കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ ചാലുകളുടെ അടയാളങ്ങൾ മറയ്ക്കേണ്ടതുള്ളത് കൊണ്ട് ആദിത്യന് മുഖം കൊടുക്കാതെ വേഗം വർക്കിലേക്ക് തിരിഞ്ഞു…

Story written by Nithya Prasanth

=========

“എന്താ ഇത്ര വലിയ ആലോചന??”

ആദിത്യന്റെ ശബ്ദം കേട്ട് പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോഴാണ് സ്ഥലകാല ബോധം ഉണ്ടായത്….

ഇപ്പോൾ ഓഫീസിൽ ആണെന്നും കുറെ നേരമായി ലാപ്ടോപിന് മുന്നിൽ ഇരുന്നു പഴയ കാല ഓർമകളിലൂടെ യാത്രയിലായിരുന്നുവെന്നും…

കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ ചാലുകളുടെ അടയാളങ്ങൾ മറയ്ക്കേണ്ടതുള്ളത് കൊണ്ട് ആദിത്യന് മുഖം കൊടുക്കാതെ വേഗം വർക്കിലേക്ക് തിരിഞ്ഞു .

ആദിത്യൻ പോകില്ല എന്ന് അറിയാം..എന്നാലും ഒരു പാഴ് ശ്രമം…മുഖമൊന്ന് മാറിയാൽ സ്വരമൊന്നിടറിയാൽ ആൾക്ക് മനസിലാകും…

താൻ വിഷമിക്കാൻ പാടില്ലായെന്ന് എന്തോ ഒരു നിർബന്ധം ആണ് ആൾക്ക്…അങ്ങോട്ട് ഒന്നും സംസാരിക്കാൻ ചെന്നില്ലെങ്കിലും ഇങ്ങോട്ട് വന്നു അന്വോക്ഷിച്ചു സഹായവും ഉപദേശവും ഒക്കെ തരും…ഞാൻ ഏറ്റെടുത്ത പ്രൊജക്റ്റ്‌ എല്ലാം സക്സസ്ഫുൾ  ആണ്…അതിനു ശേഷം ആണ് ഈ സ്നേഹം…

ഒറ്റ മകൻ…മാനേജിങ് ഡയറക്ടർ…കർശനക്കാരൻ….മൂക്കിൻതുമ്പത് ദേഷ്യം…ഒരു നോട്ടം കൊണ്ട് പോലും പെൺകുട്ടികളോട് കനിയാത്തവൻ…പോരെ പൂരം…

പുള്ളിയുടെ മനസ്സിൽ എന്താണാവോ???എന്തായാലും പൈങ്കിളിയും പ്രേമവും ഒന്നും എനിക്ക് ചേരില്ല…അത് മാത്രമല്ല ഇതുപോലൊരു കാട്ടുപോ ത്തിന്റെ സ്വഭാവം…അയ്യോ വേണ്ട…എന്നാലും എന്തോ പുള്ളിയോട് ഒരു ഇഷ്ടം ഒക്കെ ഉണ്ട്….അത് ഇല്ലാന്ന് പറയുന്നില്ല…

“ഇന്നലെ നിവിയേട്ടൻ എന്നെ അടിച്ചു …” പറയുമ്പോൾ വാക്കുകൾ ഇടറി…മുഖത്തു ഇന്നലത്തെ ഓർമകളുടെ കരിനിഴൽ വ്യാപിച്ചു…

കേട്ടതും ആദിത്യന്റെ മുഖം വലിഞ്ഞു മുറുകി…

“മ്മ്…” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു…

“ബോർഡ് മീറ്റിംഗിൽ ഞാൻ ഒപ്പോസ് ചെയ്തോണ്ട് പുതിയ ക്ലൈന്റ്സ്ന്റെ പ്രൊജക്റ്റ്‌ പെൻഡിങ്ങിൽ ആയി “

“കുലദ്രോ ഹി എന്നൊക്കെ പറഞ്ഞു എന്നെ ഒരുപാട് വഴക്ക് പറഞ്ഞു “

അവൻ ഒരുനിമിഷം കണ്ണുകൾ ഒന്ന് അടച്ചു തുറന്നു…മുഷ്ടി ചുരുട്ടി പല്ല് ഞെരിച്ചു തിരിഞ്ഞു നടന്നു..ഇനി കൂടുതൽ കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ..ക്യാബിനിൽ കയറി ഡോർ വലിച്ചടച്ചു.

വിശേഷങ്ങൾ ഒക്കെ ആദിത്യന് അറിയാവുന്നതാണ്…പലപ്പോഴായി പറഞ്ഞിട്ടുണ്ട്…

നിവിയേട്ടന് ഞാനും ഏട്ടന്റെ സഹോദരി നമിതയും ഒരുപോലായിരുന്നു…കമ്പനി ഫിനാൻഷ്യൽ മറ്റേഴ്‌സ് വന്നപ്പോൾ ഞാൻ ചെറിയച്ഛന്റെ മകൾ മാത്രം ആയി…

തനിക്കു അഞ്ചു വയസ് ഉള്ളപ്പോഴാണ് അച്ഛന്റെ രണ്ടാം വിവാഹം..അതിലുണ്ടായ മകൻ ആണ് നീരജ്…നീരജിനെക്കാൾ വല്യച്ഛന്റെ മകനായ നിവിയേട്ടനാണ് തന്നോട് കൂടുതൽ സ്നേഹം ഉള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്……

അച്ഛന്റെയും വല്യച്ഛന്റെയും ഫാമിലി അടങ്ങുന്ന ഒരു കൂട്ടു കുടുംബം…അതാണ് തന്റെ വീട്…വല്യച്ഛനും വല്യമയ്ക്കും അവരുടെ രണ്ടു മക്കളായ നിവിയേട്ടനോടും നമിതയോടും മാത്രമേ സ്നേഹം ഉള്ളൂ..രണ്ടാനമ്മയ്ക്ക് അവരുടെ മകനായ നീരജ്നോടും…

ശരിക്കും താനാണ് അവിടെ ഒറ്റപ്പെട്ടത്…രണ്ടു അമ്മമാരെ പോലുള്ളവർ വീട്ടിലുണ്ട്..എന്നാൽ മനസ് തുറന്നു സംസാരിക്കാനോ തന്നെ സ്നേഹിക്കാനോ അവർക്ക് താല്പര്യം ഇല്ല…ഒറ്റപ്പെടലിൽ നിന്നുള്ള ആശ്രയം ആയി പുസ്തകങ്ങളെ ആണ് കൂട്ടുപിടിച്ചത്…അങ്ങനെ പഠനത്തിൽ എന്നും മുൻപിലായി…സ്കൂളിൽ  ഒന്നാമതായി…

പാതി സ്വത്തുക്കളുടെ അവകാശിയും കമ്പനിയുടെ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന ബ്രയിനും തന്റെ ആണ്…അതാണ് കാര്യം…അംഗീകരിച്ചു തരാൻ കഴിയില്ല അവർക്ക്…അവരുടെ മക്കൾ പിന്നിലാക്കപെടുമോയെന്ന് ഭയമാണ്…

അച്ഛൻ മാത്രമേ ഉള്ളൂ തന്നെ മനസിലാക്കുന്നത്….വല്യച്ഛന് ഒരു കാർന്നോർ സ്ഥാനം ആണ്…വല്യച്ഛന് മുന്നിൽ ഒന്നും എതിർത്തു പറയാനുള്ള ധൈര്യം ഇല്ല അച്ഛന്…അത് അറിയാവുന്നത് കൊണ്ട് താൻ സംസാരിച്ചു…അതിനു ഓരോകാരണങ്ങൾ പറഞ്ഞു വഴക്കുണ്ടാക്കി അടിയിൽ കലാശിച്ചു….

കമ്പനി നഷ്ട്ടത്തിലേക്ക് ആകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ പുതിയ ക്ലൈന്റ്മായി എഗ്രിമെന്റ് വേണമത്രെ…വല്യച്ഛനും നിവിയേട്ടനും അറിഞ്ഞുകൊണ്ടുള്ള കളിയാണ്….

ക്ലൈന്റ്റും നമ്മുടെ കമ്പനിയുമായി ഒരു എഗ്രിമെന്റും ക്ലൈന്റ് മായി നിവിയേട്ടന് രഹസ്യമായി മറ്റൊരു എഗ്രിമെന്റും….രണ്ടാമത്തേത് വളരെ സീക്രെട് ആയി അറിഞ്ഞതാണ്..നഷ്ടം നമുക്ക്…ചിലപ്പോൾ കരകയറാൻ കഴിഞ്ഞെന്നു വരില്ല…

നിവിയേട്ടൻ പുതിയൊരു കമ്പനി ലൈസെൻസ് ഒക്കെ എടുത്തു എന്ന് അറിഞ്ഞു, വിശ്വസ്ഥൻ ആയ ഒരാളിൽ നിന്നും..അതാണ് ഞാൻ ഇത്രയ്ക്കും സ്ട്രോങ്ങ്‌ ആയി നിൽക്കുന്നത്….

സ്ത്രീകളൊന്നും തലപ്പത്തിരിക്കുന്നത് സഹിക്കുന്നില്ല..വല്യമ്മയെയും ചെറിയമ്മയെയും പോലെ വീട്ടിലെ ആണുങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചു അടങ്ങി ഒതുങ്ങി നിൽക്കണം…എന്നെ കമ്പനി ഡയറക്ടർസ് ൽ നിന്നും നീക്കണം…അബ്രോഡ് മാര്യേജ് ചെയ്തു വിടാൻ ഒരുപാട് നോക്കി…കഴിഞ്ഞില്ല….

കുറെ കഴിഞ്ഞു ആദിത്യൻ വീണ്ടും വന്നു..കാന്റീനിലേക്ക് കൂട്ടിക്കൊണ്ടുപോയി…വിവരങ്ങൾ ചോദിച്ചു…

“മുൻപേ ഒറ്റപ്പെടൽ ആയിരുന്നല്ലോ…ഇപ്പോൾ പൂർണം ആയി…ഇനി അവിടെ നിൽക്കാൻ തോന്നുന്നില്ല…ഷെയർ വാങ്ങി പിരിയണം…”

ഒന്ന് നിർത്തി അവൾ തുടർന്നു..

“അത് വരെ എല്ലാവരുടെയും കനപ്പിച്ച മുഖവും കണ്ടു നിൽക്കാൻ വയ്യ…എന്തായാലും കമ്പനി നഷ്‌ടത്തിലാക്കാൻ ഞാൻ സമ്മതിക്കില്ല….അച്ഛന്റെ ഇതുവരെയുള്ള ജീവിതം മുഴുവൻ കൊണ്ട് കൂടി ഉണ്ടാക്കിയതാണ്. മറ്റുള്ളവരുടെ സ്വാർത്ഥ താല്പര്യം കൊണ്ട് അത് നഷ്‌ടപ്പെടുത്താൻ സമ്മതിക്കില്ല.”

“അച്ഛന് വല്യച്ഛനോട് എതിർക്കാൻ ത്രാണി ഇല്ല…അതാണ് എനിക്കു വിനയയത്….”

“സ്നേഹയെ കൊല്ലാൻ ചിലപ്പോൾ കഴിഞ്ഞേക്കും…തോൽപ്പിക്കാനാവില്ല….”

ദൃഢമായിരുന്നു അവളുടെ വാക്കുകൾ…

അവന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു…

“ഞാൻ ഹോസ്റ്റൽ നോക്കാം…റെഡി ആയിക്കോ..ഇന്ന് എന്റെ വീട്ടിലേക്ക് പോരുന്നോ…അച്ഛനും അമ്മയും ഉണ്ട്..”

അതുകേട്ടു അമ്പരപ്പോടെ അവൾ നോക്കി….

“അത് സാരമില്ല…ഹോസ്റ്റലിൽ പോകാം….

????

അച്ഛൻ രണ്ടുവട്ടം വിളിച്ചിരുന്നു…തിരിച്ചു വരാൻ പറഞ്ഞു…എല്ലാം ക്ഷമിക്കാനും സഹിക്കാൻ പറയാനും മാത്രമേ അച്ഛന് കഴിയൂ…ഇതുരണ്ടും തനിക്കു ആവില്ല…

ഇവിടെ സേഫ് ആണെന്നും മറ്റൊരു വീട്ടിലേക്കു മാറുന്നത് വരെ ഇവിടെ നിന്നുകൊള്ളാം എന്നും അച്ഛനെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്…

ഹോസ്റ്റൽ വാർഡന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നും ഉണർത്തി..

“സ്നേഹ..ഒരു വിസിറ്റർ ഉണ്ട്…” വാർഡൻ പറഞ്ഞു….

ആദിത്യൻ ആവുമോ…അല്ലെങ്കിൽ അച്ഛൻ..വേറെ ആർക്കും അറിയില്ലല്ലോ..താൻ ഇവിടെ ഉണ്ടെന്ന്…

ചെന്നപ്പോൾ റൂമിൽ നിവിയേട്ടൻ….

“നീയെന്താ ഇവിടെ…കാര്യങ്ങൾക്കൊന്നും തീരുമാനം ആവാതെ പോകാൻ പറ്റില്ല…ഇപ്പോൾ തന്നെ ഇറങ്ങിക്കോ ഇവിടന്ന് “

“ഇല്ല..ഞാൻ എങ്ങോട്ടും ഇല്ല..എന്റെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല…”

“അഹങ്കാരീ…നീ….”

പാഞ്ഞുവന്നു കവിളിനു കുത്തിപിടിച്ചു…പിന്നെ ചുമരിലേക്ക് തള്ളി…പതിയെ എഴുന്നേറ്റപ്പോൾ കഴുത്തിനു ഞെക്കി മുഖത്തു അടിച്ചു…താഴേക്കു മുഖമടിച്ചു വീണു…

ശബ്ദം കേട്ട് വാർഡനും ഒന്ന് രണ്ടു കുട്ടികളും ഓടിവന്നു…

വീണിടത്തുനിന്നും എഴുനേൽക്കുന്ന സ്നേഹയെയും കലിതുള്ളി നിൽക്കുന്ന നിവിനെയും കണ്ടു വാർഡൻ ആദ്യം ഒന്ന് പകച്ചു…എങ്കിലും ധൈര്യം സംഭരിച്ചു പറഞ്ഞു..

“ഇവിടെ ഇതൊന്നും പറ്റില്ല…വേഗം ഇറങ്ങിക്കോ…അല്ലെങ്കിൽ പോലീസിനെ വിളിക്കും….”

അവന്റെ കലി അടങ്ങുന്നില്ലായിരുന്നു..കിതപ്പോടെ കുറച്ചു നേരം കൂടി അവിടെ നിന്ന് എല്ലാരേയും ഒന്ന് ദേഷ്യത്തിൽ നോക്കി അവൻ പോയി…

????

തന്നെ എത്ര സ്നേഹിച്ചു കൊണ്ടുനടന്നിരുന്നതാ നിവിയേട്ടൻ…എന്നിട്ടിപ്പോ..സഹിക്കാൻ പറ്റുന്നില്ല…ശരീരവും മനസും ഒരുപോലെ വേദനിക്കുന്നു…

ആദിത്യനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആദ്യമായി ആഗ്രഹിച്ചു…ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഓടിച്ചെന്നു…ആദിത്യൻ എന്ന് കണ്ടതും മനസ്സിൽ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങി….കാത്തിരുന്നപോലെ…..

“ഹലോ..”

“എങ്ങനെ ഉണ്ട് അവിടം..ഓക്കേ ആണോ..”

“മമ്..കുഴപ്പം ഇല്ല..ഓക്കേ ആണ്..”

“എന്തെകിലും പ്രശ്നം ഉണ്ടോ…”

“ഇല്ല….”

“എന്നാൽ ശരി ….’

അവസാനം പറഞ്ഞ വാക്കുകൾക്ക് കുറച്ചു കടുപ്പം..തന്റെ മനസ് വായിച്ചു കഴിഞ്ഞ പോലെ…

പത്തുമിനിറ്റ് കഴിഞ്ഞുകാണും…വാർഡൻ വന്നു വിളിച്ചു…സ്നേഹയ്ക്ക് വിസിറ്റർ ഉണ്ട്….

നിവിയേട്ടൻ വീണ്ടും വന്നോ..അതോ ആദിത്യനോ …

കണ്ണാടിയിൽ നോക്കി…ഇടതുകവിൾ ചുവന്നു കിടക്കുന്നുണ്ട്….കഴുത്തിൽ കൈവിരലുകളുടെ പാടുകൾ…മറയ്ക്കാനായി കുറച്ചു മുടിയിഴകൾ മുന്നിലേക്കെടുത്തിട്ടു…ഒരു ഷാളെടുത്തു കഴുത്തിൽ കൂടി ഇട്ടു…താഴേക്ക് ചെന്നു…

ഊഹം തെറ്റിയില്ല..വിസിറ്റേഴ്സ് റൂമിൽ കൈകെട്ടിചുമരിൽ ചാരി ഏതോ ആലോചനയിലാണ് ആദിത്യൻ….

അനക്കം കേട്ടതും തിരിഞ്ഞു നോക്കി….തന്നെ കണ്ടതും ഏതോ ദുഃഖം ആ കണ്ണുകളിൽ നിഴലിച്ചു…തന്റെ നേരെ നോക്കാനാവാതെ കുറച്ചു നേരം മുഖം തിരിച്ചു…എന്ത് പറയണമെന്നറിയാതെ താനും…..

അടുത്തേയ്ക്ക് വന്നു.മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി..മുഖത്തേക്ക് കിടക്കുന്ന മുടിയിഴകള ലക്ഷ്യമാക്കിയെന്നോണം അവന്റ കണ്ണും കൈകളും ചലിച്ചു. പെട്ടെന്ന് കൈ പിൻവലിച്ചു…

“എടുക്കാനുള്ളത് എന്താന്നുവച്ചാൽ എടുത്തോ..പോകാം”

എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ ഒരു നിമിഷം നിന്നു…

“എന്നാൽ ഞാൻ പോയി എടുക്കാം”

അവൻ മുകളിലേക്ക് പോകാനൊരുങ്ങി

“അയ്യോ വേണ്ട…അവിടെയ്ക്ക് ജന്റ്സ് നു പ്രവേശനം ഇല്ല”… അധിയോടെ പറഞ്ഞു..

“അത് സാരമില്ല” അവൻ പോകാനൊരുങ്ങി

ഓടിച്ചെന്നു മുന്നിൽ കയറി നിന്നു…

“ഞാൻ എടുത്തിട്ട് വരാം, വെയിറ്റ് ചെയ്യൂ…”

ബാഗ് ഒക്കെ എടുത്തു റൂം വെക്കേറ്റ് ചെയ്തു. നേരെ പോയത് ആദിത്യന്റെ വീട്ടിലേക്ക്…വീട്ടിലെത്തി ബെല്ലടിച്ചു വെയിറ്റ് ചെയ്തു…അമ്മയാണ് വാതിൽ തുറന്നത്….

“വരൂ… ” അവൻ വിളിച്ചു…അവൻ അകത്തേക്ക് കയറി…താൻ അകത്തേക്ക് കയറാതെ അമ്മയെ നോക്കി…

“അമ്മ…ഇതു സ്നേഹ…ഞാൻ പറഞ്ഞിട്ടില്ലേ…ഇപ്പോൾ ഒരു പ്രതേക സാഹചര്യത്തിൽ വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നു..ഹോസ്റ്റലിൽ ശരിയാവില്ല..കുറച്ചു നാൾ ഇവിടെ ഉണ്ടാകും…”

അമ്മ അമ്പരപ്പോടെ അച്ഛനെ നോക്കി…അച്ഛന്റെ മറുപടിക്കായി…

“നിങ്ങൾക് ബുദ്ധിമുട്ട് ആകുമെങ്കിൽ ഇവളുടെ കൂടെ ഞാനും ഇറങ്ങും..ഏതായാലും വീട്ടിലുള്ളവർക്ക് ടോർച്ചർ ചെയ്യാൻ വിട്ടുകൊടുക്കില്ല..തനിച്ചു ആക്കുകയുമില്ല… “

എല്ലാം കേട്ട് ഞെട്ടി നിൽക്കുകയാണ് അവൾ..സന്തോഷം കൊണ്ട് കണ്ണുകളിൽ നീർതിളക്കം..

“നീ എന്താണീ പറയുന്നത്…നീ വീട് വിട്ടു പോകുമെന്നോ…ഭീഷണിയാണോ…എന്നാ മോനെ നീ ഇങ്ങനെ ഒക്കെ സംസാരിക്കാൻ തുടങ്ങിയത്….”

“ഞങ്ങൾ എതിർപ്പ് ഒന്നും പറഞ്ഞില്ലല്ലോ…പിന്നെ ഇങ്ങനെ സംസാരിക്കുന്നത്…” ആ അമ്മയുടെ വാക്കുകൾ ഇടറി…

“എന്റെ അമ്മുക്കുട്ടി…പിണങ്ങാതെ…ഞാൻ ചുമ്മാ പറഞ്ഞതല്ലേ…” അവൻ അമ്മയെ ചേർത്തു നിർത്തി…

ആദിത്യന് ഇങ്ങനെ ഒരു ഭാവമോ..അവൾ അത്ഭുതത്തോടെ ഇരുവരെയും സാകൂതം വീക്ഷിച്ചു….

“കയറി വാ മോളെ…” അമ്മ പറഞ്ഞു..അച്ഛനും ചിരിച്ചുകൊണ്ട് സമ്മതം അറിയിച്ചു

ആദിത്യൻ കാറിൽ നിന്നും ബാഗുകൾ എടുത്തു കൊണ്ടുവന്നു…മുകളിൽ ആദിത്യന്റെ റൂമിനടുത്തുള്ള മുറിക്കൊടുത്തു….

“അമ്മയും കൂടെ കിടന്നോട്ടോ….” അവൻ പറഞ്ഞു..

“മം ” അമ്മ ചിരിച്ചുകൊണ്ട് മൂളി…

എല്ലാരും പോയപ്പോൾ ആദിത്യൻ റൂമിലേക്ക് വന്നു…

“തന്റെ ഇഷ്ടം ഒന്നും ചോദിച്ചില്ല…ഇപ്പോൾ തന്റെ സേഫ്റ്റി…മാത്രമേ നോക്കിയുള്ളൂ…താൻ വിഷമിക്കുന്നത് കാണാൻ വയ്യ…ഇനി വീട്ടിലെ കാര്യങ്ങൾ ഓക്കേ ആകുമ്പോൾ അച്ഛനോടൊത്തെ തന്നെ അയക്കു..അതുവരേയ്ക്കും ഇവിടെ “

“അതുവരെ ഉള്ളു..ഞാൻ ഇവിടെ??”

ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു…

ചോദ്യം കേട്ട് ആൾ ഞെട്ടി നോക്കി….

“അങ്ങനെ അല്ല..തന്റെ മനസ്സിൽ എന്താണെന്ന് അറിയില്ലല്ലോ…”

“ചോദിച്ചാലല്ലേ അറിയൂ..” ചിരിയോടെ നോക്കി…

“അത്…ഞാൻ…എന്നാൽ താനിനി പോകുന്നില്ല….””

“അയ്യടാ…ഞാൻ അച്ഛന്റെ കൂടെ പോകും ” കപട ദേഷ്യത്തിൽ പറഞ്ഞു..

“എന്നാൽ ഞാൻ അച്ഛനോട് പോയി ചോദിച്ചോളാം…എന്റെ കൂടെ അയക്കാമോന്ന്…..”

മനസ്സുനിറഞ്ഞുള്ള ഒരു ചിരിയായിരുന്നു അവളുടെ മറുപടി…അതുകണ്ടു അവന്റെ ഹൃദയവും നിറഞ്ഞു….

അപ്പോഴേയ്ക്കും ഭക്ഷണം കഴിക്കാനുള്ള അമ്മയുടെ വിളി എത്തിയിരുന്നു…

സ്നേഹപൂർവ്വം, നിത്യ പ്രശാന്ത്.