വീട്ടിൽ ഏറ്റവും ഇളയ വിത്ത് ആയിരുന്നതിനാൽ വീട്ടിലെ തലമൂത്ത വല്യ വിത്തുകളും അടുത്ത ബന്ധുജനങ്ങളും…

Written by Satheesh Veegee

=============

പത്താം ക്ലാസ്സിൽ ഫസ്റ്റ്ക്ലാസ്സ്‌ ഒക്കെ വാങ്ങിയ തലക്കനത്തോടെ  എട്ടിഞ്ചിന്റെ ഈരണ്ടു കട്ടകളും കക്ഷത്തിൽ കുത്തിക്കേറ്റി ക്കൊണ്ടാണ് പന്തളം NSS കോളേജിൽ പ്രീഡിഗ്രി ക്ക് സെക്കന്റ്‌ ഗ്രൂപ്പിന് പോയി തലവെച്ചത്.

മലയാളം മീഡിയത്തിൽ കിടന്നു കു ന്തളിച്ചും അറുമാദിച്ചും വളർന്ന എന്നിലെ വിദ്യാർത്ഥി ആംഗലേയ ഭാഷയുടെ അന്തർധാരയിൽ മുങ്ങി, പസഫിക് സമുദ്രത്തിൽ ചെന്നു പെട്ട പാണൻ പള്ളത്തിയെപ്പോലെ മിഴുങ്ങസ്യാ എന്ന സ്റ്റാറ്റസ്സിൽ ക്ലാസുകൾ തള്ളി നീക്കി വിയർത്തു കുളിച്ചു.

അവസാനം പ്രതീക്ഷകളുടെ നാമ്പുകൾക്ക് മുഞ്ഞ പിടിച്ചതുപോലെ  ഒന്നാം വർഷം ഉഗ്രൻ രണ്ടു സപ്ലികൾ വാങ്ങിച്ചു കൂട്ടി എന്നിലെ വിദ്യാർത്ഥി പരാജയത്തിന്റെ കയ്പ്പുനീർ നുണഞ്ഞു.

ഇടിത്തീയായി വീട്ടിൽ വാർത്ത എത്തി. ക ഞ്ചാവ് കേസിൽ പോലീസ് പിടിയിലായ അന്യ സംസ്ഥാന തൊഴിലാളിയെപ്പോലെ ഞാൻ വീട്ടുകാരുടെ മുന്നിൽ നിർവ്വികാരനായി നിന്നു.

വീട്ടിൽ ഏറ്റവും ഇളയ വിത്ത് ആയിരുന്നതിനാൽ വീട്ടിലെ തലമൂത്ത വല്യ വിത്തുകളും അടുത്ത ബന്ധുജനങ്ങളും എന്തിനേറെ പറയുന്നു കെട്ടിച്ചു വിട്ട മൂത്ത ചേച്ചി വരെ സ്വകാര്യ ബസ്സിൽ തൂങ്ങിയാടി വന്ന് എന്നെ തെറി വിളിച്ചു കൊന്നുകളഞ്ഞു. അതും പോരാഞ്ഞിട്ട് തേങ്ങാ വെട്ടാൻ വന്ന രാജപ്പൻ ചേട്ടൻ എന്റെ തോൽവിക്ക് കാരണം വൈറ്റമിന്റെ കുറവാണെന്ന് വരെ കണ്ടുപിടിച്ചു.

സിൽക്ക് സ്മിതയുടെ ഐറ്റം ഡാൻസിന്റെ പോസ്റ്ററും സുരേഷ് ഗോപിയുടെയും ഷിറ്റ്, പോ പുല്ലേ തുടങ്ങിയ ഡയലോഗ് കളോടുള്ള  അന്യായ സ്നേഹവും കാരണം എന്നിലെ സിനിമാ പ്രേമി ആദ്യമായി വീട്ടുകാർ അറിയാതെ അദ്ദേഹത്തിന്റെ ഒരു പടത്തിനു കേറി. വീട്ടുകാർ അറിയാതെ സിനിമക്ക് പോകുന്നത് അന്താരാഷ്ട്ര കുറ്റകരം ആയിരുന്ന സമയത്താണ് പന്തളം അശ്വതിയിൽ എന്നിലെ കലാസ്വാദകൻ സിനിമക്ക് പോയത്.

സിൽക്കിന്റെ ഡാൻസ് കാണാൻ ട്രാൻസ്‌പോർട് ബസ്സ്‌ പിടിച്ചു തീയറ്ററിൽ വന്ന വീടിനടുത്തുള്ള തങ്കപ്പൻ കൊച്ചാട്ടൻ എന്നെ കയ്യോടെ പൊക്കുകയും വീട്ടിൽ ഹോട്ട് ന്യൂസായി എത്തിക്കുകയും ചെയ്തു.

സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചുമ്മാ ഒരു രസത്തിന് ഏതോ ഒരു പാർട്ടിയുടെ ജാഥക്ക് പോയതും വീട്ടിൽ അറിഞ്ഞു.

അങ്ങനെ എന്റെ തോൽവിക്ക് കാരണം സിനിമാ കാണലും ജാഥക്ക് പോകലും ആണെന്ന് കിണറ്റും കര ജോർജ് അച്ഛൻ അടിവര ഇട്ടു പറഞ്ഞതോടെ എന്റെ തോൽവിക്ക് വീട്ടുകാർ തന്നെ ഉത്തരം കണ്ടെത്തി.

“ഇനി വല്ല പ്രേമം വല്ലതും ഉണ്ടോ ഇവന് ” എന്നുള്ള ആരുടെയോ ഒരു സംശയത്തിൽ എന്റെ ഹൃദയം തേങ്ങലോട് തേങ്ങൽ. സത്യം പറഞ്ഞാൽ  പ്രേമിക്കണം എന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ വെ സ്റ്റ് ഇ ൻഡീസ്‌ കളിക്കാരൻ വിവിയൻ  റിച്ചാർഡ് സൺന്റെ കളറും രൂപവുമുള്ള നമ്മളെയൊക്കെ ആര് പ്രേമിക്കാനാ.

അങ്ങനെ ടിവി കാണൽ, ക്രിക്കറ്റ് കളി, വായനശാലയിൽ പോക്ക്, മരത്തിൽ കയറ്റം, വെള്ളത്തിൽ ചാട്ടം, സൈക്കിളിൽ കറക്കം, തുടങ്ങിയ മാനസിക ഉല്ലാസ ഉപാധികളിൽ നിന്നും ശക്തമായ വിലക്ക് ഏൽക്കേണ്ടിവന്ന  എന്നിലെ കൗമാരക്കാരന് ജീവിതത്തോട് അന്നേദിവസം കട്ട മടുപ്പായി. ആംഗലേയ ഭാഷയും മലയാള ഭാഷയും തമ്മിലുള്ള പൊരുത്തക്കേടിന്റെ ബാക്കിപത്രമാണ് എന്റെയീ റിസൽട്ടെന്ന് പറഞ്ഞെങ്കിലും ആര് കേൾക്കാൻ ആരോട് പറയാൻ.

തെറിവിളിയും കുറ്റപ്പെടുത്തലുകളും കേട്ട് മണ്ഡരി ബാധിച്ച മനസ്സുമായി ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ പ്പോലെ ഞാൻ  വേദനയോടെ ഉറങ്ങാനായി കിടന്നു. ഉറക്കം ഈ പഞ്ചായത്തിൽ പോലുമില്ല. കണ്ണടക്കുമ്പോൾ വെള്ളിടി പോലെ സപ്പ്ളിയുടെ ഓർമ്മകൾ എന്നെ നിർദാക്ഷിണ്യം വേട്ടയാടി. അങ്ങനെ അവസാനം ആ തീരുമാനത്തിൽ ഞാനെത്തി. “സൂ യിസൈഡ്”

തൂങ്ങി മരിച്ചാലോ. ഉഗ്രൻ ഐഡിയ. ഉറക്കമില്ലാതെ കിടന്ന ഞാൻ പാതിരാത്രി തൂങ്ങി മരിക്കാനായി   ചാടിയെഴുന്നേറ്റു. ഭയപ്പാടോടെ ശബ്ദമുണ്ടാക്കാതെ കതക് തുറന്നു പുറത്തേക്ക് ഒന്നേ നോക്കിയുള്ളൂ. അകവാള് വെട്ടിപ്പോയി അയ്യോ ഡ്രാക്കുള അച്ചായനാണല്ലോ ആ വിരിഞ്ഞു നിൽക്കുന്നത്.

വേലിപ്പടർപ്പിന്റെ അടുത്തു നിൽക്കുന്ന തെങ്ങിൻ തൈ ഞാൻ നോക്കിയപ്പോൾ കയ്യും കാലും വെച്ച് ഡ്രാക്കുളയായി. ഡ്രാക്കുള പിടിച്ചാൽ പിന്നെ തൂങ്ങി ചാകാൻ പറ്റില്ലല്ലോ. ഞാൻ സൂ യിസൈഡ് അവധിക്ക് വെച്ചിട്ട്  ഭയപ്പാടോടെ കതകടച്ചു കിടന്നു.

അതിരാവിലെ ചാടിയെഴുനേറ്റ് തൊഴുത്തിന്റെ പുറകിൽ പോയി ഇറിഗേഷൻ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് തൊഴുത്തിന്റെ സൈഡിൽ കെട്ടിതൂക്കി ഇട്ടേക്കുന്ന പനാമർ കുപ്പി എന്റെ കണ്ണിൽ പതിഞ്ഞത്. എന്റെ മനസ്സിൽ ഉഗ്രൻ ഒരു ലഡ്ഡു പൊട്ടി. നേരെ അതുമായി മുറിയിലെത്തി. എല്ലാവരും രാവിലെ ഓരോ ജോലിയിലാണ്. പറ്റിയ സമയം. അടുക്കളയിൽ പോയി ഒരു കപ്പ് കാപ്പിയുമായി എത്തി പനാമറിന്റെ അടപ്പു തുറന്നു. 

അമ്പോ മുടിഞ്ഞ വാട. ഗ്ലാസ്സിലേക്ക് ഒഴിക്കാൻ ഒരു സ്റ്റാർട്ടിങ് ട്രബിൾ. അമ്മാതിരി ഊപ്പാട് വരുന്ന വാടയാണ്. ഇതൊക്കെ അണ്ണാക്കിൽ കമഴ്ത്തി തൊലയുന്നവന്മാരെ സമ്മയ്ക്കണം എന്നോർത്ത് ഞാൻ ഒരു രണ്ടു തുള്ളി കാപ്പിയിലേക്ക് ഒഴിച്ചു. കുടിക്കുവാനായി ചുണ്ടിനോട് അടുപ്പിച്ചു. “ബ്ളാ” എനിക്ക് വാള് വെക്കാൻ തോന്നുന്നു..

പിന്നേ ഈ കൂതറയൊക്കെ അടിച്ചു മരിക്കാൻ എന്റെ പ ട്ടി പോലും വരില്ല എന്നോർത്ത് ജനാലയിലൂടെ, നെല്ലിന്റെ തണ്ടു തുരപ്പൻ പുഴുവിനെ മയക്കിക്കിടത്താനുള്ള പനാമർ ചേർത്ത  കാപ്പി പുറത്തേക്ക് കമഴ്ത്തി.

പനാമർ എട്ടിന്റെ പണിയാണ് തന്നത്. പുറത്തു ചാടിയതും ആ പഞ്ചായത്തിൽ തന്നെയുള്ളവരുടെ യെല്ലാം മൂക്കിലൂടെ അണ്ണാക്കിൽ വരെ ചെന്നു കേറിക്കൊടുത്തു.

“ഇതെവിടെയാ ഈ പനാമർ നാറുന്നത് ” എന്നൊരു ഡയലോഗ് വിട്ടുകൊണ്ട് ചേച്ചി മുറിക്കുള്ളിലേക്ക് എത്തി.

ടേബിളിൽ പനാമർ കുപ്പി, അവാർഡ് സിനിമയിലെ നായകനെപ്പോലെ ഭാവാഭിനയം മുഖത്തു ഫിറ്റു ചെയ്തുകൊണ്ട് ഞാൻ.

ഒറ്റ അലർച്ചയായിരിന്നു ചേച്ചി..ഞാൻ പോലും ഭയന്നുപോയി.

വീട്ടുകാർ ആദ്യം വന്നു. പിന്നെ കൂട്ടുകാരും നാട്ടുകാരും വന്നു. ചിലർ മൂക്കത്തു വിരൽ വെച്ചു ചിലർ ചുണ്ടത്തു വെച്ചു, ചിലർ തറയിൽ കുത്തിയിരിന്നു. ചിലർ  “ഇതൊക്കെ കാണാനുള്ള ശക്തി പോയെന്നും” പറഞ്ഞു നിന്നു. എല്ലാവരുടെയും മുന്നിൽ ഞാൻ പനാമർ കുടിച്ചു ഇഹലോകവാസം വെടിയാൻ നോക്കിയവനെപ്പോലെ നിലകൊണ്ടു.

“ഞാനൊന്നും കുടിച്ചില്ല മുടിഞ്ഞ വാടയായിരുന്നു ” ചോദിച്ചവരോടെല്ലാം ഞാൻ മറുപടി പറഞ്ഞു കുഴഞ്ഞു.

“കുടിച്ചു. ഭയങ്കര വാടയാണ് വായിൽ ” എന്റെ വായുടെ അടുത്തുവന്ന് പോലീസ് പ ട്ടി മണം പിടിക്കുന്നത് പോലെ മണപ്പിച്ചിട്ട് കേശവൻ ചേട്ടൻ റിപ്പോർട്ട് കൊടുത്തു.

“പിന്നേ അതിരാവിലെ പല്ല് പോലും തേക്കാതെ നിൽക്കുന്ന എന്റെ വായീന്ന് ഇപ്പോൾ വരും അറേബ്യൻ അത്തറിന്റെ മണം” ഞാൻ ചൂടായി. ആരോ പോയി ഓട്ടോയുമായി വന്നു. ബലം പ്രയോഗിച്ച്  എല്ലാവരുകൂടി എന്നെ ചെങ്ങന്നൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയി.

ഡോക്ടർ വന്നു അറ്റെൻഡർ വന്നു.

“മോൻ എന്തെങ്കിലും കുടിച്ചോ ” ഡോക്ടർ എന്നോട് ചോദിച്ചു

“എന്റെ പൊന്നു ചേച്ചി ഞാൻ കുടിച്ചില്ല. കുടിക്കാൻ എടുത്തു. പക്ഷേ മുടിഞ്ഞ വാടയായിരുന്നു.”

“കുടിച്ച ലക്ഷണം ഒന്നും കാണുന്നില്ല ” എന്തായാലും ഒന്ന് ശർദിപ്പിക്കാം. അപ്പോൾ അറിയാം എന്തെങ്കിലും ഉണ്ടെങ്കിൽ. ഡോക്ടർ എല്ലാവരോടുമായി പറഞ്ഞു.

അപ്പോഴേക്കും നാട്ടുകാരും ബന്ധുക്കാരും ഉൾപ്പെടെ കുറെയെണ്ണം ഇളകി മറിഞ്ഞു ഹോസ്പിറ്റലിൽ എത്തിയിരുന്നു.

തടിയന്മാരായ രണ്ട് ചേട്ടന്മാർ  എന്നെ ബാത്‌റൂമിലേക്ക് കൊണ്ടുപോയി.

വലിയൊരു ബക്കറ്റിൽ വെള്ളം തന്നിട്ട് “ഇത് മൊത്തം മര്യാദക്ക് കുടിച്ചോണം” എന്നൊരു കടുപ്പൻ വാർണിങ് തന്നു. ഞാൻ വലിയ പ്രയാസപ്പെട്ടു ഒരു മഗ് വെള്ളം കുടിച്ചു.

“എന്റെ പൊന്നു ചേട്ടാ ഞാൻ ഒന്നും കുടിച്ചിട്ടില്ല ” ഞാൻ പറഞ്ഞു.

“അതൊക്കെ ഞങ്ങൾ കണ്ടുപിടിച്ചോളാം” കൊഞ്ചാതെ നീ വെള്ളം കുടിച്ചേ ”  വീണ്ടും കടുപ്പത്തിൽ വാർണിങ്.

അങ്ങനെ മുക്കിയും മൂളിയും ഞാൻ നാല് മഗ് വെള്ളം കുടിച്ചു. എനിക്ക് എന്തിന്റെ കേടായിരിന്നു.ഇതിലും ഭേദം പനാമർ കുടിച്ചു മരിക്കുന്നത് ആയിരുന്നു  എന്നെനിക്ക് തോന്നി. വയർ വീർത്തു പൊട്ടാറായ ഞാൻ നാത്തോലിക്ക് ഗർഭം വന്നത് പോലെ പൂന്തു വിളയാടി നിന്നു.

“ആ മതി. ഇനി അണ്ണാക്കിലേക്ക് വിരൽ ഒന്ന് ഇട്ടേ ” വിരൽ വായിലേക്ക് വെച്ചപ്പോൾ തന്നെ ഞാൻ  ഒന്നര മീറ്റർ വിസ്ത്താരത്തിൽ ഉഗ്രൻ ഒരു കൊടു വാൾ വെച്ചു നെഞ്ചും തടവി നിലകൊണ്ടു.

ഡോക്ടർ വന്ന് പരിശോധിച്ച് ഞാൻ കാപ്പി പോലും കുടിച്ചിട്ടില്ല എന്ന് വിധിയെഴുതി പോയി.

കപിൽദേവ് വേൾഡ് കപ്പും കൊണ്ട് വരുന്നത് പോലെ എല്ലാവരും കൂടി ആഹ്ലാദത്തോടെ എന്നെയുംകൊണ്ട് വീട്ടിൽ തിരിച്ചെത്തി. ലോക്കൽ ന്യൂസ്‌ ചാനലുകൾ സ്വന്തമായുള്ള അമ്മച്ചിമാർ എന്റെ ന്യൂസ്‌ വൈറൽ ആക്കാൻ മത്സരിച്ചത് മൂലം ഞാൻ താരമായി.

കുറേപ്പേർ വിശ്വസിച്ചു, ചിലർക്ക് ഡൗട്ടും ഡൗട്ടിന്റെ പുറത്തു ഡൗട്ടും. അങ്ങനെ ആ സംഭവം കഴിഞ്ഞു.

സത്യം പറയാമല്ലോ  പിന്നീട് ഒരിക്കലും ആ പതിനാറു വയസ്സുകാരന്റെ അമ്മാതിരി ഒരു ആഗ്രഹം  മനസ്സിലേക്ക് കുറ്റിയും പിഴുതുകൊണ്ട് വന്നിട്ടില്ല.  വലിയ സങ്കടങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ ” ഹോ അങ്ങ് ചത്താൽ മതിയാരുന്നു” എന്ന് ചിന്തിക്കാത്ത ആരാണുള്ളത്, അതൊക്കെയാണല്ലോ ജീവിതം. പക്ഷേ മിക്കപ്പോഴും ഓർത്തോർത്തു ചിരിക്കാറുണ്ട് അന്നത്തെ ആ സൂ യിസൈഡ് അറ്റെപ്റ്റ്.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.

ശുഭം.

~സതീഷ് വീ ജീ