മെസ്സേജുകൾ മുകളിലോട്ട് നോക്കിയ എന്റെ കൈകൾ വിറക്കാൻ തുടങ്ങിയിരുന്നു….

എഴുത്ത്: സൽമാൻ സാലി

==========

“”ആദരാഞ്ജലികൾ ???

“”പ്രണാമം ???

” RIP???

വാട്സാപ്പിൽ തുരുതുരാ മെസ്സേജുകൾ വന്നപ്പോൾ സ്കൂൾ ഗ്രൂപ്പിൽ വരുന്ന മെസ്സേജുകൾ കണ്ടു ആദ്യം ഒന്ന് ഞെട്ടി…

ആരോ മരണപെട്ടിരിക്കുന്നു…

മെസ്സേജുകൾ മുകളിലോട്ട് നോക്കിയ എന്റെ കൈകൾ വിറക്കാൻ തുടങ്ങിയിരുന്നു.

“നമ്മുടെ പ്രിയപ്പെട്ട ബീന ടീച്ചർ നമ്മോട് വിടപറഞ്ഞിരിക്കുന്നു….”

മെസ്സേജ് വായിച്ച എനിക്ക് തലകറങ്ങും പോലെ തോന്നി…അത്രക്ക് പ്രിയപ്പെട്ടതായിരുന്നു എനിക്ക് എന്റെ ബീന ടീച്ചർ…

SSLC പരീക്ഷയിൽ ഗ്രെഡ് സംബ്രദയം വരുന്നതിന്റെ മുൻപത്തെ അവസാന ബാച്ച്..

10b യിലെ ക്ലാസ് ടീച്ചർ ആയി വന്നതാണ് ബീന ടീച്ചർ…

പൊതുവെ കണക്കിൽ പിന്നോട്ടായ എനിക്ക് ടീച്ചറുടെ പിരീഡ് തീരെ താല്പര്യവും ഇല്ലായിരുന്നു..Sslc ആയത് കൊണ്ട് കാലത്ത് 9:30 ക്ലാസ് തുടങ്ങും..ആദ്യ പിരീഡ് തന്നെ കണക്ക് ആയത് കൊണ്ട് സ്കൂളിൽ പോകാൻ തന്നെ മടിയായിരുന്നു….!!

മിഡ് ടെം എക്‌സാമിന് ശൂന്യനായ എന്റെ ഉത്തരപേപ്പർ സ്റ്റാഫ്‌ റൂമിൽ വന്നു വാങ്ങിക്കാൻ പറഞ്ഞപ്പോൾ എല്ലാം ടീച്ചർമാരുടെ മുന്നിലും കളിയാകാനാണെന്ന് കരുതിയാണ് പോയത്…

ലഞ്ച് ബ്രെക്കിൽ ഉത്തരപേപ്പറുകൾ തിരയുമ്പോൾ ആണ് ഞാൻ അവിടെ ചെല്ലുന്നത്…

“”ആ…സാൽമനോ..വാ…””

മടിച്ചുകൊണ്ട് ടീച്ചറുടെ അടുത്തേക്ക് ചെന്ന എന്നേ അവിടെ ഇരുത്തികൊണ്ട് ടീച്ചർ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു…അത്രയും സ്നേഹത്തോടെ ഇടക്ക് എന്റെ ചുരുളൻ മുടികളിൽ തഴുകികൊണ്ട് ടീച്ചർ സംസാരിക്കുമ്പോൾ കേട്ടുകൊണ്ടിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…!!

“”അയ്യേ..ന്റെ കുട്ടി കരയുന്നോ…നന്നായി പഠിക്കണം കേട്ടോ…!!””

അന്ന് മുതൽ പഠിക്കാൻ തീരുമാനിച്ചുകൊണ്ടാണ് സ്റ്റാഫ്‌ റൂമിൽ നിന്നും ഇറങ്ങിയത്…

ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല എന്ന് പറഞ്ഞു ലാസ്റ്റ് ബെഞ്ചിൽ നിന്നും ആദ്യ ബെഞ്ചിലേക്ക് ടീച്ചർ എന്നെ സ്ഥലം മാറ്റി…!!

അവിടെ നിന്നും ഓണപരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും കണക്കിൽ 45ൽ കൂടുതൽ മാർക്ക് വാങ്ങി ക്ലാസ്സിൽ ടോപ് ആയപ്പോൾ എനിക്ക് പോലും അത്ഭുതം ആയിരുന്നു ഈ കണക്കൊക്കെ ഞാൻ എപ്പോ പഠിച്ചു എന്ന് ….

അധ്യയന വർഷം അവസാന ദിവസം.. Sslc കുട്ടികൾ സെൻറ് ഓഫ്‌ ആഘോഷിക്കുന്ന ദിവസം എല്ലാവരും പരസ്പ്പരം ഓട്ടോഗ്രാഫ് എഴുത്തുകയും മിട്ടായി കൈമാറുകയും ചെയ്തു കഴിഞ്ഞാണ് ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് പോയത്….

ക്‌ളാസ്സിലെ മിക്ക കുട്ടികളും ബീന ടീച്ചറുടെ അടുത്ത് ഉണ്ടായിരുന്നു…അവരെല്ലാം പോകുന്നത് വരെ ഞാൻ കാത്തിരുന്നു..കാരണം എല്ലാവർക്കും ഒരു രൂപയുടെ എക്ലയർ മിട്ടായി കൊടുത്തപ്പോൾ ടീച്ചർക്ക് കൊടുക്കാൻ അഞ്ച് രൂപയുടെ മഞ്ച് വാങ്ങി പോക്കറ്റിൽ ഇട്ടിരുന്നു ഞാൻ….

എല്ലാരും പോയി കഴിഞ്ഞപ്പോൾ ആണ് ഞാൻ ടീച്ചറുടെ അടുത്തേക്ക് പോയത്..

“ആ..സൽമാൻ വന്നോ..ഞാൻ കരുതി നീ എന്നേ കാണാതെ പോയെന്ന്..”

ടീച്ചർക്ക് മറുപടി ഒന്നും കൊടുക്കാതെ ഞാൻ അവിടെ നിന്നു…സത്യം പറഞ്ഞാൽ കരച്ചിൽ വന്നത്കൊണ്ട് ഒന്ന് മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു..ഇനി ടീച്ചറുടെ ക്ലാസ് ഇല്ല സൽമാനെ എന്ന വിളിയില്ല എന്നൊക്കെ ആലോചിച്ചു കരച്ചിലിന്റെ വാക്കിലായിരുന്ന ഞാൻ  മഞ്ച് എടുക്കാനായി പോക്കറ്റിൽ കൈ ഇട്ടതും ടീച്ചർ എനിക്ക് നേരെ ഒരു പൊതി നീട്ടി…

“”ഇത് കുട്ടികൾ തന്നതാണ് ന്റ് വീട്ടിൽ കൊണ്ടുപോയിട്ട് അവിടെ മിട്ടായി തിന്നാൻ ആരും ഇല്ല..അതുകൊണ്ട് ഇത് നിനക്ക് വെച്ചതാ…!!””

പോകറ്റിലെ മഞ്ച് അവിടെ ഇട്ട് ആ പൊതി ഞാൻ വാങ്ങിച്ചു…!!

കുട്ടികൾ ഇല്ലാത്ത ടീച്ചർക്ക് ഞങ്ങൾ എല്ലാവരും മക്കളെ പോലെ തന്നെയായിരുന്നു അതുകൊണ്ടാണല്ലോ ഒരു ദിവസം പോലും ലീവെടുക്കാതെ സ്കൂളിൽ വരുന്നത്…

എനിക്ക് നേരെ കൈ നീട്ടി നീ ഒന്നും കൊണ്ട് വന്നില്ലേ എന്ന് ചോദിച്ചപ്പോൾ വലത്തെ പോക്കറ്റിൽ നിന്നും മഞ്ച് എടുത്തു ഞാൻ ടീച്ചർക്ക് നീട്ടി..അത് വാങ്ങിച്ചു അപ്പൊ തന്നെ പൊട്ടിച്ചു ഒരു കഷ്ണം വായിലിട്ട് കൊണ്ട് പാതി എനിക്കായി നീട്ടി….!!

“”എനിക്ക് മധുരം പാടില്ല എന്നാണ്..എങ്കിലും നീ തന്നത് അല്ലെ…!!!””

എന്റെ ചുരുളൻ മുടികളിൽ തലോടിക്കൊണ്ട് നന്നായി പഠിച്ചു നല്ല മാർക്ക് വാങ്ങണം എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ നോക്കി നിക്കുന്നുണ്ടായിരുന്നു ടീച്ചർ…

പരീക്ഷകൾ കഴിഞ്ഞു നല്ല മാർക്കോടെ പാസ്സായപ്പോളും പഠനം കഴിഞ്ഞു ആദ്യമായി ജോലിക്ക് പോകുമ്പോളും ടീച്ചറേ കണ്ടു അനുഗ്രഹം വാങ്ങിച്ചിരുന്നു…

ഓരോ വർഷം ലീവിന് പോകുമ്പോളും ടീച്ചർക്ക് ഉള്ള സമ്മാനം പ്രത്യേഗം പാക്ക് ചെയ്ത് കൊണ്ടുപോയി കൊടുക്കുമ്പോളും അന്ന് ടീച്ചർ എനിക്ക് തന്ന മിട്ടായി പൊതിക്ക് പകരം വെക്കാൻ ആയിരുന്നില്ല…!!!

ഇല്ല എന്റെ ടീച്ചർക്ക് മരണമില്ല…ശൂന്യമയ എന്റെ കണക്കുകൂട്ടലുകൾക്ക് മുന്നിൽ ഒന്നിനെ നിർത്തി നൂറിൽ നൂറ് ആക്കി തന്ന ടീച്ചറുടെ ഓർമകൾ മനസ്സിൽ ഉള്ളിടത്തോളം കാലം…എന്റെ ടീച്ചർക്ക് മരണമില്ല…..

~ സൽമാൻ സാലി