സംഗതി സാരിയൊക്കെ ഉടുത്ത് കാണാൻ ഭംഗിയുണ്ടെലും   അതുടുത്തോണ്ടു പണിയെടുക്കുന്ന കാര്യം വല്ലാത്തൊരു…

Written by Ezra Pound

============

അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി എഴുന്നേറ്റ്‌ നേരേ ബാത്റൂമിലേക്ക് നടന്നു. കുളി കഴിഞ്ഞല്ലേ അടുക്കളയിലോട്ട് കേറാനൊക്കുള്ളൂ.

ബ്രഷ് ചെയ്തു മുഖം കഴുകിയെന്ന് വരുത്തി ഷവർ ഓൺ ചെയ്തു..തണുത്ത വെള്ളം ദേഹത്തു വീണപ്പൊ വല്ലാത്തോരു കുളിര്‌..എങ്ങിനൊക്കെയൊ കുളിച്ചെന്ന് വരുത്തി തല തുവർത്തി മുടിമ്മേൽ തോർത്തോണ്ടു ചുറ്റി മുറിയിലേക്കു നടന്നു.

ചേട്ടനപ്പോഴും എഴുന്നേറ്റിട്ടില്ല..ഭാഗ്യവാൻ..എത്രനേരം വേണേലും ഉറങ്ങാലോ..ആരും ചോദ്യം ചെയ്യില്ല..കുളിച്ചില്ലേലും കുഴപ്പൊല്ല..അടുക്കളയിലല്ല എവിടേക്കും കേറിച്ചെല്ലാം.

ബ്രാ യും അതിന്റെമേലെ ബ്ലൗസും പോരാത്തതിന് സാരിയും ചുറ്റുമ്പോഴേക്കും ഭ്രാന്താവും..ടീഷർട്ടും പാന്റും ഇടാമെന്ന് വെച്ചാൽ അമ്മക്കിഷ്ടല്ലത്രേ..മാത്രല്ല സാരിയൊക്കെ ഉടുത്ത് ഈറനോടെ കാണുന്നത് തന്നെ ഒരു ഐശ്വര്യമാണത്രെ.

തന്നെ..ഭയങ്കര ഐശ്വര്യമാണ്..ഉണ്ടാരുന്ന സ്വർണം മുഴുവനും അറിയാത്ത ഓരോരോ ബിസിനസ് ചെയ്തോണ്ട് നശിപ്പിച്ചു..ഇപ്പം വീടിരിക്കുന്ന പറമ്പിന്റെ ആധാരോം പണയത്തിലാണ്. ഓർത്തൊണ്ടിരിക്കുമ്പോഴാകുക്കർ വിസിൽ മുഴങ്ങിയേ..ആഹാ ഐശ്വര്യത്തിന്റെ സൈറൺ..എന്ത് രസാണ് കേക്കാൻ.

അപ്പോഴെക്കും മഴപെയ്തു മരം പെയ്യുന്നപോലെ മുടീലുണ്ടാരുന്ന വെള്ളമൊക്കെ ബ്ലൗസിലേക്കിറങ്ങി നനയാൻ തുടങ്ങീരുന്നു..പണ്ടാരം ഈ മുടിയൊന്ന് കട്ട് ചെയ്തു ചെറുതാക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കൂല കാലമാടൻ.

നീളമുള്ള മുടിയാണത്രേ അഴക്..മണ്ണാങ്കട്ടയാണ്..ഇതിങ്ങനെ മെയിന്റൈൻ ചെയ്ത് കൊണ്ടോവാൻ പെടുന്ന പാട് വല്ലതും അങ്ങേർക്കറിയോ..ഉള്ള ദുരിതങ്ങൾ പോരാഞ്ഞിട്ടാണോ പടച്ചോനെ പെണ്ണിനിത്രേം മുടികൂടേ കൊടുത്തേക്കുന്നെ.

അതൊ പോട്ടെന്ന് വെക്കാം..സംഗതി സാരിയൊക്കെ ഉടുത്ത് കാണാൻ ഭംഗിയുണ്ടെലും   അതുടുത്തോണ്ടു പണിയെടുക്കുന്ന കാര്യം വല്ലാത്തൊരു എടങ്ങേറാണ്..ഒന്നങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ തീർന്നില്ലേ. മടക്കി കുത്തിയാലും കസവായതോണ്ട് പിടിച്ച പിടീല് കിട്ടുകേമില്ല.

പണ്ടെങ്ങാണ്ടു അമ്മായി അമ്മന്റടുത്തൂന്ന് കിട്ടിയ പണിയൊക്കെ അണുവിട തെറ്റാണ്ട് മരുമോൾക്കിട്ട് പണിയുടെ രൂപത്തിൽ കൊടുക്കുന്നതിന്റെ ഭാഗമായാവണം സാരിയും എന്റെ തലേൽക്ക് വന്ന് പെട്ടത്. അല്ലാണ്ട് പാരമ്പര്യത്തോടുള്ള ഇഷ്ടം കൊണ്ടൊന്നുമാരിക്കില്ല. അനുഭവിക്കന്നെ…എതിർക്കാൻ നിന്നാലും കുടുംബകലഹത്തിലെ അവസാനിക്കുള്ളൂ.

ഇതൊക്കെ ഉപേക്ഷിച്ചു  വീട്ടിലേക്കു ചെല്ലാമെന്ന് വച്ചാൽ അവർക്കിങ്ങനൊരു മോളുണ്ടെന്ന് പോലും ഓർമ്മ കാണുകേല..ആരാ എവിടുന്നാ ന്നുള്ള മട്ട്..കെട്ടിച്ചു വിട്ടാൽ പിന്നെ ഭാരമൊഴിഞ്ഞല്ലോ..ഓർമ്മയുണ്ടേൽ തന്നെ വേറൊരുത്തനെ കൊണ്ട്‌ കെട്ടിക്കാനുള്ള തത്രപ്പാടിലാരിക്കും. അല്ലെങ്കി നാട്ടുകാരെന്ത് പറയുമെന്ന പേടിയും..സത്യത്തില് നാട്ടുകാരാണല്ലോ വീട്ടുകാര്യം തീരുമാനിക്കുന്നെ.

അല്ലേലും ഒരു സാരി കാരണം ബന്ധം വേർപ്പെടുത്താനൊക്കെ പറ്റോ..ഞാനെന്തൊക്കെയാ ആലോചിച്ചു കൂട്ടിയെ..ഓർത്തപ്പോ ചിരിവന്നു.

അയ്യൊ ചോറെന്തായോ ആവോ..അരിയടുപ്പത്തിട്ടൊണ്ട് അലക്കിയ തുണി ഉണക്കാനിടാൻ വന്നതാരുന്നു..അമ്മ ഗ്യാസിന് വിലകൂടിയെന്നും പറഞോണ്ടു പറമ്പിലൊക്കെ വീണുകിടക്കുന്ന ഓലമടലൊക്കെ പെറുക്കി കൂട്ടി വെക്കുവാ..നാശം പിടിക്കാൻ..ഇനി അടുപ്പിൽ കത്തിക്കുന്നതും  മിക്കവാറും ന്റെ തലേലാവും..അല്ലെലും എനിക്കിട്ട് പണിതരാനാവും വയ്യാഞ്ഞിട്ടും പറമ്പിലൊട്ടിറങ്ങിയേ..അല്ലാണ്ട് ഗ്യാസ് ലാഭിക്കാനൊന്നല്ലാ.

ഇന്നാളൊരിക്കല് ഇങ്ങനെ ലാഭിക്കാൻ ചെന്നിട്ട് തള്ളക്കൊരു പണി കിട്ടീതാ..കാലിലെന്തോ തറച്ചു കാലു പഴുത്ത്‌ ഒടുക്കം കീറിമുറിച്ചു കെട്ടിവെക്കേണ്ടി വന്നു. അന്ന് ചെലവായത് രൂപാ അയ്യായിരമാ..അതുണ്ടാരുന്നേൽ അഞ്ചുമാസം ഗ്യാസ്‌ വാങ്ങിക്കാരുന്നല്ലോ ന്ന് പറഞ്ഞപ്പം ദഹിപ്പിക്കുന്നൊരു നോട്ടുവാരുന്നു.

ചോറ് തിളച്ചു തൂവി നാശമായിട്ടുണ്ട്..ഈയിടെയായി മറവിയിത്തിരി കൂടുതലാന്നെ..സാരിത്തലപ്പൊണ്ട് ചെമ്പിറക്കി വെക്കാൻ നോക്കുമ്പൊഴേക്ക് തീ പടർന്നിരുന്നു..വിഴുങ്ങാൻ പാകത്തിൽ അഗ്നിനാളങ്ങൾ ന്റെ നേർക്ക്‌ പാഞ്ഞുവരികയാ..അയ്യൊ തീ..

“എന്തൊന്നാ മനുഷ്യാ കിടന്ന് കാറുന്നേ..” കെട്യോളുടെ ശബ്ദം കേട്ടാണ് ഉറക്കത്തീന്നുണർന്നെ.ങ്ങേ അപ്പൊ കണ്ടതൊക്കെ സ്വപ്നാരുന്നോ..ഇന്നലെ കിടക്കാൻ നേരം ജെന്റർ ഈക്വാലിറ്റിയെക്കുറിച്ചൊക്കെ ഓർത്തിരുന്നു..അതാവണം ഇങ്ങനൊക്കെ കാണാനിടയായേ.

“ആലോചിച്ചിരിക്കാണ്ട്‌ ചായ കുടിക്ക് മനുഷ്യാ..ചൂടാറും..” ചിരിച്ചോണ്ടവൾ ചായക്കപ്പ് നീട്ടി..സാരിത്തുമ്പിൽ കൈ തുടച്ചോണ്ടവൾ തിരികെ നടക്കാൻ നേരം ഞാനാ കയ്യിലെക്ക് പിടിച്ചു..

“എടിയേ..”

“എന്തൊന്നാ പതിവില്ലാതെ..” ചോദ്യ ഭാവത്തിലവളെന്റെ നേരെ നോക്കി..

“അതേ ഇനി തൊട്ട് ഒറ്റക്കൊന്നും ചെയ്യണ്ട..കഴിയാവുന്ന പോലെ ഞാനും കൂടാ..പിന്നെ എന്നും കുളിച്ചൊരുങ്ങി സാരി തന്നെ ഉടുക്കണോന്നില്ല ട്ടൊ..” പറഞ്ഞു മുഴുമിപ്പിക്കുന്നയിന് മുമ്പെ ഇയാൾക്കിതെന്താ വട്ടായോന്ന് പിറു പിറുത്തൊണ്ടവൾവെളിയിലേക്ക് പോയി..

ജെന്റർ ഇക്വാലിറ്റിയൊക്കെ ആദ്യം നടപ്പിലാവേണ്ടത് സ്വന്തം വീട്ടിലാണെന്നുള്ള തിരിച്ചറിവോടെ ഞാനും പിറകെ നടന്നു.