പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത്. കൃത്യം പറഞ്ഞാൽ എട്ടാം നാളിൽ. ചെറിയൊരു ജലദോഷമെന്നു വിചാരിച്ചത്…

Written by Fabeena Fabz

============

ഇന്നു നിന്റെ പിറന്നാളാണ്…

സ്വർഗത്തിലിരുന്നു നീയിന്നു ഒൻപതാം പിറന്നാൾ ആഘോഷിക്കുന്നുണ്ടാവും എവിടെയോ ഒരമ്മ ഇന്നു നിന്നെയോർത്തു കരയുന്നുണ്ടാവും…ആ അമ്മയറിയുന്നുണ്ടാവുമോ പേറ്റുവേദന മാറും മുമ്പേ മൂന്നാം ദിവസം വിടപറഞ്ഞ തന്റെ കുഞ്ഞ് ഇന്നും മറ്റൊരമ്മയുടെ നെഞ്ചിലെ വിങ്ങലാണെന്ന്.

പത്തൊൻമ്പതാം  വയസ്സിൽ, ഒട്ടും സങ്കീർണ്ണതകളില്ലാതെ തന്റെ കടിഞ്ഞൂൽ കൺമണിയെ കയ്യിലെടുത്തതിന്റെ ആവേശത്തിലായിരുന്നു ഞാൻ…വിചാരിച്ചതിലും എളുപ്പത്തിൽ പ്രസവം. പൂർണ്ണാരോഗ്യവാനായ കുഞ്ഞ്…ആനന്ദലബ്ധിക്കിനി എന്തുവേണം..

പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത്. കൃത്യം പറഞ്ഞാൽ എട്ടാം നാളിൽ. ചെറിയൊരു ജലദോഷമെന്നു വിചാരിച്ചത് അതിലും വലുതെന്തോ ആണെന്ന് തിരിച്ചറിഞ്ഞ ദിവസം.

കുഞ്ഞിനൊരു മൂക്കടപ്പേ പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഉള്ളിൽ ന്യൂ മോണിയ വേരുറപ്പിച്ചിരുന്നു. അടുത്തുള്ള ആശുപത്രിയിൽ കുഞ്ഞ് NICU വിലും ഞാൻ റൂമിലും…പിഴിഞ്ഞെടുത്ത പാൽത്തുള്ളികളുമായി രണ്ടുമണിക്കൂർ കൂടുമ്പോൾ ഉള്ള ഓട്ടം. മോൾ വരേണ്ട, വേറെ ആരെയെങ്കിലും വിട്ടാൽ മതിയെന്ന് നഴ്സുമാർ പറയുമ്പോൾ തലകുനിച്ചു കാത്തുനിൽക്കും. കുഞ്ഞുഗ്ലാസ്സ്‌വട്ടത്തിലൂടെ അവനെയൊന്ന് കാണിച്ചു തരുംവരെ. ഒടുവിൽ വേറെ എങ്ങോട്ടെങ്കിലും കൊണ്ടുപോകാൻ ഉപദേശിച്ചു ഡോക്റ്റർമാർ.

അങ്ങനെ കുഞ്ഞുമായി ദൂരെ വലിയൊരു ആശുപത്രിയിലേക്ക്. ഓക്സിജൻ സഹായത്തോടെ ശ്വസിച്ചിരുന്ന കുഞ്ഞിനെ നേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അവിടെയെനിക്കൊരു റൂം എളുപ്പം കിട്ടില്ലെന്നറിഞ്ഞു. Icu ന്റെ പുറത്തൊരു ബെഞ്ചിൽ കഴിച്ചുകൂട്ടിയ രാത്രികൾ…

ഒടുവിൽ കിട്ടിയത് അകലെയൊരു റൂം. പ്രസവിച്ചു കിടക്കേണ്ട സമയത്തു മണിക്കൂറുകൾ ഇടവിട്ടു കാതങ്ങൾ നടന്നും പടികേറിയും സ്റ്റിച്ചു പ ഴുത്തും നടുവേദനിച്ചും ബ്ലീ ഡിങ് കൂടിയും തളർന്ന നാളുകൾ.

അവസ്ഥ കണ്ടു ദയതോന്നി ഡോക്ടർ എനിക്കൊരു കട്ടിൽ തന്നു ഐസിയു വിൽ. നാലുചുറ്റും കർട്ടൻ കൊണ്ടു വേർതിരിച്ചൊരു ഒറ്റക്കട്ടിൽ. മണിക്കൂറുകൾ ഇടവിട്ടു വരുന്ന പാലിനായുള്ള വിളികാത്തു ഞാനാകട്ടിലിൽ ചുരുണ്ടു കൂടി. മരവിക്കുന്ന തണുപ്പും ഞരക്കങ്ങളും കരച്ചിലും മെഷീനുകളുടെ മുരൾച്ചയും…

ഉറക്കം കിട്ടാതെ കിടന്ന ഒരു രാത്രിയിൽ ആണ് ഞാനാ കുഞ്ഞിക്കരച്ചിൽ കേട്ടത്. അതും എന്റെ തൊട്ടടുത്തു നിന്നു. ഞെട്ടിയെണീറ്റു കരച്ചിൽ കേട്ട ഭാഗത്തെ കർട്ടൻ നീക്കി നോക്കി. ആ ബെഡിൽ അതാ റോസ് നിറമുള്ള ടർക്കിയിൽ പൊതിഞ്ഞൊരു കുഞ്ഞ്…ഒറ്റയ്ക്ക്!

ഓക്സിജൻ ട്യൂബോ വയറുകളോ ഒന്നുമില്ലാതെ ആരോ മറന്നു വച്ചെന്ന വണ്ണം…കുഞ്ഞിക്കൈകൾ ഉയർത്തി ചെറിയ ശബ്ദത്തിൽ കരയുന്നു. ഞാനടുത്തു ചെന്നു മെല്ലെ തട്ടിക്കൊടുത്തു…പെട്ടന്നങ്ങോട്ടു ചെറിയ കുപ്പിയിൽ പാലുമായി നഴ്‌സ് വന്നു.എന്നെക്കണ്ടു ചിരിച്ചു..ഉറങ്ങിയില്ലേ എന്നന്വേഷിച്ചു.

“ഈ കുഞ്ഞെന്താ ഇവിടെ സിസ്റ്ററെ…” അടക്കാൻ വയ്യാത്ത ആകാംഷയോടെ ചോദിച്ചു..

“അതിന്നലെ ഇവിടെ പിറന്നൊരു കുഞ്ഞാണ്. വൈകീട്ടു ഇങ്ങോട്ടു മാറ്റി” നഴ്‌സ്‌ പാൽക്കുപ്പി ചുണ്ടിൽ ചേർത്തുകൊടുത്തു..

“ഇവിടെയെന്താ? എൻഐസിയുവിൽ  അല്ലേ കിടത്തണ്ടേ” എനിക്കു സംശയം മാറിയില്ല.

നഴ്‌സ്‌ ചിരിച്ചുകൊണ്ടെന്നോടു പറഞ്ഞു ഈ ഉണ്ണിക്കു അതിന്റെ ആവശ്യം ഇല്ല. ഒന്നും മനസിലാവാതെ ഞാൻ എന്റെ കട്ടിലിൽ വന്നുകിടന്നു. ഉറങ്ങിയ കുഞ്ഞിനെ പുതപ്പിച്ചു പോകുമ്പോൾ കർട്ടൻ നേരേയിടണോ എന്നെന്നോട് അവർ ചോദിച്ചു. വേണ്ടെന്നു ഞാൻ പറഞ്ഞു.

ഒരു കയ്യകലത്തിൽ രണ്ടുകട്ടിലിൽ ഞാനും ആ കുഞ്ഞും..അമ്മയരികിൽ ഇല്ലാത്ത കുഞ്ഞും കുഞ്ഞരികിൽ ഇല്ലാത്തൊരമ്മയും…കണ്ണീർചാലുകൾ തലയിണ നനച്ചു എപ്പോഴോ ഉറങ്ങിപ്പോയി.

ഡ്യൂട്ടി മാറുന്ന നഴ്‌സ്‌ മോർണിംഗ് ഡ്യൂട്ടിക്കാരിയോട് സംസാരിക്കുന്നതും കേട്ടാണ് കണ്ണുതുറന്നത്. “ഒന്നും ചെയ്യാനില്ല. ഇടക്കൊന്നു നോക്കിയാൽ മതി”

അപ്പോഴേക്കും ഡോക്ടർ റൗണ്ട്സിനു എത്തി. എന്റെ കുഞ്ഞിന്റെ ഫയൽ നോക്കി ഇനി നേരിട്ടു ഫീഡ് ചെയ്തു തുടങ്ങാമെന്ന് പറഞ്ഞു. നോക്കിയിട്ടു ഇങ്ങോട്ടു മാറ്റിത്തരാം എന്നുപറഞ്ഞെന്നെ ആശ്വസിപ്പിച്ചു. എന്നിട്ട് ആ കുഞ്ഞിന്റെ അടുത്തിരുന്നു ഒന്ന് നോക്കി എണീറ്റു പോയി.

എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ചെറിയൊരു സമാധാനം എനിക്കു കിട്ടിയെങ്കിലും കണ്മുന്നിലുള്ള ഈ കുഞ്ഞിന്റെ അവസ്ഥ എന്തായിരിക്കും എന്നോർത്ത് ഞാൻ ഉരുകാൻ തുടങ്ങി.

ഇപ്പുറത്തെ വെന്റിലേറ്ററിൽ ഒരുപാടു വയസ്സുള്ളൊരു അപ്പൂപ്പൻ വന്നു. നേരെ മുന്നിലെ ബെഡിൽ ഒരു പ്രായമുള്ള അമ്മയും…കർട്ടന്റെ വിടവിലൂടെ ആ അപ്പൂപ്പന്റെ നെഞ്ചിങ്ങിനെ ഉയർന്നുതാഴുന്നതും ആ അമ്മയുടെ ആക്രോശങ്ങളും ഞരക്കങ്ങളും കേട്ടും കണ്ടും ഞാൻ പകുതി മരിച്ചു.

ഭാഗ്യത്തിനു ഒരു കൂട്ടം നഴ്സിങ് വിദ്യാർത്ഥികൾ വന്നു. എന്നോടു വന്നു സംസാരിച്ചിരുന്നു. അവർ ആ കുഞ്ഞിനെ എടുക്കാൻ മത്സരിച്ചു. കലപില കൂട്ടി കുറേനേരം…

ഞാനവരോട് ചോദിച്ചു ആ കുഞ്ഞിനെപ്പറ്റി. മാറ്റാൻ കഴിയാത്തൊരു ഹൃദയവൈകല്യവുമായി പിറന്നുവീണതാണവൾ എന്ന അറിവെന്നെ പിടിച്ചുലച്ചു. മണിക്കൂറുകൾ മാത്രം ആയുസ്സുള്ളൂ എന്നുള്ള വിധിയെയാണവൾ രണ്ടുദിവസമായി ഈ ബെഡിൽ കിടന്നു നിശബ്ദം തോൽപ്പിക്കുന്നത്.

അമ്മയെ കാണിക്കണ്ട എന്ന് ഫാമിലി റിക്വസ്റ്റ് ചെയ്തത് കൊണ്ടാണ്  ഇവിടെയിങ്ങനെ കിടത്തിയിരിക്കുന്നത്. 

ഞാനവളെ വാങ്ങിയെടുത്തു. നല്ല ഇളംറോസ് നിറത്തിൽ വട്ടമുഖം. നീലിച്ച കുഞ്ഞുചുണ്ടുകൾ. അമ്മയുടെ ചൂടറിയാൻ ഭാഗ്യമില്ലാതെ പോയ കുഞ്ഞുനക്ഷത്രം.

വൈകീട്ട് സന്ദർശനസമയം. ഞരങ്ങിക്കൊണ്ടിരിക്കുന്ന അമ്മച്ചിക്ക് അന്ത്യകുർബാന കൊടുക്കാനും കാണാനുമായി ഒരുകൂട്ടം ആൾക്കാർ കേറിവന്നു. അതിന്റെ കോലാഹലങ്ങൾ കേട്ടു ഞാനാകുഞ്ഞിനെയും നോക്കി ഇരിക്കുമ്പോൾ പെട്ടെന്നൊരു ചെറുപ്പക്കാരൻ കർട്ടൻ നീക്കി കേറിവന്നു. കുഞ്ഞിനെ കോരിയെടുത്തു വിങ്ങിപ്പൊട്ടിക്കൊണ്ടു ഉമ്മവച്ചു. ഞാനെണീറ്റു തിരിഞ്ഞിരുന്നു. കണ്ണുനീരെന്റെ മാ റിടം നനച്ചു പെയ്തുകൊണ്ടിരുന്നു.

രാത്രിയിൽ ആ കുഞ്ഞു മെല്ലെ കരഞ്ഞുകൊണ്ടിരുന്നു. അമ്മച്ചിയുടെ ഞരക്കങ്ങൾ മൂർദ്ധന്യത്തിലെത്തിയിരുന്നു. നഴ്സുമാർ തിരക്കിലായിരുന്നു. ഞാൻ വിളിച്ചപ്പോൾ അവർ വന്നു പാലുണ്ടാക്കി. ഞാൻ കൊടുത്തോളാമെന്നു പറഞ്ഞു ഞാനതുവാങ്ങി.

ആ മോളെ മടിയിലെടുത്തിരുന്നു പാൽ കൊടുത്തു. മുഴുവൻ കുടിച്ചുറങ്ങിയപ്പോൾ ബെഡിൽ കിടത്തി. ആ റോസ്ഷാളിൽ മുഖം മാത്രം വെളിയിലാക്കി നന്നായി പൊതിഞ്ഞു. ബെഡിന്റെ സേഫ്റ്റിറെയിലിട്ടു ഞാൻ വന്നുകിടന്നുറങ്ങി.

പുലർച്ചെ എന്തോ ശബ്ദം കേട്ടു  ഞെട്ടിയുണർന്നു. കർട്ടൻ വിടവിലൂടെ അമ്മച്ചിയുടെ അന്ത്യനിമിഷങ്ങൾ കാണാമായിരുന്നു. നഴ്‌സുമാർ ഓടിനടന്നിരുന്നു. ഇപ്പുറത്തെ വെന്റിലേറ്ററിൽ നിന്നു ആ അപ്പൂപ്പനെ ഒരു സ്ട്രെക്ച്ചറിലേക്കു മാറ്റി കൊണ്ടുപോയി. ബഹളങ്ങൾ മെല്ലെ അടങ്ങി…ഞാൻ ബെഡിൽ വന്നിരുന്നു…മുന്നിലെ കർട്ടൻ പഴയതുപോലെ അടച്ചിരുന്നു. പേടിയോടെ ഞാനതു നീക്കി നോക്കി. ആ കുഞ്ഞവിടെ ഇല്ലായിരുന്നു

നിർവികാരതയോടെ ഇരുന്ന എന്റെ അരികിലേക്ക് പൊതിഞ്ഞു പിടിച്ച എന്റെ കുഞ്ഞുമായി നഴ്‌സ്‌ വന്നു. കയ്യിലേക്ക് തന്നുകൊണ്ടു പറഞ്ഞു “ഇന്നലെ നന്നായി ഉറങ്ങിയല്ലേ. ഇവിടെ നല്ല ബഹളമായിരുന്നു. മൂന്നാളും എക്സ്സ്‌പെയർ ആയി”

കരയണോ ചിരിക്കണോ എന്നറിയാതെ ഞാൻ കുഞ്ഞിനെ ചേർത്തുപിടിച്ചു മരം കണക്കെ ഇരുന്നു. എനിക്കു ചുറ്റും മൂന്നു കട്ടിലിലും മരണം വിരുന്നെത്തി ഇന്നലെ രാത്രിയിൽ..ഇനിയിവിടെ ആ അപ്പൂപ്പന്റെ നെഞ്ചിന്റെ ഉയർച്ചതാഴ്ചകളില്ല, അമ്മച്ചിയുടെ ഞരക്കങ്ങളോ ആക്രോശങ്ങളോ ഇല്ല, ഒന്നുറക്കെ കരയാൻ പോലും അറിയാത്ത ആ കുഞ്ഞുനക്ഷത്രമില്ല…

ഞാനെണീറ്റു വേഗം വിടവുകളില്ലാതെ കാർട്ടനടച്ചു. ഇനിയും അതിഥികൾ വരുമിവിടെ…കാണാൻ കരുത്തില്ലെനിക്ക്…

Written by Fabeena Fabz