പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതമാണ് എന്റെ പെണ്ണെനിക്ക്…പത്തു വർഷത്തെ പ്രണയത്തെ വീട്ടുകാരുടെ   അനുവാദത്തോടെ…

എന്റെ പെണ്ണ്…

Story written by Aswathy Joy Arakkal

============

“ഞാനൊരു നല്ല അമ്മ അല്ലേ നിരഞ്ജൻ?”

ഉണ്ണിയേയും ചേർത്ത് പിടിച്ച് വാടിയ മുഖത്തോടെ  അവളിതെന്നോടു ചോദിക്കുമ്പോൾ മാതൃദിനത്തിൽ മുഖപുസ്തകത്തിൽ  വായിച്ച കഥയിൽ നിന്ന് അവളിതു വരെ പുറത്തേക്കു കടന്നിട്ടില്ല എന്നെനിക്കു തോന്നി…

“തന്നെക്കാൾ നല്ല അമ്മ ആരാ മീരാ?..യു ആർ ദി ബെസ്റ്റ്… ” എന്നു അവളെ ചേർത്ത് പിടിച്ചു പറയുമ്പോൾ ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചു മിന്നിയ പ്രകാശം ആയിരുന്നു എന്റെ പെണ്ണിന്റെ കണ്ണിലും മനസ്സിലും…

ഉറങ്ങാൻ വാശി പിടിച്ച ഉണ്ണിയേയും കയ്യിലെടുത്തു മുറിയിലേക്ക് പോകുന്ന അവളെ കൗതുകത്തോടെ നോക്കിയിരുന്നു ഞാൻ….

പിന്നോട്ട് തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതമാണ് എന്റെ പെണ്ണെനിക്ക്….പത്തു വർഷത്തെ പ്രണയത്തെ വീട്ടുകാരുടെ   അനുവാദത്തോടെ  കൈകളിലേക്ക് കിട്ടിയപ്പോൾ ഒന്ന് സെറ്റിൽ ആയിട്ട് മതി കുഞ്ഞുങ്ങൾ എന്ന തീരുമാനങ്ങളൊക്കെ തീരുമാനങ്ങൾ മാത്രമായ് മാറി..ഇവിടെ വന്നു രണ്ടാം മാസം പ്രെഗ്നന്റ് ആയവൾ..ഡോക്ടർ വിശ്രമം പറഞ്ഞെങ്കിലും, അന്നത്തെ അവസ്ഥയിൽ രണ്ടു പേരുടെയും വരുമാനം നിലനിൽപിന് അനിവാര്യമായിരുന്നു എന്നത് കൊണ്ട് അവൾക്കു ജോലിക്ക് പോകേണ്ടി തന്നെ വന്നു..തുടരെയുള്ള ശർദ്ധിയും , ശരീര വേദനയും, മസ്സിൽ ഉരുണ്ടു കയറ്റവും ഒന്നും വകവെക്കാതെ ഓടി നടന്നവൾ ജോലി ചെയ്തു.

എട്ടാം മാസത്തിന്റെ ആരംഭത്തിൽ ഓഫീസിൽ തല കറങ്ങി വീണ അവളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ബിപി ഒരുപാട് കൂടുതൽ. ഒപ്പം വേറെ ചില കോംപ്ലിക്കേഷൻസ്. മരുന്ന് കൊടുത്ത് ദിവസങ്ങൾ കൊണ്ട് ബിപി കുറച്ചെങ്കിലും, ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട്  ഉടനെ ലേബർ ഇൻഡ്യൂസ്  ചെയ്യണമെന്ന്  ഡോക്ടർ. രാവിലെ 5 മണിക്ക് വേദന തിന്നു തുടങ്ങി അവൾ ,  രാത്രി 10 മണിയായപ്പോ കുഞ്ഞിന് അനക്കം കുറഞ്ഞെന്നു പറഞ്ഞു സി സ്സേറിയൻ. ഡേറ്റ് ആകാത്തത് കൊണ്ട് നാട്ടിൽ നിന്ന് ആരും എത്തിയിട്ടില്ല. ഉണ്ണിയെ കയ്യിലേറ്റു വാങ്ങിയത് പോലും  ഞാൻ. മുറിവ് തുന്നിക്കെട്ടി, ഒബ്സർവേഷനും കഴിഞ്ഞു റൂമിലെത്തിയപ്പോഴേക്കും അര പ്രാണൻ ആയിരുന്നു  എന്റെ പെണ്ണ്

സെഡേഷന്റെ എഫക്ട് കഴിഞ്ഞപ്പോഴേക്കും വേദന കൊണ്ട് ഞെളിപിരി കൊണ്ട് തുടങ്ങി അവൾ , പെയിൻ കില്ലർ വെച്ച് കുറച്ചു നേരത്തേക്ക് സമാധാനിപ്പിക്കും. സി സ്സേറിയൻ സുഖമാണ്, വേദന അറിയണ്ടല്ലോ എന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്..പക്ഷെ  മണിക്കൂറുകളോളം പ്രാണവേദന അനുഭവിച്ചു , പ്രസവം നടക്കാതായപ്പോ വയറിൽ ക ത്തി വെച്ചു മുറിച്ചു , ആ നെടു നീളൻ മുറിവും  തുന്നിച്ചേർത്തു കിടന്നു ഞരങ്ങുന്ന എന്റെ പ്രാണന്റെ പാതിയെ കണ്ടപ്പോ ബോധ്യമായി സി സ്സേറിയന്റെ സുഖം.

ഒരു വിധത്തിൽ ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയപ്പോഴായിരുന്നു യഥാർത്ഥ പ്രശ്നങ്ങൾ ആരംഭിച്ചത്. ആശുപത്രി വാസം കഴിഞ്ഞപ്പോഴേക്കും എന്റെ ലീവുകൾ അവസാനിച്ചിരുന്നു. നാട്ടിൽ നിന്നു ആരെങ്കിലും എത്താൻ ഇനിയുമൊരാഴ്ച എടുക്കും. പകല്  ഉറങ്ങി, രാത്രി എണിറ്റു ബഹളം വെക്കുന്ന ഉണ്ണിയും, സി സ്സേറിയൻ കഴിഞ്ഞതിന്റെ  ക്ഷീണവും, പാല് ശെരിക്കില്ലാത്ത ടെൻഷനും, വീട്ടു ജോലികളും എല്ലാം അവളെ മാനസികമായും, ശാരീരികമായും തളർത്തി കൊണ്ടിരുന്നു.

മാസം തികയാതെ ഉണ്ടായ കുഞ്ഞായതിനാൽ അവനു സ്പെഷ്യൽ പരിചരണവും ആവശ്യമായിരുന്നു.  വീട്ടിൽ നിന്ന് പ്രസവ ശിസ്രൂഷക്കുള്ള മരുന്നുമായി അവളുടെ അമ്മ എത്തി. ബാക്കി കാര്യങ്ങളിലൊരു സമാധാനം ആയെങ്കിലും ഉണ്ണി ആരോടും അടുക്കാത്തതു ഒരു ടെൻഷൻ തന്നെ ആയിരുന്നു.

ഇടിഞ്ഞ മാ റിടങ്ങളും, ചാക്ക് നിറച്ച പോലെ വീർത്തു വന്ന വയറും, വയറിലെ ചുക്കി ചുളിവുകളും , കഴുത്തിലും, മുഖത്തുമുള്ള കറുത്ത പാടുകളും അവളെ അസ്വസ്ഥയാക്കുന്നത് ഞാൻ മനസിലാക്കുന്നുണ്ടായിരുന്നു.

പാകമാകാത്ത പഴയ ഡ്രെസ്സും പിടിച്ച് കണ്ണാടിയുടെ മുന്നിൽ നിന്ന് നെടു വീർപ്പിടുന്ന എന്റെ മീരയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ പലപ്പോഴും ഞാൻ ശ്രമിച്ചെങ്കിലും അതൊന്നും അവളിലെ പിരിമുറുക്കത്തിന് ഒട്ടും അയവു വരുത്തിയിരുന്നില്ല. 

മറ്റേർണിറ്റി ലീവ് കഴിഞ്ഞവൾ ജോലിക്ക് കയറിയപ്പോഴേക്കും അമ്മ തിരിച്ചു പോയിരുന്നു. ഉണ്ണിയെ ജോലിക്കാരിയെ ഏല്പിച്ചു നെഞ്ച് പൊടിച്ചവൾ ജോലിക്ക് പോകുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നോട്ടുണ്ടെനിക്ക്. പിടിച്ച് നിൽപ്പിനു രണ്ടാളും ജോലിക്ക് പോയെ മതിയാകു എന്നു എന്നേക്കാൾ നന്നായി അവൾക്കു അറിയാമായിരുന്നു.

ആദ്യമായ് അമ്മയെ പിരിഞ്ഞു കരഞ്ഞു പനിച്ചു ആശുപത്രിയിലായ ഉണ്ണിയും, അവന്റെ വാശിക്ക് മുന്നിൽ രാത്രി പകലാക്കി കൂട്ടിരുന്ന എന്റെ മീരയും എല്ലാം ഇന്നും  എന്റെ കണ്മുന്നിലുണ്ട്. മു ലപ്പാൽ കുപ്പിയിൽ പിഴിഞ്ഞ് ഫ്രിഡ്‌ജിൽ സൂക്ഷിച്ചു, കരഞ്ഞു കൊണ്ട്  ജോലിക്ക് പോകുന്ന മീരയുടെ മുഖം  ഇപ്പോഴും എന്റെ നൊമ്പരമാണ് .

കാശിനോടുള്ള ആർത്തിയെന്നു വേണ്ടപ്പെട്ടവർ വരെ കുറ്റപ്പെടിത്തി. നിലനിൽപ്പിനായി ഞങ്ങൾ പെട്ട പാട് ഞങ്ങൾക്കല്ലേ അറിയൂ…

ഉണ്ണിക്കിപ്പോ 3 വയസ്സ്.  ഈ 3 വർഷത്തിൽ നന്നായൊന്നു ഉറങ്ങിയിട്ടില്ലവൾ, മനഃസമാധാനത്തോടെ ഭക്ഷണം കഴിച്ചിട്ടില്ല, പുസ്തകങ്ങളെ ജീവനേക്കാൾ സ്നേഹിച്ചിരുന്നവൾ, ഒരു പുസ്തകം കൈ കൊണ്ട് തൊട്ടിട്ടു കാലങ്ങളായിരിക്കുന്നു. ഗർഭകാലവും, പ്രസവവും, ഗർഭാനന്തരം കുഞ്ഞിനെ വളർത്തലും എല്ലാം സിനിമയിൽ ഒരു പാട്ടിൽ തീരുമ്പോൾ കാണാൻ ബഹുരസമാണ്. ഇത്ര സുഖമാണോ ഇതൊക്കെ എന്നു പലപ്പോഴും തോന്നിയിരുന്നു.

പച്ചമാങ്ങയും, മസാല ദോശയും അല്ല ഗർഭകാലം എന്നും, ഒരു അലറി കരച്ചിലിൽ തീരുന്നതല്ല പ്രസവം എന്നും, ഒറ്റ പാട്ടിൽ കുഞ്ഞു സ്കൂളിൽ പോകാൻ ആകില്ല എന്നും…ഇതൊന്നും അത്ര സിമ്പിൾ അല്ല എന്നും മനസ്സിലാക്കാൻ എന്റെ പെണ്ണ് അനുഭവിച്ച കഷ്ടപ്പാടുകൾ കാണേണ്ടി വന്നു എനിക്ക്.

ഉണ്ണിയുടെ കള്ളച്ചിരി കേട്ടപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്. നോക്കുമ്പോൾ ഉറങ്ങാൻ പോയ ആശാൻ അമ്മയെ പറ്റിച്ചു ഓടി കളിക്കുകയാണ്. പുറകെ അവന്റെ അമ്മയും…അതങ്ങനെയാണ് എത്ര കഷ്ടപ്പെടേണ്ടി വന്നാലും മക്കളുടെ ഒരു പുഞ്ചിരിയിൽ എല്ലാം മറക്കുന്നവളാണ്, മനസ്സ് നിറഞ്ഞു ചിരിക്കുന്നവളാണ് അമ്മ..അതാണ് പെണ്ണ്..

വെറുതെയാണോ ആർഷ ഭാരത സംസ്കാരം അവളെ ദേവി സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നത്…

സമയമില്ല, ഞാനും മടങ്ങുകയാണ് ഞങ്ങളുടെതു മാത്രമായ ആ ലോകത്തേക്ക്…എന്റെ മീരയുടെയും , ഉണ്ണിയുടെയും കളി ചിരികളിലേക്കു…..

~Aswathy Joy Arakkal