ആരോഗ്യമുള്ള യുവാക്കളെയും യുവതികളെയും മാത്രം തിരഞ്ഞെടുത്ത് ദേഹമാസകലം ബന്ധിച്ച് മനുഷ്യരാൽ വലിച്ചുകൊണ്ടുപോകുന്ന…

കറുത്ത മനുഷ്യർ

Story written by Thanseer Hashim

=========

പ്രസവ വേദനയാൽ പിടയുമ്പോഴും, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അ ടിപ്പാവാട അഴിച്ച് സ്വന്തം വായ, അവൾ മുറുക്കിക്കെട്ടി..

അമ്മയുടെ ദയനീയ ചെയ്തികൾ കണ്ടുനിന്ന മകൻ റൂത്ത്, അറിയാതെ കരഞ്ഞു പോയി…

കഠിനമായ വേദനയിലാണെങ്കിലും റൈദ, ഏന്തി വലിഞ്ഞ് മകന്റെ വായ പൊത്തി പിടിച്ചു..

ശ്..ശൂ….

ശബ്ദം ഉണ്ടാക്കരുത്….ബൈർപട്ടാളത്തിന് ശരീരം മുഴുവനും ചെവികളാണ്…ചെറിയ ശബ്ദം പോലും, ജീവൻ അപകടത്തിലാകും..അത് അവൻ മനസ്സിലാക്കി..

അമ്മയുടെ കാഴ്ചകൾ കൂടുതൽ സമയം കണ്ടു നിൽക്കാൻ സാധിച്ചില്ല…തകർന്നുവീണ വീടിന്റെ വിള്ളലിലൂടെ, റൂത്ത് പുറത്തേക്ക് നോക്കി..പിടിച്ചുകൊണ്ടുവന്ന കുട്ടികളെ ബൈറിന്റെ പടയാളികൾ, ആളിക്കത്തുന്ന തീയിലേക്ക് നിഷ്കരുണം വലിച്ചെറിയുകയാണ്..

ശരീരം കത്തുന്ന വേദനയിൽ, ആ കുരുന്നുകൾ നിലവിളിച്ചു കരയുന്നുണ്ടായിരുന്നു..നിലവിളിയുടെ അലയടികൾ, റൂത്തിന്റെ ചെവികളെ അസ്വസ്ഥമാക്കി..ഇരുകൈകളും കൊണ്ട് അവൾ ചെവികൾ പൊത്തിപ്പിടിച്ചു..

അനുജത്തി പിറന്നുവീണത് കണ്ടിട്ടും, അവന് സന്തോഷിക്കാൻ ആയില്ല..ഏതാനും നിമിഷങ്ങൾക്കകം..ബൈറിന്റെ പടയാളികൾ ഒരുക്കിയ ചിതയിൽ താനും എരിഞ്ഞു തീരും എന്ന ഭയത്തിൽ ആയിരുന്നു അപ്പോൾ അവൻ…

പിറന്നു വീണ ഉടനെ റൈദ, കുഞ്ഞിൻറെ വായും മൂക്കും സ്വന്തം വായക്കുള്ളിലാക്കി…ബൈറിന്റെ പടയാളികൾ കുഞ്ഞിൻറെ കരച്ചിൽ കേൾക്കാതിരിക്കാനായിരുന്നു അവൾ അത് ചെയ്തത്..

ശബ്ദം കൂടുതൽ നേരം നിയന്ത്രിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ റൈദ, പൊ ക്കിൾകൊടി പോലും അറുത്തുമാറ്റാൻ നേരമില്ലാതെ കുഞ്ഞിനെയും എടുത്ത്, വീട്ടിൽ നിന്നും വെളിയിലിറങ്ങിയോടി…എന്ത് ചെയ്യണമെന്നറിയാതെ അമ്മയ്ക്ക് പിറകെ റൂത്തും ഉണ്ടായിരുന്നു…

അവർക്ക് ചുറ്റും അമ്പുകൾ വന്ന് പതിക്കുന്നുണ്ടായിരുന്നു…അതിൽ ചില അമ്പുകൾ റൈദയുടെ കാലിലും അരയിലും തുളഞ്ഞുകയറി..തളർന്നു പോയെങ്കിലും അവൾ ഓട്ടം അവസാനിപ്പിച്ചില്ല..

അല്പം അകലെയായി കുതിരകൾ ചത്തതിനാൽ ഉപേക്ഷിക്കപ്പെട്ട വണ്ടി ഉണ്ടായിരുന്നു..രണ്ടു മക്കളെയും കൊണ്ട് അവൾ അതിൽ കയറി ഒളിച്ചിരുന്നു..

വണ്ടിയുടെ പലകകൾക്കിടയിലൂടെ റൂത്തിന് പുറം കാഴ്ചകൾ കാണാമായിരുന്നു..

നാടു മുഴുവനും കത്തി എരിയുകയാണ്..

പലയിടങ്ങളിൽ നിന്നായി ബൈറിന്റെ പടയാളികൾ…ആളുകളെ പിടിച്ചു കൊണ്ടു വരുന്നുണ്ട്….

ആരോഗ്യമുള്ള യുവാക്കളെയും യുവതികളെയും മാത്രം തിരഞ്ഞെടുത്ത് ദേഹമാസകലം ബന്ധിച്ച് മനുഷ്യരാൽ വലിച്ചുകൊണ്ടുപോകുന്ന മര വണ്ടികളിൽ കയറ്റുകയാണ്…

വൃദ്ധരെയും രോഗികളെയും ഗർഭിണികളെയും അതിൽ നിന്നും മാറ്റി നിർത്തി, നിഷ്കരുണം കൊ ന്നു കളയുകയാണ്…

ചില അമ്മമാർ വണ്ടിയിൽ കയറാൻ വിസമ്മതിച്ച്  നിലവിളിച്ചു കരയുന്നുണ്ടായിരുന്നു..

റൂത്ത്ന് അറിയാം, ആ, അമ്മമാരുടെ മക്കളെ ബൈർപടയാളികൾ, തീയിൽ എരിക്കാൻ കൊണ്ടുപോയി കാണും…

എല്ലാം കണ്ടു നിന്ന റൂത്ത് അറിയാതെ കരഞ്ഞു പോയി….

അമ്മാ…അവരെന്തിനാണ്…നമ്മെ വേട്ടയാടുന്നത്…

ര ക്തം വാർന്നൊഴുകി അവശതയിൽ ആണെങ്കിലും, മകൻറെ ചോദ്യത്തിന് റൈദ മറുപടി നൽകി…

മോനെ നമ്മൾ കറുത്തവർഗക്കാരാണ്…ഭൂമിയിൽ സ്വതന്ത്രമായി ജീവിക്കാൻ അവകാശമില്ലാത്തവർ…നമ്മെ വേട്ടയാടിപിടിച്ച് അടിമകളാക്കി അയൽരാജ്യങ്ങളിലെ ധനികർക്ക് വിൽപന നടത്തും…

റൈദ ഓരോ നിമിഷവും മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്…അത് അവൾ മനസ്സിലാക്കി…ഒരു തോൽ സഞ്ചിയിൽ തനിക്ക് ചൊറിയാൻ പറ്റുന്ന പരമാവധി മുലപ്പാൽ നിറച്ച്, റൂത്തിന്റെ കയ്യിൽ ഏൽപ്പിച്ചു..ഉടുത്ത വസ്ത്രം ഊരി മകൻറെ ദേഹത്ത് കുഞ്ഞിനെ ഭദ്രമായി കെട്ടി കൊടുത്തു..

അങ്ങകലെ ഉള്ള പർവ്വതം ചൂണ്ടി കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു..നീ…പോ…ഇരുട്ടി തുടങ്ങിയിരിക്കുന്നു..ആ പർവ്വതത്തിനപ്പുറം ഐബർ നദി ഒഴുകുന്നുണ്ട്..ആ നദി നീന്തി കടക്കണം..പിന്നെ പടിഞ്ഞാറു ദിശ നോക്കി സഞ്ചരിക്കണം..അവിടെ ഒരു രാജ്യം ഉണ്ട്..അവർ അഭയം നൽകാതിരിക്കില്ല…

അമ്മയുടെ അരികിൽ നിന്ന് പോകാൻ വിസമ്മതിച്ചെങ്കിലും, റൈദ അവനെ നിർബന്ധിച്ചു പറഞ്ഞയച്ചു..

തിരിഞ്ഞു നോക്കരുതെന്ന് അമ്മയുടെ ശാസന ഉള്ളതിനാൽ അവൻ നേരെ നോക്കി തന്നെ നടന്നു തുടങ്ങി..

എങ്കിലും അവൻറെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു..വളരെ ദൂരെ ചെന്നപ്പോൾ ഒന്നു തിരിഞ്ഞു നോക്കി..അമ്മ ഉണ്ടായിരുന്ന കുതിരവണ്ടി ആളിക്കത്തുന്നുണ്ടായിരു‌ന്നു..

നിലവിളിച്ചു കരയുക അല്ലാതെ അവന് ഒന്നും ചെയ്യാൻ സാധ്യമല്ല..കണ്ണുകൾ തുടച്ചു…പിന്നെ മുന്നോട്ടു നടന്നു നീങ്ങി.

കുഞ്ഞഅനുജത്തി കരഞ്ഞപ്പോൾ തോൽ സഞ്ചിയിൽ നിന്നും പാൽ നൽകാൻ അവൻ മറന്നില്ല..അവൾക്കൊരു പേര്കൂടി നൽകണം. അമ്മയുടെ പേര് തന്നെ വിളിച്ചു…റൈദാ…….

ഈ യാത്ര തനിച്ചാണെങ്കിലും അവൻ ആദ്യമായിട്ടല്ല പലായനം ചെയ്യുന്നത്..ശത്രുക്കളെ ഭയന്ന് അവനും കുടുംബവും പലതവണ പലായനം ചെയ്യപ്പെട്ടിരുന്നു..

പലായന സമയങ്ങളിൽ തൗൾ ചെടിയുടെ ഇലകൾ  ഭക്ഷിക്കാറുണ്ട്….അതിൽ പോഷകവും ധാരാളം ജലാംശവും ഉണ്ടെന്ന് അച്ഛൻ പറഞ്ഞത് അവന് ഓർമ്മയുണ്ട്…വിഷാംശമുള്ള മറ്റു ചെടികളും പഴങ്ങളും തിരിച്ചറിയാൻ പ്രയാസമാണ്, അതിനാൽ യാത്രയിലുടനീളം അവൻ, തൗൾ ചെടിയുടെ ഇലകൾ ശേഖരിച്ചു വച്ചു…

പർവ്വതത്തോട് അടുക്കുംതോറും തണുപ്പ് അധികരിക്കുന്നുണ്ടായിരുന്നു..അതിനെ വകവയ്ക്കാതെ അവൻ മുന്നോട്ടു നടന്നു…

പർവ്വതം കയറി തുടങ്ങിയപ്പോഴേക്കും തണുത്തു വിറക്കാൻ ആരംഭിച്ചു..

മുകളിൽ കൊടും ശൈത്യമാണ്..

മഞ്ഞുവീഴ്ചയുടെ കാഠിന്യത്തിൽ കാഴ്ചകൾ മങ്ങി തുടങ്ങിയിരിക്കുന്നു….ശക്തമായി വീശുന്ന തണുത്ത കാറ്റിനാൽ, മുന്നോട്ടുള്ള ഓരോ ചുവടും പ്രയാസകരമാണ്…പെട്ടെന്ന് കുഞ്ഞ് കരയാൻ ആരംഭിച്ചു…തോൽ സഞ്ചിയിലെ പാൽ നൽകാൻ ശ്രമിച്ചപ്പോഴാണ്…പാൽ തണുത്തുറച്ചു പോയ കാര്യം അവൻ അറിയുന്നത്..

തിരികെ നടക്കുന്നത് ബുദ്ധിയില്ലെന്ന് അവനറിയാം..എത്രയും പെട്ടെന്ന് തണുപ്പിനെ അതിജീവിച്ച് പർവ്വതം ഇറങ്ങണം..വിറക്കുന്ന സ്വരത്താൽ താരാട്ടുപാടി നോക്കി..പക്ഷേ റൈദ..തണുപ്പും വിശപ്പും കാരണം കരഞ്ഞുകൊണ്ടേയിരുന്നു.

ചൂട് ലഭിക്കാൻ അവളെ നെഞ്ചോടുചേർത്തു പിടിച്ചു…പിന്നെ കഴിവിന്റെ പരമാവധി വേഗത്തിൽ ഓടിത്തുടങ്ങി..ഓട്ടത്തിനിടയിൽ എപ്പോഴോ, റൈദയുടെ ശ്വാസം നിലച്ചിരുന്നു..ഒരുപാട് സമയം കുഞ്ഞ് കരയാതെ വന്നപ്പോൾ റൂത്ത് മെല്ലെ തുണി നീക്കി നോക്കി…

റൈദാ….റൈദാ….അവൻ നിലവിളിച്ചു..പക്ഷേ ആ കുഞ്ഞു ശരീരം തണുത്തുറച്ച് മരവിച്ചു പോയിരിക്കുന്നു..

മരണം ഉൾക്കൊണ്ടെ മതിയാവൂ..തുടർന്നുള്ള യാത്രയും, ചെയ്തേ മതിയാവൂ..അമ്മ കാണിച്ച സാഹസത്തിന്..ഒരാളെങ്കിലും മറു രാജ്യത്ത് എത്തണം..

സഹോദരിയുടെ ശരീരം മഞ്ഞുമലയിൽ ഉപേക്ഷിച്ചു….ഹൃദയം പിളരുന്ന വേദനയോടെ…അവൻ, അവിടെ നിന്നും മുന്നോട്ടു നടന്നു…തിരിഞ്ഞുനോക്കാൻ ഭയമായിരുന്നു…ജനിച്ചു മണിക്കൂറുകൾക്കുള്ളിൽ മരണത്തിനു കീഴടങ്ങേണ്ടി വന്ന സഹോദരിയുടെ ജീവനറ്റ ശരീരം ഒരുതവണകൂടി നോക്കാനുള്ള കരുത്ത് അവനുണ്ടായിരുന്നില്ല…

നടന്നു…അവൻ..നടന്നുകൊണ്ടേയിരുന്നു..

സൂര്യൻ ഉദിച്ചു തുടങ്ങിയിരിക്കുന്നു..ദൂരെയായി  ഐബർ നദി കാണാം…തളർന്ന് അവശനായി, എങ്കിലും..അവൻ ലക്ഷ്യത്തിലേക്ക് നടന്നു കൊണ്ടിരുന്നു..ഒടുവിൽ കുത്തിയൊലിക്കുന്ന ഐബർ നദിക്കരയിൽ എത്തി..

പാറകൾ പോലും, ഒഴുക്കി കൊണ്ടുപോകാൻ കഴിയുന്ന കരുത്തോടെയാണ് ഐബർ ഒഴുകുന്നത്..നീന്തി കടക്കുക സാധ്യമല്ല…

കൂടുതൽ ആലോചിച്ച് സമയം പാഴാക്കിയില്ല..ഒഴുകിവന്ന ഒരു മരത്തടിയിലെക്ക് അവൻ, ചാടിക്കയറി..മരത്തടി അവനെയും കൊണ്ട് ചീറിപ്പാഞ്ഞു തുടങ്ങി..വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും അവൻ ശ്വാസം എടുക്കാൻ പോലും പ്രയാസപ്പെട്ടു..

അവനെയും കൊണ്ട് പാഞ്ഞൊഴുകിക്കൊണ്ടിരുന്ന മരത്തടി, പെട്ടെന്ന്, ഒരു പാറയിൽ ചെന്നിടിച്ചു..തെറിച്ചുപോയ റൂത്ത് വെള്ളത്തിൽ ഒഴുകാൻ ആരംഭിച്ചു…മരണം മുന്നിൽ കണ്ടു നിൽക്കെ അവനൊരു വള്ളിയിൽ പിടിക്കാൻ കഴിഞ്ഞു..സർവശക്തിയുമുപയോഗിച്ച് വള്ളിയിൽ പിടിച്ച് അവൻ ഒരു വിധം കരയ്ക്കുകയറി…

ഉദിച്ചുനിൽക്കുന്ന സൂര്യനെ നോക്കി, അവൻ പടിഞ്ഞാറെ ദിശ മനസ്സിലാക്കി..മുന്നോട്ടു നടക്കാൻ ശ്രമിച്ചെങ്കിലും തളർന്ന് അവശനായി തറയിൽ വീണു.‌

അവന് ബോധം തിരികെ കിട്ടുമ്പോഴേക്കും മണിക്കൂറുകൾ ഏറെ കഴിഞ്ഞിരുന്നു..മെല്ലെ കണ്ണുകൾ തുറന്നു…പിന്നെ പതുക്കെ പതുക്കെ മുന്നോട്ടു നടന്നു..

അങ്ങകലെ ആയി ഒരു പട്ടണം കാണാം..നടക്കാൻ പ്രയാസമുണ്ടെങ്കിലും ഏന്തിവലിഞ്ഞ് അവൻ മുന്നോട്ടു നടന്നു..സന്തോഷംകൊണ്ട് കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല..

പെട്ടെന്ന് അവൻറെ നെഞ്ചിൽ ഒരു അമ്പ് തുളച്ചു കയറി…തലയ്ക്കുമീതേ ഉദിച്ചു നിൽക്കുന്ന സൂര്യനെ നോക്കി അവൻ മലർന്നു വീണു..

ആ വീഴ്ചയിൽ അവൻ കാണുന്നുണ്ടായിരുന്നു..തന്നെപ്പോലെ അഭയംതേടി, ആയാൽ രാജ്യത്ത് കടക്കാൻ ശ്രമിച്ചവരൊക്കെ അങ്ങിങ്ങായി മരിച്ചു വീണു കിടക്കുന്നുണ്ട്..

തൻറെ നിറം അംഗീകരിക്കാനോളമുള്ള വിശാലമായ ഹൃദയം ഒന്നും അയൽ രാജ്യക്കത്തെ വികസിത സമൂഹത്തിന് ഇല്ലാ എന്നത് അവൻ അപ്പോഴാണ് അറിയുന്നത്…ഒരു നിമിഷം മനസ്സുകൊണ്ട് ചോദിച്ചു…ഒരു അഭയാർത്ഥിയാകാൻ പോലും യോഗ്യതയില്ലാത്തവർ ആണോ കറുത്തവർഗക്കാർ…

അവസാന ശ്വാസം വലിക്കുമ്പോഴും അവൻ കരഞ്ഞില്ല…ജീവനുവേണ്ടി അവസാന നിമിഷംവരെ പോരാടിയ വീര്യം ആയിരുന്നു കണ്ണുകളിൽ..മെല്ലെ..മെല്ലെ..അവൻറെ ആ കണ്ണുകളും അടഞ്ഞു…

==========

അധിനിവേശവും വം ശഹത്യയും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭൂമിയിൽ കൊണ്ടാടുമ്പോൾ..അതിനെയൊക്കെ ന്യായീകരിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നവരെ മനുഷ്യർ എന്നു വിളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്…

അടിച്ചമർത്തപ്പെടുന്ന ജനവിഭാഗം അനുഭവിക്കുന്ന ഭീതിയുടെ നൂറിൽ ഒരു അംശം പോലും എനിക്ക് ഈ കഥയിൽ വിവരിക്കാൻ ആയിട്ടില്ല..അപ്പോൾ അത് നേരിൽ കണ്ടു അനുഭവിച്ചവരുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ…

~തൻസീർ ഹാഷിം

cover photo credit google