിടുന്ന് അഴിയെണ്ണും “

***********

ദാസൻ മുജീബിന്റെ താമസ സ്ഥലത്തെത്തി. അവിടെ അവന്റെ മുറി പൂട്ടിയിട്ടിരിക്കുന്നു. ദാസൻ വേഗം ഹോട്ടലിലേക്ക് ചെന്നു. അവിടെ എത്തിനോക്കുമ്പോൾ മുജീബ് അവിടെയുണ്ടായിരുന്നില്ല. ഹോട്ടലിലെ മറ്റു ജോലിക്കാരോട് അന്വേഷിച്ചപ്പോൾ അവൻ നാട്ടിലേക്ക് തിരിച്ചു പോയെന്നും പോകുന്ന കാര്യം മുതലാളിയോട് പറയാനും ഏൽപിച്ചെന്നറിഞ്ഞു. ദാസൻ മുജീബിനെ ഫോൺ ചെയ്തു ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അയാൾ ഉടൻ ഡയറിയെടുത്ത് മുജീബിന്റെ അഡ്രസ്സ് തപ്പിയെടുത്തു.

**********

കൊൽക്കത്ത…

ഏറെ പണിപ്പെട്ട് പലരോട് ചോദിച്ചും ദാസൻ മുജീബിന്റെ വീട് കണ്ടെത്തി

വളരെ ചെറിയ വീടായിരുന്നു വീടിന്റെ മുറ്റത്ത് കുറച്ചാളുകൾ കൂടിയിരിക്കുന്നു എങ്ങും നിശബ്ദത ഒരു മരണവീടുപോലെ തോന്നിച്ചു

ദാസൻ മുറ്റത്തെത്തി ചുറ്റും നോക്കി എവിടെയും മുജീബിനെ കണ്ടില്ല. അവിടെ ഉണ്ടായിരുന്ന ആളോട് ദാസൻ ഹിന്ദിയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു അയാളിൽ നിന്നും കാര്യങ്ങളറിഞ്ഞ ദാസൻ ഞെട്ടി

മുജീബിന്റെ ഭാര്യയ്ക്ക് 6 മാസം മുമ്പാണ് കരൾ രോഗം പിടിക്കപ്പെടുന്നത്. അവർക്ക് മക്കളൊന്നും ഉണ്ടായിരുന്നില്ല. മുജീബ് കേരളത്തിപോയി ഉണ്ടാക്കിയ കാശ് നല്ലോരും ഭാഗവും ചികിത്സയ്ക്കെടുത്തു. പക്ഷേ കുറവുണ്ടായില്ല. അവസാനം ഡോക്ടർ മാർ നിശ്ചയിച്ചു കരൾ മാറ്റി വെയക്കാൻ കരൾ കൊടുക്കാൻ മുജീബ് തയ്യാറായി. പക്ഷേ അതിനു 3 ലക്ഷത്തോളം കാശ് വേണമായിരുന്നു. അയൽവാസികൾ ഒരു ലക്ഷത്തോളം രൂപ സ്വരുപിച്ചു കൊടുത്തു. അത് മതിയാകാഞ്ഞപ്പോൾ മുജീബ് കേരളത്തിൽ ഏതോ ഹോട്ടലിലേക്ക് ജോലിക്ക് പോയി. നാല് ദിവസം മുമ്പായിരുന്നു കരൾ മാറ്റിവെയ്ക്കേണ്ടത്. പക്ഷേ അതിന്റെ തലേ ദിവസം എത്തു എന്ന് പറഞ്ഞ മുജീബ് കരൾ മാറ്റിവെയക്കൽ ദിവസമായിട്ടും എത്തിയില്ല. ഫോണിൽ ബന്ധപ്പെടാനും സാധിച്ചില്ല. അതിനിടയിൽ അയൽവാസി കരൾ നല്കാൻ തയ്യാറായെങ്കിലും മുഴുവൻ കാശ് കെട്ടിവെച്ചാൽ മാത്രമേ ചികിത്സ നടത്തും എന്ന് പറഞ്ഞ് ആശുപത്രിക്കാർ കൈയൊഴിഞ്ഞു. പകുതി കാശ് മുജീബിന്റെ കൈയിലായിരുന്നു. ചികിത്സ കിട്ടാഞ്ഞതിനാൽ അവൾ അതിന്റെ പിറ്റേ ദിവസം ഈ ലോകത്തോട് വിട പറഞ്ഞു. മുജീബ് എത്താഞ്ഞതിനാൽ നാട്ടുകാർ അവളുടെ അന്ത്യകർമ്മങ്ങൾ ചെയ്തു. ഇന്നലെയാണ് മുജീബ് ഇവിടെ എത്തിയത് എത്തുമ്പോൾ കാണുന്നത് തന്റെ പ്രിയതമയുടെ കുഴിമാടമാണ്. അവസാനമായി അവളെ ഒന്ന് നോക്ക് കാണാൻ പോലും കഴിഞ്ഞില്ല അവന്….

അയാളിൽ പറഞ്ഞത് കേട്ട് ദാസൻ പൊട്ടിക്കരഞ്ഞു. അയാളുടെ മനസിൽ
പോലീസ് സ്റ്റേഷനിൽ നിന്നും കൈകൂപ്പുന്ന മുജീബിന്റെ മുഖം തെളിഞ്ഞു. ഹോട്ടലിൽ രാപകലില്ലാതെ അധ്വനിക്കുന്ന മുജീബ് തെളിഞ്ഞു

ദാസൻ പതിയെ അകത്തെക്ക് കയറി ആ ഒറ്റ മുറി വീടിന്റെ മൂലയ്ക്കിട്ടിരിക്കുന്ന കട്ടിലിരുന്ന് ജനലിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുന്ന മുജീബിനെ കണ്ടു

“മുജീബ് ” അയാൾ പതിയെ വിളിച്ചു. പരിചിതമായ മലയളം കേട്ട് അയാൾ തിരിഞ്ഞു നോക്കി

“മുതലാളി” അയാൾക്ക് തന്റെ കണ്ണുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല

“മുജീബ് എന്നോട് പൊറുക്കണം” ദാസൻ കൈകൂപ്പി കൊണ്ട് പറഞ്ഞു

“അതിന് മുതലാളി ഒരു തെറ്റും ചെയ്തില്ലല്ലോ…ആരായാലും അങ്ങനെ സംശയിച്ചു പോകു” മുജീബ് പറഞ്ഞത് ദാസൻറ ഹൃദയത്തിൽ കൊണ്ട്…ഈശ്വരാ ഇത്രയും നല്ല മനുഷ്യനെയാണെല്ലോ ഞാൻ സംശയിച്ചത്. അവനു വേണമെങ്കിൽ ഹോട്ടലിൽ നിന്നും കാശുമെടുത്ത് മുങ്ങാമായിരുന്നു. അതവൻ ചെയ്തില്ല, പകരം അധ്വാനിച്ചു കാശുണ്ടാക്കി…എന്നിട്ടും ഞാനിവനെ സംശയിച്ചു.ദാസന്റെ ഹൃദയം വല്ലാതെ വേദനിച്ചു

“നിനക്കെന്നോടൊന്ന് പറയാമായിരുന്നില്ലേ ” ദാസൻ വിതുമ്പിക്കോണ്ട് ചോദിച്ചു

“നിങ്ങൾ എന്റെ വാക്കുകൾ കേൾക്കാൻ നിന്നില്ലല്ലോ ” മുജീബ് തേങ്ങലോടെ പറഞ്ഞു. അപ്പോൾ ദാസന്റെ കാതിൽ അറസ്റ്റ് ചെയ്യുമ്പോൾ മുജീബ് പറഞ്ഞ വാക്കുകൾ അലയടിച്ചു. കുറച്ചു സമയം ഇരുവരും ഒന്നും മിണ്ടിയില്ല

” മുജീബ് ” ദാസൻ കൈയിലെ പൊതി മുജീബിനു നേരെ നീട്ടി

“എന്താണിത് കാശാണോ? ” മുജീബിന്റെ ചോദ്യം കേട്ട് ദാസൻ അതെയെന്ന് തലയാട്ടി

”എനിക്ക് ഇത് വേണ്ട. എന്റെ ഭാര്യയുടെ ചികിത്സയ്ക്കായി ഉണ്ടാക്കിയ കാശ് ഇവിടെ കുന്നോളമിരിക്കുന്നു. ഞാൻ അനാവിശ്യമായി പണം ചെലവഴിക്കുമ്പോൾ അവൾ എന്നെ വഴക്ക് പറയുമായിരുന്നു. ഒരിക്കൽ അവൾ എന്നോട് പറഞ്ഞിരുന്നു നിങ്ങൾക്കായി ഞാൻ കുറേ കാശ് സമ്പാദിക്കുമെന്ന് അത് ഇങ്ങനെയാവുമെന്ന് ഞാൻ കരുതിയില്ല” മുജീബ് പൊട്ടിക്കരഞ്ഞു. ഒരു നിമിഷത്തെ മൗനത്തിന് ശേഷം മുജീബ്  തുടർന്നു

“ഇനി ഞാൻ അങ്ങോട്ടേക്കില്ല. മുതലാളി, ജീവിച്ചിരിക്കുമ്പോൾ അവൾ പറയുമായിരുന്നു നിങ്ങൾ ദുരെ എവിടെയും പോകേണ്ട, ഇവിടെ തന്നെ ജോലിയെടുത്ത് ജീവിക്കാമെന്ന്. പക്ഷേ ഞാനത് കേട്ടില്ല. ഇനി മുതൽ അവളുറങ്ങുന്ന ഈ വീട്ടിൽ അവളൊടൊപ്പം കഴിയണം” എന്നും പറഞ്ഞ് മുജീബ് തന്റെ ഭാര്യയുടെ കുഴിമാടത്തിനടുത്തേക്ക് നടന്നു…