പതിവുള്ള വാരാന്ത്യ സന്ദർശനത്തിന് ചെന്നപ്പോൾ അച്ചൻ തന്നെയാണ് ഒരു കല്യാണാലോചന കൊണ്ടുവന്നത്…

കടലമ്മ…

Story written by Mini George

==========

മരിക്കുന്നതിന് മുൻപ് കുറെ നേരം കടൽ തീരത്ത് ചെന്നിരിക്കണം. ഇരുട്ടും വരെ…ഇരുട്ടിയാൽ ആ തീരത്ത് കിടന്നു മരിക്കണം.

അമ്മേ എന്ന് വിളിക്കാൻ ആകെ ഉണ്ടായിരുന്നത് ഈ കാണുന്ന കടലാണ്. “കടലമ്മെ” എന്ന് വിളിക്കുമ്പോൾ ഉള്ള സന്തോഷം കാണണം. ഓടിവന്നു നുരക്കൈകൾ കൊണ്ട് വാരി പുണരും.

വിശുദ്ധനച്ചനാണ് അമ്മയില്ലാത്തവരുടെ അമ്മ കടലമ്മ ആണെന്ന് പഠിപ്പിച്ചത്. ബുദ്ധിയുറക്കാത്ത കാലത്ത് ശീലിച്ചതു കൊണ്ടോ എന്തോ തിരുത്താനും നിന്നില്ല.

തന്നെയുമല്ല, സന്തോഷത്തോടെ ഓടിയെത്തുന്ന പോലെ ഉള്ളിൽ സങ്കടം തിങ്ങുന്ന രാത്രികളിൽ തീരത്ത് കിടന്നു കണ്ണീർവാർക്കുമ്പോൾ നെഞ്ച് വരെ ഉരുണ്ടു കയറി അലക്കൈകൾ കൊണ്ട് സമാധാനിപ്പിക്കുകയും ചെയ്യുമായിരുന്നു കടലമ്മ.

ആ അമ്മയുടെ മടിത്തട്ടിൽ അല്ലെങ്കിൽ പിന്നെ എവിടെ കിടന്നു മരിക്കും.

ഗേറ്റ് പൂട്ടി നടക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി. തന്നെപോലെ വീടും അനാഥമാകുന്നു, മരിക്കാൻ പെട്ടെന്ന് തീരുമാനിച്ചത് അല്ല. മെല്ലെ മെല്ലെ ആ ചിന്ത കേറി വന്നതാണ്. അല്ലെങ്കിലും ഒരു അനാഥൻ്റെ ഏറ്റവും ബുദ്ധിപൂർവ്വമായ തിരഞ്ഞെടുക്കൽ മരണം തന്നെ ആണ്.

“ഏകാന്തത ഒരു ല ഹരിയാണ്” ഓഫീസിലെ സഹപ്രവർത്തകൻ സുമേഷ് തൻ്റെ സൗഭാഗ്യത്തിന് കുട പിടിക്കുകയാണ്. “ഉവ്വ് നിറഞ്ഞിരിക്കുന്നവന് വിശപ്പിൻ്റെ വില അറിയുമോ”. അവൻ കൂട്ടുകുടുംബത്തിലെ  അംഗം ആണ്. സ്വാതന്ത്ര്യം അവൻ സ്വപ്നം കാണുന്നു. ജനിച്ചപ്പോഴെ ഒറ്റപെട്ടവരുടെ നൊമ്പരം അവനു കേട്ടു കേൾവി മാത്രം.

വന്ദ്യ വയോധികരായ പുരോഹിതന്മാർ താമസിക്കുന്ന ആശ്രമത്തിന് ചേർന്നുള്ള അനാഥശാലയിലാണ് വളർന്നത്. വിശുദ്ധനച്ചന്റെ സംരക്ഷണയിൽ. ശാന്തി തുളുമ്പുന്ന മുഖവും കരുണ നിറഞ്ഞ പെരുമാറ്റവും കൊണ്ട് ആബേലച്ചന് കിട്ടിയ പേരാണ് വിശുദ്ധനച്ചൻ…കരക്കാരുടെ അനാഥ കുഞ്ഞുങ്ങളുടെ…വയ്യാത്ത പുരോഹിതരുടെ ഒക്കെ ആശ്രയം

അതുകൊണ്ട് തന്നെ സ്വന്തം അസ്തിത്വം ഒരിക്കലും തിരക്കി ചെന്നിട്ടില്ല. പതിനാല് വയസ്സ് കഴിഞ്ഞപ്പോൾ അച്ഛൻ തന്നെ ആണ് ഹോസ്റ്റലിൽ കൊണ്ടാക്കിയതും പഠിപ്പിച്ചതും. ഒടുവിൽ ഒരു ജോലിയും വീടും ആയപ്പോൾ ഏറ്റവും സന്തോഷിച്ചതും അദ്ദേഹം തന്നെ.

ഒരു വീട്ടിൽ ഒറ്റക്കങ്ങനെ വച്ചും തിന്നും ഉറങ്ങിയും കഴിഞ്ഞപ്പോഴും മടുപ്പ് തോന്നിയിരുന്നില്ല. ഒരു കുടുംബം ഉണ്ടാകണം എന്ന ചിന്ത കൊണ്ടാവാം..പതിവുള്ള വാരാന്ത്യ സന്ദർശനത്തിന് ചെന്നപ്പോൾ അച്ചൻ തന്നെയാണ് ഒരു കല്യാണാലോചന കൊണ്ടുവന്നത്, അവിടുന്ന് തുടങ്ങി കടുത്ത ഡിപ്രഷൻ, ആർക്കും ഒരു അനാഥനെ വേണ്ട.

കുടുംബം ഉള്ളവർക്കേ കൊടുക്കൂ എന്നുപറയുന്നത് കേട്ടാൽ തോന്നും പെണ്ണുങ്ങൾ അടങ്ങി ഒതുങ്ങി കുടുംബത്ത് നിൽക്കും എന്ന്..കുറച്ചു നാൾക്കുള്ളിൽ ഒറ്റക്ക് പോയി താമസിക്കാൻ വാശിപിടിക്കുന്ന അവരുടെ ഒക്കെ ഒരു നിർബന്ധം.

ഒരു പത്തു പതിനഞ്ച് ആലോചനകൾ മുടങ്ങിപ്പോയി..ജോലിയുണ്ടെങ്കിലും കുടുംബമില്ലല്ലോ? വീടുണ്ടേലും ബന്ധുക്കളില്ലല്ലോ..? പോരായ്മകൾ മാത്രം കൂട്ടുള്ളവൻ..

മടുത്തു എന്തിനാ ഈ ജീവിതം. ആർക്ക് വേണ്ടി….

ആശ്രമത്തിലേക്ക് തിരിച്ചു ചെല്ലാൻ പ്രായം കവിഞ്ഞു.തന്നെയുമല്ല പണ്ടത്തെ പോലെ അനാഥശിശുക്കൾ ഇല്ലാത്തതു കൊണ്ട് അതൊരു അടച്ചു പൂട്ടൽ ഭീഷണിയിലാണ്.

ഇപ്പോഴത്തെ പിള്ളേർ വളരെ മുൻപിലാണ്. ഒരു അനാഥ ശിശു ഉണ്ടാകുന്ന സാഹചര്യമൊന്നും ഉണ്ടാകാതെ സൂക്ഷിയ്ക്കാൻ അവർക്കറിയാം.

“ബ്രോ…പോകുന്നത് കൊള്ളാം സൂക്ഷിക്കണം” എന്ന് തോളത്തു തട്ടി പറയുന്ന പിതാക്കന്മാരും ചുറ്റികളിയൊക്കെ കൊള്ളാം, പെട്ടുപോകരുത് എന്ന് പറയുന്ന അമ്മമാരും ഉള്ളപ്പോൾ ഈ വക ആശ്രമങ്ങളൊന്നും ഇനി വേണ്ട. ഇപ്പൊൾ ചെറിയ ഫാമിലിയും അപ്പനമ്മമാർ സുഹൃത്തുക്കളും ആണ്.

ഇനി ജീവിക്കേണ്ട, വീട് വിശുദ്ധനച്ചന്റെ ആശ്രമത്തിന്  എഴുതി വച്ചു. ഓഫീസിലെ ജോലികളെല്ലാം തീർത്തു. എല്ലാം ക്ലീൻ.

ഒഴിവ് ദിവസം ആയതുകൊണ്ടാകും പതിവിലേറെ തിരക്കുണ്ട് കടൽക്കരയിൽ. നിറഞ്ഞ കടൽക്കര ഒഴിഞ്ഞ ഒരു ഭാഗത്ത് പോയിരുന്നു പതിവ് പോലെ കടലമ്മ കാൽ തഴുകിക്കൊണ്ടിരുന്നു. പച്ചയുടുപ്പിട്ട രണ്ടു കുട്ടികൾ ഓടി കളിച്ചു നടക്കുന്നു. ട്വിൻസ് ആണെന്ന് തോന്നുന്നു. അവരുടെ അച്ഛനും അമ്മയും കളി നോക്കി ഇരിപ്പുണ്ട്. ഇത്തിരി മാറി കൂടെ ഒരു മുത്തശ്ശിയും.

അതിനപ്പുറത്ത് ഇപ്പൊൾ വിദേശത്ത് നിന്ന് വന്നവരാകണം, വലിയൊരു ഫാമിലി മൊത്തം ഉണ്ട്. എല്ലാർക്കും എന്തൊരു സന്തോഷമാണ്. ഇത്തിരി മാറി ഒന്ന് രണ്ടു മിഥുനങ്ങൾ സല്ലപികുന്നു..

ഇരുട്ടും തോറും മനസ്സ് കനക്കാൻ തുടങ്ങി. മരണചിന്ത കൂടി വന്നു. പാൻ്റിൻ്റെ കീശയിലെ കുപ്പി ഒന്നുകൂടി തപ്പി നോക്കി.

“എടോ, എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ട എത്ര ആളുകളുണ്ട്. അവരും ജീവികുന്നില്ലെ..!!” സുമേഷിൻ്റെ വാക്കുകൾ വീണ്ടും മനസ്സിൽ കേറി വരുന്നു. പറയുന്നവർക്ക് എന്തെളുപ്പം അനുഭവിച്ചവർക്കേ ആ  വിഷമം അറിയൂ. ഏതായാലും ഇനി ഒരു പിൻതിരിയലില്ല.

ഇരുട്ടു കനത്തു ഓരോരുത്തരായി പോയി തുടങ്ങി. വെറുതെ കടലിനെ തഴുകി കൊണ്ടിരുന്ന കാറ്റുപോലും നിശ്ശബ്ദം.

മണൽതീരം വിജനമായപ്പോൾ മെല്ലെ കുപ്പിയെടുത്തു അടപ്പ് തുറന്നു. ഒരിക്കൽ കൂടി കടലിനെ നോക്കി..പെട്ടെന്ന് കുറച്ചു മാറി ഒരു അനക്കം. ഒരു നിമിഷം ആരോ ഇരിക്കുന്നത് പോലെ..തോന്നലായിരിക്കുമോ?

ഏതായാലും ഒന്ന് നോക്കാം മൊബൈലിൻ്റെ ടോർച്ചടിച്ച് നോക്കി.

ആ മുത്തശ്ശി, പച്ച ഉടുപ്പിട്ട കുട്ടികളുടെ കൂടെ ഉണ്ടായിരുന്ന..അടുത്തേക്ക് ഓടിചെന്നു..

അയ്യോ അമ്മേ എല്ലാവരും പോയല്ലോ, അമ്മ തനിച്ചിവിടെ..ഞാൻ പോയി നോക്കി വരാം, അവർ അകലെ എത്തിക്കാണില്ല..ഉറങ്ങിപ്പോയോ അമ്മ..?

കുപ്പി അടപ്പോടെ കടലിലേയ്ക്കിട്ടു. മുത്തശ്ശിയുടെ ആളുകളെ തേടാൻ ഓടാൻ തുടങ്ങിയപ്പോൾ അവർ പുറകേന്നു  വിളിച്ചു.

“മോനെ ഒന്ന് നിൽക്കണെ”.

“മോനെ….” ആ വിളി  ആയിരം അലകളായി ഹൃദയത്തിൽ വന്നിടിച്ചു..ഭൂമിയാകെ പ്രകമ്പനം കൊള്ളും പോലെ.

“മോനെ, അവരെ  തിരഞ്ഞു പോകണ്ട..കൊണ്ടുപോകാൻ മറന്നതല്ല അവർ…എന്നെ ഒഴിവാക്കിയതാ….അതിനുവേണ്ടി തന്നെയാ അവരെന്നെ ഇവിടെ കൊണ്ട് വന്നത്..” ഹൃദയംപൊട്ടി അതവർ പറയുമ്പോഴും അവർ കരയാത്തത് എന്നെ അത്ഭുതപ്പെടുത്തി,..

“ഞാനിവിടെ ഇരുന്നോളാം..ഈ രാത്രി കഴിയുമ്പോഴേക്കും ഞാനങ്ങു പൊയ്ക്കോളും….” അത്രക്ക് നിശ്ചദാർഢ്യത്തോടെ ആയിരുന്നു ആ വാക്കുകൾ…

“ഞാൻ അവരുടെ അന്തസ്സിന് ചേർന്നതല്ല. ഒരുപാട് പഴയതായി.”

ഒരു തേങ്ങൽ വന്നു അത് പുറത്തേക്ക് വരാതെ എന്റെ തൊണ്ടയിൽ തടഞ്ഞു. കാലങ്ങളായി കരയുന്നതു കണ്ടു സഹിക്കാൻ കഴിയാതെ കടലമ്മ തന്നെ അമ്മയായി അവതരിച്ചതാണോ..? സത്യമാണോ ഇതെല്ലാം അതോ…മിഥ്യയോ..?

“അമ്മേ….ഒറ്റപ്പെടലിൻ്റെ മൂർദ്ധന്യാവസ്ഥയിൽ മരിക്കാൻ വന്നതാണ് ഞാൻ..അത്രക്ക് അന്തസ്സൊന്നും ഇല്ലാത്ത എന്നോടൊപ്പം പോരാമോ…ഞാൻ പൊന്ന് പോലെ നോക്കാം…എൻ്റെ അമ്മയായി കൂടെ ഉണ്ടായാൽ മാത്രം മതി.”

മറുപടിക്ക് കാത്തുനിൽക്കാതെ ആ അമ്മയുടെ കൈപിടിച്ച് വീട്ടിലേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി..

പതിവിലും ഉയരത്തിൽ കൈകൾ ഉയർത്തി പൊട്ടിച്ചിരിച്ചു കൊണ്ട് തിരിച്ചോടുന്ന കടലമ്മ…

ശുഭം