നിന്നരികിൽ , ഭാഗം 02 , എഴുത്ത്: നിമ സുരേഷ്

അജയുടെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്…വാതിലിനപ്പുറത്ത് വേണുഗോപാൽ സാറിനെ കണ്ടതും വെപ്രാളത്തോടെ പുതപ്പ് മാറ്റി എഴുന്നേറ്റു…അദ്ദേഹം ഞങ്ങളിരുവരെയും മാറി മാറി നോക്കി….ആ മുഖം അവജ്ഞയോടെ ചുളിഞ്ഞു…സാറിന് പിന്നിൽ മറഞ്ഞ് നിന്ന് നിറ കണ്ണുകളോടെ ഞങ്ങളെ എത്തി നോക്കുന്ന മീനാക്ഷിയെ കണ്ട് ഞാൻ ചൂളി പോയി…എന്തൊക്കെ പറഞ്ഞാലും നാളെ എന്റെ അജയുടെ ഭാര്യയാകേണ്ടവളാണ്…തന്റെ പ്രിയപ്പെട്ടവൻ മറ്റൊരുവൾക്കൊപ്പം ജീവിതം നയിക്കുന്നത് കാണുമ്പോൾ ഏത് പെണ്ണിനാണ് സഹിക്കാനാവുക??

“””അജയ്…കം വിത്ത്‌ മി….'””””

“”ഐ ആം സോറി പപ്പാ…യു ക്യാൻ ലീവ്….””

അജയ് അഞ്ച് നാൾ കഴിഞ്ഞാൽ നിന്റെ വിവാഹമാണ്…നിന്റെ താലിക്കായി ഈ പെൺകുട്ടി കാത്തിരിക്കുകയാണ്….അവൾക്ക് മുന്നിലാണ് നീ ഇവളെ പോലൊരുത്തിയുടെ കൂടെ….ഛെ…

“”പപ്പാ….പ്ലീസ്‌….പപ്പ ഈ വിവാഹം തീരുമാനിച്ചുറപ്പിച്ചത് എന്റെ സമ്മതം ചോദിച്ചിട്ടല്ല…പിന്നെ എന്റെ താലിക്കായി കാത്തിരിക്കാൻ ഇവളോടാര് പറഞ്ഞു….??ഞാൻ പറഞ്ഞോ???ഇല്ലല്ലോ…അജയ് വേണുഗോപാലിന്റെ ജീവിതത്തിൽ ജ്യുവൽ മറിയക്കല്ലാതെ മറ്റൊരുവൾക്കും സ്ഥാനമില്ല…”””

ഞാൻ മീനാക്ഷിയെ നോക്കി…അവൾ അടക്കി പിടിച്ച് തേങ്ങുകയാണ്..എന്തുകൊണ്ടോ എനിക്കവളോട് സഹതാപം തോന്നി…പ്രണയം കൈവിട്ട് പോകുമെന്നാകുമ്പോൾ ഹൃദയം മുറിപ്പെടും…അധി കഠിനമായി വേദനിക്കും…മറ്റാരെക്കാളും നന്നായി ആ വേദനയുടെ ആഴം തനിക്കറിയാം…..

“””പിന്നെ ആർക്കാടാ സ്ഥാനം?? നാളെയോ മറ്റന്നാളോ ച ത്തു തുലയാൻ പോകുന്ന ഇവൾക്കോ…..”””

വേണുഗോപാൽ സാർ ഉച്ചത്തിൽ ആക്രോശിച്ചു…മീനാക്ഷിയുടെ കണ്ണുനീർ സാറിനെ വേദനിപ്പിച്ചിരിക്കാം…അതുകൊണ്ട് പറഞ്ഞു പോയതായിരിക്കും..ഞാൻ ന്യായീകരണങ്ങൾ നിരത്തി എന്നെ തന്നെ സമാധാനിപ്പിച്ചു…..

“””പപ്പാ….മൈൻഡ് യുവർ വേർഡ്‌സ്..പപ്പ ഇവിടെ കിടന്ന് ബഹളം വച്ചിട്ടൊന്നും കാര്യമില്ല…ഞാൻ കൂടെ വരില്ല…ഈ വിവാഹവും നടക്കില്ല..അങ്ങനെ നടക്കുമെന്നാരെങ്കിലും പപ്പയ്ക്ക് വാക്ക് തന്നിട്ടുണ്ടെങ്കിൽ അയാളോട് പറ അവളെ കെട്ടാൻ……”””

അജയ് തല ചെരിച്ച് ദേഷ്യത്തോടെ എന്നെ നോക്കി…ഞാൻ കുറ്റബോധത്തോടെ ശിരസ്സ് കുനിച്ചു….

“””അജയ്…നീ പപ്പയെ മറ്റുള്ളവർക്ക് മൂന്നിൽ നാണം കെടുത്തരുത്…..”””

“””പപ്പയ്ക്ക് പോകാം…'”””

“”അജയ്, മീനാക്ഷിയുടെ ജീവിതം……””

“”ഐ ഡോണ്ട് കെയർ……”””

കല്പിച്ച് പറഞ്ഞവൻ അദ്ദേഹത്തിന് മുന്നിൽ വാതിലടയ്ക്കാൻ ഒരുങ്ങിയതും ഞാൻ വിലക്കി…അവന്റെ മുഖം വലിഞ്ഞു മുറുകി……

“””ഇതാണല്ലേ നീ പറഞ്ഞ സർപ്രൈസ്….??? ഹ്മ്മ്????”””

സ്വരം ശാന്തമെങ്കിലും കനമേറിയതായിരുന്നു…അവനുള്ളിൽ പുകയുന്ന അഗ്നി പർവ്വതം ഏത് നിമിഷവും പൊട്ടിതെറിക്കുമെന്ന്  അവന്റെ ചുരുട്ടി പിടിച്ച കൈ വെള്ളയിൽ നിന്നുമെനിക്ക് ബോധ്യമായി……

“”അ…അജയ്…ഞാനൊന്ന് പറയട്ടെ…”””

“””നീയൊരു കോ-പ്പും പറയണ്ടെടി പു-ല്ലേ….നിന്നോട് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാടി നീ എന്നെയിട്ടിങ്ങനെ തീ തീറ്റിക്കുന്നത്….?? നിന്നെ ഇത്രത്തോളം സ്നേഹിച്ചതിനാണോ….?? ആണോന്ന്…..????”””

അവൻ കൈ മുഷ്ഠി ചുരുട്ടി ചുവരിൽ ആഞ്ഞ് പ്രഹരിച്ചു…കയ്യിലെ തൊലി പൊട്ടി ചോ രയൊലിക്കാൻ തുടങ്ങിയപ്പോൾ വേണുഗോപാൽ സാർ ആകുലതയോടെ  അകത്തേക്ക് കയറി വന്നു..ഒപ്പം മീനാക്ഷിയും….

“””മോനെ……”‘”

മകനെ അളവറ്റ് സ്നേഹിക്കുന്ന ഒരച്ഛന്റെ ദൈന്യതയേറിയ സ്വരം…അവൻ ശാന്തനാകുന്നില്ലെന്ന് കണ്ടതും ഒന്നും നോക്കാതെ ഞാനവന്റെ മുമ്പിൽ കയറി നിന്നു…അവന്റെ മടക്കി പിടിച്ച കൈമുഷ്ഠി എന്റെ മുഖത്തിന്‌ നേരെ വന്നപ്പോൾ ഞാൻ കണ്ണുകൾ ഇറുകെ മൂടി….

നിമിഷങ്ങൾക്ക് ശേഷം പതിയെ കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ അജയ് എനിക്ക് മുന്നിൽ തല കുനിച്ച് നിൽക്കുന്നു…ദേഷ്യം മാറിയിട്ടില്ലെന്നതിന്റെ തെളിവാണ് ആ നിൽപ്പ്……

“””അജയ്..നീ  സാറിനൊപ്പം പോയേ പറ്റൂ..എനിക്കിനി നിന്റെ കൂട്ടാവശ്യമില്ല…””

ഞാൻ അറുത്ത് മുറിച്ച് പറഞ്ഞു….

“””പറ്റില്ല….ഇതെന്റെ ഫ്ലാറ്റ് ആണ്…ഇവിടെ നിന്നും എന്നോട് പോകാൻ പറയാൻ നിനക്കൊരു അധികാരവും ഇല്ല…ആൻഡ് നീയും ഇവിടെ നിന്നെങ്ങോട്ടും ചലിക്കില്ല….”””

“””ഓൾ റൈറ്റ്..നീ പോകണ്ട..ഞാനും പോകുന്നില്ല..പക്ഷേ ഒറ്റ കാര്യം..ഇന്ന് മുതൽ ഞാൻ മരുന്നോ ഭക്ഷണമോ, എന്തിന് ഒരുതുള്ളി വെള്ളം പോലും ഇവിടെ നിന്നും കഴിക്കില്ല…..”””

ഞാൻ വാശിയോടെ പറഞ്ഞ് നിർത്തിയപ്പോൾ അവന്റെ കണ്ണുകൾ നിസ്സഹായതയോടെ  എനിക്ക് നേരെ നീണ്ടു…അതിൽ അവനെ തോൽപ്പിക്കരുതെന്ന അപേക്ഷ മാത്രം..ഞാനത് കണ്ടില്ലെന്ന് നടിച്ചു…..

“”അജയ്ക്ക് തീരുമാനിക്കാം…..”””

പറയുന്നതിനോടൊപ്പം എന്റെ കൈകൾ വയറിലേക്ക് നീണ്ടു…വേദനയാൽ മുഖം ചുളിഞ്ഞു…അജയ് പരവേശത്തോടെ ഡ്രോയറിനരികിലേക്കോടി അത് തുറന്ന് എനിക്കുള്ള മരുന്നെടുത്തു…..

ജഗ്ഗിൽ നിന്നും വെള്ളം ഗ്ലാസ്സിലേക്ക് പകരുമ്പോൾ അവന്റെ കൈകൾ  വിറയ്ക്കുന്നുണ്ടായിരുന്നു…അതുമായി ഓടി വന്ന് എന്നെ കിടക്കയിലേക്ക് പിടിച്ചിരുത്തിയവൻ  എനിക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു….

“””കുടിക്ക്…..”””

അവൻ മരുന്നെനിക്ക് നേരെ നീട്ടി…..

“””വേണ്ടാ…..”””

“””വാശി കള ജ്യുവൽ…നീയിത് കഴിക്ക്…..”””

“”സാറിന്റെ കൂടെ പോകാമെന്ന് എനിക്ക് വാക്ക് താ……””

അവന്റെ കൈ വിറച്ചു…ഗ്ലാസിൽ നിന്നും വെള്ളം തുളുമ്പി എന്റെ വസ്ത്രത്തിലേക്ക് ചിന്തി…..

“””പ്ലീസ് ജ്യുവൽ…നിന്നെ വിട്ട് എനിക്ക് ചിന്തിക്കാൻ കൂടെ പറ്റില്ല…പ്ലീസ്……”””

അവൻ അത്രയേറെ താഴ്മയോടെ പറഞ്ഞു …….

വയറിനുള്ളിലേക്കാരോ കത്തിയാഴ്ത്തുന്ന വേദന…എന്റെ കൈകൾ വയറിനെ ഞെരിച്ചുടച്ചു…..അത് കണ്ട് അവനിൽ പരവേശമേറി….

“””ഇത് കുടിക്ക് ജ്യുവൽ…..”””

വീണ്ടും അവൻ അലിവോടെ , അപേക്ഷയോടെ പറഞ്ഞു..ജീവൻ പറിഞ്ഞു പോകുന്ന വേദനയുണ്ടായിട്ടും ഞാൻ വിസ്സമ്മതിച്ചു….

അവന്റെ കണ്ണുകൾ അണ പൊട്ടിയൊഴുകി…കയ്യിലെ ഗ്ലാസ്സും ഗുളികയും കിടക്കയിൽ വച്ചവൻ വേണുഗോപാൽ സാറിന്റെ കാൽക്കലേക്ക് ഇഴഞ്ഞു നീങ്ങി….

“””പപ്പാ പ്ലീസ്…അവളോടൊന്ന് പറ..അവളെയല്ലാതെ ആരെയും എനിക്ക്…എനിക്ക് പറ്റില്ല പപ്പാ…ഞാൻ അത്രയ്ക്ക് സ്നേഹിച്ചു പോയി…ഞാൻ ഇല്ലാതെ അവൾക്കും ഒന്നിനും കഴിയില്ല….കണ്ടില്ലേ ഒരു മരുന്ന് കുടിക്കണമെങ്കിൽ പോലും ഞാൻ വേണം…..ഒന്നിനും ഒരു ശ്രദ്ധയുമില്ല…ആ ഇവളെ ഇവിടെ തനിച്ച് വിട്ടിട്ട് ഞാനെങ്ങനെയാ…….??അവളെന്റെ ജീവനാ പപ്പാ…പ്ലീസ്………”””

അജയ് അദ്ദേഹത്തിന്റെ ഇരു കാലുകളിലും ഇറുകെ ചുറ്റി പിടിച്ച് കുഞ്ഞുങ്ങളെ പോലെ അലറി കരഞ്ഞു…

എനിക്ക് വേണ്ടി….!!മരണത്തിനായി ദിവസങ്ങളെണ്ണി കഴിയുന്നവൾക്ക് വേണ്ടി…എനിക്കെന്നോട് തന്നെ പുച്ഛം തോന്നി…

അളവിൽ കവിഞ്ഞ സ്നേഹം തന്നെന്നെ മോഹിപ്പിക്കുന്നു…മരണത്തോടിപ്പോൾ വല്ലാത്ത ഭയമാണ്..അജയെ വിട്ട്…ഈ സ്നേഹവും , കരുതലും വിട്ട്…ദൈവമിപ്പോൾ എന്റെ നിസ്സഹായത കണ്ട് ചിരിക്കുന്നുണ്ടാവും……

ഞാൻ നിറ കണ്ണുകളോടെ അജയെ നോക്കി..അവനിപ്പോഴും അദ്ദേഹത്തിന്റെ കാൽക്കൽ തന്നെ കിടന്ന് കരയുകയാണ്…….

എന്റെ ഹൃദയം വിങ്ങി പൊട്ടി..അവനെ ഞാൻ എത്രയേറെ വേദനിപ്പിക്കുന്നു……!!!!

‘””മോളെ നീയാ മരുന്ന് കുടിക്ക്…..”””

മകന്റെ കണ്ണുനീരിന് മുന്നിൽ അവസാനം അച്ഛൻ അടിയറവ് പറഞ്ഞു..അല്ലെങ്കിൽ അവനെന്നോടുള്ള അഗാധമായ സ്നേഹം അദ്ദേഹം മനസ്സിലാക്കിയിരിക്കണം….

അജയ് കണ്ണ് തുടച്ച് ധൃതിയിൽ എനിക്കരികിലേക്ക് നീങ്ങിയിരുന്ന് വെള്ളവും ഗുളികയും എന്റെ നേർക്ക് നീട്ടി…ഞാൻ അവനെ ഒന്ന് നോക്കി ……..

അവൻ എഴുന്നേറ്റ് ഗുളിക എന്റെ ചുണ്ടോട് ചേർത്തു….

“””പ്ലീസ്……..”””

ഞാൻ മരുന്ന് കഴിക്കാൻ അവനെന്നോട് കെഞ്ചുന്നു..എനിക്ക് തമാശ തോന്നി…നിവർത്തിയില്ലാതെ ഞാനത് കഴിച്ചു…അവൻ വീണ്ടും എനിക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് കിടക്ക വിരിപ്പിനെ ഞെരിക്കുന്ന എന്റെ കൈകളെടുത്ത് അവന്റെ ചുമലിൽ വച്ചു…..

എനിക്ക് വേദന വരുമ്പോഴുള്ള അവന്റെ പ്രവർത്തിയാണിത്…അവന്റെ ഇരു ചുമലാകെ എന്റെ കൈ വിരലുകളുടെയും നഖങ്ങളുടെയും ചുമന്ന പാടുകളാണ്…….

“””അജയ്…വല്ലാണ്ട് വേദനിക്കുന്നു…..””

ഞാൻ അലറി വിളിച്ചു…അവൻ എഴുന്നേറ്റ് എന്നെ അവന്റെ ശരീരത്തോട് ചേർത്തു മുറുകെ കെട്ടിപ്പിടിച്ചു …..

“””ഒന്നുല്ല…ഇപ്പോ മാറും…..””””

എപ്പോഴത്തെയും പോലെ അവനെന്നെ സമാധാനിപ്പിച്ചു..വേദന വീണ്ടും വീണ്ടും കൂടി വന്നപ്പോൾ എന്റെ ദന്തങ്ങൾ അവന്റെ മേനിയിലാഴ്ന്നു..കൈകൾ അവന്റെ ദേഹത്തെ വരിഞ്ഞു മുറുക്കി..അവന്റെ കണ്ണുനീർ എന്റെ നെറുകിലക്കിറ്റിറ്റ് വീണു……..

സാധാരണയായി വേദന ശമിക്കുന്ന സമയമായിട്ടും എനിക്കൊരു മാറ്റവും വന്നില്ല….അത് അജയും ശ്രദ്ധിച്ചത് കൊണ്ടാകാം അവനെന്നെ ദേഹത്ത് നിന്നും അകറ്റി…എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി…അന്നനാളം വരെ എന്തോ ഒന്ന് തികട്ടി വന്നപ്പോൾ ഞാൻ ശര്ദിച്ചു..കട്ട പിടിച്ച രക്തം അജയുടെ ശരീരത്തിലും നിലത്തും പരന്നു …….

“””ജ്യുവൽ………..”””

അവന്റെ ശബ്ദം വിറച്ചു….എന്റെ മരണം ഞാൻ കണ്മുന്നിൽ കണ്ടു…കടുത്ത വേദനയിലും ഞാൻ അജയെ നോക്കി പുഞ്ചിരിച്ചു…നിറഞ്ഞു വന്ന കണ്ണുകളെ ഞാൻ ചിമ്മി തുറന്നു…കണ്ണടയുന്നത് വരെ ഒട്ടും മങ്ങലേൽക്കാതെ എനിക്കവനെ കാണണമെന്ന വാശി……

വീണ്ടും ഞാൻ ശര്ദിച്ചു…….

അറപ്പോ വെറുപ്പോ കൂടാതെ അജയുടെ കൈകൾ ഒരു പാത്രത്തിന് സമമായി എനിക്ക് നേരെ നീണ്ടു…ഞാൻ അത് തട്ടിയെറിഞ്ഞു…….

അടുത്ത നിമിഷം അജയ് എന്നെയവന്റെ കൈകളിൽ കോരിയെടുത്ത് സ്റ്റെയർ ഓടിയിറങ്ങി….

“””മോനെ…ലിഫ്റ്റിൽ പോകാം…..”””

എന്ന് സാർ വിളിച്ചു പറയുന്നതെനിക്ക് കേൾക്കാമായിരുന്നു…അതിനേക്കാൾ വേഗത അജയ്ക്കുണ്ടെന്നെനിക്ക് തോന്നി പോയി…..

അവൻ കിതപ്പോടെ എന്നെയവന്റെ കാറിന്റെ മുൻസീറ്റിൽ ഇരുത്തി….

വേദന കൊണ്ടെന്റെ കൈ കാലുകൾ തളർന്നിരുന്നെങ്കിലും ഉള്ളിലുള്ള ബലം മുഴുവനാർജിച്ച് ഞാൻ ഇടത് കൈ കൊണ്ടവന്റെ കോളറിൽ അമർത്തി പിടിച്ചു…പിന്നീട് വലത് ചുമലിനാൽ എന്റെ ചൊടികളിലെ ചോര തുടച്ചു മാറ്റി….

അവൻ എന്നെ സംശയത്തോടെ നോക്കി….

“””ഐ നീഡ് എ കി സ്സ് അജയ്…..”””

അവന്റെ കണ്ണുകൾ ചുവന്നു..ചുണ്ടുകൾ വിറപ്പൂണ്ടു…..

“””ജ്യുവൽ…ലീവ് മി…എത്രയും പെട്ടന്ന് നമുക്ക് ഹോസ്പിറ്റലിൽ എത്തണം….”””

“””പ്ലീസ്…….”””

ഞാനവനോട് കെഞ്ചി……

“””ചിലപ്പോ ഇനിയെനിക്ക് നിന്നെ ചും ബിക്കാൻ കഴിഞ്ഞില്ലെങ്കിലോ???? “””

എന്റെ ചോദ്യം കേട്ടവന്റെ മിഴികൾ കടുത്തു…….

“””പ്ലീസ്…അജയ്…..”””

അവനെന്റെ മുഖം കൈകളിൽ കോരിയെടുത്തു…ആ ചുണ്ടുകൾ എന്റെ വരി നെറ്റിയിലമർന്നു…പിന്നീടവ എന്റെ മൂക്കിൻ തുമ്പിലൂടൂർന്ന് എന്റെ അധരങ്ങളെ പുണർന്നു…അവന്റെ ചുണ്ടുകളുടെ മാധുര്യത്തേക്കാൾ ഞാനറിഞ്ഞത് ഇട തടവില്ലാതെ നിറഞ്ഞൊഴുകിയ അവന്റെ മിഴിനീർ കണങ്ങളുടെ ഉപ്പ് രസമായിരുന്നു….

അവൻ എന്നിൽ നിന്നും അകന്നു മാറിയപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നി…അവനോടുള്ള കൊതി…അവന്റെ പ്രണയം അനുഭവിക്കാനുള്ള അഭിനിവേശം…എല്ലാം എന്നിൽ ഏറിയേറി വന്നു…..

അല്ലെങ്കിലും എന്തും നഷ്ടമാകുമെന്ന് തോന്നുമ്പോഴാണല്ലോ മനുഷ്യർക്ക് നഷ്ടപ്പെടുന്നതിനോടുള്ള ഇഷ്ടം കൂടുന്നത്…….

ആശുപത്രിയെത്തുന്നത് വരെ ഞാൻ അജയെ നോക്കി അങ്ങനേ കിടന്നു…ഇടയ്ക്കിടെ ശര്ദിക്കും..അത് കാണുമ്പോൾ അവൻ സംഭ്രമത്തോടെ കാറിന്റെ വേഗത കൂട്ടും…

ഐ.സി.യുവിലേക്കെന്നെ കയറ്റുന്നതിന് മുമ്പ് അജയ് എന്റെ നെറുകിൽ അമർത്തി ചുംബിച്ചു…അകന്നു മാറാൻ ഒരുങ്ങിയ അവന്റെ കൈ വെള്ളയിൽ കൈ കോർത്ത് മുറുകെ പിടിച്ച് ഞാൻ അവനെ കണ്ണിമയ്ക്കാതെ നോക്കി ….

“””ഇട്സ് ഗെറ്റിംഗ് ലേറ്റ് മിസ്സ്‌ ജ്യുവൽ…”””

ഡോക്ടർ അക്ഷമനായി ഞങ്ങൾ ഇരുവരോടുമായി പറഞ്ഞു…..

“””പ്ലീസ് ഡോക്ടർ…വൺ മിനിറ്റ്…..”””

എന്നിലെ ദൈന്യത ഡോക്ടർക്ക് മനസ്സിലായി കാണണം…അദ്ദേഹം അർദ്ധസമ്മതത്തോടെ തലയനക്കിയപ്പോൾ എന്റെ കണ്ണുകൾ വീണ്ടും അജയിലേക്ക് നീണ്ടു…..

“””താങ്ക്സ് അജയ്……”””

“”ഫോർ വാട്ട്…..???”””

എന്റെ ഫോർമാലിറ്റി ഇഷ്ടപ്പെടാതെ അവൻ നെറ്റി ചുളിച്ചു…….

“””രണ്ടര വർഷം ഈ ജ്യുവൽ മറിയയെ സഹിച്ചതിന്…മറ്റാരെക്കാളുമധികമായി എന്നെ സ്നേഹിച്ചതിന്…പ്രണയിച്ചതിന്…ചുംബിച്ചതിന്….വീണു പോയ നിമിഷങ്ങളിൽ ചേർത്ത് പിടിച്ചതിന്…എന്റെ ജീവിതം ഇത്രയേറെ മനോഹരമാക്കിയതിന്…പിന്നെ…. പിന്നെ….”””

വാക്കുകൾ തൊണ്ടയിൽ കുരുങ്ങി…എത്രയോ നാളുകൾക്ക് ശേഷം ഞാൻ അവന് മുന്നിൽ പൊട്ടി കരഞ്ഞു…എന്നിൽ ജീവിക്കാനുള്ള മോഹമേറി…അവനോടൊപ്പം…അവന്റെ പുഞ്ചിരി കണ്ട്..കൈകളുടെ തലോടലേറ്റ്…ചുംബനനങ്ങളിലലിഞ്ഞ്….പക്ഷേ…ഒന്നും….ഒന്നും നടക്കാൻ പോകുന്നില്ല…അതെല്ലാം ഇനി ജ്യുവൽ മറിയക്ക് അന്യമാണെന്ന യാഥാർഥ്യം എന്റെ ഹൃദയത്തെ കുത്തി മുറിവേൽപ്പിച്ചു…..

“”ഐ…ഐ ലവ് യു അജയ്…….””

വാക്കുകൾ ഇടറിപോയപ്പോൾ അജയ് എന്റെ ഇരുകൈകളും കൂട്ടി പിടിച്ച് നെഞ്ചോട് ചേർത്തു…..

“””ഐ ലവ് യു ടൂ…..ആൻഡ്…ആൻഡ്….നീ മടങ്ങി വരണം ജ്യുവൽ…എനിക്ക്  നീയില്ലാതെ……”””

മുഴുമിപ്പിക്കാതെ അവൻ എന്റെ കൈകളിൽ നെറ്റി മുട്ടിച്ച് വിങ്ങി പൊട്ടി…..

“””മിസ്റ്റർ അജയ്………..”””

ഡോക്ടറുടെ ശബ്ദം രൂക്ഷമായി…അവൻ എന്റെ കയ്യിലെ പിടി അയച്ചു….സ്ട്രക്ച്ചർ ഐ.സി.യു വിലേക്ക് നീങ്ങുമ്പോൾ അടഞ്ഞു പോകുന്ന മിഴികൾ വലിച്ച് തുറന്ന് അവസാനമായി ഞാൻ അജയെ നോക്കി പുഞ്ചിരിച്ചു…എന്റെ കണ്ണുകൾ അടഞ്ഞ് ഞാൻ മയക്കത്തിലേക്ക് വീണാൽ പിന്നീടെനിക്കുണരാൻ സാധിച്ചില്ലെങ്കിലോ…….!!!കാരണം ഇനിയൊരു മടങ്ങി വരവുണ്ടാകില്ലെന്ന് എനിക്കത്രയേറെ ഉറപ്പായിരുന്നു…..

അജയ് വേണുഗോപാലിനെ തനിച്ചാക്കി…ഒറ്റപ്പെടുത്തി… അയാളുടെ സ്നേഹ തണലിൽ നിന്നും , ഈ ഭൂമിയിൽ നിന്നും ജ്യുവൽ മറിയ ഇനിയൊരിക്കലും മടങ്ങി വരാൻ കഴിയാത്തത്ര ദൂരത്തേക്ക് യാത്രയായി……

അവസാനിച്ചു……❣️

©️Nima.Suresh