രണ്ട് നിമിഷമെടുത്തു ആ കാഴ്ച തന്ന ഞെട്ടലിൽ നിന്നും എനിക്ക് പുറത്ത് കടക്കാൻ…

എഴുത്ത്: ലില്ലി

============

“”താൻ, തന്നോട് പറഞ്ഞ പണി മാത്രം ചെയ്താ മതി…അല്ലാതെ കാണുന്നിടത്തെല്ലാം വലിഞ്ഞു കേറി അഭിപ്രായം പറഞ്ഞു ഓവർ സ്മാർട്ട്‌ ആകണമെങ്കിൽ ഇന്നോടെ മതിയാക്കാം ഇവിടുത്തെ ജോലി…മനസ്സിലായോ… “”

ചില്ല് ചുവരുകളുള്ള ആ വലിയ ഓഫീസ് മുറിയുടെ മഞ്ഞ വെളിച്ചത്തിന്റെ ചൂടിൽ ഞാൻ നിന്ന് വിയർത്തു…

“”മൂങ്ങയെ പോലെ നിക്കാതെ എന്റെ കണ്മുന്നീന്ന് ഒന്ന് പോയി തരുവോ… “”

ആളുടെ ദേഷ്യം ന്യായമാണ്…ഈ ഓഫീസിൽ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്ക് മുന്നേ ജോയിൻ ചെയ്ത വെറുമൊരു പ്യൂണായ ഞാൻ കമ്പനിയിലെ ഒരു സുപ്രധാന പ്രോജെക്ടിന്റെ പ്ലാനിൽ തിരുത്ത് നിർദ്ദേശിക്കുന്നത് ആർക്കാണ് ഇഷ്ടമാകുക…അതും സാക്ഷാൽ എം.ഡി യോട് തന്നെ…

ചെറുചിരിയോടെ ആളെ നോക്കിയൊന്ന് തലയാട്ടി പുറത്തേക്ക് നടക്കുമ്പോൾ ദേഷ്യം കനത്ത മുഖത്തോടെ ആ കണ്ണുകൾ എനിക്ക് നേരേ തുറിയ്ക്കുന്നുണ്ടായിരുന്നു…

പുറത്തേക്കുള്ള ഇടനാഴിയിലൂടെ ഞാൻ നടന്നതും മഞ്ഞനിറത്തിൽ വയലറ്റ് പൂക്കൾ തുന്നിയ സാരിയിൽ നീളൻ മുടിയിഴകളാൽ അതീവ സുന്ദരിയായൊരു പെൺകുട്ടി രാജീവ് സാറിന്റെ ക്യാബിനുള്ളിലേക്ക് കയറുന്നുണ്ടായിരുന്നു…ആ മുഖം എവിടെയോ കണ്ട് മറന്ന പോലെയെന്ന് ചിന്തിച്ചതും ഗസ്റ്റിനുള്ള ജ്യൂസ് നൽകാനായി  രാജീവ് സാറിന്റെ കാൾ എത്തിയിരുന്നു…

ജ്യൂസുമായി ഡോർ തുറന്ന് അകത്തേക്ക് കയറിയെങ്കിലും അവരെ അവിടെ കണ്ടില്ല…മേശമേൽ ജ്യൂസ് ട്രേ വച്ച് ചുറ്റിനും കണ്ണുകൾകൊണ്ട് ഞാൻ തിരഞ്ഞു….

പരസ്പരം ആലിംഗനബദ്ധരായി ഇറുകെ പുണർന്നു നിൽക്കുന്ന ഒരു പുരുഷനും സ്ത്രീയും…

രണ്ട് നിമിഷമെടുത്തു ആ കാഴ്ച തന്ന ഞെട്ടലിൽ നിന്നും എനിക്ക് പുറത്ത് കടക്കാൻ…പെട്ടന്ന് പിന്തിരിഞ്ഞതും അവർ എന്നെ കണ്ടു എന്ന് ഞാനറിഞ്ഞു…

ഒരുവേള പതർച്ചയോടെ എന്നെ നോക്കിയ രാജീവ് സാറിന്റെ മുഖം പെട്ടന്ന് ദേഷ്യത്താൽ ചുവന്നു…

എനിക്കടുത്തേക്ക് പാഞ്ഞു വന്നു…

“”ഒട്ടും മാനേഴ്സ് ഇല്ലേ നിനക്ക്…അനുവാദം ചോദിക്കാതെ തള്ളിക്കയറി വരാൻ ഇത് നിന്റെ ബെഡ്റൂം ഒന്നുമല്ല….ഇഡിയറ്റ്…””

ഇതുവരെ ഉള്ളപോലെ ആയിരുന്നില്ല എനിക്കെന്തോ വല്ലാതെ സങ്കടം തോന്നിപ്പോയി…

അപ്പോഴാണ് ഞാൻ കൂടെയുള്ള ആ പെൺകുട്ടിയെ വ്യക്തമായി കാണുന്നത്…മഞ്ജരി ശ്രീറാം, ഈയടുത്ത് റിലീസ് ആയ ഒരു തമിഴ് ചിത്രത്തിലെ നായികയാണ്…പുതുമുഖം…ഇനി വരാനിരിക്കുന്ന ഒരു ബിഗ് ബജറ്റ് മലയാള ചിത്രത്തിലെ നായികയും ഇവരാണ്…

എനിക്കെന്തോ അത്ഭുതം തോന്നി…സാറിന്റെ മുഖത്തെപ്പോലെ ദേഷ്യമൊന്നുമില്ല…അവർ ചിരിയോടെ എന്നെ ഒന്ന് നോക്കിയിട്ട് ആളുടെ അടുത്ത് വന്നിരുന്നു…

ആളുടെ മുടിയിഴകളിൽ തലോടുന്നു…

“”ഹേയ് റിലാക്സ് രാജീവ്…””

ചിരിയോടെ ആളുടെ ദേഷ്യത്തെയും പതർച്ചയെയും തുടച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും അവളുടെ കൈ തട്ടി മാറ്റി ആള് നിവർന്നിരുന്നു…

എന്നേ അഭിമുഖീകരിക്കാൻ എന്തോ വല്ലാത്ത ജാള്യത ആ മുഖത്തു തെളിയുന്നുണ്ടായിരുന്നു…

ഞാൻ വേഗം മുറിവിട്ടിറങ്ങി…ആളുടെ ഗേൾ ഫ്രണ്ട് ആകും അതെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ…ഏങ്കിലും കണ്ടതൊക്കെ വിശ്വസിക്കാൻ ഒരു പ്രയാസം പോലെ…അതിനും കാരണം എനിക്കറിയില്ല…അന്ന് പിന്നെ ഞാൻ ആൾക്ക് മുഖം കൊടുക്കാതെ അങ്ങിങ്ങായി ഒളിഞ്ഞു നടന്നു…

അടുത്ത ദിവസം ഓഫീസിൽ ചെന്നതും ആളെനിക്ക് നേരെ ഒരു കെട്ട് നോട്ടുകൾ നീട്ടി…സംശയത്തോടെ നിന്നതും ബലമായി എന്റെ കയ്യിൽ രണ്ടായിരത്തിന്റെ താളുകൾ പിടിപ്പിച്ചു…

“”ഇന്നലെ കണ്ടതൊക്കെ ഇവിടെ തന്നെ മറന്ന് കളഞ്ഞേക്കണം…അതിനുള്ള വിലയാണ് ഇത്…പോരെങ്കിൽ പറഞ്ഞാൽ മതി ഇനീം തന്നേക്കാം “”

ആളുടെ ചുണ്ടിന്റെ കോണിൽ പരിഹാസത്തിന്റെ ചിരി പുറത്തേക്ക് വീഴാതെ വിങ്ങുന്നു…

“”ഇത് കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്ത ആരേലും ഉണ്ടോ…ഇന്നലെ ഇവിടെ വന്നവളും അതിന്റെ ബലത്തിൽ വന്നതാ…””

അത്രയേ പറഞ്ഞുള്ളു മറുപടി കാക്കാതെ എനിക്ക് മുഖം തരാതെ അയാൾ വേഗം പുറത്തേക് നടക്കാനൊരുങ്ങി…

രോമങ്ങൾ നിറഞ്ഞ ആ കൈത്തണ്ടയിൽ ഞാൻ മെല്ലെ പിടിച്ചു നിർത്തി…ഉഷ്ണഭൂമിയിലെന്നപോലെ വല്ലാത്തൊരു ചൂട് ആ കൈകൾക്ക്…

ആള് തിരിഞ്ഞതും ഞാൻ വേഗം കൈ വലിച്ചു…അയാളെന്റെ കൈവിരലുകളിലേക്ക് നോക്കുന്നു…

“”എല്ലാവർക്കും പണം കണ്ടാൽ കണ്ണ് മഞ്ഞളിക്കില്ല സാർ…പണം കൊടുത്ത് വാങ്ങാൻ പറ്റാത്തത് പലതും ഉണ്ട്..ഈ പൈസ സാറ് തന്നെ വച്ചോളൂ…പിന്നെ നിങ്ങളുടെ പേർസണൽ കാര്യങ്ങൾ ഒന്നും എന്നെ ബാധിക്കുന്നതല്ല…””

ആ പണം മേശമേൽ ഉപേക്ഷിച്ചു ഞാൻ പുറത്തേക്ക് നടക്കുമ്പോൾ ആളുടെ കണ്ണുകൾ കുറുകി…

ഇരുണ്ട നിറത്തിൽ തോളൊപ്പം മുറിച്ചിട്ട ചുരുണ്ട മുടികളുള്ള ഒരു സുന്ദരി പെൺകുട്ടി…കൂട്ടിമുട്ടി നിൽക്കുന്ന പുരികക്കൊടികളും ചിരിക്കുമ്പോൾ ചുണ്ടിന്റെ ഇടതുകോണിലേക്ക് ഉന്തി നിൽക്കുന്നൊരു കോന്ത്രപ്പല്ലും…

അവളെ സൂക്ഷ്മതയോടെ അയാൾ നിരീക്ഷിച്ചു…

ക്രീയേറ്റീവ് ഇന്റീരിയർ എന്ന ഈ സ്ഥാപനത്തിന്റെ വളർച്ച എത്രയോ വേഗമായിരുന്നു…യുവ എഞ്ചിനീയർ ആയ രാജീവ് മേനോനും കൂട്ടുകാരും തുടങ്ങിവച്ച ഒരു സ്റ്റാർട്ട്‌ അപ്പ് ,

കൂടെയുണ്ടായിരുന്നവരൊക്കെ ഇടയ്ക്കെപ്പോഴോ അവരുടെ വഴി തേടി പോയിട്ടും രാജീവ് സാറിന്റെ കഴിവും ആത്മവിശ്വാസവും പരിശ്രമവും ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന തലത്തിലേക്ക് ഈ സ്ഥാപനത്തെ വളർത്തിയെടുത്തു…

ഇരുപതിയെട്ടോ മുപ്പതോ  വയസ്സിൽ അറിയപ്പെടുന്നൊരു ബിസിനെസ്സ്കാരനായി അയാൾ…എം ഡി ആണെങ്കിലും ഇവിടെ പ്രധാന പ്രൊജക്ടുകൾ ആള് നേരിട്ടാണ് നിയന്ത്രിക്കുന്നത്…

പ്ലസ് ടു കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞെങ്കിലും എനിക്ക് തുടർപഠനത്തിനായുള്ള സാഹചര്യങ്ങൾ ഒത്തു വന്നില്ല…പാർട്ട്‌ ടൈം ആയി എൻട്രൻസ് കോച്ചിങ്ങിനു ചേർന്നു…ഒരുപാട് നാളത്തെ ആഗ്രഹമാണത്…എത്തിപ്പിടിക്കാൻ മനസ്സുണ്ടെങ്കിലും പണം വലിയൊരു വില്ലനായി…

ഒരു ജോലിയാണ് പിന്നീട് അത്യാവശ്യമായി വന്നത്…

ഒരു സുഹൃത്തിന്റെ അകന്ന ബന്ധത്തിലുള്ള ഒരു ചേച്ചി ഈ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷനിലെ സ്റ്റാഫ്‌ ആയിരുന്നു…അനുരാധ…ആള് വഴിയാണ് ജോലി കിട്ടിയതും…എഗ്രിമെന്റോ ഇന്റർവ്യൂവോ ഒന്നുമില്ലാരുന്നു…

ജോലിയെന്ന് പറയാൻ അത്രമാത്രമൊന്നുമില്ല….

ആൾക്ക് കോഫി തയ്യാറാക്കുക…ആളുടെ വീട്ടിൽ ചെന്ന് ഉച്ചയ്ക്കുള്ള ഫുഡ്‌ എത്തിച്ചു കൊടുക്കുക..അലങ്കോലമായ മേശപ്പുറം അടുക്കി വയ്ക്കുക…കാണാതായ പേപ്പറുകൾ ഫയലുകൾ പേനകൾ, പെൻ ഡ്രൈവുകൾ തുടങ്ങിയ സാധനങ്ങൾ കണ്ടെത്തിക്കൊടുക്കുക…

പറയുമ്പോൾ നിസ്സാരമായിത്തോന്നും…പക്ഷേ ആൾക്ക് ഇതൊക്കെ ചെയ്യാൻ ഒരാൾ അത്യാവശ്യമാണെന്ന്…

കർക്കശക്കാരനാണ്…വിളിക്കുമ്പോൾ എവിടെയായാലും പറന്നെത്തിക്കൊള്ളണം…

ഇപ്പോൾ ഈ  ജോലി എന്നത് എനിക്ക് അത്യാവശ്യമായൊരു ഘടകം ആയതിനാലും…തെറ്റില്ലാത്ത തുക കിട്ടുന്നതിനാലും തൽക്കാലത്തേക്ക് പിടിച്ചുനിൽക്കാൻ തീരുമാനിച്ചു..

എന്തൊക്കെയായാലും വന്ന അന്ന് മുതൽ അബദ്ധങ്ങൾ മാത്രമായിരുന്നു എനിക്ക് സംഭവിച്ചതെല്ലാം…

ചൂടുള്ള ചായയും കപ്പും ആ നെഞ്ചത്തേക്ക് കമിഴ്ത്തി ആദ്യ ദിവസം ഉത്ഘാടനം ചെയ്തപ്പോൾ തന്നെ ആൾക്കുള്ള മതിപ്പ് നഷ്ടമായി…മിനുസ്സമുള്ള മാർബിൾ തറയിൽ എന്റെ പ്ലാസ്റ്റിക് ചെരുപ്പിന് നിയന്ത്രണം കിട്ടിയില്ല…

നന്നായി വഴക്ക് പറഞ്ഞപ്പോൾ എനിക്ക് എന്തോ നല്ല സങ്കടമായി…ഒപ്പം ആളുടെ ദേഹം പൊള്ളിക്കാണുമോ എന്നുള്ള പേടിയും…

ദേഷ്യം വന്നാൽ മൂക്കിന്റെ തുമ്പൊക്കെ ചുവന്നു തുടുക്കും…പൊതുവെ ആള് സൗമ്യനാണ്…അധികം സംസാരവും ബഹളവും ഒന്നുമില്ലാത്ത ഒരു പരുക്കൻ പ്രകൃതം…

പിന്നീടുള്ള ദിവസങ്ങളിൽ ശ്രദ്ധയോടെയാണ് എല്ലാം ഞാൻ കൈകാര്യം ചെയ്തിരുന്നത്…

എല്ലാ ദിവസവും ഉച്ചയ്ക്ക് ആളുടെ ഫ്ലാറ്റിലേക്ക് പോകും, പുതിയ വീട് വയ്ക്കുന്നതിനാൽ തൽക്കാലത്തേക്ക് ഫ്ലാറ്റിലാണ് താമസം…ചൂട് കുത്തരിച്ചോറും പരിപ്പ് കറിയും പപ്പടവും ഒക്കെ ആണ് ആൾക്ക് പ്രിയം…ആനിയമ്മയാണ് എല്ലാം തയ്യാറാക്കി വയ്ക്കുന്നത്….

ചെറുപ്പത്തിൽ തന്നെ അമ്മ മരിക്കുകയും അച്ഛൻ മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തുവെന്ന്…ന്യൂയോർക്കിൽ സെറ്റിഡ് ആണവർ…രാജീവ് സാറ് അന്നേ മുത്തശ്ശിയോടൊപ്പം തറവാട്ടിൽ തന്നെയായിരുന്നു വളർന്നതും പഠിച്ചതുമൊക്കെ…അവരുടെ മരണശേഷം ആളിപ്പോ വല്ലാതെ ഒറ്റപ്പെട്ട ജീവിതമാണെന്ന് അനുചേച്ചി പറഞ്ഞു ഞാനറിഞ്ഞു…

ദിവസങ്ങൾ അങ്ങനെ മാറ്റങ്ങൾ ഇല്ലാതെ പിന്നിട്ടു…ആദ്യ ശമ്പളം വാങ്ങിയപ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി…ഓഫീസിൽ എല്ലാവർക്കും ലഡ്ഡു വാങ്ങി നൽകിയപ്പോൾ ആൾക്ക് നേരെയും ഒരെണ്ണം നീട്ടി…

എന്തോ ആളത് വാങ്ങിയില്ല…വേണ്ട എന്ന് പറഞ്ഞു വേഗം മുഖം തിരിച്ചപ്പോൾ എനിക്കെന്തോ വിഷമം തോന്നാതിരുന്നില്ല…

ദിവസങ്ങൾ കടന്നുപോകെ ഉള്ള പൈസ ഒക്കെ സ്വരുക്കൂട്ടി വച്ചു…ശനി ഞായർ ദിവസങ്ങളിലുള്ള കോച്ചിംഗ് ക്ലാസുകൾ പുരോഗമിച്ചു…ആഗ്രഹിച്ചതുപോലെ തന്നെ പിഴച്ചുപോയ ജീവിതതാളങ്ങൾ ശ്രുതിക്കൊപ്പം ലയിച്ചുതുടങ്ങി…

പിന്നീട് ഒരിക്കലും ആ സിനിമാനടിയെ ഓഫീസിലേക്ക് കണ്ടിട്ടില്ല എന്ന് ഞാൻ ഓർത്തു…

ഒരിക്കൽ രാവിലെ റോഡിലുള്ള തിക്കും തിരക്കുകളും കാരണം ഓഫീസിൽ എത്താൻ തീരെ വൈകി…പുതിയ പ്രൊജക്റ്റ്‌ പ്രസന്റേഷൻ നടക്കുന്ന ദിവസവുമാണ്…ഫയലുകൾ ഒക്കെ എന്നെ ഏൽപ്പിച്ചു കൃത്യ സമയത്ത് എത്തിച്ചേരാൻ സാർ പറഞ്ഞിരുന്നതുമാണ്…

ബസ് ഇറങ്ങിയതും ഓഫീസിലേക്ക് വേഗത്തിൽ നടന്നു…

പെട്ടന്ന് ഓഫീസ് മുറിയുടെ ചില്ല് വാതിൽ വലിച്ചു തുറന്ന് അകത്തേക്ക് ഞാൻ കയറിയതും അതേ സമയം പുറത്തേക്ക് ഇറങ്ങിയ രാജീവ് സാറിന്റെ ദേഹത്തേക്കാണ്  ശക്തമായി ഇടിച്ചത്…

ആള് പിന്നിലേക്ക് ആഞ്ഞു പോകുകയും കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ ദൂരേക്ക് തെറിച്ചു പോകുകയും ചെയ്തു….

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു…ആ മുഖം ദേഷ്യത്താൽ കനക്കുന്നതും മൂക്കിൻതുമ്പ് ചുവന്നു വിറയ്ക്കുന്നതും ഞാൻ പേടിയോടെ നോക്കി….

വേഗം മൂലയിലേക്ക് തെറിച്ചു വീണ മൊബൈൽ ഫോൺ ഓടിപ്പോയി ഞാൻ എടുത്തു…മൂന്ന് ദിവസങ്ങൾ ആയില്ല ലേറ്റസ്റ്റ് ആയി ഇറങ്ങിയ ആപ്പിൾ 13 പ്രോ മോഡൽ മൊബൈൽ ആണ്…

ചില്ലുകൾ പൊട്ടി ചിതറി ജീവനില്ലാതെ എന്റെ കൈകളിൽ ഇരുന്നു വിറച്ചു…എന്റെ കണ്ണുകൾ നിറഞ്ഞു…

ആളെന്റെ അരികിലേക്ക് വന്നു ഫോൺ തട്ടിപ്പറിച്ചു…ദേഷ്യത്തോടെ വീണ്ടുമത് ചുമരിലേക്ക് എറിഞ്ഞു…

എന്നെ ഒന്നും പറഞ്ഞില്ല പോയി കസേരയിലേക്ക് ഇരുന്നു കണ്ണുകൾ അടച്ചു…കൂട്ടിയിടിച്ച സമയം സാർ ഏതോ കോളിൽ ആയിരുന്നു അതിന് തുടർച്ച എന്നപോലെ ലാൻഡ് ഫോണിൽ നിന്നും ആരെയോ വിളിച്ചു സംസാരിക്കുന്നു…

നിന്നിടത്ത് നിന്ന് ചലിക്കാനാകാതെ ഞാനും ലാവപോലെ തണുത്തുറഞ്ഞു…

“”സാറാ ഐസക്കിന്റെ വരുന്ന മൂന്ന് മാസത്തേക്കുള്ള സാലറി കട്ട് ചെയ്തേക്കണം…ആളുടെ പേരിൽ ഒരു പ്രോപ്പർട്ടി ഡാമേജ് റിപ്പോർട്ട്‌ ചെയ്‌തേക്ക്…””

ഒട്ടൊരു നിശബ്ദതയ്ക്കപ്പുറം ആളുടെ ശബ്ദം മുഴങ്ങി…ഫോണിന്റെ വിലയോളം വരില്ല എന്റെ മൂന്ന് മാസശമ്പളം…അഡ്മിനിസ്ട്രേഷനിൽ ആരെയോ വിളിച്ചു ഓർഡർ കൊടുത്തതാണ്…

ആളെന്റെ മുഖത്തേക്ക് പോലും നോക്കാതെ പുറത്തേക്ക് ഇറങ്ങി പോകാൻ പറഞ്ഞു…

ആകെ ഒരു ശൂന്യത ആയിരുന്നു എന്റെ മനസ്സിൽ…തുറന്നിട്ട വഴികൾ ഒക്കെ വലിയൊരു കാറ്റിൽ കൊട്ടിയടഞ്ഞുപോയി…ഒരു ദിവസം വണ്ടിക്കൂലി തന്നെ ഇരുപത് രൂപയോളം വേണം…ആകെ വലഞ്ഞ അവസ്ഥയിലേക്ക് ഞാൻ എത്തപ്പെട്ടു…

ഓഫീസിൽ ആരോടും പറഞ്ഞില്ല…പിന്നീടുള്ള ദിവസങ്ങൾ എല്ലാം തള്ളി നീക്കാൻ വല്ലാത്ത പ്രയാസമായിരുന്നു…

കുറച്ചു ദിവസങ്ങൾക്കപ്പുറം രാജീവ് സാർ പഴയ പോലെ ആയി…ആള് അതേപോലെയുള്ള ഒരു പുതിയ ഫോൺ വാങ്ങി…കമ്പനിയിലെ പുതിയ പ്രൊജക്റ്റ്‌ അപ്പ്രൂവൽ ലഭിക്കുകയും വർക്കുകൾ ആരംഭിക്കുകയും ചെയ്തു…

ഒരു മാസം പിന്നിട്ടതും വണ്ടിക്കൂലിക്ക് പോലും കടം വാങ്ങി വരേണ്ട പരിതാപകരമായ അവസ്ഥയായി…പങ്കായമില്ലാത്തൊരു വഞ്ചിപോലെ ഞാനിങ്ങനെ ആടി ഉലഞ്ഞു…

ഒരു തിങ്കളാഴ്ച ദിവസം ഉച്ചയ്ക്കുള്ള ഭക്ഷണം എടുക്കാൻ ഫ്ലാറ്റിലേക്ക് ചെന്നപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല…സെക്യൂരിറ്റി പറഞ്ഞ പ്രകാരം ആനിയമ്മ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലീവ് ആണെന്ന് അറിഞ്ഞു…ഓർത്തുകാണില്ല എന്ന് തോന്നുന്നു ഈ കാര്യങ്ങൾ ഒന്നും ഓഫീസിൽ നിന്ന് ഇറങ്ങും മുൻപേ രാജീവ് സാർ എന്നോട് സൂചിപ്പിച്ചതുമില്ല…

പെട്ടന്ന് തോന്നിയ ബുദ്ധിയിൽ ചോറും തേങ്ങ ചുട്ടരച്ച് ചമ്മന്തിയും മുട്ട പൊരിച്ചതും തോരനും ഒക്കെ അല്പം ധൃതിപ്പെട്ടു തയ്യാറാക്കി ഓഫീസിലേക്ക് ഞാൻ എത്തി…

ഭക്ഷണത്തിനായി ഞാൻ ആളെ വിളിച്ചപ്പോളാണ് ഫ്ലാറ്റിലേക്ക് പോകേണ്ടിയിരുന്നില്ല എന്ന കാര്യം പറയാൻ വിട്ട്പോയി എന്ന് പറഞ്ഞത്…

ഭക്ഷണം ഹോട്ടലിൽ നിന്നും വാങ്ങിയതാകും എന്ന് കരുതിയാണ് ആള് കൈ കഴുകി ഡെയിനിങ്ങ് ഏരിയയിലേക്ക് വന്നത്…

ഫുഡ്‌ ഒക്കെ കണ്ട് ആ കണ്ണുകൾ ഒന്ന് കുറുകി…എനിക്ക് നേരെ ആ മുഖം ഉയർന്നതും ഞാൻ വേഗം പ്ലേറ്റ് എടുത്ത് മുന്നിൽ വച്ചിട്ട് പുറത്തേക്ക് നടന്നു…

“”താനൊന്ന് നിന്നേ…ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഇതൊക്കെ  വിളമ്പി തരാമോ….””

ആളുടെ മുഖത്ത് ഇതുവരെ കണ്ടറിയാതൊരു നിഷ്കളങ്കത…

ഞാൻ ചിരിയോടെ ചൂട് ചോറ് വിളമ്പി…ചുട്ടരച്ച ചമ്മന്തി ചേർത്ത് കുഴച്ച് ഉരുളകൾ ഉരുട്ടി അയാൾ കഴിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി തോന്നി…

“”പണ്ട് എന്റെ മുത്തശ്ശി ഇതുപോലെ ചമ്മന്തി ഉണ്ടാക്കി തരുമായിരുന്നു…അതേ രുചി ഇതിനും…””

സ്വന്തം പ്ലേറ്റ് എടുത്ത് കഴുകി വയ്ക്കുന്നതിനിടയിൽ എനിക്ക് മുഖം തരാതെ അത്രയും പറഞ്ഞു…

ഞാൻ പുറത്തേക്ക് പോകാൻ തുടങ്ങും മുന്നേ അയാൾ പറഞ്ഞു തുടങ്ങി…

“”ആനിയമ്മ ഇല്ലാത്ത ദിവസം ഇനിമുതൽ ഫുഡ്‌ ഓർഡർ ചെയ്യാം…ഇയാള് ബുദ്ധിമുട്ടണ്ട..””

മറുപടിയൊന്നും ഞാൻ പറഞ്ഞില്ല…

അനുരാധ ചേച്ചിയുടെ മകൾക്ക് പ്ലസ് ടു വിന് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചതിന്റെ മധുരം നൽകാൻ സാറിന്റെ കാബിനിലേക്ക് വന്നു…ലഡു കഴിച്ചുകൊണ്ട് ആളെന്തോ ചിരിയോടെ അനുചേച്ചിയോട് സംസാരിക്കുന്നു…

ഞാനും അത് നോക്കി നിന്നു…ചേച്ചി പുറത്തേക്ക് പോയി കഴിഞ്ഞതും ആളെന്നെ നോക്കി…

“”കണ്ടില്ലേ നന്നായി പഠിക്കുന്ന മിടുക്കി കുട്ടികളെ…താനും നന്നായി പഠിച്ചു നല്ലൊരു ജോലിയൊക്കെ വാങ്ങിയിരുന്നെങ്കിൽ ഇങ്ങനെ ചായയും ഇട്ട് ഓഫീസും തുടച്ചു നടക്കേണ്ടി വരില്ലായിരുന്നല്ലോ…””

പരിഹാസത്തിന്റെ മുൾമുന നെഞ്ചിലേക്ക് വന്ന് കുത്തി…ഞാൻ പൂർണ്ണമാകത്തൊരു ചിരിയോടെ ആളെ നോക്കി നിന്നു…

“”എല്ലാവരും പഠിച്ചു ഉയർന്ന ജോലി ഒക്കെ വാങ്ങിയാ ഞാനിപ്പോ ചെയ്യുന്നതൊക്കെ ആര് ചെയ്യും…ഞാൻ ഇതിൽ സന്തോഷവതിയാണ്…എല്ലാ ജോലിക്കും അതിന്റേതാ മാഹാത്മ്യം ഉണ്ടെന്ന് ഞാനും വിശ്വസിക്കുന്നു….””

ഇതൊക്കെ ആളോട് പറയുവാനുള്ള ഊർജ്ജം എന്റെ ജീവിതത്തിൽ നിന്നും നേടിയെടുത്തത് തന്നെയാണ്…ഞാൻ വേഗം പുറത്തേക്ക് നടന്നു…

എൻട്രൻസ് എക്സാം ദിവസത്തിന് മുൻപുള്ള മൂന്ന് ദിവസങ്ങൾ ലീവ് എടുത്തു…ആരോടും പറയാൻ തോന്നിയില്ല…പനി ആയിരുന്നെന്നു കള്ളം പറഞ്ഞു…

അന്നൊരു ഓണക്കാലം ആണ്…

രാജീവ് സാറിന്റെ പുതിയ വീടിന്റെ ഹൌസ് വാമിംഗ് ആണ് അടുത്ത ആഴ്ച…ഓഫീസിലെ എല്ലാവരെയും ആള് നേരിട്ട് ക്ഷണിച്ചു…

മറന്നുപോയെന്ന് തോന്നുന്നു എന്നെ മാത്രം വിളിച്ചില്ല…സങ്കടം ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്…ഏങ്കിലും സാരമില്ല എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു പഠിപ്പിച്ചു…

ഒരുകണണക്കിനു നന്നായി വിളിച്ചാലും സമ്മാനം ഒന്നും വാങ്ങിക്കൊണ്ട് പോകാൻ എന്റെ കൈയ്യിൽ പൈസയുമില്ല…ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് മാസം മൂന്നാകുന്നു…

ഏങ്കിലും തികട്ടിവന്നൊരു കുഞ്ഞു നൊമ്പരം ഞാൻ മെല്ലെ കുടിച്ചിറക്കി…

അടുത്ത ദിവസം രാവിലെ എല്ലാവരും തലേ ദിവസത്തെ ചർച്ചയിൽ ആയിരുന്നു…സാറിന്റെ പുതിയ വീടിന്റെ പ്രൗടിയെ പറ്റി വാതോരാതെ പറയുന്നതിൽ ഞാൻ വെറുമൊരു കേൾവിക്കാരിയായി നിന്നു…

“”സാറയെ ഇന്നലെ കണ്ടതെ ഇല്ലല്ലോ…താൻ എന്താ വരാതിരുന്നത്…അതോ രാജീവ് സാറ് ക്ഷണിച്ചില്ലേ തന്നെ…?””

ഓഫീസിലെ ഒരു സ്റ്റാഫ്‌ ആണ് എല്ലാവരുടെയും മുന്നിൽ വച്ചു ആകാംഷയോടെ എന്നോട് ചോദിച്ചത്…എന്താണ് ഞാൻ പറയേണ്ടത്…

“”അ…അത്…സാർ ക്ഷണിച്ചാരുന്നു…പെട്ടന്ന് ചെറിയ പനി പോലെ വന്നു വയ്യാണ്ടായി…അതാ വരാതിരുന്നത്… “”

എങ്ങനെയോ പതർച്ചയോടെ ഞാൻ പറഞ്ഞൊപ്പിച്ചു….

“”എന്നാലും താൻ ഒരു ബിഗ് ചാൻസ് നഷ്ടപ്പെടുത്തി…ഫുഡ്‌ ഒക്കെ എന്ത് ക്ലാസ്സ്‌ ആയിരുന്നെന്നോ…ഞങ്ങൾ എല്ലാവരും കൂടി ഷെയർ ചെയ്തു വലിയൊരു പ്രേസന്റ് വാങ്ങിക്കൊടുത്തു…എന്തായാലും ആ ക്യാഷ് തനിക്ക് ലാഭിച്ചു…””

അങ്ങിങ്ങായി ഒരു കൂട്ടച്ചിരി…എനിക്കെന്തോ വല്ലാത്ത അപമാനം തോന്നിപ്പോയി…വേഗം അവിടെ നിന്നും പുറത്തേക്ക് നടന്നതും എല്ലാം കേട്ടുകൊണ്ട് ആള് അവിടെ നിൽക്കുന്നുണ്ടായിരുന്നു…

ഞാൻ ആ മുഖത്ത് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് നടന്നകന്നു…

“”ഇന്ന് ഉച്ച കഴിഞ്ഞു നമുക്ക് രണ്ടാൾക്കും ഒരിടം വരെ പോകണം…താൻ റെഡി ആയി നിന്നോളൂ….””

ചിലപ്പോളൊക്കെ ജോലി സംബന്ധമായി ആളുടെ ഒപ്പം ഞാൻ പുറത്തേക്ക് പോകാറുണ്ട്…

സാധാരണ ഡ്രൈവർ ഉണ്ടാകുന്നതാണ് ഇന്ന് ആ സീറ്റിൽ രാജീവ് സാർ ആണെന്ന് കണ്ടപ്പോൾ ഞാൻ തെല്ലൊന്ന് അമ്പരന്നു….

പരസ്പരം ഒന്നും സംസാരിച്ചില്ല…കാറിന്റെ  താഴ്ത്തി വച്ചിരിക്കുന്ന വിൻഡോ ഗ്ലാസ്സിലൂടെ ഒഴുകി വരുന്ന കാറ്റിൽ എന്റെ മുടിയിഴകൾ പിന്നിലേക്ക് പറന്നു…

ആളിടയ്ക്കിടെ എന്നെ ശ്രദ്ധിക്കുന്നതായി ഞാനറിഞ്ഞെങ്കിലും പുറത്തെ കാഴ്ചകളുടെ ഭംഗിയിൽ എന്റെ കണ്ണുകളെ തളച്ചിട്ടു…

കൊട്ടാരസദൃശ്യമായ ഒരു വലിയ വീടിന്റെ മുന്നിൽ കാർ നിന്നതും സംശയത്തോടെ ആളുടെ മുഖത്തേക്ക് ഞാൻ നോക്കി…

ആ വലിയ വീടിന്റെ പടിക്കൽ നിൽക്കാൻ എനിക്കെന്തോ വല്ലാത്ത ജാള്യത…

ആളെന്റെ തോളിൽ മെല്ലെ തട്ടി…ആ മുഖത്ത് ഒരിക്കലും കാണാത്തൊരു പുഞ്ചിരി തങ്ങി നിൽക്കുന്നു….എന്ത് ഭംഗിയാണ്…

പുറത്തേക്കിറങ്ങി ഓടാൻ തോന്നുന്നു എനിക്ക്…

“”സോറി…എപ്പോളും കൂടെയുള്ള തന്നെ മാത്രം ക്ഷണിക്കാൻ ഞാൻ മറന്നു പോയി…എല്ലാവരുടേം കൂടെ തന്നെ കാണാഞ്ഞപ്പോളാണ് എന്റെ തെറ്റ് മനസ്സിലായത്…””

ആദ്യമായാണ് ഇങ്ങനെ ആള് സംസാരിക്കുന്നത് ഞാൻ കാണുന്നത്…എന്റെ മുഖത്തെ ജാള്യതയും പേടിയും ആൾക്ക് മനസ്സിലായി എന്ന് തോന്നുന്നു..

“”താൻ പേടിക്കണ്ട…ജസ്റ്റ്‌ റിലാക്സ്…ഇവിടെ ഞാൻ തന്റെ സുപ്പീരിയർ അല്ല കേട്ടോ…ഒരു ഫ്രണ്ട് ആയി കണ്ടോളൂ…

ഇന്നലെ തന്നെ വിളിക്കാൻ ഇറങ്ങിയത പിന്നെ അഡ്രെസ്സ് ഡീറ്റെയിൽസ് ഒക്കെ ഓഫീസിൽ അല്ലേ…അതാണ്‌ ഇന്നത്തേക്ക് ആക്കിയത്…””

ഇത്രയൊക്കെ ക്ഷമ പറയാൻ എന്തിരിക്കുന്നു…അതും ഈ എന്നോട്…

“”സാരമില്ല സാർ…ആദ്യം വിഷമം തോന്നി… ഇപ്പൊ അങ്ങനെ ഒന്നുമില്ല… “”

ഞാനും ചിരിച്ചു…

ആള് ആ വീടിന്റെ ഓരോ കോണും എന്നെ കാണിച്ചു തന്നു…മറ്റാരും അവിടെ ഇല്ല…ആനിയമ്മ ഉച്ചയ്ക്ക് പോയി എന്ന്…ഒറ്റയ്ക്ക് ആളെങ്ങനെ ഈ വലിയ വീട്ടിൽ…ഓർത്തപ്പോൾ എന്തോ ഒരു നിരാശ തോന്നി…ആളാണ്‌ ചായ ഒക്കെ ഉണ്ടാക്കി തന്നത്…

വീട്ടിൽ നിന്നിറങ്ങുമ്പോൾ വല്ലാത്തൊരു സന്തോഷം എന്നെ വന്ന് മൂടി…കാർ പോയത് ഏതോ വലിയ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിലാണ്…മടിച്ചിരുന്ന എന്നെ നിർബന്ധിച്ചു റെസ്റ്റോറെന്റിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോളും മെനുവിലെ എനിക്ക് അറിയാത്ത ഓരോ വിഭവത്തെയും പറഞ്ഞു മനസ്സിലാക്കി തന്ന് ഇഷ്ടം ഉള്ളത് ഓർഡർ ചെയ്യാൻ പറയുമ്പോഴും ഒക്കെ ആളെ ഞാൻ കൗതുകത്തോടെ നോക്കിയിരുന്നുപോയി…

ഒരുപക്ഷെ ഓഫീസിൽ കാണുന്ന പരുക്കനായ മനുഷ്യനപ്പുറം മറ്റെന്തൊക്കെയോ ആണ് രാജീവ് സാർ എന്നത് എനിക്ക് പുതിയ അറിവായിരുന്നു…

നേരം സന്ധ്യയോടെടുത്തു…ഇളം വെയിൽ തെന്നിമാറി ഇരുട്ടിലേക്ക് ചായാൻ തുടങ്ങുന്നു…

തിരികെ ബസ്റ്റോപ്പിൽ ഇറക്കിയാൽ മതി എന്ന് പറഞ്ഞിട്ടും വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന് ആൾക്കായിരുന്നു നിർബന്ധം…ആൾക്ക് വഴിപറഞ്ഞു കൊടുക്കുമ്പോൾ എനിക്കെന്തോ ഇതുവരെയില്ലാത്തൊരു വെപ്രാളം കടന്നുകൂടി…

“”സെന്റ് മേരിസ് ഓർഫനേജിന്റെ” വലിയ കവാടത്തിനു മുന്നിൽ കാർ നിർത്തുമ്പോൾ സംശയത്തോടെ ആളുടെ കണ്ണുകൾ എന്നിലേക് നീണ്ടു…

“”സമയം വൈകി…ഇപ്പൊ വിസിറ്റേഴ്‌സിന് അനുവാദം ഇല്ല…അല്ലെങ്കിൽ ഇവിടുത്തെ ഞങ്ങളുടെയെല്ലാം അമ്മയായ അമലാമ്മയെ കണ്ടിട്ട് പോകാമായിരുന്നു…

എന്നാൽ ഞാൻ ഇറങ്ങട്ടെ…നല്ലൊരു ദിവസം തന്നതിന് താങ്ക്സ്…””

ഞാൻ ചിരിയോടെ ആത്മവിശ്വാസത്തോടെ ആ വലിയ മതിൽക്കെട്ടിനുള്ളിലേക്ക് നടന്നു…ആ മുഖത്ത് സഹതാപം ആയിരിക്കുമോ…എനിയ്ക്കെന്നെ ആ വികാരത്തോട് വെറുപ്പാണ്…

ജനിച്ചപ്പോൾ എല്ലാവരുമുണ്ടായിരുന്നു…അമ്മച്ചി, ചാച്ചൻ, തേത്തി തേത്തി എന്ന് വിളിച്ചു എന്റെ പിന്നാലെ വരുന്ന കുഞ്ഞനിയൻ…അവൻ ഇന്നുണ്ടായിരുന്നെങ്കിൽ ചേച്ചീന്ന് വിളിച്ചേനെ..മലയോര കർഷകകുടുംബമായിരുന്നു ഞങ്ങളുടേത്…ഒരിയ്ക്കൽ പെയ്തുതീർന്ന പേമാരിയിലും ഉരുൾപൊട്ടലിലും വേരറ്റ്പോയ ഒരു കുടുംബത്തിലെ ശേഷിക്കുന്ന കണ്ണിയായിരുന്നു ഞാൻ…

ആരോരും ഏറ്റെടുക്കാനില്ലാതെ ആയപ്പോൾ പള്ളിവക അനാഥലയത്തിൽ ഒരിടം കിട്ടി…അമ്മയുണ്ട് സഹോദരിയുടെ സഹോദരനുണ്ട്, എല്ലാവരുമുള്ള വലിയൊരു വീട്…അതാണിവിടം…ഞാനിന്ന് സന്തോഷവതിയാണ്…

പക്ഷേ അവരൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത കരയാത്ത രാത്രികൾ ഉണ്ടാകുമോ എന്നെങ്കിലും…അന്ന് രാത്രി എന്തോ എനിയ്ക്കുറക്കം വന്നില്ല…

അടുത്ത ദിവസം സാറിനെ അഭിമുഖീകരിക്കാൻ എന്തോ പോലെ…പക്ഷേ ഉദ്ദേശിച്ച പോലെ ഒന്നുമില്ലായിരുന്നു…

അടുത്ത ആഴ്ചയാണ് എൻട്രൻസ് റിസൾട്ട്‌ വരുന്നതെന്ന് ഞാനോർത്തു…

അപ്രതീക്ഷിതമായിയാണ് മറ്റൊരു ഭാഗ്യം എന്നെ തേടി വന്നത്…ഓണത്തോട് അനുബന്ധിച്ചു നടന്ന പള്ളിയുവജന കൂട്ടാഴ്മയുടെ ഭാഗ്യനറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ആപ്പിൾ 13 പ്രോ ഫോൺ എനിക്ക് സമ്മാനമായി കിട്ടിയത്….

സന്തോഷത്തിനു അതിരില്ലാത്ത ദിവസമായിരുന്നു അത്…ഫോൺ കയ്യിൽ കിട്ടിയിട്ടും ഞാൻ പെട്ടി തുറന്നില്ല…അന്നത്തെ രാത്രിക്ക് ദൈർഘ്യം കൂടുതലുണ്ടായിരുന്ന പോലെ…

ഓഫീസിലേക്ക് വന്നയുടനെ ബാഗിൽ നിന്നും ഫോൺ അടങ്ങിയ ബോക്സ് ഞാൻ ആൾക്ക് നേരെ നീട്ടി…

ആ കണ്ണുകളിൽ ഒരു കൗതുകം…

“”അന്ന് ഞാൻ കാരണം പൊട്ടിപ്പോയ സാറിന്റെ ഫോണിന് പകരമാണ്…പുതിയതാ…അതേ മോഡൽ ആണ് കേട്ടോ…””

ഞാൻ ചിരിയോടെ ആ ബോക്സ്‌ മേശയ്ക്ക് മുകളിലേക്ക് വച്ചു…

“”പറ്റുമെങ്കിൽ ഇനിയെങ്കിലും സാലറി തരാൻ പറയണേ…മൂന്ന് മാസമായി വണ്ടിക്കൂലി പോലും കടം വാങ്ങിയാ വരുന്നേ…””

ചിരിയോടെയാണ് ഞാനത് പറഞ്ഞതെങ്കിലും മനസ്സിൽ ഒരു സംതൃപ്തി ആയിരുന്നു…ആ മുഖത്ത് പെട്ടന്ന് ഒരു നിരാശ മൂടുന്നത് ഞാനറിഞ്ഞതും പെട്ടന്ന് തിരിഞ്ഞു നടന്നു…

അന്ന് വൈകുന്നേരം ഓർഫണേജിൽ തിരിച്ചെത്തുമ്പോൾ പുറത്തുള്ള പൂന്തോട്ടത്തിലെ തടി ബഞ്ചിൽ കുറേ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടുന്ന രാജീവ് സാറിനെ കാൺകെ ഞാൻ അത്ഭുതപ്പെട്ടു…കുഞ്ഞുങ്ങളുടെ കൈകളിൽ തിളങ്ങുന്ന വർണ്ണക്കടലാസുകളിൽ പൊതിഞ്ഞ സമ്മാനങ്ങളും ബലൂണുകളും…

എന്നേ കാൺകെ ചിരിയോടെ അരികിലേക്ക് വന്നു..കയ്യിലുള്ള കവർ എനിക്ക് നേരേ നീട്ടി…

“”ക്ഷമിക്കണം എന്ന് പറഞ്ഞാൽ പോലും അതിനർത്ഥമില്ല…ഏങ്കിലും ഇത് തിരികെ വാങ്ങിച്ചൂടെ തനിക്ക്…””

ആ കണ്ണുകളിൽ ഒരു യാചനയുടെ ഭാവം…

“”അർഹതയില്ലാത്തതൊന്നും എനിക്ക് വേണ്ട സാർ…എന്നെ തിരികെ വാങ്ങാൻ നിർബന്ധിക്കരുത്…””

ഉറച്ച ചുവടുകളോടെ ഞാൻ പിന്തിരിഞ്ഞു നടക്കുമ്പോൾ ആ കണ്ണുകൾ എനിക്ക് നേരെ ആണെന്ന് ഞാനറിഞ്ഞു…

“”ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മലയാളി ഉൾപ്പെടെ മൂന്ന് പേർക്ക് ഒന്നാം റാങ്ക്…

അഭിമാനനേട്ടവുമായി കേരളക്കരയിൽ നിന്നും “”സാറാ ഐസക് “”…

അന്നത്തെ പത്രങ്ങളുടെ ആദ്യ പേജുകളിൽ എന്റെ പേരും ചിത്രവും നിറഞ്ഞു നിന്നു…സത്യത്തിൽ എനിക്ക് കരച്ചിൽ വന്നു…സന്തോഷം കൊണ്ട്…എല്ലാവരും അഭിനന്ദിച്ചു…

അന്ന് ഓർഫണെജിൽ എല്ലാവർക്കും മധുരവും നൽകി…

തുടർപഠനത്തിന് വേണ്ടിയുള്ള എല്ലാ സഹായവും ഏറ്റെടുത്ത്കൊണ്ട് ഒരു വിദേശ ചാരിറ്റബിൾ ട്രസ്റ്റ്‌ മുന്നോട്ട് വന്നു…

അന്ന് ഓഫീസിലെ അവസാന ദിവസമായിരുന്നു…പ്രതീക്ഷിക്കാത്ത ഒരു സെൻറ് ഓഫ്‌ പാർട്ടി ആളെനിക്ക് വേണ്ടി സങ്കടിപ്പിച്ചു…

“”താൻ ഓരോ നിമിഷവും എന്നെ ഞെട്ടിച്ചുകൊണ്ടിരിക്കുവാണല്ലോ സാറാ…പഠിച്ചു മിടുക്കി ആയിട്ട് വരണം കേട്ടോ…””

ഞാൻ ചിരിയോടെ നിന്നപ്പോൾ ആൾ എനിക്കരികിലേക്ക് വന്നു…

എന്റെ വലതുകൈ കവർന്നു ആ കൈകൾക്കിടയിലേക്ക് ചേർത്ത് വച്ചു…ആ കൈകൾക്ക് ഒരു വല്ലാത്ത ചൂട്…

“”Really i miss you…””

ആളങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ വല്ലാതെ സങ്കടം തോന്നി…ആളുടെ കൈകൾ ഉയർന്നു വന്ന് എന്റെ നെറുകയിൽ ഒന്ന് തലോടി…

കണ്ണുകൾ നിറയുന്നു…ഞാൻ വേഗം ഡോർ തുറന്ന് പുറത്തേക്കോടി…എനിക്കറിയില്ല മനസ്സ് എവിടെയോ കുടുങ്ങികിടക്കുന്നു….

കാലങ്ങളും ഋതുക്കളും എത്രവേഗമാണ് പോയ് മറഞ്ഞത്…മൂന്ന് വർഷങ്ങൾ…

ഓർഫണേജിലെ സ്ഥിര സന്ദർശകനായ രാജീവ് മേനോനെ പറ്റി അമലമ്മ വിളിക്കുമ്പോഴൊക്കെ പറയാറുണ്ടായിരുന്നു…അന്ന് ഡൽഹിക്ക് വരും മുന്നേ ഫോണിലേക്ക് ഒരു ബെസ്റ്റ് വിഷസ് അയച്ചിരുന്നു ആള്…

ഗ്രാജുവേഷൻ സെർമണിയുടെ അന്ന് കോളേജിൽ അമലമ്മയ്‌ക്കൊപ്പം പ്രതീക്ഷിക്കാത്ത മറ്റൊരാൾ കൂടി ഉണ്ടായിരുന്നു…

എന്നെ കണ്ടതും ആ കണ്ണുകൾ തിളങ്ങുന്നു…എനിക്കും അത്ഭുതം തോന്നി…ആ പഴയ രാജീവ് സാർതന്നെ…അല്പം തടിച്ചു…താടിയൊക്കെ നീട്ടിയിട്ടുണ്ട്…

അമലമ്മ എന്നെ നെഞ്ചോടു ചേർത്തപ്പോൾ എന്റെ കൺകോണിൽ സന്തോഷത്തിന്റെ നീർ തെളിഞ്ഞു…

ആള് ചിരിയോടെ എന്നെ നോക്കി നിൽക്കുന്നു…അറിയില്ല ആ മനസ്സിൽ എന്താണെന്നൊന്നും…ആൾക്ക് നേരെ ഞാൻ കൈ നീട്ടുമ്പോൾ ഇരു കൈകളാലും എന്റെ മെലിഞ്ഞ കൈകളെ മൃതുവായി പൊതിഞ്ഞു പിടിച്ചു…അന്നത്തെ ആ ചൂട് ഇന്നും ഉണ്ട്…

യാത്രപറയുമ്പോൾ ചുവന്ന വർണ്ണക്കടലാസ്സിൽ ഒരു സമ്മാനവും ഉണ്ടായിരുന്നു…ചിരിയോടെ എന്റെ കൈകളിൽ ഏല്പിച്ചു ആ കണ്ണുകൾ ചിമ്മിയടച്ചു…

ആളെന്തോ ആവശ്യത്തിനായി ഡൽഹിക്ക് വന്നതാണെന്നും അമ്മലമ്മയെ വിളിച്ചു കാര്യം അറിഞ്ഞപ്പോൾ ഇവിടേക്ക് എത്തിയതാണെന്നും പറഞ്ഞു…

പിന്നീട് നാട്ടിലെത്തിയിട്ടും ഇടയ്ക്കിടെ എന്നെ കാണാൻ വരാറുണ്ടായിരുന്നു…എന്തിന് എന്ന് ചോദിച്ചാൽ എനിക്കും അറിയില്ല ആൾക്കും അറിയില്ല…കുഞ്ഞുങ്ങൾക്കെല്ലാം ആളോട് വലിയ കാര്യമാണ്…

ഇടയ്ക്ക് ആൾ തന്ന സമ്മാനപ്പൊതിയിൽ സൂക്ഷിച്ച പഴയ ഫോൺ എടുത്ത് ഞാൻ തൊട്ടുനോക്കി…ആ കൈകളിലെ ചൂടുണ്ട് അതിലും…

അന്നൊരു പെരുമഴ ഉള്ള ദിവസം ഓർഫനേജിന്റെ വരാന്തയിൽ തൂവാനമേറ്റ് ആൾക്കൊപ്പം ഞാൻ നിന്നു…ശക്തമായൊരു മൗനം ആ മഴതണുപ്പിൽ ഞങ്ങൾക്കിടയിൽ കടന്നു വന്നു…

ഞാനും ആളും അറിയാതെ എവിടെയോ പരസ്പരം തിങ്ങി വിങ്ങി നിൽക്കുന്ന ഒരു അടുപ്പം…എന്ന് മുതൽ…അതറിയില്ല…

അടുത്തടുത്ത് തോളോട് തോൾ ചേർന്ന് ഒരുപാട് നേരം ആൾക്കൊപ്പം ഞാൻ നിന്നു …

യാത്ര പറയുമ്പോൾ എന്നെ ചേർത്ത് പിടിച്ചു ആ കണ്ണുകൾ ചിമ്മിക്കാട്ടി…

നാട്ടിൽ തന്നെ ഒരു കമ്പനിയിൽ ജോയിൻ ചെയ്തെങ്കിലും ഇനിയും തുടർന്ന് പഠിക്കാൻ യൂ.കെ യിലേക്ക് അയച്ചതും ആളുടെ പരിശ്രമത്തിലൂടെയായിരുന്നു…

അന്ന് എയർപോർട്ടിലേക്ക് എനിക്കൊപ്പം ആളും ഉണ്ടായിരുന്നു…പോകും മുന്നേ എന്റെ കൈ കവർന്നു പൊതിഞ്ഞു പിടിച്ചു…

“”കാത്തിരുന്നോട്ടെ ഞാൻ…ഒറ്റയ്ക്ക് വയ്യ ഇനി…കാലങ്ങളായി മറ്റാരെയും ഇപ്പൊ തന്റെ സ്ഥാനത്ത് കാണാനും വയ്യ….””

ചിരിയോടെ ആ കൈവെള്ളയിൽ ഞാൻ ഒന്ന് മുത്തി…ആ നെഞ്ചോരമെന്നെ അടക്കിപ്പിടിച്ചു…ഒരു വല്ലാത്ത സ്നേഹത്തിന്റെ ചൂട്…

?ലില്ലി