അച്ഛൻ എന്നത് പകരം വയ്ക്കാനാവാത്തത്ര പ്രാധാന്യം ഉള്ള ഒന്നായിരുന്നല്ലേ നിങ്ങളുടെ ജീവിതത്തിൽ….

Story written by Nithya Prasanth

=========

എനിക്കിപ്പോൾ ശരീരമില്ല…ഞാൻ ആത്മാവ് മാത്രം…..ശേഷക്രിയകളൊക്കെ കഴിച്ചു എല്ലാരും എന്നെ പറഞ്ഞു വിട്ടു..പരലോകത്തേയ്ക്ക്…ഇവിടെ ഒരുപാടു ആത്മാക്കളിൽ ഒരാൾ….സുഖമില്ല ദുഃഖമില്ല…. നിത്യമായ ധന്യത….പവിത്രമായൊരിടം…

വീടുവരെ ഒന്ന് പോയിവന്നാലോ…വിട്ടുപോരാൻ തോന്നുന്നില്ല..ഓർമ്മകൾ ഉണ്ട്…അകാലത്തിലുള്ള മരണം ആയത് കൊണ്ട്…ഭാര്യയും കുട്ടികളും അമ്മയും ഒക്കെ എന്ത് ചെയ്യുവാരിക്കും…ഞാനില്ലാതെ എല്ലാം മാനേജ് ചെയ്യാൻ അവർ പ്രാപ്തരായിരിക്കുമോ??

ആ ഇൻഷുറൻസ് പോളിസി കിട്ടിയിട്ടുണ്ടാകും…അതാണ് എന്റെ ധൈര്യം..ഭാര്യയുടെയും അമ്മയുടെയും ജീവിതകാലം വരെ ഉള്ള ചിലവുകളും കുട്ടികളുടെ പഠിപ്പും ഒക്കെ ഭംഗിയായി നടക്കും…പിന്നെ ഞാനില്ലെങ്കിലും അവർ മാനേജ് ചെയ്തോളും….

രണ്ടുമാസം കഴിഞ്ഞു…വലിയ വ്യത്യാസം ഒന്നും ഇല്ല…വീടും പരിസരവും…എന്റെ ഫോട്ടോയ്ക്ക് മുന്നിൽ കെടാവിളക്കുണ്ട്…അമ്മയായിരിക്കും തിരിതെളിയിക്കുക…കുട്ടികളെന്തിയെ…അവരെ കാണാൻ തിരക്കായി…ബാഗ് ഒക്കെ എടുത്തു അവർ സ്കൂളിൽ പോകാൻ റെഡി ആവുന്നു…ആ പഴയ പ്രസരിപ്പും ചുറുചുറുക്കും ഒന്നും ഇല്ല…ആകെ ഒരു മ്ലാനത….

അച്ഛൻ എന്നത് പകരം വയ്ക്കാനാവാത്തത്ര പ്രാധാന്യം ഉള്ള ഒന്നായിരുന്നല്ലേ നിങ്ങളുടെ ജീവിതത്തിൽ….??

ഇനി നിങ്ങളെ കാണാൻ ക്ലാസ് കഴിഞ്ഞു വൈകുന്നേരം വരെ കാക്കണം….

അടുക്കളയിൽ എന്തോ ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്…വീണയായിരിക്കും…എന്തോ പാചകത്തിലാണ്…ഇവളുടെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നത്…വിഷമം ഇതു വരെ മാറിയില്ലേ…പൊട്ടുതൊട്ടിട്ടില്ല…കുളിച്ചിട്ടു മുടി ചീകിയിട്ടില്ല…വെറുതെ കെട്ടിവച്ചിരിക്കുന്നു…ആകെ വിഷാദ ഭാവം…ഒന്നുകൂടി മെലിയണം എന്ന് പറഞ്ഞു ഡയറ്റിംഗും എക്സ്ർസൈസ് ഒക്കെ ചെയ്തിട്ട് ഫലമില്ലാതിരുന്നിട്ട് ഇപ്പോൾ ഒന്നും ചെയ്യാതെ ആഗ്രഹിച്ചതിനേക്കാൾ മെലിഞ്ഞിരിക്കുന്നു…

“കൂട്ടുകാരുടെ കൂടെ ഇങ്ങനെ കഴിച്ചു നടന്നോ…ഒരു തുള്ളിപോലും കഴിക്കരുതെന്നു ഡോക്ടർ പറഞ്ഞിട്ട്…ഏട്ടന് എന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസ് തുകകൊണ്ട് ഞാനും മക്കളും അടിച്ചുപൊളിച്ചു ജീവിക്കും…ഇപ്പോൾ ഉള്ളതിനേക്കാൾ ഭംഗിയായി…” എന്ന് പറഞ്ഞവളാണ്…ഇപ്പോൾ ഇങ്ങനെ…എന്തോ ഓർത്തു കണ്ണ് നിറയുന്നുണ്ട്…

ഈശ്വരന്മാരെ…ആ കണ്ണൊന്നു തുടയ്ക്കാൻ പോലും എനിക്കു ആവുന്നില്ലല്ലോ….

അമ്മ എന്തോ പറയുണ്ട്…താൻ ജീവിച്ചിരിക്കുമ്പോൾ മകന്റെ മരണം കാണേണ്ടി വന്ന ഒരമ്മയുടെ എല്ലാദുഖവും ആ കണ്ണുകളിൽ ഉണ്ട്….

അന്വേഷണത്തിൽ എന്റെ മ ദ്യപാനശീലത്തെ കുറിച്ച് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ഞങളുടെ ബന്ധത്തെ എതിർത്തതും വിവാഹത്തിനു തടസം നിന്നതും അവളുടെ ആങ്ങളയായിരുന്നു..അന്ന് മുതലേ അവനെ എനിക്ക് പിടിക്കില്ല…എന്നാൽ അവനായിരുന്നു ശരി എന്ന് ഇപ്പോൾ എല്ലാവർക്കും തോന്നുന്നുണ്ടാകാം..രണ്ടുദിവസം കൂടുമ്പോൾ അവനിവിടെ വരുന്നുണ്ടെത്രെ, ചേച്ചിയെയും കുട്ടികളെയും കാണാൻ…ഇന്നും കണ്ടു….ചെറുപ്രായത്തിൽ വിധവ ആയ സഹോദരിയെ ഓർത്തു അവൻ ഒരുപാട് പ്രയാസപ്പെടുന്നുണ്ട്…ആകെ തോറ്റുപോയാവന്റെ മുഖഭാവം…

???????

“യു ആർ ദി ബെസ്റ്റ് പെർഫോമർ എവർ….” മാനേജറുടെ വാക്കുകൾ..എനിക്കു പകരം ജോലിക്ക് വന്ന ആളോട്…എത്ര തവണ ഇതെന്നോട് അദ്ദേഹം പറഞ്ഞിരിക്കുന്നു….

“മുൻപ് ഉണ്ടായിരുന്ന ആൾ കുഴപ്പം ഇല്ലായിരുന്നെട്ടോ…എന്നാലും നിങ്ങൾ ഈ കമ്പനിയുടെ ഒരു അസറ്റ് ആണ്. “

ചിരിച്ചുകൊണ്ട് അദ്ദേഹം അതു പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ മുഖത്തു ആത്മവിശ്വാസവും സന്തോഷവും നിറയുന്നു…പഴയ ആൾ കുഴപ്പം ഇല്ലായിരുന്നെന്നോ…വീട്ടിൽ പോലും സമയായതിന് പോകാതെ ഓവർ ടൈം ജോലി ചെയ്തു ഇത്രത്തോളം പ്രൊജക്റ്റ്‌ പിടിച്ചു കൊടുത്തിട്ട് ഇപ്പോൾ കുഴപ്പം ഇല്ലത്രെ…വീട്ടുകാരോടൊത്തു ചിലവഴിക്കേണ്ട എത്ര ഒഴിവ് സമയം ആണ് ഈ നാലു ചുവരുകൾക്കുള്ളിൽ….

അവന്മാർ എവിടാവും…എന്നും ഒരുമിച്ചുണ്ടായിരുന്നവർ…തന്നെ മ ദ്യപാനം എന്ന ശീലത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വന്നവർ…അമ്മയും വീണയും എപ്പോഴും പറയുമായിരുന്നു…ഈ കൂട്ടുകെട്ട് ഉപേക്ഷിക്കാൻ..വേറെ നല്ല കൂട്ടുകാരെ കണ്ടെത്താൻ…ചെയ്തില്ല….

പതിവ് കലാപരിപാടികൾ ആരംഭിച്ചിട്ടുണ്ട്…ഇപ്പോൾ കാണുമ്പോൾ എന്തോ ഒരു വിങ്ങൽ…ഇവർ ഒരിക്കൽ പോലും വീണയെയോ കുട്ടികളെയോ കാണാൻ വീട്ടിൽ വന്നിട്ടില്ല എന്ന് ഇന്ന് അവരുടെ സംഭാഷണത്തിൽ നിന്നും മനസിലായിരുന്നു…

എന്റെ ആരോഗ്യവും പണവും നിങ്ങൾക്കു വേണ്ടി കളഞ്ഞ വിഡ്ഢിയാണ് ഞാൻ…അവരുടെ ചിരിതമാശകൾ കണ്ട് അധികനേരം നിൽക്കാൻ തോന്നിയില്ല…

പുറകുവശത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തിന് ശേഷം ഉള്ള വീട്ടിലെ ശ്യാം..വർഷങ്ങൾ ആയുള്ള സുഹൃത്താണ്…അവൻ രാത്രികാലങ്ങളിൽ വീണയുടെ റൂമിന്റെ ജനലരുകിൽ വരാറുണ്ടത്രെ…പേടിച്ചിട്ട് അവൾ ഇപ്പോൾ അമ്മയ്ക്കും കുട്ടികൾക്കും ഒപ്പം ഒരു റൂമിലാണ് കിടക്കാറ് എന്ന്…അവന്റ പഴയ ദുശീലത്തെ കുറിച്ച് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്…അന്ന് അത്ര കാര്യമാക്കിയുമില്ല…വിശ്വസിച്ചുമില്ല…ദുഷ്ടൻ….

കുട്ടികൾ ട്യൂഷൻ കഴിഞ്ഞു വന്നിട്ടില്ല. അമ്മ അമ്പലത്തിൽ പോയിരിക്കുന്നു…വീടിന് പുറകുവശത്താരോ നിൽക്കുന്ന പോലെ…അതവനാണ്…വൃത്തികെട്ടവൻ…ശ്യാം…സ്വന്തം സഹോദരനെ പോലെ സ്നേഹിച്ചിട്ട്…വീണ തനിച്ചാണല്ലോ…പുറകിലെ ഡോറടച്ചിട്ടില്ല…അയ്യോ അവൻ അകത്തേക്കല്ലേ വരുന്നേ…ആരും ഇല്ലാത്ത സമയം നോക്കി…വർക്ക്‌ ഏരിയയിലേക്ക് കടന്നു അവൻ..

വീണാ…കിച്ചണിൽ ഉണ്ടവൾ…അയ്യോ…വീണാ..വീണാ…ഉറക്കെ വിളിക്കാൻ ശ്രമം നടത്തി…ശബ്ദം വരുന്നില്ല…ഇനി എന്ത് ചെയ്യും…വീണാ…ഒന്ന് നോക്ക്…എങ്ങോട്ടെങ്കിലും ഓടി രക്ഷപെടൂ…കരുത്തനാണവൻ..

പതിഞ്ഞ കാലടികളോടെ വന്ന് അവന്റ കൈകൾ വീണയുടെ വായപൊത്താനായി മുഖത്തിന് നേരെ വരുന്നു ..

അയ്യോ…എന്റെ വീണയെ ഒന്നും ചെയ്യല്ലേ…കരയാനെ കഴിഞ്ഞുള്ളൂ……

വീണാ…കിതച്ചുകൊണ്ട് ബെഡിൽ എഴുനേറ്റിരുന്നു…ആകെ വിയർത്തിരിക്കുന്നു…ചുറ്റും നോക്കി..തനിക്കു ശരീരം ഉണ്ടോ…അപ്പോൾ കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ..വിശ്വസിക്കാനാവുന്നില്ല…കൈകൾ ഒക്കെ ചലിപ്പിച്ചു നോക്കി…ദേഹത്ത് തൊട്ടുനോക്കി..സ്പർശനം ഉണ്ട്…അപ്പോൾ സ്വപ്നം തന്നെ…എന്നാലും റിയൽ ആയി അനുഭവിച്ച പോലെ…സമയം രാവിലെ ആറര..താഴേക്ക് സ്റ്റെപ്പുകൾ ഓടിയിറങ്ങി..ലിവിങ് റൂമിൽ ഇരുന്നു കുട്ടികൾ പഠിക്കുന്നു. കിച്ചണിൽ അവൾ…ദോശ ചുടാനുള്ള ഒരുക്കത്തിലാണ്…

പുറകിൽ ചെന്നു ഒരുനിമിഷം നിന്നു…പതിയെ ആ കൈ പിടിച്ചു തന്റെ നേരെ നിർത്തി…എന്താ എന്ന ഭാവത്തിൽ നോക്കുന്നു അവൾ…പിന്നെ ചൂടായ ദോശ കല്ലിലേയ്ക്കും…

“ഞാനൊരു സ്വപ്നം കണ്ടു…” പറയുമ്പോൾ കരച്ചിലിന്റ വക്കോളം എത്തിയിരുന്നു…

അവളെ നെഞ്ചോട് ചേർത്തു ഇറുകെ പുണർന്നു…..

“സ്വപ്നം അല്ലെ..സാരമില്ല…” കുസൃതിയോടെ ഇരുകൈകളും കൊണ്ട് കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു.

ഇപ്പോഴും വിറയൽ മാറിയിട്ടില്ല…എന്റെ വീണയെ അവൻ….

കണ്ടതൊക്കെ യഥാർഥ്യമല്ല എന്ന് വിശ്വസിക്കാൻ കുറച്ചു സമയം എടുത്തു…ഇപ്പോൾ ഒരു പുനർജ്ജന്മം കിട്ടിയ പ്രതീതി…തെറ്റുകൾ തിരുത്തണം എനിക്ക്…ആരുമില്ലാത്തപ്പോൾ വാതിലുകൾ അടച്ചിടണം തുടങ്ങി കുറച്ചു നിർദേശങ്ങൾ കൊടുത്തു വൈകാതെ തിരിച്ചെത്തുമെന്ന വാക്കുംകൊടുത്തു ഓഫീസിൽ പോകാനുള്ള ഒരുക്കങ്ങൾക്കായി മുകളിലേക്ക് പോയി…

സ്നേഹപൂർവ്വം, നിത്യ പ്രശാന്ത്.