നന്ദന്റെ വാക്കുകൾ കേട്ടപ്പോൾ വൃന്ദയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു..അവൾ അവനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…

വർണങ്ങൾ

Story written by Thanseer Hashim

=========

എടാ..നന്ദു..അച്ഛൻ വരുന്നുണ്ട്..വേഗം വളകൾ അഴിക്ക്..ഇല്ലെങ്കിൽ, ഇന്നും നീ, തല്ല് വാങ്ങിച്ചു കൂട്ടും..

താഴത്തെ നിലയിൽ നിന്നും വരദയുടെ വാക്കുകൾ കേട്ടയുടനെ, നന്ദൻ വെപ്രാളപ്പെട്ട് കൈയിലെ വളകൾ അഴിച്ചു തുടങ്ങി..

വൃന്ദ, തോർത്തുമുണ്ട് കൊണ്ട് പുരികത്തിലെ കണ്മഷികൾ തുടച്ചുകൊടുത്തുകൊണ്ട് പറഞ്ഞു..വേഗം ചുരിദാറ് അഴിക്ക്, ഈ ഷർട്ടിട്ടേ…..അച്ഛൻ ഉമ്മറത്ത് എത്തിക്കാണും…വൃതികയെ അറിയാലോ അവൾ പറഞ്ഞു കൊടുക്കും..

ഉമ്മറത്തെ കോലായിൽ എത്തിയ വാസുദേവൻ..വളരെ ദേഷ്യത്തോടെ അലറി…

എടീ ലക്ഷ്മി…

അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ലക്ഷ്മി, ഭർത്താവിന്റെ വിളികേട്ട് പെട്ടെന്നുതന്നെ ഉമ്മറത്തേക്ക് ഓടിയെത്തി..

നിൻറെ ആണും പെണ്ണും കെട്ട സന്തതി ഉണ്ടല്ലോ..അവനെക്കൊണ്ട് നാട്ടിലെനിക്ക് തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിലായി…പണ്ടേ വല്ല വി ഷ വും വാങ്ങി കൊടുത്ത് കൊ ല്ലണം ആയിരുന്നു അതിനെ..

ദേഷ്യം കടിച്ചമർത്തി കൊണ്ടുള്ള വാസുദേവന്റെ വാക്കുകൾക്ക്, ലക്ഷ്മി മറുപടിയൊന്നും നൽകിയില്ല..

അച്ഛൻറെ ബഹളംകേട്ട് നന്ദനും മൂന്ന് സഹോദരിമാരും ഉമ്മറത്ത് വന്നു നൊക്കി….

വാസുദേവൻ നന്ദന്റെ കുപ്പായത്തിൽ മുറുകെപ്പിടിച്ച്, ആഞ്ഞ് കുലുക്കിക്കൊണ്ട് പറഞ്ഞു..ഇനിയും മതിയായില്ലേടാ..നിനക്ക്..ചേച്ചിയുടെ കല്യാണം വീണ്ടും മുടക്കിയപ്പോൾ നിനക്ക് സമാധാനം ആയി കാണും അല്ലേ..നിൻറെ മനോരോഗം എന്താണെന്ന് ഇനിയെങ്കിലും നീ തിരിച്ചറിയടാ…ആണായി ജനിച്ചാൽ ആണിനെ പോലെ ജീവിക്കണം…

വാസുദേവൻ വലതുകൈ ഓങ്ങി, നന്ദുവിനെ അടിക്കാൻ ഒരുങ്ങിയപ്പൊൾ വൃന്ദ അച്ഛൻറെ കയ്യിൽ കയറി പിടിച്ചു…

നിർത്ത് അച്ഛാ..മുടങ്ങിയത് എൻറെ കല്യാണം അല്ലേ..എനിക്കില്ലാത്ത വിഷമം അച്ഛനും വേണ്ട..

ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ നന്ദന്റെ ഷർട്ടിൽ നിന്ന് പിടിവിട്ട് വാസുദേവൻ അവനെ ആഞ്ഞു തള്ളി.‌ തറയിൽ വീണ നന്ദനെ വൃന്ദ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കൈ തട്ടി മാറ്റി..മുകളിലെ മുറിയിലേക്ക് അവൻ കരഞ്ഞുകൊണ്ട് ഓടി…

അവനു പിറകെ വൃന്ദയും ഓടി. അവൻ വാതിൽ അടക്കും മുന്നെ..അവളും മുറിയുടെ അകത്തുകയറി…

കോലായിൽ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നുകൊണ്ട് വാസുദേവൻ കണ്ണീരൊഴുക്കി..ലക്ഷ്മി ഭർത്താവിന്റെ അരികിൽ ചെന്ന് സമാധാനിക്കാൻ ശ്രമിച്ചു…

അയാൾ വിങ്ങിപ്പൊട്ടി കൊണ്ട് പറഞ്ഞു..നാലാമത്തേത് പെണ്ണാണോ ആണാണോ എന്നുള്ളത് വല്ല്യ നിശ്ചയമില്ല അല്ലേ വാസുദേവാ എന്നുപറഞ്ഞ്, ചെക്കന്റെ വീട്ടുകാർ പരിഹസിച്ചപ്പോൾ ഉണ്ടല്ലോ..എൻറെ തൊലിയുരിഞ്ഞു പോയി ലക്ഷ്മി…

അവൻറെ മനോരോഗം ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ….വൃന്ദയുടെ താഴെ ദേ, ഇനി ഇവളുമാരും ഉണ്ട്..

വേദയേയും, വൃതികയേയും ചൂണ്ടിക്കാണിച്ച് വാസുദേവൻ തുടർന്നു പറഞ്ഞു..

നാളെ ഇവളെയൊക്കെ നല്ല ഒരുതൻറെ കൂടെ പറഞ്ഞയക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..പ്രാർഥനയും വഴിപാടും കഴിച്ചു കിട്ടിയ ഏകമകൻ, ഇങ്ങനെ ആയി പോയല്ലോ ദൈവമേ…

വാസുദേവനെ എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെ ലക്ഷ്മി ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു..

മുറിയുടെ ഒരു മൂലയിൽ കുത്തിയിരുന്നു കരയുകയായിരുന്ന നന്ദന്റെ അരികിൽ വൃന്ദ ചെന്നിരുന്നു..

വാക്കുകൾ പറയാൻ പാടുപെട്ട്, നെടുവീർപ്പോടെ അവൻ വൃന്ദയോട് പറഞ്ഞു..

ചേച്ചി…എനിക്ക് മരി ക്കാൻ…പേടിയാണ്…ഞാൻ കാരണം ചേച്ചിയുടെ എത്രാമത്തെ കല്യാണമാ ഈ മുടങ്ങുന്നത്…പലപ്പോഴും ആത്മ-ഹത്യ ചെയ്യാൻ ശ്രമിച്ചതാണ് ചേച്ചി..പറ്റിയില്ല ചേച്ചി…സോറി ചേച്ചി..

നന്ദന്റെ വാക്കുകൾ കേട്ടപ്പോൾ വൃന്ദയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു..അവൾ അവനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..

അയ്യെ..എന്റെ സുന്ദരി കുട്ടി കരയുകയാണോ…നിന്നെ അംഗീകരിക്കാൻ പറ്റാത്ത ഒരു ഭർത്താവിനെ ഈ ചേച്ചിക്ക് വേണ്ടാ….

അച്ഛൻ പറഞ്ഞതൊന്നും നീ കാര്യമാക്കേണ്ട..വിഷമം കൊണ്ട് പറഞ്ഞതാണ്…ആണായി ജനിച്ചാൽ ആണിനെ പോലെ ജീവിക്കണം എന്ന ചിന്തയാണ് നമ്മുടെ അച്ഛന്റെത്…പക്ഷേ നിൻറെ ശരീരം മാത്രമാണ് ആണിന്റെത് എന്ന് മനസ്സിലാക്കാനുള്ള അറിവൊന്നും അച്ഛനില്ല..

ചേച്ചിക്ക് അറിയോ…ഞാൻ ഇട്ടിരിക്കുന്ന ഈ കുപ്പായം ഉണ്ടല്ലോ..അതിനോട് എനിക്ക് അറപ്പാണ് വെറുപ്പാണ്..കാതിൽ കമ്മൽ ഇടാൻ ആണ് എനിക്കിഷ്ടം..കയ്യിൽ വളകൾ ഇടാനാണ് എനിക്കിഷ്ടം..എനിക്കറിയില്ല ചേച്ചി..ഞാനും പെണ്ണും തമ്മിൽ എന്താണ് വ്യത്യാസമെന്ന്…ഒരാണിനെ പോലെ പെരുമാറാൻ ഒരുപാട് ശ്രമിച്ചുനോക്കി.. പറ്റുന്നില്ല ചേച്ചീ…എന്നിലെ സ്ത്രീ ത്വത്തെ ഞാൻ  എത്രതന്നെ അടക്കി പിടിക്കാൻ ശ്രമിച്ചാലും ഞാൻ പോലും അറിയാതെ, അത്  മറനീക്കി വെളിയിൽ വരുന്നു…ആണിന്റെ ശരീരവും പെണ്ണിൻറെ മനസ്സുമായി, ദൈവം എന്തിനാണ് എന്നെ ജനിപ്പിച്ചത്..

നന്ദന്റെ കണ്ണുനീർ തുടച്ച് നെറ്റിയിൽ തല ചേർത്തുവെച്ച്കൊണ്ട് വൃന്ദ ചോദിച്ചു..ഞാനൊരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമൊ?..

അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത്..എൻറെ മനസ്സ് എന്താണെന്ന് തിരിച്ചറിയാൻ അമ്മയ്ക്ക് പോലും കഴിഞ്ഞിട്ടില്ല..ഇപ്പോഴും ചേച്ചി മാത്രമാണ് എന്നെ പൂർണമായും മനസ്സിലാക്കിയിട്ടുള്ളത്..അങ്ങനെയുള്ള എൻറെ ചേച്ചി എന്തു പറഞ്ഞാലും ഞാൻ അനുസരിക്കും…

അപ്പോഴേക്കും വാതിൽ തുറന്ന് ലക്ഷ്മി അവർക്കിടയിൽ കയറിവന്നു..

നീയാണ് ഇവനെ വഷളാക്കുന്നത്..അവൻ പറയുമ്പോഴേക്കും പെൺവേഷം കെട്ടിച്ചും, മോളെ, എടീ, എന്നൊക്കെ വിളിച്ച് അവൻറെ ആണത്തം കളയാൻ നീയൊരുത്തി ഉണ്ടല്ലോ ഇവിടെ..അനുഭവിച്ചോ..

നിർത്തമ്മെ…അമ്മ എന്തറിഞ്ഞിട്ടാണ് ഈ സംസാരിക്കുന്നത്…

ഇല്ലെടി അമ്മയ്ക്ക് ഒന്നും അറിയില്ല..വലിയ മനശാസ്ത്രജ്ഞ വന്നിരിക്കുന്നു..നീ നാലക്ഷരം പഠിക്കുമ്പോഴേക്കും അമ്മയും അച്ഛനുമൊക്കെ പൊട്ടിയായി…

പിറുപിറുത്തുകൊണ്ട് ലക്ഷ്മി അവിടെ നിന്നും ഇറങ്ങിപ്പോയി..

വൃന്ദ മൊബൈൽ ഫോൺ എടുത്ത് ഡോക്ടർ നിർമ്മലയെ വിളിച്ചു…

മാഡം..ഞാൻ പറഞ്ഞില്ലേ എൻറെ അനുജൻറെ കാര്യം..നാളെ ഞാൻ അങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നോട്ടെ..

അതിനെന്താ..വൃന്ദാ..അതിനെക്കുറിച്ച് നേരത്തെ നമ്മൾ സംസാരിച്ചതല്ലെ..നീ കൂട്ടിക്കൊണ്ടു വാ..ഒരൊറ്റ ദിവസം കൊണ്ട് ശരിയാക്കി കയ്യിൽ തരാം…

ഫോൺ കട്ട് ചെയ്ത ഉടനെ..നന്ദൻ ചോദിച്ചു..

ആരെയാ വിളിച്ചത് ചേച്ചി…അവരെ കണ്ടാൽ എനിക്ക് ആണുങ്ങളെ പോലെ പെരുമാറാൻ പറ്റുമോ?.

നന്ദുവിൻറെ നിഷ്കളങ്കമായ വാക്കു കേട്ടപ്പോൾ വൃന്ദ ഒന്ന് ചിരിച്ചു.

എൻറെ മോളെ…നീ ആരാണെന്ന തിരിച്ചറിവ് ആദ്യം ഉണ്ടാക്ക്…അതിനുവേണ്ടിയാണ് അവരെ കാണാൻ പോകുന്നത്..

പുലർച്ചെ തന്നെ ഡോക്ടർ നിർമ്മലയുടെ കാബിനിൽ, വൃന്ദ, നന്ദനെ എത്തിച്ചു…

വൃന്ദാ..ഒന്ന് വെളിയിൽ നിൽക്ക്..ഞാൻ ഒന്ന് ഇവനോട് തനിച്ച് സംസാരിക്കട്ടെ..

അയ്യോ ഞാൻ പോവുകയാണ് മാഡം..എനിക്ക് മീറ്റിംഗ് ഉണ്ട്..രണ്ടു മണിക്കൂർ കഴിഞ്ഞു വരാം..

വൃന്ദ അവിടെ നിന്നും ഇറങ്ങിയപ്പോഴാണ് ഡോക്ടറുടെ നെയിം ബോർഡിൽ സൈക്യാട്രിസ്റ്റ് എന്ന് എഴുതിയിരിക്കുന്നത് നന്ദൻ കണ്ടത്..

അപ്പോൾ എനിക്ക് മനോരോഗം തന്നെയാണല്ലേ ഡോക്ടറെ…

നന്ദന്റെ ആ വാക്ക് കേട്ടതും നിർമല ഒന്ന് ചിരിച്ചു..

ഹ ഹ ഹ…

നന്ദാ..എന്താ നിൻറെ പ്രശ്നം..

ഞാൻ ആണായിട്ടും പെണ്ണുങ്ങളെ പോലെ പെരുമാറുന്നു ഡോക്ടറെ..അത് ചികിത്സിച്ചു മാറ്റാൻ പറ്റുമോ..

അതിനു നീ ആണെന്ന് എന്ന് ആരാണ് പറഞ്ഞത്..

നിർമ്മലയുടെ ആ ഒരൊറ്റ ചോദ്യത്തിൽ തന്നെ നന്ദൻ സൈലൻറ് ആയി..

നന്ദന് ഒരു കാര്യം അറിയാമൊ..ചികിത്സിക്കേണ്ടത് നിൻറെ അച്ഛനെയും വീട്ടുകാരെയും ഈ സമൂഹത്തിനെയും ഒക്കെയാണ്..അതിനോളം ഉള്ള സമയം എന്തായാലും എൻറെ കയ്യിൽ ഇല്ല..

നന്ദന്റെ ശരിക്കും ഉള്ള പ്രശ്നം എന്താണെന്ന് നന്ദൻ അറിയാമൊ…

ഡോക്ടറുടെ ആ ചോദ്യത്തിന് അവൻറെ കയ്യിൽ, മറുപടി ഉണ്ടായിരുന്നില്ല..ഡോക്ടർ തുടർന്നു പറഞ്ഞു..

മറ്റുള്ളവരെ ഭയന്ന്, സ്വന്തം വ്യക്തിത്വം ഒരു ഭാരമായി കരുതി ജീവിക്കുന്നുതാണ് നിന്റെ പ്രശ്നം….

അങ്ങനെ പറഞ്ഞാൽ എനിക്ക് മനസ്സിലാകില്ല ഡോക്ടറെ..

ഓക്കേ നന്ദാ..ഞാൻ മനസ്സിലാക്കി തരാം..നമുക്കൊരു ചായ കുടിച്ചു വന്നാലോ..ഒരു പത്ത് പതിനഞ്ച് മിനിറ്റ് കാത്തിരിക്കണം..

ശരി ഡോക്ടറെ..

നിർമ്മല..മൊബൈൽ ഫോൺ എടുത്തു ആരെയോ കോൾ ചെയ്യാൻ ആരംഭിച്ചു..

15 മിനിറ്റിനുശേഷം നന്ദനേയും കൂട്ടി ഹോസ്പിറ്റനകത്തെ ഒരു കാൻറീനിൽ ചെന്നു…

അകത്തു കയറിയ ഉടനെ എല്ലാവരും നന്ദനെ തന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു..

അതു മനസ്സിലാക്കിയ നന്ദൻ, നടത്തം ഒന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു..എത്ര തന്നെ നിയന്ത്രിച്ചിട്ടും നടത്തത്തിൽ ഉള്ള സ്ത്രൈണത മറ്റുള്ളവർ തിരിച്ചറിയുന്നുണ്ട് എന്ന് അവന് മനസ്സിലായി..

ചിലർ ചൂളമടിച്ചു പരിഹസിച്ചു..മറ്റുചിലർ ചാന്ത് ചാന്തേ…എന്ന് വിളിക്കുന്നുണ്ടായിരുന്നു..അവൻ തല താഴ്ത്തി നിർമ്മല ഇരുന്ന ടേബിളിൽ ചെന്നിരുന്നു..ചുറ്റിലും നോക്കാൻ ഭയമായിരുന്നു അവന്..

ചായ കൊണ്ടുവന്ന വെയിറ്റർ, വല്ലാത്തൊരു പരിഹാസ ഭാവത്തൊടെ ചിരിച്ചതോടെ അവൻറെ കണ്ണു നിറഞ്ഞു..

നിർമ്മല അവിടെ നടക്കുന്നതൊക്കെ കാണുന്നുണ്ട് എങ്കിലും, ഒന്നിനോടും പ്രതികരിക്കുന്നുണ്ടായിരുന്നില്ല..

ചായ കുടിച്ചതിനുശേഷം പണം കൗണ്ടറിൽ കൊടുക്കാൻ നന്ദന്റെ കൈകളിൽ ഏൽപ്പിച്ചു..

പക്ഷേ ഒന്ന് എഴുന്നേറ്റു നിൽക്കാൻ പോലും അവനു ഭയമായിരുന്നു..

നന്ദാ…കൊണ്ട് കൊടുക്ക്…നിർമ്മല ദേഷ്യപ്പെട്ട് പറഞ്ഞു..

അവൻ ആകെ ഭയന്നു പോയി…നടത്തം പരമാവധി നിയന്ത്രിച്ചുകൊണ്ട്  പതുക്കെ പതുക്കെ നടന്നു തുടങ്ങി..

കാൻറീൻ ഉണ്ടായിരുന്നവർ..വലിയ ശബ്ദത്തിൽ പരിഹസിച്ചു ചിരിക്കാൻ തുടങ്ങി..ഒരടി പോലും മുന്നോട്ടു നടക്കാൻ കഴിയാതെ അവൻ പൊട്ടിക്കരയാൻ തുടങ്ങി…

നിർമ്മല..ടാബിൽ തട്ടി സൈലൻസ്..എന്നു പറഞ്ഞ ഉടനെ ആ മുറി മുഴുവനും, സൈലൻറ് ആയി..

അവൻ ഒരു കൊച്ചു കുട്ടിയെ പോലെ വാവിട്ടു കരയാൻ തുടങ്ങി. നിർമ്മല നന്ദന്റെ അരികിൽ ചെന്ന് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..

ഇവിടെയുള്ളവർ  ചായകുടിക്കാൻ വന്നതല്ല..ഇത് കാൻറീനുമല്ല..നമ്മുടെ ഹോസ്പിറ്റലിലെ ഡോക്ടർസും നഴ്സുമാർ തുടങ്ങി ജീവനക്കാര് പോലും ഇതിലുണ്ട്…നീയാരാണെന്ന തിരിച്ചറിവ് നിനക്ക് ഉണ്ടാക്കി തരാൻ ഒരുക്കിയ ചെറിയൊരു നാടകം..

ഓരോരുത്തരായി വന്ന് നന്ദന് കൈകൊടുത്ത് സോറി പറഞ്ഞ്..അവിടെനിന്നും പിരിഞ്ഞുപോയി..അവൻ കണ്ണുതുടച്ചെങ്കിലും കരച്ചിലടക്കാൻ സാധിച്ചില്ല..

കരഞ്ഞ് നെടുവീർപ്പിട്ടു കൊണ്ട് അവൻ ചോദിച്ചു…ഞാൻ സ്ത്രീകളെപ്പോലെ പെരുമാറുന്നതാണോ എൻറെ കുഴപ്പം..

ചെറുപുഞ്ചിരിയോടെ നിർമ്മല അതിനു മറുപടി കൊടുത്തു.

അല്ല…നന്ദാ..സമൂഹത്തെ ഭയന്ന്..സ്വന്തം വ്യക്തിത്വം മറച്ചുവെക്കാൻ പാടു പെടുന്നതാണ് നിൻറെ കുഴപ്പം..പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുക തന്നെ വേണം..മറ്റൊരാളെ ഭയന്ന് അയാളുടെ ഇച്ചക്ക് അനുസരിച്ച് നീ പെരുമാറാൻ ശ്രമിക്കരുത്…

നന്ദാ നിനക്ക് ഒരു കാര്യം അറിയാമോ..വെറും പത്ത് വർഷങ്ങൾക്ക്  മുന്നേ വരെ നമ്മുടെ സമൂഹം, ട്രാൻസ് ജെൻഡറോട്  പെരുമാറിയത് നീ ഇവിടെ കണ്ടതിലും വളരെ മോശമായാട്ടായിരുന്നു…

മനുഷ്യനാണെന്ന പരിഗണനപോലും പലപ്പോഴും അവർക്ക് ലഭിച്ചില്ല..എവിടെയും പരിഹാസവും അവഗണനയും മാത്രം..എന്നിട്ടും അവർ ഒളിച്ചിരുന്നില്ല. സമൂഹത്തിൽ ഇറങ്ങി ജീവിച്ചു..അങ്ങനെയുള്ളവരുടെ പോരാട്ടവീര്യം കൊണ്ടുതന്നെയാണ് ഇന്ന് ട്രാൻസ്ജെൻഡറിന് അൽപമെങ്കിലും അവകാശങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്..

ഞാൻ ഒരു ഉദാഹരണം പറയാം..പത്തൊമ്പതാം നൂറ്റാണ്ട്‌വരെ ജീവിച്ചിരുന്ന മനുഷ്യർ, ഭിന്നശേഷിക്കാരെ പരിഹസിക്കുന്നത് പതിവായിരുന്നു..അവരുടെ വൈകല്യങ്ങളെ കളിയാക്കി സിനിമകൾ പോലും ഉണ്ടായിരുന്നു..

സമൂഹം പുരോഗമിച്ചപ്പോൾ അത് തെറ്റാണെന്ന് മനസ്സിലാക്കുകയും..വികലാംഗർക്ക് കൂടുതൽ പരിഗണന നൽകുകയും ചെയ്തു..

സമൂഹം പിന്നെയും പുരോഗമിച്ചു..വികലാംഗർ എന്ന പദം തന്നെ തെറ്റാണെന്ന് മനസ്സിലാക്കുകയും..ഭിന്നശേഷിക്കാരെന്ന പരിഗണന അവർക്ക് നൽകുകയും ചെയ്തു..

കാലഘട്ടങ്ങൾ പുരോഗമിക്കുമ്പോൾ സമൂഹം പുരോഗമിച്ചുകൊണ്ടിരിക്കും. അവരുടെ തെറ്റുകൾ അവർ തന്നെ തിരുത്തി കൊണ്ടിരിക്കും..

പുരുഷൻറെ ശരീരവും സ്ത്രീയുടെ മനസ്സുമായി പ്രകൃതിയിൽ നീ ജനിച്ചത് വൈകല്യങ്ങളോടെയല്ല..മറിച്ച് പ്രകൃതിയുടെ വൈവിധ്യങ്ങളിലൊന്നായിട്ടാണ്..

ചികിത്സിച്ചു മാറ്റാൻ നന്ദന്റെത് ഒരു രോഗമല്ല..

വൈവിധ്യമാർന്ന നിന്റെ കഴിവ് തിരിച്ചറിയാതെ മറ്റുള്ളവരുടെ കാഴ്ചപ്പാടിലൂടെ നീ ജീവിക്കാൻ ശ്രമിക്കരുത്…ആണിൻറെ കരുതും പെണ്ണിൻറെ മനക്കരുത്തും ഉണ്ട് നിനക്ക്…

പോ..സമൂഹത്തിനുമുന്നിൽ നീയായി ജീവിച്ചു കാണിച്ചു പോരാടുക..

നിർമ്മലയുടെ വാക്കുകൾ നന്ദന് കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കി..

അപ്പോഴേക്കും വൃന്ദ അവിടെ എത്തി..

നിർമലയോട് യാത്രപറഞ്ഞ് ഇരുവരും പുറത്തിറങ്ങി..

ചേച്ചി സ്കൂട്ടർ എവിടെ..

അത് ഞാൻ വിറ്റു..

എന്തിന്..

കയ്യിലുണ്ടായിരുന്ന പൊതി നന്ദന്റെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു..ഇതൊരു 40,000 രൂപയോളം ഉണ്ട്…തുടർന്ന് പഠിക്കണം, നീയായി ജീവിച്ചുകൊണ്ട് പഠിക്കണം, അതിനു ബന്ധങ്ങളാണ് പ്രശ്നമെങ്കിൽ, മാറി നിന്നു പഠിക്കണം. ഒരിക്കൽ അവരും നിന്നെ അംഗീകരിക്കും..

നന്ദന്റെ കണ്ണുകൾ നിറഞ്ഞു..

ചേച്ചി…ചേച്ചി എത്ര ആഗ്രഹിച്ചു വാങ്ങിച്ച സ്കൂട്ടറാണ്..

അതുപോട്ടെ…സ്കൂട്ടർ ഒക്കെ പിന്നെയും വാങ്ങാം..നിൻറെ സന്തോഷത്തിന് അപ്പുറം ചേച്ചിക്ക് വേറെ ആഗ്രഹം ഒന്നും ഇല്ലേ ഡീ..

കാതിലെ കമ്മൽ ഊരി നന്ദന്റെ കൈകളിൽ ഏൽപ്പിച്ചു..

എന്താ ചേച്ചി ഇതൊക്കെ..?

ഇപ്പോൾ ഇത് എന്നെക്കാളും ചേരുന്നത് നിനക്കാണ്…താമസസൗകര്യവും പഠിക്കാനുള്ള സൗകര്യങ്ങളും എല്ലാം ചേച്ചി ഒരുക്കിയിട്ടുണ്ട്..എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി..ചേച്ചി കൂടെ തന്നെ ഉണ്ടാകും..പോ…ഈ നിമിഷം മുതൽ നീയായി ജീവിക്ക്..

അന്നുതൊട്ട് നന്ദന്റെ ജീവിതത്തിൽ പുതിയ വർണ്ണങ്ങൾ ഉണ്ടായി തുടങ്ങി..നന്ദൻ നന്ദിനിയായി മാറി…വർഷങ്ങൾ കഴിയുംതോറും ആ വർണ്ണത്തിന് മാറ്റു കൂടിക്കൊണ്ടിരുന്നു..

ഇരുപതു വർഷങ്ങൾ കടന്നുപോയി..സമൂഹം ഒരുപാട് പുരോഗമിച്ചു…

2041ലെ ഒരു മെയ് മാസം….

കേരളത്തിലെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുകയാണ്….

കേരള ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത ഒരു പ്രത്യേകത ആ സത്യപ്രതിജ്ഞയിൽ ഉണ്ടായിരുന്നു..

ഒരു മണ്ഡലത്തിൽ മത്സരിച്ചു ജയിച്ച ട്രാൻസ്ജെൻഡർ, എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാൻ പോവുകയാണ്…

മകളുടെ സത്യപ്രതിജ്ഞ കണ്ടുനിന്ന വാസുദേവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ ആരംഭിച്ചു..

സത്യപ്രതിജ്ഞ ചടങ്ങ് കഴിയുന്നതുവരെ നന്ദിനി അച്ഛനെ തന്നെ നോക്കുന്നുണ്ടായിരുന്നു..ചടങ്ങ് കഴിഞ്ഞതും അച്ഛൻറെ അരികിലേക്ക് അവൾ ഓടിച്ചെന്നു..

എന്താ അച്ചാ ഇത്….

വാസുദേവനെ അവൾ നെഞ്ചോട് ചേർത്തുപിടിച്ചു..

വിങ്ങിപ്പൊട്ടി കൊണ്ട് എൻറെ മോള്..എന്റെ മോള്…മാപ്പ്…മാപ്പ് എന്ന് വ്യക്തത ഇല്ലാതെ അയാൾ പറയുന്നുണ്ടായിരുന്നു..

ദൃശ്യമാധ്യമങ്ങൾ അവരെ വളഞ്ഞപ്പോൾ..എല്ലാവരെയും മാറ്റി..നന്ദിനി അച്ഛനെയും കൊണ്ട് കാറിൽ കയറി..

എന്താ ഇത്…എന്തിനാ അച്ഛൻ കരയുന്നേ…

എൻറെ മോളെ മനസ്സിലാക്കാൻ ഈ അച്ഛൻ വൈകിപ്പോയി..

അയ്യേ…അതിനാണോ അച്ഛൻ കരഞ്ഞത്..അതൊക്കെ വർഷങ്ങൾക്കു മുന്നേ നടന്ന കാര്യങ്ങൾ അല്ലേ അച്ഛാ…ഞാൻ പോലും മറന്നു… എനിക്ക് ഇനി എന്തൊക്കെ പ്രോഗ്രാം ബാക്കിയുണ്ടെന്ന് അച്ഛൻ അറിയാമൊ..ചുമ്മാ കരഞ്ഞ് മനുഷ്യനെ പേടിപ്പിക്കാൻ…

കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച നന്ദിനിയുടെ കൈ വാസുദേവൻ മുറുകെ പിടിച്ചു..

അവിടെ നിൻറെ അമ്മയും സഹോദരിമാരും  കുടുംബാംഗങ്ങളും ഒക്കെ കാത്തുനിൽക്കുന്നുണ്ട്..ചടങ്ങിൽ ഒരാളെ മാത്രമേ പങ്കെടുപ്പിക്കാൻ പറ്റു എന്നു നീ പറഞ്ഞതുകൊണ്ടാണ്..ഇല്ലെങ്കിൽ എല്ലാം ഇങ്ങോട്ട് പോന്നേനെ..വീട്ടിൽ കയറിയിട്ട് പോയാൽ മതി..

അച്ഛാ പ്ലീസ്…

നന്ദിനി എത്ര അപേക്ഷിച്ചിട്ടും അച്ഛൻ പിടിവിട്ടില്ല..കാർ, വീട് ലക്ഷ്യമാക്കി മുന്നോട്ടു കുതിച്ചു..

ശുഭം….

~തൻസീർ ഹാഷിം.

============

ഈ ലോകം ആണിന്റെയും പെണ്ണിന്റെയും മാത്രമല്ല…വർണ്ണങ്ങൾ പോലെ വിഭിന്നമായ പ്രകൃതിയുടെ വൈവിധ്യമാർന്ന സൃഷ്ടികളും ഈ പ്രപഞ്ചത്തിൽ ഉണ്ട്. നമുക്കുള്ളതുപോലെ തന്നെ അവകാശങ്ങളും അധികാരങ്ങളും അവക്കുമുണ്ട്..

ആണും പെണ്ണും മാത്രമാണ് പൂർണതയുള്ളവർ എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അതിലും വലിയ വിഡ്ഢിത്തം മറ്റൊന്നില്ല..അങ്ങനെ ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ അവരോട് പറയാനുള്ളത് ഇത്രമാത്രം..നാളെ നിങ്ങളുടെ മനസ്സും പുരോഗമിക്കും…