സമീർ?
Story written by Athira Sivadas
==========
” എനിക്കായാളെ വെറുക്കാൻ കാരണങ്ങളൊന്നുമില്ല ദേവ്. താൻ എനിക്ക് മുൻപിൽ നിരത്തുന്നത് ഒന്നും ഒരിക്കലും അതിന് വഴി വെയ്ക്കുകയും ഇല്ല. ” വീറോടെയായിരുന്നു ഞാനയാൾക്ക് മുൻപിൽ നിന്നത്.
” നീ വെറുക്കണ്ടഡീ, അവനെത്തന്നെ ഓർത്ത് ഇരുന്നോ. നീ സ്നേഹിച്ചവൻ ദേ ഇന്നൊരു കുഞ്ഞിന്റെ അച്ഛനായി. പോയി ചാവ ഡീ. കണ്ടവളുടെ കൂടെയൊക്കെ കിടന്നവനെ ഓർത്തിരിക്കുന്നു. നാണംകെട്ട ജന്മം.” അയാളത് പറഞ്ഞപ്പോൾ കണ്ണുകളിറുക്കി അടച്ചു ഞാൻ.
സമീറിന്റെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞു. നിറയെ പീലികളുള്ളയാ കണ്ണുകൾക്ക് ഓർമ്മയിൽ ഇപ്പോഴും ആ പഴയ തിളക്കം…
അവൻ ഇന്നൊരു കുഞ്ഞിന്റെ അച്ഛനായിരിക്കുന്നു. അറിയാതെ വയറിൽ കൈ വച്ചു പോയി. അവിടെ ഇന്നലെ ദേവ് ഏൽപ്പിച്ച മുറിവിന്റെ അവശേഷിപ്പുണ്ട്. അത്രമാത്രം…
സമീറിനെ ഓർക്കുമ്പോൾ ഇന്ന് ഇന്നലത്തേതിലും വേദന തോന്നുന്നു. ഹൃദയത്തിലെവിടെയോ രക്തം വാർന്നൊഴുകും പോലെ.
മുറിയിലേക്ക് കയറി വാതിലടച്ചു. വാക്കുകൾ കൊണ്ടു നോവിച്ചത് പോരാ എന്നപോലെ ദേവ് വാതിലിൽ ശക്തിയായി മുട്ടി.
“ഗൗതമി… വാതിൽ തുറക്ക്…..” കുറേ നേരം കൊട്ടിയിട്ടും വാതിൽ തുറക്കാത്തതിനാലാവണം പിന്നെ അയാളുടെ അനക്കമൊന്നും കേട്ടില്ല. വാതിൽ തുറക്കുന്നതും കാത്ത് പുറത്ത് തന്നെ ഉണ്ടാകും.
മുഷിഞ്ഞ സാരി മാറ്റി കയ്യിൽ കിട്ടിയ തുണികളൊക്കെയൊരു ബാഗിൽ എടുത്തു. വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ കണ്ണുകളിൽ വാശിയായിരുന്നു.
അയാളിലെ ആവിശ്വസിനീയതയും അന്ധാളിപ്പും അയാളോടുള്ള വെറുപ്പ് കൂട്ടിയതെയുള്ളൂ.
“അന്വേഷിച്ചു വരരുത്. ഞാൻ പോകുന്നു.” തടയാനായി അയാളൊന്ന് മുന്നോട്ട് ആഞ്ഞിരുന്നു. ഒരു നോട്ടം കൊണ്ടു ഞാനാ ശ്രമത്തെ പരാജയപ്പെടുത്തി.
ഇങ്ങനെയൊരു നീക്കം അയാൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. കാരണം ഇതെത്രയോ മുൻപ് ഞാൻ ചെയ്യേണ്ടിയിരുന്നതായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യനാളുകളിൽ അയാൾ കരുതിയിട്ടുണ്ടാവണം ഞാൻ എങ്ങോട്ടെങ്കിലും ഓടി പോകുമെന്ന്. അത് ചെയ്യാഞ്ഞതിനാലാവണം ദിനം പ്രതിയുള്ള ഉപദ്രവം കൂടിക്കൂടി വന്നതും.
ശെരിക്കും അയാളൊരു പിശാചാണ്. ഒരു മനോരോഗി. എത്രയോ രാത്രികളിൽ ആ രോഗത്തിന്റെ ഫലം ഞാൻ അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്.
വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയിൽ “എന്നെയൊന്നു വെറുതെ വിടു… നിങ്ങളുടെ ഭാര്യ ആവാൻ ഞാൻ ശ്രമിക്കാം… പക്ഷേ കുറച്ചു സമയം വേണം” എന്ന് മാത്രമേ ഞാൻ പറഞ്ഞിരുന്നുള്ളു.
അത് കേട്ടയാളൊന്ന് ചിരിച്ചു. പിന്നെ ബലമായി എന്നെ അയാളുടെ ശരീരത്തിലേക്ക് അടുപ്പിച്ചു. അറപ്പും വെറുപ്പും ഒന്ന്പോലെ തോന്നിയ നിമിഷം. കൈ നിവർത്തി കരണത്ത് തന്നെയൊന്ന് കൊടുത്തു.
പിന്നെ കണ്ടത് അയാളിലെ മൃ ഗത്തിന്റെ പൈശാ ചികഭാവമായിരുന്നു…പാതിഎരിഞ്ഞ സി ഗരറ്റ് കുറ്റി അയാളെന്റെ വയറ്റിലുരച്ചു. ദേഹത്തുണ്ടാക്കിയ മുറിവിലൂടെ മ ദ്യമൊഴിച്ചു.
പല രാത്രികളിലും അയാൾക്കൊപ്പം അവിടെ ഒന്നിൽ കൂടുതൽ സ്ത്രീകൾ ഉണ്ടാകും. ഒക്കെ കണ്ടില്ലെന്ന് നടിച്ചു. രാത്രിയേറെ വൈകിയാലും എന്നെ ഉപദ്രവിക്കാതെ അയാൾ ഉറങ്ങില്ല. ആരോടും ഒന്നും പറയാത്തതും അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ഞാനൊരിക്കൽപോലും ശ്രമിക്കാത്തതുമായിരുന്നു അയാളുടെ ധൈര്യം.
വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ ഒരിക്കൽ തറവാട്ടിലേക്ക് ചെന്നപ്പോൾ ആരോ പറഞ്ഞറിഞ്ഞതാണ് അയാൾ സമീറിനെപ്പറ്റി. പിന്നീട് അങ്ങോട്ട് ആ പേരായിരുന്നു അയാളുടെ ആയുധം. വേദനകൾക്ക്മേൽ കൂരമ്പ് പോലെ അയാളുടെ വാക്കുകളെന്നെ പ്രഹരമേൽപ്പിക്കും.
സമീർ… ഒരു കാലത്തെന്റെ പ്രണയമായിരുന്നവൻ… അല്ല ഇന്നും ആ സ്ഥാനം കയ്യേറാൻ മറ്റൊരാൾക്ക് കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് സത്യം. അവനെന്നുമെന്റെ പ്രണയമാണ്. എന്റെ മാത്രം.
ബസ് കവലയിൽ നിന്നപ്പോഴാണ് ചിന്തകളിൽ നിന്നും പുറത്തേക്ക് വന്നത്. ആർക്കും മുഖം കൊടുക്കാതെ മുന്നോട്ട് നടന്നു. മുഖമുയർത്തിയാൽ നേരിടേണ്ടി വരുന്ന ചോദ്യങ്ങൾക്ക് അരിവാളിനെക്കാൾ മൂർച്ചയാണ്.
തറവാട് എത്തിയപ്പോൾ അച്ഛനൊഴികെ മറ്റെല്ലാവർക്കും അത്ഭുതമായിരുന്നു. എത്രയോ നാളായിരിക്കുന്നു ഞാനീവഴി വന്നിട്ട്. കുറേനാൾ കൂടി കാണുന്ന സന്തോഷമായിരുന്നു അച്ഛനെങ്കിൽ മറ്റെല്ലാവർക്കും ദേവിന്റെ വിശേഷം അറിയാനായിരുന്നു തിടുക്കം.
ഇനി അങ്ങോട്ടേക്ക് ഇല്ലെന്ന് മാത്രം പറഞ്ഞു മുകളിലെ എന്റെ പഴയ മുറിയിലേക്ക് നടന്നു. പിറകെ മഹിയേട്ടനും വന്നിരുന്നു. കെട്ടിച്ചയച്ച വീട്ടിൽ വേണം തറവാട്ടിൽ പിറന്ന പെൺകുട്ടികൾ താമസിക്കാൻ എന്ന ഉപദേശവും നൽകി. ശെരിക്കും അതൊരു ഉപദേശം ആയിരുന്നില്ല, മറിച്ച് ഒരു ആഞ്ജയായിരുന്നു.
മറുപടി ഒന്നും പറയാതെ എങ്ങോട്ടോ നോട്ടം മാറ്റി ഞാൻ നിന്നു. അല്ലെങ്കിലും മഹിയേട്ടനെയോ ഈ വീട്ടിലെ മറ്റുള്ളവരെയോ എനിക്കൊന്നും ബോധിപ്പിക്കാനില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് അച്ഛനോട് മാത്രം.
സമീർ… എന്റെ സുഹൃത്ത്, വഴികാട്ടി, പ്രണയം… അങ്ങനെ എല്ലാമെല്ലാം ആയിരുന്നവൻ. അച്ഛന്റ് സുഹൃത്തായിരുന്നു സമീറിന്റെ വാപ്പ. ചെറുപ്പത്തിൽ അവനെയും കൂട്ടി തറവാട്ടിലേക്ക് വരാറുണ്ടായിരുന്നു. അന്നൊക്കെ ഞാനും മഹിയേട്ടനും സമീറും ആയിരുന്നു കൂട്ട്. എപ്പോഴോ മഹിയേട്ടൻ ഞങ്ങളിൽ നിന്നകന്ന് ഞാനും സമീറും മാത്രമായി.
പ്രണയം എന്നൊരു വികാരം ഉള്ളിൽ നാമ്പിടുന്ന കാലം തൊട്ടേ ഉള്ളിൽ അവനാണ്. പല തവണ പറയാനാഞ്ഞതാണ്… പക്ഷേ അപ്പോഴൊക്കെ പലതരം ഭയങ്ങളെന്നെ ശകാരിച്ചു.
എം. ബി. ബി. എസ് ചെയ്യാൻ എറണാകുളത്തേക്ക് പോയപ്പോൾ മുതലായിരുന്നു സമീർ എനിക്കാരായിരുന്നുവെന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഓരോ അവധിയ്ക്ക് നാട്ടിൽ വരുമ്പോഴും കവലയിൽ എന്നെ കാത്ത് അവനുണ്ടാകും.
താടി അവനല്പം നീട്ടി വളർത്താറുണ്ട്. പക്ഷേ എനിക്കേറെ ഇഷ്ടം മീശ മാത്രം വെയ്ക്കുന്ന സമീറിനെയാണ്. ഇടയ്ക്കൊക്കെ എനിക്ക് വേണ്ടി അങ്ങനെ മീശ മാത്രം വെയ്ക്കാറുമുണ്ട്. ഓരോ കുഞ്ഞു കുഞ്ഞു വാശികൾ ഞാൻ കാട്ടിയിരുന്നതുപോലും സ്നേഹത്തോടെയുള്ള അവന്റെ കീഴടങ്ങൽ ആസ്വദിക്കാൻ വേണ്ടി മാത്രമായിരുന്നു.
എന്റെ പ്രണയം അവൻ തിരിച്ചറിയാതെ പോയത് എനിക്കെന്നുമൊരു അത്ഭുതമാണ്. ഏതൊക്ക തരത്തിൽ ഞാനത് പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷേ ഒരിക്കൽ… ഒരിക്കൽ മാത്രം ഞാനൊതൊന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അവൻ എന്റേത് മാത്രം ആകുമായിരുന്നേനെ.
ഒരിക്കൽ തറവാട്ടിലെ കുളത്തിൽ വീണ എന്നെ കോരിയെടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇടുപ്പിലമർന്ന കൈകൾക്ക് വല്ലാത്ത മുറുക്കമായിരുന്നു. അന്നവനെന്നെ ഒരുപാട് ശകാരിച്ചു. വിട്ടുകൊടുക്കാൻ മനസ്സില്ലെന്ന പോലെ നെഞ്ചിൽ ചേർത്ത് പിടിച്ചു എന്തൊക്കെയോ പുലമ്പി.
വീട്ടിൽ വിവാഹക്കാര്യം സംസാരിച്ചു തുടങ്ങിയപ്പോൾ ഒരുതരം ഭയമായിരുന്നു. സമീറിനറിയാത്ത എന്റെ പ്രണയത്തെക്കുറിച്ചൊർത്ത് ഞാൻ വിങ്ങി. അവന്റെ നോട്ടങ്ങളിലെവിടെയോ ഞാനൊരു പ്രണയം കണ്ടിട്ടുണ്ട്. ആ ഉറപ്പിന്മേലായിരുന്നു അച്ഛനടക്കം തറവാട്ടിൽ ഉള്ളവരോടൊക്കെ ഞാനെന്റെ പ്രണയം സമീർ ആണെന്ന് തുറന്ന് പറഞ്ഞത്…
ആദ്യം മഹിയേട്ടന്റെ കൈയായിരുന്നു എനിക്ക് നേരെ പൊങ്ങിയത്. പിന്നെ തലമൂത്തകാരണവന്മാരുടെയൊക്കെ കുത്തുവാക്കുകൾ…ഭീഷണി… അച്ഛൻ മാത്രം നിശബ്ദനായിരുന്നു.
സമീറിനും എന്നോട് പ്രണയം ആണെന്ന് തന്നെയാണ് ഞാനും ധരിച്ചത്, ഒരു രാത്രി തറവാട്ടിലെ കാര്യസ്ഥൻ കൃഷ്ണൻ നായരുടെ മകൾ മിത്രയുടെ മുറിയിൽ നിന്ന് ഇറങ്ങി വരുന്ന സമീറിനെ കാണുന്നതുവരെ.
“അവർ തമ്മിൽ പ്രണയമായിരുന്നോ…” ഒരിക്കൽ പോലും തോന്നിയിരുന്നില്ല. ഒരിക്കൽ പോലും സമീർ അവളെയൊന്ന് പ്രണയത്തോടെ നോക്കിയിട്ടില്ല. അവളെക്കുറിച്ച് വാചാലനായിരുന്നില്ല.
അന്നാ ആൾക്കൂട്ടത്തിനു നടുവിൽ അപഹാസ്യനായി നിൽക്കുമ്പോഴും ആ കണ്ണുകൾ എന്റെ നേർക്കായിരുന്നു. അവ എന്നോട് എന്തൊക്കെയോ പറഞ്ഞിരുന്നു. പക്ഷേ ഒന്നും എനിക്ക് കേൾക്കണമെന്നില്ലായിരുന്നു. എവിടെയെങ്കിലും ഓടിയൊളിച്ചാൽ മതിയായിരുന്നു.
പെട്ടെന്നായിരുന്നു വിവാഹലോചനകൾ നോക്കി തുടങ്ങിയത്. എതിർത്തപ്പോൾ മഹിയേട്ടനും അമ്മാവന്മാരും കൂടെ മുറിയിൽ പൂട്ടിയിട്ടു. ദേവിന്റെ ആലോചന വന്നപ്പോൾ രണ്ടാമതൊന്ന് ആലോചിച്ചില്ല ആരും. എന്നോട് സമ്മതവും ചോദിച്ചില്ല.
ഇതിനിടയിൽ എന്നെ അന്വേഷിച്ചു സമീർ ഒന്ന് രണ്ട് തവണ വന്നിരുന്നു അത്രേ. ഞാൻ കാണേണ്ട എന്ന് പറഞ്ഞു. കല്യാണത്തിന്റെ തലേന്ന് ആരോ പറഞ്ഞു കേട്ടിരുന്നു മിത്ര ഗർഭിണി ആണെന്നും ഇപ്പോൾ സമീറിന്റെ ഒപ്പമാണെന്നും. ഹൃദയം വിങ്ങും പോലെ തോന്നി അന്നെനിക്ക്.
മണ്ഡപത്തിലിരിക്കുമ്പോഴും മറ്റൊരാൾക്ക് മുൻപിൽ കഴുത്ത് നീട്ടുമ്പോഴും തിരഞ്ഞിരുന്നു ഞാനവനെ. പക്ഷേ കണ്ടില്ല. എത്രയും വേഗം അവിടെ നിന്ന് രക്ഷപെടണമെന്നായിരുന്നു അപ്പോൾ. പക്ഷേ ചെന്ന് പെട്ടതൊരു മൃഗത്തിനോട് ഒപ്പമായിരുന്നു.
ആരോടൊക്കെയോ ഉള്ള വാശി തീർക്കലായിരുന്നു അയാളോടൊപ്പമുള്ള ജീവിതം. ഒരു തരത്തിൽ പറഞ്ഞാൽ എന്നോട് തന്നെ…
ദേവ് എങ്ങനെയൊക്കെയോ സമീറിനെക്കുറിച്ചറിയുന്നുണ്ടായിരുന്നു. അയാൾക്ക് അതൊക്കെ എനിക്കെതിരെയുള്ള ആയുധങ്ങളാണ്…
ഇന്ന് കാലത്ത് സമീറിനൊരു പെൺകുഞ്ഞു പിറന്നെന്ന് കേട്ടപ്പോൾ നിർവികാരതയായിരുന്നു. എപ്പോഴൊക്കെയോ എന്തൊക്കെയോ ആശിച്ചിട്ടുണ്ട്. എങ്കിലും അവനൊരു അച്ഛനായെന്ന് കേട്ടപ്പോൾ നിരാശ തോന്നിയില്ല. കണ്ണുനീരോടെ അവനാ കുഞ്ഞിനെ കൈകളിൽ കോരിയെടുക്കുന്ന രംഗമോർത്തു. മാറിടങ്ങൾ ഒന്ന് വിങ്ങിയത് പോലെ… തോന്നലാവും… കാരണം എനിക്ക് നിരാശയില്ല… എനിക്ക് നിരാശയില്ല.
എന്റെ പ്രണയം അവൻ അറിയാതെ പോയത് കൊണ്ടല്ലേ… അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ വിട്ട് കൊടുക്കുമായിരുന്നോ ദേവിന് എന്നെ. മിത്രയെ അവൻ സ്നേഹിക്കുമായിരുന്നോ. ഇല്ലെന്ന് വിശ്വസിക്കാണ് ഇഷ്ടം. അതിനെ എനിക്ക് കഴിയു. അതിന് മാത്രം.
കൃഷ്ണൻ നായരാണ് ഇപ്പോഴും തറവാട്ടിലെ കാര്യസ്ഥൻ. എന്നെ കണ്ടപ്പോൾ അയാൾ തല താഴ്ത്തുന്നത് കണ്ടു. കുറ്റബോധം ഉള്ളിലുള്ളത് പോലെ. അയാൾക്കെന്തിന് കുറ്റബോധം തോന്നണം. അയാളുടെ മകളുടെ പ്രണയത്തെ ആരും അറിയാതെ ഉള്ളിൽ കൊണ്ടുനടന്നത് ഞാനല്ലേ… ഞാനാണ് തെറ്റ്.. ഞാൻ മാത്രം.
ഊണ് കഴിഞ്ഞു ഞാൻ മുറിയിലേക്ക് പോന്നതിനു പിന്നാലെ അച്ഛനും വന്നിരുന്നു. ഒന്ന് രണ്ട് നിമിഷം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല. അച്ഛന് എന്നോട് എന്തൊക്കെയോ ചോദിക്കാനുണ്ടെന്ന് തോന്നി.
“മോളിനി തിരികെ പോണില്ലേ…” മടിച്ചു മടിച്ചാണ് അച്ഛനത് ചോദിച്ചത്.
“ഇല്ല. ” രണ്ടാമതൊന്ന് ചിന്തിക്കാതെ മറുപടി പറഞ്ഞു.
“സമീറാണോ കാരണം.” ഉടനെ തന്നെ അടുത്ത ചോദ്യവും വന്നു. പ്രതീക്ഷിക്കാത്തതായിരുന്നത് കൊണ്ട് ശബ്ദം തൊണ്ടക്കുഴിയിൽ നിന്ന് പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.
“ദേവ്. അയാളുടെ കൂടെ എനിക്ക് പറ്റാഞ്ഞിട്ടാണ്.” എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. കഴിഞ്ഞതൊന്നും ആരും മറന്നിട്ടില്ല. എങ്ങനെ മറക്കാനാണ്. വിവാഹം കഴിഞ്ഞിത്രകാലത്തിനിടെ ഞാനിവിടെ വന്നത് വളരെ വിരളമാണ്. സമീറിനെയും മിത്രയെയും ഒന്നിച്ചു കാണാനുള്ള ദണ്ണം കൊണ്ടാണ് ഞാനിവിടേക്ക് അധികം വരത്തതെന്നൊരു പിറുപിറുക്കൽ അടുക്കളപ്പുറത്ത് നിന്നും കേട്ടിരുന്നു ഒരിക്കൽ.
“എന്നാലും മംഗലത്തെ കുട്ടിയെക്കാളും എന്ത് മഹിമയാണോ ആ കാര്യസ്ഥന്റെ മോൾക്ക്. ആ അവന് യോഗല്യ.” എവിടെയെങ്കിലും വച്ചു കാണുമ്പോൾ പരിചയക്കാരും സഹതപിക്കും പോലെ പരിഹസിക്കും.
പിന്നെയാണ് ഇങ്ങോട്ടേക്കു തീരെ വരാതെയായത്.
“സമീറിൽ ഇനിയൊരു പ്രതീക്ഷ വേണ്ട കുട്ടി. ഇന്നവനൊരു പെൺകുഞ്ഞിന്റെ അച്ഛനാണ്.”
“അറിഞ്ഞിരുന്നു ഞാൻ” അച്ഛന്റെ മുഖത്തെ ഭാവം മാറി അവിടെ അത്ഭുതം നിറയുന്നത് കണ്ടു.
“നാലാള് കണ്ടാൽ ബഹുമാനിക്കുന്നൊരു ഭർത്താവിനെ കൊണ്ടുതന്നല്ലോ എല്ലാവരും കൂടെ എനിക്ക്. ഓരോ രാത്രിയിലും ഉപദ്രവം കഴിഞ്ഞ് സമീറെന്ന പേരും എന്നെ നോവിക്കാൻ വേണ്ടി അയാൾ ഉപയോഗിക്കും. എല്ലാം അറിയാറുണ്ട്… ആ മനോരോഗി എന്നെ എല്ലാം അറിയിക്കാറുണ്ട്.” അച്ഛന്റെ കണ്ണ് നിറയുന്നത് കണ്ടു. ഒന്നും പറയാതെ താഴേയ്ക്ക് ഇറങ്ങി പോകുന്നത് കണ്ടപ്പോൾ വേദന തോന്നി.
ദിവസങ്ങൾ കൊഴിയവേ തറവാട്ടിലെ മുറുമുറുപ്പ് കൂടിക്കൂടി വന്നു. ഊണ് കഴിക്കുമ്പോഴാണ് ചർച്ചകളൊക്കെ നടക്കാറ്. മുന വച്ചുള്ള സംസാരങ്ങൾ കേൾക്കുന്നില്ലെന്ന മട്ടിലിരിക്കും. അമ്മ മഹിയേട്ടൻ പറയുന്നത് പോലെ ഉള്ളു എങ്കിൽ അച്ഛൻ നിസ്സഹായനാണ്. ബന്ധങ്ങളുടെ ബന്ധനത്തിൽപ്പെട്ടു നിൽക്കുമ്പോൾ എനിക്ക് വേണ്ടി അച്ഛനൊരു വാക്കുപോലെ മിണ്ടാൻ കഴിയാറില്ല.
ആരുടേയും ചോദ്യങ്ങളെ നേരിടാൻ വയ്യെന്ന് തോന്നിയപ്പോഴാണ് വെയിലാറിക്കഴിഞ്ഞു തൊടിയിലേക്ക് ഇറങ്ങിയത്.
“മോളെ…” കൃഷ്ണൻനായരായിരുന്നു. മോളുടെയും മരുമകന്റെയും വിശേഷം അറിയിക്കാൻ വന്നതാവണം.
“വെറുത്തോളു… ശപിക്കരുത് എന്റെ കുട്ടിയെ.” നിറ മിഴികളോടെ കൈകൾ കൂപ്പി അയാളെന്റെ മുൻപിൽ നിൽക്കുമ്പോൾ ഞാൻ പിന്നെയും ചെറുതാകും പോലെ തോന്നി.
“ഞാൻ ശപിക്കില്ല… ഒരിക്കലും. അല്ലെങ്കിലും എന്തിന്… എന്തിന്റെ പേരിൽ.”
ഭയത്തോടെ അയാൾ ചുറ്റും നോക്കുന്നത് കണ്ടു. ആരുമില്ലെന്ന ആശ്വാസത്തിൽ അല്പം കൂടി മുന്നോട്ട് വന്നു. അപ്പോഴും ആ വൃദ്ധന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
“ചതിച്ചതാ… എല്ലാവരും കൂടി കുട്ടിയെ. പറ്റിച്ചതാ. സമീർ… ആ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം.. എല്ലാം എന്റെ മോളുടെ സ്വാർത്ഥത ആയിരുന്നു.” ഞെട്ടലോ ആവിശ്വസിനീയതയോ…എന്തായിരുന്നെന്ന് അറിയില്ല. യാന്ദ്രികമായി ഞാനയാളുടെ വാക്കുകൾക്ക് കാതോർത്തു.
“മിത്രെടെ കുഞ്ഞിന്റെ അച്ഛൻ സമീറല്ല. ഇവിടുത്തെ മഹിക്കുഞ്ഞാ…” വീണ്ടും ആ അച്ഛന്റെ തല താഴുന്നത് കണ്ടു.
എനിക്ക് ചുറ്റും മഹിയേട്ടന്റെ പലവിധഭാവങ്ങൾ നിറഞ്ഞു. മിത്ര ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ സമീറിനെ പറ്റി പുച്ഛചിരിയോടെ പറഞ്ഞ മഹിയേട്ടൻ.. വിവാഹത്തിന് സമ്മതിക്കാഞ്ഞതിനു പൊതിരെ തല്ലിയ മഹിയേട്ടനെ… സമീറെന്ന പേര് കേൾക്കുമ്പോഴൊക്കെ അറപ്പോടെ മുഖം തിരിക്കുന്ന മഹിയേട്ടനെ.
വിശ്വസിക്കാൻ കഴിഞ്ഞില്ലെനിക്ക്. നിമിഷങ്ങൾക്ക് മുൻപ് വരെ എനിക്ക് മുൻപിലൊരു മുഖംമൂടിയണിഞ്ഞു നിന്ന അയാളോട് വെറുപ്പ് തോന്നി.
“മഹിക്കുഞ്ഞും മിത്രയും സ്നേഹത്തിലായിരുന്നു മോളെ. മോൾക്ക് സമീറിനെ ഇഷ്ടമാണെന്ന് അറിഞ്ഞു തറവാട്ടിൽ പ്രശ്നമായപ്പോൾ മഹി പറഞ്ഞിട്ടായിരുന്നു മിത്ര ഒരു രാത്രി എനിക്ക് സുഖമില്ലെന്ന് പറഞ്ഞു സമീറിനെ ചെന്ന് വിളിച്ചത്. കേട്ടപാതി ആ പാവം ഓടി വന്നു. മിത്ര കൂട്ടിക്കൊണ്ട് പോയത് അവളുടെ മുറിയിലേക്കും. ബാക്കിയൊക്കെ ആ ചതി മെനഞ്ഞവരുടെ പദ്ധതി പോലെ നടന്നു.
പിന്നീടാണ് മിത്ര ഗർഭിണി ആണെന്ന് അറിഞ്ഞത്. വിദഗ്ദമായി മഹി അവളെയും സമീറിനെയും ഒഴിവാക്കി. എന്റെ കുട്ടി പിന്നീട് ചിരിച്ചിട്ടില്ല. എപ്പോഴും കണ്ണീരാണ്. ചെയ്ത തെറ്റിന്റെ ഫലം ഇന്നീ നിമിഷവും അവളനുഭവിക്കുന്നുണ്ട്.
ആരോട് പരാതി പറയാനാണ് ഞാൻ. അവളും തെറ്റ് ചെയ്ത് പോയില്ലേ. സമീർ അവളെ സംരക്ഷിക്കുന്നുവെന്ന് മാത്രം. ആരെയും പേടിച്ചിട്ടല്ല. കുറ്റബോധം കൊണ്ടവൾ വാവിട്ടു കരഞ്ഞപ്പോഴും അവന് അവളോട് സഹതാപം തോന്നിയില്ല. ഗൗതമിയ്ക്ക് സമീറിൽ നഷ്ടപ്പെട്ട വിശ്വാസം തിരികെ നൽകാൻ കഴിയുമോ എന്ന് ചോദിച്ചു. ഇല്ലാതായ ജീവിതം തിരികെ നൽകുമോന്ന് ചോദിച്ചു.
ആ കുട്ടിയുടെ സംരക്ഷണത്തിൽ കഴിയുന്നത് തന്നെയാണ് അവൾക്കുള്ള ഏറ്റവും വലിയ ശിക്ഷ. ചെയ്തുപോയ തെറ്റിന്റെ പേരിൽ ഓരോ നിമിഷവും ഉരുകി ഉരുകി..” വാക്കുകൾ നഷ്ടപ്പെടുന്നുണ്ടായിരുന്നു അയാൾക്ക്. അശ്വസിപ്പിക്കാൻ പോലും കഴിഞ്ഞില്ലെനിക്ക്. കാരണം അതിലും തീവ്രമായ അവസ്ഥയായിരുന്നു എന്റേത്. നെഞ്ച് പിളരും പോലെ തോന്നി. ഉള്ള് പൊള്ളും പോലെ തോന്നി.
വിശ്വാസം നഷ്ടപ്പെട്ടിരുന്നോ എന്റെ… അവൻ മറ്റൊരാളെ സ്നേഹിച്ചിരുന്നത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് അതുമാത്രമേ ഉണ്ടായിരുന്നുള്ളു. എന്നെ അവൻ മോഹിപ്പിച്ചിട്ടില്ല… ആശ തന്നിട്ടില്ല. പിന്നെ എങ്ങനെ…
കാലുകൾ യാന്ദ്രികമായി ചലിക്കുകയായിരുന്നു അങ്ങോട്ടേക്ക്. ഉമ്മറത്തെത്തിയപ്പോഴേ അകത്ത് നിന്നൊരു കുരുന്നിന്റെ കരച്ചിൽ കേട്ടിരുന്നു.
ഉമ്മറം കടന്ന് അകത്തേക്ക് കയറിയതും കുഞ്ഞിന്റെ കരച്ചിൽ കേട്ട് അകത്തേക്ക് ഓടുന്നവളെ കണ്ടു. മിത്ര, അവളെന്നെയും കണ്ടു. ആ കണ്ണുകൾ എനിക്ക് മുൻപിലൊന്ന് അലറിക്കരയാൻ വെമ്പി നിൽക്കുകയാണെന്ന് തോന്നി. വെറുപ്പ് തോന്നിയിരുന്നുന്നോ എനിക്ക്. അറിയില്ല. ഉള്ളമത്രയും മറ്റൊരാൾക്ക് പിന്നാലെയായിരുന്നു.
നിറകണ്ണുകളോടെ അവൾ കൈകൂപ്പി നിലത്തേക്ക് ഊർന്നു വീണു. അലറിക്കരയുന്ന കുഞ്ഞിന്റെ കരച്ചിൽ അവൾ കേൾക്കുന്നില്ലെന്ന് തോന്നി.
“കുഞ്ഞ് കരയുന്നത് കേൾക്കുന്നില്ലേ…” നാളുകൾക്കിപ്പുറം ആ ശബ്ദം. ഉള്ളൊന്ന് പിടഞ്ഞു. ചുറ്റിനുമൊരു തണുപ്പ് വ്യാപിക്കുന്നതറിഞ്ഞു.
എന്നെത്തന്നെ നോക്കി തറഞ്ഞു നിൽക്കുന്നു. കണ്ണുനീരെന്റെ കാഴ്ചയെ മറക്കുന്നുണ്ടായിരുന്നെങ്കിലും ആ ഗന്ധം അടുത്തേക്ക് വരുന്നത് അറിയുന്നുണ്ടായിരുന്നു.
“വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു.” എന്നെ നോക്കിയൊന്ന് മന്ദഹസിച്ചു.
ഒന്ന് പരിഭവിച്ചൂടെ നിനക്കെന്നോട്… എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പരാതികളില്ലാതെ അവനെന്നോട് പ്രതിഷേധിക്കുകയാണ്. അവിടെയും തോൽവി എനിക്ക് തന്നെ.
“മാപ്പ്…” അത്രമാത്രമേ ഞാൻ പറഞ്ഞുള്ളു. എന്തിനെന്നപോലെ അവൻ നെറ്റി ചുളിച്ചു.
” ഒരിക്കലെങ്കിലും ഞാൻ… ഞാൻ നിന്നെ കേൾക്കണമായിരുന്നു സമീർ… ” വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. കണ്ണുനീരിന്റെയൊരു പ്രവാഹം കൺകോണിലൊളിപ്പിച്ചാണ് ഞാൻ നിന്നത്.
“നഷ്ടപ്പെട്ടത് ഇനി തിരികെ കിട്ടില്ല. ഇനി പറഞ്ഞിട്ടെന്താ. ഒരുപക്ഷെ കാലം കാത്ത് വച്ചത് ഇങ്ങനെയൊരു വിധി ആയിരുന്നിരിക്കണം.” ആ പറഞ്ഞതിലെ ധ്വനി ഞാൻ തിരിച്ചറിഞ്ഞു. ഇനി ആ ജീവിതത്തിൽ എനിക്കൊരു സ്ഥാനമില്ലെന്ന് അടിവരയിട്ടവൻ പറഞ്ഞിരിക്കുന്നു.
മിത്രയെ ഒന്ന് നോക്കി… കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നിടത്തേക്ക് അവൾ നടന്നു.
“മിത്ര…” എന്റെ വിളി കേട്ടു തിരിഞ്ഞു നിൽക്കെ അവളുടെ കണ്ണുകളിലൊരു ചോദ്യഭാവമായിരുന്നു.
“നീ ഇവിടെ അല്ല നിൽക്കേണ്ടത്, മംഗലത്താണ്. നിന്റെ കുഞ്ഞിന്റെ അച്ഛൻ അവിടെയാണ്. കുഞ്ഞിനെ എടുത്ത് എന്റെ ഒപ്പം വരു…” സ്വന്തമായൊരു തീരുമാനം അക്കാര്യത്തിലില്ലെന്ന പോലെ അവളുടെ കണ്ണുകൾ നീണ്ടത് സമീറിന്റെ നേർക്കായൊരുന്നു.
” വേണ്ട. ഇതെന്റെ കുഞ്ഞാണെന്ന് വിളിച്ചു പറയാനുള്ള കഴിവും മനസ്സും ഇല്ലാത്തൊരുത്തന്റെ കൂടെ അവൾ ജീവിക്കണ്ട. ആ കുഞ്ഞ് അവനേ അച്ഛാന്നും വിളിക്കണ്ട. ” ഉറച്ചതായിരുന്നു അവന്റെ ശബ്ദം.
“മിത്രയും തെറ്റ് ചെയ്തിരുന്നു സമീർ. പൊറുക്കാൻ കഴിയാത്ത തെറ്റ്. അത് തകർത്തത് അവളുടെ മാത്രം ജീവിതവുമല്ല.” ചിലമ്പിച്ചു പോയിരുന്നു എന്റെ ശബ്ദം. അപ്പോൾ മിത്രയിൽ നിന്നുമൊരു തേങ്ങൽ പുറത്ത് വന്നിരുന്നു.
” അവൾക്കതിനുള്ള ശിക്ഷ ഇവിടെയാണ് ഗൗതമി… ” ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നി.
തിരികെ മടങ്ങുമ്പോൾ എന്നോ കേട്ടു മറന്ന വരികളോർത്തു.
“ഉണ്ടായിരിക്കുമോ നിന്റെ മനസ്സിലും നമ്മൾ ജീവിക്കാതെ പോയൊരാ ജീവിതം…?ഇല്ലാതിരിക്കട്ടെ…നിൻ കണ്ണിൽ നിന്നെന്റെ വെന്ത നിഴലിനെ പിൻവലിക്കുന്നു ഞാൻ”
ബാലചന്ദ്രൻ ചുള്ളിക്കാട്??
തറവാട്ടിലേക്ക് തിരികെയെത്തി മുറിയിൽ കയറി വാതിലടച്ചു. ആരെയും കാണാൻ തോന്നിയില്ല.
ആരൊക്കെയോ വന്ന് വാതിലിൽ മുട്ടി. തുറക്കാതെ… മറുപടിയൊന്നും പറയാതെ മുറിയുടെ ഒരു കോണിൽ കാൽമുട്ടിൽ മുഖം ചേർത്തിരുന്നു ഞാൻ. ദേവ്… അയാൾ തന്നതിലും വലിയ മുറിവുകളാണ് കാലം കരുതി വച്ചത്.
ഒന്നലറിക്കരയാൻ തോന്നി. പക്ഷേ ചായാനൊരു തോളില്ലെന്ന് ഓർക്കവേ ഉള്ളിലുള്ളതത്രയും നിശബ്ദമായി ഒഴുക്കി കളഞ്ഞു.
അടുത്ത ദിവസം ഉച്ചയോട് അടുത്ത് അച്ഛൻ വാതിലിൽ മുട്ടി, തുറക്കാതെ ഇരിക്കാൻ തോന്നിയില്ല. മുഷിഞ്ഞ വസ്ത്രം മാറ്റാതെ അഴിഞ്ഞുലഞ്ഞ മുടിയോടെ നിൽക്കുന്ന എന്നെ കാണവേ അച്ഛന്റെ കണ്ണിൽ തെളിഞ്ഞ വേദന ഇത്തവണ എന്നെ നോവിച്ചില്ല.
“അച്ഛനും ഒക്കെ അറിയാമായിരുന്നോ.” കണ്ണ് നിറച്ചായിരുന്നു അച്ഛന്റെ മറുപടി. അതിൽ കവിഞ്ഞൊന്നും ഞാൻ പ്രതീക്ഷിച്ചതുമില്ല.
“മോളെ കാണാനൊരാൾ വന്നിരിക്കുന്നു.” അത്രയും പറഞ്ഞ് അച്ഛൻ കോണിപ്പടികൾ ഇറങ്ങി.
പിന്നെയും ഏറെ നേരം കണ്ണാടിയിലെ എന്റെ പ്രതിബിംബത്തിൽ നോക്കി ഞാൻ നിന്നു. ഗൗതമി അവൾ എവിടെയോ മറഞ്ഞിരിക്കുന്നു. അല്ല… അവനില്ലായ്മയിൽ എവിടെയോ ഞാൻ മറന്നുവച്ചതാണവളെ… ഇന്നത്തെ ഗൗതമിയ്ക്ക് ഹൃദയമില്ല… വേദനകളില്ല… ആനന്ദവുമില്ല.
കോണിപ്പടിയിറങ്ങുമ്പോൾ കേട്ടിരുന്നു ആ ശബ്ദം. കാലുകൾ വേഗത്തിൽ താഴേക്ക് ചലിച്ചു.
“സമീർ…” നിറഞ്ഞ പുഞ്ചിരിയോടെ അച്ഛന്റെ മുൻപിലിരിക്കുന്നുണ്ടായിരുന്നു. ഓടി ചെന്നാ കാൽക്കലേക്ക് വീഴാൻ തോന്നി. പക്ഷേ ശരീരം അനങ്ങുന്നുണ്ടായിരുന്നില്ല.
അവനെണീറ്റ് എനിക്കരികിലേക്ക് വന്നു.
” വരുവോ എന്റെ കൂടെ… ” കാതുകളൊന്ന് കൂടി അത് കേൾക്കാൻ കൊതിച്ചു. മിഴികൾ അവന് മറുപടി നൽകി.
അച്ഛനും മൗനാനുവാദം നൽകി. മറ്റൊരാളോടും ചോദിക്കാനില്ലായിരുന്നു.
മാപ്പ് പറഞ്ഞപ്പോൾ വാക്കുകൾ കൊണ്ടു എന്തിനെന്നെ നോവിച്ചു എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ കുസൃതിയൊളിപ്പിച്ച കണ്ണുകൾ ചിമ്മി അവനിലേക്ക് എന്നെ ചേർത്ത് പിടിച്ചപ്പോൾ പരിഭവിക്കാൻ പോലും ഞാൻ മറന്ന് പോയിരുന്നു.
എവിടെ വച്ചോ നഷ്ടമായ ഞങ്ങൾക്കായുള്ള തിരച്ചിൽ അവിടെ തുടങ്ങുകയായിരുന്നു. ദേശവും മനുഷ്യരും മുഖം തിരിക്കുമെന്ന തിരിച്ചറിവോടെ സമീറിന്റെ കൈകളിൽ മുറുകെ പിടിച്ചു ഞാൻ നടന്നു.
നേടിയെടുക്കാനാവില്ലെന്ന് കരുതിയ സ്വപ്നങ്ങൾക്ക് വർണ്ണം പകരാൻ… ഒന്നിച്ചു കാണാൻ കൊതിച്ച കാഴ്ചകൾ കാണാൻ…
അങ്ങനെയങ്ങനെ ഇനി ഞാനെന്റെ പ്രണയത്തിന് നിറം പകരട്ടെ… കരുതി വച്ച ചുംബനങ്ങളൊക്കെ മധുരമായി അവന് ഞാൻ പകർന്നു നൽകട്ടെ…
അവസാനിച്ചു…
~ആതിര